ഓർമ്മക്കൂട്ട്; കലഹിച്ചതും കാമിച്ചതും

Memory; quarrels and lust
Published on
പുഷ്പം വിതറിയ പാതകൾ നമ്മെ പഠിപ്പിക്കുന്നതിനെക്കാൾ എത്രയോ മടങ്ങ് മുള്ളുകൾ നിറഞ്ഞ വഴികൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. അത് ആരിൽ നിന്നാണെങ്കിലും, ഏതു വിധേനയാണെങ്കിലും.

എത്രയെത്ര ബന്ധങ്ങളുടെ കൂട്ടുചേരലിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. ചിലതൊക്കെ ഏറെ ആഴ മുള്ളതും, ഒപ്പം സങ്കീർണ്ണവുമായ ബന്ധങ്ങളാണ്. അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന ഗ്രന്ഥം ആത്മകഥാപര മായ ഒരോർമ്മക്കുറിപ്പാണ്. അമ്മ മേരി റോയിയുമായുള്ള സ്നേഹബന്ധത്തിന്റെ ശാന്തവും പ്രക്ഷുബ്ധവുമായ കാലങ്ങളെ ഓർമ്മിച്ചെടുക്കുകയാണ് അരുന്ധതി.

മദർ മേരി എന്നു കണ്ടയുടനെ ഡിസിയിൽ നിന്നും പുസ്തകമെടുത്തത് ഇതൊരു ആത്മീയഗ്രന്ഥമായേക്കാം എന്ന തോന്നലിലായിരുന്നു. അരുന്ധതിയുടെ ആത്മീയതയറിയാൻ എടുത്ത പുസ്തകം എന്നെയെത്തിച്ചത് വിപ്ലവകാരിയുടെ മനസ്സും ഉലയാത്ത ചങ്കുറപ്പുള്ള കോട്ടയംകാരിയായ ഒരാളുടെ, അല്ല, ഒരു മാതാവിന്റെയും മകളുടെയും യാത്രാവിവരണത്തിലാണ്. ഏതൊരാളുടെയും കനൽനിറഞ്ഞ നാൾവഴികളിലൂടെ യാത്ര ചെയ്യുന്നത് ഒരു ആത്മീയയാത്ര തന്നെയാണല്ലോ.

1970 കളിൽ എഴുതപ്പെട്ട ബീറ്റിൽസിലെ (The Beatles) ഒരു വരിയാണ് ‘മദർ മേരി കംസ് ടു മി.’ തന്റെ ഓർമ്മക്കുറിപ്പിന് ഇതിനേക്കാൾ ചേരുന്ന മറ്റൊരു ശീർഷകം ഇല്ലെന്നു ബുക്കർ പ്രൈസ് വിജയിയായ അരുന്ധതിക്കു തോന്നിയിട്ടുണ്ടാകും.

കേരളത്തിലെ ക്രിസ്തീയ സമൂഹത്തിലും പൊതുമണ്ഡലത്തിലും സ്ത്രീകളുടെ സ്വത്തവകാശത്തിനായി ചരിത്രപോരാട്ടം നടത്തിയ ധീരവനിതയായിരുന്നു മിസിസ് മേരി റോയി. ഒരാക്ടിവിസ്റ്റിന്റെ ജീവചരിത്രമോ നിയമപോരാട്ടത്തിന്റെ കഥയോ അല്ലിത്; ഒരമ്മയും മകളും തമ്മിലുള്ള അനന്യവും അസാധാരണവുമായ ആത്മബന്ധത്തിന്റെ ആവിഷ്കാരവും വിശകലനവുമാണ്.

ഒരേ സമയം തണലും പൊള്ളലുമായിരുന്നു അരുന്ധതിക്ക് അമ്മ. കോട്ടയത്തെ അയ്മനത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തെ പടുത്തുയർത്തിയ കുടുംബം. ‘പള്ളിക്കൂടമെന്ന വിദ്യാക്ഷേത്രത്തിൽ’ തനതു വിദ്യാഭ്യാസ ശൈലി രൂപപ്പെടുത്തി, ആൺകുട്ടികളെ സ്വതന്ത്രചിന്തയിലേക്കും പെൺകുട്ടികളെ വിശാലമായ ആകാശത്തേക്കും പറത്തിവിട്ടുകൊണ്ടേയിരുന്നു മേരി റോയി.

