ഡോ. ജോ ജോസഫ്
മുല്ലപ്പെരിയാറിലെ വെള്ളമെത്തുന്ന തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ മഴനിഴല്‍ പ്രദേശമാണ്. അവിടെ മഴയില്ല. വരള്‍ച്ച പതിവായിരുന്നു. 1750 കളില്‍ അവിടെ ഭരിച്ചിരുന്ന രാമനാഥപുരം രാജവംശത്തിലെ പ്രധാനിയായ ഉതിരപ്പപിള്ളയാണ്, കേരളത്തിലൂടെ അറബിക്കടലിലേക്ക് പോകുന്ന ഈ പുഴയെ തടഞ്ഞുനിര്‍ത്തി തിരിച്ച് തമിഴ്‌നാട്ടിലേക്ക് വിട്ട് ഈ അഞ്ചു ജില്ലകളിലേക്ക് വെള്ളം കൊണ്ടുവരാം എന്ന ആശയം ആദ്യമായി പറഞ്ഞത്. അതുകഴിഞ്ഞ് ഭരണത്തിലെത്തിയ ബ്രിട്ടീഷുകാര്‍ അത് പരിശോധിച്ചു. സാമ്പത്തികമായി പ്രായോഗികമാണോ എന്ന സംശയം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് പിന്നെയും കാലം കടന്നുപോയി. 1860 ല്‍ ആയില്യം തിരുനാള്‍ തിരുവിതാംകൂര്‍ രാജാവായിരിക്കെ വീണ്ടും ഈ ആലോചന ബ്രിട്ടീഷുകാരില്‍ വന്നു. 1877 ല്‍ ഈ അഞ്ചു ജില്ലകളിലും ഭയങ്കരമായ ക്ഷാമവും പട്ടിണിയും പടര്‍ന്നുപിടിച്ചു. കുറെ മരണങ്ങള്‍ ഉണ്ടായി. അതോടെ ബ്രിട്ടീഷുകാര്‍ ഈ ഡാം പണിയുക തന്നെ എന്ന തീരുമാനത്തില്‍ എത്തി. 1886 ല്‍ തിരുവിതാംകൂര്‍ മഹാരാജാവുമായി കരാര്‍ ഏര്‍പ്പെടുത്തി, ഡാം നിര്‍മ്മാണം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ അഞ്ചു ജില്ലകള്‍ക്ക് വെള്ളം കിട്ടുന്നതിന് പുറമേ മഴക്കാലത്ത് പെരിയാറിന്റെ കരകളില്‍ സ്ഥിരമായി ഉണ്ടാകാറുള്ള വെള്ളപ്പൊക്കം ഒഴിവായി പോവുക എന്ന പ്രയോജനം കേരളത്തിനും ഈ അണക്കെട്ടുകൊണ്ട് ഉണ്ടായേക്കുമെന്ന് മഹാരാജാവും കരുതിയിരിക്കാം.
വളരെ വലിയ ഒരു പാട്ടത്തുകയാണ് ഡാമിന്റെ ഭൂമിക്കുവേണ്ടി നാം കരസ്ഥമാക്കിയത്. താരതമ്യം പറഞ്ഞാല്‍, 1.36 ലക്ഷം ഏക്കര്‍ ആണ് പൂഞ്ഞാര്‍ രാജാവ് കണ്ണന്‍ദേവന്‍ കമ്പനിക്ക് കൊടുത്തത്. അതിനു ലഭിച്ചിരിക്കുന്ന പാട്ടം 3000 രൂപയാണ്. അതേസമയം ഡാമിനായി തിരുവിതാംകൂര്‍ രാജാവ് കൊടുത്തത് വെറും 8,000 ഏക്കര്‍ മാത്രമാണ്. അതിനായി അവര്‍ കൊടുത്ത വാര്‍ഷിക പാട്ടത്തുക 40,000 രൂപ! അന്നൊരുപക്ഷേ സ്ഥലത്തിനു വില പോലും ഏക്കറിന് ഒരു രൂപ ഉണ്ടായിരുന്നു എന്ന് വരില്ല. ആ പശ്ചാത്തലത്തിലാണ് ഒരേക്കറിന് അഞ്ചുരൂപ വാര്‍ഷിക പാട്ടം തിരുവിതാംകൂര്‍ നേടിയിരുന്നത്. ഓരോ വര്‍ഷവും വന്‍തുക വരുമാനം ലഭിക്കുക എന്ന ഒരു സാമ്പത്തികനേട്ടം അന്ന് തിരുവിതാംകൂറിനുണ്ടായി എന്നത് വസ്തുതയാണ്. ഏതായാലും ഡാം പണിതു, വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നു.
