തീരദേശ മിഷണറി ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി ദൈവദാസ പദവിയിലേക്ക്

തീരദേശ മിഷണറി ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി ദൈവദാസ പദവിയിലേക്ക്
സഹിക്കാനാവാത്ത വേദനയില്‍ പുളയുന്ന അച്ചനോട് ആരെങ്കിലും ആശ്വാസവാക്കു പറഞ്ഞാല്‍ 'എനിക്ക് ഈ മുറിപ്പാടല്ലേ സഹിക്കേണ്ടതുള്ളൂ എന്നാല്‍ എന്റെ ഈശോ തലമുതല്‍ കാല്‍പാദം വരെ നിറയെ മുറിവേറ്റവനല്ലേ' എന്ന് പറയുമായിരുന്നു.

ഫാ. റോക്കി റോബി കളത്തില്‍

കോട്ടപ്പുറം രൂപതയും തീരദേശ ജനതയും നിറഞ്ഞ ആഹ്ലാദത്തിലും തികഞ്ഞ അഭിമാനത്തിലുമാണ്. കാരണം കോട്ടപ്പുറം രൂപതാംഗമായ തീരദേശത്തിന്റെ അപ്പസ്‌തോലന്‍ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി അദ്ദേഹത്തിന്റെ 75-ാം ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 26 വൈകീട്ട് 3 ന് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. പാണ്ടിപ്പിള്ളിയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടപ്പുറം രൂപതയിലെ മടപ്ലാതുരുത്ത് സെ. ജോര്‍ജ് പള്ളിയില്‍ നടന്ന സമൂഹ ദിവ്യബലി മധ്യേയായിരുന്നു ദൈവദാസ പദവി പ്രഖ്യാപനം.

പൗരോഹിത്യം അള്‍ത്താരയില്‍ ഒതുങ്ങാനുള്ളതല്ലെന്നും സമൂഹത്തില്‍ സ്‌നേഹവും സേവനവുമായി തണല്‍ വിരിക്കാനുള്ളതാണെന്നും ഈ പുണ്യശ്ലോകന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ആഗോളമിഷന്‍ പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ചൈതന്യത്തോടെ ഇന്നത്തെ കോട്ടപ്പുറം, വരാപ്പുഴ, കൊച്ചി, ആലപ്പുഴ രൂപതകളുടെ തീരദേശത്തുകൂടെ ഓടി നടന്ന് സുവിശേഷം പ്രസംഗിക്കുകയും അവശര്‍ക്കും ആര്‍ത്തര്‍ക്കും ആലംബഹീനര്‍ക്കും ക്രിസ്തുവിന്റെ സാന്ത്വനമായി തീരുകയും, നല്ല സമറായനായി മാറുകയും ചെയ്ത പുണ്യാത്മാവാണ് തിയോഫിലസച്ചന്‍.

ജീവിത കാലത്തു തന്നെ 'പുണ്യാളനച്ച'നെന്നും തീക്ഷ്ണതയും പ്രവര്‍ത്തനങ്ങളും കൊണ്ട്' കേരള ഫ്രാന്‍സിസ് സേവ്യറെന്നും അറിയപ്പെട്ട തിയോഫിലസ് പാണ്ടിപ്പിള്ളിയച്ചന്റെ 162-ാം ജന്മ വാര്‍ഷികമായിരുന്നു 2022 ഒക്‌ടോബര്‍ 10-ന്. കോട്ടപ്പുറം രൂപതയില്‍ ജനിച്ച രണ്ടാമത്തെ ദൈവദാസനും കോട്ടപ്പുറം രൂപതയില്‍ ദൈവദാസനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ വ്യക്തിയുമാണ് അദ്ദേഹം. ആദ്യ ദൈവദാസന്‍ കോട്ടപ്പുറം ഇടവകാംഗമായ വരാപ്പുഴ അതിരൂപതയിലെ പൊന്നുരുന്തിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഫാ. തിയോഫിന്‍ കപ്പൂച്ചിനാണ്.

