ഇംഗ്ലീഷുകാരുടെ 'മലയാളം സ്‌കൂള്‍' വരുമോ?!

ഇംഗ്ലീഷുകാരുടെ 'മലയാളം സ്‌കൂള്‍' വരുമോ?!
Published on
മാതൃഭാഷയില്‍ അടിസ്ഥാന പഠനം ഉറപ്പിച്ച് വളരുന്നവര്‍ ഏതു ഭാഷയിലും നൈപുണ്യം നേടാന്‍ പ്രാപ്തിയുള്ളവരായിരിക്കും. വിദ്യാലയമേതായാലും മലയാളം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അഭിമാനക്കുറവു വിചാരിക്കേണ്ടതില്ല.

ഭാഷയെന്നത് ഒരത്ഭുത പ്രതിഭാസമാണ്... നമ്മുടെ വികാരവിചാരങ്ങളെ വെളിപ്പെടുത്താനും, ആശയങ്ങളെ തനതു ഭാവത്തിലും ആഴത്തിലും പങ്കുവെയ്ക്കാനുമാകുന്നു; ആശയവിനിമയമാണ് ഭാഷയുടെ ലക്ഷ്യമെങ്കിലും ഭാഷ മനുഷ്യന്റെ വ്യക്തിത്വം കൂടി പ്രകാശിതമാക്കുന്നതാണെന്നറിയണം. ഈ വ്യക്തിത്വത്തിന്റെ സംവഹനം കൂടി സാധ്യമാക്കുന്നതാണ് ഏതൊരു വ്യക്തിയുടേയും സമൂഹത്തിന്റേയും മാതൃഭാഷയെന്നത്. മാതൃബന്ധിയായ സകലവിധ അത്ഭുതങ്ങളോടും ചേര്‍ന്നു പോകുന്ന വിശിഷ്ട വിചാരവും അനുഭവവുമാണ് മാതൃഭാഷ. ഒരു വ്യക്തിയുടെ വ്യക്തിപ്രാഭവം മാതൃഭാഷയോടു ചേര്‍ന്നു വളരുന്നതാണെന്ന് തിരിച്ചറിയണം.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ വിദഗ്ദ്ധ സമിതി 2012 ഡിസംബര്‍ 19-നു മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്കുന്നത് തത്വത്തില്‍ അംഗീകരിച്ചു. 2013 മെയ് 23-ന് ചേര്‍ന്ന കേന്ദ്ര മന്ത്രി സഭായോഗം മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചു. തമിഴിനും സംസ്‌കൃതത്തിനും തെലുങ്കിനും കന്നടയ്ക്കും ഒപ്പം മലയാളവും ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു. ശ്രേഷ്ഠ ഭാഷാ പദവിക്കുള്ള അടിസ്ഥാന യോഗ്യത രണ്ടായിരം വര്‍ഷം പഴക്കം ഭാഷയ്ക്കുണ്ടായിരിക്കണമെന്നതാണ്; മലയാളത്തിന് 2300 വര്‍ഷത്തെ പാരമ്പര്യവും പൈതൃകവുമുണ്ടെന്നത് മലയാളികളെ അഭിമാന പുളകിതരാക്കേണ്ടതാണ്. സാഹിത്യ അക്കാദമിയുടെ 'അക്കാദമി' ഇപ്പോഴും ശ്രേഷ്ഠഭാഷയിലേയ്‌ക്കെത്താത്തതും ചിന്തനീയം തന്നെ!

