ക്ഷീരകര്‍ഷകരെ നമ്മുടെ സര്‍ക്കാരും സമൂഹവും എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു. കഴിയുന്നത്ര മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ സുസ്ഥിതിക്കും ആവശ്യമാണ്. പാലിന്റെയും പാലുല്‍പന്നങ്ങളുടെയും കാര്യത്തില്‍ നാം ഇപ്പോഴും സ്വയംപര്യാപ്തമായിട്ടില്ല. എന്നാല്‍ സംസ്ഥാനത്തിനു വേണ്ടി പാലുല്‍പാദിപ്പിക്കുന്ന കര്‍ഷകരോടുള്ള നമ്മുടെ സമീപനം എന്താണ്?
ഫാ. തോമസ് മങ്ങാട്ട്, ചെയര്‍മാന്‍ പി ഡി ഡി പി
കോവിഡ് പ്രതിസന്ധി സമസ്തമേഖലകളെയും തകര്‍ത്തു കളഞ്ഞ സമയത്താണ് ഞാന്‍ പി ഡി ഡി പി യുടെ ചെയര്‍മാനായി നിയമിതനായത്. പി ഡി ഡി പി യും കടുത്ത പ്രതിസന്ധി നേരിട്ടു. മുന്നോട്ടുള്ള വഴി കാണാനാകാതെ സ്തംഭിച്ചു നില്‍ക്കുന്ന ഘട്ടം. അക്കാലത്ത് നിരവധി കര്‍ഷകരുമായി നേരിട്ടു സംസാരിച്ചു. ആത്മവിശ്വാസത്തിന്റെ ആള്‍രൂപങ്ങളാണ് നമ്മുടെ കര്‍ഷകര്‍. സാധാരണ മനുഷ്യര്‍ തകര്‍ന്നുപോകുന്ന പ്രതിസന്ധികളൊന്നും കര്‍ഷകരെ നിരാശരാക്കുകയില്ല. എന്തിനെയും നേരിടാന്‍, ഏതു പ്രതിസന്ധിക്കപ്പുറത്തും പ്രത്യാശവയ്ക്കാന്‍ കഴിയുന്ന കരുത്തുറ്റ മാനസികാവസ്ഥയുള്ളവരാണവര്‍. അവര്‍ നല്‍കിയ ഊര്‍ജം കോവിഡിനെ മറികടന്നുപോരാന്‍ പി ഡി ഡി പി യെ സഹായിച്ചു. അതുപോലെ പല പ്രതിസന്ധികളെയും മറികടക്കുകയും വലിയ വിജയങ്ങള്‍ കരസ്ഥമാക്കുകയും അനേകര്‍ക്ക് അത്താണി നല്‍കുകയും ചെയ്തുകൊണ്ട്, സുവര്‍ണ്ണജൂബിലി ആഘോഷങ്ങളിലേക്ക് എത്തിനില്‍ക്കുകയാണ് ഈ പ്രസ്ഥാനം. ഈ സമയത്ത് കടുത്ത വേനലും ചൂടും പശുക്കളെയും കര്‍ഷകരെയും ബാധിച്ചിരിക്കുകയാണ്. പാലുല്‍പാദനം കുറഞ്ഞു, കാലികളുടെ ആരോഗ്യത്തെ ബാധിച്ചു. പക്ഷേ ഇതിനെയും നമ്മുടെ കര്‍ഷകര്‍ മറികടക്കും എന്നതില്‍ തര്‍ക്കമില്ല.
പക്ഷേ ഈ കര്‍ഷകരെ നമ്മുടെ സര്‍ക്കാരും സമൂഹവും എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു. കഴിയുന്നത്രമേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ സുസ്ഥിതിക്കും ആവശ്യമാണ്. പാലിന്റെയും പാലുല്‍പന്നങ്ങളുടെയും കാര്യത്തില്‍ നാം ഇപ്പോഴും സ്വയംപര്യാപ്തമായിട്ടില്ല. എന്നാല്‍ സംസ്ഥാനത്തിനുവേണ്ടി പാലുല്‍പാദിപ്പിക്കുന്ന കര്‍ഷകരോടുള്ള നമ്മുടെ സമീപനം എന്താണ്? അവര്‍ക്ക് ഉത്പാദനചെലവ് കിട്ടുന്നുണ്ടോ, അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് നാം എന്തു സഹായം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഈ സമൂഹത്തിനു ബാധ്യതയുണ്ട്.
