മനുഷ്യവര്‍ഗം ഉണരും, ഉയരും: നമ്മുടെ സിരകളിലൊഴുകുന്ന മഷിയും തീയും

കൊച്ചിയിലെ ബിനാലെ കാഴ്ചകള്‍
മനുഷ്യവര്‍ഗം ഉണരും, ഉയരും: നമ്മുടെ സിരകളിലൊഴുകുന്ന മഷിയും തീയും
കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്ന സുന്ദര സൃഷ്ടികള്‍ മാത്രമല്ല കലകളെന്നും, മനുഷ്യന്റെ വിഹ്വലതകളും ഒറ്റപ്പെടലും അതിജീവന സമരങ്ങളും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുമുള്‍പ്പെടെ അസൗന്ദര്യ ജീവിതയാഥാര്‍ത്ഥ്യങ്ങളും കലകളുടെ ആവിഷ്‌കാര പ്രമേയങ്ങളായിത്തീരുന്നുവെന്നും ബിനാലെ കലാസൃഷ്ടികളില്‍ നിന്ന് മനസ്സിലാക്കാം.

കലകള്‍ മനുഷ്യചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. അത് മനുഷ്യന്റെ ആന്തരികതയുടെ അടയാളപ്പെടുത്തലുമാണ്. കല എന്നത്, എത്ര മാത്രം ഭേദരൂപങ്ങളും ആവിഷ്‌കാരശൈലികളും വ്യത്യസ്ത സങ്കേതങ്ങളും ഉള്ളതാണെന്നും അത് നി ശ്ചിതമായ ഒരു നിര്‍വചനത്തിലോ സങ്കല്‍പ്പത്തിലോ ഒതുക്കി നിര്‍ത്താനാവില്ലായെന്നും ബിനാലെ എന്ന കലാ ഉത്സവം നമ്മെ പഠിപ്പിക്കുന്നുണ്ട്. കേരള സമൂഹത്തിനു കലയെക്കുറിച്ചുള്ള ധാരണകളും സങ്കല്പങ്ങളും തിരുത്തിക്കുറിക്കുന്നതിന് ബിനാലെ സഹായകമായിട്ടുണ്ട്.

കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്ന സുന്ദര സൃഷ്ടികള്‍ മാത്രമല്ല കലകളെന്നും, മനുഷ്യന്റെ വിഹ്വലതകളും ഒറ്റപ്പെടലും അതിജീവന സമരങ്ങളും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുമുള്‍പ്പെടെ അസൗന്ദര്യ ജീവിതയാഥാര്‍ത്ഥ്യങ്ങളും കലകളുടെ ആവിഷ്‌കാര പ്രമേയങ്ങളായിത്തീരുന്നുവെന്നും ബിനാലെ കലാസൃഷ്ടികളില്‍ നിന്ന് മനസ്സിലാക്കാം. കലയെ മനുഷ്യജീവിത പരിസരങ്ങളുമായി കൂട്ടിയിണക്കുകയാണ് ഇത്തരം കലാമേളകളിലൂടെ നടക്കുന്നത്.

നാമൊരു കൂട്ടായ്മയാണ്. ദൈവവും സഹജീവികളും പ്രപഞ്ചവും ഉള്‍പ്പെട്ട, ചലനാത്മകവും ക്രിയാത്മകവുമായ കൂട്ടായ്മ. ''ഒറ്റയായ് ഒന്നുമില്ല, ഒന്നു മറ്റൊന്നിന്‍ തുടര്‍ച്ചയല്ലോ,'' എന്ന് കവിവാക്യം. സൃഷ്ടിക്കുന്നതിന്റെയും ആയിത്തീരലിന്റെയും പ്രക്രിയ നിരന്തരം ഈ പ്രപഞ്ചത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. ദൈവം എല്ലാ സൃഷ്ടവസ്തുക്കളിലും ക്രിയാത്മകമായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന ഒരു കലാ ആധ്യാത്മിക ചിന്തയുണ്ട്. എല്ലാ ക്രിയാത്മക കര്‍മ്മങ്ങളിലും ദൈവ-മനുഷ്യ-പ്രപഞ്ച കൂട്ടായ്മയുണ്ട്. നമ്മള്‍ ഒറ്റയ്ക്ക് ചെയ്യുന്നതൊക്കെ ഏകാന്തതയിലാണെങ്കില്‍ പോലും അതൊക്കെ കൂട്ടായ്മയുടെ ഭാഗമായ പ്രക്രിയയാണ്. സാമൂഹികത കൊണ്ടുതന്നെ സൃഷ്ടിയിലേര്‍പ്പെടുമ്പോള്‍ നാമൊരു കൂട്ടായ്മയാണ്. ഈ വര്‍ഷത്തെ ബിനാലെയുടെ കേന്ദ്ര പ്രമേയം ഇതാണ്.

സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളും വിഭാഗീയ സാമുദായിക രാഷ്ട്രീയ ദേശീയ വാദങ്ങളും അസ്വസ്ഥതകളും നിറഞ്ഞ ഒരു ഊഷരകാലത്തിലാണ് നാമിന്ന്. കാലത്തിന്റെ നൈരാശ്യവും സം ഘര്‍ഷവും പ്രതിരോധവും ഒക്കെ നമ്മുടെ ഭാഷയെയും കവിതയെയും കലയെയും ക്രിയാത്മക ചിന്തകളെയുമൊക്കെ നിഷേധിക്കുന്നുവെങ്കില്‍ കൂടിയും, ഈ ദുരിതാവസ്ഥകളില്‍ നിന്ന് കലാത്മകമായി ഉണര്‍ന്നുയരാനുള്ള മനുഷ്യ വര്‍ഗത്തിന്റെ ശേഷിക്കാണ് ബിനാലെയിലെ കലാവിഷ്‌കാരങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്.

'നമ്മുടെ സിരകളിലൊഴുകുന്ന മഷിയും തീയും' എന്നതാണ് ഈ വര്‍ഷത്തെ ബിനാലെയുടെ തലക്കെട്ട്. എഴുത്തുകാരിയും കലാകാരിയുമായ ഷുബിഗി റാവുവാണ് ഈ ബിനാലെ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ''ഭാഷകളുടെയും ആശയങ്ങളുടെയും വ്യാപനത്തെയും കഥ പറച്ചിലിനെയും പങ്കുവയ്ക്കലിനെയുമൊക്കെ നിരാകരിക്കുന്ന വിനാശകരമായ ഒരു കെട്ടുകഥയാണ് ദേശം എന്ന സങ്കല്പവും അതിര്‍ത്തികളുടെ അലംഘനീയതയും. എന്നാല്‍ ആഖ്യാനത്തിന്റെ ഏകത്വത്തെ നിഷേധിച്ചു കൊണ്ട് ബഹുവിധത്തില്‍ കെട്ടുപിണയുന്നതും മാഞ്ഞും മറന്നും പോയതുമായ കഥകളും പലവിധത്തില്‍ പലയിടങ്ങളില്‍ പലരിലൂടെ വ്യാപനം ചെയ്യപ്പെടുന്നു.'' ബിനാലെയുടെ കേന്ദ്ര പ്രമേയത്തെക്കുറിച്ച് ഷിബിഗി റാവു പറയുന്നു.