മലയാളവും മലയാളിയും

സംസാരിക്കുന്നവരുടെ എണ്ണംകൊണ്ട് മുപ്പതാമത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്; എന്നാല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മലയാളം പിന്നെ തള്ളപ്പെടുമെന്നുകൂടി നാമറിയണം. മലയാളിയായിരിക്കുന്നതില്‍ ഏറെ അഭിമാനിച്ചിരുന്ന നമുക്കിന്ന് മലയാളത്തെ പുച്ഛമാണ്. തൊഴില്‍ ലഭിക്കുന്നതിനുള്ളതാണ് ഭാഷയെന്നു നാം തെറ്റിദ്ധരിച്ചുവോയെന്നൊരു സംശയം. സംഭാഷണങ്ങളില്‍ നിന്നെല്ലാം മലയാളം അപ്രത്യക്ഷമാകുന്നു; എന്നാല്‍ നാമൊന്നും ഇതരഭാഷയില്‍ പരിചിതരോ പരിജ്ഞാനമുള്ളവരോ ആണെന്നു തോന്നുന്നുമില്ല. മലയാള അക്ഷരമാലയും തദ്വാരയുള്ള വാക്കും വര്‍ത്തമാനവും എഴുത്തും പടിപടിയായി വളര്‍ത്തിയെടുത്തിരുന്ന നമ്മുടെ വ്യക്തിത്വത്തില്‍ എവിടെവച്ചോ മാതൃഭാഷയുടെ വൈദഗ്ദ്ധ്യം കൈമോശം വന്നു; അഥവാ ബോധപൂര്‍വ്വം കൈവിട്ടുവെന്നും പറയാം. ശൈശവ ബാല്യകൗമാരങ്ങളില്‍ നേടുന്ന വിദ്യാഭ്യാസം മാതൃഭാഷയുടെ ചിട്ടയില്‍ നിന്നു കൊണ്ടുതന്നെയാകണം; അങ്ങനെയായിരുന്നു; എന്നാല്‍ തൊഴിലധിഷ്ഠിത ചിന്ത ജീവിതത്തോടും വിദ്യാഭ്യാസത്തോടും ചേര്‍ത്തുവായിച്ചപ്പോള്‍ മലയാളത്തിന് 'വില'യില്ലെന്ന് നാം തെറ്റിദ്ധരിച്ചു. ചൈനയിലും ജപ്പാനിലും മെഡിസിനും എഞ്ചിനീയറിംഗും ഒക്കെ മാതൃഭാഷയിലാണ് അഭ്യസിക്കുന്നത്.

മറ്റു സ്ഥലങ്ങളില്‍ മുളച്ച് വളര്‍ന്ന് പുഷ്പിക്കുകയും ഫലം തരുകയും ഒക്കെ ചെയ്യുന്ന സസ്യങ്ങള്‍ നമുക്കിടയിലേയ്ക്കു പറിച്ചു നട്ടാല്‍ എത്ര ശുശ്രൂഷിച്ചാലും ഉദ്ദേശിച്ചത്ര 'ഫലം' ലഭിക്കാതെ പോകുന്നുവെന്നത് നമ്മുടെ ജീവിതത്തിനും ഒരു പാഠമല്ലെ? അടിസ്ഥാനം മാതൃഭാഷയിലാകേണ്ടതിന്റെ അനിവാര്യത, അല്ലെങ്കില്‍ മറ്റെന്തു പഠിക്കുമ്പോഴും മാതൃഭാഷയില്‍ പ്രാവീണ്യം നേടാന്‍ സാധിക്കേണ്ട അവസ്ഥ. ഇതൊന്നുമില്ലാതെ മലയാള അക്ഷരം പോലും മക്കള്‍ക്കറിയില്ലെന്നു പറയുന്ന മാതാപിതാക്കളുടെ ഗര്‍വിന്റെ മുഖം അഥവാ 'അഭിമാന'ബോധമെന്ന മിഥ്യാബോധം നമ്മുടെ നാടിനേയും നാം വന്ന വഴിയേയും വിസ്മരിക്കലല്ലെ? നമുക്ക് പരസ്പരം മനസ്സിലാകാത്ത വിധം ഭാഷ 'പുരോഗമി'ച്ചാല്‍ നമ്മുടെ ബന്ധങ്ങളും സ്വപ്നങ്ങളും പടുത്തുയര്‍ത്തലുകളും മറ്റൊരു ബാബേല്‍ ഗോപുരമാകാനേ സാധ്യതയുള്ളൂവെന്ന് കാലം തെളിയിച്ചേക്കാം. ബന്ധങ്ങള്‍ ശിഥിലമായി വെറും 'ജീവജാല'ങ്ങളായി ലോകത്ത് അങ്ങിങ്ങ് ജീവിച്ചുതീര്‍ക്കുന്ന ജീവിതങ്ങളായി ഭാവിയുടെ മക്കള്‍ മാറിയേക്കാം; കരുതല്‍ വേണം, ജാഗ്രത വേണം, മാതൃഭാഷ നമുക്കൊപ്പം സജീവമായിട്ടുണ്ടാകണം.