കുടുംബ പശ്ചാത്തലം

ഭാരത ക്രൈസ്തവ പാരമ്പര്യത്തിനപ്പുറം പഴക്കമുള്ള മുസിരിസ് പദ്ധതി പ്രദേശത്ത് എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ വടക്കേക്കര പഞ്ചായത്തില്‍ വാവക്കാട് ഗ്രാമത്തിലാണ് പാണ്ടിപ്പിള്ളിയച്ചന്റെ ജനനം. അന്നത്തെ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില്‍ പാണ്ടിപ്പിള്ളി ജോസഫ് - മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1860 ഒക്‌ടോബര്‍ 10 ന് അദ്ദേഹം ഭൂജാതനായി. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമമാണ് ജ്ഞാനസ്‌നാന സമയത്ത് അദ്ദേഹത്തിന് നല്‍കപ്പെട്ടത്. അക്കാലത്ത് പള്ളിപ്പുറത്തും പരിസരപ്രദേശങ്ങളിലും പടര്‍ന്നുപിടിച്ച കോളറ സേവ്യറിന്റെ മാതാപിതാക്കളുടെ ജീവനപഹരിച്ചു. ബാല്യത്തില്‍ അനാഥത്വം പേറേണ്ടി വന്ന സേവ്യര്‍ തുടര്‍ന്ന് പള്ളിപ്പുറത്ത് പടമാടന്‍ കുടുംബത്തില്‍പ്പെട്ട പിതാമഹന്റെയും മാതാമഹിയുടെയും സംരക്ഷണത്തിലാണ് വളര്‍ന്നത്.

കര്‍മ്മലസഭയിലെ പുണ്യസൂനം

സേവ്യറിന്റെ തറവാട് നല്ല സാമ്പത്തിക ഭദ്രതയുള്ളതായിരുന്നു. അതിനാല്‍ ഉന്നത വിദ്യാഭ്യാസം നേടി ഉയരങ്ങളിലെത്താമായിരുന്ന എല്ലാ ജീവിത സാഹചര്യങ്ങളും അവന് ഉണ്ടായിരുന്നു. എന്നാല്‍ അവന്റെ ഉള്ളില്‍ കത്തിജ്വലിച്ച ദൈവസ്‌നേഹം മറ്റൊരു വഴിയേയാണ് അവനെ നയിച്ചത്. ജീവിതം മുഴുവന്‍ ഈശോയ്ക്ക് സമര്‍പ്പിക്കാനായിരുന്നു ആ പതിനാറുകാരന് മോഹം. മാതൃഭക്തനായ സേവ്യര്‍ കര്‍മ്മലീത്താ സഭ തന്നെ തിരഞ്ഞെടുത്ത് സന്യാസ വൈദികനാകാന്‍ തീരുമാനിച്ചു. 1878-ല്‍ മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭയില്‍ യോഗാര്‍ത്ഥിയായി. തി യോഫിലസ് എന്ന നാമം സ്വീകരിച്ച അദ്ദേഹം 1886-ല്‍ ലെയോനാര്‍ദ് മെല്ലാനോ മെത്രാപ്പോലീത്തയില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു.

വൈദികനായശേഷം ഫാ. തിയോഫിലസ് ലത്തീനില്‍ ആഴമായ പാണ്ഡിത്യം നേടി. 'ലെറീസ്' എന്ന ഖണ്ഡകാവ്യം അദ്ദേഹം ലത്തീനില്‍ രചിച്ചിട്ടുണ്ട്. മഞ്ഞുമ്മല്‍ ആശ്രമത്തില്‍ ലത്തീന്‍ ഭാഷാധ്യാപകനായും പ്രസംഗ പരിശീലകനായും സേവനം ചെയ്തു. പരന്ന വായനയിലൂടെ വലിയ ജ്ഞാനവും അദ്ദേഹം ആര്‍ജിച്ചെടുത്തു. ഈ അറിവുകള്‍ സാധാരണ ജനത്തിന്റെ ജീവിതത്തിന് എങ്ങനെ ഉപകാരപ്രദമാക്കാം എന്ന പ്രായോഗികതയ്ക്കായിരുന്നു അദ്ദേഹം മുന്‍തൂക്കം നല്കിയത്.

