ആള്‍ക്കൂട്ട സംസ്‌കാരത്തെ പ്രതിരോധിക്കാന്‍ കുടുംബകൂട്ടായ്മകള്‍

ഫാ. പയസ് ആറാട്ടുകുളം
ആള്‍ക്കൂട്ട സംസ്‌കാരത്തെ പ്രതിരോധിക്കാന്‍ കുടുംബകൂട്ടായ്മകള്‍
സിനഡിന്റെ മൂല്യശ്രേണിയുടെ ആശയപരമായ ഉള്‍ക്കൊള്ളല്‍ മാത്രമല്ല സിനഡാത്മകത. അത് നാം ജീവിതശൈലിയായി സ്വീകരിക്കണം. അതുവഴി വീട്ടിലും പൊതു ഇടങ്ങളിലും നമ്മുടെ ബന്ധങ്ങള്‍ ഊര്‍ജസ്വലവും മനോഹരവുമാകും.

ഏതൊരു നവീന സംരംഭത്തിന്റെയും ദര്‍ശനങ്ങള്‍ തുടക്കത്തില്‍ ഉജ്ജ്വലമായിരിക്കും. മെല്ലെ മെല്ലെ, കാലം പിന്നില്‍ മറയുമ്പോള്‍, ആദര്‍ശങ്ങളില്‍ ചാപല്യം കടന്നുകൂടും പ്രസ്ഥാനങ്ങളില്‍ കൗശലങ്ങള്‍ പെരുകും. മനുഷ്യന്റെ സഹജമായ രസവാസനകള്‍ അവന്റെ നന്മകളെ മുരടിപ്പിക്കും. 1962-1965 കാലത്ത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഗരുഡനെപ്പോലെ ഉന്നതങ്ങളില്‍ വിഹരിച്ച സഭയെ നിലത്ത് പാദമൂന്നി വ്യാപരിക്കാന്‍ പഠിപ്പിച്ചു. സഭ നിലംതൊട്ടെങ്കിലും ആദിമ സഭയുടെ അനന്യമായ ഗുണമേന്മകളില്‍ പലതും സഭാമക്കള്‍ക്ക് ഇപ്പോഴും ഒട്ടൊക്കെ അന്യമാണ്. ആദിമ ദൈവജനത്തില്‍ നിറഞ്ഞുനിന്ന നൈസര്‍ഗിക ചൈതന്യധാരയില്‍ ഇന്നത്തെ തലമുറയെ സ്‌നാനപ്പെടുത്താന്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മുന്നിട്ടിറങ്ങിയിരിക്കുന്നു. അതാണ് വത്തിക്കാനില്‍ 2024 ഒക്‌ടോബറില്‍ നടത്തുന്നതായ സിനഡ് പ്രഖ്യാപനം കത്തോലിക്കാ വിശ്വാസികള്‍ക്ക് സദ്‌വാര്‍ത്തയാകുന്നത്. താത്വിക ഗരിമയാര്‍ന്ന ചിന്തകളൊന്നും സിനഡിന്റെ ചിന്താ-ചര്‍ച്ചാ വിഷയമായി പരിശുദ്ധ പിതാവ് നല്‍കുന്നില്ല. മിശിഹായില്‍ പ്രകാശിതമായ മൂന്ന് ചോദനകളാണ് സിനഡിന്റെ വിചിന്തന വിഷയമായി ഏറ്റെടുക്കാന്‍ പാപ്പ നല്‍കിയിരിക്കുന്നത് - സംസര്‍ഗം, ഭാഗഭാഗിത്വം, പ്രേഷിതത്വം എന്നിവ.

