

ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളെ അപേക്ഷിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ സമർപ്പിത ജീവിത സരണികളിലേക്ക് ദൈവവിളികൾ കുറവാണ്. ഒട്ടൊരു കാലത്തെ മാന്ദ്യത്തിനുശേഷം ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും ശേഷമുള്ള വർഷങ്ങളിൽ പാശ്ചാത്യരാജ്യങ്ങളിൽ സ്ത്രീപുരുഷ സന്യാസങ്ങൾ തഴച്ചു വളർന്നിരുന്നു. അതിനുശേഷം പെട്ടെന്നുതന്നെ വലുതായ രീതിയിൽ അത് കൂപ്പുകുത്തി. അതിന് വിശ്വാസപരവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ നിരവധി ഘടകങ്ങൾ തീർച്ചയായും ഉണ്ടാകും. ദൈവവിളികളുടെ എണ്ണം കുറവാണെങ്കിൽപ്പോലും പാശ്ചാത്യ രാജ്യങ്ങളിലെ മിക്കവാറും സന്യാസ സമൂഹങ്ങളും സമർപ്പിതജീവിതരീതിയി ലേക്ക് കടന്നുവരാൻ താല്പര്യപ്പെടുന്ന ആളുകളെ എല്ലാവരെയും സ്വീകരിക്കാറോ ഉൾക്കൊള്ളാറോ ഇല്ല. പലപ്പോഴും അർത്ഥികളിൽ മുക്കാൽപ്പങ്കും സ്വീകരിക്കപ്പെടാറില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്ര വലിയ ശതമാനം പേർ അസ്വീകാര്യരാകുന്ന തിന്റെ കാരണമാരാഞ്ഞാൽ, അവർ സ്വീകരിക്കുന്ന ശാസ്‌ത്രീയമായ സൂക്ഷ്മബുദ്ധിയാണ് അതിനു കാരണം എന്നാണ് മനസ്സിലാവുക. വന്നവരെയെല്ലാം വിവേചനമില്ലാതെ സ്വീകരിച്ചതിന്റെ ചുങ്കം അവരിപ്പോഴും കൊടുത്തു വീട്ടികൊണ്ടിരിക്കുകയുമാണ്.
ദൈവവിളികളുടെ എണ്ണം കുറവാണെങ്കിൽപ്പോലും പാശ്ചാത്യ രാജ്യങ്ങളിലെ മിക്കവാറും സന്ന്യാസ സമൂഹങ്ങളും സമർപ്പിതജീവിത രീതിയിലേക്ക് കടന്നുവരാൻ താല്പര്യപ്പെടുന്ന ആളുകളെ എല്ലാവരെയും സ്വീകരിക്കാറോ ഉൾക്കൊള്ളാറോ ഇല്ല. പലപ്പോഴും അർത്ഥികളിൽ മുക്കാൽപ്പങ്കും സ്വീകരിക്കപ്പെടാറില്ല എന്നതാണ് യാഥാർത്ഥ്യം.
സമൂഹത്തിലേക്ക് കടന്നുവരുന്ന ഓരോ അംഗവും സമൂഹത്തെ ഏതെങ്കിലും ദിശയിൽ സ്വാധീനിക്കുകയും മാറ്റം വരുത്തുകയും ചെയ്യും എന്നതാണ് എപ്പോഴും അവർ പറയുന്ന ഒരു അടിസ്ഥാന പ്രമാണം. അതുകൊണ്ടുതന്നെ കണിശതയാർന്ന വിവേചന ബുദ്ധി ഈ മേഖലയിൽ ഉണ്ടായിരിക്കണം എന്നതാണ് അവരുന്നയിക്കുന്ന താല്പര്യം. അതിനായി വൈദഗ്ധ്യമുള്ള ഒരു പാനൽ അർത്ഥിയെ വിശദമായി ഇന്റർവ്യൂ ചെയ്യുകയും, മനഃശാസ്ത്രപര മായി ചിട്ടപ്പെടുത്തിയ ചില ചോദ്യോത്തര ടൂളുകൾ ഉപയോഗിച്ച് വ്യക്തിയെ സ്‌ക്രീനിങ്ങിന് വിധേയമാക്കുകയും ചെയ്യും. സമർപ്പിത ജീവിതത്തിനും സമൂഹജീവിതത്തിനു മുള്ള അഭിരുചി, സന്യാസ-സമർപ്പിത ജീവിതത്തിലേക്ക് കടന്നുവരുന്നതിനുള്ള പ്രേരകം എന്നിവ എന്തെന്ന വിലയിരുത്തൽ, വ്യക്തിയിൽ പേഴ്‌സണാലിറ്റി ഡിസ്ഓർഡറുകൾ ഉണ്ടോ, ആൾ അടഞ്ഞ മനഃസ്ഥിതിയുള്ളതാണോ എന്നീ കാര്യങ്ങളെല്ലാം പ്രസ്തുത അവലോകനത്തിന്റെ ഭാഗമാകും. ഇങ്ങനെയൊക്കെ സ്‌ക്രീൻ ചെയ്താലും ഒരവസരത്തിൽ ആകർഷകമായി തോന്നിയ വഴി പിന്നീട് ഉപേക്ഷിച്ച് പോകുന്നവരും കുറവല്ല.
