
അദിലാബാദ് രൂപതയുടെ മൂന്നാമത്തെ മെത്രാനായി നിയമിതനായിരിക്കുകയാണ് ബിഷപ് ജോസഫ് തച്ചാപറമ്പത്ത് സി എം ഐ. ഇടുക്കി രൂപതയിലെ നാലുമുക്ക് സ്വദേശിയായ അദ്ദേഹം സി എം ഐ സമൂഹത്തിന്റെ ഛാന്ദാ പ്രൊവിന്‍സില്‍ ചേര്‍ന്ന് 1997 ല്‍ വൈദികനായി. ഛാന്ദാ രൂപതയുടെ വിവിധ പള്ളികളില്‍ സേവനം ചെയ്തു. എം എഡ് ബിരുദധാരിയാണ്. 2023 മുതല്‍ ഛാന്ദാ പ്രൊവിന്‍ഷ്യലായി സേവനം ചെയ്തു വരികെയാണ് മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ബിഷപ് തച്ചാപറമ്പത്ത് സി എം ഐ, സത്യദീപത്തിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്.
മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം എന്താണ്?
2 കോറിന്തോസ് 12:9 ആണ് ആപ്തവാക്യമായി സ്വീകരിക്കുന്നത്. കൃപകൊണ്ട് ശക്തിപ്പെട്ട് ദൈവസ്‌നേഹത്തോടും പ്രത്യാശയോടും കൂടി സേവനം ചെയ്യുക.
ഈ പാവപ്പെട്ട ആളുകള്‍ക്കിടയില്‍ ധാരാളം സുവിശേഷപ്രവര്‍ത്തനം ചെയ്യാന്‍ മിഷനറിമാര്‍ക്ക് സാധിച്ചു. അതിനുവേണ്ടി വൈദികരും സിസ്‌റ്റേഴ്‌സും വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അല്‍മായ മതബോധകരുടെ സേവനവും എടുത്തു പറയേണ്ടതാണ്.
മെത്രാന്‍ പദവിയിലേക്കുള്ള നിയോഗം പ്രതീക്ഷിച്ചിരുന്നോ? ഈ സ്ഥാനത്തേക്കു ക്ഷണിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു മനസ്സിലെ ആദ്യ പ്രതികരണം?
മെത്രാന്‍ പദവിയിലേക്കുള്ള നിയമനം ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല. ഇതൊരു ഭാരിച്ച ഉത്തരവാദിത്വം ആണെന്ന ചിന്തയാണ് ഈ പദവിയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ എന്റെ മനസ്സില്‍ വന്നത്. ദൈവകൃപയുടെ സഹായത്താല്‍ ഇത് ഏറ്റെടുക്കാം എന്നു വിചാരിച്ചു.
പിതാവിന്റെ പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി എപ്രകാരമായിരുന്നു? സെമിനാരിയില്‍ ചേരുമ്പോള്‍ എന്തൊക്കെയായിരുന്നു സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍?
ഒരു മിഷനറി വൈദികനാകണം എന്നുള്ളതായിരുന്നു കുട്ടിക്കാലത്തെ എന്റെ ചിന്ത. ഛാന്ദാ മിഷനെക്കുറിച്ച് കേട്ടിരുന്നു. ഛാന്ദായില്‍ നിന്ന് വൊക്കേഷന്‍ പ്രൊമോട്ടര്‍ ആയ അച്ചന്‍ ഞങ്ങളുടെ സ്‌കൂളില്‍ വരികയും മിഷനെക്കുറിച്ച് പറയുകയും ചെയ്തപ്പോള്‍ അവിടെ ചേരാം എന്ന ആഗ്രഹം ഉണ്ടായി. അത് അച്ചനോട് പറയുകയും അന്ന് ഞങ്ങളുടെ വൊക്കേഷന്‍ പ്രൊമോട്ടര്‍ ആയിരുന്ന ഫാ. ചാക്കോ തെങ്ങുംപള്ളി വീട്ടില്‍ വന്നു കൂട്ടിക്കൊണ്ടു പോവുകയുമാണ് ചെയ്തത്. സെമിനാരിയില്‍ ചേരുമ്പോഴും ഒരു മിഷനറി വൈദികന്‍ ആകണം എന്ന സ്വപ്നം മാത്രമാണ് ഉണ്ടായിരുന്നത്.