2000 വര്‍ഷം പഴക്കമുള്ള ഡാം സ്‌പെയിനില്‍ ഉണ്ട്. കര്‍ണ്ണാടകത്തില്‍ 800 വര്‍ഷം പഴക്കമുള്ള ഡാം ഉണ്ട്. അത് ചെറുതുമല്ല. 170 മീറ്ററോളം ഉയരമുള്ളതാണ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് ഇന്ത്യയില്‍ 235 ഓളം ഡാമുകള്‍ 100 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്.
എന്താണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ നേരിടുന്ന പ്രശ്‌നം? പലരും പറയുന്നു, 130 വര്‍ഷം പഴക്കമായി, ഇത്രയും പഴക്കമുള്ള ഒരു ഡാം നിലനിറുത്താന്‍ കഴിയുമോ? പക്ഷേ, ഡാമിന്റെ പഴക്കമല്ല പ്രശ്‌നം. 2000 വര്‍ഷം പഴക്കമുള്ള ഡാം സ്‌പെയിനില്‍ ഉണ്ട്. കര്‍ണ്ണാടകത്തില്‍ 800 വര്‍ഷം പഴക്കമുള്ള ഡാം ഉണ്ട്. അത് ചെറുതുമല്ല. 170 മീറ്ററോളം ഉയരമുള്ളതാണ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് ഇന്ത്യയില്‍ 235 ഓളം ഡാമുകള്‍ 100 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. കേരളത്തില്‍ തന്നെ മുല്ലപ്പെരിയാറിനോളം പഴക്കമുള്ള മറ്റൊരു ഡാം ഉണ്ട്. ആളുകളെ പരിഭ്രാന്തരാക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് അതിന്റെ പേര് പറയുന്നില്ല. മുല്ലപ്പെരിയാറിലെ സാമഗ്രികള്‍ ഉപയോഗിച്ചു തന്നെയാണ് ആ ഡാമും നിര്‍മ്മിച്ചിരിക്കുന്നത്. പഴക്കമല്ല പ്രധാന പ്രശ്‌നം എന്നു പറയാനാണ് ഇതു വിവരിച്ചത്.
പിന്നെന്താണ് പ്രശ്‌നം?
എല്ലാ ഡാമുകള്‍ക്കും മൂന്ന് തരത്തിലുള്ള സുരക്ഷാവിഷയങ്ങളാണ് ഉള്ളത്. സ്ട്രക്ച്ചറല്‍ സേഫ്റ്റി, ഹൈഡ്രോളജിക് സേഫ്റ്റി, സീസ്മിക് സേഫ്റ്റി എന്നിവയാണ് അവ. ഇവ കൂടാതെ ഓപ്പറേഷനല്‍ സേഫ്റ്റി കൂടിയുണ്ട്. പക്ഷേ, അത്ര പ്രധാനമല്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ല.
