മനുഷ്യവര്‍ഗം ഉണരും, ഉയരും: നമ്മുടെ സിരകളിലൊഴുകുന്ന മഷിയും തീയും

കൊച്ചിയിലെ ബിനാലെ കാഴ്ചകള്‍ : ഭാഗം-02 |
മനുഷ്യവര്‍ഗം ഉണരും, ഉയരും: നമ്മുടെ സിരകളിലൊഴുകുന്ന മഷിയും തീയും
ജാതീയമായ വേര്‍തിരിവുകള്‍ കേവലം പ്രവേശന പ്രശ്‌നമായി മാത്രം പരിമിതപ്പെടുത്താവുന്നതല്ല. മറിച്ച് അവ മനുഷ്യമനസ്സിന്റെ ഗുപ്ത സ്ഥാനങ്ങളിലേക്ക് ഊര്‍ന്നിറങ്ങിയിരിക്കുന്നവയാണ്. വ്യക്തമാകുന്ന ആദ്യ അടയാളമെന്ന നിലയില്‍ വസ്ത്രത്തില്‍നിന്നും തൊലിയില്‍നിന്നും ഈ വേര്‍തിരിവ് ആരംഭിക്കുന്നു.

പാരീസില്‍ നിന്നുള്ള അലി ചെറി എന്ന കലാകൃത്തിന്റെ 'മനുഷ്യരെയും ദൈവങ്ങളെയും ചെളിയെയും കുറിച്ച്' എന്ന കലാസൃഷ്ടി, പരമ്പരാഗത ഇഷ്ടിക നിര്‍മ്മാണ കളങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അധ്വാനത്തെ പിന്തുടരുന്നതാണ്. പുരാ വൃത്തങ്ങളെയും സൃഷ്ടികളെയും ഭൗതികവസ്തു എന്ന നിലയില്‍, വികസനത്തിന്റെയും ഭൂവിജ്ഞാനീയ ദുരന്തത്തിന്റെയും തൊഴിലിന്റെയും കാവ്യാത്മകവും അതി ഭൗതികവുമായ കാഴ്ചയെ ആവാഹിച്ചു കൊണ്ട് മണ്ണിനെ നോക്കിക്കാണുകയും, മനുഷ്യര്‍ക്കും പരി സ്ഥിതിക്കുമുണ്ടാകുന്ന ദുരന്തങ്ങള്‍, അധഃപതനങ്ങളുടെയും പുനരുജ്ജീവനങ്ങളുടെയും ചരിത്രം എന്നിവ അന്വേഷിക്കുകയും ചെയ്യുന്നു. പകുതി മൃഗവും പകുതി മനുഷ്യനുമായ മൂന്ന് ടെറക്കോട്ട ശില്പങ്ങള്‍ അസീറിയന്‍ കാവല്‍ ദേവതകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ദ്വാരപാലകരായി, മുതലാളി ആധുനികതയുടെ ബുദ്ധി ചാപല്യങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാനെന്ന വിധം നിലകൊള്ളുന്നു.

കോഴിക്കോട്ടുകാരിയായ സ്മിത ജി എസ് തന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച്, സൂക്ഷ്മജീവികള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളും വിചിത്ര ജലജീവികളും വിരാചിക്കുന്ന പ്രകൃതി ദൃശ്യങ്ങളിലൂടെ സ്വന്തം ജീവിതത്തെ പുനരാവിഷ്‌കരിക്കുകയാണ് തന്റെ കലാസൃഷ്ടിയിലൂടെ. അതിഭൗതീകം എന്നു തോന്നിപ്പിക്കുന്നതാണ് സ്മിതയുടെ ചിത്രം. ആത്മനിഷ്ഠയുടെ ഇരുളും വെളിച്ചവും ഇതിലുണ്ട്. ആലങ്കാരികതയാലും കാല്പനികതയാലും സമ്പന്നമാണ് സ്മിതയുടെ ഈ കലാവിഷ്‌കാരം.

''കല വിശ്രമിക്കുന്ന ആത്മാവ്'' എന്ന ഫോട്ടോഗ്രാഫിക് സൃഷ്ടിയില്‍ ബിജു ഇബ്രാഹിം കൊണ്ടോട്ടിയിലെ മാപ്പിള ജീവിതത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഓര്‍മ്മകളാണ് ആവിഷ്‌കരിക്കുന്നത്. കല, സാഹിത്യം, വാസ്തുവിദ്യ, സാമൂഹികജീവിതം എന്നിവയില്‍ ദ്രാവിഡ സംസ്‌കാരം മുതല്‍ അറേബ്യ വരെയുള്ള വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ആവിഷ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്ന കൊണ്ടോട്ടിയുടെ ശക്തമായ സൂഫി പാരമ്പര്യമുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ ജനങ്ങളുടെ ഓര്‍മ്മയില്‍നിന്ന് മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന അവരുടെ ദൈനംദിനസ്ഥലികളില്‍ നിന്ന് കണ്ടെടുക്കുന്ന വംശീയതയുടെ ബഹുത്വത്തെയാണ് ഇബ്രാഹിം തന്റെ ചിത്രങ്ങളിലൂടെ പിടിച്ചെടുക്കുന്നത്.

