ദാമ്പത്യം: കുടുംബത്തിലെ ഒരു സിനഡല്‍ മാതൃക

ദാമ്പത്യം: കുടുംബത്തിലെ ഒരു സിനഡല്‍ മാതൃക
കുടുംബം സഭയുടെ അടിസ്ഥാനഘടകമാകയാല്‍ കുടുംബബന്ധങ്ങളെ ക്രിസ്തീയവും വിശുദ്ധവും ആയി കാത്തുപരിപാലിക്കേണ്ടത് സഭയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണല്ലോ. സിനഡാലിറ്റിയെക്കുറിച്ച്, സഭ ആഴമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കുടുംബത്തില്‍ അത് എപ്രകാരമാണ് പ്രാവര്‍ത്തികമാക്കേണ്ടതെന്ന് ആലോചിക്കുന്നത് അവസരോചിതമായിരിക്കുമെന്ന് കരുതുന്നു. വിവാഹത്തിലൂടെ സംജാതമാകുന്ന ഭാര്യാഭര്‍തൃബന്ധത്തെ സൂചിപ്പിക്കാനാണല്ലോ 'ദാമ്പത്യം' എന്ന പദം മലയാളഭാഷയില്‍ നാം ഉപയോഗിക്കുന്നത്. വിവാഹബന്ധത്തിന്റെ മഹനീയതയെ ഭാവാത്മകമായി വെളിവാക്കുന്നതാണ് ഈ പദം. 'ദാമ്പത്യം' എന്നതിന്, 'ദമ്പതിമാര്‍ എന്നുള്ള സ്ഥിതി' എന്നാണ് ശബ്ദതാരാവലിയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ഇവിടെ, ദമ്പതിമാര്‍ എന്ന സ്ഥിതി കൊണ്ട്, എന്താണ് വിവക്ഷിക്കുന്നത്? വാസ്തവത്തില്‍, 'ദമ്പതി' എന്നത് സംസ്‌കൃതത്തിലെ രണ്ട് പദങ്ങള്‍ കൂടിച്ചേര്‍ന്നതാണ്: 'ദ്വ' + 'പതി'. 'ദ്വ' എന്നതിന് രണ്ട് എന്നും, 'പതി' എന്നതിന് അധിപതി, ഉടമസ്ഥന്‍, ഈശ്വരന്‍, പ്രഭു എന്നൊക്കെയുമാണ് അര്‍ത്ഥങ്ങള്‍. ഈ അര്‍ത്ഥങ്ങളെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ 'രണ്ട് അധിപതികള്‍' എന്നുള്ള അര്‍ത്ഥം ലഭിക്കുന്നു. ഭാര്യ ഭര്‍ത്താക്കന്മാര്‍ കുടുംബത്തില്‍ അനുഭവിക്കുന്ന സമത്വത്തെ ഈ പദം വ്യക്തമാക്കുന്നു. കുടുംബത്തിന്റെ ഭരണം, തുല്യമായി പങ്കിടുന്നവരാണ് ഭാര്യയും ഭര്‍ത്താവും. സഹധര്‍മ്മിണി, സഹകര്‍മ്മിണി, സഹയോഗിനി തുടങ്ങിയ പദങ്ങള്‍, കുടുംബത്തിലെ ഭാര്യാഭര്‍ത്താക്കന്മാരുടെ ഈ പരസ്പര ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു. ഭാരതീയ കാഴ്ചപ്പാട് അനുസരിച്ച് പുരുഷനും സ്ത്രീയും ഓരോ പകുതികളാണ്. വിവാഹത്തിലൂടെ രണ്ട് പകുതികളായ അവര്‍ ഒന്നായിത്തീരുമ്പോഴാണ് (അദ്വൈതം) പൂര്‍ണ്ണത കൈവരുന്നത്. അതുവഴി, 'ഇനി മുതല്‍ അവര്‍ രണ്ടല്ല, ഒന്നാണ്' (മത്താ. 