ആടുകളുടെ മണമുള്ള ഇടയന്‍

അവിഭക്ത വരാപ്പുഴ അതി രൂപതയില്‍ പനങ്ങാട് സെന്റ് ആന്റണീസ്, കാര മൗണ്ട് കാര്‍മ്മല്‍, മതിലകം സെന്റ് ജോസഫ് ഇടവകകളില്‍ വികാരിയായി ശുശ്രൂഷ ചെയ്യാനുള്ള ഭാഗ്യം പാണ്ടിപ്പിള്ളിയച്ചനും ലഭിച്ചു. ജപമാല, വണക്ക മാസാചരണം തുടങ്ങിയ പാരമ്പര്യ ക്രൈസ്തവ വിശ്വാസാചാരങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്ന അന്നത്തെ വരാപ്പുഴ ആര്‍ച്ചുബിഷപ്പ് ബര്‍ണാര്‍ഡ് അര്‍ഗുയിന്‍ സോണിസിന്റെ (1897-1918) തീരുമാനങ്ങള്‍ ഇടവകകളില്‍ നടപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഓരോ കുടുംബത്തിലെയും അംഗങ്ങളെ പേരെടുത്തു വിളിക്കാന്‍ പോന്ന ബന്ധം അദ്ദേഹത്തിന് ഇടവകകളിലുണ്ടായിരുന്നു. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ, ദരിദ്രനെന്നോ സമ്പന്നനെന്നോ, പാപിയെന്നോ വിശുദ്ധനെന്നോ നോക്കാതെ, സര്‍വ ജനത്തിന്റെയും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സഹായഹസ്തം നീട്ടി അവരുടെ ഹൃദയങ്ങള്‍ അദ്ദേഹം കീഴടക്കി. അദ്ദേഹത്തിന്റെ ഭവനസന്ദര്‍ശനങ്ങള്‍ സമ്പന്നനില്‍ നിന്ന് ദരിദ്രനിലേക്ക് പങ്കുവയ്പിന്റെ പാലം പണിയുന്ന അനുഭവമായി മാറി. ഒരു കയ്യില്‍ വടിയും മറുകയ്യില്‍ ഭിക്ഷാ പാത്രവുമായി അലഞ്ഞ് കിട്ടുന്നതെല്ലാം അടുപ്പുപുകയാത്ത വീടുകളിലേക്ക് എത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അനേകം പേരെ മാനസാന്തരത്തിലേക്ക് നയിക്കാനും ക്രിസ്തുവിനു വേണ്ടി നേടാനും കഴിഞ്ഞ തീക്ഷ്ണമതിയായ മിഷണറി യായിരുന്നു പാണ്ടിപ്പിള്ളിയച്ചന്‍.

'മിഷനറി അപ്പസ്‌തോലിക് '

ഇടവകയുടെ അതിര്‍ത്തി വരമ്പുകളെല്ലാം ഭേദിച്ച് സ്വതന്ത്രമായി സഞ്ചരിച്ച് സുവിശേഷ പ്രഘോഷണം നടത്താനുള്ള ഉല്‍ക്കടമായ ആഗ്രഹവും തീക്ഷ്ണതയും അദ്ദേഹം എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്നു. അങ്ങനെയാണ് പനങ്ങാട് ഇടവകയില്‍ സേവനം ചെയ്യുമ്പോള്‍ 1907-ല്‍ പരിശുദ്ധ പിതാവിനെ നേരില്‍ കണ്ട് ഈ ആഗ്രഹം ഉണര്‍ത്തിക്കാന്‍ റോമിലേക്ക് തിരിക്കുന്നത്. ഗോവയില്‍ നിന്നാണ് റോമിലേക്ക് അച്ചന്‍ കപ്പല്‍ കയറിയത്. അന്ന് റോമില്‍ ഉപരിപഠനം നടത്തിയിരുന്ന, പിന്നീട് വരാപ്പുഴയുടെ ആദ്യ തദ്ദേശീയ മെത്രാപ്പോലീത്തയായി മാറിയ, ഫാ. ജോസഫ് അട്ടിപ്പേറ്റി അതിനാവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും അച്ചന് നല്കി. പത്താം പിയൂസ് പാപ്പ സ്വതന്ത്രമായി എവിടെയും ചെന്ന് പ്രേഷിത പ്രവര്‍ത്തനം നടത്താനള്ള 'മിഷനറി അപ്പസ്‌തോലിക്ക്' എന്ന അധികാരപത്രം നല്കി അദ്ദേഹത്തെ അനുഗ്രഹിച്ചു. കേരളത്തിലെവിടെയും പോയി ദിവ്യബലിയര്‍പ്പിക്കാനുള്ള അനുവാദം അതിലൂടെ അച്ചനു സിദ്ധിച്ചു.

