മലയാറ്റൂരും നസ്രാണികളും

മലയാറ്റൂരും നസ്രാണികളും
  • ശശി തൂര്‍ M P

ലോകചരി്രതത്തില്‍ തന്നെ ആദ്യനൂറ്റാണ്ടുകളില്‍ ക്രൈസ്തവ സന്ദേശം എത്തിയ ഇടമാണ് കേരളം. ചരിത്രം രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഒരു പതിവ് അന്ന് ഇല്ലാതിരുന്നതിനാല്‍ വാചിക പാരമ്പര്യങ്ങള്‍ (Oral Traditions) വഴിയാണ് ഒരു പരിധി വരെ ചരിത്രം കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്.

സെന്റ് തോമസിന്റെ വരവിനെ വിവാദമാക്കുന്ന പല ചരിത്രകാരന്മാരുമുണ്ട്. അദ്ദേഹം ഇവിടെ എത്തിയിട്ടില്ല എന്നും പേര്‍ഷ്യ വരെയേ പോയിട്ടുള്ളൂ എന്നുമാണവര്‍ പറയുന്നത്. മറ്റു ചിലരാകട്ടെ ക്‌നാനായിത്തോമ (Thomas of Cana) യാണ് ഇവിടെ വന്നതെന്ന് പറഞ്ഞ് അപ്പസ്‌തോലിക പാരമ്പര്യത്തെ നിഷേധിക്കുന്നു. ചരിത്രത്തെ രേഖപ്പെടുത്താനുള്ള ഭാരതീയ രുടെ വൈമനസ്യമാണ് മേല്‍പറഞ്ഞ വിവാദങ്ങള്‍ക്കു പുറകിലുള്ളതെന്നാണ് ഞാന്‍ കരുതുന്നത്. അപ്പസ്‌തോലനായ തോമസിന്റെ വരവുമായി ബന്ധപ്പെട്ട് സജീവമായ വിശ്വാസ പാരമ്പര്യങ്ങളും വിശ്വാസം ജീവിച്ച സമൂഹങ്ങളും ഇവിടെയുണ്ടെന്നതു തന്നെ മേല്‍ പറഞ്ഞ വാദങ്ങളെ നിരാകരിക്കുന്നതാണ്. ഏഴരപ്പള്ളികളും മലയാറ്റൂര്‍ തീര്‍ത്ഥാടനകേന്ദ്രവുമൊക്കെ മേല്‍പ്പറഞ്ഞ വിശ്വാസ പാരമ്പര്യത്തിന്റെ സജീവ സാക്ഷ്യങ്ങളാണ്. അതില്‍ത്തന്നെ മലയാറ്റൂരിന്റെ പ്രസക്തി വളരെ വലുതാണ്.

ക്രൈസ്തവര്‍ക്ക് ഏഷ്യാ ഭൂഖണ്ഡത്തില്‍ത്തന്നെയുള്ള ഒരേയൊരു അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍. ഒരു വര്‍ഷം കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് തോമാശ്ലീഹായുടെ പാദമുദ്ര പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ഈ മലയാറ്റൂര്‍ കുരിശുമുടി കയറുന്നത്. കേരളത്തില്‍ പല സ്ഥലങ്ങളിലും കുരിശുമലകളുണ്ടെങ്കില്‍ത്തന്നെയും മലയാറ്റൂര്‍ കുരിശുമുടിയുടെ സ്ഥാനം അനന്യവും ശ്രേഷ്ഠവുമാണ്.

കേരളത്തിലേക്ക് ക്രൈസ്തവീകത കടന്നുവന്നപ്പോള്‍ ഇവിടത്തെ മണ്ണില്‍ വേരുറപ്പിച്ച് വളരാനാണ് അത് ശ്രമിച്ചത്. പ്രാദേശികമായ ഘടകങ്ങളെ സാംസ്‌കാരിക അനുരൂപണം നടത്തി മതത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായിരുന്നു. കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടിലിന്റെ 'We are Christians by religion, Hindu by Culture and Indians by worship' എന്നുള്ള വിഖ്യാതമായ വിശേഷണം ഈ പശ്ചാത്തലത്തിലാണ് വായിച്ചെടുക്കേണ്ടത്. എത്രമാത്രം പ്രാദേശിക സംസ്‌കാരത്തിലേക്ക് ആഴ്ന്നിറങ്ങാനാകുന്നു എന്നത് ഒരു മതത്തിന്റെ വ്യാപനത്തിന് രാസത്വരകമായി വര്‍ത്തിക്കുന്ന ഒരു ഘടകമാണ്. ഉദയംപേരൂര്‍ സൂനഹദോസുമായി ബന്ധപ്പെട്ടു ള്ള വിവാദങ്ങളെല്ലാം ഈ അഡാപ്‌റ്റേഷന്റെയും സാംസ്‌കാരികാനുരൂപണത്തിന്റെയും പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടതും വ്യാഖ്യാനിക്കപ്പെടേണ്ടതും.

ചരിത്രത്തെ സമഗ്രമായി സമീപിക്കുന്നതിനും നഷ്ടപ്പെട്ട കണ്ണികളെ വിളക്കിച്ചേര്‍ക്കുന്നതിനുമായി കേരള ക്രൈസ്തവര്‍ക്ക് പ്രയോജനപ്രദമായ രീതിയിലാണ് ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളിയച്ചന്റെ ''മലയാറ്റൂരും നസ്രാണികളും'' എന്ന ഗ്രന്ഥം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. മറവിയുടെ മാറാല മൂടിയ പല ചരിത്രരേഖകളും ഇഗ്നേഷ്യസച്ചന്റെ ഗവേഷണ തത്പരത വീണ്ടെടുക്കുന്നുണ്ട്. വാചിക പാരമ്പര്യങ്ങളേയും ലഭ്യമായ രേഖകളെയും ചരിത്രകാരന്മാരുടെ സാക്ഷ്യങ്ങളേയുമൊക്കെ സംയോജിപ്പിച്ച് കേരള ക്രൈസ്തവര്‍ക്ക് അഭിമാനിക്കാവുന്ന ഒരു ചരിത്രബോധമുണ്ടാക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. സെന്റ് തോമസിന്റെ ഭാരത പ്രവേശനത്തിന്റെ 1900-ാമത് വാര്‍ഷികത്തില്‍ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദും പ്രധാനമന്ത്രി നെഹ്‌റുവുമൊക്കെ ചെയ്ത പ്രസംഗങ്ങളും സെന്റ് തോമസിനെ ആദരിച്ച് ഇന്ത്യന്‍ പോ സ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ സ്റ്റാമ്പുമൊക്കെ ഈ ഗ്രന്ഥത്തില്‍ പരാമര്‍ശ വിഷയമാകുന്നുണ്ട്. So this becomes an invaluable reference book and source material. ഗവേഷണ തത്പരര്‍ക്കും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും പുതുതലമുറക്കാര്‍ക്കും വലിയൊരു Source book ആണ് ഈ മഹനീയ ഗ്രന്ഥം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org