ഭയപ്പെടുന്നവര്‍ക്കുള്ളതല്ല മിഷന്‍

ഫാ. ഡോ. പോള്‍ ചുങ്കത്ത്
ഭയപ്പെടുന്നവര്‍ക്കുള്ളതല്ല മിഷന്‍
കാലില്‍ ചെരിപ്പില്ലാതെ, കാല്‍നടയായി സാഗര്‍ രൂപതയില്‍ സക്രാരിയുള്ള സകല സ്ഥലങ്ങളിലും എത്തിച്ചേര്‍ന്നിട്ടുള്ളയാളാണ്, രൂപതാ വികാരി ജനറാള്‍ കൂടിയായ റവ. ഡോ. പോള്‍ ചുങ്കത്ത്. സന്യാസവും സഭാഭരണവും അജപാലനവും സുവിശേഷവത്കരണവും സമന്വയിക്കുന്ന തന്റെ ജീവിതം പങ്കുവയ്ക്കുകയാണ് അദ്ദേഹം...

ബിഷപ്‌സ് ഹൗസില്‍ വികാരി ജനറാള്‍ക്കു മുറിയുണ്ടെങ്കിലും മധ്യപ്രദേശിലെ സാഗര്‍ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. പോള്‍ ചുങ്കത്ത് താമസിക്കുന്നത് 11 കിലോമീറ്റര്‍ അകലെ തന്റെ ആശ്രമത്തിലാണ്. ആസ്ബസ്റ്റോസ് മേഞ്ഞ ഒരു ചെറിയ ഷെഡിനെയാണ് ആശ്രമം എന്നു വിളിക്കുന്നത്. ജനലുകളില്ല, ഫര്‍ണീച്ചറില്ല, ഫാനോ ഫ്രിഡ്‌ജോ ടെലിവിഷനോ ഇല്ല. ഭക്ഷണം സ്വയം പാകം ചെയ്ത്, ഒരു നേരം മാത്രം കഴിക്കുന്നു. കാലില്‍ ചെരിപ്പില്ല. മുട്ടയുള്‍പ്പെടെ മാംസാഹാരമൊന്നും കഴിക്കാറില്ല. ദശാബ്ദങ്ങളായി ഇപ്രകാരമാണു ജീവിതം.

വൈദികനായതിനുശേഷം, വൈദികനായതുകൊണ്ടു മാത്രം ലഭിക്കുന്ന ആദരവില്‍ തോന്നിയ അസ്വസ്ഥതയില്‍ നിന്നായിരുന്നു ഈ ജീവിതശൈലീമാറ്റത്തിന്റെ തുടക്കമെന്നു ഫാ. പോള്‍ പറഞ്ഞു. വീടുകളിലും മഠങ്ങളിലുമെല്ലാം നല്ല സ്വീകരണവും മികച്ച ഭക്ഷണവും ലഭിക്കുന്നു. പട്ടം കിട്ടിയ ഉടനെ കിട്ടിയ നിയമനം നൂറിലേറെ വര്‍ഷം പഴക്കമുള്ള ഒരു പള്ളിയിലെ വികാരിയായിട്ടായിരുന്നു. പള്ളിയുടെ സ്‌കൂളിന്റെ മാനേജരാണ്. പള്ളിക്കു മുന്നൂറേക്കര്‍ സ്ഥലമുണ്ട്. അതില്‍ നൂറേക്കറില്‍ നല്ല കൃഷി നടത്തുന്നുണ്ട്. അവിടെയുള്ള പതിനഞ്ചു ഗ്രാമങ്ങളില്‍ ഒരു മനുഷ്യനുപോലും വാഹനമില്ല. പള്ളിയിലാണെങ്കില്‍ രണ്ടു ജീപ്പുകളും രണ്ടു മോട്ടോര്‍ സൈക്കിളുകളും രണ്ടു ട്രാക്ടറുകളുമുണ്ട്. താമസിക്കുന്ന കെട്ടിടത്തെ ആളുകള്‍ ബംഗ്ലാവ് എന്നാണു വിളിച്ചിരുന്നത്. ബംഗ്ലാവാല ഫാദര്‍, ഗാഡിവാല ഫാദര്‍, പൈസാവാല ഫാദര്‍. ഒരു രാജാവിനെ പോലുള്ള ജീവിതം.

തനിക്കതില്‍ മനസ്സാക്ഷിക്കുത്ത് തോന്നിയതായി ഫാ. പോള്‍ ഓര്‍ക്കുന്നു. 'എല്ലാം ഉപേക്ഷിച്ചു പോന്ന ഒരാള്‍ ഇങ്ങനെ ആര്‍ഭാടമായി ജീവിക്കുന്നതു ദൈവത്തെ വഞ്ചിക്കലാണെന്ന തോന്നല്‍ എനിക്കുണ്ടായി. സമൂഹത്തെയും വഞ്ചിക്കലാണത്. അക്കാലത്ത് പ്രാര്‍ത്ഥിക്കാനിരിക്കുമ്പോള്‍ കര്‍ത്താവ് എന്നോടു ചോദിക്കുന്ന ചോദ്യമിതാണ്: നീയെന്താണുപേക്ഷിച്ചത്?

