ദാസ്യസമര്‍പ്പണത്തിന്റെ മുക്കാല്‍ ശതാബ്ദം; മലബാര്‍ മിഷണറി ബ്രദേഴ്‌സ് (MMB)

ദാസ്യസമര്‍പ്പണത്തിന്റെ മുക്കാല്‍ ശതാബ്ദം; മലബാര്‍ മിഷണറി ബ്രദേഴ്‌സ് (MMB)
ധനമില്ലായ്മയാണല്ലൊ ക്രൈസ്തവ സഭയുടെ യഥാര്‍ത്ഥധനം. ആ പുണ്യം പരിരക്ഷിക്കാന്‍ എം എം ബി സമൂഹത്തിന് നാളിതുവരെ സാധിച്ചതില്‍ സമൂഹപ്രാരംഭകര്‍ക്കും ഇപ്പോഴത്തെ നേതൃത്വത്തിനും അംഗങ്ങള്‍ക്കും അനുമോദനങ്ങള്‍.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി തിരുപ്പട്ടം സ്വീകരിച്ചിട്ടുള്ള വൈദികനാണെന്നാണ് പല വിശ്വാസികളും കരുതിവെച്ചിരിക്കുന്നത്. സഭാസ്ഥാപകന്‍ എന്ന പദവികൊണ്ടുമാത്രമല്ല, സഭാംഗങ്ങളില്‍ ഭൂരിപക്ഷം പേരും (വിശുദ്ധ അന്തോണീസ് അടക്കം) വൈദികരാണ്. ഫ്രാന്‍സിസി നും ശിഷ്യന്മാര്‍ക്കും കാപ്പിപ്പൊടിനിറമുള്ള തിരുവസ്ത്രമാണ്. അതിനാല്‍ 'രണ്ടാംക്രിസ്തു'വെന്ന് അറിയപ്പെടുന്ന ഫ്രാന്‍സിസും വൈദികനാണെന്ന് മനസ്സിലാക്കിയതില്‍ തെറ്റ് പറയാനാവില്ല. ഫ്രാന്‍സിസ് അസ്സീസിയുടെ കാലഘട്ടത്തില്‍ത്തന്നെ കപ്പൂച്ചിന്‍സഭയില്‍ വൈദികപ്പട്ടം സ്വീകരിക്കാത്ത സഹായികളായ ബ്രദര്‍മാരും ഉണ്ടായിരുന്നു.