ഒരു ടീനേജർ ആയിരിക്കെത്തന്നെ വീടുവിട്ടിറങ്ങി അരുന്ധതി. അമ്മയെ സ്നേഹിക്കാത്തതുകൊണ്ടല്ല, ആ സ്നേഹം എന്നും നിലനിർത്താനായി വീടുവിട്ട് ഇറങ്ങിയവൾ. സ്നേഹം ഒരേസമയം അടുപ്പവും അകലവുമാണല്ലോ. “വീടുവിട്ടിറങ്ങാൻ അനുവദിക്കും വിധം അമ്മയെന്നെ സ്നേഹിച്ചു” എന്നൊരു പരസ്പരം ഉപദ്രവമില്ലാത്ത നുണയിൽ അരുന്ധതി തന്റെ ജീവിതം ആരംഭിച്ചു. ആ യാത്രയിൽ വന്നു ചേർന്ന ബന്ധങ്ങളും തേടിപ്പിടിച്ച ബന്ധങ്ങളും അവർക്കുണ്ടായി. കൂടുതൽ സുരക്ഷിതമാണ് ചിലയിടങ്ങളെന്നു തോന്നുമ്പോൾ അവിടെനിന്നും കുതറിമാറും. “The safest place can be the most dangerous one” അതിസുരക്ഷിത സങ്കേതങ്ങൾ അപകടകരമായേക്കും. ഇത് അരുന്ധതിയുടെ ജീവിത ഫിലോസഫിയാണെന്നു തോന്നുന്നു. നാന്നൂറോളം പേജുള്ള ഈ ഗ്രന്ഥത്തിൽ പലവട്ടം വ്യത്യസ്ത അനുഭവങ്ങളുമായി ചേർത്തുപിടിച്ച് അവളിത് പറയുന്നുണ്ട്. നിങ്ങളിലെ ഏറ്റവും നല്ലതു പുറത്തു കൊണ്ടുവരാൻ അതിസുരക്ഷിത അഭയകേന്ദ്രങ്ങൾക്ക് കഴിയില്ലെന്ന തോന്നലാകാം, അപകടകരമായി ചിന്തിക്കാനും സഞ്ചരിക്കാനും അവ നിങ്ങളെ തടഞ്ഞേക്കും എന്ന തിരിച്ചറിവാകാം. എന്തായാലും ആ യാത്രയിൽ അവൾ തനിക്കായി വഴികൾ തെളിച്ചു. പരാജയത്തിന്റെ ഭീഷണികൾ, കുറ്റംവിധികൾ, അപചയങ്ങൾ, ഇവയെയൊക്കെയും തഴഞ്ഞുമാറ്റി അമ്മയുടെ മകളായി അവൾ മാറുകയായിരുന്നു, അരുന്ധതി പറയുന്നു.

ആസ്ത്മ മൂലം കഷ്ടപ്പെടുന്ന അമ്മയ്ക്കായി കൂടി താൻ ശ്വസിച്ചിരുന്നു എന്ന് പറയുന്ന അരുന്ധതി, അമ്മ തൊട്ടുണർത്തിയ ജീവിതത്തിൽ അവർ ശേഷിപ്പിച്ചുപോയ സ്നേഹത്തിന്റെ അമൂല്യസമ്പാദ്യവും എന്റെ ജീവിതത്തിൽ അവർ വിതറിയിട്ട മുള്ളുകളും തമ്മിലുള്ള അകലം നികത്താനാണ് ഈ ഗ്രന്ഥമെഴുതുന്നതെന്ന് വിവരിക്കുന്നുണ്ട്. “സ്നേഹിക്കപ്പെട്ടതിന്റെ ഓർമ്മകൾ ഭാഗ്യത്തിന് എനിക്കില്ലായിരുന്നു” - ഇതാണ് അരുന്ധതിയുടെ അനുഭവം. വീടും നാടും വിട്ട് ഒരു നാടോടിജീവിതം നയിച്ചപ്പോഴോ, പണമില്ലാതെ കുറുകിയ ജീവിതം നയിച്ചപ്പോഴോ, പത്രപ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോഴോ, ബുക്കർ പ്രൈസ് കിട്ടിയ വാർത്തയറിഞ്ഞപ്പോഴോ ഒന്നും സ്നേഹിക്കപ്പെട്ടതിന്റെ ഓർമ്മയില്ല. അവരെന്നെ സ്നേഹിക്കുന്നതായി ഒരിക്കലും ഞാൻ കണ്ടിട്ടില്ല. അപ്പനും അമ്മയും നേരത്തെ വിട്ടുപിരിഞ്ഞതിനാൽ ആ വഴിക്ക് അതു കിട്ടിയിട്ടില്ല. കിട്ടിയതു പലതുമാകട്ടെ അപകടം പിടിച്ചതും.