ഞാന്‍ പറഞ്ഞു, ജോലി ഉപേക്ഷിച്ചു.

അതൊരു ത്യാഗമല്ല; അതു നിയമമാണ്. ജോലിയുപേക്ഷിച്ചില്ലെങ്കില്‍ സെമിനാരിയില്‍ ചേര്‍ക്കില്ലല്ലോ.

കല്യാണം ഉപേക്ഷിച്ചു എന്നതായിരുന്നു അടുത്ത ഉത്തരം.

അതും നിയമമാണ്. വീടുപേക്ഷിച്ചതും നിയമം തന്നെ. കര്‍ത്താവിനോടുള്ള സ്‌നേഹത്തെ പ്രതി എന്തുപേക്ഷിച്ചു എന്നതാണു ചോദ്യം.

കാലാകാലത്തോളം ചെരിപ്പുപേക്ഷിക്കുകയാണെന്നായിരുന്നു എന്റെ അന്തിമ ഉത്തരം.

കര്‍ത്താവിനു തൃപ്തിയായില്ല. വിവസ്ത്രനായി കുരിശില്‍ കിടക്കുന്ന കര്‍ത്താവിനോടു ചെരിപ്പുപേക്ഷിച്ചു എന്നു പറയുന്നതില്‍ വലിയ കാര്യമില്ലെന്നു തോന്നി. കട്ടിലും കിടക്കയും ഉപേക്ഷിക്കാം എന്നുകൂടി ഞാന്‍ പറഞ്ഞു. അപ്പോഴും തൃപ്തിയില്ല. അങ്ങനെ മുട്ടയുള്‍പ്പെടെ മാംസാഹാരം പൂര്‍ണമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.' വൈദികനായിരിക്കുന്നിടത്തോളം കാലം ചെരിപ്പും കട്ടിലും കിടക്കയും മാംസാഹാരവും ഉപയോഗിക്കില്ല എന്ന വ്യക്തിപരമായ വ്രതങ്ങള്‍ 28 വര്‍ഷമായി ഇന്നും പാലിക്കുകയാണ് ഫാ. പോള്‍.

തൃശ്ശൂര്‍ അതിരൂപതയിലെ കുരിയച്ചിറ ഇടവകാംഗമാണ് ഫാ. പോള്‍ ചുങ്കത്ത്. പത്താം ക്ലാസ് കഴിഞ്ഞ് അതിരൂപതയില്‍ അച്ചനാകാന്‍ ആഗ്രഹിച്ചിരുന്നതാണ്. അന്നത് നടന്നില്ല. അന്നു തോന്നിയ ദൈവവിളി യഥാര്‍ത്ഥമല്ലായിരുന്നു എന്നതാണ് അതിന്റെ യഥാര്‍ത്ഥ കാരണം. 'പിക്‌നിക് ദൈവവിളി' എന്നാണ് ആദ്യത്തെ ആ തോന്നലിനെ അച്ചന്‍ തന്നെ വിശേഷിപ്പിക്കുന്നത്. 'അള്‍ത്താര ബാലന്മാര്‍ക്കുള്ള പിക്‌നിക്കിന് എല്ലാ വര്‍ഷവും പോകുമായിരുന്നു. അന്നു നോക്കുമ്പോള്‍ വികാരിയച്ചന് പല പിക്‌നിക്കുകളുണ്ട്. അച്ചനായാല്‍ കൂടുതല്‍ പിക്‌നിക്കുകള്‍ക്കു പോകാമല്ലോ എന്നോര്‍ത്താണ് അച്ചനാകണമെന്ന് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ അന്നതു നടക്കാതിരുന്നതില്‍ ഇന്നു സന്തോഷം മാത്രം. പിന്നീട് നാലു വര്‍ഷം ജോലി ചെയ്തു. ഇരുപതാം വയസ്സില്‍ പ്രമുഖമായ ഒരു സ്ഥാപനത്തില്‍ ജോലി സ്ഥിരമാകുകയും ചെയ്തു. അപ്പോഴാണ് അച്ചനാകണമെന്ന ആഗ്രഹം വീണ്ടും ശക്തമാകുന്നത്.' ഫാ. പോള്‍ ഓര്‍മ്മിക്കുന്നു.