ഭാഷ ഇന്ന്

ശാസ്ത്രത്തിന്റെ ദ്രുതവളര്‍ച്ചയില്‍ മനുഷ്യത്വം ചോര്‍ന്നു പോയോയെന്നു സംശയിക്കണം; ഒപ്പം മനഃസാക്ഷിയും ഹൃദയത്തോടു ചേര്‍ന്നു പോകുന്ന പ്രവര്‍ത്തനങ്ങളും! ആധുനിക നാളുകളില്‍ കംപ്യൂട്ടര്‍ 'നേതൃത്വം' ഏറ്റെടുത്തുകഴിഞ്ഞു. മലയാളി മലയാളക്കരയില്‍ മലയാളത്തിനായി തപ്പിത്തടയുന്ന കാഴ്ചയാണെങ്ങും. വാര്‍ത്താ മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മലയാളം 'വിങ്ങലും വിക്കലും' നേരിടുന്നു; അക്ഷരത്തെറ്റുകളും ആശയരാഹിത്യവും വ്യാകരണത്തെറ്റുകളും സര്‍വ്വ സാധാരണമാകുന്നു. എല്ലാം ''മലയാളീകരിക്കുന്നു'' എന്നു പറയുന്ന മലയാളക്കരയുടെ പ്രസംഗത്തിലും ഒരു വൈരുദ്ധ്യമില്ലെ? മലയാളി മലയാളത്തിലാകുന്നത് ഒരത്ഭുതമാണോ? മാതൃഭാഷയെ ഇത്രമാത്രം അവഗണിക്കുന്ന മറ്റൊരു ജനവിഭാഗവും ലോകത്തുണ്ടാകില്ല. ലോകത്തെവിടെച്ചെന്നാലും ഒരു മലയാളിയുടെ സാന്നിദ്ധ്യമുണ്ടാകുമെന്നു പറയാറുണ്ട്; പക്ഷെ, അതില്‍ അഭിമാനിക്കണമെങ്കില്‍ മലയാളത്തില്‍ ജീവിച്ചതിന്റെ തനിമയും പൊലിമയും പാരമ്പര്യവും പൈതൃകവും നമ്മോടൊപ്പം സജീവമായിട്ടുണ്ടാകണം. മലയാളിയെ തിരിച്ചറിയുന്ന സംസ്‌കൃതി ജീവിതത്തോടൊപ്പം മരണം വരെ ഉണ്ടാകുമ്പോഴാണ് അന്യദേശക്കാരും ഭാഷയുടെ അമൂല്യതയും മാതൃഭാഷയുടെ അനന്യതയും തിരിച്ചറിയൂ.

