മണിപൂര്‍ കലാപം: കാര്യകാരണങ്ങളിലൂടെ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മണിപൂര്‍ കലാപം: കാര്യകാരണങ്ങളിലൂടെ
2017-ല്‍ ബി ജെ പി അധികാരത്തില്‍ വന്നതിനുശേഷം മെയ്‌തെയ് സമുദായത്തില്‍ ഹിന്ദു ദേശീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഏകദേശം 10 ശതമാനം വരുന്ന സമുദായാംഗങ്ങള്‍ സനാമഹിസം എന്നറിയപ്പെടുന്ന ഒരു തദ്ദേശീയ മതം ആചരിക്കുമ്പോഴും തങ്ങളെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണാനുള്ള പ്രോത്സാഹനം ഈ സമൂഹത്തിനു ലഭിച്ചിട്ടുണ്ട്.

മണിപ്പൂരിലെ സ്ഥിതി വളരെ പരിതാപകരവും സംഘര്‍ഷാത്മകവുമാണ്. ഒറ്റപ്പെട്ട ചില സംഘര്‍ഷങ്ങള്‍ ഒരു സമ്പൂര്‍ണ്ണ കലാപമായി മാറിയതാണോ, അതോ നന്നായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വംശഹത്യയാണോ?

ഏപ്രില്‍ 25 മുതല്‍ 30 വരെ ചുരാചന്ദ്പൂര്‍ (നാട്ടുകാര്‍ ലാംക എന്ന് വിളിക്കുന്നു) ജില്ലയില്‍ നടന്ന സംഭവങ്ങള്‍, കാര്യങ്ങളുടെ നിജസ്ഥിതിയിലേക്കുള്ള സൂചന നല്കുന്നു. സംരക്ഷിത വനങ്ങളില്‍ നിന്ന് കുക്കി ഗ്രാമക്കാരെ ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് തദ്ദേശീയ ഗോത്രവര്‍ഗ നേതാക്കളുടെ സംഘടന (ഐ ടി എല്‍ എഫ്) ഏപ്രില്‍ 28-ന് രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ എട്ട് മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു.

ബന്ദ് പൂര്‍ണ്ണമായിരുന്നു, എന്നാല്‍ വൈകുന്നേരം 5 മണിക്ക് ശേഷം പൊലീസും അര്‍ധസൈനികരും കമാന്‍ഡോകളും നിരവധി വാഹനങ്ങള്‍ക്കൊപ്പം ന്യൂ ലാംകയില്‍ ഒത്തുകൂടാന്‍ തുടങ്ങി, പ്രദേശം സംഘര്‍ഷഭരിതമായി. അല്‍പ്പസമയത്തിനുള്ളില്‍, വെടിയൊച്ചകള്‍ കേട്ടു, കൊലവിളികളുടെ ആക്രോശങ്ങള്‍ കൊണ്ടു പ്രദേശം മുഖരിതമായി. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു; കണ്ണില്‍ പൊള്ളലും മൂക്കില്‍ അസ്വസ്ഥതയും അനുഭവപ്പെടും വിധം ശക്തമായത്. പക്ഷേ, തെരുവിലെ ചെറുപ്പക്കാര്‍ ധൈര്യത്തോടെ സേനാംഗങ്ങളെ ചെറുക്കുകയായിരുന്നു. കൂടുതല്‍ പരിശീലനം ലഭിച്ച പോരാളിസംഘങ്ങള്‍ മുന്നേറുകയും എതിരാളികള്‍ പിന്‍വാങ്ങുകയും ചെയ്യുന്ന ഒരു യുദ്ധക്കളം പോലെയായിരുന്നു അത്. ജിം കത്തിച്ചുവെന്നാരോപിച്ച് അന്ന് വൈകുന്നേരം അറസ്റ്റ് ചെയ്ത നേതാക്കളില്‍ ചിലരെ പൊലീസ് വിട്ടയച്ചപ്പോള്‍ ആള്‍ക്കൂട്ടം ആര്‍പ്പുവിളികളോ ടെ മടങ്ങി.

തലേദിവസം രാത്രി, ന്യൂ ലാംക ടൗണിലെ പി ടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ഒരു ഓപ്പണ്‍ ജിമ്മിന് അക്രമികള്‍ തീയിട്ടു, ജില്ലാ മജിസ്‌ട്രേറ്റ് 144 പ്രഖ്യാപിക്കുകയും ആളുകളുടെ സഞ്ചാരം നിരോധിച്ച് പൊതുകര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു.