നാലു വര്‍ഷത്തെ തൊഴിലനുഭവങ്ങള്‍ ആ കൗമാരക്കാരനെ വേറൊരു മനുഷ്യനാക്കിയിരുന്നു. വെറുതെ അച്ചനായാല്‍ പോരാ, സഹനമനുഭവിക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന അച്ചനാകണം എന്നതായി ആ ഇരുപതുകാരന്റെ ആഗ്രഹം. 'അതിനു മിഷണറിയാകുന്നതാണു നല്ലത്. അതിരൂപത വൈദികനാകാനുള്ള സാധ്യത വേണ്ടെന്നുവച്ചു. അക്കാലത്ത് സാഗര്‍ ബിഷപ്പായിരുന്ന മാര്‍ ക്ലെമന്റ്‌സ് തോട്ടുങ്കല്‍ ഞങ്ങളുടെ പള്ളിയില്‍ വന്നു പ്രസംഗിക്കുകയും കാളവണ്ടിയാത്രകളുടെയും കാട്ടിലെ താമസത്തിന്റെയും കഷ്ടപ്പാടിന്റെയും കഥകള്‍ പറയുകയും ചെയ്തിരുന്നു. എങ്കില്‍ സാഗറിലേക്കു തന്നെ പോകാമെന്നു വിചാരിച്ചു. അങ്ങനെ 1983-ല്‍ സാഗറിലേക്കു പുറപ്പെട്ടു. മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.'

അക്കാലം മുതല്‍ തന്നെ സന്യാസിയെന്നായിരുന്നു ആ സെമിനാരിക്കാരന്റെ വിളിപ്പേര്. സെമിനാരിയില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ക്ലാസില്‍ സംസാരിച്ചതിന് ഒരു ശിക്ഷ കിട്ടി. എന്തു തരം അച്ചനാകാനാണ് ആഗ്രഹിക്കുന്നത് എന്ന് എഴുതുകയായിരുന്നു ശിക്ഷ. 'അപ്പോഴാണ് ഞാന്‍ അതിനെക്കുറിച്ചു ചിന്തിച്ചത്. അതുവരെ അച്ചനാകണം എന്ന ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്. ഞാന്‍ ആലോചിച്ചു. എന്തു തരം അച്ചനാകണം? 'ഇന്ത്യന്‍ ഗുരു പ്രീസ്റ്റ്' എന്നതായിരുന്നു മനസ്സില്‍ വന്ന ഉത്തരം. അതായത്, പരമാവധി ലാളിത്യമുള്ള, സഹിക്കുന്ന, പ്രാര്‍ത്ഥിക്കുന്ന ഒരു സന്യാസിയുടെ രൂപമാണ് മനസ്സിലുണ്ടായിരുന്നത്. അന്നു മുതല്‍ വസ്ത്രത്തിലും ഭക്ഷണത്തിലുമെല്ലാം ലാളിത്യം പുലര്‍ത്താന്‍ ശീലിച്ചു. സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന സൗകര്യങ്ങള്‍ പലതും ഞാനുപേക്ഷിച്ചിരുന്നു. പോക്കറ്റ് മണി പോലും കുറച്ചു തരണമെന്നാവശ്യപ്പെട്ടു.'

അങ്ങനെ വൈദികനായി. ആ സമയത്തു പക്ഷേ തന്റെ ആഗ്രഹം പോലെ സന്യാസശൈലിയുമായി ജീവിതം തുടരാന്‍ ഫാ. പോളിനു കഴിഞ്ഞില്ല. കാരണം, രൂപതയില്‍ വൈദികരുടെ എണ്ണം കുറവായിരുന്നു. ഇടവകവൈദികരുടെ ജോലികള്‍ ചെയ്യേണ്ടതുണ്ടായിരുന്നു. അഞ്ചു കൊല്ലം കഴിഞ്ഞപ്പോഴേക്കും അന്നത്തെ ബിഷപ് അദ്ദേഹത്തെ രൂപതയുടെ വികാരി ജനറാളായി നിയമിക്കുകയും ചെയ്തു. വികാരി ജനറാളായിരിക്കെതന്നെ, നാല്‍പതാം വയസ്സില്‍ ഉപരിപഠനത്തിനായി റോമിലേക്ക് അയച്ചു.

ആറു വര്‍ഷത്തോളം റോമില്‍ ഉപരിപഠനം നടത്തി. ആദ്യം ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്പിരിച്വാലിറ്റിയില്‍ ഡോക്ടറേറ്റ് എടുത്തു. അതിനുശേഷം മിസ്സിയോളജിയിലും ഡോക്ടറേറ്റ് നേടി. കാനന്‍ നിയമത്തിലും വിശുദ്ധരുടെ നാമകരണത്തിനുള്ള പോസ്റ്റുലേറ്റര്‍ കോഴ്‌സിലും ഡിപ്ലോമകളും കരസ്ഥമാക്കി.

