മലയാറ്റൂര്‍ മലയും ദൈവമാതാവിന്റെ പ്രത്യക്ഷീകരണവും

മലയാറ്റൂര്‍ മലയും ദൈവമാതാവിന്റെ പ്രത്യക്ഷീകരണവും

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

കേരളത്തില്‍ സുവിശേഷ പ്രഘോഷണത്തിന് എ ത്തിച്ചേര്‍ന്ന വിശുദ്ധ തോമാശ്ലീഹ മൈലാപ്പൂരില്‍ നിന്നും കേരളത്തിലേക്കു നടത്തിയ രണ്ടാം പ്രേഷിത യാത്രയില്‍ മലയാറ്റൂരില്‍ എത്തിയെന്നാ ണ് നസ്രാണി പാരമ്പര്യം. മലയാറ്റൂര്‍ മലയുടെ ശൃംഗത്തിലി രുന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അപ്പസ്‌തോലനു പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിക്കുകയും ദൈവിക ചൈതന്യത്താല്‍ ശക്തനാവുകയും ചെയ്ത വിശുദ്ധ തോമാശ്ലീഹ മലയില്‍ നിന്നിറങ്ങി താഴ്‌വാരത്തിലെത്തി സധൈര്യം സുവിശേഷം പ്രസംഗിക്കുകയും ക്രൈസ്തവസമൂഹത്തിനു രൂപം കൊടുക്കുകയും ചെയ്തു. ഈ പാരമ്പര്യത്തെ 1892 മുതല്‍ 1916 വരെ ഈസ്റ്റ് ഇന്‍ഡീസിന്റെ അപ്പസ്‌തോലിക് ഡലഗേറ്റായിരുന്ന ആര്‍ച്ചുബിഷപ്പ് ലദിസ്ലാസ് സലെസ്‌കി 1912-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച The Apostle St. Thomas in Indian History, Tradition and Legend എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്.

'അതിനുശേഷം തോമസ് മലയാറ്റൂരിലേക്കു പോയി. അവിടെയുണ്ടായിരുന്ന ജനങ്ങള്‍ വളരെ ശാഠ്യക്കാരായിരുന്നു. അവരോടു സുവിശേഷം പ്രസംഗിച്ച തോമ്മാശ്ലീഹായെ അവര്‍ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തു. അവരിലാരും തന്നെ മാമ്മോദീസ സ്വീകരിക്കാന്‍ തയ്യാറായില്ല. മലയാറ്റൂരിലെ ജനത്തിന്റെ പ്രതികരണത്തില്‍ ദുഃഖിതനും നിരുന്മേഷവാനുമായിത്തീര്‍ന്ന ശ്ലീഹ തന്റെ പതിവുപോലെ മലമുകളിലേക്കു പ്രാര്‍ത്ഥിക്കാന്‍ പോയി. അദ്ദേഹം ഗിരിശൃംഗത്തിലെ ഒരു പാറയില്‍ ഒരു കുരിശുണ്ടാക്കി വച്ചു ഗുരുവിനോടു പ്രാര്‍ത്ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. അദ്ദേഹം പ്രാര്‍ത്ഥിച്ചു: 'ഓ! കര്‍ത്താവേ! എനിക്ക് ഈ ആത്മാക്കളെ തരിക.' പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ ക്ഷീണിതനായ അദ്ദേഹം പാറമേല്‍ വീണുകിടന്നു. ആ സമയത്ത് അദ്ദേഹത്തിന് ഒരു ദര്‍ശനം ഉണ്ടായി. പരിശുദ്ധ കന്യാമറിയം അദ്ദേഹത്തിന്റെ സമീപം വന്നു ചോദിച്ചു: 'തോമസേ, നീയെന്തിനു ദുഃഖിതനായിരിക്കുന്നു?' തോമസ് മറുപടി പറഞ്ഞു: 'അനുഗ്രഹീതയായ ദൈവമാതാവേ! താഴ്‌വാരത്തിലുള്ള ജനങ്ങള്‍ വളരെ കഠിനഹൃദയരാണ്. കല്ലുകൊണ്ടുള്ള വിഗ്രഹങ്ങളെ ആരാധിക്കുന്ന ജനങ്ങളാണവര്‍. അവര്‍ അമ്മയുടെ പ്രിയപുത്രനായ യേശുവില്‍ വിശ്വസിക്കാതെ ആ വിശ്വാസത്തെ അവര്‍ നിരാകരിക്കുന്നു.' പരിശുദ്ധ കന്യാമറിയം മറുപടി പറഞ്ഞു: 'തോമാസേ, നീ പോയി വീണ്ടും അവരോടു പ്രസംഗിക്കുക. നിന്നെ തടയാനാവാത്തവിധം അവരോടു പ്രസംഗിക്കാനാവശ്യമായ വചനങ്ങള്‍ ഈശോ നിന്റെ നാവില്‍ നിക്ഷേപിക്കും.' ദര്‍ശനത്തിനുശേഷം നിദ്രയുണര്‍ന്ന തോമാശ്ലീഹ മലയിറങ്ങി താഴെയെത്തി. താഴ്‌വാരത്തിലുണ്ടായിരുന്ന ജനങ്ങളോടു വിശുദ്ധന്‍ വചനപ്രഘോഷണം നടത്തി. ശാന്തരായി നിന്നു വിശുദ്ധന്റെ വാക്കുകള്‍ ശ്രവിച്ച ജനങ്ങളില്‍ വളരെപ്പേര്‍ അന്നുതന്നെ വിശുദ്ധ ശ്ലീഹായില്‍ നിന്നും മാമ്മോദീസ സ്വീകരിച്ചു. അങ്ങനെ മലയാറ്റൂരില്‍ പ്രഥമ ക്രിസ്തീയ സമൂഹം രൂപംകൊണ്ടു (pp. 136-137).

ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തോടും വലിയ സ്‌നേഹവും വിധേയത്വവും പുലര്‍ത്തിയിരുന്ന വിശുദ്ധ അപ്പസ്‌തോലനുണ്ടായ പ്രാര്‍ത്ഥനാനുഭവം, ദൈവാനുഭവം തങ്ങള്‍ക്കും സ്വന്തമാക്കണം എന്ന ചിന്തയാണു വിശുദ്ധന്‍ ചെലവഴിച്ച ഗിരിശൃംഗത്തിലേക്കു കാനനമധ്യത്തിലൂടെ ക്ലേശകരമായ യാത്രചെയ്തു മണിക്കൂറുകളും ദിവസങ്ങളും മലമുകളില്‍ ചെലവഴിക്കാന്‍ നസ്രാണികളെ പ്രേരിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org