മോണ്‍. മാത്യു മങ്കുഴിക്കരി

ഭൂമിയില്‍ സ്വര്‍ഗം സ്യഷ്ടിച്ച ദൈവികമനുഷ്യന്‍
മോണ്‍. മാത്യു മങ്കുഴിക്കരി
  • സി. ജിസ്മരിയ C S N

സ്വര്‍ഗോന്മുഖമായ ജീവിതത്തിലൂടെ ആത്മീയതയ്ക്ക് നവീനമായ രൂപഭാവങ്ങള്‍ നല്കിയ ആത്മീയാചാര്യനാണ് മോണ്‍. മാത്യു മങ്കുഴിക്കരി. അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 2024 ജനുവരി രണ്ടിന് ഇരുപത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയായി. കാലം കഴിയുന്തോറും ആ ജീവിതസന്ദേശത്തിനും കര്‍മ്മപദ്ധതികള്‍ക്കും മൂല്യവും പ്രസക്തിയും കൂടിവരുന്നതായി കാണാം. മനുഷ്യന്റെ മഹത്വം തിരിച്ചറിഞ്ഞ് ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുള്ള ആ പ്രയാണം ഏതാനും വ്യക്തികളെയോ, ചില പ്രദേശങ്ങളെയോ, സവിശേഷമായ സമൂഹത്തെയോ മാത്രം ലക്ഷ്യം വച്ചുകൊണ്ടായിരുന്നില്ല. മറിച്ച് നസ്രായനീശോയുടെ രക്ഷാകരസ്‌നേഹത്തിലേക്ക് സകലരെയും ചേര്‍ത്തുപിടിക്കുന്നതിനുള്ള ആത്മീയയാത്രയായിരുന്നു അത്. അവിടെ ആരവങ്ങളില്ല, ആള്‍ക്കൂട്ടങ്ങളില്ല, ഹൃദയങ്ങളോട് സംവദിക്കുന്ന ജീവിതസാക്ഷ്യത്തിന്റെ ഉള്‍ക്കനമാണ് തെളിഞ്ഞുനിന്നത്.
  • ദൈവത്തിന്റെ പുരോഹിതന്‍

1934 ല്‍ മംഗലപ്പുഴ സെമിനാരിയില്‍ വച്ച് മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ച മങ്കുഴിക്കരിയച്ചന്‍ 69 വര്‍ഷം പൗരോഹിത്യത്തിന്റെ കൃപയില്‍ ജീവിച്ചു. ആത്മരക്ഷയ്‌ക്കൊപ്പം ആത്മാക്കളെ ചേര്‍ത്തുപിടിക്കാനുള്ള മങ്കുഴിക്കരിയച്ചന്റെ ആത്മീയസിദ്ധി ആദ്യം തിരിച്ചറിഞ്ഞത് അഭിവന്ദ്യ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവാണ്. ഇടവകയുടെ പരിധിക്കപ്പുറം സഭയുടെ പൊതുനന്മയ്ക്കുവേണ്ടി ഈ യുവവൈദികന്റെ സിദ്ധികള്‍ വിനിയോഗിക്കുവാന്‍ പിതാവ് ആഗ്രഹിച്ചു. ഇടവകവികാരി എന്നതിലുപരി വചനപ്രഘോഷകന്‍, ആത്മീയനിയന്താവ് എന്നീനിലകളിലാണ് മങ്കുഴിക്കരിയച്ചന്റെ പൗരോഹിത്യം ഫലദായകമാകുന്നത്.

