
ഫ്രാന്‍സിസ് പാപ്പായുടെ മംഗോളിയന്‍ സന്ദര്‍ശനത്തിന്റെ മൂന്നു സന്ദേശങ്ങള്‍:
1) ചെറിയ അജഗണങ്ങള്‍ക്കു സഭ കരുതലേകുന്നു; പ്രാന്തപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കും.
2) സഭ സമാധാനത്തിന്റെ പാത പിന്തുടരുകയും എല്ലാവരെയും സമാധാനത്തിന്റെ ശില്പികളാകാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.
3) സഭ മതാന്തര സംവാദം വളര്‍ത്തുന്നു.
ലോകത്തിലെ ഏറ്റവും ചെറിയ കത്തോലിക്കാസമൂഹങ്ങളില്‍ ഒന്നായ മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണു ഫ്രാന്‍സിസ് പാപ്പ. 'ഹോപ്പിംഗ് ടുഗദര്‍' എന്ന പേരിലുള്ള ഈ ചരിത്ര തീര്‍ത്ഥാടനം ഓഗസ്റ്റ് 31-ന് ആരംഭിച്ച് 2023 സെപ്തം ബര്‍ 4-ന് സമാപിച്ചു. സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തിന്റെ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും കത്തോലി ക്കാസമൂഹവുമായും കൂടിക്കാഴ്ച നടത്തി. മംഗോളിയയില്‍ 'എല്ലാ വര്‍ക്കും ഒരു സഹോദരനാകാന്‍' താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹി ക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പ, ഉലാന്‍ ബാറ്ററിലെ സന്ദര്‍ശകപുസ്തകത്തില്‍ എഴുതിയ സന്ദേശം, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വിവരിക്കുന്നു: ''യുവാക്കളും പൗരന്മാരും ആധുനികരായിരിക്കുകയും പാരമ്പര്യങ്ങളാല്‍ സമ്പന്നരായിരിക്കുകയും ചെയ്യുന്ന ഈ രാജ്യത്ത്, പ്രത്യാശാജനകമായ സമാഗമങ്ങളുടെയും സൗഹൃദങ്ങളുടെയും പാതകളിലൂടെ ഒരു സമാധാനതീര്‍ത്ഥാടകനെന്ന നിലയില്‍, സഞ്ചരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. മംഗോളിയയെ ആശ്ലേഷിക്കുന്ന വിശാലമായ ഈ തെളിഞ്ഞ ആകാശം സാഹോദര്യത്തിന്റെ പുതിയ പാതകളെ പ്രകാശമാനമാക്കട്ടെ.''
പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് അന്താരാഷ്ട്ര പേപ്പല്‍ പര്യടനങ്ങള്‍ ആരംഭിച്ചത് (1964-ല്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചതോര്‍ക്കുക). ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് അവ വന്‍തോതില്‍ വര്‍ധിച്ചു. (1986-ലും 1999-ലും അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു). ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 129 രാജ്യങ്ങളില്‍ തീര്‍ത്ഥാടനം നടത്തി. 2013-ല്‍ തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു. നമ്മുടെ അടുത്ത അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവയും അവയില്‍ ഉള്‍പ്പെടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ നാളിതുവരെ വലിയ കത്തോലിക്കാ രാഷ്ട്രങ്ങള്‍ മാത്രമല്ല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും