മാര്‍ തോമാ: വിവേകിയായ അന്വേഷകന്‍

മാര്‍ തോമാ: വിവേകിയായ അന്വേഷകന്‍
'തോറാനക്ക് ആറാന തോടെയൊഴുകും...' മഴ കനക്കുന്നതിനു മുമ്പ് പള്ളിയില്‍ എത്തണം. മോന്‍ വേഗം നടക്ക്... ദുക്‌റാന ത്തിരുനാള്‍ ദിവസം ഇടവകപള്ളിയിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കുചേരാന്‍ കോരിച്ചൊരിയുന്ന മഴയത്ത് അമ്മയുടെ കുടക്കീഴെ നിന്ന് ദേവാലയത്തിലേക്ക് പോകുമ്പോഴുള്ള എന്റെ അമ്മയുടെ വാക്കുകളാണിത്. മാര്‍ത്തോമാ ശ്ലീഹായുടെ നാമധേയത്തിലുള്ള എന്റെ ഇടവകപള്ളിയിലേക്ക് ദുക്‌റാന ദിവസം മഴനനഞ്ഞ് പോകുന്നതും മാര്‍ത്തോമാ ശ്ലീഹായുടെ രൂപത്തിനു മുമ്പില്‍ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കുന്നതും നേര്‍ച്ചക്കാഴ്ചകള്‍ സമര്‍പ്പിക്കുന്നതും എന്റെ മനസ്സില്‍ ഇന്നും മായാതെ നിറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മകളാണ്.

'തോറാന' എന്ന് ഗ്രാമ്യഭാഷയില്‍ വിളിക്കുന്ന ദുക്‌റാനത്തിരുനാള്‍ ഓര്‍മ്മയുടെ ദിവസമാണ്. ഭാരതത്തിന്റെ അപ്പസ്‌തോലനും പിതാവുമായ മാര്‍ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മദിനം. മാര്‍ത്തോമ നസ്രാണികളായ നമുക്ക് ദുക്‌റാന (ഓര്‍മ്മ) പിതൃദിനവും, സഭാദിനവുമാണ്. തോമാശ്ലീഹാ പകര്‍ന്നു നല്കിയ വിശ്വാസചൈതന്യത്തില്‍ ജീവിക്കുന്ന സഭാമക്കള്‍ക്ക് ദുക്‌റാനത്തിരുനാള്‍ വിശ്വാസ പ്രഖ്യാപനത്തിന്റെ ദിനം കൂടിയാണ്.

ബിബ്ലിയോണ്‍ (biblion) എന്ന ഗ്രീക്ക് പദത്തില്‍ നിന്നും വരുന്ന ബൈബിള്‍ എന്ന വാക്കിന് പുസ്തകം (book) എന്നാണര്‍ത്ഥം. ദൈവിക വെളിപാടിന്റെ ലിഖിത രൂപമായ വിശുദ്ധ ഗ്രന്ഥത്തിന് ബൈബിള്‍ എന്ന പൊതുനാമം നല്കാന്‍ കാരണം, പുസ്തകങ്ങളുടെ പുസ്തകമായി കണക്കാക്കുന്ന ശ്രേഷ്ഠമായ അതിന്റെ പ്രാധാന്യം തന്നെയാണ്. എല്ലാ തിരുനാളുകളും 'ഓര്‍മ്മ'ദിനങ്ങളാണ്, ദുക്‌റാനയാണ്. എന്നാല്‍, മാര്‍ത്തോമാ നസ്രാണികള്‍ക്കിടയില്‍ വിശ്വാസത്തില്‍ തങ്ങള്‍ക്ക് പിതാവും ശ്രേഷ്ഠ മാതൃകയുമായ മാര്‍ ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വദിനത്തെ (ജൂലൈ 3) ഓര്‍മ്മ എന്നര്‍ത്ഥം വരുന്ന ദുക്‌റാന എന്ന പൊതുനാമം നല്കി ആഘോഷിക്കാന്‍ കാരണം ഈ വിശുദ്ധനെക്കുറിച്ചുള്ള ശ്രേഷ്ഠമായ ഓര്‍മ്മകളാണ്.