ഫ്രാന്‍സിസ് അസ്സീസിയുടെ വിശുദ്ധമാതൃക ജീവിതത്തില്‍ പകര്‍ത്തിയ ബ്രദര്‍മാരായി മാത്രം സമര്‍പ്പിതജീവിതം നയിക്കുന്നവര്‍ ഈശോസഭ തുടങ്ങിയ സന്ന്യാസസമൂഹത്തിലും ഉണ്ടായിരുന്നു. എന്നാല്‍ ചില സമൂഹങ്ങള്‍ വൈദികര്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത സേവനമേഖലകളില്‍ ശുശ്രൂഷക്കായി ബ്രദര്‍മാരുടെ മാത്രമായ സമൂഹങ്ങളും രൂപീകരിച്ചു. അതില്‍ കേരളത്തില്‍ പ്രമുഖസ്ഥാനം നേടിയവരാണ് മോണ്‍. സഖറിയാസ് വാഴപ്പിള്ളിയും കപ്പൂച്ചിന്‍ സഭാംഗമായ ബഹു. മാര്‍ട്ടിന്‍ അച്ചനും ചേര്‍ന്ന് വളരെ എളിയ നിലയില്‍ തൃശ്ശൂര്‍ കേന്ദ്രമായി ആരംഭിച്ച മലബാര്‍ മിഷണറി ബ്രദേഴ്‌സ്. അസ്സീസിയുടെ ദാരിദ്രാരൂപിയില്‍ ആദ്യ അംഗങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വസതിപോലുമുണ്ടായിരുന്നില്ല. പ്രഥമരക്ഷാധികാരിയും തൃശ്ശൂര്‍ ബിഷപ്പുമായിരുന്ന മാര്‍ ജോര്‍ജ് ആലപ്പാട്ട് പിതാവിന്റെ അനുവാദത്തോടെ ജൂബിലി മിഷനാസ്പത്രിയോടനുബന്ധിച്ചുള്ള വിരമിക്കുന്ന വൈദികര്‍ക്കായി പണികഴിപ്പിച്ചിരുന്ന മന്ദിരത്തിലെ ഒരു മുറിയിലാണ് താമസിച്ചത്. ആരംഭം തന്നെ അസ്സീസി ചൈതന്യത്തിലായിരുന്നു എന്ന് വ്യക്തം. ഭാരതത്തിന്റെ ക്രൈസ്തവഭാവി ഭാരതത്തില്‍ രൂപപ്പെടണം എന്ന ലിയോ പതിമൂന്നാമന്‍ പാപ്പയുടെ ദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യയുടെ ഇതരമേഖലകളിലേക്കുള്ള പ്രേഷിതരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂര്‍ രൂപതയിലെ നിരവധി വൈദികര്‍ ഫ്രാന്‍സിസ്‌ക്കന്‍ ആധ്യാത്മികതയില്‍ ആകൃഷ്ടരായി ഇവരോടൊപ്പം ചേര്‍ന്നു. മാസത്തില്‍ പ്രത്യേകധ്യാനം, ആരാധന, ഉപവാസം എന്നിവയും ധ്യാനപ്രസംഗങ്ങളും അവരുടെ ഇടവകവൈദികജീവിതത്തെ കൂടുതല്‍ കരുത്തുള്ളതാക്കുന്നുവെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. അജ്ഞരും രോഗികളും നിരാലംബരുമായ ദരിദ്രജനങ്ങളുടെ സേവനത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സമര്‍പ്പിതസമൂഹമായിരുന്നു സഖറിയാസച്ചന്റെ സ്വപ്‌നം. മംഗലാപുരത്ത് ഭാരതത്തിലെ കപ്പൂച്ചിന്‍ സഭയുടെ നോവിസ് മാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ട്ടിനച്ചന്റെ മാര്‍ഗനിര്‍ദേശം സഖറിയാസച്ചന് ലഭിച്ചതോടെ കൂടുതല്‍ വൈദികര്‍ മലബാര്‍ മിഷണറി യൂണിയനില്‍ ചേര്‍ന്നു. തൃശ്ശൂരിന് പുറത്ത് ഇന്നത്തെ രാമനാഥപുരം പ്രദേശത്തും ചെറിയ സുവിശേഷസംഘങ്ങള്‍ രൂപീകൃതമായി. ആ സ്ഥലങ്ങളിലാണ് പാലക്കാട്, രാമനാഥപുരം രൂപതകളിലെ ഇന്നുള്ള പള്ളികള്‍ സ്ഥാപിക്കപ്പെട്ടത്. 1952 ല്‍ ആദ്യ ബാച്ച് ബ്രദര്‍മാര്‍ വ്രതവാഗ്ദാനം നടത്തി. സ്ഥാപനത്തിന്റെ പത്താം വാര്‍ഷികമായപ്പോഴേക്കും നാലു ബാച്ചുകളിലായി 31 ബ്രദര്‍മാര്‍ വ്രതവാഗ്ദാനം ചെയ്തു. 1953 ല്‍ ആന്ധ്രയിലെ നെല്ലൂര്‍ രൂപതയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഭാരതമണ്ണ് മിഷന്‍ വളക്കൂറുള്ളതിനാല്‍ ബ്രദേഴ്‌സ് പാകിയ വിത്തെല്ലാം പെട്ടെന്ന് വളര്‍ന്ന് ഫലം പുറപ്പെടുവിച്ചു. ഇന്നത്തെ ഇരിഞ്ഞാലക്കുട രൂപതയില്‍ ആരംഭിച്ച വൃദ്ധജനങ്ങള്‍ക്കുള്ള ഭവനം സേവനത്തിന്റെ പുത്തന്‍ ശൈലികൊണ്ട് സര്‍വരുടേയും പ്രശംസയ്ക്ക് പാത്രമായി.