ഡാം അതിന്റെ ബലക്കുറവ് കൊണ്ട് തകരുമോ എന്നതാണ് സ്ട്രക്ച്ചറല്‍ സേഫ്റ്റികൊണ്ട് അര്‍ത്ഥമാക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന് സ്ട്രക്ച്ചറല്‍ സേഫ്റ്റി സംബന്ധമായ പ്രശ്‌നമുള്ളതായി പൊതുവേ ആരും പറയുന്നില്ല. അതൊരു ഗ്രാവിറ്റി ഡാം ആണ്. വേണ്ടത്ര ഭാരം ഉണ്ട്, വെള്ളത്തിന്റെ ലീക്കേജും മറ്റും നിയന്ത്രണത്തിനുള്ളിലാണ്, പഠനം നടത്തിയ വിദഗ്ധരാരും ഇതിന് സ്ട്രക്ചറല്‍ സേഫ്റ്റി സംബന്ധമായ പ്രശ്‌നം ഉണ്ട് എന്ന് പറയുന്നില്ല.
അടുത്തത് ഹൈഡ്രോളജിക് സേഫ്റ്റി ആണ്. വലിയ വെള്ളപ്പൊക്കം വരുന്നു എന്ന് കരുതുക. അമ്പതോ നൂറോ വര്‍ഷത്തിനിടയില്‍ ഒരിക്കലുണ്ടാകുന്ന വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തിന്റെ ഭാഗമായി വരുന്ന അധികജലം കടത്തി വിടാനുള്ള സൗകര്യം ഡാമിലുണ്ടെങ്കില്‍ ഡാം സുരക്ഷിതമാണ്. ഡാം നിറഞ്ഞ് ഡാമിന് മുകളിലൂടെ വെള്ളം ഒഴുകുന്ന സാഹചര്യം സുരക്ഷിതമല്ല. മുല്ലപ്പെരിയാറിനെ സംബന്ധിച്ചിടത്തോളം അക്കാര്യത്തില്‍ ചില വിഷയങ്ങള്‍ ഉണ്ട്. മുല്ലപ്പെരിയാറിന്റെ പ്രാഥമിക രൂപകല്‍പന അനുസരിച്ച് ഇരുകരകളിലൂടെയും അധികജലം ഒഴുകി പോകുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. പണിതുവന്നപ്പോള്‍ ഇടതുകരയില്‍ ചെറിയൊരു അണക്കെട്ട് (ബേബി ഡാം) നിര്‍മ്മിക്കുകയാണ് ചെയ്തത്. അതായത് രണ്ടുവശത്തും ഷട്ടറുകള്‍ വേണ്ടിടത്ത് ഇപ്പോള്‍ ഒരു വശത്ത് മാത്രമേയുള്ളൂ. 10 ഷട്ടറുകള്‍ ആണുണ്ടായിരുന്നത്, 1990 ല്‍ മൂന്നെണ്ണം കൂടി ചേര്‍ത്ത് 13 ആക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന് ഹൈഡ്രോളജിക്കല്‍ സേഫ്റ്റി ഇല്ല എന്നാണ് ഐ ഐ ടി ഡല്‍ഹി നടത്തിയ പഠനത്തിന്റെ ഫലം. പക്ഷേ അത് സംബന്ധിച്ച് പിന്നെയും തര്‍ക്കങ്ങളുണ്ട്.
ഇടുക്കി ഡാമും മുല്ലപ്പെരിയാര്‍ ഡാമും ഏകദേശം അടുത്തടുത്താണല്ലോ. രണ്ടിന്റെയും കാച്ച്‌മെന്റ് ഏരിയയും ഏകദേശം സമാനമാണ്. പക്ഷേ ഇടുക്കി ഡാമിന്റെ കപ്പാസിറ്റി 72 ടി എം സി യും മുല്ലപ്പെരിയാറിന്റേത് വെറും 17 ടി എം സി യും ആണ്. രണ്ടു ബക്കറ്റിലേക്ക് ഒരേ അളവില്‍ വെള്ളമൊഴിക്കുകയാണെന്ന് വിചാരിക്കുക. ഒരു ബക്കറ്റ് വലുതും ഒരു ബക്കറ്റ് ചെറുതും. ചെറിയ ബക്കറ്റ് തീര്‍ച്ചയായും പെട്ടെന്ന് കവിഞ്ഞൊഴുകും. അതാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു പ്രശ്‌നം.