മാര്‍ത്തോമാശ്ലീഹായെക്കുറിച്ചുള്ള മനോഹരമായ മൂന്ന് ചില ഓര്‍മ്മകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ യോഹന്നാന്‍ സുവിശേഷകന്‍ കുറിച്ചുവച്ചിട്ടുണ്ട്. ആ ഓര്‍മ്മക്കുറിപ്പുകള്‍ തോമാശ്ലീഹായുടെ വ്യക്തിത്വത്തെയും, ജീവിത നിലപാടുകളെയും, ശൈലിയെയും വരച്ചു കാട്ടുന്നവയാണ്. മാര്‍ത്തോമാ ആധ്യാത്മീകതയുടെ വിവരണവും അദ്ദേഹത്തിന്റെ ആത്മീയവഴിയുടെ പ്രകാശനവുമാണ് ഈ വചന ഭാഗങ്ങള്‍ (യോഹ. 11:1-16; 14:1-14; 20:24-29).

കൂടെചരിക്കാനാഗ്രഹിക്കുന്ന തോമാശ്ലീഹാ: ദൈവം സഹായിക്കുന്നവന്‍ (he whom God helps) എന്ന് പേരിനര്‍ത്ഥമുള്ള ലാസറിന്റെ (എലെയാസര്‍) രോഗമരണ വിവരണഭാഗത്തിന്റെ (യോഹ. 11:1-16) അവസാനം നമുക്ക് അവന്റെ (ലാസറിന്റെ) അടുത്തേക്ക് പോകാം (11:15) എന്ന് ഈശോ പറയുമ്പോള്‍, തന്റെ സഹശിഷ്യ ന്മാരോട് തോമാ പറയുന്നത് 'അ വനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം' (11:16) എന്നാണ്. ഒരു വിളിപ്പാട് അകലെ മരണം പതിയിരിക്കുന്നുവെന്ന് മനസ്സിലാക്കിയിട്ടും യാതൊരു ഭാവഭേദവവും കൂടാതെ തന്നെ വിളിച്ചവന്റെ കൂടെ ഏത് പ്രതിസന്ധിയിലും ഒപ്പം സഞ്ചരിക്കാമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞവനാണ് തോമാ. 'മരിക്കു ക, ഇല്ലാതായ്ത്തീരുക' (to die, to expire) എന്നര്‍ത്ഥമുള്ള ഗ്രീക്ക് ഭാഷയിലെ അപ്പോത്‌നെസ്‌കോ (apothnesko) എന്ന വാക്ക് ഇവിടെ സൂചിപ്പിക്കുന്നത് ശാരീരികമായ മരണവും ഇല്ലാതാകലുമാണ്. ഈ ശോയ്ക്കുവേണ്ടി മരിക്കാനും, ഇല്ലാതായ്ത്തീരുവാനുമുള്ള ധീരതയാണ് തോമായുടെ വാക്കുകളില്‍ സ്ഫുരിക്കുന്നത്.