പക്ഷേ ഒന്നുണ്ട്. സമൂഹത്തിലേക്ക് സ്വീകരിക്കപ്പെടുന്നവർ ഏതെങ്കിലും പേഴ്‌സണാലിറ്റി ഡിസ്ഓർഡർ ഉള്ളവരോ, തെറ്റായ പ്രേരകത്തിന്റെ സ്വാധീനത്താൽ സമർപ്പിത ജീവിതം തിരഞ്ഞെടുക്കുന്നവരോ ആയിരിക്കാ നുള്ള സാധ്യത വളരെ കുറഞ്ഞിരിക്കും. അങ്ങനെ ഏതെങ്കിലും പ്രശ്‌നമുള്ളവർ സമൂഹത്തിൽ അംഗങ്ങളായാൽ അവരോടൊപ്പമുള്ള സമൂഹജീവിതം മറ്റുള്ളവർക്ക് ഏറെ ക്ലേശകരമായി രിക്കും. അഭിരുചിയുടെയും മാനസികാരോഗ്യത്തിന്റെയും ഒരു സ്‌ക്രീനിങ് നടത്തിയാൽ ഈഗോയുടെ പേരിലും മറ്റുമുള്ള അനാവശ്യമായ ഏറ്റുമുട്ടലുകൾ സമൂഹത്തിൽ കുറഞ്ഞിരിക്കും. അതുകൊണ്ടുതന്നെ സമൂഹ ജീവിതം ദുർഘടമാവുകയുമില്ല. സമൂഹത്തിൽ പൊതുവായ ലക്ഷ്യ ബോധം മെച്ചപ്പെട്ടിരിക്കും. മാനസിക വൈകല്യങ്ങളും ദൗർബല്യങ്ങളും കുറഞ്ഞിരുന്നാൽ ആത്മഹത്യാ സാധ്യത പോലുള്ള കാര്യങ്ങൾ കുറഞ്ഞും ക്രിയാശേഷി കൂടിയും ഇരിക്കാനാണ് സാധ്യത. അതുപോലെ തന്നെ സമൂഹാംഗങ്ങൾ തമ്മിലും ബാഹ്യസമൂഹവുമായും ആരോഗ്യകരമായ ബന്ധം ഉണ്ടായിരിക്കാനുള്ള സാധ്യത ഏറിയിരിക്കും. വർദ്ധിച്ച ലക്ഷ്യബോധം ഉണ്ടെങ്കിലേ പൊതുവായ അനുശീലനം കൊണ്ട് ഉദ്ദേശിക്കുന്ന ഉപകാരമുണ്ടാവുകയുമുള്ളൂ.
അനുസരണം വ്രതമായുള്ള സന്യാസ ജീവിതാനുശീലനത്തിന്റെ ഭാഗംതന്നെ ചില മേഖലകളിലെ കാർക്കശ്യമൊക്കെ ആയിരിക്കും. വേണ്ടത്ര മാനസിക പക്വതയില്ലാത്തവരോ, വിശേഷിച്ചും മാനസികാരോഗ്യക്കുറവുള്ളവരോ ആയ വ്യക്തികൾ അവയെ തിക്താനുഭവങ്ങ ളായിട്ടാവും സ്വീകരിക്കുക. പ്രതികരണങ്ങൾ താല്ക്കാലികമായി റിപ്രസ്സ് ചെയ്യപ്പെടും. പ്രായം മുന്നോട്ടു പോകുന്നതനുസരിച്ചാ യിരിക്കും ജീവിതത്തിൽ നേരിട്ടിട്ടുള്ള തിക്താനുഭവങ്ങൾ അഗ്രഷനായി പുറത്തെത്തുക. അപ്പോൾ ഒരുമിച്ചുള്ള ജീവിതം മറ്റ് സമൂഹാംഗങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുളവാക്കും.