മടപ്ലാതുരുത്തിന്റെ സ്വന്തം

നാട്ടില്‍ തിരിച്ചെത്തിയ ഫാ. പാണ്ടിപ്പിള്ളി ഇന്ന് കോട്ടപ്പുറം രൂപതയുടെ ഭാഗമായ മടപ്ലാതുരുത്ത് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. കാരാ അഴീക്കോട്, പള്ളിപ്പുറം, വൈപ്പിന്‍, ഫോര്‍ട്ട്‌കൊച്ചി തുടങ്ങി ആലപ്പുഴ വരെ തീരദേശത്തു കൂടെ അച്ചന്‍ തന്റെ പ്രേഷിത വീഥി രൂപപ്പെടുത്തി. ഈ പ്രദേശങ്ങളിലെല്ലാം വചന വിത്ത് വിതച്ച് അനേകരെ ക്രിസ്തുവിലേക്ക് ആകര്‍ഷിച്ച് ജ്ഞാനസ്‌നാനം നല്കി. കുഞ്ഞുങ്ങളോട് വലിയ വാത്സല്യമായിരുന്നു അച്ചന്. അവരെ കണ്ടാല്‍ വാരിയെടുക്കുമായിരുന്നു. അതുപോലെ ധാരാളം ഉപവി പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി.

തീക്ഷ്ണമതിയായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്

സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീശാക്തീകരണം, സ്വ യം തൊഴില്‍ പദ്ധതികള്‍, സമൂഹ വിവാഹം, ഭവനം നിര്‍മ്മിച്ചു നല്‍കല്‍, വൃദ്ധജനസംരക്ഷണം, പാവപ്പെട്ടവര്‍ക്ക് ആഹാര സാധനങ്ങള്‍ എത്തിച്ചു കൊടുക്കല്‍ തുടങ്ങിയവ ഏഴര പതിറ്റാണ്ടിനപ്പുറം ഭംഗിയായി ആവിഷ്‌കരിച്ച് നടപ്പാക്കിയ വ്യക്തിയാണ് പാണ്ടിപ്പിള്ളിയച്ചന്‍. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉതകുന്ന പല പരിപാടികളും പാണ്ടിപ്പിള്ളിയച്ചന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. തൊഴില്‍ പരിശീലനം നല്കി ജനങ്ങളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കയറുപിരി, തയ്യല്‍, ബേക്കറി ജോലി, നെയ്ത്ത്, മത്സ്യബന്ധനം, മത്സ്യസംസ്‌കരണം തുടങ്ങി ഒട്ടനവധി തൊഴില്‍ മേഖലകളിലേക്ക് അച്ചന്‍ അവരെ നയിച്ചു. വിവാഹ പ്രായമെത്തിയിട്ടും പണമില്ലാത്തതിനാല്‍ അവിവാഹിതരായി കഴിഞ്ഞ പെണ്‍കുട്ടികളെ കണ്ട് മനസ്സലിഞ്ഞ് മൂന്നു തവണ സമൂഹ വിവാഹം നടത്തി. മദ്യത്തിന് അടിമപ്പെട്ടിരുന്ന കടലിന്റെ മക്കളെ സന്ദര്‍ശിച്ച് ബോധവത്കരിക്കാനും പരിശ്രമിച്ചു. വര്‍ഷക്കാലത്ത് സമ്പന്നരില്‍നിന്ന് ഭിക്ഷയാചിച്ച് ചെറുവഞ്ചിയില്‍ സ്വയം തുഴഞ്ഞ് ദരിദ്രകുടുംബങ്ങളില്‍ എത്തിക്കുമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിനു പുരോഗതി കൈവരൂ എന്നു മനസ്സിലാക്കി പാവപ്പെട്ടവരുടെ മക്കളെ പള്ളികൂടങ്ങളിലേക്കും ആശാന്‍ കളരികളിലേക്കും അച്ചന്‍ നയിച്ചു.