യേശു കലഹിച്ചത് സ്വന്തം സമുദായത്തിന്റെ പഴകി ഉറച്ച നിയമവ്യവസ്ഥയോടാണ്. ചെറുതും വലുതുമായ അറുന്നൂറിലേറെ നിയമങ്ങള്‍കൊണ്ട് സ്വയം വരിഞ്ഞുമുറുക്കിയ ഏകശിലാ ബിംബം പോലൊരു സ്വത്വമായിരുന്നു യഹൂദസമുദായം. അതായത് ശരിയായ രക്തഓട്ടമില്ലാത്ത ശരീരം പോലെയായിരുന്നു യഹൂദജനം. നിയമത്തിന്റെ വാറോലകളുമായി സദാചാരപാലകരെപ്പോലെ മോശയുടെ നിയമം ലംഘിക്കുന്നുണ്ടൊയെന്ന് നിയമജ്ഞരും പുരോഹിതരും കഴുകന്‍ കണ്ണുമായി ജനങ്ങളുടെ ഇടയില്‍ വ്യാപരിച്ചിരുന്നു. അവര്‍ നിയമത്തിന്റെ കുന്തമുനയൊരുക്കി യേശുവിനെ പലവട്ടം കുത്തിപരിക്കേല്പ്പിക്കാന്‍ ശ്രമിച്ചു. ജാതിസ്പര്‍ദ്ധയും സംസര്‍ഗ വിലക്കുകളും കുരുട്ടു നിയമങ്ങളും ഇരുളിലാഴ്ത്തിയ യഹൂദരില്‍ യേശു പാരസ്പര്യവും ആര്‍ദ്രതയുമാകുന്ന പുതുരക്തം പകര്‍ന്നപ്പോഴാണ്. സാബത്ത് മനുഷ്യനു വേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന അവര്‍ക്കുള്ള യേശുവിന്റെ സാരവത്തായ മറുപടിയില്‍ വിമര്‍ശകരുടെ അപസ്വരം നിലച്ചു, തലതാണു. യേശുവിന്റെ ആര്‍ദ്രത വഴിയുന്ന തലോടലും കടാക്ഷവും അവിടത്തോടൊപ്പം നടന്ന അശരണരുടെ മനസ്സില്‍ കുളിര്‍മ്മ ഉളവാക്കുന്ന നവാനുഭവമായി പതിഞ്ഞു. ദൈവമക്കള്‍ക്കടുത്ത സ്വാതന്ത്ര്യം യേശുവിനോടൊപ്പം യാത്ര ചെയ്തവര്‍ തിരിച്ചറിഞ്ഞു, മനസ്സില്‍ ശാന്തി അനുഭവിച്ചു. യേശുവിന്റെ തനതു ജീവിതശൈലിയിലേക്ക് നമ്മുടെ ജീവിതരീതികളും കാഴ്ചപ്പാടും തിരുത്തിയെടുക്കുക. അതിനായി ചിന്തയും ചര്‍ച്ചയും വിശകലനവും നവസമീപനങ്ങള്‍ സ്വീകരിക്കലുമൊക്ക അടങ്ങുന്ന കൂടിയാലോചനാ വേദികള്‍ ആഗോള തലത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഒരുക്കത്തിന്റെ അടുത്ത രണ്ടുവര്‍ഷങ്ങള്‍ ഇടവക ജനജീവിതത്തെ നവീകരിച്ചുകൊണ്ട് ക്രിസ്തുമാര്‍ഗത്തില്‍ നമ്മള്‍ ഓരോരുത്തരുടെയും ജീവിതം പുനര്‍ജീവിപ്പിക്കണം. ലോകം മുഴുവനുമുള്ള ക്രിസ്തീയജനതയെ ഇടവകതലത്തില്‍ തന്നെ യേശുവിന്റെ സര്‍വാശ്ലേഷിതമായ സ്‌നേഹാനുഭവത്തിലേക്ക് നയിച്ച് കത്തോലിക്ക സഭയ്ക്കു നവജീവന്‍ പകര്‍ന്ന് അതുവഴി വസുധൈവ കുടുംബകം - ലോകം ഒരു മനുഷ്യകുടുംബം - എന്ന മനുഷ്യബന്ധുത്വത്തിന്റെ ഒരു വസന്തകാലം ഒരുക്കാനായി ഫ്രാന്‍സിസ് പാപ്പ തുനിഞ്ഞിറങ്ങിയിരിക്കുന്നു. യേശുവിന്റെ ജീവിതശൈലിയിലേക്ക് ഒരു സിനഡിലൂടെ ക്രിസ്തുവിനെ പിഞ്ചെല്ലുന്നവരെ പുനരര്‍പ്പിക്കാനുള്ള ഉദ്യമത്തില്‍ പാപ്പായോടൊപ്പം നടകൊള്ളേണ്ട സഹയാത്രികരാണ് നാമെല്ലാം.