മാര്‍ച്ച് 3 ന്, സംസ്ഥാനത്തെ 10 മലയോര ജില്ലകളിലും വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരു ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് പ്രഖ്യാപിക്കുകയും ആയിരക്കണക്കിന് ആദിവാസികള്‍ പങ്കെടുക്കുകയും 'വീ ഷാല്‍ ഓവര്‍കം' പാടുകയും ചെയ്തിരുന്നു.

സമരക്കാരുടെ പ്രധാന പരാതികള്‍ താഴെ പറയുന്നവയാണ്.

1) പട്ടിക വര്‍ഗ പദവി വേണമെന്നു പ്രബലമായ മെയ്‌തെയ് സമുദായം ഉന്നയിക്കുന്ന ആവശ്യവും മണിപ്പൂര്‍ ഹൈക്കോടതിയുടെ ശുപാര്‍ശയും. 2) മലയോര ആദിവാസികളുടെ അറിവും സമ്മതവുമില്ലാതെ ആദിവാസി ഭൂമികള്‍ സംരക്ഷിത വനമായി പ്രഖ്യാപിക്കല്‍. 3) തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ സാമുദായിക താത്പര്യങ്ങള്‍ നിറവേറ്റാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു.

എസ് ടി പദവിക്കായുള്ള മെയ്‌തെയ് സമുദായത്തിന്റെ ആവശ്യത്തെ പ്രതിഷേധക്കാര്‍ എതിര്‍ക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവയില്‍ ചിലത് ഇനിപ്പറയാം:

1. പ്രബലമായ മെയ്‌തെയ് സമുദായത്തിന് എസ് ടി അംഗീകാരം നല്‍കിയാല്‍, നിലവിലെ പട്ടിക വര്‍ഗക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 371 സിയുടെ ഭരണഘടനാ വ്യവസ്ഥ അസാധുവാകും. മലയോരങ്ങളിലെ ആദിവാസികളെ പ്രബല സമുദായത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള 'പട്ടിക വര്‍ഗം' എന്ന വിഭാഗം അര്‍ത്ഥശൂന്യമാകും.

2. ഗോത്ര വര്‍ഗക്കാരെ പ്രബലമായ മെയ്‌തെയ് സമുദായത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള എല്ലാ ഭരണഘടനാ വ്യവസ്ഥകളും ഉപയോഗശൂന്യമാകും. 1972- ലെ ഹില്‍ ഏരിയ കമ്മിറ്റി ഉത്തരവ്; മണിപ്പൂര്‍ ലാന്‍ഡ് റിഫോം ആന്‍ഡ് ലാന്‍ഡ് റവന്യൂ ആക്ട് 1960; മണിപ്പൂര്‍ ഹില്‍ ഏരിയാസ് വില്ലേജ് അതോറിറ്റി ആക്ട് 1956; മണിപ്പൂര്‍ ഹില്‍ ഏരിയ ഡിസ്ട്രിക്ട് കൗണ്‍സില്‍ ആക്ട് 1971 തുടങ്ങിയവ ഇപ്രകാര്യം നിര്‍വീര്യമാകുന്നവയില്‍ പെടുന്നു.

സംരക്ഷിത, കരുതല്‍ വനങ്ങള്‍ ആദിവാസികള്‍ കയ്യേറുകയാണെന്നാണ് സംസ്ഥാനത്തിന്റെ വാദം. എന്നാല്‍ പ്രതിഷേധക്കാര്‍ നിരവധി ന്യായങ്ങളുന്നയിച്ച് അതിനെ എതിര്‍ക്കുന്നു:

1. മണിപ്പൂര്‍ ഒരു സംസ്ഥാനമായി രൂപീകരിക്കുന്നതിനു മുമ്പുതന്നെ മലയോര ഗോത്രവര്‍ഗക്കാര്‍ എല്ലായ്‌പ്പോഴും മലകളില്‍ അധിവസിച്ചിരുന്നു. അവരെല്ലാം മലനിരകളിലെ ആദിവാസികളാണ്, പിന്നീടു ബ്രിട്ടീഷുകാര്‍ മണിപ്പൂരിന്റെ ഭാഗമാക്കിയെന്നു മാത്രം.

2. സംരക്ഷിത വന പ്രഖ്യാപനം ആദിവാസികളുടെ അറിവോടും സമ്മതത്തോടെയും ഉള്ളതല്ല. സംരക്ഷിത വനം പ്രഖ്യാപിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ആദ്യം ബോധ്യപ്പെടുത്തേണ്ടത് പ്രഥമമായും അതു ബാധിക്കുന്ന ആദിവാസികളെയാണ്.