കോട്ടപ്പുറത്തും മടപ്ലാതുരുത്തിലും പാണ്ടിപ്പിള്ളിയച്ചന്‍ അനാഥശാലകള്‍ സ്ഥാപിച്ചു. സൗദി, മാനാശേരി, കാട്ടിപ്പറമ്പ്, ചെറിയ കടവ്, കണ്ണമാലി, കണ്ടകടവ്, ചെല്ലാനം, മുണ്ടംവേലി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ സംഭാവനപ്പെട്ടികള്‍ സ്ഥാപിച്ച് അവിടെ നിന്നു കിട്ടുന്ന പണമാണ് അനാഥശാലകളുടെ നടത്തിപ്പിനായി വിനിയോഗിച്ചത്. അന്തേവാസികള്‍ക്ക് വേദോപദേശവും സന്മാര്‍ഗ പാഠങ്ങളും നല്‍കാന്‍ രണ്ട് സഹോദരിമാരെ നിയമിച്ചു. വരാപ്പുഴ കര്‍മ്മലീത്ത മഠത്തില്‍നിന്ന് അനാരോഗ്യം മൂലം തിരിച്ചു പോരേണ്ടിവന്ന അച്ചന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മകളായ മറിയത്തിനായിരുന്നു അച്ചന്‍ വിദൂര ഭിക്ഷാടനം നടത്തുന്ന സമയത്ത് അനാഥശാലയുടെ ചുമതല.

ചില അത്ഭുത കഥകള്‍

അനേകം അത്ഭുത സംഭവങ്ങള്‍ അച്ചനുമായി ബന്ധപ്പെട്ട് നാട്ടില്‍ പ്രചാരത്തിലുണ്ട്. 2004-ല്‍ അച്ചന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച മൂന്ന് കുട്ടികള്‍ക്ക് ദിവ്യദര്‍ശനം ലഭിച്ചതായും സാക്ഷ്യപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ കാലഘട്ടം മുതലാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ തുടങ്ങുന്നതിനുള്ള പ്രാര്‍ത്ഥന ഇടവകതലത്തില്‍ ആരംഭിച്ചത്.