170 ഓളം സൊസൈറ്റികളിലായി അയ്യായിരത്തിലധികം കര്‍ഷകരുടെ ഉപജീവനോപാധിയാണ് പി ഡി ഡി പി കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് ഏജന്‍സികളേക്കാള്‍ കര്‍ഷകര്‍ക്കു ആദായം നല്‍കുന്നത് പി ഡി ഡി പി ആണ്.
പാലിന് ഒരു രൂപ മുതല്‍ 3 രൂപ വരെ ഒരു ലിറ്ററിന് പി ഡി ഡി പി മറ്റുള്ളവരേക്കാള്‍ അധികം നല്‍കുന്നുണ്ട്.
ഓണത്തിനു ബോണസും ഓണക്കിറ്റുകളും ക്രിസ്മസിനും റംസാനും സമ്മാനക്കിറ്റുകളും നല്‍കുന്നു.
7 മൃഗാശുപത്രികള്‍ പി ഡി ഡി പി നടത്തുന്നു. ഒപ്പം കേരളത്തിലെ ഏക പാല്‍പ്പൊടി പ്ലാന്റും പി ഡി ഡി പി യുടേതാണ്.
ഡോക്ടര്‍മാരുടെയും ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെയും സന്ദര്‍ശനം നാമമാത്രമായ ചെലവില്‍ നടത്തുന്നു.
പകുതി പ്രീമിയം പി ഡി ഡി പി നല്‍കി എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് സുരക്ഷ.
നിശ്ചിത പ്രായമായിട്ടും പ്രസവിക്കാത്ത പശുക്കള്‍ക്കും ഇന്‍ഷൂറന്‍സ്
കൃത്രിമ ബീജസങ്കലനത്തിന് നാമമാത്രമായ ചെലവ്.
കന്നുകുട്ടി പരിപാലന പദ്ധതി, തീറ്റ പുല്‍കൃഷി ധനസഹായം, കാലിത്തീറ്റ പ്ലാന്റ്.
ബയോഗ്യാസ് പ്ലാന്റ് സബ്‌സിഡി, വേനല്‍ക്കാല ഇന്‍സെന്റീവ്.
സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് മേഖലാടിസ്ഥാനത്തില്‍ പ്രോത്സാഹനം.
65 വയസ്സിനു മുകളിലുള്ള സജീവാംഗങ്ങള്‍ക്ക് പ്രത്യേക ധനസഹായം.
ചികിത്സാ സഹായമായി ഡയാലിസിസ് സൗകര്യം.
പശുക്കളെ വാങ്ങുന്നതിന് ബാങ്ക് ലോണ്‍ സൗകര്യവും സബ്‌സിഡിയും.
+2 പാസാകുന്ന സജീവാംഗങ്ങളുടെ മക്കള്‍ക്ക് 2000 രൂപ ധനസഹായം.
സജീവാംഗം മരണപ്പെട്ടാല്‍ ടിയാന്റെ കുടുംബത്തിന് 5000 രൂപ ധനസഹായം.
ഇങ്ങനെ കര്‍ഷകരെ കരുതലോടെ സംരക്ഷിക്കുന്ന ഒരു സമീപനമാണ് പി ഡി ഡി പി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളാകെയുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങളുണ്ടായിട്ടും പി ഡി ഡി പി യിലെ കര്‍ഷകര്‍ ഇതിനോടൊപ്പം ഉറച്ചു നില്‍ക്കുന്നത്.
