രണ്ടാം വരവിലെ മോദിയുടെ വെല്ലുവിളികള്‍

രണ്ടാം വരവിലെ മോദിയുടെ വെല്ലുവിളികള്‍

30 വര്‍ഷത്തെ പത്രപ്രവര്‍ത്തനപരിചയമുള്ള ദീപിക അസോസ്സിയേറ്റ് എഡിറ്ററായ ജോര്‍ജ് കള്ളിവയലില്‍ 19 വര്‍ഷമായി ഡല്‍ഹി ബ്യൂറോ ചീഫാണ്. നിരവധി വിദേശയാത്രകളില്‍ ഇന്ത്യയുടെ രാഷ്ട്രതലവന്മാരെ ഔദ്യോഗികമായി അനുഗമിച്ചിട്ടുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ജോര്‍ജ് അടുത്തകാലത്ത് ഫ്രാന്‍സിസ് പാപ്പായുടെ ബംഗ്ലാദേശ് സന്ദര്‍ശനസംഘത്തില്‍ ഔദ്യോഗിക മാധ്യമ
സംഘാംഗമായിരുന്നു. പുതിയ മോദി സര്‍ക്കാരിന്‍റെ നയവും ന്യായവും വിശകലനം ചെയ്യുകയാണിവിടെ….

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ വീക്ഷണങ്ങളും പുതിയ ആശയങ്ങളും പുതിയ ദിശാബോധവും പുതിയ സമീപനങ്ങളും സ്വീകരിക്കണം. പരമ്പരാഗത ശൈലി വിട്ട് രാജ്യത്തെ പൗരന്മാരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായി പുതിയൊരു പൗരാഭിമുഖ്യ സമീപനം ഉണ്ടാകണം. ഇന്ത്യ ഒരു വലിയ രാജ്യമാണ്. നമ്മുടെ വെല്ലുവിളികളും വലുതാണ് – പുതിയ ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞതാണിത്.

വലിയ ഭൂരിപക്ഷത്തോടെ, വലിയ പ്രതീക്ഷകളോടെ രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാരിനു മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്.

പ്രശ്ന പരിഹാരത്തിനു പത്തു വഴികളുണ്ടെന്നതു തീര്‍ച്ചയാണെന്നും എന്നാല്‍ പതിനൊന്നാമതു വഴി കൂടി കണ്ടെത്തേണ്ടതുണ്ടെന്നുമാണു പ്രധാനമന്ത്രി 2017 ബാച്ചിലെ ഐഎഎസുകാരോടു പറഞ്ഞത്. കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവ പരിഹരിക്കുന്നതോടൊപ്പം സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വ്യവസായിക വളര്‍ച്ച, കയറ്റുമതി വര്‍ധന തുടങ്ങി പലതും ഇക്കൂട്ടത്തിലുണ്ട്.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ മികവും ശുചിത്വവും ജലക്ഷാമം പരിഹരിക്കലും എല്ലാവര്‍ക്കും വീട് ലഭ്യമാക്കല്‍ എന്നിവ മുതല്‍ ദാരിദ്ര്യം തുടച്ചുമാറ്റി ഇന്ത്യയെ വികസിത, സ്വയംപര്യാപ്ത രാജ്യമാക്കുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. പക്ഷേ രാജ്യത്ത് സമാധാനം, സഹവര്‍ത്തിത്വം, സാഹോദര്യം എന്നിവ ഉറപ്പാക്കാതെ ഈ ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തില്ല. ജാതി, മത, പ്രാദേശിക ഭിന്നതകളെ ഇല്ലാതാക്കാനും എല്ലാവരെയും ബഹുമാനിക്കാനും കഴിയുന്ന സമൂഹസൃഷ്ടി ഉണ്ടാകുകയെന്നതാണു പുരോഗതിയില്‍ പ്രധാനം.

$ ഒരു രാജ്യം, ഒരു ജനത
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവരെയും ബഹുമാനിക്കുന്ന ഭാരത സംസ്കാരമാണു നമ്മുടെ പൈതൃകം. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സംരക്ഷണവും സഹായവും നല്‍കുന്ന സംസ്കാരത്തിലാകണം നമ്മുടെ അടിത്തറയും ഊര്‍ജവും. ലോകം മുഴുവന്‍ നേടിയാലും രാജ്യത്തെ ജനങ്ങള്‍ പരസ്പരം സ്നേഹത്തിലും സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും കഴിയുന്നില്ലെങ്കില്‍ ഇന്ത്യ ഒരു രാജ്യവും ഒരേ ജനതയുമായി തുടരുക എളുപ്പമാകില്ല.