തുണ്ടുകളുടെ കാലം

ഇന്ന് എല്ലാം തുണ്ടു വായനയും തുണ്ടെഴുത്തും, തുണ്ടു സന്ദേശങ്ങളും തുണ്ടു വര്‍ത്തമാനങ്ങളും മാത്രം! പത്രമാസികകള്‍ പ്രസക്തി നഷ്ടപ്പെട്ട് വിരുന്നു മുറികളിലും പത്രമാഫീസുകളിലും കാഴ്ചകളാകുന്നു. പരന്ന വായനയും പരന്ന വര്‍ത്തമാനങ്ങളും, സമയമെടുത്ത സംഭാഷണങ്ങളും പരിചയപ്പെടലുകളും ഇല്ലാതാകുന്നു. ഓരോരുത്തരും സ്വന്തം തുരുത്തിലിരുന്ന് തുണ്ടു സന്ദേശങ്ങള്‍, മലയാളവുമല്ല ഇംഗ്ലീഷുമല്ല ഒരുപക്ഷേ, ചില നേരത്ത് ഭാഷയേതെന്നും സംശയിക്കുംവിധം പങ്കുവച്ച് യാന്ത്രികതയുടെ ജീവിതം നയിക്കുന്ന തിരക്കിലാണ്. ആരും ആരെയും അറിയില്ലെങ്കിലും ഫേസ് ബുക്ക് ഫ്രണ്ട്‌സാണ്. വളര്‍ത്തുകയോ തളര്‍ത്തുകയോ ഇല്ലാത്ത നി സംഗതയുടെ 'സന്ദേശങ്ങള്‍' കൈമാറി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മലയാളിക്ക് വ്യക്തിത്വമില്ലാതാകുന്നു. സാക്ഷരതയുടെ നമ്മുടെ നാട്ടില്‍ ദിനപ്പത്രം വരുത്തുന്നവരെത്രയുണ്ട്? വരുത്തിയാലും വായിക്കുന്നവരെത്രയുണ്ട്; മലയാളിയുടെ വീട്ടില്‍ മലയാളം പത്രം വായിക്കാനറിയില്ലാത്തവരുടെയെണ്ണം കൂടിവരുന്നത് അഭിമാനമാണോ; അപമാനമാണോയെന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും. വായനശാലകളും, പുസ്തകശാലകളും ചരിത്രമായിക്കൊണ്ടിരിക്കുന്നു. വായനയില്ലാത്തവരും മാതൃഭാഷയില്‍ വസ്തുതകള്‍ ഗ്രഹിക്കാത്തവരും തുടര്‍ ഭാഷാ പഠനങ്ങളില്‍ കല്ലുകടി നേരിടും. മലയാളം ജന്മത്തോടൊപ്പം അഭ്യസിക്കാത്തവര്‍ പിന്നീടൊരിക്കലും പഠിക്കില്ലെന്നറിയുന്നതും മലയാളത്തെ വെറുക്കുന്ന മലയാളി അറിയണം. മാതൃഭാഷയില്‍ അടിസ്ഥാന പഠനം ഉറപ്പിച്ച് വളരുന്നവര്‍ ഏതു ഭാഷയിലും നൈപുണ്യം നേടാന്‍ പ്രാപ്തിയുള്ളവരായിരിക്കും.

വിദ്യാലയമേതായാലും മലയാളം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അഭിമാനക്കുറവു വിചാരിക്കേണ്ടതില്ല. മലയാളം പറയാതിരുന്നാല്‍ ഇംഗ്ലീഷില്‍ പ്രാവീണ്യം നേടാമെന്നുള്ളത് 'മാതൃഭാഷയുടെ മറ്റൊരു അത്ഭുതമാണ്;' ജനിച്ചപ്പോള്‍ മുതല്‍ നാം മറ്റൊരു രാജ്യത്താണെങ്കില്‍ അവിടുത്തെ ഭാഷയില്‍ അഗ്രഗണ്യനാകും. പക്ഷെ, ഒരു കാര്യം ഓര്‍ക്കുക: ആ ഭാഷ അവിടുത്തെ 'അമ്മ'യുടെ ഭാഷയാണ്. സായിപ്പ് ഇംഗ്ലീഷ് പറയുന്നതു കേട്ട് മലയാളി ഞെട്ടിയേക്കാം; പക്ഷെ, ഒരു കാര്യം ഓര്‍ക്കുക മലയാളി മലയാളം പറയുന്നതു കേട്ട് ഇംഗ്ലീഷുകാരെല്ലാം ഞെട്ടുന്നുണ്ട്?! ഭാഷ ഞെട്ടിക്കാനും ജോലി കിട്ടാനും ഉള്ളതല്ല മറിച്ച് എവിടെച്ചെന്നാലും അനുയോജ്യമായ ആശയവിനിമയം ഉണ്ടാകണം; അതിനാണ് ഭാഷ. വാളാകാനും വീണയാകാനും വാക്കിനു ശക്തിയുണ്ട്. പക്ഷെ, വാളിന്റെയും വീണയുേടയും 'താളം' അനുഭവിക്കുന്നതിലാണ് ഭാഷയുടെ അതും മാതൃഭാഷയുടെ ഗൗരവം തിരിച്ചറിയാനാകുന്നത്. മാതൃഭാഷയ്ക്ക് ഒരുവന്റെ സംസ്‌കൃതിയുടെ ഹൃദയം സംവഹിക്കാന്‍ ശേഷിയുണ്ട്. ഹൃദയത്തെ തൊടാന്‍ മാതൃഭാഷയോട് കിടപിടിക്കാന്‍ ഭാഷയില്ല!! ഭാഷയ്‌ക്കൊപ്പം ഒരു ജീവിതവുമുെണ്ടന്ന് മലയാളി ഓര്‍മ്മയില്‍ സൂക്ഷിക്കണം.