നിത്യതയിലേക്ക്

ജീവിതകാലം മുഴുവന്‍ അവിരാമകര്‍മ്മിയായിരുന്നു പാണ്ടിപ്പിള്ളിയച്ചന്‍. ജീവിതം മുഴുവന്‍ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ആ കര്‍മ്മയോഗി സുവിശേഷമാക്കി മാറ്റി. അദ്ദേഹത്തിന്റെ കര്‍മ്മനിരതയെ തടഞ്ഞു നിര്‍ത്തിയത് എണ്‍പത്തിയേഴാം വയസ്സില്‍ പുറത്തുണ്ടായ ചുടുകുരുപോലുള്ള ഒരു പരുവായിരുന്നു. അതു വലുതായി പഴുത്ത് പൊട്ടാന്‍ തുടങ്ങി. അത് അച്ചന്റെ ശരീരത്തെയാകെ തളര്‍ത്തി. മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളിയുടെ കിഴക്കേ വശത്തുകൂടി ഒഴുകുന്ന പുറംതോടിന്റെ മറുകരയിലുള്ള പാറക്കാട്ട് ചുമ്മാര് ലൂവിസിന്റെ ഭവനത്തിന്റെ ചാര്‍ത്തിലായിരുന്നു അപ്പോള്‍ അച്ചന്റെ വാസം. അവസാനകാലത്ത് അച്ചന് സഭാവസ്ത്രം പോലും ധരിക്കാന്‍ പറ്റാത്ത അവസ്ഥയായി. വേദന സഹിച്ച് രോഗക്കിടക്കയില്‍ കമിഴ്ന്നു കിടന്നപ്പോഴും 'എന്റെ ഈശോയെ' എന്ന നാമം അദ്ദേഹം ഉരുവിട്ടു കൊണ്ടിരുന്നു. ലൂവിസിന്റെ കുടുംബം സ്‌നേഹത്തോടെയും കരുതലോടെയും അദ്ദേഹത്തെ ശുശ്രൂഷിച്ചു. സഹിക്കാനാവാത്ത വേദനയില്‍ പുളയുന്ന അച്ചനോട് ആരെങ്കിലും ആശ്വാസവാക്കു പറഞ്ഞാല്‍ 'എനിക്ക് ഈ മുറിപ്പാടല്ലേ സഹിക്കേണ്ടതുള്ളൂ എന്നാല്‍ എന്റെ ഈശോ തലമുതല്‍ കാല്‍ പാദം വരെ നിറയെ മുറിവേറ്റവനല്ലേ' എന്ന് പറയുമായിരുന്നു. സഹനങ്ങളുടെ കാല്‍വരിയാത്രയ്ക്കിടയില്‍ 1947 ഡിസംബര്‍ 26-ന് 87-ാം വയസ്സില്‍ പാണ്ടിപ്പിള്ളിയച്ചന്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായി. മട പ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് പാണ്ടിപ്പിള്ളിയന്റെ ഭൗതികദേഹം സംസ്‌കരിച്ചത്.

മാധ്യസ്ഥ്യത്തിന്റെ പരിമളം

തിയോഫിലസ് പാണ്ടിപ്പിള്ളിയച്ചന്റെ മരണശേഷം അദ്ദേഹത്തിന്റെ സുകൃതജീവിതത്തിന് സാക്ഷികളായ ജനങ്ങള്‍ കബറിടത്തില്‍ വന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കോട്ടപ്പുറം രൂപതയിലെ മട പ്ലാതുരുത്ത് സെന്റ് ജോര്‍ജ് ഇടവകയില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ കബറിടം അനേകര്‍ക്ക് ഇന്ന് അനുഗ്രഹങ്ങളുടെ കലവറയാണ്. ജീവിച്ചിരുന്നതിനേക്കാള്‍ പതിന്‍മടങ്ങ് നന്മകള്‍ മരണശേഷം ഈ പുണ്യശ്ലോകന്‍ പൊഴിച്ചു കൊണ്ടേയിരിക്കുന്നു. ഡിസംബര്‍ 26 പുണ്യശ്ലോകന്റെ ഓര്‍മ്മദിനമായി ആചരിച്ചു വരുന്നു. ജീവിതകാലത്ത് അച്ചന്‍ അന്നമായി കൂടെ കൊണ്ടു നടന്നിരുന്ന വറുത്ത അരിയാണ് നേര്‍ച്ചയായി നല്കുന്നത്. അച്ചന്‍ ഉപയോഗിച്ചിരുന്ന സ്പൂണും ഫോര്‍ക്കും തൂവാലയും മരപ്പെട്ടിയും, കൂടെ കൊണ്ടു നടന്നിരുന്ന കുരിശുരൂപവും ബൈബിളുകളും ഉണ്ണീശോയുടെ രൂപവും പൂജ്യ വസ്തുക്കളായി മടപ്ലാതുരുത്ത് പള്ളിയില്‍ ഇപ്പോഴും സൂക്ഷിക്കപ്പെടുന്നു.