3. സംരക്ഷിത വനങ്ങള്‍ പ്രഖ്യാപിക്കുന്നതിനെതിരെ ആദിവാസി മേധാവികളും മനുഷ്യാവകാശ സംഘടനകളും നിയമ വ്യവഹാരങ്ങള്‍ നടത്തിവരികയാണ്. ഭരണഘടനാപരമായ ഈ നടപടിക്രമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ തച്ചുതകര്‍ക്കുകയാണ്.

4. ഈ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച് ഹില്‍ ഏരിയ കമ്മിറ്റിയുമായി (എച്ച് എ സി) കൂടിയാലോചിച്ചിട്ടില്ല. മലയോര ഗോത്രവര്‍ഗക്കാരുടെ ഭരണഘടനാ സംരക്ഷണത്തിന്റെ ലംഘനമാണിത്.

മലനിരകള്‍ മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ സംസ്ഥാനം ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നാണ് സമരക്കാരുടെ വാദം. അവര്‍ ഇനിപ്പറയുന്ന എതിര്‍വാദങ്ങള്‍ ഉന്നയിക്കുന്നു:

1. മണിപ്പൂരില്‍ നിരവധി വിഘടിത ഗ്രൂപ്പുകളുണ്ട്. ഇവരില്‍ പലരും ഇത്തരം മയക്കുമരുന്ന് കച്ചവടത്തെയാണ് ആശ്രയിക്കുന്നത്. എന്നിരുന്നാലും, ഇതില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് ലാഭം? സമ്പന്നരും ശക്തരുമായ കുറച്ച് ആളുകള്‍, ചിലര്‍ മലകളില്‍ തന്നെയുള്ളവരാണ്, എന്നാല്‍ ഭൂരിഭാഗവും താഴ്‌വാരകളിലുള്ളവരും രാഷ്ട്രീയക്കാരുമായി ബന്ധം പുലര്‍ത്തുന്നവരുമാണ്.

2. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മലകളില്‍ മയക്കുമരുന്ന് കടത്തുകാരെ പിടികൂടാം. എന്തുകൊണ്ടാണ് മയക്കുമരന്നു കച്ചവടത്തിലെ വന്‍തോക്കുകളെ അറസ്റ്റ് ചെയ്യുന്നില്ലെന്നതിനു സംസ്ഥാന സര്‍ക്കാരാണ് ഉത്തരം പറയേണ്ടത്.

മണിപ്പൂര്‍ സര്‍ക്കാര്‍ വര്‍ഗീയമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ തങ്ങളുടെ അവകാശവാദത്തെ സാധൂകരിക്കുന്നതിന് അവരുന്നയിക്കുന്ന വാദങ്ങളിവയാണ്:

1. ബെഹിയാങ്ങിലെ ചന്ദ്രകീര്‍ത്തി പ്രതിമയുടെ നിര്‍മ്മാണവും ഉദ്ഘാടനവും. പ്രശസ്തനായ ഒരു ഗോത്രത്തലവനെ രണ്ട് മെയ്‌തെയ് മേധാവിമാര്‍ ചതിയില്‍ വീഴ്ത്തിയ സ്ഥലമാണത്.

2. തങ്ങളുടെ അവകാശങ്ങള്‍ക്കായി ആദിവാസികള്‍ അണിനിരക്കുമ്പോഴെല്ലാം 144 പ്രഖ്യാപിക്കുന്നു. അക്രമ ഭീഷണി ഉണ്ടാകുമ്പോള്‍ മാത്രമേ ഈ നിയമം ഉപയോഗിക്കാവൂ.

മാര്‍ച്ച് 10-ന് ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ചുരാചന്ദ്പൂരിലെ അന്നത്തെ എസ് പിയെ ഉടന്‍ സ്ഥലം മാറ്റി. സമാധാനപരമായി റാലി നടത്താന്‍ അദ്ദേഹം അവരെ അനുവദിച്ചു എന്നതാണു കാരണം.

3. ഒരു ഗോത്രവര്‍ഗക്കാരന്‍ ഭരണകൂടത്തിനെതിരെ എന്തെങ്കിലും അഭിപ്രായം സോഷ്യല്‍ മീഡിയായില്‍ പ്രകടിപ്പിച്ചാല്‍ ഉടനെ അയാള്‍ അറസ്റ്റിലാകുന്നു, എന്നാല്‍ വംശീയ ന്യൂനപക്ഷ/ആദിവാസികള്‍ക്ക് എതിരെ മെയ്‌തെയ് ആളുകള്‍ പ്രകോപനപരവും വര്‍ഗീയവുമായ അഭിപ്രായങ്ങള്‍ നടത്തുമ്പോള്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല.

4. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജില്ലാ ജീവനക്കാര്‍, ജോബ് കാര്‍ഡ് ഉടമകള്‍ എന്നിവര്‍ അവരുടെ ജോലിയുമായോ പദവിയുമായോ യാതൊരു ബന്ധവുമില്ലാത്ത വിവിധ പ്രോഗ്രാമുകളില്‍ ചേരാന്‍ എപ്പോഴും നിര്‍ബന്ധിതരാകുന്നു. ചന്ദ്രകീര്‍ത്തി പാര്‍ക്ക് തുറന്നപ്പോഴും, സംഗൈ ഉത്സവത്തിന്റെ സമയത്തും, തുടര്‍ന്ന് ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്യുമ്പോഴും ഇത് സംഭവിച്ചു. ഇത്തരം കല്‍പനകള്‍ പാലിച്ചില്ലെങ്കില്‍ ജോലിക്കാര്‍ക്ക് പലപ്പോഴും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയോ സ്ഥലം മാറ്റുകയോ മറ്റെന്തെങ്കിലും ശിക്ഷ നല്‍കുകയോ ചെയ്യാറുണ്ട്.

ഈശോസഭക്കാര്‍ ആക്രമിക്കപ്പെട്ടു

വിനാശം വിതയ്ക്കപ്പെട്ട മെയ് 3 ന് വൈകുന്നേരം, ബിഷ്ണുപൂര്‍ ജില്ലയില്‍, മോയര്‍നാഗിന് സമീപം ഒരു ജനക്കൂട്ടം ഈശോസഭാ സംഘത്തെ ആക്രമിച്ചു. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ തെക്ക് മൊയ്‌റാംഗിലുള്ള അവരുടെ വസതിയിലേക്ക് ഒരു വീടുവെഞ്ചരിപ്പിനുശേഷം സംഘം മടങ്ങുമ്പോള്‍ രോഷാകുലരായ ആള്‍ക്കൂട്ടം അവരുടെ വാഹനം തടയുകയായിരുന്നു.

ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ വാഹനം തിരിച്ചറിഞ്ഞതിനാല്‍ അവരെ മുന്നോട്ടു പോകാന്‍ അനുവദിച്ചു, എന്നാല്‍ വാഹനം നിറുത്തണമെന്ന ആവശ്യം അവഗണിച്ചു മുന്നോട്ടു പോകുകയാണ് സംഘമെന്ന് ആള്‍ക്കൂട്ടത്തിന് മുന്നിലുണ്ടായിരുന്ന മദ്യപരായ ചിലര്‍ തെറ്റിദ്ധരിച്ചു. അവര്‍ വാഹനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയും അതിന്റെ ചില്ലുകള്‍ തകര്‍ക്കുകയും അകത്തുണ്ടായിരുന്നവരെ വൈദികരെയും സെമിനാരിക്കാരെയും ഒരു അല്‍മായ അധ്യാപകനെയും ആക്രമിക്കുകയും ചെയ്തു. വൈദികരും സെമിനാരിക്കാരും ളോഹ ധരിച്ചിരുന്നു. ജനക്കൂട്ടം വാഹനവും കത്തിച്ചു.

എന്നിരുന്നാലും, ചില പ്രദേശവാസികള്‍ ജെസ്യൂട്ട് സംഘത്തെ സ്വന്തം വീടുകളിലേക്കു കൊണ്ടുപോയി സംരക്ഷിച്ചു. പിന്നീട്, അവര്‍ സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ അവര്‍ രാത്രി ചെലവഴിച്ചു. രണ്ട് സെമിനാരിക്കാര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. അവര്‍ സുരക്ഷിതമായി അവരുടെ ആശ്രമത്തിലേക്ക് മടങ്ങി.