സി എം ഐ യുടെ ഛാന്ദാ പ്രൊവിന്‍ഷ്യലായി സേവന മനുഷ്ഠിക്കുകയായിരുന്നല്ലോ. ഛാന്ദായിലും അദിലാബാദിലും സി എം ഐ മിഷണറിമാര്‍ കൈവരിച്ച പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണ്?
സി എം ഐ സന്യാസമൂഹത്തിന്റെ ഛാന്ദാ പ്രൊവിന്‍ഷ്യല്‍ ആയിരിക്കുമ്പോഴാണ് എന്നെ അദിലാബാദ് രൂപതയുടെ മെത്രാനായി നിയോഗിക്കുന്നത്. ഛാന്ദായിലും അദിലാബാദിലും സി എം ഐ മിഷണറിമാര്‍ കൈവരിച്ച നേട്ടങ്ങള്‍ വളരെയേറെയാണ്. 1962 ലാണ്
സി എം ഐ സഭയ്ക്ക് ഛാന്ദാ മിഷന്‍ കിട്ടുന്നത്. പിന്നീട് ഛാന്ദാ രൂപത സ്ഥാപിതമാവുകയും 1998 ല്‍ അദിലാബാദ് രൂപത കൂടി സ്ഥാപിതമാവുകയും ചെയ്തു. ഈ രണ്ടു രൂപതകളിലും കൂടി മിഷനറിമാര്‍ ചെയ്ത കഠിനാധ്വാനമാണ് ഇത്രയും സുവിശേഷവല്‍ക്കരണത്തിന് കാരണമായത്. ഞങ്ങള്‍ സെമിനാരിയില്‍ ചേരുമ്പോള്‍ മിഷന്‍ പ്രവര്‍ത്തനം വളരെ ശക്തമായി നടക്കുന്ന സമയമായിരുന്നു. ഈ പാവപ്പെട്ട ആളുകള്‍ക്കിടയില്‍ ധാരാളം സുവിശേഷപ്രവര്‍ത്തനം ചെയ്യാന്‍ മിഷനറിമാര്‍ക്ക് സാധിച്ചു. അതിനുവേണ്ടി വൈദികരും സിസ്‌റ്റേഴ്‌സും വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അല്‍മായ മതബോധകരുടെ സേവനവും എടുത്തു പറയേണ്ടതാണ്. ദൈവാനുഗ്രഹത്താല്‍ അതെല്ലാം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള വൈദികരും സിസ്റ്റര്‍മാരുമാണ് മിഷന്‍ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും. കേരളസഭയുടെ പ്രോത്സാഹനം മൂലമാണ് ഇന്ന് മിഷന്‍ രൂപതകളെല്ലാം ഇത്രയും തീക്ഷ്ണതയോടെ മുന്നോട്ട് പോകുന്നത്.
കേരളസഭയെ മിഷണറി സഭ എന്നു വിശേഷിപ്പിക്കാറുണ്ടല്ലോ. മിഷനു കേരളസഭ നല്‍കുന്ന പ്രോത്സാഹനത്തെ എപ്രകാരം വിലയിരുത്തുന്നു? മിഷന്‍ പ്രദേശങ്ങളിലെ സഭയും മിഷണറിമാരും കേരളസഭയില്‍ നിന്ന് എന്തൊക്കെയാണു പ്രതീക്ഷിക്കുന്നത്?