അറിയപ്പെടാത്തതുമായ ചില രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു എന്നത് തിരിച്ചറിയുക പ്രധാനമാണ്. അദ്ദേഹം കര്‍ദ്ദിനാള്‍മാരെ നിയമിക്കുമ്പോഴും ലോകം ശ്രദ്ധിക്കുന്ന ഒരു സവിശേഷതയാണത്. ഫ്രാന്‍സിസ് ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും പോലും മുമ്പ് ഒരു മാര്‍പാപ്പയും പോയിട്ടില്ലാത്ത നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു എന്നത് ശ്രദ്ധേയമാണ്. അത്തരം സന്ദര്‍ശനങ്ങളിലൂടെയും ഈ പാര്‍ശ്വവത്കൃത പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാരെ നിയമിക്കുന്നതിലൂടെയും ഫ്രാന്‍സിസ് കത്തോലിക്കാ സഭ എല്ലാവരുടേതുമാണെന്നും സഭയില്‍ എല്ലാവര്‍ക്കും പ്രാധാന്യമുണ്ടെന്നും ഉള്ള പ്രവാചകതുല്യമായ പ്രസ്താവന നടത്തുകയാണ്. യൂറോ കേന്ദ്രീകൃതമായ കത്തോലിക്കാ സഭ ഒരു ആഗോള സഭയായി മാറുകയും പരിലസിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനങ്ങള്‍ ഉറപ്പിക്കുകയാണ്. ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു: മെക്‌സിക്കോ, ബ്രസീല്‍, ഫിലിപ്പീന്‍സ്, നൈജീരിയ തുടങ്ങിയ ചില വലിയ കത്തോലിക്കാ രാജ്യങ്ങള്‍ ദക്ഷിണാര്‍ദ്ധഗോളത്തിലാണ്. 'വിദൂരസ്ഥമായ' അര്‍ജന്റീനയില്‍ നിന്ന് വന്ന ഫ്രാന്‍സിസ് ബോധപൂര്‍വം ആഗോള ആകുലതകളെ - ദരിദ്രര്‍, കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, യുദ്ധത്തിന്റെയും അക്രമത്തിന്റെയും ഇരകള്‍, അന്തസ്സും അവകാശങ്ങളും ലംഘിക്കപ്പെടുന്നവര്‍ - മുന്‍നിരയിലേക്കു കൊണ്ടുവരുന്നു. അതുകൊണ്ട്, പ്രഥമമായും മാര്‍പാപ്പയുടെ മംഗോളിയ സന്ദര്‍ശനത്തെ ഈ പശ്ചാത്തലത്തില്‍ കാണണം.
ഫ്രാന്‍സിസ് പാപ്പ, മംഗോളിയയ്ക്ക് ആദ്യത്തെ കര്‍ദ്ദിനാളിനെയും ആദ്യ പേപ്പല്‍ സന്ദര്‍ശനവും സമ്മാനിച്ചു. മംഗോളിയയിലെ കത്തോലിക്കാ സഭയുടെ തലവനാണ് കര്‍ദ്ദിനാള്‍ ജോര്‍ജിയോ മാരെങ്കോ. 49 കാരനായ ഈ ഇറ്റാലിയന്‍ മിഷണറി, ഏറ്റവും പ്രായം കുറഞ്ഞ കാര്‍ഡിനലുമാണ്.
യൂറോപ്പിലെയും ഏഷ്യയിലെയും വലിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശക്തമായ ഒരു സാമ്രാജ്യത്തിന്റെ (ഇതുവരെ നിലനിന്നിരുന്നതില്‍ വച്ച് ഏറ്റവും വലുത്?) പ്രഭവകേന്ദ്രം എന്ന് ചരിത്രപരമായി അറിയപ്പെടുന്ന, കരയാല്‍ ചുറ്റപ്പെട്ട ഒരു രാഷ്ട്രമാണ് മംഗോളിയ. ക്രൂരനായ പടയോട്ടക്കാരനായ ചെങ്കിസ് ഖാന്‍ (1162-1227) ആണ് പ്രധാനമായും ഈ സാമ്രാജ്യശില്പിയായി കണക്കാക്കപ്പെടുന്നത്. ഇന്നത്തെ മംഗോളിയയ്ക്ക് വടക്ക് റഷ്യയും തെക്ക് ചൈനയും അയല്‍രാജ്യങ്ങളായി ഉണ്ട്; ഭൗമരാഷ്ട്രീയ സ്വാധീനം വിപുലീകരിക്കാന്‍ നിഷ്‌കരുണം ശക്തിയും കരുത്തും പ്രകടിപ്പിക്കുന്ന രണ്ട് രാജ്യങ്ങള്‍. രാജ്യത്തെ 35 ലക്ഷം ജനങ്ങളില്‍ ഭൂരിപക്ഷവും ബുദ്ധമതവിശ്വാസികളാണ്.