നിക്ഷിപ്ത താല്‍പര്യമുള്ള ചിലര്‍ വിഷയത്തിന് വര്‍ഗീയ നിറം കൊടുക്കുകയാണ്. ഇംഫാല്‍ താഴ്‌വരയിലെ പള്ളികള്‍ തകര്‍ത്തുകൊണ്ട് അവര്‍ ചുറ്റിക്കറങ്ങുന്നു. ബിഷ്ണുപൂര്‍ ജില്ലയുടെ കീഴിലുള്ള മൊയ്‌റാംഗ് പ്രദേശത്ത് പോലും ഏതാനും പള്ളികള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ലഭ്യമായ ഒരു പട്ടിക പ്രകാരം, പ്രശ്‌നങ്ങള്‍ ആരംഭിച്ചതിനുശേഷം ഇതുവരെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ട 24 പള്ളികള്‍ നശിപ്പിക്കപ്പെട്ടു. മെയ്‌തെയ്കള്‍ കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന 16 പേരുടെയും വീടുകള്‍ കത്തിച്ച 27 ഗ്രാമങ്ങളുടെയും പേരുകള്‍ പട്ടികയില്‍ വായിച്ചത് ഞെട്ടിക്കുന്നതായിരുന്നു.

പ്രശ്‌നമുണ്ടാക്കുന്നവര്‍ പള്ളികള്‍ തകര്‍ക്കുക എന്ന ലക്ഷ്യവുമായി പുറത്തുനിന്നു വന്നവരാണെന്ന് തോന്നുന്നു. ജെസ്യൂട്ട് സംഘത്തെ ആക്രമിച്ചവരും പുറത്തുനിന്നുള്ളവരാണ് എന്നതു വ്യക്തമായിരുന്നു.

സഭ വേദന പ്രകടിപ്പിച്ചു

വടക്കുകിഴക്കന്‍ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളിലെയും ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്ന പൊതുവേദി മണിപ്പൂരില്‍ അരങ്ങേറിയിരിക്കുന്ന അശാന്തിയില്‍ വേദന പ്രകടിപ്പിച്ചു. 'ഗുരുതര സാഹചര്യങ്ങളില്‍ വെടി വയ്ക്കാനുള്ള ഉത്തരവു' സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യമാണ് അവിടത്തേത്.

മണിപ്പൂര്‍ ഗവര്‍ണറുടെ പേരില്‍ സംസ്ഥാന ആഭ്യന്തര കമ്മീഷണര്‍ ടി രഞ്ജിത് സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കിംവദന്തികള്‍ പ്രചരിക്കുന്നത് തടയാന്‍ ഭരണകൂടം അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കി. എന്നാല്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകളുടെ പ്രചരണത്തെ ഇത് സാരമായി ബാധിച്ചു.

തലസ്ഥാനം ഉള്‍പ്പെടുന്ന പ്രദേശമായ ഇംഫാല്‍ താഴ്‌വരയില്‍ പ്രധാനമായും അധിവസിക്കുന്ന മെയ്‌തെയ് വംശം സംസ്ഥാനത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്നു. ജനസംഖ്യയുടെ മൂന്നിലൊന്ന് (35.4%) വരുന്ന ആദിവാസി സമൂഹങ്ങള്‍ പ്രധാനമായും സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 90 ശതമാനവും വരുന്ന മലമ്പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.

പതിറ്റാണ്ടുകളായി ഭൂമിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സംബന്ധിച്ച പ്രശ്‌നം ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായിരുന്നു. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍, ആര്‍ എസ് എസ്, ബി ജെ പി തുടങ്ങിയ സംഘടനകളുടെ രാഷ്ട്രീയ സ്വാധീനത്താല്‍ ഈ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് സ്വന്തം മതാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഈ കൂട്ടര്‍ സംസ്ഥാനത്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതിനു മെയ്‌തെയ് സമൂഹത്തെ ഉപയോഗിക്കുകയാണ്.

ഈ രാഷ്ട്രീയ തീരുമാനത്തോടുള്ള പ്രതികരണമാണ് പ്രധാനമായും അക്രമമെന്ന് പ്രദേശത്തെ നേതാക്കള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, അതിന്റെ പൈശാചികതയും തീവ്രതയും, പ്രത്യേകിച്ച് പള്ളികള്‍ക്കെതിരായ ആക്രമണം, ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും സ്വാധീനത്തിന്റെ വളര്‍ച്ചയായാണ് അവര്‍ കാണുന്നത്. ഗോത്രീയ, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളുടെ മിശ്രണം കാരണം തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രം മണിപ്പൂരില്‍ കാലുറപ്പിക്കാന്‍ ചരിത്രപരമായ ബുദ്ധിമുട്ടു നേരിട്ടിട്ടുണ്ട്.