സ്വതന്ത്ര ചിന്തകള്‍ക്കും വൈവിധ്യങ്ങള്‍ക്കുമെതിരെ ഏകതാവാദത്തിന്റെ ഉറപ്പിക്കലെന്നവിധമുള്ള അധികാരഗര്‍വും ധാര്‍ഷ്ട്യവും ഇന്ന് പ്രബലമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 'പൊതു' എന്നത് ഒരു ഏകമാന ചരിത്ര രേഖയല്ല. അത് ''ബഹുലവും മാറിമറിയുന്നതും കലര്‍പ്പുള്ളതുമാണ്. വായിക്കുകയും കേള്‍ക്കുകയും ഒപ്പം അര്‍ത്ഥങ്ങളിലൂടെയും സൂചനകളിലൂടെയുമൊക്കെ സഞ്ചരിച്ചും വികസിച്ചും വഴി തിരിഞ്ഞും നിരന്തരം പരിവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ചങ്ങലക്കണ്ണിയായി മറ്റുള്ളവരില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഈ 'നെറ്റ്‌വര്‍ക്ക്' നീണ്ടെത്തുന്നത് അതിര്‍വരമ്പുകള്‍ ഭേദിച്ചുള്ള ഐക്യദാര്‍ഢ്യം, സ്വതന്ത്രഭാഷണം, സ്വതന്ത്ര പ്രസാധനം, വ്യക്തി സ്വാതന്ത്ര്യം, നിയമത്തിന്റെയും നിയമശാസ്ത്രത്തിന്റെയും യഥാര്‍ത്ഥ പൊരുള്‍ നിര്‍വചിക്കല്‍, മനുഷ്യ വിമോചനം എന്നിങ്ങനെ ഭൂമിശാസ്ത്രപരവും ദൈവശാസ്ത്രപരവും രാഷ്ട്രീയപരവുമായ സൂക്ഷ്മമായ ഉത്കണ്ഠകളിലേക്ക് കൂടിയാണ്'' 'നമ്മുടെ സിരകളില്‍ ഒഴുകുന്ന മഷിയും തീയും' എന്ന പ്രമേയത്തെ ഷിബിഗി റാവു ഇങ്ങനെ വിശദീകരിക്കുന്നു.

ആശയങ്ങളും ഭാവനകളും മെച്ചപ്പെടുത്തുന്നതിനും സമ്പന്നമാക്കുന്നതിനും ശാസ്ത്രീയവും രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ, തത്വചിന്താപരവുമായ കാലാവസ്ഥ അനിവാര്യമാണ്. ഇത്തരത്തില്‍ ജനങ്ങളും സംഭവങ്ങളും ചേരുന്ന ഇടങ്ങളിലേക്കും ബിനാലെ വിരല്‍ചൂണ്ടുന്നു. സ്വതന്ത്രമായി മനുഷ്യന്‍ ചിന്തിക്കേണ്ടതുണ്ട്, അന്ധമായ വിശ്വാസങ്ങളും മാനസിക അടിയറവുമില്ലാതെ. വ്യത്യസ്തതകളും സ്വതന്ത്ര ചിന്തകളും സംഭാഷണങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഒരു സമൂഹം ആന്തരിക സ്വാതന്ത്ര്യത്തിലും പൊതു മാനവികതാബോധത്തിലും സമ്പന്നമാകുന്നത്. ഉദാസീനത മാത്രമാണ് ഒരേയൊരു ശത്രു എന്നാണ് ക്യൂറേറ്ററായ ഷിബിഗി റാവു പറയുന്നത്. മര്‍ദിതാവസ്ഥയിലാണെങ്കില്‍ പോലും നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി മനുഷ്യന്‍ ചിന്തിക്കണം. പലപ്പോഴും അധികാര വിധേയത്വത്താല്‍ സ്വയം വിലക്കും നിയന്ത്രണങ്ങളുമേര്‍പ്പെടുത്തി നാം നിസ്സംഗരും നിശ്ശബ്ദരുമാകുന്നു. അതുകൊണ്ടുതന്നെ, ''ആഹ്ലാദ ഭരിതവും ഒപ്പം, ഗൗരവതരവുമായ നിലകളില്‍ ഭിന്നഭാവുകത്വങ്ങളിലുള്ള അനുശീലനങ്ങളിലൂടെ കടന്നു പോകുന്നതിന്റെ ആനന്ദം കൊച്ചിന്‍ ബിനാലെയുടെ ഈ പതിപ്പ് ഉള്‍ക്കൊള്ളുന്നുണ്ട്. ''ഏറ്റവും ദുരൂഹമായ അസംബന്ധത്തില്‍പ്പോലുമുള്ള ശുഭപ്രതീക്ഷയാണ് നമ്മുടെ കാലത്തിന്റെ ഭയാനകതയെ പരിവര്‍ത്തിപ്പിക്കാന്‍ സ്വാധീനശേഷിയുള്ള ഒറ്റമൂലി.''