സ്ത്രീ-പുരുഷ സന്ന്യാസ സമൂഹങ്ങൾ ഇവിടെ എക്കാലവും ഉണ്ടായിരിക്കണം എന്നത് സഭയുടെ പൊതുവായ അഭിലാഷമാണ്. വെറുതേ ഉണ്ടായിരിക്കുക എന്നതല്ല, കൃപയുടെ കൂടാരങ്ങളായി, സജീവമായ ദൈവരാജ്യ സൂചകങ്ങളായി, ജീവിക്കുന്ന സാക്ഷ്യങ്ങളായി, ഊഷ്മളമായ സ്‌നേഹ സമൂഹങ്ങളായി ഉണ്ടായിരിക്കുകയാണ് വേണ്ടത്.
അംഗസംഖ്യ കൂട്ടുക എന്ന താല്ക്കാലിക ലാഭത്തിന് പോവുന്നത് വിദൂര ഭാവിയിൽ അംഗസംഖ്യ കുറയുന്നതിന് കാരണമാകും.
ഒരു കാലത്ത് സന്യാസാശ്രമങ്ങളിൽ മാനസികാസ്വാസ്ഥ്യമുള്ള അംഗങ്ങളെ പാർപ്പിക്കുന്നതിന് നിലവറകളോ സെല്ലുകളോ ഒക്കെ ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണല്ലോ. മനഃശാസ്ത്രം ഒട്ടും തന്നെ വളർച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലങ്ങളിൽ മാനസിക അസ്വാസ്ഥ്യമുള്ള വരെ കല്ലെറിഞ്ഞോടിക്കുകയും സ്വന്തക്കാരായ അത്തരം മനുഷ്യരെ ചങ്ങലയിലിടുകയും ചെയ്തിരുന്ന പൊതുസമൂഹമുള്ള അക്കാലത്ത് അതൊക്കെ അനുവദനീയമായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യം അതല്ല.
സത്യത്തിൽ യഥാർത്ഥ ദൈവവിളിയെ ശരിയായി വിവേചിച്ചറിയാൻ കഴിയാതെ പോയതായിരുന്നു പ്രശ്‌നം. സന്യാസത്തി ലേക്കോ സമർപ്പിത ജീവിതത്തിലേക്കോ കടന്നുവരുന്ന ചിലരെങ്കിലും ശരിയായ ആന്തരികോദ്ദേശ്യത്താൽ വരുന്നവരല്ല. നമ്മുടെ കാലത്ത് ഇത്തരം കാര്യങ്ങൾ വലിയൊരളവുവരെ തിരിച്ചറിയാനുള്ള ശാസ്ത്രീയമായ മാർഗങ്ങളുണ്ട്. എല്ലാ സമൂഹങ്ങളും പറ്റാവുന്നത്രയും അത്തരം മാർഗങ്ങൾ ഉപയോഗപ്പെടുത്തുക തന്നെവേണം.
ഇൻഡ്യയിലുള്ള മിക്കവാറും എല്ലാ സ്ത്രീ-പുരുഷ സന്യാസ സമൂഹങ്ങൾക്കും അവരവരുടെ സ്വന്തം ധ്യാനപ്രഭാഷണ ടീമുകളുണ്ട് എന്നാണ് ഞാൻ കരുതുന്നത്. പല പ്രമുഖ സമൂഹങ്ങൾക്കും അവരവരുടെ ലീഗൽ സെല്ലും കൗൺസിലിങ് ടീമും അക്കൗണ്ടന്റ് ടീമും ഒക്കെ ഉണ്ടാകും. എന്നാൽ, അതിനെല്ലാം മുമ്പ് പ്രമുഖ സന്യാസ സമൂഹങ്ങളെങ്കിലും വികസിപ്പിക്കേണ്ടിയിരു ന്നതും, ഇനിയും ചെയ്യാവുന്നതുമായ കാര്യം സന്യാസ സമർപ്പിത ജീവിതാവസ്ഥയിലുള്ളവർക്ക് സമീപിക്കാവുന്ന, അവരുടെ പ്രശ്നങ്ങളിന്മേൽ സ്പെഷലൈസ് ചെയ്തിട്ടുള്ള സ്പിരിച്ച്വൽ ഡിറക്റ്റേഴ്‌സും കൗൺസിലേഴ്സും ഉണ്ടാവുക എന്നതാണ്.