ആറു വര്‍ഷം കൊണ്ട് രണ്ടു ഡോക്ടറേറ്റുകളും രണ്ടു ഡിപ്ലോമകളുമായി മടങ്ങിവന്ന മുന്‍ വികാരി ജനറാള്‍ കൂടിയായ ഡോ. പോള്‍ ചുങ്കത്ത് ബിഷപ്പിന് എഴുതിക്കൊടുത്തത് ഏറ്റവും അസൗകര്യമുള്ള, വൈദികര്‍ക്കു പോകാന്‍ താത്പര്യമില്ലാത്ത സ്ഥലത്തേക്ക് തന്നെ അയയ്ക്കണം എന്നാണ്. അതനുവദിക്കപ്പെട്ടു. അങ്ങനെ ഭീല്‍ ആദിവാസികള്‍ക്കിടയിലേക്ക് ഒരു സഞ്ചിയുമായി അദ്ദേഹം പുറപ്പെട്ടു. അവിടെ കാട്ടില്‍ ഒരു ഷെഡ് കെട്ടി താമസമാരംഭിച്ചു.

കറണ്ടില്ല, വെള്ളം കോരണം, കുളിമുറിയില്ല, ചാണകം മെഴുകിയ അകം. ചോര്‍ച്ചയുള്ള മേല്‍ക്കൂര. രണ്ടു കൊല്ലത്തോളം അവിടെ താമസിച്ചു.

ആ സമയത്ത് ബിഷപ്പില്‍ നിന്നൊരു വിളിവന്നു. റോമിലേക്കു പഠനത്തിനായി പോകുന്നതിനു മുമ്പ് ഫാ. പോള്‍ 9 സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു. അനാഥശാല, മാനസികവും ശാരീരികവുമായ ഭിന്നശേഷിക്കാര്‍ക്കുള്ള ഭവനങ്ങള്‍, രണ്ടു ഹോസ്റ്റലുകള്‍, സ്‌കൂള്‍ തുടങ്ങിയവ. അവിടെ ഒരു സാമ്പത്തിക പ്രതിസന്ധി വന്നു. അതാണു ബിഷപ് വിളിക്കാന്‍ കാരണം. 'അച്ചന്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിറുത്തേണ്ട സ്ഥിതിയിലേക്കാണു പോകുന്നത്. അച്ചന് ഇവ ഏറ്റെടുത്തു നടത്താമെന്ന ആത്മവിശ്വാസം ഉണ്ടോ?''

നടത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കില്‍ പിറ്റേന്നുതന്നെ കാട്ടില്‍നിന്നു പോരാന്‍ ബിഷപ് നിര്‍ദേശിക്കുകയും ചെയ്തു.

പിറ്റേന്നു ബിഷപ്‌സ് ഹൗ സില്‍ പോയി. അന്നുതന്നെ ആ സ്ഥാപനങ്ങളുടെ ചാര്‍ജെടുത്തു. അവിടെ ഒന്നര കൊല്ലത്തോളമായപ്പോള്‍ വേറൊരു വിളിവന്നു. വൈദികസമ്മേളനത്തില്‍ അന്നത്തെ ബിഷപ് ആന്റണി ചിറയത്ത് ചോദിച്ചു, എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ച് ഏതെങ്കിലുമൊരു സ്ഥലത്തുപോയി ഏകാന്തമായി കഴിയുന്ന പ്രാര്‍ത്ഥനാപൂര്‍വകമായ ആശ്രമജീവിതത്തിന് ആരെങ്കിലും തയ്യാറുണ്ടോ?

ഫാ. പോള്‍ ഉടനെ അതിനു പേരെഴുതിക്കൊടുത്തു. സ്ഥാപനങ്ങളില്‍ നിന്നു മാറ്റുന്നതിനോടു പിതാവിനു വിയോജിപ്പുണ്ടായിരുന്നെങ്കിലും അനുവദിച്ചു. ആശ്രമം തുടങ്ങുന്നതിനു മുമ്പ് ഇന്ത്യയിലെ ക്രിസ്തീയ ആശ്രമങ്ങളിലെല്ലാം പോയി കുറച്ചു ദിവസങ്ങള്‍ താമസിച്ച് ആശ്രമജീവിതാനുഭവം സ്വന്തമാക്കണമെന്നു പിതാവിനോടു അദ്ദേഹമാവശ്യപ്പെട്ടിരുന്നു. അതനുവദിക്കപ്പെട്ടു. തുടര്‍ന്ന് കന്യാകുമാരി മുതല്‍ ഹിമാലയം വരെയുള്ള 25 ക്രിസ്ത്യന്‍ ആശ്രമങ്ങളില്‍ പോയി താമസിച്ചു. ചിലയിടത്തു രണ്ടു മാസം, ചിലയിടത്തു ഒന്ന്, ചിലയിടത്ത് രണ്ടാഴ്ച എന്നിങ്ങനെയായിരുന്നു അത്.