ഭൗമശാസ്ത്രപരമായി മുല്ലപ്പെരിയാര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം, അവിടുത്തെ മലകള്‍ക്കുള്ള കുത്തനെയുള്ള ചെരിവ് ആണ്. ഉത്തരേന്ത്യയിലുള്ള ചില ഡാമുകളുടെ ക്യാച്ച്‌മെന്റ് ഏരിയയില്‍ പെയ്യുന്ന മഴ ഡാമിലെത്താന്‍ 5-6 ദിവസമെടുക്കും. മുല്ലപ്പെരിയാറില്‍ മഴപെയ്താല്‍ അഞ്ചാറ് മണിക്കൂറിനുള്ളില്‍ ഡാം നിറയും. ഡാമിന്റെ ഹൈഡ്രോളജിക് സേഫ്റ്റിയെ ബാധിക്കുന്ന വിഷയമാണ്.
എല്ലാ ഡാമുകള്‍ക്കും മൂന്ന് തരത്തിലുള്ള സുരക്ഷാവിഷയങ്ങളാണ് ഉള്ളത്. സ്ട്രക്ച്ചറല്‍ സേഫ്റ്റി, ഹൈഡ്രോളജിക് സേഫ്റ്റി, സീസ്മിക് സേഫ്റ്റി എന്നിവയാണ് അവ. ഇവ കൂടാതെ ഓപ്പറേഷനല്‍ സേഫ്റ്റി കൂടിയുണ്ട്.
ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനമെന്ന പുതിയ പ്രശ്‌നവും വന്നിരിക്കുന്നു. കാലാവസ്ഥയുടെ രീതികള്‍ മാറി. ജൂണ്‍, ജൂലൈയിലെ മഴയ്ക്കുശേഷം മഴ തോര്‍ന്നു നില്‍ക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിനുശേഷമാണ് അടുത്ത മഴ. ഇപ്പോള്‍ ഏറെക്കുറെ തുടര്‍ച്ചയായി പെയ്യുന്നു. മഴയുടെ അളവും കൂടി. ഈ മാറ്റവും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഹൈഡ്രോളജിക്കല്‍ സേഫ്റ്റിയെ ബാധിച്ചിട്ടുണ്ട്.
അടുത്തത് സീസ്മിക് സേഫ്റ്റിയാണ്. ഭൂചലനം ഉണ്ടായാല്‍ ഡാമിന് എന്ത് സംഭവിക്കും എന്ന ചോദ്യം. ഭൂചലന സാധ്യത അനുസരിച്ചുള്ള സോണ്‍ മൂന്നിലാണ് മുല്ലപ്പെരിയാര്‍ ഡാം. അവിടെ വരാവുന്ന ഭൂകമ്പം എം എസ് കെ സ്‌കെയില്‍ 7 ആണ്. ഐ ഐ ടി റൂര്‍ക്കിയില്‍ നിന്നുള്ള പഠനസംഘം പറഞ്ഞിരിക്കുന്നത് ഈ നിലക്കുള്ള ഭൂകമ്പം കൊണ്ട് ഡാമിന് പ്രശ്‌നമുണ്ടാകും എന്നുതന്നെയാണ്. ഡാം എന്‍ജിനീയറിങ്ങില്‍ ഇന്ത്യയില്‍ ഏറ്റവും വൈദഗ്ധ്യമുള്ളത് റുര്‍ക്കി ഐ ഐ ടിക്കാണ്.
ചുരുക്കത്തില്‍, മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാപ്രശ്‌നം അതിന്റെ പഴക്കമോ സ്ട്രക്ച്ചറല്‍ സേഫ്റ്റിയോ അല്ല, ഹൈഡ്രോളജിക് സേഫ്റ്റിയും സീസ്മിക് സേഫ്റ്റിയും ആണ്. ഈ രണ്ടു തലങ്ങളിലും ഡാമിന്റെ സുരക്ഷ സംശയാസ്പദമാണ് എന്ന് പറയാം.