കാലത്തിന്റെ ദൈന്യതയെയും അസുരതയെയും പ്രതിരോധിക്കാന്‍ സുസ്ഥിരമായ ബന്ധുത്വത്തിന്റെ സാധ്യതയെ നമുക്ക് വിഭാവന ചെയ്യാന്‍ കഴിയണം. ഈ പോരാട്ടത്തില്‍ നാം ഒറ്റപ്പെട്ടവരല്ല. ചെറിയവരും അവഗണിക്കപ്പെട്ടവരും വിസ്മരിക്കപ്പെട്ടവരും ഈ ബന്ധുത്വബലത്താല്‍ കരുത്താര്‍ജിക്കുക എന്നതും കാലത്തിന്റെ അനിവാര്യതയും രാഷ്ട്രീയ-ആത്മീയ നിലപാടുമാണ്. ഒരുപക്ഷേ അസാധ്യമെന്ന് തോന്നാവുന്ന ഈ ആദര്‍ശം നിലനില്‍ക്കാന്‍ വേണ്ടത്, ''വേണ്ടുവോളം ജനങ്ങള്‍ ഇതിനോടകം അതു നിറവേറ്റിയതുപോലെ ജീവിക്കുകയും ചിന്തിക്കുകയും പണിയെടുക്കുകയും ചെയ്യുക എന്നതു മാത്രമാണ്'' എന്ന് ഷിബിഗി റാവു പറയുന്നു. അതായത് നമ്മുടെ സ്വപ്നം നമ്മള്‍ ജീവിച്ചു തുടങ്ങുക എന്ന്.

കോവിഡ് കാരണം നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാ ണ് ബിനാലെയുടെ അഞ്ചാം പതി പ്പ് ഇപ്പോള്‍ നടക്കുന്നത്. അതു കൊണ്ടുതന്നെ ചില പാകപ്പിഴകളും ആരംഭ അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നു. ഏതാണ്ട് 25 രാജ്യങ്ങളില്‍ നിന്ന് 90 ആര്‍ട്ടിസ്റ്റുമാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി, കുടിയേറ്റ, വംശീയ- യാഥാസ്ഥിതിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള കലാവിഷ്‌കാരങ്ങള്‍ക്കാണ് ഈ പതിപ്പ് ബിനാലെ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ''സാമൂഹികതയുടെ കൂട്ടായ്മ കൊണ്ട് എങ്ങനെയാണ് അടിച്ചമര്‍ത്തലുകള്‍ക്കും നിശ്ശബ്ദമാക്കപ്പെടുന്നതിനും എതിരെ പ്രതിരോധം തീര്‍ക്കുന്നത് എന്ന് കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതു കഥ പറച്ചിലിലൂടെയും പാട്ടിലൂടെയും നര്‍മ്മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും ഒക്കെ തന്ത്രങ്ങളിലൂടെയുമാണ്.'' ബിനാലെ 2022-23 ന്റെ ലക്ഷ്യത്തെക്കുറിച്ച് ക്യൂറേറ്റര്‍ ഷിബിഗി റാവു പറയുന്നു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ പിന്നാക്ക രാജ്യങ്ങളില്‍നിന്നും, നാം ഒരിക്കലും കേട്ടിട്ടില്ലാത്ത ചില നാടുകളില്‍ നിന്നും ദ്വീപുകളില്‍ നിന്നും, കലാവേദികളില്‍ ഇതുവരെയും പരിഗണിക്കപ്പെടാത്ത സമൂഹങ്ങളില്‍ നിന്നും ഇടങ്ങളില്‍നിന്നുമുള്ള കലാകൃത്തുക്കളുടെ സൃഷ്ടികള്‍ ഈ ബിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിലുള്ള കലാപരീക്ഷണങ്ങളെയും ആവിഷ്‌കാര രീതികളെയും അടുത്തറിയുന്നതിലൂടെ, കലയെ കൂടുതല്‍ വിശാലമായ രീതിയില്‍ സമീപിക്കുന്നതിനും പുതിയ ആസ്വാദനശീലങ്ങള്‍ രൂപപ്പെടുത്തുന്നതിനും ബിനാലെ കലാമേള കേരള സമൂഹത്തിന്റെ കലാസ്വാദന അഭിരുചികളെ പരുവപ്പെടുത്തുന്നുണ്ട്. ക്യാന്‍വാസില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു വൈയക്തിക സൗന്ദര്യാസ്വാദനം എന്നതില്‍ കവിഞ്ഞ്, ഇന്ന് മനുഷ്യര്‍ നേരിടുന്ന സാമൂഹികവും പാരിസ്ഥിതികവും രാഷ്ട്രീയവും അസ്തിത്വപരവുമായ പ്രശ്‌നങ്ങളിലേക്കും വിഷയങ്ങളിലേക്കും അവയുടെ വിമര്‍ശനപരമായ അവബോധത്തിലേക്കും നിലപാടുകളിലേക്കുമാണ് ഈ കലാസൃഷ്ടികള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്. അത് നമ്മുടെ മനസ്സിനെയും ചിന്തകളെയും തീ പിടിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്‌തേക്കാം. അതിലൂടെ നമ്മുടെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെയും ഒപ്പം, നമ്മുടെ നിസ്സംഗതയെയും നാം അടുത്തറിയുന്നു.