വര്‍ഗീയ കലാപങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും മതത്തിന്‍റെയും ജാതിയുടെയും മറ്റും പേരിലുള്ള വിവേചനങ്ങളും ഒരു രാജ്യത്തിനും ഭൂഷണമല്ല. എല്ലാവരെയും സംരക്ഷിക്കുമെന്നു പറയുമ്പോഴും രാജ്യത്തെ ദളിതരും ന്യൂനപക്ഷങ്ങളും ഭയത്തിലും ആശങ്കയിലും കഴിയേണ്ടി വരുന്നു. ജാതിയുടെയും മതത്തിന്‍റെയും ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും പേരില്‍ പലരും അക്രമിക്കപ്പെടുന്നു.

സബ്കേ സാത്ത്, സബ്കേ വികാസ് – എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മോദിയുടെ വാഗ്ദാനം വാക്കിലും പ്രവൃത്തിയിലും തെളിയിക്കപ്പെടുകയാണു പ്രധാനം. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉള്ളപ്പോഴും പേരിനു പോലും ഒരു ക്രൈസ്തവന്‍ മോദിയുടെ രണ്ടാം മന്ത്രിസഭയിലില്ല.

$ അക്രമണം ഒറ്റപ്പെട്ടതല്ല
പാവപ്പെട്ടവരില്‍ പാവപ്പെട്ട തീര്‍ത്തും നിരാലംബരെയും രോഗികളെയും അനാഥരെയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വിശുദ്ധ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസിലെ സിസ്റ്റേഴ്സ് വരെയാണു പീഡിപ്പിക്കപ്പെടുന്നത്. പരോക്ഷ കുറ്റം ആരോപിച്ച് 2018 ജൂലൈ നാലിന് അറസ്റ്റു ചെയ്ത മിഷണറീസ് ഓഫ് ചാരിറ്റീസിലെ സിസ്റ്റര്‍ കണ്‍സീലിയ ഇപ്പോഴും ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ജയലില്‍ കഴിയുകയാണ്. പ്രമേഹ രോഗിയായ ഈ 61-കാരി കന്യാസ്ത്രീയെ ജയിലില്‍ അടച്ചതിലെ അനീതിക്കെതിരേ ശബ്ദിക്കാന്‍ പോലും രാജ്യത്തെ അധികാരികള്‍ മറന്നിരിക്കുന്നു.

ഒഡീഷയിലെ കാന്‍ഡമാലില്‍ 2018-ല്‍ പാവപ്പെട്ട ക്രൈസ്തവര്‍ക്കെതിരേ നടന്ന കലാപത്തിന്‍റെ വേദനയും ഭീതിയും ഇന്നും മാറിയിട്ടില്ല. 2018 ഓഗസ്റ്റിലെ കലാപത്തില്‍ മാത്രം അമ്പതോളം ക്രൈസ്തവരാണു ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഡല്‍ഹി ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി എ. പി. ഷായുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. 600 ഗ്രാമങ്ങളിലെ 5,600 വീടുകളാണ് അക്രമികള്‍ കൊള്ളയടിച്ചത്. 54,000 പേര്‍ ഭവനരഹിതരായി. ചുരുങ്ങിയത് 40 പേര്‍ കൊല്ലപ്പെട്ടു. കന്യാസ്ത്രീ അടക്കമുള്ളവരെ മാനഭംഗപ്പെടുത്തി. 232 ക്രൈസ്തവ ദേവാലയങ്ങളും അക്രമിക്കപ്പെട്ടു.

യുപി, മധ്യപ്രദേശ്, കര്‍ണാടകം, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ മിക്ക സംസ്ഥാനങ്ങളിലും വലുതും ചെറുതും സംഘടിതവും ആസൂത്രിതവും ഒറ്റപ്പെട്ടതുമായ അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കും മുസ്ലിംകള്‍ക്കും നേരെ ഇപ്പോഴും തുടരുന്നുണ്ട്. അഖ്ലാക്, പെഹ്ലു, ജുനൈദ്, അഫ്രസുള്‍, തബ്രേസ് തുടങ്ങിയ പേരുകള്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പുതിയ മുഖങ്ങളാകും.