ഇംഗ്ലീഷ് അക്ഷരങ്ങള്‍കൊണ്ട് 'മലയാളം മെസ്സേജ്' നവ മാധ്യമങ്ങളിലൂടെ ടൈപ്പ് ചെയ്ത് അയയ്ക്കുന്നത് യുവതയുടെ ഇന്നത്തെ സ്ഥിരം ശീലമാണ്; പക്ഷെ, അപ്പോഴും അതിലെ വാക്കുകള്‍ക്ക് കൃത്യതയില്ല. കാരണം, ഏതു മലയാള അക്ഷരംകൊണ്ടാണ് ഉദ്ദേശിച്ച വാക്ക് എഴുതേണ്ടതെന്ന് അറിയില്ലാത്തതുകൊണ്ട്. ഇംഗ്ലീഷും ശരിയല്ല മലയാളവും ശരിയല്ല. ചുരുക്കത്തില്‍ ഭാഷയിലുള്ള പ്രാവീണ്യം നഷ്ടപ്പെട്ട് തൊഴിലിനാവശ്യമായ പഠനങ്ങള്‍ കൊണ്ട് ആധുനിക തലമുറ ഒതുങ്ങുകയാണ്. പഠിക്കാനേറെ ക്ലേശമുള്ളതും പദസമൃദ്ധി കൊണ്ട് നിറഞ്ഞതുമാണ് മലയാളം. ആശയങ്ങളെ ഹൃദയാവര്‍ജകമായി അവതരിപ്പിക്കാന്‍ ഇത്രയും അനുയോജ്യമായ ഭാഷ വേറൊന്നില്ലെന്നു പറയാം; അതുകൊണ്ടല്ലെ മലയാള സാഹിത്യവും സാഹിത്യകാരന്മാരും ലോകത്തിന്റെ നെറുകയില്‍ വിരാചിക്കുന്നതും!!