ഇനി ഇതെങ്ങനെ പരിഹരിക്കാം എന്നതാണ് ചോദ്യം. നിങ്ങള്‍ വെള്ളം എടുത്തോളൂ, ഞങ്ങള്‍ക്ക് സുരക്ഷ മതി എന്നതാണ് നമ്മള്‍ പറഞ്ഞു വരുന്നത്. തമിഴ്‌നാടിനും അതുതന്നെയാണ് ആവശ്യം. ഈ ഡാം പൊളിഞ്ഞു പോയാല്‍ അവരുടെ അഞ്ചു ജില്ലകളില്‍ വെള്ളം ഇല്ലാത്ത സ്ഥിതിയാണ് വരിക. പക്ഷേ ഈ നിലപാടുകളെ കൂട്ടിമുട്ടിക്കാന്‍ പറ്റുന്നില്ല. കാരണം കാലങ്ങള്‍ നീണ്ട പരസ്പരമുള്ള ഒരു അവിശ്വസ്തത ഇക്കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്നു. ആദ്യം ഡാം പണിതപ്പോള്‍ 140 അടിയായിരുന്നു ഉയരം. പിന്നീട് നമ്മുടെ അനുമതി വാങ്ങാതെ 1907 ല്‍ അത് 155 അടിയായി ഉയര്‍ത്തി. 1930 ല്‍ കരാറില്‍ പറയാത്ത വൈദ്യുതി ഉല്പാദനത്തിനുള്ള നടപടികള്‍ തുടങ്ങി. 1979 ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ തന്നെ ഡാമിന്റെ സുരക്ഷാപ്രശ്‌നം ഉന്നയിക്കുകയും ഡാമിനെ ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. അത് സംബന്ധിച്ച് കോടതിയില്‍ കേസുകള്‍ വന്നു. കേരളത്തിന്റെ ഭാഗത്തുനിന്ന് വലിയ വിശ്വാസക്കുറവ് ഉണ്ടാകാന്‍ ഇതെല്ലാം കാരണമായി.
ഇനി തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നോക്കിയാലോ? 1947 ല്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്നതിനോടു ബന്ധപ്പെട്ട് ഈ കരാര്‍ റദ്ദാക്കണമെന്ന് തിരുവിതാംകൂര്‍, ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. അവിടെ തമിഴ്‌നാടിന്റെ അവിശ്വാസം ആരംഭിച്ചു. പിന്നീട് നാം ചെയ്ത വലിയൊരു അബദ്ധം 'പുതിയ ഡാം, പുതിയ കരാര്‍' എന്ന വാദം ഉയര്‍ത്തിയതാണ്. അത് നമ്മള്‍ പറയേണ്ടിയിരുന്നില്ല. പുതിയ കരാര്‍ എന്നു പറയുമ്പോള്‍ എന്തായിരിക്കും നമ്മുടെ ആവശ്യം? ഡാം നമ്മുടെ നിയന്ത്രണത്തില്‍ ആയിരിക്കുക എന്നതാണ്. അത് തമിഴ്‌നാടിന് അംഗീകരിക്കാനാവുന്നതല്ല. പിന്നീട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന അന്വേഷണങ്ങളിലെ കണ്ടെത്തലുകള്‍ ഒന്നും നമ്മള്‍ അംഗീകരിച്ചുമില്ല.