  • വചനോപാസകനായ ധ്യാനഗുരു

1939 ല്‍ അതിരൂപതയുടെ ധ്യാനഗുരുവായി മാര്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവ് അച്ചനെ നിയോഗിച്ചത് വചനപ്രഘോഷണരംഗത്ത് ഒരു പുതിയ ചുവടുവയ്പായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍, കമ്മ്യൂണിസം പോലുള്ള തത്വസംഹിതകളുടെ വ്യാപനം, പട്ടിണിയും പകര്‍ച്ചവ്യാധികളും, രാഷ്ട്രീയഅരാജകത്വവും സമരങ്ങളും, നിരീശ്വരത്വവും ക്രിസ്തീയമൂല്യങ്ങളുടെ തകര്‍ച്ചയുമെല്ലാം കത്തോലിക്കാകുടുംബങ്ങളെയും വ്യക്തികളെയും ബാധിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഏകാന്തധ്യാനവുമായി മങ്കുഴിക്കരിയച്ചന്‍ സമൂഹത്തിലേക്കിറങ്ങിയത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുമുമ്പ് കരിസ്മാറ്റിക് പ്രസ്ഥാനമോ സ്വയംപ്രേരിതപ്രാര്‍ത്ഥനകളോ ഇല്ലാതിരുന്ന നാളുകളില്‍ ഇടവകകള്‍തോറും സംഘടിപ്പിച്ചിരുന്ന ഈ ഏകാന്തധ്യാനം സമൂഹത്തെ നവോന്മേഷത്തിലേക്കും നവീകരണത്തിലേക്കും നയിച്ചു.

മൂന്ന് ദിവസം പള്ളിയോടുചേര്‍ന്ന് താമസിച്ച് മൗനം പാലിച്ച് ചിട്ടയോടെ പ്രാര്‍ത്ഥിച്ച് ദൈവവചനത്തിന്റെ വെളിച്ചത്തില്‍ ജീവിതത്തെ വിലയിരുത്തി നടത്തിയ ഈ ധ്യാനം ആ കാലഘട്ടത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. കുട്ടികള്‍, മാതാപിതാക്കള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുവേണ്ടി പ്രത്യേകം പ്രത്യേകം ധ്യാനങ്ങളും അന്ന് നടത്തിയിരുന്നു. ഏതാണ്ട് 17 വര്‍ഷം കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ ധ്യാനങ്ങളിലൂടെ വ്യക്തികളിലേക്ക്, കുടുംബങ്ങളിലേക്ക്, സമൂഹത്തിലേക്ക് ഇറങ്ങിചെല്ലുന്ന സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ, സൗഖ്യത്തിന്റെ സാക്ഷ്യമായി മങ്കുഴിക്കരിയച്ചന്‍ മാറി.

  • ആത്മീയനിയന്താവ്

1965 മുതല്‍ 31 വര്‍ഷം വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനും ആത്മീയനിയന്താവുമായിരുന്ന മങ്കുഴിക്കരിയച്ചന്റെ ജീവിതംതന്നെ പാഠപുസ്തകമായിരുന്നു. 'വൈദികന്‍ വേറൊരു ക്രിസ്തുവാകണം; മറ്റുള്ളവര്‍ക്ക് ക്രിസ്തുവിനെ നല്കുകയും വേണം' എന്ന് ഉപദേശിച്ച മങ്കുഴിക്കരിയച്ചന്റെ ജീവിതമാതൃകയുടെ ആധികാരികത വൈദികാര്‍ത്ഥികളുടെ ഹൃദയത്തെ സ്പര്‍ശിച്ചു. ശാന്തത, വിനയം, എളിമ, ലാളിത്യം, പ്രസന്നത, പ്രാര്‍ത്ഥന, ക്ഷമ, സഹനം, സഹിഷ്ണത, ഉത്സാഹം, തുറവി എന്നിങ്ങനെ ഒരുപാട് ഗുണങ്ങള്‍ ഈ വല്ല്യച്ചനില്‍ നിന്ന് ഒപ്പിയെടുക്കാന്‍ ശിഷ്യഗണങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്നതാണ് ആ ജീവിതത്തിന്റെ വൈശിഷ്ട്യം. കണ്ടും കേട്ടും വായിച്ചും കാലത്തിനൊപ്പം സഞ്ചരിച്ച അദ്ദേഹം അജഗണത്തിന്റെ ചൂടും ചൂരുമുള്ള, ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിവുള്ള വൈദികര്‍ രൂപപ്പെടണമെന്നാണ് ആഗ്രഹിച്ചത്. ദൈവജനത്തെ മുമ്പില്‍നിന്ന് നയിക്കേണ്ട വൈദികരുടെ രൂപവല്‍ക്കരണം വളരെ ഗൗരവമുള്ള ഉത്തരവാദിത്വമാണ്. വൈദികരൂപവല്‍ക്കരണത്തില്‍ അറിവിന്റെ കൈമാറ്റം മാത്രമല്ല ആത്മാവിന്റെ രൂപാന്തരീകരണംകൂടി നടക്കണം. വ്യക്തിത്വത്തെ ക്രിസ്‌തോന്മുഖമായി പരുവപ്പെടുത്തുന്ന ഈ പ്രക്രിയയില്‍ യഥാര്‍ത്ഥ പരിശീലകന്‍ പരിശുദ്ധാത്മാവാണ്. വ്യക്തിയില്‍ നടക്കുന്ന ദൈവാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ വ്യക്തിയെ സഹായിക്കുക മാത്രമാണ് ആത്മീയനിയന്താവ് ചെയ്യേണ്ടതുള്ളു എന്നാണ് മങ്കുഴിക്കരിയച്ചന്റെ പക്ഷം.