തന്റെ ജീവിതമാകുന്ന ഉറവയില്‍ നിന്ന് ഒരു പുഴ ഒഴുകി പരക്കാന്‍ യേശു ആഗ്രഹിച്ചു. സര്‍വതലസ്പര്‍ശിയും കാലാതിശായിയുമായ സ്‌നേഹരാജ്യ വ്യാപനത്തിനായുള്ള ജാഗ്രതാബോധം യേശുവില്‍ ആദ്യന്തം നിറഞ്ഞു നിന്നിരുന്നു. അത് ഈ വാക്കുകളിലുണ്ട്. ''എനിക്ക് ഒരു സ്‌നാനം സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാന്‍ തീവ്ര വേദനയിലാണ്. ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു'' (ലൂക്കാ 12:50-51). യഹൂദ ആചാര- നിയമങ്ങളും ദൈവരാജ്യസുകൃതങ്ങളും തമ്മിലുള്ള ഭിന്നതയെക്കുറിച്ച് ആവര്‍ത്തിച്ചെഴുതിയ പൗലോസ് ഇങ്ങനെ കുറിച്ചു: ''ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി. ഇതാ, പുതിയത് വന്നുകഴിഞ്ഞു'' (2 കൊറി. 5:17). ദൈവമക്കളുടെ പുതുജന്മത്തിനായി യേശുവിനുണ്ടായ ഈറ്റുനോവ് പൗലോസ് മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ അത് തിരിച്ചറിയാനുണ്ട്. ''എന്റെ കുഞ്ഞുങ്ങളേ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു'' (ഗലാ. 4:19). യേശുവിന്റെ ഈറ്റുനോവിനെക്കുറിച്ച് ആദിമ സഭ മനസ്സിലാക്കിയിട്ടുണ്ടാവണം. അത് ഹെബ്രായര്‍ക്കുള്ള ലേഖനം വെളിപ്പെടുത്തുന്നുണ്ട്. തന്റെ ഐഹിക ജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവനോട് കണ്ണീരോടും വലിയ വിലാപത്തോടും കൂടെ പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയം മൂലം അവന്റെ പ്രാര്‍ത്ഥന കേട്ടു. പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു (ഹെബ്രാ. 5:7-8).

ഫ്രാന്‍സിസ് പാപ്പയുടെ ചിന്തകളിലും ഭാഷണങ്ങളിലും രചനകളിലും ഉടല്‍ഭാഷയില്‍ പോലും യേശുവിന്റെ സുഭഗ ദര്‍ശനമാണ് പ്രകാശിതമാകുന്നത്. കഥയും കാലവും മാറിയ ജീവിത പരിസരത്ത് പാപ്പയിലൂടെ അനാവൃതമാകുന്ന യേശുവിന്റെ ആത്മാഭിലാഷം ഓരോ മനുഷ്യനിലും നവഭാവുകത്വം ഉളവാക്കണം. നവജീവന്റെ ഉറവിടം യേശുവാണ്. യേശുവിന്റേത് വിശ്വസാഹോദര്യത്തിന്റെ സുവിശേഷമാണ്. അതിന്റെ അകക്കാമ്പാണ് സംസര്‍ഗം ഭാഗഭാഗിത്വം പ്രേഷിതത്വം. അവ തന്നെയാണ് സിനഡിന്റെ ആഹ്വാനവും.

അവയൊക്കെ മനസ്സിലും വാക്കിലും ചെയ്തികളിലും സ്വാംശീകരിച്ചാല്‍ നാം സുവിശേഷമാകും -ജീവിക്കുന്ന സുവിശേഷം. സഭയിലെ നിണസാക്ഷികള്‍, ജീവിതം സുവിശേഷമാക്കിയവരാണ്. ഏതൊരു മനുഷ്യനുമായി നമ്മിലുളവാകേണ്ട കൊടുക്കല്‍ വാങ്ങല്‍ സമീപനവും ബന്ധുത്വ മനോഭാവവുമാണല്ലോ സംസര്‍ഗം. നമ്മോടൊപ്പം വസിക്കുന്നവരുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും ജന മനസ്സുകളെ ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ കൈമെയ്യ് മറന്ന് സഹകരിക്കുന്നതാണ് ഭാഗ ഭാഗിത്വം. യേശുവിന്റെ മാപ്പും കരുണയും സമാധാനവും ഈശ്വര പ്രസാദമായി വീട്ടിലും നാം സദാ ഇടപഴകുന്നവരിലും പകരുമ്പോള്‍ നാം പ്രേഷിതരാകും. ഓരോ ക്രിസ്തിയനും സിനഡ് മുന്നോട്ടുവച്ച ഈ സുകൃതങ്ങള്‍ സ്വാംശീകരിച്ചാലേ സിനിഡാത്മകമായി വ്യാപരിക്കാനാകൂ. സിനഡിന്റെ മൂല്യ ശ്രേണിയുടെ ആശയപരമായ ഉള്‍ക്കൊള്ളല്‍ മാത്രമല്ല സിനഡാത്മകത. അത് നാം ജീവിതശൈലിയായി സ്വീകരിക്കണം. അതുവഴി വീട്ടിലും പൊതു ഇടങ്ങളിലും നമ്മുടെ ബന്ധങ്ങള്‍ ഊര്‍ജസ്വലവും മനോഹരവുമാകും.