ഈശോയുടെ വാക്കുകളോട് ശിഷ്യന്മാരില്‍ ഒരുവന്‍ മാത്രമാണ് പ്രത്യുത്തരിക്കുന്നത്. തനിമയുള്ളതും ഉറച്ചതുമായ നിലപാടിന്റെ സ്വരമാണിത്. യഹൂദര്‍ ഈശോയെ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ (11:8) കല്ലേറ് സ്വീകരിക്കാന്‍ താനും തയ്യാറാണെന്നു പറയുന്ന, അവിടുത്തേ ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ ത്യാജ്യ ഗ്രാഹ്യശേഷി കൈ മുതലാക്കിയവനായിരുന്നു നമ്മുടെ തോമാശ്ലീഹാ. അവനോടുകൂ ടെ (with Him) എന്നര്‍ത്ഥം വരുന്ന 'മെത്ത് അവുത്തു' (met autou) എന്ന തോമായുടെ പ്രയോഗം ഈശോയുടെ കൂടെ യാത്ര ചെയ്യാ നുള്ള അവന്റെ മനോഭാവത്തെ യാണ് പ്രതിഫലിപ്പിക്കുന്നത്. ഈശോ ഒരിക്കലും തനിക്ക് നഷ്ടപ്പെടരുത് എന്ന് ആഗ്രഹിച്ചവനാണ് തോമാ. ഈശോയില്ലാതെ, അവിടുത്തെ കൂടാതെ തനിക്കൊരു ജീവിതവും അസ്തിത്വവും ഇല്ലായെന്നുള്ള ബോധ്യത്തില്‍ നിന്നുള്ള പ്രതികരണവുമാണിത്. തോമാശ്ലീഹാ പഠിപ്പിക്കുന്ന വലിയ ഒരു ആത്മീയ സത്യമുണ്ട്: ഈശോയെ കൂടാതെ ജീവിക്കുന്നതിലും നല്ലത് അവിടുത്തോടൊപ്പം മരി ക്കുന്നതാണെന്ന്.

ഒരു പ്രവാചകന്റെ ധീരതയോടെയാണ് തോമാ ഇവിടെ സംസാ രിക്കുന്നത്. തന്റെ കൂടെ വിളിക്കപ്പെട്ടവരിലാര്‍ക്കും ഈശോ നഷ്ടപ്പെടരുതെന്നുള്ള ഉറച്ച ചിന്തയില്‍ നിന്നുമാണ് എല്ലാവരോടു മായി തോമാ ഈ ആഹ്വാനം നടത്തുന്നത്. നമുക്കും പോകാം (let us go) എന്നര്‍ത്ഥം വരുന്ന അഗോമെന്‍ (agomen) എന്ന ഗ്രീക്ക് പദ മാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈശോ വിളിച്ച ശിഷ്യന്മാ രെല്ലാവരും ഒന്നിച്ചുണ്ടായിരിക്കണം, അനുയാത്ര ചെയ്യണം (accompany) എന്ന ധീരശബ്ദമായിരുന്നു തോമായുടേത്. പ്രതിസന്ധി കളില്‍ ശിഷ്യഗണങ്ങളിലാരും നഷ്ടപ്പെടാന്‍ പാടില്ലായെന്ന നിര്‍ ബന്ധബുദ്ധിയുടെ, സാഹോദര്യ കാഴ്ചപ്പാടിന്റെ ആഹ്വാനമാണിത്. ശിഷ്യന്മാരുടെയിടയിലെ കൂട്ടായ്മ യെ വളര്‍ത്തുന്ന, പരിപോഷിപ്പിക്കുന്ന ഐക്യത്തിന്റെ വക്താവാ ണ് തോമാ. മാര്‍ത്തോമാശ്ലീഹായുടെ മക്കളാരും ചിതറിക്കപ്പെടാന്‍ പാടില്ല; മറിച്ച് ഒരുമിച്ച് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങേണ്ടവരാണെന്ന തോമായുടെ ഈ വാക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

വക്രതയില്ലാത്ത ശുദ്ധമനസ്‌കനായ തോമാ ശ്ലീഹാ: അന്ത്യ അത്താഴത്തിന്റെ പൊതുപശ്ചാത്തലത്തില്‍ (യോഹ. 14-17) ഈശോ തന്റെ വേര്‍പാടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ (യോഹ. 14:1-14) തോമാ ചോദിക്കുന്ന ലളിതമായ ചോദ്യം അവന്റെ വ്യക്തിത്വത്തെ എടുത്തു കാണിക്കുന്നതാണ്: ''കര്‍ത്താവേ, നീ എവിടേക്ക് പോകുന്നുവെന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?'' (14:5). ''ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആ യിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളേയും കൂട്ടിക്കൊണ്ടു പോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം'' (14:3-4) എന്ന് ഈശോ പറഞ്ഞ പ്പോഴുള്ള തോമായുടെ പ്രതികര ണമാണിത്. കറയും കളങ്കവുമില്ലാത്ത, ശുദ്ധ മനസ്‌കനായ തോ മായില്‍ നിന്നും നൈസര്‍ഗീകമായി പുറപ്പെട്ട ഒരു ചോദ്യമാണിത്. ഇത് തോമായുടെ സ്വതസിദ്ധമായ ശൈലിയാണ് - വക്രതയില്ലാത്ത നേരെയുള്ള ചോദ്യം, വളച്ചുകെട്ടി ല്ലാത്ത നല്ല വടിവുള്ള ചോദ്യം.