രണ്ടാമത് അദ്ദേഹം മെത്രാനോടാവശ്യപ്പെട്ടത് രൂപതയില്‍ മുഴുവന്‍ നഗ്‌നപാദനായി നടക്കണം എന്നാണ്. അതും അനുവദിക്കപ്പെട്ടു. 1500 ലേറെ കിലോമീറ്റര്‍ ചുറ്റളവില്‍ കാല്‍നടയായി സഞ്ചരിച്ചു. അഞ്ചു ജില്ലകള്‍ ഉള്‍പ്പെടുന്നതാണു സാഗര്‍ രൂപത. എവിടെയൊക്കെ മിഷന്‍ സ്റ്റേഷനുകളുണ്ടോ, സക്രാരികളുണ്ടോ അവിടെയെല്ലാം ഫാ. പോള്‍ കാല്‍നടയായി എത്തി. ഒരു ദിവസം ശരാശരി 40, 50 കി.മീറ്റര്‍ ദൂരം നടന്നു.

അതു വലിയ അനുഭവസമ്പന്നമായ ഒരു യാത്രയായിരുന്നുവെന്ന് ഫാ. പോള്‍ ഓര്‍ക്കുന്നു. 'വഴിയില്‍ ധാരാളം ജനങ്ങള്‍ എന്നെ കാണാനും അനുഗ്രഹങ്ങള്‍ വാങ്ങാനും വന്നു. വെളുത്ത ലോഹ ധരിച്ചായിരുന്നു എന്റെ യാത്ര. ഞാനൊരു ഈസായിവാലാ ബാബ (ക്രിസ്ത്യന്‍ സന്യാസി) ആണെന്നു ജനങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ ആളുകള്‍ക്ക് അതു പ്രശ്‌നമല്ലായിരുന്നു. ജാതിയും മതവും നോക്കാതെ ആണ് ആളുകള്‍ അടുത്തേക്കു വന്നിരുന്നത്. കാലില്‍ ചെരിപ്പില്ലാതെ, നൂറു കണക്കിനു കിലോമീറ്റര്‍ നടന്നു വരുന്ന സന്യാസി എന്ന പരിഗണന എല്ലാത്തരം ആളുകളും നല്‍കി. അതു നല്ലൊരു അനുഭവമായിരുന്നു.'

ഏതാനും വര്‍ഷത്തേക്ക് തീര്‍ത്തും ഏകാന്തമായ സന്യാസം എന്നതായിരുന്നു ഫാ. പോളിന്റെ ഉദ്ദേശ്യം. എന്നാല്‍, വിദേശത്തു പോയി പഠിച്ച്, ഡോക്ടറേറ്റുകള്‍ നേടിയ ഒരു വൈദികന്‍, കാട്ടില്‍ പോയി ഒറ്റയ്ക്കു താമസിച്ചാല്‍ സഭയ്ക്ക് എന്തു പ്രയോജനം എന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു. ആ വിമര്‍ശനത്തെ പോസിറ്റീവായി എടുക്കാന്‍ തീരുമാനിച്ചു. ആശ്രമജീവിതമായിരിക്കുമെങ്കിലും ആളുകള്‍ക്കു വന്നു കാണാന്‍ കഴിയുന്നതായിരിക്കണം സ്ഥലമെന്നു തീരുമാനിച്ചു. അങ്ങനെയൊരു സ്ഥലമാണ് ആശ്രമത്തിനായി പിന്നീടു തിരഞ്ഞെടുത്തത്. കാടും മലയുമെല്ലാമുണ്ടെങ്കിലും ആളുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലത്താണ് ആശ്രമം. ബിഷപ്‌സ് ഹൗസിലേക്ക് 11 കി.മീറ്റര്‍ ദൂരം മാത്രം.