കാലാകാലങ്ങളില്‍ ആവശ്യമായ വികസനങ്ങളും വിപുലീകരണങ്ങളും ചെയ്യാന്‍ പി ഡി ഡി പി ക്കു സാധിച്ചിട്ടുണ്ട്. അതിരൂപതാധികാരികളും പി ഡി ഡി പി യുടെ അധ്യക്ഷപദവികളില്‍ ഓരോ കാലത്തും വന്നവരും ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും കര്‍ഷകരും അതിനു തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. ഇന്ന് വൈവിധ്യവല്‍ക്കരണത്തിലൂടെ ധാരാളം ഉത്പന്നങ്ങള്‍ പി ഡി ഡി പി വിപണിയിലെത്തിക്കുന്നുണ്ട്.
പി ഡി ഡി പി യുടെ ഐസ്‌ക്രീം ഇപ്രകാരം വിപണി കീഴടക്കിയ ഒരുത്പന്നമാണ്. പുതിയ കമ്പനികള്‍ വന്‍ ബജറ്റുള്ള പരസ്യസന്നാഹങ്ങളുമായാണ് ഐസ്‌ക്രീം വിപണിയില്‍ മത്സരിക്കുന്നത്. പി ഡി ഡി പിക്ക് അങ്ങനെ വലിയ ഒരു പരസ്യബജറ്റില്ല. പക്ഷേ വിപണിയില്‍ ഞങ്ങളുടെ ഐസ്‌ക്രീമിനു വലിയ ഡിമാന്‍ഡുണ്ട്. ഒരിക്കല്‍ വാങ്ങിയവര്‍ പി ഡി ഡി പിയുടെ ഐസ്‌ക്രീം തന്നെ ചോദിച്ചു വാങ്ങുന്ന സ്ഥിതി സൃഷ്ടിക്കാന്‍ ഗുണമേന്മയില്‍ ചെലുത്തിയ ശ്രദ്ധ മൂലം സാധിച്ചു. യാതൊരു മായവുമില്ലാതെ, ശുദ്ധമായ പാലു കൊണ്ടു നിര്‍മ്മിക്കുന്നവയാണ് ഇതുപോലെ പി ഡി ഡി പിയുടെ മറ്റ് ഉത്പന്നങ്ങളെല്ലാം എന്നു ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതു തന്നെയാണ് പി ഡി ഡി പി യുടെ കരുത്ത്. ഐസ്‌ക്രീമിനു പുറമെ പാല്‍പൊടി, പനീര്‍, സംഭാരം, തൈര്, നെയ്യ്, പേഡ തുടങ്ങിയവയാണ് പാക്കറ്റ് പാല്‍ കൂടാതെ പി ഡി ഡി പി യുടെ മറ്റ് ഉത്പന്നങ്ങള്‍.
പാല്‍ ഒരു അവശ്യവസ്തു ആയിരിക്കുന്നിടത്തോളം പി ഡി ഡി പി ഇനിയും മുന്നോട്ടു തന്നെ പോകും. എന്നാല്‍ നമ്മുടെ കര്‍ഷകരെ ക്ഷീരകൃഷിയില്‍ നിലനില്‍ക്കാനും കൂടുതല്‍ പേര്‍ ഈ രംഗത്തേക്കു വരാനും സര്‍ക്കാരിന്റെ സഹായവും ഇടപെടലും ആവശ്യമായിട്ടുണ്ട്. നെല്‍കൃഷിയുടെ കാര്യം നമുക്കറിയാം. നഷ്ടവും നിരാശയും മൂലം അനേകര്‍ കൃഷി ഉപേക്ഷിച്ചു. വയലുകള്‍ തരിശിട്ടു. ഇപ്പോള്‍ നെല്‍കൃഷി പ്രോത്സാഹിപ്പിക്കാനും തരിശുനിലങ്ങളില്‍ കൃഷിയിറക്കാനും സര്‍ക്കാര്‍ പ്രോത്സാഹനപദ്ധതികളുമായി വരുന്നു. പക്ഷേ ഒരിക്കല്‍ കൃഷി ഉപേക്ഷിച്ചു പോയ കര്‍ഷക കുടുംബങ്ങളെ അതിലേക്കു മടക്കിക്കൊണ്ടു വരിക എളുപ്പമല്ല.