ഈശോ പറഞ്ഞ പല കാര്യങ്ങളും ശിഷ്യന്മാര്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നില്ല. പലപ്പോഴും ഈശോയുടെ വാക്കുകളെ അവര്‍ തെറ്റിദ്ധരിച്ചിരുന്നു. കാരണം, വെളിവാക്കപ്പെടുന്ന മിശിഹാ രഹസ്യങ്ങള്‍ വാച്യാര്‍ത്ഥത്തില്‍ത്തന്നെ ശിഷ്യന്മാര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. വേര്‍പാടിന്റെ പശ്ചാത്തലത്തിലുള്ള ഈശോയുടെ വാക്കുകള്‍ ശിഷ്യന്മാരിലാര്‍ ക്കും പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് നി ഷ്‌ക്കളങ്കനായ തോമാ ഈശോയോട് വിശദീകരണം ചോദിക്കാന്‍ മുതിര്‍ന്നത്.

ഫരിസേയന്റെ കുടിലതന്ത്രങ്ങളെക്കാളും, വാക്കില്‍ കുടുക്കാ നുള്ള ചോദ്യങ്ങളെക്കാളും വ്യത്യസ്തമായി, ഈശോയെ കൂടുതല്‍ അറിയാനും, വെളിപ്പെട്ടു കിട്ടാനും വേണ്ടിയുള്ള ചോദ്യമായിരുന്നു തോമായുടേത്. അറിവിനുവേണ്ടി യുള്ള ചോദ്യമാണിത്. ''അറിയുക, മനസ്സിലാക്കുക, ഗ്രഹിക്കുക'' (know, understand, realize) എന്നീ അര്‍ത്ഥങ്ങളുള്ള ഒയ്ദാ (oida) എന്ന ഗ്രീക്ക് ക്രിയാപദം രണ്ട് പ്രാവശ്യം തോമായുടെ ചോദ്യത്തില്‍ കാണുന്നുണ്ട്. ഭാ ഗീകമായ അറിവില്‍ നിന്നും ശരി യായതും പൂര്‍ണ്ണമായതുമായ അ റിവിലേക്ക് വരാനുള്ള ആഗ്രഹമാ ണ് തോമായുടെ ചോദ്യത്തില്‍ നിഴലിക്കുന്നത്.

തോമായുടെ ചോദ്യം ദൈവിക വെളിപാടിന് വഴിയൊരുക്കുന്നുണ്ട്. വക്രതയില്ലാത്ത, നൈസര്‍ഗീകമായ തോമായുടെ ചോ ദ്യം അനശ്വരമായ സത്യത്തിലേക്കുള്ള, ദൈവികരഹസ്യങ്ങളുടെ വെളിപ്പെടുത്തലിനുള്ള അവസര മായി. ഈശോ പറഞ്ഞു: ''വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാത ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല'' (14:6). പിതാവിങ്കലേക്കുള്ള യഥാര്‍ ത്ഥ വഴി ഈശോയാണെന്ന സ ത്യം ഇവിടെ വ്യക്തമാക്കപ്പെടു ന്നു. ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയിലുള്ള യഥാര്‍ത്ഥ മധ്യസ്ഥനാണ് ഈശോ എന്നും, രക്ഷയുടെയും ദൈവിക ജീവന്റെയും മധ്യസ്ഥനാണ് ഈശോ എന്നും ഈ വാക്കുകള്‍ പ്രസ്താവിക്കുന്നു. യഥാര്‍ത്ഥ വഴി തോമാ തിരിച്ചറിഞ്ഞു. മാര്‍ത്തോമാന സ്രാണികളായ നമുക്ക് തോമാ മാര്‍ഗത്തിലൂടെ പറഞ്ഞു നല്കിയത് ഈശോയാകുന്ന വഴിയെക്കുറിച്ചാണ്. തോമായുടെ മാര്‍ഗം ഈശോയുടെ മാര്‍ഗം തന്നെയാണ്. സഭയുടെ മാര്‍ഗവും മറ്റൊന്നല്ല. കാരണം പൗലോസിന്റെ ഭാഷ്യ ത്തില്‍ പറയുന്നതുപോലെ സഭ മിശിഹാ തന്നെയാണ് (എഫേ. 1:23).