ബംഗ്ലാദേശിലെ ചിറ്റഗോംഗ് മലയോരങ്ങളിലെ തദ്ദേശീയ ഗോത്രങ്ങളില്‍ ഒന്നായ ത്രിപുര സമുദായത്തില്‍പ്പെട്ടയാളാണ് ജോയ് ദേബ് റോജ. ആ ജനതയുടെ മണ്ണും സംസ്‌കാരവും അന്തസ്സുമെല്ലാം കൈമോശം വന്നുകൊണ്ടിരിക്കുന്നു. ഈ സമൂഹം പതിറ്റാണ്ടുകളായി അനുഭവിച്ച നഷ്ടം, ഉത്കണ്ഠ, ഹിംസ എന്നിവയില്‍ നിന്നാണ് ഡ്രോയിംഗുകളും പെയിന്റിംഗുകളും പ്രതിഷ്ഠാപനങ്ങളും രൂപപ്പെട്ടുവരുന്നത്. 'വേരുകളിലേക്ക് മടങ്ങുക' എന്ന പരമ്പര 'ജമ്മ' ജനതയുടെ പരസ്പര ബന്ധവും അവരുടെ സംസ്‌കാരവും ജീവിതരീതികളും ആവിഷ്‌കരിക്കുന്നതിനോടൊപ്പം അവരുടെ ദേശങ്ങളും വനങ്ങളും ചിത്രീകരിക്കുന്നു. സൈനിക അടിച്ചമര്‍ത്തലിലും സര്‍ക്കാര്‍ അനുമതിയോടെയുള്ള തുടച്ചുനീക്കലിനുമെതിരെ ഒരു ജനത നടത്തിയ ചെറുത്തുനില്‍പ്പിന്റെ പ്രമാണമായി നിലകൊള്ളുന്നവയാണ് ഈ കലാകാരന്റെ സൃഷ്ടികള്‍.

അരികുവല്‍ക്കരണത്തിന്റെ വ്യക്തിഗതാനുഭവങ്ങള്‍ ചേര്‍ത്ത് ജാതിസ്വത്വത്തിന്റെ സങ്കീര്‍ണ്ണതയെ ദൃശ്യപരമായി അവതരിപ്പിക്കുന്നതാണ് ജിതിന്‍ലാല്‍ എന്‍ ആറിന്റെ കലാസൃഷ്ടി. ദലിത് ജീവിതങ്ങളുടെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ ഭാവാത്മകമായി അവതരിപ്പിക്കാന്‍ മലയാളത്തിലെ ദലിത് എഴുത്തുകാരനായ സി. അയ്യപ്പന്‍ തന്റെ സാഹിത്യസൃഷ്ടികള്‍ എങ്ങനെ ഉപയോഗിച്ചുവെന്ന് വായിച്ചറിഞ്ഞതില്‍ നിന്നാണ് 'പ്രേതഭാഷണം' എന്ന സൃഷ്ടിയുടെ ആവിര്‍ഭാവം. ഭാഷണം നടത്തുന്നത് ഭൗതികാസ്തിത്വമില്ലാത്ത പ്രേതമാകുക വഴി, അയ്യപ്പന്‍, കാഴ്ചകളുടെ അംഗീകൃത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നു. ഇതിന് ജാതീയ സമ്പദ്‌വ്യവസ്ഥയ്ക്കും അധികാരഘടനയ്ക്കും പുറത്ത് ശക്തമായി വ്യാപരിക്കാന്‍ സാധിക്കും. ഈ അനുമാന സങ്കല്പം കടംകൊണ്ട് 'പ്രേതാവിഷ്ടത' എന്ന ആശയത്തെ പുനരന്വേഷിക്കുന്ന ഒരു പരമ്പര ജിതിന്‍ലാല്‍ സൃഷ്ടിക്കുന്നു.