നമ്മുടെ നാട്ടില്‍ ഇത് സംബന്ധിച്ച് കുറെ മിത്തുകളും പ്രചരിപ്പിച്ചിരുന്നു. അതിലൊന്നാണ് എന്റെ ഹൃദയ രക്തം കൊണ്ടാണ് ഞാന്‍ ഈ കരാറില്‍ ഒപ്പിട്ടതെന്ന് മഹരാജാവ് പറഞ്ഞു എന്ന കഥ. നമ്മളെ ബലംപ്രയോഗിച്ചാണ് ഈ കരാറില്‍ ഒപ്പ് വയ്പ്പിച്ചത് എന്ന ധാരണ പരക്കാന്‍ ഈ കഥ ഇടയാക്കി. മറ്റൊന്ന് 50 വര്‍ഷത്തേക്കേ ഈ ഡാമിന് ആയുസ്സുള്ളൂ എന്ന് ഇത് പണിത എന്‍ജിനീയര്‍ പറഞ്ഞു എന്നതാണ്. അത് പച്ചക്കള്ളമാണ്. 50 വര്‍ഷത്തെ ആയുസ്സ് കണക്കാക്കി ഒരു ഡാമും ആരും പണിയാറില്ല. ഒരു വീട് 10 വര്‍ഷത്തേക്ക് പണിയുന്നു എന്ന് കണക്കാക്കി ആരും പണിയാറില്ലല്ലോ. അതുപോലെ 50 വര്‍ഷത്തേക്ക് ആരും ഡാമും പണിയാറില്ല.
ഭൂചലന സാധ്യത അനുസരിച്ചുള്ള സോണ്‍ മൂന്നിലാണ് മുല്ലപ്പെരിയാര്‍ ഡാം. അവിടെ വരാവുന്ന ഭൂകമ്പം എം എസ് കെ സ്‌കെയില്‍ 7 ആണ്. ഐ ഐ ടി റൂര്‍ക്കിയില്‍ നിന്നുള്ള പഠനസംഘം പറഞ്ഞിരിക്കുന്നത് ഈ നിലക്കുള്ള ഭൂകമ്പം കൊണ്ട് ഡാമിന് പ്രശ്‌നമുണ്ടാകും എന്നുതന്നെയാണ്.
2 കാര്യങ്ങള്‍ ഡാമുകള്‍ നിര്‍മ്മിക്കുമ്പോള്‍ നോക്കും. ഒന്ന് അതിന്റെ സാമ്പത്തിക നേട്ടമാണ്. ഡാം നിര്‍മ്മാണത്തിനായി മുടക്കിയ തുക 50 വര്‍ഷം കൊണ്ട് മടക്കി കിട്ടുമോ? അത് നോക്കിയിട്ടുണ്ടാകും. അതായിരിക്കാം 50 വര്‍ഷത്തെ ആയുസ്സ് എന്നു പറയുന്നതിന്റെ പിന്നിലുള്ള കാര്യം. അതുപോലെ 100 വര്‍ഷം കൊണ്ട് ആ ഡാമില്‍ എന്തുമാത്രം മണ്ണടിയും എന്നതും കണക്കാക്കിയിട്ടുണ്ടാകും. വേറൊരു മിത്ത് പ്രചരിക്കുന്നത് 50,000 കോടി രൂപയുടെ നേട്ടം തമിഴ്‌നാട് ഡാം കൊണ്ട് ഉണ്ടാക്കുന്നു എന്നതാണ്. അതൊന്നും യഥാര്‍ത്ഥ കണക്കല്ല. വേറൊന്ന് 40 വര്‍ഷമേ വികസിത രാജ്യങ്ങളില്‍ ഡാമുകള്‍ക്ക് ആയുസ്സ് ഉള്ളൂ എന്നതാണ്. അതും മിത്താണ്. ലോകത്തിലെ 70 ശതമാനം ഡാമുകളും ഈ പറയുന്ന ആയുസ്സ് പിന്നിട്ടവയാണ്. ഗൂഗിളില്‍ നോക്കിയാല്‍ അറിയാവുന്നതേയുള്ളൂ. കേരളത്തില്‍ തന്നെ രണ്ടു ഡാമുകളെ ഉള്ളൂ 40 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളവയായി, ഇടമലയാറും ബാണാസുരസാഗറും. അതിനാല്‍, ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല.
