മറിയം ത്രേസ്യ : കുടുംബങ്ങളുടെ കാവല്‍ മാലാഖ

മറിയം ത്രേസ്യ : കുടുംബങ്ങളുടെ കാവല്‍ മാലാഖ

അമേയ അല്‍ഫോന്‍സ്

കുടുംബങ്ങള്‍ക്കു കാവലാളായി ജീവിച്ചു കടന്നു പോകുകയും കാവല്‍മാലാഖയായി സ്വര്‍ഗത്തില്‍ മാധ്യസ്ഥം വഹിക്കുകയുമാണ് വി. മറിയം ത്രേസ്യ. സന്യാസജീവിതം തിരഞ്ഞെടുക്കണമെന്ന് കുട്ടിക്കാലത്തു തന്നെ അതിയായി ആഗ്രഹിക്കുകയും അതു സാക്ഷാല്‍ക്കരിക്കുകയും ചെയ്ത വിശുദ്ധയാണ് അവര്‍. കുടുംബജീവിതത്തിനു പകരം വിശുദ്ധ, സന്യാസം തിരഞ്ഞെടുത്തത് ഒരു കുടുംബത്തിനു പകരം അനേകായിരം കുടുംബങ്ങള്‍ക്കു വിളക്കാകുവാന്‍ വേണ്ടിയായിരുന്നു. കുടുംബപ്രേഷിതത്വത്തിനു കേരളസഭയില്‍ ഇന്നുള്ള പ്രാധാന്യത്തിന്റെ പ്രചോദനകേന്ദ്രമായി വി.മറിയം ത്രേസ്യ നിലകൊള്ളുന്നു. വിശുദ്ധ സ്ഥാപിച്ച സന്യാസമൂഹവും വിശുദ്ധയുടെ ആശയപ്രപഞ്ചവും കാലത്തിന്റെ ആവശ്യമായിരുന്നു.

എല്ലാ അറിവിനേക്കാളും വലിയ അറിവ് ദൈവത്തെ സംബന്ധിച്ചതാണെന്നു വിശുദ്ധ കരുതിയിരുന്നു. പ്രാര്‍ത്ഥനയില്‍, ദൈവസ്‌നേഹത്തില്‍ ആയിരിക്കുവാന്‍ വിശുദ്ധ അതിയായി അഭിലഷിച്ചു. ലോകത്തെ ബോധ്യപ്പെടുത്താനല്ല, തന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചായിരുന്നു വിശുദ്ധയുടെ പ്രവര്‍ത്തനങ്ങള്‍. പ്രാര്‍ഥനയിലൂടെ നിരന്തരമായി ദൈവഹിതം തേടിയും അതനുസരിച്ചു പ്രവര്‍ത്തിച്ചും അവര്‍ സകലര്‍ക്കും മാതൃകയായി.

ആത്മീയത ആരാധനാലയത്തിലോ തന്റെ സ്വകാര്യതയിലോ ഒതുങ്ങുന്നതല്ലെന്ന അവബോധം വിശുദ്ധക്കുണ്ടായിരുന്നു. കുരിശു പോലെ ലംബമായി ദൈവത്തിലേക്കു മാത്രമല്ല, തിരശ്ചീനമായി അപരരിലേക്കും തന്റെ മനസ്സും വാക്കുകളും കര്‍മ്മങ്ങളും നീണ്ടു ചെല്ലേണ്ടതുണ്ടെന്ന് വിശുദ്ധ വിശ്വസിച്ചു. തന്റെ ചുറ്റുമുള്ള പാവങ്ങളോടു പക്ഷം ചേരാന്‍ വി.മറിയം ത്രേസ്യയുടെ ആത്മീയത സ്വയം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ദരിദ്രര്‍, രോഗികള്‍, വൃദ്ധര്‍, അനാഥര്‍, കുഷ്ഠരോഗികള്‍, മറ്റ് ആവശ്യക്കാര്‍ എന്നിവര്‍ക്കായി ഉഴിഞ്ഞുവച്ച കര്‍മ്മോത്സുകമായ ജീവിതമായിരുന്നു വിശുദ്ധയുടേത്.