ഡല്‍ഹിയില്‍ കലാപ്രവര്‍ത്തനം നടത്തുന്ന ഇഷാന്‍ ടാങ്ഖ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭിന്നമായ മുന്നേറ്റങ്ങള്‍ മുതല്‍ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് നടക്കുന്ന പ്രതിഷേധങ്ങളും, കാലാവസ്ഥ വ്യതിയാനം മുതല്‍ ഉള്‍ഗ്രാമങ്ങളിലുണ്ടാക്കുന്ന ഫലങ്ങളുമുള്‍പ്പെടെ, ഇന്ത്യയെപ്പോലെ വിശാലവും സങ്കീര്‍ണ്ണവുമായ ഒരു രാജ്യത്തെ വലയം ചെയ്തിരിക്കുന്ന അ സാധാരണ വ്യപ്തിയുള്ള പ്രശ്‌നങ്ങളാണ് ഒരു ഫോട്ടോഗ്രാഫറായ ഇഷാന്‍ ടാങ്ഖ അവതരിപ്പിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള റിച്ചാര്‍ഡ് ബെല്ലിന്റെ കലാസൃഷ്ടികള്‍ മുദ്രാവാക്യ സ്വഭാവമുള്ളതും പ്രതിഷേധ ചുവര്‍ചിത്രങ്ങളുടെ ഭാഷയില്‍ നിന്ന് കടമെടുത്തതും, അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പൂര്‍ണ്ണ ശക്തിയെ അവതരിപ്പിക്കുന്നതുമാണ്. ഒരു ആക്ടിവിസ്റ്റ് എന്നതു പോലെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ബെന്‍ തന്റെ പ്രവര്‍ത്തനങ്ങളെ സാമൂഹിക നീതി, ഭൂ അവകാശങ്ങള്‍, ആസ്‌ട്രേലിയയിലെ തദ്ദേശീയ പരമാധികാരം മുതലായ കാര്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനുള്ള ആയുധമാക്കുന്നു. സഹസ്രാബ്ദമായി നില നിന്നുപോരുന്ന സംസ്‌കാരത്തിനുമേല്‍ അക്രമാസക്തമായ യൂറോപ്യന്‍ കൊളോണിയലിസം ഏല്‍പ്പിച്ച ആഘാതം ഇന്നും അവിടെയുള്ള ആദിവാസി സമൂഹങ്ങളെ രൂപപ്പെടുത്തുന്നത് തുടരുന്നു. ആദിവാസി ആക്ടിവിസ്റ്റുകളുടെ തലമുറയിലെ അംഗം എന്ന നിലയില്‍ വിവിധ ആദിവാസി സമൂഹങ്ങളുടെ ഭാഗം കൂടിയാണ് ഈ കലാകാരന്‍.

ആമസോണ്‍ വനനശീകരണം ആഗോള കാലാവസ്ഥ വ്യതിയാനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെയുള്ള തദ്ദേശീയര്‍ക്ക് ഭൂമിയുടെ മേലുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കേണ്ടത് പരമാധികാരത്തെയും അതിജീവനത്തെയും സംബന്ധിക്കുന്ന വിഷയമായിത്തീരുന്നു. 'ആമസോണ്‍ മഴക്കാടുകളിലെ സ്വര്‍ണ്ണഖനനവും ആക്രമണങ്ങളും' എന്ന വീഡിയോ ഇന്‍സ്റ്റലേഷന്‍ ഈ വിഷയത്തെ ആവിഷ്‌കരിക്കുന്നതാണ്. ഭരണകൂടങ്ങളും പൊലീസും പട്ടാളവും കോര്‍പറേഷനുകളും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അന്വേഷിക്കുന്ന ഗവേഷണ ഏജന്‍സിയായ 'ഫോറന്‍സിക് ആര്‍ക്കിടെക്ചര്‍' എന്ന പ്രസ്ഥാനമാണ് ഈ കാലാവിഷ്‌കാരം നടത്തിയിരിക്കുന്നത്.

അമോല്‍ കെ. പാട്ടീലിന്റെ (ബോംബെ) 'തൊലിയുടെയും പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയം', എന്ന പ്രതിഷ്ഠാപനം, തൊഴില്‍ ജാതി വ്യവസ്ഥകളും തൊട്ടു കൂടായ്മയും സമുദായത്തിലെ പ്രസ്ഥാനങ്ങളും ഉടനീളമുള്ള അവയുടെ ചരിത്രവും പ്രതിപാദിക്കുന്നു. ജാതീയമായ വേര്‍തിരിവുകള്‍ കേവലം പ്രവേശന പ്രശ്‌നമായി മാത്രം പരിമിതപ്പെടുത്താവുന്നതല്ല. മറിച്ച് അവ മനുഷ്യമനസ്സിന്റെ ഗുപ്ത സ്ഥാനങ്ങളിലേക്ക് ഊര്‍ന്നിറങ്ങിയിരിക്കുന്നവയാണ്. വ്യക്തമാകുന്ന ആദ്യ അടയാളം എന്ന നിലയില്‍ വസ്ത്രത്തില്‍ നിന്നും തൊലിയില്‍ നിന്നും ഈ വേര്‍തിരിവ് ആരംഭിക്കുന്നു. ഈ വിഭാഗം ജനങ്ങള്‍ക്ക് സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കോ വ്യവസായശാലകള്‍ക്കരികിലേക്കോ മാറിത്താമസിക്കേണ്ടിവരുന്നു. തൊഴിലിന്റെ പ്രകൃതത്താലും വിഷവസ്തുക്കളുമായ സമ്പര്‍ക്കം മൂലവും അവരെ മാരകമായ ത്വഗ്‌രോഗങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും വേട്ടയാടുന്നു. ഈ പ്രദേശങ്ങളിലെ മലിനമാക്കപ്പെട്ട ജലാശയങ്ങള്‍ കീടങ്ങളുടെയും രോഗങ്ങളുടെയും വിള നിലങ്ങളാണ്. നിലത്തെ തൊലിയോട് ഉപമിക്കുന്ന രൂപകവുമാണ് ചലനാത്മകമായ ഈ ഇന്‍സ്റ്റലേഷനില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഫ്രാന്‍സില്‍ നിന്നുള്ള മസീനിസ സെല്‍മാനിയുടെ 'സര്‍വ മരങ്ങളും ശത്രുക്കളാകാന്‍ ഇടയുണ്ട്', എന്ന കൃതികള്‍ സ്ഥലകാലങ്ങളുടെ പരിധിക്കു പുറത്ത് തങ്ങിക്കിടക്കുന്നവയാണെന്ന് തോന്നിക്കുമെങ്കിലും പ്രത്യേക സംഭവത്തെയോ സാഹചര്യത്തെയോ സൂചിപ്പിക്കാതെ തന്നെ അവ നിലനില്‍ക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ പരാമര്‍ശിക്കുന്നവയാണ് ലോകമാകമാനം സര്‍വ സമൂഹങ്ങളിലും പടര്‍ന്നു പിടിച്ചിട്ടുള്ള പീഡാനുഭവങ്ങളുടെയും വ്യാമോഹങ്ങളുടെയും കാഠിന്യമാണ് മൊത്തത്തില്‍ അദ്ദേഹത്തിന്റെ ലളിതവും സംയമിതവുമായ രചനകള്‍ സംവേദിക്കുന്നത്.