'ഈ വംശഹത്യയില്‍, ഹിന്ദു മെയ്‌തെയ് വിഭാഗക്കാര്‍ ഇതര ഗോത്രവര്‍ഗക്കാരുടെ പള്ളികള്‍ മാത്രമല്ല, മെയ്‌തെയ് ക്രിസ്ത്യാനികള്‍ക്ക് മാത്രമായുള്ള പള്ളികളും കത്തിച്ചു,' എന്നു ചൂണ്ടിക്കാണിക്കുകയാണ്, മണിപ്പൂരില്‍ ജനിച്ചു വളര്‍ന്ന് ഇപ്പോള്‍ കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനം നടത്തുന്ന ന്‌ഗൈനീലം ഹയോകിപ്പ്. 'ക്രിസ്തുവിനെ അനുഗമിക്കുന്ന സ്വന്തം സഹോദരങ്ങളെ അവരുടെ പള്ളികള്‍ കത്തിച്ചുകൊണ്ട് അവര്‍ ഉന്നമിട്ടു.'

'ഇതൊരു വംശഹത്യയല്ലെങ്കില്‍, പിന്നെന്താണത്? മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗമായി ഉള്‍പ്പെടുത്തുന്നതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ (എ ടി എസ് യു എം) പ്രതിഷേധ റാലി നടത്തിയപ്പോള്‍, മെയ്‌തെയ് അക്രമികള്‍ പള്ളികള്‍ കത്തിക്കുന്നു. ഇതിനു തീര്‍ച്ചയായും ഒരു മതപരമായ വശമുണ്ട്,' പ്രദേശത്തെ ലിയെന്‍ എന്ന ഒരു ക്രിസ്ത്യന്‍ നേതാവ് പറഞ്ഞു.

2017-ല്‍ ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം മെയ്‌തെയ് സമുദായത്തില്‍ ഹിന്ദു ദേശീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഏകദേശം 10 ശതമാനം വരുന്ന സമുദായാംഗങ്ങള്‍ സനാമഹിസം എന്നറിയപ്പെടുന്ന ഒരു തദ്ദേശീയ മതം ആചരിക്കുമ്പോഴും തങ്ങളെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണാനുള്ള പ്രോത്സാഹനം ഈ സമൂഹത്തിനു ലഭിച്ചിട്ടുണ്ട്.

കോടതിയുടെ ഏപ്രില്‍ 19-ലെ നിര്‍ദേശത്തിനുശേഷം, മെയ്‌തെയ് സമുദായത്തിന്റെ അഭ്യര്‍ത്ഥന അവലോകനം ചെയ്യാനും ഫെഡറല്‍ ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കായി ശുപാര്‍ശ ചെയ്യാനും സംസ്ഥാന സര്‍ക്കാരിന് നാലാഴ്ചത്തെ സമയപരിധി നല്‍കി.

ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ അക്രമത്തില്‍ ദുഃഖവും ഉത്കണ്ഠയും പ്രകടിപ്പിച്ചു. ഇവരുടെ പ്രസ്താവന സംഭവത്തെ മതതീവ്രവാദവുമായി ബന്ധിപ്പിക്കുകയോ ക്രിസ്ത്യാനികള്‍ സ്വന്തം മത വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടതായി സൂചിപ്പിക്കുകയോ ചെയ്യുന്നില്ല. 'സംയമനം പാലിക്കാനും പ്രശ്‌നങ്ങളുടെ സമാധാനപരമായ പരിഹാരത്തിനായി പ്രവര്‍ത്തിക്കാനും ഞങ്ങള്‍ ഉള്‍പ്പെടെ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. വിഭജനത്തിനും ധ്രുവീകരണത്തിനും കാരണമാകുന്ന ശക്തികളെ ഒഴിവാക്കാന്‍ ഞങ്ങള്‍ മണിപ്പൂരിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,' ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി വിജയേഷ് ലാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ക്രിസ്ത്യന്‍ ഗോത്ര സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് സൊസൈറ്റി, 'മത വിശ്വാസത്തിന്റെയും സാമുദായിക സ്വത്വത്തിന്റെയും വഴികളിലൂടെയുള്ള വിഭജനം' എന്ന് ശേഷിപ്പിച്ചുകൊണ്ട് അക്രമങ്ങളെ അപലപിച്ചു. സമാനമായ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന, നാഗാ സ്റ്റുഡന്റ്‌സ് യൂണിയന്‍ സര്‍ക്കാരിനോട് 'വിവിധ കക്ഷികളുമായി വിപുലമായ കൂടിയാലോചനയിലൂടെ ഈ സംഭവങ്ങളിലേക്ക് നയിച്ച അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍' സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org