4:17) എന്ന തിരുവചനം അവരില്‍ സാര്‍ത്ഥകമാകുന്നു. അങ്ങനെ, ദാമ്പത്യത്തിലൂടെ തുല്യപകുതികളായ ഭാര്യയും ഭര്‍ത്താവും കുടുംബത്തിന്റെ പതികളായി അധിപതികളായി തീരുകയും ചെയ്യുന്നു. ഭാഷാപരമായി അപഗ്രഥിച്ചാല്‍, 'ഭര്‍ത്താവ്', 'ഭാര്യ' എന്നീ പദങ്ങളുടെ മൂലാര്‍ത്ഥം, പുരുഷ മേധാവിത്വത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 'ഭര്‍ത്താവ്' എന്ന സംസ്‌കൃത പദത്തിന്റെ വാച്യാര്‍ത്ഥം ഭരിക്കുന്നവന്‍ എന്നാണ്. 'ഭര്‍' എന്ന ധാതുവില്‍ നിന്നുമാണ് അതിന്റെ ഉത്ഭവം. ഭരതി ഇത് ഭര്‍ത്താ എന്നതാണ് ആ പദത്തിന്റെ വ്യുല്പത്തി. 'ഭാര്യ' എന്നതിന്റെ വാച്യാര്‍ത്ഥം ഭരിക്കപ്പെടുന്നവള്‍ എന്നാണ്. സംസ്‌കൃതത്തില്‍ കര്‍ത്തരി പ്രയോഗത്തെ കര്‍മ്മണി പ്രയോഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ ക്രിയാപദത്തോട് കൂടി ര്യ പ്രത്യയം ചേര്‍ക്കണം അപ്രകാരം, ഭാര്യതി ഇതി ഭാര്യ എന്ന പദം ഉണ്ടായിരിക്കുന്നു. ഇതനുസരിച്ച്, കുടുംബത്തില്‍ ഭര്‍ത്താവ് ഭരിക്കുന്നവനും ഭാര്യ ഭരിക്കപ്പെടുന്നവളുമാണ്. അതുകൊണ്ട്, ഈ പദങ്ങള്‍ ഉപയോഗിക്കരുത് എന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച്, ആ പദങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന കുടുംബ ഭരണ സംവിധാനം, അതായത്, ഭരിക്കുന്നവന്‍ എന്ന ഭര്‍ത്താവിന്റെ പുരുഷ മേധാവിത്വവും, ഭരിക്കപ്പെടുന്നവള്‍ എന്നുള്ള ഭാര്യയുടെ അടിമത്ത മനോഭാവവും ക്രിസ്തീയതയ്ക്ക് നിരക്കുന്നതല്ല എന്ന് വ്യക്തമാക്കുക മാത്രമാണ് ഉദ്ദേശ്യം. ഇവിടെയാണ് ഭാര്യാഭര്‍ത്താക്കന്മാരുടെ തുല്യതയെ വ്യക്തമാക്കുന്ന ദമ്പതി, ദാമ്പത്യം എന്നീ പദങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. കുടുംബത്തെ 'ഗാര്‍ഹികസഭ'യായിട്ടാണല്ലോ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കുടുംബമാകുന്ന സഭയുടെ മേധാവികളാണ് ഭാര്യയും ഭര്‍ത്താവും. അവരുടെ കുടുംബഭരണം, ഒരിക്കലും, ഹയരാര്‍ക്കിക്കല്‍ ആയിരിക്കരുത്, മറിച്ച്, സിനഡാത്മകമായിരിക്കണം. കുടുംബത്തില്‍ എപ്രകാരമാണ് സിനഡാലിറ്റി പ്രാവര്‍ത്തികമാക്കേണ്ടത് എന്നതിനുള്ള ഉത്തരമാണ്, ദാമ്പത്യം. ഈ ദമ്പതി ഭരണ സംവിധാനം 'ദമ്പതിമാര്‍ എന്നുള്ള സ്ഥിതി' ഭാര്യാഭര്‍ത്താക്കന്മാര്‍ കുടുംബത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ, ഓരോ കുടുംബവും ഗാര്‍ഹിക സിനഡല്‍ സഭയായി മാറും. അതുവഴി, കുടുംബത്തിലെ ഭാര്യാഭര്‍ത്താക്കന്മാരെന്ന ഹയരാര്‍ക്കി സംവിധാനത്തെ, ദാമ്പത്യം എന്ന സിനഡാത്മക മാതൃക കൊണ്ട് പൊളിച്ചെഴുതാനാകും.