വിയറ്റ്‌നാമില്‍ നിന്നുള്ള താവോ നുയന്‍ ഫാന്‍ എന്ന ആര്‍ട്ടിസ്റ്റിന്റെ വീഡിയോ എങ്ങനെയാണ് കോണ്‍ക്രീറ്റ് സംസ്‌കാരം 'മീകോങ്' നദിയുടെ സാംസ്‌കാരിക പാരിസ്ഥിതിക ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് എന്ന് കാണിക്കുന്നു. തദ്ദേശീയ ജ്ഞാനത്തിന്റെയും നമ്മുടെ ജൈവവൈവിധ്യത്തിന്റെയും ഭാവഗാനാത്മകതയേയും ബഹുമാനിക്കുന്ന, കൂടുതല്‍ സൗമ്യമായ ആധുനികതയ്ക്കുവേണ്ടിയുള്ള ആഹ്വാനമാണ് ഇദ്ദേഹത്തിന്റെ കൃതികള്‍.

സൂറത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വസുധ കപാഡിയായുടെ സൃഷ്ടികള്‍ വൈയക്തികാനുഭവങ്ങളിലൂടെയും സാമൂഹികാവസ്ഥകളിലൂടെയും ആകുലതകളിലൂടെയും അവയില്‍നിന്ന് ഉത്ഭവം കൊണ്ട ആഗ്രഹങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നതിനായി വരകളെ ഉപയോഗിക്കുന്നു. അദൃശ്യമാക്കപ്പെട്ട, നശിപ്പിക്കപ്പെട്ട നിരാകരിക്കപ്പെട്ട വസ്തുക്കളെ വീണ്ടെടുത്ത് ചരിത്രവല്‍ക്കരിക്കുന്ന കപാഡിയ, അതുവഴി ഓര്‍മ്മയേയും സ്വത്വത്തെയും അവയുടെ അടിച്ചമര്‍ത്തലിനെയും നിയന്ത്രണത്തെയും നയിക്കുന്ന വ്യവസ്ഥകളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നു.

'ആത്മാവില്ലാത്ത നഗരം' എന്ന കലാസൃഷ്ടി, മ്യാന്‍മറിലെ യാന്‍ഗോണിന്‍ നിന്നുള്ള റിത ഖിന്‍ എന്ന കലാകൃത്തിന്റേതാണ്. സൈനിക ഭരണകൂടത്തിന്റെ അന്ധകാരത്തിന്റെ പ്രതീകമായി പണിത പുതുനഗരം, ഇപ്പോഴും നിലനില്‍ക്കുന്ന രാഷ്ട്രീയ സ്വാതന്ത്ര്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഈ കലാവിഷ്‌കാരത്തില്‍ പ്രതിപാദിക്കുന്നത്.