ഒരു വ്യക്തിക്കും സമൂഹത്തിനും ദൈവാത്മാവ് നല്‍കുന്നതും അവരില്‍ നിന്നു പ്രതീക്ഷിക്കുന്നതുമായ സവിശേഷമായ സിദ്ധിയെയും സവിശേഷതയെയും നാം കാരിസം എന്നു വിളിക്കുമല്ലോ. വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തെ സാര്‍ഥകമാക്കുന്ന ദൈവകൃപ. ഇതു കൃത്യമായി തിരിച്ചറിയുകയും സ്വീകരിക്കുകയും സ്വീകരിച്ചതിന് അനുസരിച്ചു നല്‍കുകയും ചെയ്യുമ്പോള്‍ അവരുടെ ജീവിതം അവര്‍ക്കും സമൂഹത്തിനും ഉപകാരപ്രദമാക്കുന്നു, ദൈവപദ്ധതികളുടെ സാക്ഷാല്‍ക്കാരത്തിനു സഹായകരമാകുന്നു. വി. മറിയം ത്രേസ്യ തന്റെ സിദ്ധി തിരിച്ചറിയുകയും അതനുസരിച്ചു ജീവിക്കുകയും സന്യാസത്തിലെ തന്റെ മക്കള്‍ക്കായി അതിന്റെ കൃപകളും കടമകളും കൈമാറുകയും ചെയ്തു.

കുടുംബമെന്ന അടിസ്ഥാന ഘടകത്തിന്റെ പ്രാധാന്യം തന്റെ കാലത്തു തന്നെ തിരിച്ചറിഞ്ഞുവെന്നത് വി.മറിയം ത്രേസ്യയുടെ ക്രാന്തദര്‍ശിത്വത്തിനു തെളിവാണ്. കുടുംബം ഗാര്‍ഹികസഭയാണെന്ന പ്രബോധനത്തിനു ആഗോളസഭയില്‍ പ്രചുരപ്രചാരവും പ്രാധാന്യവും ലഭിക്കുന്നതു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമാണെങ്കില്‍, അതിനും ഒരു നൂറ്റാണ്ടു മുമ്പ് 1876 ല്‍ കേരളത്തിലെ പുത്തന്‍ചിറയെന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിയുടെ ഉള്ളില്‍ കുടുംബപ്രേഷിതത്വത്തിന്റെ ചിന്തകള്‍ രൂപപ്പെട്ടുവെന്നത് വിസ്മയകരമാണ്. ചിന്തിക്കുക മാത്രമല്ല, അതനുസരിച്ചു പ്രവര്‍ത്തിക്കുകയും തന്റെ കാലശേഷവും ഈ പ്രേഷിതത്വം സജീവമായി നിലനില്‍ക്കുന്നതിനു വേണ്ടി ഒരു സന്യാസസമൂഹം തന്നെ സ്ഥാപിക്കുകയും ചെയ്തു, വിശുദ്ധ മറിയം ത്രേസ്യ.

തിരുക്കുടുംബ സന്യാസസമൂഹത്തിന്റെ (CHF) സ്ഥാപനത്തിലൂടെ വിശുദ്ധയുടെ സാന്നിധ്യം ഇന്നുമനുഭവിക്കുകയാണ് കേരളത്തിലെയും പുറത്തെയും സഭയും സഭയിലെ കുടുംബങ്ങളും. തന്റെ രണ്ടു സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ചെറു സമൂഹമായി 1914-ല്‍ ആരംഭിച്ച തിരുകുടുംബ സന്യാസിനി സമൂഹം ഇന്ന് 2000 ലധികം അംഗങ്ങളുമായി 11 പ്രോവിന്‍സുകളില്‍ വി. മറിയം ത്രേസ്യാ സവിശേഷമായി സ്വീകരിച്ച ദൈവത്തിന്റെ ദൗത്യം നിരന്തരം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. നടന്നു തേഞ്ഞ വഴികളിലൂടെ നടക്കുകയല്ല, പുതിയ വഴികള്‍ വെട്ടി മുന്നേറുകയാണ് സന്യാസവും പ്രേഷിതത്വവുമെന്ന ബോധ്യം തിരുക്കുടുംബസന്യാസസമൂഹത്തിന്റെ കര്‍മ്മരംഗങ്ങളില്‍ നമുക്കു കാണാം.