ഇതൊരു കേരള-തമിഴ്‌നാട് പോരാട്ടം ആണോ എന്നതാണ് മറ്റൊരു ചോദ്യം. അല്ല. ഡാം തകര്‍ന്നാല്‍ ക്രിട്ടിക്കല്‍ അറൈവല്‍ ടൈം ഇന്‍ഡക്‌സ് എന്നൊരു കണക്കുണ്ട്. അതനുസരിച്ചു, ഡാം തകര്‍ന്നാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ വെള്ളം എത്തുന്നിടത്താണ് ആളപായ സാധ്യത കൂടുതലുള്ളത്. അതുകഴിഞ്ഞാല്‍ മരണം കുറവായിരിക്കും. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഒന്നരമണിക്കൂറിനുള്ളില്‍ വെള്ളം വരുന്ന സ്ഥലങ്ങളില്‍ കൂടുതലും തമിഴ് ജനതയാണ് താമസിക്കുന്നത്. അതുകൊണ്ട് ഇതൊരു കേരള-തമിഴ്‌നാട് തര്‍ക്കമല്ല.
ഞങ്ങള്‍ ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി ആശ്രയിക്കുന്നത് നിയമ വഴിയാണ്. ഡാം സംബന്ധിച്ച് ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പില്‍ ഉള്ള സ്ഥിതി എന്താണ്? 2011 ല്‍ സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി നടത്തിയ പഠനത്തിന്റെ ഫലമാണ് കോടതിയുടെ നിലപാട്. ആ സമിതി പഠനം നടത്തി ഡാം സ്ട്രക്ച്ചറല്‍ ആയും ഹൈഡ്രോളജിക്കല്‍ ആയും സുരക്ഷിതമാണ് എന്ന സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുകയാണ്. അതിനാല്‍, സുപ്രീംകോടതിയെ സംബന്ധിച്ച് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണ്.
റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ എന്നിവ ഒരു ഡാമിന്റെ സുരക്ഷയ്ക്ക് അത്യാവശ്യം വേണ്ട കാര്യങ്ങളാണ്. ഇവ രണ്ടും മുല്ലപ്പെരിയാര്‍ ഡാമിന് ഇല്ല. ഞങ്ങളുടെ കേസിന്റെ ഫലമായി സുപ്രീംകോടതി ഇവ രണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ ഏര്‍പ്പെടുത്തണമെന്ന് കര്‍ശനമായ ഉത്തരവ് കൊടുത്തു. നടപ്പാക്കിയില്ലെങ്കില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു. അവരതു നടപ്പാക്കുന്നുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ മാറ്റങ്ങള്‍ അറിയുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നില്ല. അത് ഞങ്ങള്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു. വേണ്ട ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പലതും അവര്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്.