ഇടവക സംവിധാനത്തെ ബലപ്പെടുത്തുക

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ കുടികൊള്ളുന്നു, ഭാവി ഗ്രാമങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നൊക്കെ ഗാന്ധിജി പറഞ്ഞിരുന്നു. അതേ ശൈലിയില്‍ നമുക്കു പറയാനാകണം സഭയുടെ സര്‍ഗ ശക്തി കുടുംബങ്ങളില്‍ കുടികൊള്ളുന്നു, ഭാവിയാകട്ടെ ഇടവക ജനത്തെ ആശ്രയിച്ചിരിക്കുന്നു എന്ന്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രൂപത-ഫൊറോന-ഇടവക സംവിധാനങ്ങളുടെ കാഴ്ചപ്പാടുകളും സമീപനങ്ങളിലും ഒട്ടൊക്കെ വക്രിച്ചുപോയിരിക്കുന്നു. സഭാസംവിധാനങ്ങളില്‍ ഉപഭോഗസംസ്‌കാരവും ആള്‍ക്കൂട്ട സംസ്‌കാരവും ഒളിച്ചുകയറി തണ്ടുതുരപ്പന്‍ പുഴുവിനെപ്പോലെ പ്രവര്‍ത്തകരുടെ സര്‍ഗാത്മകതയെയും പ്രവര്‍ത്തനങ്ങളെയും ദുര്‍ബലമാക്കുന്നു. എവിടെയായാലും എന്തും തനിക്കായി പ്രയോജനപ്പെടുത്തുക, അയല്‍ക്കാരന്റെ കാര്യം അതവന്റെ കാര്യം, വിട്ടേക്കുക. ആള്‍ക്കൂട്ട സംസ്‌കാരം പകരുന്ന ഈ മനോഭാവത്തില്‍ നിന്നു രക്ഷ നേടണം. മൂന്നാം സഹസ്രാബ്ദത്തിലേക്ക് എന്ന പ്രബോധനത്തില്‍ വി. ജോണ്‍പോള്‍ പാപ്പ പറഞ്ഞു: 3-ാം സഹസ്രാബ്ദത്തിലെ ദൈവജനത്തിനുവേണ്ടത് സംസര്‍ഗത്തിന്റെ ആദ്ധ്യാത്മികതയും കൂട്ടായ്മയുടെ ജീവിതവുമാണ് (നമ്പര്‍ 43). അടിസ്ഥാന ക്രിസ്തീയസമൂഹങ്ങളുടെ പ്രഥമ ചുമതല സംസര്‍ഗത്തിന്റെയും പങ്കാളിത്തത്തിന്റെയും സംസ്‌കാരം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. ആള്‍ക്കൂട്ട സംസ്‌കാരത്തെ പ്രതിരോധിക്കാന്‍ അതാണ് ഫലപ്രദമായ മാര്‍ഗം. നമ്മുടെ കുടുംബകൂട്ടായ്മകളുടെ പ്രവര്‍ത്തനശൈലി ഇവ്വിധം പരിഷ്‌കരിക്കാന്‍ തയ്യാറായാല്‍ ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്യുന്ന സംസര്‍ഗം, ഭാഗഭാഗിത്വം, പ്രേഷിതത്വം എന്നിവയിലൂന്നിയ സര്‍ഗാത്മക വളര്‍ച്ച ഇടവക ജനത തിരിച്ചറിയും.

കുടുംബകൂട്ടായ്മകളേ, സ്‌നേഹസമൂഹങ്ങളേ ഇതിലേ ഇതിലേ...

പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നതിലല്ല ചെറിയ ചെറിയ സ്‌നേഹശുശ്രൂഷകള്‍ അയല്‍പക്കത്തുള്ളവര്‍ക്ക് ചെയ്തു മനുഷ്യബന്ധങ്ങള്‍ ബലപ്പെടുത്തുന്നതിലാണ് കുടുംബകൂട്ടായ്മകള്‍ മികവു നേടേണ്ടത്. സ്‌നേഹസ്പര്‍ശം ലഭിക്കാതെ മദ്യപാനിയായിത്തീര്‍ന്ന അയല്‍ക്കാരന്‍, ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധന്‍, രോഗാവസ്ഥയില്‍ താങ്ങാനാളില്ലാതെ കിടപ്പിലായ രോഗി, മക്കളെ വളര്‍ത്താന്‍ പാങ്ങില്ലാതെ വിഷമിക്കുന്ന വിധവ, മഴ ഒലിച്ചിറങ്ങുന്ന കുടിലിലെ വൃദ്ധ ദമ്പതികള്‍, മയക്കുമരുന്നിന് അടിപ്പെട്ട യുവാക്കള്‍, സ്ഥിരം കലഹിച്ചു കഴിയുന്ന ദമ്പതികള്‍, ഒളിയിടങ്ങളില്‍ കൂടിയിരുന്ന് ഫോണില്‍ അരുതായ്കകള്‍ കണ്ട് ഭാവിജീവിതം പാഴാക്കുന്ന കുട്ടികള്‍ - എന്നിങ്ങനെ ജിവിത പരിസരത്തുള്ള പ്രശ്‌നങ്ങളിലേക്കാണ് കുടുംബകൂട്ടായ്മകളിലെ ഭാരവാഹികളും അംഗങ്ങളും മനസ്സും കണ്ണും തുറക്കേണ്ടത്. (1 പത്രോ. 4:8-11; ഹെബ്രാ. 6:10-12; റോമാ 15:25-27; 2 തിമോ. 1:15-18) കുടുംബകൂട്ടായ്മകളെ ദൈവകൃപയും സ്‌നേഹ പ്രസാദവും ഉള്ളതാക്കാന്‍ ചില പ്രായോഗിക കാര്യങ്ങളിലേക്ക് കടക്കാം.

1) കുടുംബകൂട്ടായ്മ ഒരു സംഘടനയല്ല, ക്രിസ്തീയ സ്‌നേഹ സംസ്‌കാരം വളര്‍ത്തുന്ന നഴ്‌സറിയാണത്.

2) അതൊരു പ്രാര്‍ത്ഥനാ സമൂഹമല്ല. ക്രിസ്തുവിശ്വാസികള്‍ സ്‌നേഹത്തിലും ഒരുമയിലും വളരാനും വളര്‍ത്താനും യത്‌നിക്കുന്ന ഇടവകാംഗങ്ങളുടെ ഒത്തുചേരലാണത്.

3) പ്രവര്‍ത്തനത്തിനല്ല മനുഷ്യര്‍ക്കാണ് കുടുംബകൂട്ടായ്മകള്‍ പ്രാധാന്യം നല്‍കേണ്ടത്. പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനുള്ള ഒരു സമിതിയല്ലത്. ക്രിസ്തുവിന്റെ സന്ദേശം ഉള്‍ക്കൊണ്ട് അയല്‍കുടുംബാംഗങ്ങളില്‍ സ്‌നേഹവും സൗഹൃദവും വളര്‍ത്തുന്ന സംസര്‍ഗവേദിയാണത്.

4) കുടുംബകൂട്ടായ്മകളുടെ സമ്മേളനം ബൈബില്‍ പഠന വേദിയല്ല. കിസ്തുവിന്റെ മനോഭാവവും സമീപനവും മനുഷ്യാഭിമുഖ്യവും കുടുംബാംഗങ്ങളില്‍ വളര്‍ത്താനായി ദൈവവചനം ധ്യാനാത്മകമായി ഉള്‍ക്കൊള്ളാനുള്ള ഇടമാണത്. താല്പര്യമുള്ളവര്‍ക്കായി ബൈബിള്‍പഠനവേദി പ്രത്യേകം ഒരുക്കാം.