കേരളസഭ ഒരു മിഷനറി സഭ തന്നെയാണ്. വിശേഷിച്ചും സീറോ മലബാര്‍ സഭ. കേരളത്തില്‍ നിന്നുള്ള വൈദികരും സിസ്റ്റര്‍മാരുമാണ് മിഷന്‍ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും. കേരളസഭയുടെ പ്രോത്സാഹനം മൂലമാണ് ഇന്ന് മിഷന്‍ രൂപതകളെല്ലാം ഇത്രയും തീക്ഷ്ണതയോടെ മുന്നോട്ട് പോകുന്നത്. മിഷനറിമാരുടെ എല്ലാം വേരുകള്‍ കേരളസഭയില്‍ തന്നെയാണ്. ഞങ്ങളിവിടെ ജോലി ചെയ്യുമ്പോള്‍ ഇവിടത്തെ ജനങ്ങള്‍ കേരളസഭയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. കേരളത്തില്‍ നിന്നുള്ള വൈദികരും ജനങ്ങളും മിഷന്‍ സന്ദര്‍ശനത്തിന് വരികയും ഇവിടുത്തെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ കാണുകയുമൊക്കെ ചെയ്യുമ്പോള്‍ സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധരാകുന്നുണ്ട്. അതൊക്കെയാണ് മിഷന്‍ സഭകളുടെ ശക്തിയും ഊര്‍ജവും. കേരളസഭയും മിഷന്‍ പ്രദേശങ്ങളിലെ സഭയും നല്ല യോജിപ്പോടു കൂടി തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ എന്ന് പറയുന്നതുപോലെ, മിഷന്‍ പ്രവര്‍ത്തനത്തില്‍ വെല്ലുവിളികള്‍ ഉണ്ട്. ഇപ്പോള്‍ രാഷ്ട്രീയ സാഹചര്യം അത്ര നല്ലതല്ല എന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ്.
അദിലാബാദ് രൂപതയെക്കുറിച്ച് അങ്ങേക്കുള്ള സ്വപ്നങ്ങളും പദ്ധതികളും എന്തൊക്കെയാണ്?
അദിലാബാദ് രൂപതയെക്കുറിച്ച് എനിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ഉണ്ട്. വിശേഷിച്ചും അവിടുത്തെ സുവിശേഷവല്‍ക്കരണത്തെക്കുറിച്ച്. കഴിഞ്ഞ 70 വര്‍ഷങ്ങളിലെ സുവിശേഷവല്‍ക്കരണത്തിന്റെ ചരിത്രമാണ് അദിലാബാദിന് ഉള്ളത്. പാവപ്പെട്ട മനുഷ്യരോട് ഈശോയുടെ മൂല്യങ്ങളെക്കുറിച്ച് പറയുക, അവരെ സ്‌നേഹത്തിലും ഐക്യത്തിലും വളര്‍ത്തുക. ഇതാണ് അദിലാബാദ് രൂപത പണ്ടും ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്. സുവിശേഷവല്‍ക്കരണത്തിന് അനുകൂലമായ ഒരു സാഹചര്യമാണ് അദിലാബാദ് രൂപതയില്‍ ഇപ്പോള്‍ ഉള്ളത്. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് നമ്മള്‍ ചെയ്യേണ്ടത്. ഒത്തിരിയേറെ വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ പോലും സുവിശേഷവല്‍ക്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ഉദ്ദേശിക്കുന്നത്.
സഭയിലെ അല്‍മായ പങ്കാളിത്തത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ എങ്ങനെ വിലയിരുത്തുന്നു? കേരളസഭയും നമ്മുടെ രൂപതകളും സിനഡാലിറ്റിയില്‍ വേണ്ടത്ര വളര്‍ന്നിട്ടുണ്ടോ? അത്മായപങ്കാളിത്തം ഇനിയും വര്‍ധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകും?
സഭയില്‍ അല്‍മായ പങ്കാളിത്തം വളരെ ഏറെ ആവശ്യമാണ്. അല്‍മായരുമായി ഒത്തൊരുമിച്ചാണ് സഭ മുന്നോട്ട് പോകേണ്ടത്. അല്‍മായ പങ്കാളിത്തം എത്ര കൂടുതല്‍ ആകാമോ അത്രയും നല്ലത്. ഒരുമിച്ച് ചിന്തിക്കുക, പ്രാര്‍ഥിക്കുക. അതാണല്ലോ പങ്കാളിത്തം എന്ന് പറയുന്നത്. അത് കൂടുതലായി പ്രോത്സാഹിപ്പിക്കണം.
മിഷണറിമാരാകാനുള്ള ദൈവവിളികള്‍ കുറയുന്നതായി തോന്നിയിട്ടുണ്ടോ? എന്തൊക്കെയാകാം അതിനു കാരണങ്ങള്‍? അതിനെ നേരിടാന്‍ എന്തു ചെയ്യാന്‍ കഴിയും?