പ്രധാന കലാസൃഷ്ടികള്‍

ജര്‍മ്മനിയില്‍ നിന്നുള്ള ഹേ ഗുയാങ് എന്ന ആര്‍ട്ടിസ്റ്റ്, ചരിത്രവും പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിഷ്ഠാപനമാണ് നടത്തിയിരിക്കുന്നത്. ഒരു ലക്ഷം ചിലങ്ക മണികള്‍ കര്‍ട്ടനായിട്ടിരിക്കുന്ന ഇന്‍സ്റ്റലേഷനാണിത്. കാഴ്ചക്കാര്‍ ചിലങ്കകര്‍ട്ടനുള്ളിലൂടെ കടന്നുപോകുമ്പോള്‍ മണികള്‍ ശബ്ദമുണ്ടാക്കുന്നത് ആത്മീയവും മതേതരവുമായ അനുഷ്ഠാനമക്രമങ്ങള്‍ക്ക് സമാനമായ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ഇന്‍സ്റ്റലേഷനോടനുബന്ധിച്ച് 'ധ്യാനവും ക്ഷീണവും' എന്ന വിസ്തൃതമായ ഒരു ചുവര്‍ ചിത്രവുമുണ്ട്. നാടോടി സംസ്‌കാരത്തെയും ആധുനിക സാങ്കേതിക വിദ്യകളെയും സൂചിപ്പിക്കുന്ന, യുക്തിഭദ്രമല്ലാത്ത കൊളാഷാണിത്. ആധുനികതയും പാരമ്പര്യങ്ങളും സ്മൃതികളും ഒക്കെ കൂടിക്കുഴഞ്ഞ, ചിലപ്പോള്‍ യുക്തിരഹിതമെന്ന് തോന്നിക്കുന്ന അവസ്ഥ നമ്മളിലുണ്ട്. ആത്മീയവും ചരിത്രവും ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട ധ്യാനവും വിചിന്തനവുമായിത്തീരുന്നു ഇത്.