തോമാശ്ലീഹാ പഠിപ്പിക്കുന്ന വലിയ ഒരു ആത്മീയ സത്യമുണ്ട്: ഈശോയെ കൂടാതെ ജീവിക്കുന്നതിലും നല്ലത് അവിടുത്തോ ടൊപ്പം മരിക്കുന്നതാണെന്ന്.

വിവേകത്തോടെ സംശയിച്ച അന്വേഷകനായ ശ്ലീഹാ: ഉത്ഥിതനായ മിശിഹാ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനായപ്പോള്‍ തോമാ അവരുടെ കൂടെ ഉണ്ടായിരുന്നില്ല. മടങ്ങിയെത്തിയ തോമായോട് ''ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു'' (20:25) എന്ന് മറ്റ് ശിഷ്യന്മാര്‍ പറഞ്ഞു. തോമായുടെ പെട്ടെന്നുള്ള പ്രതികരണം ഇപ്രകാരമായിരുന്നു: ''അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുക യും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്ത ല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല (20:25). തോമായുടെ ഈ ശാഠ്യം അവന്റെ അപക്വതയോ അവിശ്വസമോ അല്ല; മറിച്ച് ശ്ലീഹായുടെ സ്‌നേഹപാരവശ്യത്തിന്റെ, അവിടുത്തെ മുഖം ദര്‍ശിക്കാനുള്ള അ തിതീവ്ര അഭിലാഷത്തിന്റെ പ്രതികരണമാണ്. ''കാണുക, അനുഭവിക്കുക, സാക്ഷ്യം വഹിക്കുക'' (see, experience, witness) എന്നീയര്‍ത്ഥങ്ങളുള്ള ഹൊറാവോ (horao) എന്ന ഗ്രീക്ക് ക്രിയാപദ മാണ് യോഹന്നാന്‍ സുവിശേഷ കന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈശോ അനുഭവം (Jesus - experience) ലഭിക്കാനുള്ള തോമായുടെ അദമ്യമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണീ വാക്കുകള്‍.

ഈശോയുടെ കൂടെ ആയിരിക്കുവാന്‍ ആഗ്രഹിച്ച തോമായ്ക്ക് (11:16) അവിടുത്തെ സാന്നിധ്യം ഒരുവേള നഷ്ടപ്പെട്ടല്ലോയെന്നോര്‍ത്തുള്ള വ്യസനമാണ് ഈ വാക്കുകളില്‍ നിറയുന്നത്. അവിശ്വാസിയുടെ നിഷേധാത്മക ഭാവത്തിന്റെ സ്വരമല്ലിത്. ''തോമാ വിവേകത്തോടെ സംശയിച്ചു'' എന്നാണ് പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെട്ട പൗരസ്ത്യ പണ്ഡിതനായ മാര്‍ അപ്രേം അഭി പ്രായപ്പെടുന്നത്. തോമായുടെ വാക്കുകള്‍ ഒരു നിഷേധകന്റേത ല്ല; മറിച്ച് ഒരു അന്വേഷകന്റേതാ ണ് എന്നാണ് വിശുദ്ധ ആഗസ്തീ നോസിന്റെ ഭാഷ്യം. തോമായിലു ള്ളത് അവിശ്വാസമല്ല; മാറ്റു കൂടിയ സുവിശ്വാസമാണ്.