മിഷനറിമാര്‍ ആകാനുള്ള ദൈവവിളികള്‍ കുറയുന്നു എന്നത് സത്യം തന്നെയാണ്. എങ്ങനെയാണ് അത് വളര്‍ത്തേണ്ടത് എന്നത് കൂട്ടായി ചിന്തിക്കേണ്ട ഒരു വിഷയമാണ്. തീക്ഷ്ണതയുള്ള യുവജനങ്ങളെ മിഷന്‍ വേലകള്‍ക്കായി അയക്കുക, അതിനുള്ള സാഹചര്യം ഒരുക്കുക. അതാണ് ആവശ്യം. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനുള്ള ശക്തിക്ക് വേണ്ടി പ്രാര്‍ഥിക്കുക, അതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുക. അപ്പോള്‍ മാത്രമേ മിഷന്‍ ജോലി ചെയ്യാനായി കൂടുതല്‍ ആളുകളെ ലഭിക്കുകയുള്ളൂ. കുടുംബങ്ങളില്‍ കുട്ടികള്‍ കുറഞ്ഞത് തന്നെയാണ് ഒരു പ്രധാനപ്പെട്ട കാരണം. എന്നിരുന്നാല്‍ പോലും മിഷണറി ആകാന്‍ ഈ കുടുംബങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നുണ്ട്. അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക.
സുവിശേഷവല്‍ക്കരണത്തിന് അനുകൂലമായ ഒരു സാഹചര്യമാണ് അദിലാബാദ് രൂപതയില്‍ ഇപ്പോള്‍ ഉള്ളത്. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് നമ്മള്‍ ചെയ്യേണ്ടത്. ഒത്തിരിയേറെ വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ പോലും സുവിശേഷവല്‍ക്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ഉദ്ദേശിക്കുന്നത്.
മെത്രാനെന്ന നിലയില്‍ താങ്കള്‍ ഭാരതസഭയുടെയും കേരളസഭയുടെയും നേതൃനിരയിലേക്കും വരികയാണ്. ഭാരതസഭ ഇന്നു പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വിശേഷിച്ചും ഉത്തരേന്ത്യന്‍ സഭ. അതിനെ എങ്ങനെ കാണുന്നു?
ഭാരതസഭ ഉത്തരേന്ത്യയില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. നേരത്തെയും വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഈ വെല്ലുവിളികള്‍ നമ്മുടെ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് എന്ന് എനിക്ക് തോന്നുന്നു. ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ എന്ന് പറയുന്നതുപോലെ, മിഷന്‍ പ്രവര്‍ത്തനത്തില്‍ വെല്ലുവിളികള്‍ ഉണ്ട്. ഇപ്പോള്‍ രാഷ്ട്രീയ സാഹചര്യം അത്ര നല്ലതല്ല എന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ്. ഇതെല്ലാം നാം മുന്‍കൂട്ടി കണ്ടിട്ടുള്ളത് തന്നെയാണ്. ഇത് എങ്ങനെ നേരിടണം എന്നുള്ളതിനെക്കുറിച്ച് കൃത്യമായ മാര്‍ഗങ്ങള്‍ വ്യക്തിപരമായി എനിക്ക് പറയാനില്ല. പക്ഷേ ഉറച്ച വിശ്വാസത്തോടെ വെല്ലുവിളികള്‍ വെല്ലുവിളികളായിത്തന്നെ കണ്ട് മുന്നോട്ടു പോവുക തന്നെ വേണം.
ഫാസിസവും വര്‍ഗീയതയും ഇന്ത്യയെ ബാധിച്ചിരിക്കുന്നതായി അനേകര്‍ പരാതിപ്പെടുന്നു. ഇന്ത്യയില്‍ ക്രൈസ്തവസമൂഹത്തിന്റെ ഭാവി എന്തായിരിക്കും? എപ്രകാരമാണ് നാം ഈ വെല്ലുവിളികളോട് പ്രതികരിക്കേണ്ടത്?
വര്‍ഗീയതയും ഫാസിസവും സമൂഹത്തിന്റെ തിന്മകളാണ്. ആ തിന്മകളെ നേരിടുക, ഉന്മൂലനം ചെയ്യുക എന്നത് മിഷനറി ജീവിതത്തിന്റെ ഭാഗങ്ങള്‍ തന്നെയാണ്. ആള്‍ക്കാരെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാന്‍ പരിശ്രമിക്കുക. ക്രൈസ്തവര്‍ ഇന്ത്യയില്‍ വന്നിട്ട് സഹസ്രാബ്ദങ്ങള്‍ ആയല്ലോ. അതിന്റെ ഭാവി എന്താണ് എന്നുള്ളതിനെക്കുറിച്ച് കണക്കുകൂട്ടി പറയാന്‍ കഴിയില്ല. നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി നമ്മള്‍ ചെയ്തുകൊണ്ടിരിക്കുക, നമുക്ക് വരുന്ന ബുദ്ധിമുട്ടുകളെ നേരിടുന്നതിനുള്ള ധൈര്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക. അതനുസരിച്ച് പ്രവര്‍ത്തിക്കുക. അതാണ് ഭാരത സഭ ചെയ്യേണ്ടത്.