മുമ്പ് ബംഗ്ലാവില്‍ താമസിച്ചിരുന്നപ്പോള്‍ കൈമലര്‍ത്തിയാണ് ആളുകള്‍ തന്നെ സമീപിച്ചിരുന്നതെങ്കില്‍ ആശ്രമത്തിലേക്ക് ജനങ്ങള്‍ വരുന്നത് അങ്ങനെയല്ലെ ന്നു ഫാ. പോള്‍ പറയുന്നു. ധനസഹായം പ്രതീക്ഷിച്ചാണ് മുമ്പ് ആളുകള്‍ വന്നിരുന്നത്. എന്നാല്‍ കുടിലില്‍ താമസിക്കുന്ന അച്ചനോടു പണം ചോദിക്കുന്നതില്‍ കാര്യമില്ലെന്നു ജനങ്ങള്‍ക്കറി യാം. വരുന്നവര്‍ക്കെല്ലാം അനുഗ്രഹവും പ്രാര്‍ത്ഥനയുമാണ് ആവശ്യം. താമസം തുടങ്ങി കുറച്ചായപ്പോള്‍ പതിനഞ്ചോളം പെണ്‍കുട്ടികള്‍ തന്നെ കാണാന്‍ വന്ന കാര്യം ഫാ. പോള്‍ ഓര്‍മ്മിച്ചു. 'ബോര്‍ഡ് എക്‌സാം' ആണ് എന്നു കുട്ടികള്‍ പറഞ്ഞു. പഴയ ഓര്‍മ്മയില്‍ ഞാന്‍ പറഞ്ഞു, ''കണക്ക് എനിക്കത്ര നന്നായി അറിയില്ല. ഇംഗ്ലീഷ് ഞാന്‍ പഠിപ്പിക്കാം.'' കുട്ടികള്‍ പറഞ്ഞു, ''ഇംഗ്ലീഷും പഠിപ്പിക്കണ്ട, കണക്കും പഠിപ്പിക്കണ്ട. ബ്ലെസിംഗ് വാങ്ങാനാണു ഞങ്ങള്‍ വന്നത്.'' അവര്‍ വരിയായി നിന്നു പ്രാര്‍ത്ഥനകള്‍ വാങ്ങി മടങ്ങി. മഴ ഇല്ലാതായാലും മൃഗങ്ങള്‍ക്ക് അസുഖം വന്നാലും മനുഷ്യര്‍ക്ക്അസുഖം വന്നാലുമെല്ലാം ജനങ്ങള്‍ പ്രാര്‍ത്ഥന ചോദിച്ചു വരാന്‍ തുടങ്ങി.

ഇങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ മെത്രാന്‍ വന്നതും വികാരി ജനറാളാകാമോ എന്നു ചോദിക്കുന്നതും. ആശ്രമത്തില്‍ നിന്നു മാറാനുള്ള താത്പര്യക്കുറവ് അറിയിച്ചപ്പോള്‍, ആശ്രമത്തില്‍ കഴിഞ്ഞുകൊണ്ടു തന്നെ വികാരി ജനറാളുടെ ജോലി കൂടി ചെയ്താല്‍ മതിയെന്നറിയിച്ചു. രൂപതയുടെ സുവിശേഷവത്കരണത്തിന്റെ ചുമതലയും നല്‍കി. ആ ചുമതലകളില്‍ തുടരുകയാണിപ്പോള്‍.

സുവിശേഷവത്കരണത്തി ന്റെ ചുമതലയേല്‍ക്കാന്‍ തനിക്കു സന്തോഷമായിരുന്നുവെന്നു ഫാ. പോള്‍ പറഞ്ഞു. ''കാരണം, മിഷനില്‍ വന്നശേഷം സ്ഥാപനങ്ങള്‍ പലതും നടത്തിയെങ്കിലും നേരിട്ടുള്ള സുവിശേഷവത്കരണത്തിന് അവസരം കിട്ടിയില്ലല്ലോ എന്നൊരു നഷ്ടബോധം ഉണ്ടായിരുന്നു. ഞാനതേറ്റെടുത്തു. മൂന്നാലു വര്‍ഷമായി 'ലെറ്റ് ജീസസ് ബി നോണ്‍' എന്നൊരു പദ്ധതി ആരംഭിച്ചു. ധാരാളം പേര്‍ ഇതുവഴി ക്രിസ്തുവിനെ പുതുതായി അറിയാനിടയായിട്ടുണ്ട്. രണ്ടു ഗ്രൂപ്പായാണ് ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ഗ്രൂപ്പ് മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നു. ഒരു ഗ്രൂപ്പ് വീടുവീടാന്തരം കയറിയിറങ്ങി യേശുവിനെക്കുറിച്ചു പറയുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിരവധി പെന്തക്കോസ്തു പാസ്റ്റര്‍മാര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്. ഇവരില്‍ ഓരോരുത്തര്‍ക്കും പത്തു ഗ്രാമങ്ങളുടെ വീതം ചുമതല കൊടുത്തിരിക്കുന്നു.''

കേസുകള്‍ വ്യാജമാണെന്നു ഉന്നത ഉദ്യോഗസ്ഥര്‍ക്കു പലര്‍ക്കും മനസ്സിലാകുന്നുണ്ട്. പക്ഷേ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. രാഷ്ട്രീയനേതാക്കളുടെ നിര്‍ദേശപ്രകാരം മാത്രമേ ഉദ്യോഗസ്ഥര്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുള്ളൂ. സംസ്ഥാന ഗവണ്‍മെന്റിന്റെ പിന്തുണയോടെയാണ് അക്രമികള്‍ പ്രവര്‍ത്തിക്കുന്നത് എന്നതു വ്യക്തമാണ്.