“തന്റെ വിദ്യാർത്ഥികൾക്ക് വെളിച്ചവും ചിന്തയും പകർന്നു കൊടുത്തപ്പോൾ ഞങ്ങൾക്ക് - എനിക്കും ചേട്ടനും - കിട്ടിയത് അമ്മയുടെ ഇരുട്ടാണ്” അരുന്ധതി ഓർമ്മിച്ചെടുക്കുന്നു. “ഇന്നാ ഇരുട്ടിനെ ഓർത്ത് ഏറെ നന്ദിയുണ്ട്. അതിനെ ചേർത്തുപിടിക്കാനും, അതിന്റെ രൂപം മനസ്സിലാക്കാനും, അതിലൂടെ സഞ്ചരിക്കാനും, അതിന്റെ രഹസ്യങ്ങൾ വെളിവാകുംവരെ അതിലേക്ക് കണ്ണുനട്ടിരിക്കാനും ഞാൻ പഠിച്ചു. ഇരുട്ടിനെ വെളിച്ചമാക്കാനുള്ള മാന്ത്രിക വിദ്യ ഞാനഭ്യസിച്ചു. അതു സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു മാർഗ്ഗം കൂടിയായിരുന്നു.”

“മിസിസ് റോയി എന്നെ ചിന്തിക്കാൻ പഠിപ്പിച്ചു, എന്നിട്ടോ അവർ എന്റെ ചിന്തകളെ എതിർത്തു. അവരെന്നെ സ്വതന്ത്രയാകാൻ പഠിപ്പിച്ചു. എന്നിട്ടോ, എന്റെ സ്വാതന്ത്ര്യത്തെ അവർ എതിർത്തു. അവരെന്നെ എഴുതാൻ പഠിപ്പിച്ചു. ഞാനെന്ന എഴുത്തുകാരിയെ വെറുത്തു.” ഭിന്നമുഖങ്ങളുള്ള അമ്മയെ സ്നേഹിക്കാനുള്ള കാരണങ്ങൾ തിരയുകയായിരുന്നു അരുന്ധതി.

ഇരുൾമൂടിയ വഴികൾ പഠിപ്പിച്ച പാഠങ്ങളും അന്ന് അഭ്യസിച്ച ജീവിതവും ആദരവോടെ കാണുകയാണ് എഴുത്തുകാരി. അല്ലെങ്കിലും പുഷ്പം വിതറിയ പാതകൾ നമ്മെ പഠിപ്പിക്കുന്നതിനെക്കാൾ എത്രയോ മടങ്ങ് മുള്ളുകൾ നിറഞ്ഞ വഴികൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. അത് ആരിൽ നിന്നാണെങ്കിലും, ഏതു വിധേനയാണെങ്കിലും.

മരണത്തിന്റെ തൊട്ടടുത്ത ദിവസം കലഹക്കാരിയായ മേരി റോയി വീടുവിട്ടിറങ്ങിയ അരുന്ധതിക്കായി ഇടറിയ ശബ്ദത്തിൽ പങ്കുവച്ചത് അവളെ കരയിപ്പിച്ചു: “നിന്നെ സ്നേഹിക്കുവോളം അത്രമേൽ ആഴമായി ആരെയും ഈ ലോകത്തിൽ ഞാൻ സ്നേഹിച്ചിട്ടില്ല”. ഞങ്ങൾക്കിടയിലെ സ്നേഹപ്രവാഹത്തെ വിലക്കുന്ന ആ മതിലുകൾ ആ വാക്കുകളിൽ തകർന്നു വീണു. ഏറെ വീരോചിതമായും വിപ്ലവകരമായും എഴുതിക്കൊണ്ടിരുന്ന അരുന്ധതിയുടെ കരങ്ങൾ വിറച്ചതു അന്നു മാത്രമാണ്, അവൾ അമ്മയ്ക്കായി ഒരു മറുപടി ടൈപ്പു ചെയ്യുന്നതിനിടയിൽ: “അമ്മാ, you are the most unusual, wonderful woman I have ever known. I adore you.”

കലഹത്തിലും ക്ഷോഭത്തിലും മറഞ്ഞു കിടന്ന ആ മാതൃസ്നേഹത്തിന്റെ ആഴമറിയാൻ അവരുടെ മരണത്തോളം കാത്തുനിൽക്കേണ്ടിവന്നല്ലോ എന്നോർക്കുമ്പോൾ സ്നേഹത്തിന്റെ ഭാവങ്ങൾ കണ്ടെത്തുക എളുപ്പമല്ല എന്നറിയുന്നു.