പിതാവിന്റെ വ്യക്തിപരമായ പ്രാര്‍ഥനാരീതികള്‍ എന്തൊക്കെയാണ്? എന്തിനു വേണ്ടിയാണു പിതാവ് പ്രത്യേകമായി പ്രാര്‍ഥിക്കുക പതിവ്?
മിഷനറി ജീവിതത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിടാനുള്ള ശക്തി തരണമേ എന്നുള്ളതാണ് എന്റെ വ്യക്തിപരമായ പ്രാര്‍ഥന. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ വരികയാണെങ്കില്‍ തളര്‍ന്നുപോകാന്‍ അനുവദിക്കരുത് എന്ന് പ്രാര്‍ഥിക്കുന്നു. വളരെയധികം തീക്ഷ്ണതയുള്ള നിരവധി അച്ചന്മാര്‍ എന്റെ കൂട്ടത്തിലുണ്ട്. അവരാണ് എന്റെ ശക്തി, എന്റെ പ്രതീക്ഷ, പ്രചോദനം. അവരോടൊത്ത് പ്രാര്‍ഥിച്ചു സ്വന്തം ജോലികളില്‍ വ്യാപൃതനാവുക എന്നതാണ് താല്‍പര്യം.
അഭിവന്ദ്യ പ്രിന്‍സ് പിതാവിന്റെ ഇതുവരെയുള്ള സംഭാവനകളെ എങ്ങനെ വിലയിരുത്തുന്നു?
ഛാന്ദാ മിഷന്‍ വിഭജിച്ച് അദിലാബാദ് രൂപത സ്ഥാപിതമായപ്പോള്‍ ആദ്യത്തെ ബിഷപ്പ് ആയിരുന്നു ബിഷപ്പ് ജോസഫ് കുന്നത്ത്. അദ്ദേഹം വളരെയധികം തീക്ഷ്ണതയോടു കൂടി ഛാന്ദായുടെ മിഷനറി സ്വഭാവം നിലനിര്‍ത്തി. അതുകഴിഞ്ഞ് പ്രിന്‍സ് പിതാവ് ഇവിടുത്തെ ദൗത്യം ഏറ്റെടുത്തു. പിതാവ് ഇവിടുത്തെ ദൗത്യം ഏറ്റെടുത്തതിനുശേഷം മിഷന്‍ ചൈതന്യത്തിലേക്കു വന്‍തോതില്‍ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. പ്രിന്‍സ് പിതാവിന്റെ കാലത്താണ് ഒരു മിഷനറി ചൈതന്യമുള്ള രൂപതയായി ഇന്ത്യയില്‍ ആകമാനം അദിലാബാദിനെ കാണാന്‍ തുടങ്ങിയത്. സുവിശേഷവല്‍ക്കരണത്തിന്റെ ഒരു ഐക്കണായി അദിലാബാദ് രൂപത മാറി.
ഇന്നത്തെ കാലത്ത് സുവിശേഷവല്‍ക്കരണം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പ്രിന്‍സ് പിതാവാണ് ഞങ്ങളെയെല്ലാം പഠിപ്പിച്ചു തന്നിരിക്കുന്നത്. പ്രിന്‍സ് പിതാവിന്റെ അതേ ചൈതന്യത്തോടെ കൂടി മുന്നോട്ടു പോകുക, അതെ തീക്ഷ്ണതയോട് കൂടി സുവിശേഷവല്‍ക്കരണത്തില്‍ ഏര്‍പ്പെടുക, പിതാവിന്റെ ദൗത്യങ്ങള്‍ തുടര്‍ന്നുകൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ പ്രതീക്ഷയും ആഗ്രഹവും. അതിന് ദൈവം ഞങ്ങളെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യും എന്നാണ് ഞങ്ങളുടെ വിശ്വാസം.