ആധുനികകാല ദൃഷ്ടാന്തകഥകളുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള നാടോടിക്കഥകളും പഴഞ്ചൊല്ലുകളുമാണ് കേതകിസര്‍ പോത്ദര്‍ എന്ന ആര്‍ട്ടിസ്റ്റിന്റെ കഥാപാത്രങ്ങളുടെയും ആഖ്യാനങ്ങളുടെയും മാതൃകകള്‍. വന്യമൃഗങ്ങള്‍ക്ക് മാനുഷിക ഭാവങ്ങള്‍ നല്‍കി സമകാലിക സംഭവങ്ങളെയും സാഹചര്യങ്ങളെയുംക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയാണ്. ഒരു കാളയെക്കാള്‍ വലുതാണ് താനെന്ന് തെളിയിക്കുന്നതിനായി സ്വയം വീര്‍ത്ത് പൊട്ടിത്തെറിക്കുന്ന തവളയുടെ കഥ വരച്ചു കൊണ്ട്, സാമൂഹിക മാധ്യമ സംസ്‌കാരത്തെ 'ബ്രാവോ' എന്ന ചിത്രം പരിഹസിക്കുന്നു. 'മാനമിടിഞ്ഞ് വീണത് മുയല്‍ കണ്ടപ്പോള്‍' എന്ന ചിത്രത്തില്‍ സംഭവങ്ങളെയും അവസ്ഥകളെയും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഒരു മൃഗസമൂഹം അവരുടെ പദ്ധതികളോട്, നമ്മുടെ കാലത്തെ മുഖ്യ അവലംബമായ തെറ്റായ വിവരങ്ങളും ജനങ്ങളെ ഇളക്കിവിടുന്ന വൈകാരിക ഘോഷങ്ങളും വഴി പ്രതികരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

നൈസര്‍ഗികമായവ കൃത്രിമമായവയില്‍ നിന്ന് എങ്ങനെ വേറിട്ടിരിക്കുന്നു എന്നതും അവ പരസ്പരം കൂടിച്ചേരുന്ന ഇടമേതാണ് എന്നതുമാണ് ശ്രേയാശുക്ലയുടെ കലാസൃഷ്ടിയുടെ പ്രമേയം. സമാഹരണം, തരംതിരിക്കല്‍, വര്‍ഗീകരണം എന്നിവയിലൂടെ ഭൗതിക വസ്തുക്കളെ നിയന്ത്രിക്കാനുള്ള മനുഷ്യരുടെ അടങ്ങാത്ത ആസക്തി എങ്ങനെയാണ് അപരത്വം സൃഷ്ടിക്കുന്നത് എന്നാണ് ശ്രേയയുടെ സൃഷ്ടികള്‍ അന്വേഷിക്കുന്നത്.

പാരമ്പര്യത്തിനുമേല്‍ ആധുനികത ചെലുത്തുന്ന സ്വാധീനമാണ് 'ഹോളി സ്റ്റാര്‍ ബോയ്‌സ്' എന്ന ചിത്ര പരമ്പരയുടെ വിഷയം. നൈജര്‍ ഡെല്‍റ്റയില്‍ അധിവസിക്കുന്ന ജനവിഭാഗമായ ഒഗോണി വര്‍ഗക്കാരുടെ സമൂഹനൃത്തമാണ് 'കരിക്‌പോ.' ഈ നൃത്തത്തിനായി മാനുകളെ അനുകരിച്ച് തയ്യാറാക്കിയ മുഖംമൂടികള്‍ അണിയാറുണ്ട്. ഈ മുഖംമൂടികളെക്കുറിച്ചുള്ള അന്വേഷണമാണ് സിനസരോവിവ എന്ന ആര്‍ട്ടിസ്റ്റിന്റെ ഈ ചിത്ര പരമ്പര. നൈജര്‍ ഡെല്‍റ്റയിലും ലോകത്തെമ്പാടുമുള്ള വ്യവസായ ശാലകളിലെ തൊഴിലാളികളും തടവുകാര്‍ ഉപയോഗിച്ച് പഴകിയ മുഖംമൂടിയിലെ നിറങ്ങളെ സൂചിപ്പിക്കുന്നതാണ് ഇവയിലെ വര്‍ണ്ണങ്ങള്‍. നാഗരികതയില്‍ നിന്ന് വിദൂരത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന സമൂഹമാണ് 'ഹോളിസ്റ്റര്‍ ബോയ്‌സ്' സൂചിപ്പിക്കുന്ന മനുഷ്യര്‍.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org