സംഭാഷണം

വിദ്യാര്‍ത്ഥികളുടെ ലബോറട്ടറിയും വര്‍ക്ക്‌ഷോപ്പുമാണ് സംഭാഷണമെന്നു സാധാരണ പറയാറുണ്ട്. പക്ഷെ, ഇന്ന് സംഭാഷണത്തിന് സാധ്യതകളില്ലാതായിരിക്കുന്നു. മലയാളത്തില്‍ സംഭാഷിച്ചാല്‍ ഇംഗ്ലീഷ് മോശമാകും എന്ന് വിദ്യാലയത്തില്‍ പറയുമ്പോള്‍ അതു ശീലിക്കുന്ന മക്കള്‍ക്ക് പുറത്തിറങ്ങിയാല്‍ ആരോടും പരിചയപ്പെടാനോ ബന്ധങ്ങള്‍ പുതുക്കാനോ ബന്ധുമിത്രാദികളെയോ അയല്‍ക്കാരെയോ യഥാവിധി തിരിച്ചറിയാനോ ശ്രമിക്കാറില്ല. അവര്‍ അവരുടെ തന്നെ സെല്‍ഫോണിലേക്ക് കുനിഞ്ഞ് കുത്തിക്കുറിച്ച് ഒരു അന്തര്‍മുഖരെപ്പോലെ പൊതുസമൂഹത്തില്‍ നിന്നും ഓടിയൊളിക്കുന്നു. ''എത്രയും നേരത്തെ രാജ്യം വിടണം; ഇമിഗ്രേഷനും, മൈഗ്രേഷനും, പി.ആര്‍.ഉം സാധ്യമാക്കണം. ഇവിടെ ജീവിക്കാന്‍ നിവൃത്തിയില്ലത്രെ!!'' വരും തലമുറ ഭാഷയുടെ അന്തരത്താല്‍ തന്നെ മുറിപ്പെട്ടവരും മുറിവേറ്റവരും ഒറ്റപ്പെട്ടവരും ആശ്രയരഹിതരും സ്‌നേഹശൂന്യരുമൊക്കെയായി മാറും. സ്‌നേഹത്തിന്റെ തീവ്രതയ്ക്കും മാതൃഭാഷയുടെ സൗന്ദര്യവും ആഴവും അര്‍ത്ഥവും നിറഞ്ഞ പദാവലിയും അനിവാര്യമാണ്. ഭാഷയില്‍ എത്ര പാണ്ഡിത്യം നേടിയാലും മാതൃഭാഷയുടെ സംവേദന തീവ്രത അനുഭവവേദ്യമാകില്ലെന്നും തിരിച്ചറിയണേ!!

ഇനിയെന്ത്? എങ്ങനെ?

തരിച്ചു നില്‍ക്കാതെ ഒരു തിരിച്ചുപോക്ക് അനിവാര്യമാണെന്ന തിരിച്ചറിവിലെത്തുക. കാലത്തിനൊപ്പം ഭാഷയെ കൊണ്ടു നടക്കാന്‍ പഠിക്കണം. കംപ്യൂട്ടര്‍ നിത്യോപയോഗത്തിലേയ്‌ക്കെത്തിയപ്പോള്‍ നിഘണ്ടുവിലില്ലാത്ത ഒട്ടനവധി വാക്കുകള്‍ ഇംഗ്ലീഷിന്റെ ഭാഗമായിട്ടുണ്ട്; ഏവര്‍ക്കും സുപരിചിതവും പ്രായോഗികതയില്‍ അര്‍ത്ഥവും മനസ്സിലാക്കിക്കഴിഞ്ഞു. ഒരു കംപ്യൂട്ടര്‍ ഭാഷ മലയാളത്തിനും അനിവാര്യമാണ് ഒപ്പം മലയാളം കീ ബോര്‍ഡ് അത്യന്താപേക്ഷിതവുമാണ്. കാലത്തിനും സംസ്‌ക്കാരത്തിനും യോജിച്ച പുതിയ മലയാളം വാക്കുകള്‍ കണ്ടെത്തുന്നതില്‍ ഭാഷാപണ്ഡിതര്‍ മത്സരിക്കണം. മലയാള ഭാഷയുടെ പ്രതിഭ ഉപയോഗിച്ച് കാലത്തോടും ആവശ്യങ്ങളോടും സമരസപ്പെട്ട് വിജയപഥത്തില്‍ മുന്നേറാന്‍ മലയാളികള്‍ ശ്രദ്ധിക്കണം. ചരിത്രപരമായ ഭാഷാ ഗവേഷണങ്ങളും നൂതന ഉപയോഗക്രമങ്ങളും അര്‍ത്ഥങ്ങളും കണ്ടെത്തണം. ഭാഷയുടെ സൗന്ദര്യവും വ്യാകരണ സ്വഭാവങ്ങളും നഷ്ടപ്പെടുത്താതെ മലയാളത്തെ മലയാളിക്കൊപ്പം നിര്‍ത്താന്‍ ശ്രദ്ധിക്കണം!

എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കണം. അക്ഷരമാലയും ഭാഷയോടു ചേര്‍ന്നു പോകുന്ന പഠനങ്ങളും ഉണ്ടാകണം. അടിസ്ഥാനം മലയാളത്തിലാകുന്ന മക്കള്‍ പഠനത്തിലും, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സൗഹൃദങ്ങളുടെ ഊഷ്മളതയിലും കുടുംബബന്ധങ്ങളുടെ സജീവതയിലും ജീവിതത്തെ ചിട്ടപ്പെടുത്തും. തലമുറകള്‍ തമ്മില്‍ സ്വാഭാവികമായും കാലാനുസൃതമായും ഒരു വിടവുണ്ടാകും. എന്നാല്‍ മാതൃഭാഷയറിയാത്ത മക്കളുള്ള വീട്ടില്‍ വല്ല്യപ്പച്ചന്റെയും വല്ല്യമ്മച്ചിയുടെയും ചോദ്യത്തിനു മുന്നില്‍ യുക്തമായ ഉത്തരം കണ്ടെത്താന്‍ വിഷമിക്കും; അപ്പോള്‍ ഉത്തരങ്ങള്‍ ഇതര ഭാഷയിലാകും; ബന്ധങ്ങളുടെ ബലവും കുടുംബത്തിലെ സ്‌നേഹാന്തരീക്ഷവും മാറിമറിയും. മലയാളം ഭാഷകളില്‍ സങ്കീര്‍ണത നിറഞ്ഞതാണ് ഒപ്പം മലയാളികള്‍ക്ക് ഹൃദ്യതയുടെ ഉറവിടവുമാണ്; മലയാളത്തെ മറക്കരുത്; മലയാളിയുടെ തനിമ തകര്‍ക്കരുത്. ഇംഗ്ലീഷുകാര്‍ വന്ന് മലയാളക്കരയില്‍ 'മലയാളം പബ്‌ളിക്ക് സ്‌ക്കൂള്‍' ആരംഭിക്കുന്ന കാലം വിദൂരമല്ലെന്നു സംശയിക്കുന്നു; ആശങ്കപ്പെടുന്നു.

ഇനിയെങ്കിലും ചിന്തിക്കണം, വൈകരുത്, കുഞ്ഞുങ്ങള്‍ അമ്മേയെന്നു വിളിച്ചു ഒന്നു കരഞ്ഞോട്ടെ!! രാരീരം പാടി അമ്മ കുഞ്ഞിനെ ഒന്നു ഉറക്കിക്കോട്ടെ!! കുട്ടിത്തത്തിലും കുറുമ്പിലും നാടും വീടും നാട്ടുകാരേയും അറിഞ്ഞ് മക്കള്‍ വളരട്ടെ. നാടിന്റെ മഹത്വം മക്കളെ പഠിപ്പിക്കാന്‍ മറക്കരുതേ! ജന്മഗൃഹവും ജന്മദേശവും അമൂല്യമാകുമ്പോള്‍ മാതൃഭാഷയും അമൂല്യം തന്നെ! മലയാളത്തിന്റെ 'ഗന്ധം' മലയാളി വിസ്മരിച്ചാല്‍ പിന്നെ ആര് തിരിച്ചറിയും!? തലമുറകള്‍ ഒന്നിച്ചു പുലര്‍ന്നിരുന്ന മലയാളക്കരയില്‍ വൃദ്ധര്‍ മാത്രം ശേഷിക്കുന്നതിന്റെ അര്‍ത്ഥം സഗൗരവം തിരിച്ചറിയാനും തിരുത്താനും കഴിഞ്ഞില്ലെങ്കില്‍ നാം നെടുവീര്‍പ്പിടും!! മലയാളം മറന്നു മലയാളി മറ്റൊരു ബാബേല്‍ നിര്‍മ്മാണത്തിലാണോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org