
നമ്മള്‍ കേരളത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ സിനിമ തീയേറ്ററില്‍ (മാളുകളില്‍) പോയി മലയാളം സിനിമ കാണുന്നത് ഒരു അനുഭവമാണ്. കൊല്ലങ്ങള്‍ക്കു മുമ്പ് അബുദാബിയില്‍ ചെന്നപ്പോള്‍ തീയേറ്ററില്‍ പോയി മലയാളം സിനിമ കണ്ടു. പക്ഷെ അവിടെ നിറയെ മലയാളികളായതിനാല്‍ കേരളത്തിലെ തീയേറ്ററില്‍ ഇരിക്കുന്ന തോന്നലെ ഉണ്ടാകുകയുള്ളൂ. അമേരിക്കയില്‍ ചെന്നപ്പോള്‍ തീയേറ്ററില്‍ പോയി മലയാളം സിനിമ കാണണം എന്ന് തോന്നിയിരുന്നു. പോരുന്നതിന്റെ മൂന്ന് ദിവസം മുമ്പ് രാത്രി 8.30 നുള്ള ഷോ കാണാനവസരം കിട്ടി. സിനിമ ഏതെന്നുള്ളത് ഒരു പ്രശ്‌നമായിരുന്നില്ല. എങ്കിലും അത് അന്നത്തെ പുതിയ സിനിമയായിരുന്ന 'ന്നാ താന്‍ കേസ്സു കൊട്' ആയിരുന്നു. അവിടെ 20 ഓളം സ്‌ക്രീനുകള്‍ ഉള്ളതായി കണ്ടു. പല ഭാഷകളിലുള്ള സിനിമകള്‍. ഏതോ ഹിന്ദി സിനിമയുടെ പേരും കണ്ടു. 200 ആളുകള്‍ക്ക് ഇരിക്കാവുന്ന തീയേറ്ററായിരുന്നു. അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഉള്ളവര്‍ മലയാളത്തില്‍ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. സിനിമ അധികം ശ്രദ്ധിച്ചില്ലെങ്കിലും ആ അനുഭവം നന്നായിരുന്നു.
നമ്മുടെ നാട്ടില്‍ കല്യാണം, ജന്മദിനം തുടങ്ങി പല ചടങ്ങുകള്‍ക്കും ആളുകളെ ക്ഷണിക്കാറുണ്ടല്ലോ. ആരും വരുമോ ഇല്ലയോ എന്നു പറയാറില്ല. വിളിക്കുന്നതനു സരിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യും. പലരും വരില്ല. ധാരാളം ഭക്ഷണം പാഴാകും. ആര്‍ക്കും ഒരു ദുഖവുമില്ല. ഞങ്ങളുടെ പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിന് ഇന്‍വൈറ്റ് ആപ്പിലൂടെയാണ് ആളുകളെ ക്ഷണിച്ചത്. അവര്‍ അതിനു വരുന്ന വിവരവും, എത്ര പേര് വരുമെന്നും അറിയിച്ചു. ഒന്നും പാഴാക്കാതെ ആഘോഷം നടന്നു. വിളിച്ചത് അവന്റെ കൂട്ടുകാരുടെ കുടുംബത്തെയും, ആ പ്രായത്തിലുള്ള കുട്ടികളുള്ള കുടുംബത്തെയും ആയിരുന്നു. നമ്മള്‍ പലപ്പോഴും മാതാപിതാക്കളുടെ സുഹൃത്തുക്കളെ ആയിരിക്കും വിളിക്കുക.
ഓരോ യാത്ര പുറപ്പെടുമ്പോഴും, അത് ചെറുതായാലും, വലുതായാലും പ്രാര്‍ത്ഥിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം നമുക്ക് അസുഖങ്ങള്‍ ഉണ്ടാകല്ലേ എന്നതാണ്. എന്തായാലും ഞങ്ങള്‍ എല്ലാത്തിനും ആവശ്യമായ ഹോമിയോ മരുന്നുകള്‍ കരുതിയിരുന്നു. അത് സമയാസമയങ്ങളില്‍ കഴിച്ചിരുന്നു. ഇപ്പോഴും മക്കളും കുടുംബവും, അമേരിക്കയില്‍ ഹോമിയോ മരുന്നുകള്‍ തന്നെ കഴിച്ച് കുഴപ്പമില്ലാതെ ജീവിക്കുന്നു. നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും കാശ് ഉള്ളതുകൊണ്ടും, അതിന്റെ വില അറിയാത്തതുകൊണ്ടും, ഇന്‍ഷുറന്‍സ് ഉള്ളതുകൊണ്ടും എല്ലാവരും എപ്പോഴും ഏറ്റവും വില കൂടിയ ആശുപത്രികളില്‍ മാത്രമേ പോകു. ഞങ്ങളും ഒരു അസുഖവും ഉണ്ടാകാതെ തിരിച്ചെത്തി. പിന്നെ ഒരു കാര്യം പ്രാര്‍ത്ഥിച്ചിരുന്നത് ബന്ധുക്കളും, സുഹൃത്തുക്കളും, അയല്‍വാസികളും, നാട്ടു കാരും ഞങ്ങള്‍ ഇല്ലാത്ത കാലങ്ങളില്‍ മരണപ്പെടല്ലേ എന്നായിരുന്നു. അത് പൂര്‍ണ്ണമായി നടന്നില്ല. അതെല്ലാം ദൈവ തീരുമാനങ്ങള്‍ എന്ന് കരുതി സമാധാനിച്ചു.