ഈശോയുടെ മുറിവില്‍ വിരല്‍ ഇടുകയും (place finger) പാര്‍ശ്വത്തില്‍ കൈവയ്ക്കുകയും (place hand) ചെയ്യണമെന്ന തോ മായുടെ വാക്കുകള്‍ വെറുതെ ഒന്ന് തൊടണം (touch) എന്ന ആഗ്ര ഹത്തിനുമപ്പുറത്താണ്. ''എറിയുക, ഇടുക, വയ്ക്കുക'' (throw, cast, place) എന്നീയര്‍ത്ഥങ്ങള്‍ വരുന്ന ഗ്രീക്ക് ഭാഷയിലെ ബല്ലോ (ballow) എന്ന പദത്തിന് സ്പര്‍ ശിക്കുക എന്ന വാക്കിനെക്കാള്‍ ശക്തമായ അര്‍ത്ഥമാണുള്ളത്. തോമാ ഇഷ്ടപ്പെടുന്നത് തീവ്രതയുള്ള കണ്ടുമുട്ടലാണ്. തീക്ഷ്ണവും ഉത്ക്കടവുമായ ഒരു ഈശോ അനുഭവത്തിനുള്ള അഭിലാഷമാണിത്. മാഞ്ഞുപോകാനാവാത്ത വിധം ഹൃദയത്തിലേക്ക് മുദ്രപതിക്കുന്ന ഒരു അനുഭവം. അവര്‍ണ്ണ നീയവും അനന്യവുമായ ഈ തീവ്ര അനുഭവമാണ് ഭാരതത്തില്‍ തോമാശ്ലീഹാ പ്രഘോഷിച്ചതും, സാക്ഷ്യപ്പെടുത്തിയതും നമുക്കായി പകര്‍ന്ന് നല്കിയതും.

ഈ ദൈവാനുഭവം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ പങ്കുവയ്ക്കുവാന്‍ അദമ്യമായ ആഗ്രഹത്തോടെ സ്വജീവനെയും ജീവിതത്തെയും തൃണവത്ഗണിച്ച് ഭാരതമണ്ണിലേക്ക് യാത്രയായവനാണ് നമ്മുടെ പിതാവായ മാര്‍ത്തോമാശ്ലീഹ. ഭാഷയും ഭക്ഷണവും കാലാവസ്ഥയും കാലഘട്ടവും സംസ്‌കാരവും ജനങ്ങളുമെല്ലാം തികച്ചും അപരിചിതമായിരുന്നിട്ടും അതിവിദൂരമായ യാത്ര ചെയ്ത് താന്‍ അനുഭവിച്ച മിശിഹായെ അവസാന ശ്വാസം വരെ പങ്കു വയ്ക്കാന്‍ തയ്യാറായ പ്രേഷ്ഠശിഷ്യനാണ് തോമാശ്ലീഹാ. മിശിഹായെ നമ്മുടെ ഹൃദയത്തിലേക്ക് മുദ്രപതിപ്പിക്കാനും അവിടുത്തെ തീവ്രതയോടെ പ്രഘോഷിക്കാനും തോമാശ്ലീഹാ നമ്മെ ആഹ്വാനം ചെയ്യന്നുണ്ട്.