വൈദീകനായും വൈദീകപരിശീലകനായും വര്‍ഷങ്ങളിലൂടെ നേടിയെടുത്ത അനുഭവസമ്പത്തിന്റെ പ്രകാശനമാണ് മങ്കുഴിക്കരിയച്ചന്‍ രചിച്ച അജപാലനധര്‍മ്മം എന്ന ഗ്രന്ഥം. അജപാലനശുശ്രൂഷയെ സമഗ്രതയില്‍ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം വൈദികര്‍ക്ക് വഴികാട്ടിയാണ്. ജീവിക്കുന്നത് പറയുകയും പറയുന്നത് ജീവിക്കുകയും ചെയ്യുന്ന സത്യത്തിന്റെ ആര്‍ജവത്വമാണ് മങ്കുഴിക്കരിയച്ചന്റെ ജീവിതമാതൃകയെ ആധികാരികമാക്കുന്നത്

  • ആത്മീയദര്‍ശനവും താപസിക ശൈലിയും

ദൈവത്തോടും മനുഷ്യരോടും ഒരുപോലെ ബന്ധപ്പെട്ടിരിക്കുന്ന ആത്മീയതയുടെ ദ്വന്ദഭാവമാണ് മങ്കുഴിക്കരിയച്ചന്റെ ആത്മീയദര്‍ശനത്തിനുള്ളത്. ഭൂമി സ്വര്‍ഗത്തിലേക്കും മനുഷ്യന്‍ ദൈവത്തിലേക്കും രൂപാന്തരപ്പെടുന്ന ക്രമാനുഗതമായ വളര്‍ച്ചയാണിത്. അദ്ദേഹത്തിന്റെ പ്രബോധനങ്ങളില്‍ ഇത് പ്രകടമാണ്. 'ദൈവത്തോടുകൂടി ആയിരിക്കാന്‍ മനുഷ്യനില്‍നിന്ന് അകന്നിരിക്കേണ്ട ആവശ്യമില്ല. അതുപോലെ മനുഷ്യരോടുകൂടിയായിരിക്കാന്‍ ദൈവത്തില്‍നിന്ന് അകന്നിരിക്കേണ്ട ആവശ്യവുമില്ല. ദൈവോന്മുഖതയും മനുഷ്യോന്മുഖതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.' ദൈവമനുഷ്യസംഗമത്തിന്റെ ഈ ആത്മീയത അനുദിനജീവിതസാഹചര്യങ്ങളിലാണ് ഫലദായകമാകേണ്ടത്. മങ്കുഴിക്കരിയച്ചന്‍ എഴുതിയ 'ആധ്യാത്മികപാഠങ്ങള്‍' എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ ആത്മീയദര്‍ശനങ്ങളുടെ സംക്ഷേപമാണ്.