5) വചന വിത്തിനെ സര്‍വാത്മനാ ഹൃദയവയലില്‍ ഉള്‍ക്കൊള്ളുന്നതിന് സപ്തതല വചനാനുഭവം പങ്കുവയ്ക്കല്‍ രീതി കുടുംബകൂട്ടായ്മകളിലും കുടുംബത്തിലും പരിശീലിപ്പിക്കണം (ലൂക്കാ 8:15; സങ്കീ. 51:10; ജെറ. 31, എസക്കി. 36:26-27; എഫേ. 2:8-10; യാക്കോ. 1:22-25)

6) കഴിവും മിടുക്കും പ്രകടിപ്പിക്കാനും മനസ്സിലെ അസ്വാരസങ്ങളും ഈര്‍ഷ്യയുമൊക്കെ വെളിപ്പെടുത്താനുമുള്ള ഇടമല്ല കുടുംബകൂട്ടായ്മ സമ്മേളനം. അന്‍പാര്‍ന്ന മനസ്സോടെ അയല്‍വാസികളുടെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കാനും അവരുമായി വിനയാന്വിതരായി ആശയവിനിമയം നടത്താനുള്ള ഇടമാണത്.

7) ഗര്‍വും അറിവും മേല്‍ക്കോയ്മയും ഞാനെന്ന ഭാവവുമൊക്കെ പ്രസരിപ്പിക്കുന്ന വാക്കുകള്‍ക്കും ചേഷ്ടകള്‍ക്കുമുള്ള ഇടമല്ല കുടുംബകൂട്ടായ്മകള്‍. കഷ്ടതയും ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും മനോവിഷമവും ഉള്ളവരുമായി സഹാനുഭൂതിയോടെ ഇടപഴകി സ്‌നേഹസ്പര്‍ശം പകര്‍ന്ന് സംസര്‍ഗം വളര്‍ത്താനുള്ള ഇടമാണ് കുടുംബകൂട്ടായ്മകള്‍ (റോമാ 12:3-8; 12:9-18; 1 കൊറി. 6-7).

8) യേശു മനുഷ്യരിലേക്കായിരുന്നു ശ്രദ്ധയും താല്‍പര്യവും ഊന്നിയിരുന്നത്. മനുഷ്യന്റെ അവകാശം, മഹത്വം, സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടിയായിരുന്നു യേശു ജീവിച്ചത്. എവിടെ മനുഷ്യാവകാശം ധ്വംസിക്കപ്പെടുന്നുവോ, സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവോ അപ്പോഴൊക്കെ ഇടപെടണം. അതിന് കുടുംബകൂട്ടായ്മ ഭാരവാഹികളും അംഗങ്ങളും മനുഷ്യാവകാശബോധം ആര്‍ജിക്കണം (മത്താ. 11:28-29; 23:11-12; 25:31-46, 2 തിമോ. 6:17-19).

9) മറ്റുള്ളവര്‍ക്ക് ഒന്നും കൊടുക്കാനില്ലാത്ത പരമദരിദ്രര്‍ ഒരു കുടുംബകൂട്ടായ്മയിലും ഉണ്ടാവില്ല. മറ്റുള്ളവരില്‍ നിന്നും ഒന്നും സ്വീകരിക്കേണ്ടതില്ലാത്ത, എല്ലാം തികഞ്ഞവരും, ഒരു കുടുംബകൂട്ടായ്മയിലും ഉണ്ടാവില്ല. സൗഹൃദവും സാന്ത്വനവും കൈസഹായവും നല്‍കാനില്ലാത്തവരായോ, ഒരിക്കലും ആവശ്യമില്ലാത്തവരായോ ആരുണ്ട് നമ്മുടെ കുടുംബങ്ങളില്‍? സന്തോഷം ഇരട്ടിക്കുന്നതും ദുഃഖം നേര്‍പകുതിയാകുന്നതും പങ്കുവയ്ക്കുമ്പോഴാണല്ലോ. സ്‌നേഹവും സൗഹൃദവും സ്വീകരിക്കാനും നല്‍കാനുമായി എത്രയോ പേരുടെ വീടുകളിലാണ് യേശു സമയം ചെലവഴിച്ചതെന്നു നോക്കുക: സക്കേവൂസ് (ലൂക്കാ 19:1-10); ശിമയോന്‍ (ലൂക്കാ 7:36-49); നിക്കദേമൂസ് (യോഹ. 3:1-21); ലാസര്‍ (യോഹ. 11: 1-44, 12:1-8); പത്രോസ് (ലൂക്കാ 1:29-34) ജായ്‌റോസ് (ലൂക്കാ 8:40 -56). സദാ മറ്റുള്ളവരിലേക്ക് ആയുന്ന യേശുവിന്റെ മനസ്സും പ്രവര്‍ത്തനവും എത്ര മനോഹരമാണ്. അതിലൂടെ മാത്രമേ കുടുംബ കൂട്ടായ്മകള്‍, സ്‌നേഹ-സാന്ത്വന ഇടങ്ങളാകുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org