ഉത്ഥിതന്‍ സ്പര്‍ശിച്ച തോമാ: ഈശോ അനുഭവത്തിനുവേണ്ടി ആഗ്രഹിച്ച തോമായുടെ മുമ്പില്‍ ആദ്യ പ്രത്യക്ഷപ്പെടലിന്റെ എട്ടാം ദിവസം ഉത്ഥിതന്‍ കടന്നുവരുന്നു ണ്ട്. ശിഷ്യഗണത്തിനിടയില്‍ നിന്നും തോമായിലേക്ക് ശ്രദ്ധവ യ്ക്കുന്ന ഈശോ അവനോട് പറയുന്നത്: ''നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരിക. എന്റെ കൈകള്‍ കാണുക, നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയാവുക'' (20:27) എന്നാണ്. തോമാ ആഗ്രഹിച്ച എല്ലാ സാക്ഷ്യങ്ങളും തൊട്ട് അനുഭവിക്കാന്‍ ഈശോ അവനെ ക്ഷണിക്കുകയാണ്. തോമാശ്ലീഹായുടെ വാക്കുകളിലെ അതേ പദങ്ങള്‍ - ഹൊറാവോ (കാണുക), ബല്ലോ (എറിയുക, വയ്ക്കുക) - തന്നെയാണ് ഈശോയുടെ വാക്കുകളിലും ഉപയോഗി ച്ചിരിക്കുന്നത്. തോമായ്ക്ക് ശക്തവും വികാരതീവ്രവുമായ അനുഭവം സമ്മാനിക്കാന്‍ അഭിലഷിച്ചു കൊണ്ടുതന്നെയാണ് ഈശോ അവനെ തന്റെ അടുക്കലേക്ക് വിളിക്കുന്നത്.

തോമാ ഉത്ഥിതനെ സ്പര്‍ശിച്ചുവെന്ന് സുവിശേഷകന്‍ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. ഈശോ യുടെ സാന്നിദ്ധ്യത്താലും അവിടു ത്തെ വചനങ്ങളുടെ പ്രഭയാലും ദൈവാനുഭവത്തിന്റെ മൂര്‍ദ്ധന്യ ത്തിലേക്ക് കടന്നുവന്ന തോമായ്ക്ക് ഈശോയയെ തൊടേണ്ടതായി വന്നില്ലായെന്ന് ബൈബിള്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. തോമാ ഉത്ഥിതനായ ഈശോയെ സ്പര്‍ശിച്ചോ എന്നതിനേക്കാള്‍ ഉത്ഥിതന്‍ തോമായുടെ ഹൃദയത്തെയും ജീവിതത്തെയും സ്പര്‍ശിച്ചുവെന്നതാണ് പ്രധാനം. അവിടെയാണ് തോമായുടെ വിശ്വാസപ്രഖ്യാപനം ഉടലെടുക്കുന്നത്: ''എന്റെ കര്‍ത്താവേ, എന്റെ ദൈവമേ'' (20:28).

ലോകം കേട്ട ഏറ്റവും ശക്തമായ വിശ്വാസപ്രഘോഷണങ്ങളിലൊന്നാണിത്. യഹൂദനായ തോമാ ഓര്‍മ്മവച്ച കാലം മുതല്‍ കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുള്ള ഒരു സത്യമാണ് 'നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്' (പുറ. 20:3) എന്നത്. കര്‍ത്താവിന്റെ മുറിവുകളിലേക്ക് തന്റെ കരങ്ങള്‍ എറിയാന്‍ കൊതിച്ചവന്റെ ജീവിതത്തെ ഉത്ഥിതന്‍ സ്പര്‍ശിച്ചപ്പോള്‍ തോമാ ലോകത്തോട് ഉറക്കെ പ്രഘോഷിക്കുകയാണ് - ഞാന്‍ ഓര്‍മ്മ വച്ച കാലം മുതല്‍ അറിയുകയും കേള്‍ക്കുയും അപേക്ഷിക്കുകയും ചെയ്ത ആ ഏകദൈവം കുരി ശില്‍ മരിച്ച് ഉത്ഥിതനായ മിശിഹാ തന്നെയാണെന്ന്.