ലാറി ബേക്കറാണ് ‘പള്ളിക്കൂട’വുമായി ബന്ധപ്പെട്ട നിർമ്മിതികൾക്ക് നേതൃത്വം വഹിച്ചത്. ബേക്കറിലെ അനന്യമായ നിർമ്മാണ ചാരുതിയാണ് ആർക്കിടെക്ച്ചർ പഠിക്കാൻ അവളെ പ്രചോദിപ്പിച്ചത്. മനസ്സു വച്ചാൽ ഏതു നിലയിലുമെത്താമെന്ന് മിസിസ് റോയി എന്നും അവളോടു പറയുമായിരുന്നു. എന്തോ തേടിയുള്ള യാത്രയാണ് തന്റേതെന്ന് അറിയാമായിരുന്നുവെങ്കിലും അതെന്തെന്നു അറിയാൻ കഴിഞ്ഞിരുന്നില്ല. സർക്കാർ ജോലിയല്ല, ഇൻഷുറൻസല്ല, സ്വന്തം വീടല്ല, സുരക്ഷിതത്വമല്ല മറ്റെന്തോ, ഒന്ന്. “എനിക്ക് എന്റേതായ മൂല്യങ്ങളുണ്ടായിരുന്നു. ഒരു കാലത്തും എന്നെ സ്വീകരിക്കാത്ത ഒരു സമുദായത്തിന്റെ സദാചാരത്തിനും ധാർമ്മികതയ്ക്കും അനുസരിച്ച് എന്റെ ജീവിതം തുന്നിയെടുക്കാൻ എനിക്കു മനസ്സില്ലായിരുന്നു.” അരുന്ധതിയുടെ വാക്കുകൾ ദൃഢനിശ്ചയത്തിന്റേതു മായിരുന്നു. പുതിയ ചക്രവാളങ്ങൾ അവൾ തേടി. മേധാ പട്കറുടെ നേതൃത്വത്തിലുള്ള സമരവുമായി കരംകോർക്കുന്നത് അങ്ങനെയാണ്. നർമ്മദാ തീരത്തുകൂടിയുള്ള യാത്രയിൽ, ജീവിതവും മണ്ണും ചരിത്രവും ജലസമാധിയാകാൻ പോകുന്ന മനുഷ്യരെയും, പാടേ തുടച്ചു മാറ്റപ്പെടാൻ പോകുന്ന ദരിദ്രരെയും കണ്ടപ്പോൾ അരുന്ധതി അവർക്കായി ചിന്തിക്കാൻ തുടങ്ങി, എഴുതാൻ തുടങ്ങി. താൻ തേടിയത് തന്നെ തേടിയെത്തിയതുപോലെ നിയോഗം അവൾക്കു വെളിവായി. പിന്നെ അവൾ സഞ്ചരിച്ചു, എഴുത്തിലും പ്രഭാഷണത്തിലും സംഭാഷണത്തിലും ഇടതടവില്ലാതെ മിസിസ് റോയിയെപ്പോലെ കലഹിച്ചും യുദ്ധം ചെയ്തും സഞ്ചരിച്ചു. ഹൃദ്യമായ വായനാനുഭവം നൽകുന്ന ഗ്രന്ഥമാണ് ‘മദർ മേരി കംസ് ടു മി’.

  • കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വീരവാദങ്ങളെ, പ്രത്യേകിച്ചും തോമാശ്ലീഹാ ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തി അവരുടെ പിൻതുടർച്ചക്കാരാണ് തങ്ങളെന്ന അടിസ്ഥാനത്തിൽ പണിയപ്പെട്ട മേൽക്കോയ്മയെ പലവട്ടം പ്രഹരിക്കുന്നുണ്ട്, അരുന്ധതി ഈ ഗ്രന്ഥത്തിൽ. ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്ന വേദവചനം ഉദ്ധരിച്ച് നിരന്തരം സൂചിക്കുഴ വലുതാക്കാൻ കഷ്ടപ്പെടുന്ന പരമ്പരാഗത ക്രിസ്ത്യാനികളെ പരിഹസിക്കുന്ന ഭാഗം വായിച്ചപ്പോൾ, അരുന്ധതി മിസിസ് റോയിയുടെ ക്ഷോഭം അതേപടി ഒപ്പിയെടുത്തിരിക്കുകയോ എന്നു തോന്നി! ആ പരിഹാസത്തിനു പിറകിൽ സ്വന്തം സമുദായത്തിൽ അനുഭവിച്ച തിരസ്കരണം ഓർത്തപ്പോൾ വിഷമവും തോന്നി.

logo
Sathyadeepam Online
www.sathyadeepam.org