ഒരു മനഃശാസ്ത്ര കൗൺസിലറുടെ അടുത്ത് പോകുന്നതുപോലും വലിയ എന്തോ കുറച്ചിലായി കാണുന്ന സാമൂഹിക പശ്ചാത്തലത്തിൽ, എല്ലാ അംഗങ്ങളും ഓരോ വർഷവും ഒരു തവണയെങ്കിലും തങ്ങൾക്കിഷ്ടപ്പെട്ട ഒരു ആധ്യാത്മിക ഉപദേഷ്ടാവിനെയും സമർപ്പിതരുടെ പ്രശ്‌നങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത, മറ്റൊരു സന്ന്യാസസമൂഹത്തിലോ പ്രോവിൻസിലോ പെട്ട ഒരു കൗൺസിലറിനെ സന്ദർശിച്ച് മനസ്സു തുറന്ന് സംസാരിക്കുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും വേണം എന്നത് ഓരോ സന്യാസ സമൂഹവും ചട്ടമാക്കേണ്ടതുണ്ട്.
അംഗസംഖ്യ കൂട്ടുക എന്ന താല്ക്കാലിക ലാഭത്തിന് പോവുന്നത് വിദൂര ഭാവിയിൽ അംഗസംഖ്യ കുറയുന്നതിന് കാരണമാകും.
സമൂഹത്തിലെ എല്ലാവരെയും സ്‌നേഹത്തിലും സമർപ്പണ ബോധ്യ ത്തിലും ഒരുമിപ്പിച്ച് കൊണ്ടു പോകുക എന്നതാണ് തങ്ങളുടെ ദൗത്യം എന്ന കാര്യം പല സന്യാസ സമൂഹങ്ങളിലും ലോക്കൽ സുപ്പീരിയർമാരായി നിയമിതരായുന്നവർ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പെട്ടെന്നുതന്നെ അവർ ഡിസിപ്ലിനേറിയന്മാരായും ടാസ്ക് മാസ്റ്റേഴ്സ് ആയും ഭാവം മാറുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. സമൂഹ ജീവിതത്തിൽ ചെറുതല്ലാത്ത കല്ലുകടികൾ ഉണ്ടാകാൻ ഇത്തരം പ്രവണകൾ കാരണമാകുന്നുണ്ട്. സമർപ്പിതരുടെ മുൻകൈയ്യിൽ സന്യാസ സമർപ്പിത സമൂഹങ്ങളിലെ നേതൃത്വഗുണങ്ങൾ എന്നൊരു ഹ്രസ്വകാല പരിശീലന കോഴ്സ് വികസിപ്പിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.
ഞങ്ങളൊക്കെ ഇത്രകാലം ഇങ്ങനെയായിരുന്നു; ഇങ്ങനെതന്നെ അങ്ങ് മുന്നോട്ടു പോകാനുമാണ് ഞങ്ങൾ താല്പര്യപ്പെടുന്നത് എന്ന് പറഞ്ഞാൽ ഇനിയുള്ള കാലത്ത് അത് പോരാതെവരും. സന്യാസ-സമർപ്പിത ജീവിതത്തിന്റെ ഗുണപരമായ ഗ്ലാനിക്ക് സന്യാസ സമൂഹങ്ങളുടെ നിലപാടു കളും സമീപനങ്ങളും ഒരു പരിധിവരെ യെങ്കിലും നിമിത്തമായിട്ടുണ്ട്. സന്യാസ-സമർപ്പിത സമൂഹങ്ങൾ ആഗോള-പ്രാദേശിക സഭകളുടെ മാനവികമായ ആസ്തിയാണ്. അതുകൊണ്ടുതന്നെ സന്യസ്തർക്ക് ആഗോള-പ്രാദേശിക സഭകളോട് സവിശേഷമായ ഒരു ഉത്തരവാദിത്തമുണ്ട്. സ്ത്രീ-പുരുഷ സന്യാസ സമൂഹങ്ങൾ ഇവിടെ എക്കാലവും ഉണ്ടായിരിക്കണം എന്നത് സഭയുടെ പൊതുവായ അഭിലാഷമാണ്. വെറുതേ ഉണ്ടായിരിക്കുക എന്നതല്ല, കൃപയുടെ കൂടാരങ്ങളായി, സജീവമായ ദൈവരാജ്യ സൂചകങ്ങളായി, ജീവിക്കുന്ന സാക്ഷ്യങ്ങളായി, ഊഷ്മളമായ സ്‌നേഹസമൂഹങ്ങളായി ഉണ്ടായിരിക്കുകയാണ് വേണ്ടത്. അതിന് എന്തുതന്നെ ചെയ്യേണ്ടി വന്നാലും അതൊന്നും ഒരു ബാധ്യത യായി കണക്കാക്കപ്പെട്ടുകൂടാ!