സഭയെ സംബന്ധിച്ചിടത്തോളം, 2020 ലെ സെന്‍സസ് അനുസരിച്ച്, മംഗോളിയയിലെ 1354 കത്തോലിക്കര്‍ 9 ഇടവകകളിലായി കഴിയുന്നു: 5 രൂപതാവൈദികരും 18 സന്യാസവൈദികരും അവര്‍ക്കു വേണ്ടി സേവനം ചെയ്യുന്നു. ചില സന്യസ്തര്‍ മറ്റ് രംഗങ്ങളിലും സേവനം ചെയ്യുന്നു.
ദീര്‍ഘകാലം കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായിരുന്നശേഷം, 1990 കളുടെ തുടക്കത്തില്‍ മംഗോളിയ ഒരു ജനാധിപത്യ രാജ്യമായി മാറി. ക്രമേണ, ക്രിസ്ത്യന്‍ മിഷനറിമാരെ അവിടേക്കു പ്രവേശിക്കാനും സേവനം ചെയ്യാനും അനുവദിച്ചു. കൗതുകകരമെന്നു പറയട്ടെ, രാജ്യത്തെ എല്ലാ കത്തോലിക്കരും ഒത്തുചേരുകയാണെങ്കില്‍ എല്ലാവര്‍ക്കും പരസ്പരം അറിയാന്‍ കഴിയുന്ന ലോകത്തിലെ അപൂര്‍വം രാജ്യങ്ങളിലൊന്നാണു മംഗോളിയ.
മംഗോളിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അറിയുക പ്രധാനമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ആദ്യത്തെ കാരണം കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസം ശക്തിപ്പെടുത്തുകയും മംഗോളിയയും വത്തിക്കാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്, തര്‍ക്കമില്ല. സന്ദര്‍ശന വേളയില്‍ പരസ്യമായോ സ്വകാര്യമായോ നടത്തിയ പ്രാര്‍ത്ഥനകളും കുര്‍ബാനകളും ഈ വസ്തുതയെ ധാരാളമായി പ്രതിഫലിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മംഗോളിയയിലേക്കുള്ള പാപ്പായുടെ സന്ദര്‍ശനത്തിന് മറ്റൊരു കാരണമുണ്ട്: ചൈനയോടും റഷ്യയോടും ഏറ്റവും അടുത്തു നില്‍ക്കുക, അക്ഷരാര്‍ത്ഥത്തില്‍. മാര്‍പ്പാപ്പയുടെ ആത്മാര്‍ത്ഥമായ ആഗ്രഹമാണിത്. മുമ്പ്, വത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും റഷ്യയും ചൈനയും തങ്ങളുടെ രാജ്യങ്ങളിലേക്ക് പേപ്പല്‍ സന്ദര്‍ശനം നിരസിച്ചു. ഒരു മാര്‍പാപ്പയും ചൈനയോ റഷ്യയോ സന്ദര്‍ശിച്ചിട്ടില്ല. റഷ്യയുടെ പുടിന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടെങ്കിലും അതു റഷ്യയില്‍ വച്ചായിരുന്നില്ല. അതുപോലെ, ചൈന-വത്തിക്കാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് വത്തിക്കാന്‍ വളരെയേറെ പരിശ്രമിച്ചിട്ടും ചൈനീസ് നേതാക്കള്‍ ഒഴിഞ്ഞുമാറുകയും വത്തിക്കാന്റെ പരിശ്രമങ്ങളോട് ഉദാസീനത പുലര്‍ത്തുകയുമാണു ചെയ്തത്. സാംസ്‌കാരികവും മതപരവും രാഷ്ട്രീയവുമായ സങ്കീര്‍ണ്ണ കാരണങ്ങള്‍ ഈ സമാഗമങ്ങളെ ദുഷ്‌കരമാക്കി -ഏറെക്കുറെ അസാധ്യവും. മറ്റ് മാര്‍പാപ്പമാരെപ്പോലെ, ഫ്രാന്‍സിസ് മാര്‍പാപ്പയും ചൈനയിലേക്കും റഷ്യയിലേക്കും എത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടാണിരുന്നത്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും സമാധാനം പ്രോത്സാഹിപ്പിക്കാനുമുള്ള അപേക്ഷകളുമായി അദ്ദേഹം കര്‍ദിനാള്‍മാരെ അയച്ചു. ആലങ്കാരികമായി, ചൈനയും റഷ്യയും സന്ദര്‍ശിക്കാനുള്ള മാര്‍പാപ്പയുടെ ദീര്‍ഘകാല സ്വപ്‌നം മംഗോളിയ സന്ദര്‍ശനത്തിലൂടെ ഭാഗികമായെങ്കിലും സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പറയാം! എല്ലാവരുടെയും സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി പ്രയത്‌നിക്കണമെന്നു തൊട്ടടുത്തുള്ള മംഗോളിയയില്‍ നിന്നു മാര്‍പാപ്പ പറഞ്ഞതു ചൈനയും റഷ്യയും കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കുമെന്ന് പ്രതീക്ഷിക്കാമോ?
മംഗോളിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ഔപചാരികവും അനൗപചാരികവുമായ യോഗങ്ങളില്‍ നിന്നുള്ള മൂന്ന് കാര്യങ്ങള്‍ എടുത്തു പറയാം: 1) ചെറിയ അജഗണങ്ങള്‍ക്കു സഭ കരുതലേകുന്നു; പ്രാന്തപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കും. 2) സഭ സമാധാനത്തിന്റെ പാത പിന്തുടരുകയും എല്ലാവരെയും സമാധാനത്തിന്റെ ശില്പികളാകാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. 3) സഭ മതാന്തര സംവാദം വളര്‍ത്തുന്നു.
സഭ എല്ലാവരേയും ശ്രദ്ധിക്കുന്നു എന്ന വസ്തുതയെ സാക്ഷ്യപ്പെടുത്തുന്നതാണ് മംഗോളിയയില്‍ ചെറിയ അജഗണത്തോടൊപ്പം അര്‍പ്പിക്കപ്പെട്ട മാര്‍പ്പാപ്പയുടെ വി.കുര്‍ബാനകളും പ്രാര്‍ത്ഥനകളും. വിശ്വാസം, സന്തോഷം, ഔദാര്യം, നിസ്വാര്‍ത്ഥ സേവനം എന്നിവ ക്രിസ്തീയ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും അനിവാര്യമായ ചില സവിശേഷതകളാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദരിദ്രര്‍ക്കും ഗാര്‍ഹിക പീഡനത്തിന് ഇരകളായവര്‍ക്കുമുള്ള അഭയകേന്ദ്രമായ 'ആനന്ദ ഭവനം' ഉദ്ഘാടനം ചെയ്തുകൊണ്ടു പാപ്പാ ഉദ്‌ബോധിപ്പിച്ചു, ''ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ നമ്മെ നിര്‍ബന്ധിക്കുമ്പോള്‍, യേശു നമ്മുടെ ലോകത്തില്‍ അവന്റെ സാന്നിധ്യവും അവസ്ഥയും തിരിച്ചറിയുന്നതിനും അന്ത്യവിധിയില്‍ തന്റെ രാജ്യത്തിന്റെ പരമോന്നത സന്തോഷത്തിലേക്കു പ്രവേശിക്കുന്നതിനുമുള്ള മാനദണ്ഡം നമുക്ക് നല്‍കുകയാണ്.'' ഫ്രാന്‍സിസ് മാര്‍പാപ്പയെ സംബന്ധിച്ചിടത്തോളം കരുണ എന്നത് അനേകം പുണ്യങ്ങളില്‍ ഒന്നല്ല, മറിച്ച് സ്‌നാനമേറ്റ നമ്മെ യഥാര്‍ത്ഥ ക്രിസ്ത്യാനികളാക്കുന്ന ഒഴിച്ചുകൂടാനാവാത്ത പുണ്യമാണ്.