  • പ്രാര്‍ത്ഥനയുടെ മനുഷ്യന്‍

പ്രാര്‍ത്ഥനയുടെ ജീവിതം നയിക്കുവാന്‍ ദൈവസാന്നിധ്യാവബോധത്തിന്റെ മാര്‍ഗമാണ് മങ്കുഴിക്കരിയച്ചന്‍ സ്വീകരിച്ചത്. 'നിരന്തരം ഈശോയോട് കൂടെയായിരിക്കുക-സന്തോഷത്തിലും സങ്കടത്തിലും അധ്വാനത്തിലും വിശ്രമത്തിലും-ഇതിനുള്ള സാമാന്യമാര്‍ഗമാണ് പ്രാര്‍ത്ഥന'എന്ന് പ്രഘോഷിച്ച അദ്ദേഹം സ്വജീവിതത്തിലൂടെ അത് തെളിയിക്കുകയും ചെയ്തു. ആദ്യം ദേവാലയത്തിലെത്തുകയും ഏറ്റവും അവസാനം ദേവാലയത്തില്‍ നിന്ന് മടങ്ങുകയും ചെയ്യുന്ന മത്തായിയച്ചന്‍ മണിക്കൂറുകള്‍ ദിവ്യകാരുണ്യസന്നിധിയില്‍ ചിലവഴിക്കുമായിരുന്നു. അദ്ദേഹം പറയുന്നുത് 'നമ്മുടെ ജീവിതശൃംഘലയുടെ രണ്ടറ്റവും ദിവ്യകാരുണ്യനാഥനെ കയ്യേല്പിക്കുക പ്രഭാതത്തില്‍ ഒരറ്റം ഏല്‍പിക്കുക, പ്രദോഷത്തില്‍ മറ്റേയറ്റവും'എന്നാണ്. സുകൃതജപങ്ങള്‍ ശുദ്ധനിയോഗങ്ങള്‍ അരൂപിക്കടുത്ത ദിവ്യകാരുണ്യസ്വീകരണം എന്നിവയിലൂടെ ഓരോ നിമിഷത്തെയും അദ്ദേഹം വിശുദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഓരോ ശ്വാസോഛ്വാസത്തിലും'ഈശോ' എന്ന നാമമുണ്ടായിരുന്നു. മാനസികപ്രാര്‍ത്ഥനയ്ക്കും വാചികപ്രാര്‍ത്ഥനയ്ക്കും ഭക്താനുഷ്ഠാനങ്ങള്‍ക്കുമെല്ലാം ആ ജീവിതത്തില്‍ ഒരുപോലെ സ്ഥാനമുണ്ടായിരുന്നു. തിരുക്കുടുംബത്തോട് പ്രത്യേക ഭക്തി പുലര്‍ത്തിയിരുന്ന അദ്ദേഹം പരി.കന്യകാമറിയത്തെ സ്വന്തം അമ്മയായി കാണുകയും നിരന്തരം ജപമാലയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കണ്‍മുമ്പില്‍ വന്നതെല്ലാം പ്രാര്‍ത്ഥനയ്ക്കുള്ള വിഷയങ്ങളായിരുന്നു. പത്രവായനയും റേഡിയോവാര്‍ത്തയും സന്ദര്‍ശകരുമെല്ലാം ആ മനസ്സിനെ ദൈവസന്നിധിയിലേക്ക് നയിച്ചു. സക്രാരിയുടെ കാവല്‍ക്കാരന്‍, പ്രാര്‍ത്ഥനയുടെ മനുഷ്യന്‍, ജീവിക്കുന്ന വിശുദ്ധന്‍, സാന്നിധ്യം കൊണ്ടുപോലും സമാശ്വാസം പകരാന്‍ കഴിയുന്ന ദൈവികമനുഷ്യന്‍ എന്നിങ്ങനെ ഒട്ടും അതിശയോക്തിയില്ലാതെ പലരും വിശേഷിപ്പിച്ചത് ആ ജീവിതം അടുത്തറിഞ്ഞതുകൊണ്ടാണ്.