ഇതൊരു യഥാര്‍ത്ഥ തിരിച്ചറിവാണ്. യുക്തിയും ഭക്തിയും ഇവിടെ ഒരുമിച്ച് ചേരുന്നുണ്ട്. ഇത് ശക്തമായ വിശ്വാസ ബോധ്യത്തിന്റെ പ്രഘോഷണമാണ്. മിശിഹായെ ദൈവവും കര്‍ത്താവുമായി ഏറ്റുപറയാനിരിക്കുന്ന സഭയുടെ വിശ്വാസം മുന്‍കൂട്ടി പ്രഖ്യാപിക്കുകയാണ് തോമാ. ഈ പ്രഘോഷണത്തില്‍ തോമാ ഒരു മിസ്റ്റിക്കായി മാറുകയാണ്. ഹോ കിരിയോസ് മു കൈ ഹോ തെയോസ് മു (ho kyrios mou kai ho theos mou) എന്ന തോമായുടെ പ്രഖ്യാപനത്തിലെ എന്റെ (my) എന്നര്‍ത്ഥം വരുന്ന മു (mou) എന്ന ഗ്രീക്ക് പദത്തിന്റെ രണ്ട് പ്രാവശ്യമുള്ള ഉപയോഗം തോമയ്ക്ക് ഈശോയോടുള്ള വ്യക്തിപരമായ ബന്ധത്തിന്റെ തീവ്രതയെയാണ് സൂചിപ്പിക്കുന്നത്. ഹൃദയസ്പര്‍ശിയായ ഈ വാക്കുകള്‍ തോമായുടെ സ്‌തോത്രഗീതം തന്നെയാണ്. ഉത്ഥിതന്റെ കൃപയാല്‍ നവമായി സൃഷ്ടിക്കപ്പെട്ട തോമായുടെ വിശ്വാസകീര്‍ത്തനം.

യോഹന്നാന്‍ സുവിശേഷകന്‍ അവതരിപ്പിക്കുന്ന മാര്‍ത്തോമാ ശ്ലീഹായുടെ ജീവിതത്തില്‍ നിന്നും വ്യക്തമാകുന്ന ആധ്യാത്മീകത മാര്‍ത്തോമാ നസ്രാണികള്‍ ജീവിക്കുവാന്‍ ഈ ദുക്‌റാന ആഹ്വാനം ചെയ്യുന്നുണ്ട്. ഉപഭോഗ സംസ്‌ക്കാരത്തിന്റെ അതിമാരക ബാക്കിപത്രമായ ഭൗതികവത്ക്കരണം മറ്റേതു കാലത്തെക്കാളും കൊടുംപിരി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവത്തിനും ദൈവികതയ്ക്കും പ്രസക്തി നഷ്ടുപ്പെടുമ്പോള്‍ മാര്‍ത്തോമാ ശ്ലീഹാ നമുക്ക് മാതൃകയാകുന്നു ണ്ട്: പ്രതിസന്ധികളില്‍ ഈശോ യോടൊപ്പം ചരിക്കാനും, വിവേക ത്തോടെ അവിടുത്തെ കൂടുതല്‍ അന്വേഷിക്കുവാനും, വക്രതയി ല്ലാതെ നൈസര്‍ഗീകമായി അവിടുത്തോട് സംസാരിക്കുവാനും അതുവഴി ഈശോ അനുഭവം അതിന്റെ തീവ്രതയില്‍ സ്വന്തമാക്കുവാനും, അത് പകര്‍ന്നു നല്കുവാ നും. ദൈവത്തിങ്കലേക്കുള്ള നമ്മുടെ ആത്മീയവഴി തോമായുടെ മാര്‍ഗമാണ്-മാര്‍ത്തോമാ മാര്‍ഗം. ഈ തോമാ മാര്‍ഗം നമുക്ക് തെറ്റാ ത്ത വഴികാട്ടിയാണ്. കാരണം ഇത് ഈശോയുടെ മാര്‍ഗമാണ്.

  • (സി ബി സി ഐ പ്രബോധന കാര്യാലയത്തിന്റെയും കെ സി ബി സി പ്രബോധന കമ്മീഷന്റെയും സെക്രട്ടറിയാണു ലേഖകന്‍. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം അദ്ധ്യാപകനാണ്. ബെല്‍ജിയം ലുവൈന്‍ സര്‍വകലാശാലയില്‍ നിന്ന് ബൈബിള്‍ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org