മിഷണറിമാര്‍ തീച്ചൂളയില്‍

ഇതിനിടയില്‍ വെല്ലുവിളികള്‍ ധാരാളം നേരിടുന്നുണ്ടെന്നു ഫാ. പോള്‍ ചുങ്കത്ത് പറഞ്ഞു. 'മതതീവ്രവാദികളുടെ വെല്ലുവിളി തന്നെ പ്രധാനം. ബി ജെ പി ആണു മധ്യപ്രദേശ് തുടര്‍ച്ചയായി ഭരിക്കുന്നത്. ആരു ഭരിച്ചാലും പക്ഷേ വര്‍ഗീയതയുടെ പ്രശ്‌നം തീരില്ല. കോ ണ്‍ഗ്രസ്സാണ് ഭരിക്കുന്നതെങ്കില്‍ സര്‍ക്കാരിനെ തോല്‍പിക്കാന്‍ വേണ്ടി ക്രൈസ്തവരെ ആക്രമിക്കും. ബി ജെ പി ആണു ഭരിക്കുന്നതെങ്കില്‍ എല്ലാ സംവിധാനങ്ങളുടെയും പിന്തുണ കിട്ടുമെന്ന ധൈര്യത്തില്‍ ആക്രമിക്കും. ഇതാണിപ്പോള്‍ നടക്കുന്നത്. ഒന്നര കൊല്ലത്തിനുള്ളില്‍ ഞങ്ങളുടെ സാഗര്‍ രൂപതയില്‍ അച്ചന്മാരുടെയും സിസ്റ്റര്‍മാരുടെയും പേരില്‍ ഒരു ഡസനോളം വ്യാജകേസുകളെടുത്തു. കുറച്ചു ദിവസം മുമ്പാണ് സി എം സി സിസ്റ്റര്‍മാരുടെ സ്ഥാപനം ആക്രമിക്കപ്പെട്ടത്. വിശുദ്ധവാരത്തില്‍ അയല്‍പക്കത്തുള്ള ജബല്‍പുര്‍ ബിഷപ് ഒളിവില്‍ പോകേണ്ട സ്ഥിതി വന്നു. കള്ളക്കേസെടുത്തതില്‍ മുന്‍കൂര്‍ ജാമ്യം കിട്ടാത്ത സാഹചര്യത്തിലായിരുന്നു ഇത്.''

ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ തീച്ചൂളയിലാണ് എന്നു ഫാ. പോള്‍ പറഞ്ഞു, 'ആദ്യം പെന്തക്കോസ്ത്, പ്രൊട്ടസ്റ്റന്റ് സഭകള്‍ക്കെതിരെയായിരു ന്നു അക്രമങ്ങള്‍. ഇപ്പോള്‍ ക ത്തോലിക്കാസഭയ്ക്കു നേരെ തിരിഞ്ഞിരിക്കുന്നു. ജബല്‍പുര്‍ രൂപതയുടെ ഒരു സ്‌കൂളിന്റെ ഹോസ്റ്റലില്‍ കയറി ബാലാവകാശകമ്മീഷന്‍ കേസെടുത്ത് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. ഇത് കള്ളക്കേസാണെന്നു കണ്ടതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി അതിനെതിരെ നിലപാടെടുക്കുകയും പ്രിന്‍സിപ്പാളിനെ മോചിപ്പിക്കുകയും ചെയ്തു. പക്ഷേ എസ് പിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 24 മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റി. കേസുകള്‍ വ്യാജമാണെന്നു ഉന്നത ഉദ്യോഗസ്ഥര്‍ക്കു പലര്‍ക്കും മനസ്സിലാകുന്നുണ്ട്. പക്ഷേ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. രാഷ്ട്രീയനേതാക്കളുടെ നിര്‍ദേശപ്രകാരം മാത്രമേ ഉദ്യോഗസ്ഥര്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുള്ളൂ. സംസ്ഥാന ഗവണ്‍മെന്റിന്റെ പിന്തുണയോടെയാണ് അക്രമികള്‍ പ്രവര്‍ത്തിക്കുന്നത് എന്നതു വ്യക്തമാണ്.'