ബിനാലെയുടെ ഒരു പ്രധാന കലാവിഷ്‌കാരം ഉക്രൈനില്‍ നിന്നുള്ള സന്ന കദ്രൊവ്യയുടെ പ്രതിഷ്ഠാപനമാണ്. ഇവര്‍ തന്റെ സൃഷ്ടികളില്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും പരമ്പരാഗതമല്ലാത്ത മറ്റു വസ്തുക്കളും ഉപയോഗിക്കുന്നു. അത്തരം വസ്തുക്കള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നതിനായി അവരെ പുതിയ രൂപങ്ങളിലേക്ക് പുനര്‍നിര്‍മ്മിച്ചു കൊണ്ട് അവ പ്രതിനിധാനം ചെയ്യുന്ന ചരിത്രങ്ങളെയും അവയുടെ കാഠിന്യത്തെയും ഈ കലാകാരി വെല്ലുവിളിക്കുകയും ചെയ്യുന്നു. റഷ്യയുടെ ഉക്രൈന്‍ അധി നിവേശത്തോടെ കീവില്‍നിന്ന് പടിഞ്ഞാറുള്ള ട്രാന്‍സ്‌കാര്‍പാത്തിയന്‍ മേഖലയിലേക്ക് രക്ഷപ്പെടുകയും അവിടുത്തെ പ്രാന്തപ്രദേശത്ത് നദിയുടെ ഒഴുക്കുകൊണ്ട് ഉത്ഭവം കൊണ്ട ഉരുളന്‍ കല്ലുകള്‍ ശേഖരിച്ച് ഉക്രൈനിയന്‍ റൊട്ടിയായ പാലിയാനിറ്റ്‌സിയയുടെ രൂപത്തില്‍ കഷണങ്ങളാക്കി ഭക്ഷണത്തിലെന്നപോലെ മേശപ്പുറത്ത് ഒരുക്കിയിരിക്കുന്നതാണ് ഈ കലാവിഷ്‌കാരം.

കേരളത്തില്‍ കലാപ്രവര്‍ത്തനം നടത്തുന്ന മിത്ര കമലത്തിന്റെ സൃഷ്ടി സ്ത്രീപക്ഷ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ്. ഒരു യാഥാസ്ഥിതിക സമൂഹത്തിനകത്ത് തനിക്ക് നിയോഗിക്കപ്പെട്ട ഇടം, ലൈംഗികത എന്നിവയിലൂടെ നീങ്ങുന്ന ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍നിന്നുകൊണ്ട്, പ്രയാസകരമായ സംഭവങ്ങളെ മാറ്റി എഴുതാനും വീണ്ടെടുക്കാനുള്ള ആഗ്രഹത്തോടെ ഒരാള്‍ പുനഃസന്ദര്‍ശിക്കുന്നതിന്റെ വിചിത്രമായ യുക്തിയെ പിന്തുടരുന്ന തരത്തിലാണ് അത്തരം ഘടകങ്ങളെ കലാകാരി കൈകാര്യം ചെയ്യുന്നത്.

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഖാസി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മൗബ്രിഗ്രാമത്തിലെ ജീവിതരീതികളെ രേഖപ്പെടുത്തുന്നതാണ് മേഘാലയയില്‍ നിന്നുള്ള ട്രീബോര്‍ എന്ന ആര്‍ട്ടിസ്റ്റിന്റെ കൃതികള്‍. കൃഷിയില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന ഇവരുടെ ജീവിതത്തിന് തനതായ ഒരു താളമുണ്ട്. മൂന്ന് മണിക്കൂര്‍ അകലെയാണ് ഏറ്റവും അടുത്ത പട്ടണം. അവിടുത്തെ നിവാസികള്‍ ഭാരവും ചെങ്കുത്തായ ഉയരങ്ങള്‍ കയറിയും ഇറങ്ങിയും കാല്‍നടയായി അനേകം നാഴികകള്‍ നടക്കുന്നു. ചെറുത്തുനില്‍ക്കാനുള്ള ഒരു ജനതയുടെ ശേഷിയും അവരുടെ ആചാരങ്ങളും ജീവിതരീതികളും മുറുകെ പിടിക്കാനും സംരക്ഷിക്കാനും അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെയും രേഖപ്പെടുത്തുന്നത് മാവ്‌ലോങിന്റെ സൃഷ്ടികള്‍. ഗ്രാമവാസികള്‍ ഏര്‍പ്പെട്ടിരിക്കുന്ന കായികാധ്വാന രൂപങ്ങളും അവരുടെ സ്ഥിരോത്സാഹ ശീലവും, മണ്ണുമായും കൃഷിയുമായും അവര്‍ക്കുള്ള ബന്ധവും പ്രകാശിപ്പിക്കുന്നുണ്ട് ഈ സൃഷ്ടിയില്‍.