നാമകരണനടപടികള്‍

പുണ്യസ്മരണാര്‍ഹനായ തിയോഫിലസ് പാണ്ടിപ്പിള്ളി അച്ചന്റെ നാമകരണ നടപടികള്‍ക്കായി നിയമാനുസൃതം നിയമിതനായ പോസ്റ്റുലേറ്റര്‍ ബഹുമാനപ്പെട്ട ഫാദര്‍ ആന്‍ഡ്രൂസ് അലക്‌സാണ്ടര്‍ OFMCap. പുണ്യശ്ലോകനായ തിയോഫിലസ് പാണ്ടിപ്പിള്ളി അച്ചന്റെ ജീവിതത്തെയും, വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെയും, ആദ്ധ്യാത്മികതയെയും, സുകൃതങ്ങളെയും വിശുദ്ധിയുടെ പ്രസിദ്ധിയെയും കുറിച്ചും ഈ നാമകരണ നടപടി മൂലം തിരുസഭയ്ക്ക് ഉണ്ടാകാവുന്ന ഗുണങ്ങളെപ്പറ്റിയും കാനോനികമായ വിദഗ്ധ പഠനം നടത്തുകയുണ്ടായി.

തുടര്‍ന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിലേക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി കാനോനികമായ അപേക്ഷ സമര്‍പ്പിച്ചു. കൂടാതെ 2022 മെയ് മാസത്തില്‍ റോം സന്ദര്‍ശിച്ച അവസരത്തില്‍ ബിഷപ്പ് ഡോ. കാരിക്കശ്ശേരി പ്രസ്തുത തിരുസംഘത്തിന്റെ ഓഫീസില്‍ പോയി ഇക്കാര്യം ഒരിക്കല്‍ക്കൂടെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി. അതിന്റെയൊക്കെ ഫലമായി ദൈവാനുഗ്രഹത്താല്‍ തിയോഫിലസ് പാണ്ടിപ്പിള്ളി അച്ചന്റെ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിനുള്ള Nihil Obstat വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തില്‍ നിന്ന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിയോഫിലസ് പാണ്ടിപ്പിള്ളിയച്ചന്റെ 75-ാം ചരമവാര്‍ഷിക ദിനത്തില്‍ ഡിസംബര്‍ 26 ന് അദ്ദേഹത്തെ ദൈവദാസനെന്ന് (Servent of God) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദൈവദാസന്‍ (Servent of God), ധന്യന്‍ (Venerable), വാഴ്ത്തപ്പെട്ടവന്‍ (Blessed) വിശുദ്ധന്‍ (Saint) എന്നിങ്ങനെ നാലു ഘട്ടങ്ങളാണ് നാമകരണ നടപടിയിലുള്ളത്. അതില്‍ ആദ്യ ഘട്ടത്തിലാണ് ഇപ്പോള്‍ തിയോഫിലസച്ചന്‍.

പ്രതീക്ഷയാര്‍ന്ന കാത്തിരിപ്പ്

ഇന്ന് പാണ്ടിപ്പിള്ളിയച്ചന്റെ കബറിടം അനേകര്‍ക്ക് ആശ്വാസവും അഭയകേന്ദ്രവുമായി മാറി കഴിഞ്ഞു. അച്ചനെക്കുറിച്ച് കേട്ടറിഞ്ഞ് അനേകര്‍ അച്ചന്റെ മാധ്യസ്ഥ്യം തേടി അച്ചന്റെ ആത്മീയ സാന്നിധ്യം ഇന്നും നിറഞ്ഞു നില്‍ക്കുന്ന മടപ്ലാതുരുത്തെന്ന പുണ്യ ഗ്രാമത്തിലെത്തിക്കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അടയാളങ്ങളിലൂടെ അവര്‍ അച്ചന്റെ ആത്മീയ സാന്നിധ്യം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. തങ്ങളുടെ വിഷമസന്ധികളില്‍ സ്വര്‍ഗത്തിലിരുന്ന് ഇടപെടുന്ന 'ഞങ്ങളുടെ പുണ്യാളനച്ചന്‍' വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ദിനത്തിനായി ഇന്ന് വലിയൊരു ജനത പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിപ്പിലാണ്. ആ കാത്തിരിപ്പിന് മിഴിവേകുകയാണ് പാണ്ടിപ്പിള്ളിയച്ചന്റെ ദൈവദാസ പദവി പ്രഖ്യാപനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org