100 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സഭയുടെ ഒരു അനാഥശാലയില്‍ റെയിഡ് നടത്തി അതു പൂട്ടിയിടാന്‍ ഉത്തരവിട്ട കാര്യം ഫാ. പോള്‍ പങ്കുവച്ചു. ''ഒരു ശനിയാഴ്ചയായിരുന്നു അത്. പിറ്റേന്ന് കോടതികളെ സമീപിക്കാന്‍ കഴിയില്ലല്ലോ. ഞങ്ങള്‍ കളക്ടറെ പോയി കണ്ടു. സത്യമൊക്കെ അറിയാം, പക്ഷേ മുകളില്‍ നിന്നു പ്രഷറുണ്ട് എന്നായിരുന്നു മറുപടി. അന്ന് ചീഫ് സെക്രട്ടറി ഒരു കത്തോലിക്കനായിരുന്നു. ഞങ്ങളദ്ദേഹത്തെ ബന്ധപ്പെട്ടു. അദ്ദേഹം കളക്ടറെ വിളിച്ച് നടപടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കളക്ടര്‍ പിന്തിരിഞ്ഞു. പക്ഷേ, പിറ്റേന്നു പത്രങ്ങളില്‍ അതു വാര്‍ത്തയായി. ഒരു അദൃശ്യശക്തി ഇടപെട്ട് മിഷണറിമാരെ സഹായിച്ചു എന്നായിരുന്നു വാര്‍ത്ത. ആ ചീഫ് സെക്രട്ടറി വിരമിച്ചു. വിരമിച്ചതിനു ശേഷം അദ്ദേഹത്തോടു സഹായം ചോദിച്ചെങ്കിലും അധികാരമില്ലാത്തതിനാല്‍ നിസ്സഹായനാണെന്നായിരുന്നു മറുപടി.''

അനാഥാലയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ സാഗര്‍ ബിഷപ്പും താനും കൂടി ഡല്‍ഹിയില്‍ പോയി ബി ജെ പിയുടെ കേരള നേതാക്കളെ കണ്ട കാര്യവും ഫാ. പോള്‍ പറഞ്ഞു. ''കേരളത്തില്‍ ഞങ്ങള്‍ മെത്രാന്മാരെ കാണാന്‍ വരും. കാരണം നിങ്ങള്‍ക്കവിടെ വോട്ടുണ്ട്. മധ്യപ്രദേശില്‍ നിങ്ങള്‍ക്കു വോട്ടില്ല. അതാണു പ്രശ്‌നം. എങ്കിലും പോയി അവിടത്തെ പ്രാദേശികനേതാക്കളുമായി തന്നെ സംസാരിക്കുക.'' ഇതായിരുന്നു കേരള നേതാവിന്റെ മറുപടിയെന്നു ഫാ. പോള്‍ ഓര്‍ക്കുന്നു.

1998-ല്‍ ഒരു വധശ്രമം നേരിട്ടയാളാണ് ഫാ. പോള്‍ ചുങ്കത്ത്. ആള്‍ക്കൂട്ടം ആശ്രമത്തില്‍ വന്നു കലാപമുണ്ടാക്കുന്നതിനിടെ അവര്‍ക്കിടയിലൂടെ തന്നെ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നു. ഫാദര്‍ മരിച്ചില്ലേ എന്നായിരുന്നു ചോദ്യം. മരിച്ചെങ്കില്‍ വരുമായിരുന്നില്ലല്ലോ എന്നു അദ്ദേഹം മറുപടിയും പറഞ്ഞു. ആശ്രമത്തിലെ ഫാദറിനെ കൊല്ലുമെന്നു ഭീഷണി മുഴക്കി അക്രമിസംഘം പോയത് പൊലീസ് അറിഞ്ഞിരുന്നു. ഇടപെടാന്‍ വന്നാല്‍ പൊലീസിനെയും കൊല്ലുമെന്നു ഭീഷണിയുണ്ടായിരുന്നു.

പക്ഷേ, മരണത്തെയോ ഭീഷണികളെയോ തെല്ലും ഭയക്കുന്നില്ലെന്നു ഫാ. പോള്‍ പറഞ്ഞു. ഈ ഭയമുള്ളവര്‍ക്ക് ഉത്തരേന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനം ഇനി അസാധ്യമായിരിക്കും. ''എന്തായാലും മരിക്കും, അമര്‍ത്യനല്ല. അപകടം പറ്റിയോ കൊറോണ പിടിച്ചോ വയസ്സായി തളര്‍ന്നു കിടന്നോ മരിക്കാം. പക്ഷേ, ദൈവം നിശ്ചയിച്ച ദിവസം മാത്രമേ മരിക്കൂ. വര്‍ഗീയവാദികളുടെ തല്ലുകൊണ്ടു ചാകാന്‍ എനിക്കു സന്തോഷമേയുള്ളൂ. വണ്ടിയിടിച്ചു മരിക്കുന്നതിനേക്കാള്‍ സന്തോഷം. ഞങ്ങളുടെ രണ്ടു വൈദികര്‍ റോഡപകടത്തില്‍ മരിക്കുകയുണ്ടായി. സുവിശേഷം പ്രസംഗിച്ചതിന്റെ പേരില്‍ അടികിട്ടുന്നതും കൊല്ലപ്പെടുന്നതും ഞാന്‍ അഭിമാനമായും സന്തോഷമായും കാണും. സുവിശേഷം പ്രസംഗിക്കുന്നതിന്റെ പേരില്‍ ജയിലില്‍ പോകാനും മടിയില്ല.'' ഫാ. പോള്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org