പശു വളര്‍ത്തല്‍ ആദായകരമാണെങ്കിലും കഠിനാധ്വാനം ആവശ്യമുള്ള സംരംഭമാണ്. ഒരു പശുവിനെ മാത്രമാണു വളര്‍ത്തുന്നതെങ്കിലും ആ കര്‍ഷകന്റെ ജീവിതം ആ പശുവിനെ ചുറ്റിപ്പറ്റിയായിരിക്കും. പാലു കറക്കലും വില്‍ക്കലും പശുവിന്റെ പരിചരണവുമായി 24 മണിക്കൂറും അയാള്‍ക്ക് ഈ ജോലിയില്‍ ചെലവഴിക്കേണ്ടി വരുന്നു. അതിനു തക്ക പ്രതിഫലം കര്‍ഷകര്‍ക്കു ലഭിക്കേണ്ടതുണ്ട്.
പശു വളര്‍ത്തലിന് ഇറങ്ങിത്തിരിച്ചതില്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യം പല കര്‍ഷകരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. ഖേദിക്കുന്നു എന്നു പറഞ്ഞവര്‍ ഒരാള്‍ പോലുമുണ്ടായിരുന്നില്ല. കുടുംബം പോറ്റിയതും മക്കളെ വളര്‍ത്തിയതും വീടു പണിതതും കല്യാണങ്ങള്‍ നടത്തിയതും എല്ലാം പശു വളര്‍ത്തിയിട്ടാണെന്ന് അഭിമാനത്തോടെ പറയുന്നവരാണേറെയും. മക്കള്‍ ജോലിക്കാരാകുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും മക്കള്‍ വിലക്കുകയും ചെയ്തിട്ടും ഈ മേഖലയോടുള്ള താത്പര്യം കൊണ്ട് പശുവളര്‍ത്തല്‍ തുടരുന്നവരും അനേകരുണ്ട്. പശു വളര്‍ത്തുന്നവര്‍ക്ക് ആ ജീവികളോടുള്ള താത്പര്യവും ഒരു ഘടകമാണ്.
പക്ഷേ, പുതിയ തലമുറ ഈ രംഗത്തേക്കു വരുന്നത് കുറവാണ്. അവരെ കൂടി ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേരളത്തില്‍ ക്ഷീരകൃഷി സുസ്ഥിരമായി നിലനില്‍ക്കുകയുള്ളൂ.
1973 ല്‍ എറണാകുളം അതിരൂപതാ സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഫാ. ജോസഫ് മുട്ടുമന തുടക്കമിട്ട ഈ പ്രസ്ഥാനത്തെ വളര്‍ത്തി വലുതാക്കിയവരെ സുവര്‍ണജൂബിലി വേളയില്‍ കര്‍ഷകര്‍ കൃതജ്ഞതാപൂര്‍വം അനുസ്മരിക്കുകയാണ്. കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍, ബിഷപ് സെബാസ്റ്റ്യന്‍ മങ്കുഴിക്കരി, മലയാറ്റൂര്‍ പള്ളിയും അന്നു വികാരിയായിരുന്ന ഫാ. ജോസഫ് വടക്കുമ്പാടനും, കാരിത്താസ് ഇന്ത്യ, സേവ് എ ഫാമിലി, ഐ ജി എസ് എസ്, ബെല്‍ജിയം അസോസിയേഷന്‍ തുടങ്ങിയ പേരുകള്‍ സവിശേഷപരമാര്‍ശം അര്‍ഹിക്കുന്നു. കൂടാതെ ചെയര്‍ മാന്മാരും വൈസ് ചെയര്‍മാന്മാരും ഡയറക്ടര്‍മാരും കര്‍ഷകരും നൂറു കണക്കിനു ജീവനക്കാരും അവരുടെ അധ്വാനവും കഴിവും സമര്‍പ്പിച്ചതിന്റെ ഫലമാണ് ഇന്ന് സുവര്‍ണജൂബിലി നിറവിലെത്തി നില്‍ക്കുന്ന പി ഡി ഡി പി.
(അഭിമുഖസംഭാഷണം)