മറ്റൊന്നു ഞങ്ങള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത് അടുത്തൊരു സുരക്ഷാപരിശോധനയാണ്. മുന്‍ പരിശോധന കഴിഞ്ഞിട്ട് ഇപ്പോള്‍ 10 വര്‍ഷം കഴിഞ്ഞു. രണ്ടു പ്രളയങ്ങള്‍ കഴിഞ്ഞു, അതുകൊണ്ട് വീണ്ടും ഡാമിന്റെ സുരക്ഷ പരിശോധിക്കണം. തമിഴ്‌നാട് ഇതിനെ ശക്തമായ എതിര്‍ത്തു. പക്ഷേ ഇത്തരം ഡാമുകള്‍ പത്ത് വര്‍ഷം കൂടുമ്പോള്‍ പരിശോധിക്കേണ്ടതാണ് എന്ന് സ്ഥാപിക്കാന്‍ നിരവധി തെളിവുകള്‍ ഞങ്ങള്‍ സമര്‍പ്പിച്ചു. അതിന്റെ ഫലമായി, വിദഗ്ധരെ കൊണ്ടുവന്ന് ഡാമിന്റെ സുരക്ഷ പരിശോധിക്കണം എന്ന ഉത്തരവ് 2022 ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ചു. ഉത്തരവ് 2022 ല്‍ വന്നെങ്കിലും അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. തമിഴ്‌നാടിന്റെ വളരെ പ്രഗല്‍ഭരായ അഞ്ച് അഭിഭാഷകര്‍ ഇതിനുവേണ്ടി സുപ്രീംകോടതിയില്‍ നില്‍ക്കുകയാണ്. ഞങ്ങള്‍ അത്ര ശക്തരല്ല. എങ്കിലും ഈ വര്‍ഷാവസാനത്തോടെ ഉത്തരവ് നടപ്പിലാക്കാന്‍ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
മറ്റൊരു പ്രധാനപ്പെട്ട നിയമ നടപടി ഈ ഡാമിന്റെ നിയന്ത്രണം തമിഴ്‌നാടിന്റെ പക്കല്‍ നിന്ന് ദേശീയ ഡാം സുരക്ഷ അതോറിറ്റിയിലേക്ക് മാറ്റണം എന്ന ആവശ്യമായിരുന്നു. അതും സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. അത് നടപ്പായി കഴിഞ്ഞാല്‍ പിന്നെ ഒരുപക്ഷേ നമുക്കധികം പേടിക്കേണ്ടി വരില്ല. കാരണം അവര്‍ ഒരു നിഷ്പക്ഷ അതോറിറ്റിയാണ്, ഡാമിന്റെ സുരക്ഷയ്ക്കായിരിക്കും അവര്‍ പ്രാഥമികമായ പ്രാധാന്യം നല്‍കുക. പക്ഷേ ദേശീയ ഡാം സുരക്ഷാ അതോറിറ്റി ഇപ്പോള്‍ പൂര്‍ണ്ണരൂപത്തില്‍ രൂപീകരിക്കപ്പെട്ടിട്ടില്ല. പൂര്‍ണ്ണരൂപത്തില്‍ രൂപീകരിക്കപ്പെടുന്ന ഡാം സേഫ്റ്റി അതോറിറ്റിയിലേക്ക് ഡാമിന്റെ നിയന്ത്രണം ഏല്‍പ്പിക്കപ്പെടുന്നതോടെ, ഡാമിന്റെ സുരക്ഷയ്ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യും എന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.
ഈ കേസുകള്‍ക്കൊന്നും പോയപ്പോള്‍ പുതിയ ഡാം വേണം, ടണല്‍ വേണം തുടങ്ങിയ ആവശ്യങ്ങളൊന്നും ഞങ്ങള്‍ ഉന്നയിച്ചിട്ടില്ല. വിദഗ്ധര്‍ പരിശോധിക്കണം എന്നതായിരുന്നു ഞങ്ങളുടെ പ്രധാനമായ ആവശ്യം. ഡാം എന്‍ജിനീയറിങ് വളരെ സങ്കീര്‍ണ്ണമായ ഒരു സാങ്കേതികവിദ്യയാണ്. ഒരുപക്ഷേ ഒരു റോക്കറ്റ് ബഹിരാകാശത്തേക്ക് അയക്കുന്നത് പോലെ തന്നെ സങ്കീര്‍ണ്ണമായ വിഷയമാണ്. അത് നമ്മള്‍ പരസ്പരം ഇരുന്ന് ചര്‍ച്ച ചെയ്തു തീര്‍ക്കാവുന്ന ഒരു കാര്യമേ അല്ല. അതിന്റെ വിദഗ്ധര്‍ പരിശോധിച്ചു ഡാം സുരക്ഷിതമാണോ എന്ന് പറയട്ടെ. സുരക്ഷിതമല്ലെങ്കില്‍ എന്ത് ചെയ്യണം എന്ന് അവര്‍ നിര്‍ദ്ദേശിക്കട്ടെ. ഇതാണ് ഞങ്ങളുടെ നിലപാട്.
(അടൂര്‍ മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. ജോ ജോസഫ്, വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ന്യൂമാന്‍ അസോസിയേഷന്‍ കൊച്ചി ല്യൂമെനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം.)