$ ഭരണഘടന കാക്കണം
രാജ്യപുരോഗതിക്കായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ശക്തികളുടെ ലക്ഷ്യങ്ങള്‍ പക്ഷേ രഹസ്യമല്ല. ഇന്ത്യയെ ഹിന്ദു മതരാഷ്ട്രമാക്കി മാറ്റുകയെന്നതാണു ലക്ഷ്യമെന്നു ആര്‍എസ്എസ് പറയുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ആര്‍എസ്എസുകാരുമാണ്. ആര്‍എസ്എസിന്‍റെയെന്നല്ല ഏതൊരു സംഘടനയുടെയും സാമൂഹ്യപ്രവര്‍ത്തനങ്ങളും നല്ല കാര്യങ്ങളും ആരും എതിര്‍ക്കില്ല.

പക്ഷേ ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്‍റെ ഭരണഘടനയില്‍ തന്നെ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ കാണാതെ പോകരുത്. ലോക്സഭയില്‍ വലിയ ഭൂരിപക്ഷം ഉള്ളപ്പോഴും രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മയാണു മോദി സര്‍ക്കാരിനെ അതിരുവിട്ട കളികളില്‍ നിന്ന് ഇതുവരെ പിന്തിരിപ്പിച്ചത്. എന്നാല്‍ രാജ്യസഭയിലെ ഇതര പാര്‍ട്ടികളുടെ എംപിമാരെ കൂട്ടത്തോടെയും ഒറ്റയ്ക്കൊറ്റയ്ക്കും ബിജെപിയിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താനുള്ള നീക്കങ്ങളാകും രാജ്യത്ത് കൂടുതല്‍ അസമാധാനവും അസ്വസ്ഥതയും സംഘര്‍ഷവും സൃഷ്ടിക്കുക. ജനാധിപത്യ, മതേതര മൂല്യങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. അതാകണം വരുംതലമുറയ്ക്കു കൈമാറേണ്ടതും. പാക്കിസ്ഥാനുമായുള്ള വിഭജനത്തിന്‍റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടുമില്ല. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഏതൊരു നീക്കവും അപകടകരമാണ്. ന്യൂനപക്ഷ ജനതയില്‍ ആശങ്ക ഉളവാക്കുന്ന ഓരോ നീക്കത്തിലും അപായസൂചനകളുണ്ട്.

$ പൗരസ്വാതന്ത്ര്യം പരമം
ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ ക്ഷേമം, സുരക്ഷിതത്വം, സമാധാനം, സന്തോഷം, പുരോഗതി തുടങ്ങിയവയ്ക്കു വേണ്ടി ഏക മനസ്സോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനു കഴിയുമെന്നു പ്രത്യാശിക്കാം. വിദേശ അക്രമങ്ങളും ഭീകരതയും പോലെ തന്നെ രാജ്യത്തെ വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സ്നേഹവും സൗഹൃദവും സഹകരണവുമെല്ലാം പ്രധാനമാണ്. മതവിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയല്ല, മറിച്ച് ഏകോപിപ്പിക്കുകയും സഹകരിപ്പിക്കുകയുമാകണം സര്‍ക്കാരിന്‍റെ വിഭിന്നമായ സംസ്കാരങ്ങളും ഭാഷയും മതവിശ്വാസങ്ങളും ചേര്‍ന്ന വൈവിധ്യമുള്ള, നാനാത്വത്തിലെ ഏകത്വമാകണം ഇന്ത്യയുടെ ശക്തി. വിവിധ ഭാഷകളും മതങ്ങളും സംസ്കാരങ്ങളും ഇഴുകിച്ചേര്‍ന്ന ഒരൊറ്റ ജനതയും രാജ്യവുമാണു യഥാര്‍ഥ ഇന്ത്യ. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും സിക്കുകാരനും എല്ലാം ചേര്‍ന്നതാണ് ഇന്ത്യ. പണക്കാരനും പാവപ്പെട്ടവനും സവര്‍ണനും ദരിദ്രനും എന്നുള്ള വ്യത്യാസമില്ലാതെ എല്ലാവരും ഒരിന്ത്യയുടെ മക്കള്‍ ആകേണ്ടതുണ്ട്.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കിയ പൗരസ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും ഒറ്റക്കെട്ടായുള്ള ഇന്ത്യയുടെ പുരോഗതിയില്‍ പരമപ്രധാനമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ഭാഷ സംസാരിക്കാനും മതവിശ്വാസം സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യത്തിലും അവകാശത്തിലും വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിച്ചു കൂടാ. ന്യൂനപക്ഷങ്ങളോട് പ്രത്യേകമായ കരുതല്‍ ഉണ്ടാകുമ്പോഴാണ് ഭൂരിപക്ഷ സമുദായവും രാജ്യമാകെയും കൂടുതല്‍ നന്മയും ഐശ്വര്യവും പുരോഗതിയും ആര്‍ജിക്കുക. ജയ് ഹിന്ദ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org