ചൂഷിത പാരിസ്ഥിതിക നയങ്ങള്‍ കാരണം ഭീഷണിയിലായ തുര്‍ക്കി മുതല്‍ ജോര്‍ജിയ വരെയുള്ള മുപ്പത്തിയേഴു കിലോമീറ്റര്‍ തീരപ്രദേശത്തുള്ള 208 പാറകളുടെ ഫോട്ടോഗ്രാഫിക് ഡോക്യുമെന്റേഷനാണ് തുര്‍ക്കിയില്‍ നിന്നുള്ള ആല്‍പര്‍ അയ്ഡിന്റെ 'ഉലകിന്റെ ഗീതം.' ഈ കലാസൃഷ്ടി നിര്‍മ്മിക്കുന്നതിന് കലാകാരന്‍ ഓരോ പാറയുടെയും ഭാരം, ഉയരം, ചുറ്റളവ് എന്നിവ അളക്കുകയും അത് അടയാളപ്പെടുത്തുകയും ചെയ്തു. തകര്‍ച്ചയുടെ ഭീഷണി നിലനില്‍ക്കുന്ന ഒരു ഇടത്തെ പ്രതിരൂപാത്മകമായി അടയാളപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

സ്ത്രീയാത്രകള്‍ സവിശേഷവും വ്യതിരിക്തവുമായ സ്ത്രീ സ്വാതന്ത്ര്യ പ്രമേയമായിട്ടാണ് പെപ്പര്‍ ഹൗസില്‍ ഒരുക്കിയിരിക്കുന്ന 'പബ്ലിക് ലൈഫ് ഓഫ് വിമണ്‍, എ ഫെമിനിസ്റ്റ് മെമ്മറി പ്രോജക്ട്' എന്ന ഇന്‍സ്റ്റലേഷന്‍. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പൊതു ഇടങ്ങളെ സൃഷ്ടിക്കുന്നതിന്റെ നേപ്പാളി സ്ത്രീകളുടെ ഓര്‍മ്മകളാണിത്. ജനകീയ രാഷ്ട്രീയത്തിലേക്കും പൊതുജീവിതത്തിലേക്കുമുള്ള തങ്ങളുടെ പ്രവേശനത്തിലൂടെ സ്ത്രീകള്‍ക്ക് പുതിയ സ്ഥാനങ്ങളും ആത്മനിഷ്ഠതയും സാധ്യമാക്കിയ വഴികളിലേക്ക് ഇത് നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ഈ പരമ്പര നേപ്പാളി സ്ത്രീകളുടെ സഞ്ചാരതൃഷ്ണയെ ബോധ്യപ്പെടുത്തുകയും തങ്ങളുടെ സാന്നിധ്യം, സ്വാതന്ത്ര്യം, കര്‍തൃത്വം എന്നിവ പ്രകടിപ്പിക്കാന്‍ അവര്‍ യാത്രകളെ ഉപയോഗിക്കുന്ന വഴികളെ വെളിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഇടം

ബിനാലെയുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള കലാകൃത്തുക്കളുടെ സൃഷ്ടികള്‍ ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയിട്ടുണ്ട്. 'ഇടം' എന്ന പേരില്‍, ജിജി സ്‌കറിയ, ജലദജ പി എസ്, രാധാ ഗോമതി എന്നിവരാണ് അത് ചിട്ടപ്പെടുത്തി ആവിഷ്‌കരിച്ചിരിക്കുന്നത്. അതിവേഗം മാറ്റങ്ങള്‍ സംഭവിക്കുന്ന ലോകത്ത്, സാമ്പത്തിക, രാഷ്ട്രീയ, കലാ മാറ്റങ്ങള്‍ പഴയ ലോകക്രമത്തെ വെല്ലുവിളിക്കുകയും ലോകമെന്ന ആശയത്തെതന്നെ മാറ്റിമറിക്കുകയും ചെയ്യുന്നു. ചരിത്രമെന്നത് മികച്ച സംഭവങ്ങളുടെ ഒരു ശേഖരണമല്ല, മറിച്ച് ഇന്നില്‍ ജീവിക്കുന്നതിന്റെ അനുഭവമാണത്. ഈ സാഹചര്യത്തില്‍ എല്ലാ വിനിമയങ്ങളും, ആയിരിക്കുന്നതിന്റെയും ആയിത്തീരലിന്റെയും ദീര്‍ഘമായ ഇടവേളയായിരിക്കും; ക്രിയാത്മകതയ്ക്കും സാമൂഹിക ചരിത്രത്തിനും ലോകത്തെ വാര്‍ത്തെടുക്കുന്നതില്‍ വളരെയധികം പങ്കുണ്ട്. 'ഇടം' ഇത്തരത്തിലുള്ള ഒരു ക്രിയാത്മക ഇടപെടലിന്റെ സൃഷ്ടികളാണ് അവതരിപ്പിക്കുന്നത്.

മനുഷ്യശരീരത്തെ ഇക്കോസിസ്റ്റത്തിന്റെ അവിഭാജ്യ ഭാഗമായി കാണുന്ന ശില്പങ്ങളും ചിത്രങ്ങളുമാണ് ചിത്ര ഇ ജിയുടേത്. മനുഷ്യനും ജീവജാലങ്ങളും, മനസ്സും ശരീരവും ഒന്നാണെന്നും, മനുഷ്യശരീരത്തില്‍ ആരംഭവും അവസാനവുമില്ലെന്നും, അത് പല തുടര്‍ച്ചകളുടെ ഭാഗമാണെന്നും ഉള്ള കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാണ് ചിത്രയുടെ കല. മണ്ണിലൂടെ മനുഷ്യശരീരത്തിന്റെ ആയിത്തീരലിനെ പ്രതിഫലിപ്പിക്കുന്നു ഇവ.