ഉലാന്‍ബാറ്ററിലെ മതേതര നേതാക്കളോടു പാപ്പാ പറഞ്ഞു, ''യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ചിതറിപ്പോകട്ടെ, ഒരു സാര്‍വത്രിക സാഹോദര്യത്തിനായുള്ള ഉറച്ച ആഗ്രഹത്താല്‍ അവ തൂത്തെറിയപ്പെടട്ടെ, സംഘര്‍ഷങ്ങള്‍ കൂടിക്കാഴ്ചകളിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കപ്പെടുകയും എല്ലാ ജനങ്ങളുടെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യട്ടെ!'' ആധ്യാത്മിക പൈതൃകവും ജ്ഞാനവും ജനങ്ങള്‍ക്കുള്ളതിനാല്‍, ആഗോളസമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ മംഗോളിയയ്ക്ക് കഴിയുന്നുവെന്നതിനെ മാര്‍പ്പാപ്പ ശ്ലാഘിച്ചു. പ്രാര്‍ത്ഥനാപൂര്‍വം മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു: “''ഇവിടെ, ചരിത്രത്താല്‍ സമ്പന്നവും ആകാശത്തേക്ക് തുറന്നിരിക്കുന്നതുമായ ഈ രാജ്യത്ത്, നമുക്ക് ഉന്നതങ്ങളില്‍ നിന്നുള്ള ഈ സമ്മാനം അഭ്യര്‍ത്ഥിക്കാം, സമാധാനത്തിന്റെ ഭാവി കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.''
സമാധാനത്തിനായുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനയും സമാധാനത്തിന്റെ ശില്പികളാകാനുള്ള അദ്ദേഹത്തിന്റെ ക്ഷണവും ഈ യാത്രയെ ശ്രദ്ധേയമാക്കുന്നു. സഭയുടെ മതാന്തര സംവാദ ശുശ്രൂഷയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെ തീവ്രമായും തീക്ഷ്ണമായും പ്രവര്‍ത്തിച്ചിട്ടുള്ള മാര്‍പാപ്പമാരില്ല. നേരത്തെ ശ്രീലങ്ക, മ്യാന്‍മര്‍, യു എ ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും മറ്റു പല രാജ്യങ്ങളിലും ഫ്രാന്‍സിസ് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് സംസാരിച്ചിട്ടുണ്ട്. മതങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവിശ്വാസത്തിനും അക്രമത്തിനും കാരണമാകുന്നുവെന്നദ്ദേഹത്തിനറിയാം. അതേസമയം മതങ്ങള്‍ക്കും അവയുടെ ആത്മീയതകള്‍ക്കും നന്മ ചെയ്യാനും എല്ലാവരുടെയും സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി ആളുകളെ സജ്ജരാക്കുന്നതിനും അപാരമായ കഴിവുമുണ്ട്. മംഗോളിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബുദ്ധമതം, ഷാമനിസം, ഹിന്ദുമതം, ഇസ്ലാം, യഹൂദമതം തുടങ്ങിയ വിവിധ മതങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മതപാരമ്പര്യങ്ങള്‍ക്കും അവയുടെ എല്ലാ വ്യതിരിക്തതകള്‍ക്കും വൈവിധ്യങ്ങള്‍ക്കും, സമൂഹത്തിനു മൊത്തത്തില്‍ പ്രയോജനം ചെയ്യാനുള്ള ശ്രദ്ധേയമായ കഴിവുണ്ടെന്ന് പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു. ''മതപരവും ആത്മീയവുമായ മേഖലകളിലെ ഉത്തരവാദപ്പെട്ടവര്‍, തങ്ങള്‍ പഠിപ്പിക്കുന്നതിനു സ്വന്തം പ്രവൃത്തികളിലൂടെ സാക്ഷ്യം നല്‍കാന്‍ വിളിക്കപ്പെട്ടവരാണ്; നാം അവക്ക് എതിരാകരുത്, അങ്ങനെ അപകീര്‍ത്തി ഉണ്ടാക്കരുത്,'' അദ്ദേഹം നേരെ, തെളിച്ചു പറഞ്ഞു: ''അപ്പോള്‍ മതവിശ്വാസങ്ങളും അക്രമവും വിശുദ്ധിയും അടിച്ചമര്‍ത്തലും മതപാരമ്പര്യങ്ങളും വിഭാഗീയതയും കൂടിക്കലരില്ല. അതിനായി വൈജ്ഞാനികരംഗത്തും പൊതുസമൂഹത്തിലും പ്രസംഗവേദിയിലും മതാന്തര സംവാദം സാധ്യമാക്കണം.''
ആദ്ധ്യാത്മികതയുടെ ഉറവുകള്‍ ലോകം കൂടുതല്‍ പ്രയോജപ്പെടുത്തുമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദൃഢവിശ്വാസം നമുക്കും പങ്കുവയ്ക്കാം.