മോണ്‍. ചാലില്‍: അജപാലന തീക്ഷ്ണതയുടെ ആള്‍രൂപം

സ്റ്റാഫ് ലേഖകന്‍
മോണ്‍. ചാലില്‍: അജപാലന തീക്ഷ്ണതയുടെ ആള്‍രൂപം

മാര്‍ച്ച് 5 ന് എണ്‍പത്തഞ്ചാം വയസ്സില്‍ ഇഹലോകത്തിലെ ആയുസ്സവസാനിക്കുമ്പോള്‍ അനേകം മനുഷ്യായുസ്സുകള്‍ ആവശ്യമായി വരുന്നത്ര കാര്യങ്ങളാണ് മോണ്‍. മാത്യു എം ചാലില്‍ തലശ്ശേരി അതിരൂപയിലെയും പുറത്തെയും ദൈവജനത്തിനായി പൂര്‍ത്തിയാക്കിത്. ദൈവം നല്‍കിയ സമയവും ആരോഗ്യവും കഴിവുകളും അവയ്ക്കപ്പുറമായി നിസ്വാര്‍ത്ഥമായി നിക്ഷേപിച്ചപ്പോള്‍ അവയെല്ലാം അനേകമടങ്ങു ഫലം ചൊരിയുന്നതു കാണാന്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു.

16 വര്‍ഷം അതിരൂപതാ വികാരിജനറാളായും 17 വര്‍ഷം അതിരൂപതാ കോര്‍പറേറ്റ് മാനേജരായും പ്രവര്‍ത്തിച്ചു. ദീപികയുടെ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായി. എന്‍ജിനീയറിംഗ് കോളേജ് സ്ഥാപിച്ചു, വളര്‍ത്തി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ഇടവകപള്ളികള്‍ക്കും ഗ്രാമീണ റോഡുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും വേണ്ടി കഠിനാധ്വാനം ചെയ്ത ചാലിലച്ചന്റെ ജീവിതം അജപാലകരുടെ ദീപസ്തംഭമായി ചരിത്രത്തില്‍ എന്നും വഴിതെളിച്ചു നില്‍ക്കും.

1963 ലാണ് തോമാപുരം പള്ളിയില്‍ അസി. വികാരിയായി ചാലിലച്ചന്റെ അജപാലനജീവിതം ആരംഭിക്കുന്നത്. അടുത്തവര്‍ഷം ബളാല്‍, വെള്ളരിക്കുണ്ട് പള്ളികളുടെ വികാരിയായി. തുടര്‍ന്നുള്ള ജീവിതത്തില്‍ പള്ളികളും പള്ളിമുറികളും വിദ്യാലയങ്ങളും നിര്‍മ്മിക്കാനും ഇടവക കള്‍ സ്ഥാപിക്കാനുമായി ഏക്കറു കണക്കിനു സ്ഥലം മലബാറിലെ വിവിധ കുടിയേറ്റഗ്രാമങ്ങളില്‍ അച്ചന്റെ നേതൃത്വത്തില്‍ വാങ്ങിയിട്ടുണ്ട്. ബളാല്‍ ടൗണിനടുത്ത് 5 ഏക്കര്‍ സ്ഥലം വാങ്ങി ഷെഡ്ഡ് പണിത് ഇടവകയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്. വെള്ളരിക്കുണ്ടിലും ഒരു പുതിയ അധ്യായം അദ്ദേഹമെഴുതി. അവിടെ പ്രൈമറി സ്‌കൂളും പോസ്റ്റ് ഓഫീസും സഹകരണ സൊസൈറ്റിയും വായനശാലയും മാത്രമല്ല പന്നിത്തടം, മാവുള്ളാല്‍ റോഡുകളും നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കി.

മാലോത്തും മേരിപുരത്തും എണ്ണപ്പാറയിലും കാഞ്ഞിരടുക്കത്തും ബീമനടിയിലും കൊട്ടോടിയിലും പാലാവയലിലും തയ്യേനിയിലുമെല്ലാം സമാനമായ കാര്യങ്ങള്‍ ചെയ്തു പാലാവയലിലെ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍, ക്ഷീരവ്യവസായസംഘം, ഡി സ്‌പെന്‍സറി, പബ്ലിക് ലൈബ്രറി എന്നിവയ്ക്കു പുറമെ പാലവും റോഡും നിര്‍മ്മിച്ചു.

1973 മുതല്‍ 90 വരെ കോര്‍പറേറ്റ് മാനേജരായിരുന്ന കാലത്ത് അനേകം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ചു. അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും എന്‍ഡോവ് മെന്റുകളും ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നടപ്പാക്കി.

വിദ്യാഭ്യാസസേവനത്തിന്റെ ശ്രദ്ധേയമായ ഈ ഘട്ടത്തിനു ശേഷം കാസര്‍ഗോഡാണ് വികാരിയെന്ന നിലയ്ക്കുള്ള സേവനം പുനരാരംഭിച്ചത്. തുടര്‍ന്ന് അവിടെയും ദേലംപാടിയിലും പടന്നക്കാടും കാഞ്ഞങ്ങാടും പെരിയായിലും പയ്യന്നൂരിലും ചായ്യോത്തും സ്ഥലങ്ങള്‍ വാങ്ങുകയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ഇടവകകളുടെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്തു. കാസര്‍ഗോഡിന്റെ മിഷണറി എന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ അത്യുജ്വലമായിരുന്നു അത്യുത്തര കേരളത്തിലെ ദൈവജനത്തിനായി ചെയ്ത സംഭാവനകള്‍.

1997 മുതല്‍ 2013 വരെ അതിരൂപതാ വികാരിജനറാള്‍ എന്ന നിലയില്‍ ചെയ്ത സേവനങ്ങള്‍ ചരിത്രപരമാണ്. നിരവധി പ്ലസ് ടു സ്‌കൂളുകള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍, ടെക്‌നിക്കല്‍ സ്‌കൂളുകള്‍ എന്നിവ സ്ഥാപിക്കുന്നതിന്റെ പ്രധാന ചാലകശക്തിയായി. ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിന്റെ സ്ഥാപനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും കോളേജ് ചെയര്‍മാനാ യി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്തു. 2013 മു തല്‍ 2016 വരെ ദീപിക ദിനപത്രത്തിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചു. 2016 മുതല്‍ 18 വരെ ചെമ്പേരി വിമല ആശുപത്രിയുടെ ഡയറക്ടറായി. 2018 മുതല്‍ കരുവഞ്ചാല്‍ ശാന്തിഭവനില്‍ വിശ്രമജീവിതത്തിലായിരുന്നു. കെ സി ബി സിയുടെ ഗുരുശ്രേ ഷ്ഠന്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ചാലിലച്ചന്‍ തലശ്ശേരി അതിരൂപതയിലും മലബാറിലെ പൊതുസമൂഹമധ്യത്തിലും കേരളസഭയിലാകെയും അജപാലനതീക്ഷ്ണതയുടെ ആള്‍രൂപമായി ജീവിച്ച വികാരിമാരുടെ വികാരിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org