  • കുടുംബങ്ങളുടെ സഹയാത്രികന്‍

ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുള്ള അലച്ചിലാണ് മങ്കുഴിക്കരിയച്ചനെ കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനുള്ള ത്വരയിലെത്തിച്ചത്. വ്യക്തികള്‍ നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും മൂലകാരണം കുടംബബന്ധങ്ങളുടെ തകര്‍ച്ചയാണ്. ധ്യാനഗുരുവും ആത്മീയനിയന്താവുമായ ഒരു വൈദികനെന്ന നിലയില്‍ അനേകരുടെ ജീവിതക്ലേശങ്ങളും പ്രശ്‌നങ്ങളും പ്രതിസന്ധികളുമെല്ലാം നേരിട്ടറിയുകയും അത് ആ മനസ്സിനെ ആകുലപ്പടുത്തുകയും ചെയ്തു. അന്നത്തെ സാമൂഹികപ്രവണതകള്‍ കുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നുള്ള ചിന്ത മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍പിതാവിനും മറ്റു വൈദികര്‍ക്കുമുണ്ടായിരുന്നു. അരമനയില്‍ പ്രൊക്കുറേറ്ററായിരുന്ന ഫാ. ജോണ്‍ ജെ. പിണക്കാട്ടും മങ്കുഴിക്കരിയച്ചനും സഹപാഠികളും കണ്ടത്തില്‍ പിതാവില്‍ നിന്ന് ഒരേദിവസം വൈദികപട്ടം സ്വീകരിച്ചവരുമായിരുന്നതിനാല്‍ കുടുംബങ്ങളെക്കുറിച്ചുള്ള ഉല്‍കണ്ഠയും സ്വപ്‌നങ്ങളും പരസ്പരം പങ്കുവയ്ക്കുമായിരുന്നു. 'എല്ലാ കുടുംബങ്ങളെയും ഈശോയുടെ സിംഹാസനവും സക്രാരിയുമാക്കിത്തീര്‍ത്ത് അവയെ രക്ഷിക്കുവിന്‍'എന്ന് ആഹ്വാനം ചെയ്ത് കുടുംബങ്ങളുടെ നവീകരണത്തിനുവേണ്ടി ഇടയലേഖനങ്ങളിലൂടെയും മറ്റു പ്രബോധനങ്ങള്‍ വഴിയും നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും പരിശ്രമിച്ചിരുന്ന കണ്ടത്തില്‍ പിതാവിനോടുചേര്‍ന്ന് കുടുംബങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ യുവവൈദികര്‍ തയ്യാറായി. ഇതിന്റെ ഫലമായാണ് കുടുംബപ്രേഷിതത്വം ലക്ഷ്യമാക്കി 1948 ല്‍ നസ്രത്ത് സഹോദരികളുടെ സന്ന്യാസിനീസമൂഹം രൂപം കൊള്ളുന്നത്.