ഭര്‍ത്താവും ഭാര്യയും മക്കളും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന കുടുംബങ്ങള്‍ ഭൂമിയിലെ സ്വര്‍ഗങ്ങള്‍ ആണ്. 'ഒരു നല്ല ക്രൈസ്തവകുടുംബം, ആകാശമോക്ഷത്തിന് സാദൃശ്യമാകുന്നു' എന്നാണല്ലോ 1868-ല്‍ കൈനകരിക്കാര്‍ക്കായി എഴുതിയ 'ഒരു നല്ല അപ്പന്റെ ചാവരുള്‍' എന്ന കത്തില്‍, വിശുദ്ധ ചാവറ പിതാവ് പഠിപ്പിക്കുന്നത്. സ്വര്‍ഗസുഖം എന്താണെന്ന് ഭൂമിയെ പഠിപ്പിക്കുവാനാണ് ദൈവം കുടുംബത്തെ സൃഷ്ടിച്ചിരിക്കുന്നത്. സ്വര്‍ഗത്തില്‍ നാം എങ്ങനെയാണോ ജീവിക്കാന്‍ പോകുന്നത്, അപ്രകാരം ഇന്ന് ഭൂമിയില്‍ സ്വന്തം കുടുംബത്തില്‍ ജീവിക്കേണ്ടിയിരിക്കുന്നു. മോക്ഷസമാധാനമാകുന്ന സ്വര്‍ഗസുഖത്തെ ഒരു മരണാനന്തര യാഥാര്‍ത്ഥ്യമായാണ് നാം പലപ്പോഴും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍, ഭാരതീയ ദര്‍ശനമനുസരിച്ച് അത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നാം ആസ്വദിക്കേണ്ട ഒന്നാണ്. മുക്തി രണ്ടുതരമാണ് എന്ന് ഋഷിമാര്‍ നമ്മെ പഠിപ്പിക്കുന്നു: ജീവന്‍ മുക്തിയും, വിദേഹ മുക്തിയും. ജീവന്‍ മുക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുവന്‍ അനുഭവിക്കുന്ന സ്വര്‍ഗസുഖമാണ്; വിദേഹ മുക്തി, ദേഹത്തില്‍ നിന്നും ആത്മാവ് വിമുക്തമാകുമ്പോള്‍ അവന് അനുഭവിക്കാന്‍ കഴിയുന്ന സ്വര്‍ഗീയ സുഖമാണ്. അതുകൊണ്ട്, ജീവിച്ചിരിക്കുമ്പോള്‍ നിത്യതയെ അനുഭവിച്ചവര്‍ക്കു മാത്രമേ മരണശേഷം അതിന്റെ പൂര്‍ണതയായ സ്വര്‍ഗസൗഭാഗ്യം അനുഭവിക്കാനാകൂ. യേശു പഠിപ്പിച്ച 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയുടെ ദൈവശാസ്ത്രവും ഇതിലേക്കാണല്ലോ വിരല്‍ചൂണ്ടുന്നത്. ആ പ്രാര്‍ത്ഥനയില്‍, സ്വര്‍ഗരാജ്യം ഭൂമിയില്‍ വരാനും, അതുവഴി, സ്വര്‍ഗത്തിലെ പോലെ ഭൂമിയും ആയിത്തീരുവാനാണല്ലോ നാം പ്രാര്‍ത്ഥിക്കുന്നത്: 'അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെ പോലെ ഭൂമിയിലുമാകണമേ' (മത്താ. 6:10). അതുകൊണ്ടുതന്നെ, സ്വര്‍ഗത്തിലെ പോലെ സ്വന്തം കുടുംബത്തിലും ജീവിക്കേണ്ടവനാണ് ഓരോ ഭാര്യയും ഭര്‍ത്താവും. അതുവഴി ഭൂമിയിലെ ഓരോ കുടുംബവും സ്വര്‍ഗത്തിന്റെ പതിപ്പുകളായി തീരും. കുടുംബം സ്വര്‍ഗമാകണം എന്ന് പറയുമ്പോള്‍ അതിനെ ഭൗതികസുഖസന്തോഷങ്ങളായി തെറ്റിധരിക്കരുത്. ഈ ഭൂമിയിലെ സമ്പത്തോ, പ്രതാപമോ മറ്റ് സൗഭാഗ്യങ്ങളോ ഒന്നുമല്ല, ഒരു കുടുംബത്തെ സ്വര്‍ഗമാക്കുന്നത്. മറിച്ച്, പരസ്പര സ്‌നേഹവും വിധേയത്വവുമുള്ള കുടുംബാംഗങ്ങള്‍, ജീവിത പോരായ്മകളെ പരസ്പരം സന്തോഷത്തോടെ സ്വീകരിക്കുന്നതിലൂടെയാണ് എന്ന് ചുവടെ ഉദ്ധരിച്ചിരിക്കുന്ന സംസ്‌കൃത സുഭാഷിതം വ്യക്തമാക്കുന്നു. അസ്തി പുത്രോ വശേ യസ്യഭൃത്യോ ഭാര്യ തഥൈവ ച അഭാവേ സതി സന്തോഷ സ്വര്‍ഗസ്‌തോ അസൌ മഹിതലേ അനുസരണവും സ്‌നേഹവുമുള്ള പുത്രനും, ദാസനും, ഭാര്യയും ഉള്ളവന്‍, ജീവിതപോരായ്മകളെ സന്തോഷത്തോടെ സ്വീകരിക്കുന്നതിലൂടെ, സ്വര്‍ഗം ഈ ഭൂമിയില്‍ തന്നെ അനുഭവിക്കുന്നു. ദാമ്പത്യം വിഭാവന ചെയ്യുന്ന അത്തരം സിനഡാത്മകത നിറഞ്ഞ കുടുംബസ്വര്‍ഗത്തിലെ അധിപതികളാകാന്‍ ഓരോ ഭര്‍ത്താവിനും ഭാര്യയ്ക്കും കഴിയട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org