സേവനവും പ്രാര്‍ത്ഥനയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതിയില്‍ ആകൃഷ്ടനായി കുട്ടനെല്ലൂരില്‍ ഷെവലിയര്‍ അഗസ്റ്റിന്‍ അക്കര മാതൃഭവനം നിര്‍മ്മിക്കുന്നതിനും കൃഷിചെയ്ത് ഉപജീവനം നടത്തുവാനുമായി ഭൂമി ദാനം ചെയ്തു. അവിടെ ആരംഭിച്ച നിത്യാരാധനകേന്ദ്രം മധ്യകേരളത്തിന് തന്നെ ഒരു തീര്‍ത്ഥകേന്ദ്രമായി. രാവും പകലും നടത്തിയിരുന്ന ആരാധന ഈയടുത്തകാലത്ത് പകല്‍സമയത്തു മാത്രമാക്കി ചുരുക്കി. അംഗബലത്തിലും ആധ്യാത്മികതയിലും വളര്‍ച്ചയുടെ ഉച്ചകോടിയിലെത്തിനില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി രൂപത മലബാര്‍ മിഷണറി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഒരു രൂപതയില്‍ രണ്ടുതരം വൈദികര്‍ ഗുണകരമാകില്ലെന്ന ചിന്തയില്‍ നിന്നായിരിക്കാം ഇത് സംഭവിച്ചത്. തികഞ്ഞ അനുസരണയോടെ ബ്രദര്‍മാര്‍ അത് സ്വീകരിച്ചു. സ്ഥാപകപിതാവ് സഖറിയാസച്ചന്‍ സക്രാരിയുടെ മുമ്പിലാണ് തന്റെ വേദനകള്‍ സമര്‍പ്പിച്ചത്. അങ്ങനെ അദ്ദേഹത്തിന് ലഭിച്ചതാണ് 'സക്രാരിയച്ചന്‍' എന്ന രണ്ടാം പേര്.

മിഷന്‍ ചൈതന്യമുള്ള വൈദികര്‍, സന്യസ്തര്‍, ബ്രദര്‍മാര്‍, അല്‍മായര്‍ എന്നിവരുടെ നിലവിളി ദൈവത്തിന് തള്ളിക്കളയാനാകില്ലല്ലൊ. 1973 ല്‍ എം.എം.ബി സമൂഹത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യം തിരികെ നല്‍കി.

ഇപ്പോള്‍ മലബാര്‍ മിഷണറി ബ്രദേഴ്‌സിന്റെ പ്രവര്‍ത്തനം ഉത്തരേന്ത്യയിലെ മിക്കവാറും എല്ലാ രൂപതകളിലേക്കും വ്യാപിച്ചിട്ടുണ്ട്. കര്‍മ്മോന്മുഖമായ ആധ്യാത്മികത സ്വന്തമാക്കിയ സമൂഹം ദരിദ്രസേവനത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഭാരതത്തിലെ പ്രേഷിതരുടെ എണ്ണം കുറഞ്ഞുവരുന്ന അവസ്ഥയില്‍ നിലവിലുള്ളതും ഭാവിയില്‍ പ്രതീക്ഷിക്കേണ്ടതുമായ ശക്തമായ അടിച്ചമര്‍ത്തലുകള്‍ നേരിടാന്‍ പ്രാപ്തരായ മിഷണറിമാരെ പ്രദാനം ചെയ്യാന്‍ വിളവിന്റെ നാഥന്‍ അനുഗ്രഹം വര്‍ഷിക്കട്ടെ. ധനമില്ലായ്മയാണല്ലൊ ക്രൈസ്തവസഭയുടെ യഥാര്‍ത്ഥധനം. ആ പുണ്യം പരിരക്ഷിക്കാന്‍ എം എം ബി സമൂഹത്തിന് നാളിതുവരെ സാധിച്ചതില്‍ സമൂഹപ്രാരംഭകര്‍ക്കും ഇപ്പോഴത്തെ നേതൃത്വത്തിനും അംഗങ്ങള്‍ക്കും അനുമോദനങ്ങള്‍. എം എം ബി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ബാസ്റ്റിന്‍, പ്രൊവിന്‍ഷ്യാള്‍മാരായ ബ്രദര്‍ ജോസ് ചുങ്കത്ത്, ബ്രദര്‍ സോജന്‍ പൈകട എന്നിവരാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org