മധു വേണുഗോപാലിന്റെ 'ആന്‍ ആന്റിക്ക് പീസ് ഓഫ് ലവ്' എന്ന സീരിയല്‍ ആവിഷ്‌കാരം കലയെയും കൃഷിയെയും മനുഷ്യപ്രകൃതിയെയും സംയോജിപ്പിക്കുന്നു. അനുദിന ജീവിത പരിസരങ്ങളില്‍ നിന്നുള്ള കാഴ്ചകളാണ് ആവിഷ്‌കാരത്തിലെ രൂപങ്ങള്‍ക്കുള്ള പ്രചോദനം. ജ്യോതി രാജ് മായംപിള്ളി. സുനില്‍ വല്ലാര്‍പാടം. അബ്ദുള്ള പി എ, സാറാ ഹുസൈന്‍, ആന്റോ ജോര്‍ജ്, കിരണ്‍ സാം ജേക്കബ്, കൃഷ്ണ പ്രിയ പി ആര്‍ തുടങ്ങിയ മലയാളി കലാകൃത്തുക്കളുടെ കലാസൃഷ്ടികള്‍ 'ഇടം' പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ട്ട് റൂം

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഒരു സമാന്തര പ്രോഗ്രാമാണ് ആര്‍ട്ട് റൂം എന്ന ABC - Art by Children - എന്ന പ്രോജക്ട്. പഠനത്തെ ഒരു സര്‍ഗാത്മക പ്രക്രിയ ആക്കുന്നതിനുള്ള അന്വേഷണത്തില്‍നിന്ന് വികസിച്ച ഒരു പദ്ധതിയാണിത്. ആര്‍ട്ട് റൂമിന്റെ പ്രധാന സംഘാടകനായ ബ്ലെയിസ് ജോസഫ് ഇതിന്റെ പ്രസക്തിയെക്കുറിച്ചും രീതികളെക്കുറിച്ചും സംസാരിക്കുന്നു: ആര്‍ട്ട് റൂം ഒരു ഇടവും ആശയവുമാണ്. മത്സരങ്ങള്‍ ഇല്ലാത്തതും വിവേചനരഹിതവുമായ ഭയരഹിതവുമായ ഒരു കലയിടമാണിത്. മത്സരയിടങ്ങള്‍ നമുക്ക് ഇഷ്ടംപോലെ ഉണ്ട്. എന്നാല്‍ മത്സരം ഇല്ലാത്ത കലയിടങ്ങള്‍ വളരെ കുറവാണ്. പഠനയിടങ്ങളിലൊക്കെ മത്സരങ്ങളും വിവേചനവും വിചാരണയുമൊക്കെയാണ് കൂടുതല്‍ ഉള്ളത്. അവിടെയൊക്കെ കലയെ ഒഴിവാക്കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. കല കൊണ്ടുവന്നാല്‍ കുട്ടികള്‍ കൈവിട്ടു പോകും എന്ന ധാരണ ചില അധ്യാപകര്‍ക്കുണ്ട്. കുട്ടികളുടെ അച്ചടക്കത്തെ അത് ബാധിക്കും എന്നൊക്കെയുള്ള ഒരു തെറ്റിദ്ധാരണയാണത്. ആര്‍ട്ട് റൂമില്‍ വന്നിട്ടുള്ള ഒരു കുട്ടിപോലും ഇതുവരെയും ഒരു അച്ചടക്കരാഹിത്യവും പ്രകടിപ്പിച്ചിട്ടില്ല. ഒരു സാധനം പോലും കളവുപോകുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. വിശാലതയില്‍, പ്രകൃതിയില്‍ നമ്മള്‍ വളരെ ഫോക്കസ്ഡ് ആകും. ഒരു മതില്‍ക്കെട്ടിനുള്ളിലാകുമ്പോള്‍ അസ്വസ്ഥരാകും നമ്മള്‍. കടല്‍തീരത്തും കാടിനുള്ളിലുമൊക്കെ നാമായിരിക്കുമ്പോള്‍ പൊതുവേ നാം ശാന്തരാകും. വിശാലതയിലാണ് നാം നമ്മളെ തന്നെ കണ്ടെത്തുന്നത്. അങ്ങനെയൊരു ഇടമായിട്ടാണ് 'ആര്‍ട്ട് റൂമി'നെ കാണുന്നത്.''