അമേരിക്കയില്‍ നമ്മുടെ സൈക്കിളിനെ ബൈക്ക് എന്നാണു പറയുന്നത്. അത് അവര്‍ക്ക് ഒരു യാത്രാ വാഹനമല്ല. അത് വ്യായാമത്തിനുവേണ്ടി മാത്രമാണ്. എല്ലാ വീട്ടിലും ഓരോരുത്തര്‍ക്കും ഓരോ ബൈക്ക് കാണും. ചില സമയങ്ങളില്‍ വലിയ കൂട്ടം ബൈക്കുകാര്‍ റോഡില്‍ കൂടി പോകുന്നത് കാണാറുണ്ട്. ബൈക്കുകാരെ മറ്റു വണ്ടികള്‍ പ്രത്യേകം കരുതും. ഞങ്ങളുടെ വീട്ടിലും മൂന്ന് ബൈക്ക് ഉണ്ട്. വലുത് ഞങ്ങള്‍ ചെന്നപ്പോള്‍ വാങ്ങിയതാണ്. അതു ഞാനും ചവിട്ടി. എല്ലാവരും ഹെല്‍മെറ്റും, റിഫ്‌ലക്റ്ററും വച്ചാണ് ചവിട്ടുന്നത്. എല്ലാവരും റോഡില്‍ കൂടിയല്ല അതിന്റെ ട്രാക്കില്‍ കൂടിയാണ് അത് ചവിട്ടുക. ഒന്നിലും ബെല്ല് ഉണ്ടാകില്ല. നമ്മുടെ പുറകില്‍ കൂടി വരുമ്പോള്‍ 'സൈഡ്' എന്ന് ഉറക്കെ വിളിച്ച് പറയും. കുട്ടികളുടെ ബൈക്കിന് സ്റ്റാന്‍ഡും ഉണ്ടാകില്ല. അവര്‍ എവിടെയെങ്കിലും ഇട്ടിട്ടു പോകും.
പല യാത്രകളും തിരിച്ചു വരാന്‍ വേണ്ടിയുള്ളതാണ്. അത് മുന്‍കൂട്ടി കാലാവധി അറിയാവുന്നതാണെങ്കില്‍ പിന്നെ വലിയ ആകാംക്ഷക്ക് കാരണമാകില്ല. ജനനത്തിനോടൊപ്പം മരണവും സഞ്ചരിക്കുന്നു. ജനനത്തിന് ഏകദേശം സമയം പറ യാന്‍ കഴിയുമെങ്കിലും, മരണം ഇപ്പോഴും പിടി തരുന്നില്ല. റിട്ടയര്‍മെന്റിനും അങ്ങനെ ഒരു സ്വാഭാവമുണ്ട്. പലപ്പോഴും റിട്ടയര്‍മെന്റ് ദിവസം പലരും കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെ ഒരു വികാരം ഉണ്ടായില്ല. എന്നാല്‍ വേണ്ടപ്പെട്ടവരെ വിട്ട് ദീര്‍ഘകാല യാത്രയ്ക്ക് പോകുമ്പോഴും അവിടെ നിന്ന് തിരിച്ചു പോരുമ്പോഴും ദുഃഖം ഉണ്ടാകുക സ്വാഭാവികമാണ്. ഞങ്ങള്‍, വളരെ സന്തോഷകരമായ അമേരിക്കന്‍ ജീവിതത്തിനും, യാത്രകള്‍ക്കും, രണ്ടു കുഞ്ഞുങ്ങളുമായിട്ടു ള്ള കളി ചിരികള്‍ക്കും, അടിപിടിക്കും താത്കാലികമായി അവധി നല്‍കി മടങ്ങി.
തിരിച്ചു പോരാനായി ഡാളസ് എയര്‍പോര്‍ട്ടിലെത്തി ടിക്കറ്റും മറ്റു പേപ്പറുകളും കൊടുത്തപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു, 'ഇവിടെ ടിക്കറ്റ് മാത്രം കാണിച്ചാല്‍ മതി.' മലയാളം കേട്ടു ഞെട്ടിപ്പോയി. കുറെ നേരം ഞങ്ങള്‍ പലതും സംസാരിച്ചു. അദ്ദേഹം വൈക്കത്തുകാരനായ അനില്‍ ആയിരുന്നു. ദുബായ് വഴി ഞങ്ങള്‍ കൊച്ചിയിലേക്കെത്തി.
6 മാസം നല്ല പെരുമാറ്റം കൊണ്ടും, എപ്പോഴും ചിരിക്കുന്ന സ്വഭാവം കൊണ്ടും, എപ്പോഴും കാണുമ്പോള്‍ ഉപചാരവാക്കുകള്‍ കൊണ്ടും, മാലിന്യരഹിതമായി ഭംഗിയായി സൂക്ഷിക്കുന്ന പരിസരങ്ങള്‍ കൊണ്ടും, ഒരു വിധത്തിലും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാത്ത സ്വഭാവം കൊണ്ടും, വാഹനങ്ങള്‍ ഹോണ്‍ അടിക്കാതെയും, സൈക്കിളുകള്‍ ബെല്‍ അടിക്കാതെയും ഉറക്കെ സംസാരിക്കാതെയും, ടീവി ശബ്ദം കുറച്ചു വച്ചും അമേരിക്ക നല്ല അനുഭവങ്ങളാണ് തന്നത്.
എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം അമേരിക്കയില്‍ ആണോ നാട്ടിലാണോ സുഖം എന്നാണ്. സുഖം അന്വേഷിച്ചു നടന്നാല്‍ അത് ലഭിക്കണമെന്നില്ല. നാം എവിടെയാണോ അവിടെ സുഖം കണ്ടെത്തുക. എല്ലാവരും സൗകര്യം പോലെ യാത്രകള്‍ ചെയ്യണം. അത് നമ്മില്‍ ധാരാളം ശുഭ ചിന്തകള്‍ ഉണര്‍ത്തും.
(അവസാനിച്ചു)