സഭാസ്ഥാപകനായ മാര്‍.അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്റെയും സഹസ്ഥാപകരായ പിണക്കാട്ടച്ചന്റെയും മങ്കുഴിക്കരിയച്ചന്റെയും ആത്മീയദര്‍ശനങ്ങളുടെ ഉള്‍കരുത്തില്‍ നാമ്പെടുത്ത നസ്രത്തുസന്ന്യാസിനീസമൂഹം, എല്ലാ കുടുംബങ്ങളും നസ്രത്തിലെ തിരുക്കുടുംബം പോലെയാകാനുള്ള അവരുടെ യത്‌നം ഇന്നും തുടരുന്നു. സഭയുടെ ആരംഭം മുതല്‍ ആത്മീയപിതാവ് എന്ന നിലയില്‍ കുടുംബപ്രേഷിതത്വം എന്ന ദൗത്യത്തില്‍നിന്ന് വ്യതിചലിക്കാതെ തന്റെ ആത്മീയപുത്രിമാര്‍ക്ക് ദിശാബോധം പകരാന്‍ മങ്കുഴിക്കരിയച്ചന്‍ പരിശ്രമിച്ചിരുന്നു. സന്ന്യാസിനികള്‍ മഠത്തിനകത്തും പള്ളിക്കൂടങ്ങളിലുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിലാണ് മഠത്തിന് പുറത്തേക്ക്, കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നസ്രത്തുമക്കളെ അദ്ദേഹം ആഹ്വാനംചെയ്തത്. 'നസ്രത്തുസഹോദരികളുടെ പ്രവര്‍ത്തനരംഗം കുടുംബമാണ്. പള്ളിക്കൂടം നടത്തിയാലും ആശുപത്രിജോലി ചെയ്താലും കുടുംബങ്ങളിലേക്ക് എത്തണം. പള്ളിക്കൂടവും ആശുപത്രിയുമൊക്കെ കയ്യും കാലുമേ ആകുന്നുള്ളൂ. ഹൃദയത്തിലേക്ക് കടക്കണം, ഹൃദയം കുടുംബമാണ്.' കുടുംബപ്രേഷിതത്വത്തിന്റെ പ്രസക്തിയും പ്രാധാന്യവും കണക്കിലെടുത്ത് ഈ മേഖലയില്‍ എങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നതിന് ഒരു രൂപരേഖതന്നെ അച്ചന്‍ നല്കുന്നുണ്ട്. കുടുംബങ്ങളുടെ സഹയാത്രികനായി ജീവിച്ച് ധ്യാനം, പ്രാര്‍ത്ഥന, ഉപദേശം, ആത്മീയശുശ്രൂഷകള്‍ എന്നിവയിലൂടെ കുടുംബങ്ങളുടെ സുസ്ഥിതിക്കുവേണ്ടി പ്രയത്‌നിച്ച മങ്കുഴിക്കരിയച്ചന്റെ കുടുംബസമുദ്ധാരണമെന്ന സ്വപ്‌നം ഇന്ന് നസ്രത്തു സഹോദരിമാരിലൂടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

  • ഉപസംഹാരം

ലോകത്തിന്റെ ബഹുമതികളോ പദവികളോ തേടാതെ, ലോകദൃഷ്ട്യ വന്‍കാര്യങ്ങളൊന്നും ചെയ്യാതെ, നിസാരനായ ഒരു വൈദികനായി ജീവിച്ച മങ്കുഴിക്കരിയച്ചന്‍ മനുഷ്യഹൃദയങ്ങളിലാണ് ദേവാലയം നിര്‍മ്മിച്ചത്. ഉത്തരവാദിത്വങ്ങളെല്ലാം നിര്‍വഹിച്ചതിനുശേഷം പ്രയോജനരഹിതനായ ഭൃത്യനെപോലെ പിന്‍വാങ്ങുന്ന ഈ പുണ്യാത്മാവ് നസ്രത്തിലെ നിഗൂഡമായ ജീവിതമാണ് ഇഷ്ട പ്പെട്ടത്. 'ലൗകികസുഖമോഹങ്ങളിലല്ലാതെ പരിപൂര്‍ണ്ണസ്‌നേഹവും സൗന്ദര്യവും നന്മയുമായ ദൈവത്തില്‍ തന്റെ ഭാഗ്യം കണ്ടെത്തണമെന്ന് വൈദികരോട് ആഹ്വാനം ചെയ്ത മങ്കുഴിക്കരിയച്ചന്‍, ജീവിതത്തിലൂടെ ആ ദൈവത്തെ കണ്ടെത്തിയ ദൈവികമനുഷ്യനാണ്. ശാന്തവും വിനീതവുമായ ആ ജീവിതം വരുംതലമുറകള്‍ക്ക് പഠിക്കുവാന്‍, ആത്മീയതയില്‍ ആഴപ്പെട്ട് വളരുവാന്‍ സഹായകമായ ആധികാരികഗ്രന്ഥമായി ഒരു പാഠപുസ്തകമായി നിലനില്ക്കും. വരും കാലങ്ങളില്‍ വിശുദ്ധരുടെ ഗണത്തില്‍ ഈ പുണ്യാത്മാവും എണ്ണപ്പെടും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org