ഇത് കുട്ടികള്‍ക്ക് മാത്രമുള്ള ഒരു ഇടമല്ല, മുതിര്‍ന്നവര്‍ക്കു കൂടിയാണ്. കുട്ടികള്‍ സ്വാഭാവികമായി എപ്പോഴും ക്രിയാത്മകമാണ്. എന്നാല്‍ മുതിര്‍ന്നവരുടെ ഇടപെടലും വ്യവസ്ഥിതിയുമൊക്കെ കുട്ടികളുടെ ക്രിയാത്മകതയെ പരിമിതപ്പെടുത്തുന്നുണ്ട്. കലയും കളിയും വേണ്ടതുപോലെയില്ലായെന്നതാണ് വിദ്യാഭ്യാസ പരിശീലനത്തിന്റെ പ്രധാന പ്രശ്‌നമെന്ന് ബ്ലെയ്‌സ് ജോസഫ് പറയുന്നു. ഒരു ഏകമാന അച്ചിലൂടെ കുട്ടികളെ കടത്തി വിടുന്ന സമ്പ്രദായമാണ് വിദ്യാഭ്യാസം. ആര്‍ട്ട് റൂം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നിച്ച് ക്രിയാത്മക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള ഒരു സ്‌പേസ് ആണ്. കുട്ടികള്‍ പലപ്പോഴും മുതിര്‍ന്നവരെ ആശ്ചര്യപ്പെടുത്താറുണ്ട്. മുതിര്‍ന്നവര്‍ വിചാരിക്കും അവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനുള്ള അറിവും പ്രാപ്തിയും ഉണ്ടെന്ന്. പക്ഷേ കുട്ടികള്‍ തങ്ങളുടെ സ്വാഭാവിക ക്രിയാത്മക ജ്ഞാനം കൊണ്ട് മുതിര്‍ന്നവരെ വിനയപ്പെടുത്തും. ക്രിയാത്മക പഠനത്തിനും അനുഭവത്തിനും അവസരമുണ്ടാകുക എന്നതാണ് അടിസ്ഥാനപരമായി വിദ്യാഭ്യാസത്തില്‍ ഉണ്ടാവേണ്ടത്. ഇതിനു ശേഷമാണ് വിഷയങ്ങളുടെയും വിവരങ്ങളുടെയുമൊക്കെ പഠനം. അപ്പോള്‍ മാത്രമേ ഒരു വ്യക്തി വിമര്‍ശനാത്മകമായി ചിന്തിക്കുന്നതിനും ധാര്‍മിക ബോധത്തോടെ പ്രവര്‍ത്തിക്കുന്നതിനും പ്രാപ്തി നേടുകയുള്ളൂ. ആര്‍ട്ട് റൂമില്‍ നടത്തുന്ന വര്‍ക്‌ഷോപ്പുകള്‍ ഒരു സമാന്തര പാഠ്യപദ്ധതിക്ക് തുല്യമാണെന്ന് ബ്ലെയിസ് പറയുന്നു.

വിഭജനങ്ങളുടെയും അന്യവത്കരണത്തിന്റെയും ആധിപത്യങ്ങളുടെയും സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍, അവയെക്കുറിച്ചുള്ള വിമര്‍ശനാത്മക അവ ബോധവും, കൂട്ടായ്മയുടെ ശാക്തീകരണവും സംജാതമാകേണ്ടതിന്റെ അനിവാര്യതയാണ് ബിനാലെ കലാമേള പ്രഖ്യാപിക്കുന്നത്. മറക്കപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും മാറ്റിനിര്‍ത്തപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് 'പൊതു'ബോധത്തെ ശക്തിപ്പെടുത്തുക. നാം ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വേറിട്ട ഒരു സ്വപ്നാത്മകലോകത്തിലേക്ക് നയിക്കുക എന്നതല്ല കലകള്‍ ചെയ്യുന്നത്. മറിച്ച്, കാഴ്ചപ്പാടുകളെയും സമീപനങ്ങളെയും പുതുക്കിപ്പണിതുകൊണ്ട് ജീവിതത്തിന്റെ പരിസരങ്ങളിലേക്ക് നമ്മെ തിരികെ എത്തിക്കുക എന്നതാണ് കലകളുടെ മാസ്മരികത.

അതിരുകളാല്‍ വേര്‍തിരിക്കപ്പെടാത്ത എല്ലാവര്‍ക്കും ഒരുപോലെ ഇടമുള്ള ഒരു ലോകക്രമത്തിന്റെ വിശാലതയില്‍, ക്രിയാത്മക കൂട്ടായ്മകളുടെ ഇടങ്ങള്‍ സൃഷ്ടിക്കാന്‍ സ്വതന്ത്ര സംഭാഷണങ്ങളും ചിന്തകളും കഥപറച്ചിലും പങ്കുവയ്ക്കലുമൊക്കെ ഉണ്ടാവേണ്ടതുണ്ട്. അതിന് കലാത്മക- നൈതിക അവബോധവും ഉണര്‍വും ഉണ്ടാകത്തവിധം ധൈഷിണികബോധത്തിന്റെ മഷിയും നീതിബോധത്തിന്റെ തീയും തമ്മില്‍ പടരട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org