സ്ത്രീകള്‍ക്കു തങ്ങളുടെ കഴിവുകളും സാധ്യതകളും തിരിച്ചറിയാനും അവ വളര്‍ത്തി കുടുംബത്തിനും സമൂഹത്തിനും വേണ്ടി ഉപയോഗിക്കുവാനും കഴിയുന്നതില്‍, സ്ത്രീവിദ്യാഭ്യാസത്തിനുള്ള പ്രാധാന്യവും വിശുദ്ധ തിരിച്ചറിഞ്ഞിരുന്നു. ''സ്ത്രീശക്തീകരണം സാധ്യമാക്കണം. അതിനായി തിരുക്കുടുംബ മഠാംഗങ്ങള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ ചെലുത്തണം, അവരെ കരകൗശലവിദ്യകള്‍ അഭ്യസിപ്പിക്കണം.'' എന്ന് വിശുദ്ധ നിഷ്‌കര്‍ഷിച്ചിരുന്നു. വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും സ്ത്രീകളെ ജീവിക്കാന്‍ പ്രാപ്തരാകണമെന്ന് അമ്മ ആഗ്രഹിച്ചു. അതുവഴി തങ്ങളുടെ മക്കള്‍ക്ക് ജ്ഞാനം പകര്‍ന്നുകൊടുക്കുന്ന നല്ല അമ്മയായും കുടുംബത്തിന് സാമ്പത്തികഭദ്രത നല്‍കുന്ന നല്ല കുടുംബിനിയായും സ്ത്രീകള്‍ മാറണമെന്ന് അമ്മ സ്വപ്‌നം കണ്ടു. എല്ലാ തൊഴിലും ദൈവതിരുമനസ്സ് നിറവേറ്റാന്‍ എന്നതുപോലെ ചെയ്യണമെന്നും എല്ലാ വേലകളുടെയും മഹത്വം മനസ്സിലാക്കണമെന്നും വിശുദ്ധ ആഗ്രഹിച്ചു. തിരുക്കുടുംബസന്യാസസമൂഹം ആ ആഗ്രഹനിവൃത്തിക്കായി അവിരാമം യത്‌നിച്ചുകൊണ്ടിരിക്കുന്നു.

സിനഡാലിറ്റിയിലൂടെ സഭയെ ഒരു നവോന്മേഷത്തിലേക്കും നവീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അല്‍മായര്‍ക്ക് സഭയുടെ എല്ലാ തലങ്ങളിലും കൂടുതല്‍ പ്രധാന്യവും പരിഗണനയും ലഭിക്കണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു. കുടുംബങ്ങളിലും സ്ത്രീകളിലും കുട്ടികളിലും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം കൂടുതലായി ശ്രവിക്കപ്പെടുകയും സഭയുടെ ദൗത്യനിര്‍വഹണത്തില്‍ സ്വന്തം പങ്കു നിറവേറ്റാന്‍ അവര്‍ക്കവസരം ലഭിക്കുകയും വേണം. ഇതു സഭയെ കൂടുതലായി ദൈവഹിതമനുസരിച്ചുള്ളതാക്കി മാറ്റും. ഈ പശ്ചാത്തലത്തില്‍ വി. മറിയം ത്രേസ്യയുടെ പ്രസക്തി പിന്നെയും വര്‍ധിക്കുകയാണ്. ലേ അസ്സോസിയേഷനിലൂടെ അല്‍മായരെ കുടുംബപ്രേഷിതരംഗത്ത് നിയോഗിക്കുന്ന തിരുക്കുടുംബസന്യാസസമൂഹത്തിന്റെ രീതി ശ്ലാഘനീയമാണ്. കാലത്തെ കടന്നു നില്‍ക്കുന്നതാണ് വിശുദ്ധയുടെ ആശയങ്ങളും വിശുദ്ധ തുടക്കമിട്ട കര്‍മ്മമേഖലയുമെന്ന് കടന്നു പോകുന്ന ഓരോ വര്‍ഷങ്ങളും ആവര്‍ത്തിച്ചു തെളിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org