മുഖം മിനുക്കേണ്ട സഭ

മുഖം മിനുക്കേണ്ട സഭ

Published on
  • ഫാ. പോള്‍ മോറേലി

വിശ്വാസം പൊതുവേ ക്ഷയിച്ച ഒരു കാലമായി ഇക്കാല ഘട്ടത്തെ നാം വിശേഷിപ്പിക്കാറുണ്ട്. ക്രമബദ്ധമായ വിശ്വാസ പരിശീലനത്തിനു ശേഷവും പള്ളിയില്‍ നിന്നും അകന്നുപോകുന്ന യുവജനങ്ങളെക്കുറിച്ച് നാം വിലപിക്കുന്നു. മാതാപിതാക്കളുടേതു മാത്രമല്ല, അജപാലകരുടേതുമാണ് ഈ വിലാപം. കുറ്റം ഏതായാലും അവരുടേതല്ല. പക്ഷേ ഇന്നത്തെ യുവതയ്ക്കു മുമ്പില്‍ സഭ എങ്ങനെയാണ് പ്രത്യക്ഷമാകുന്നത്? യുവജനത്തെ വിശ്വാസജീവിതത്തിലേക്ക് നയിക്കേണ്ടവര്‍തന്നെ അതിനു കാരണക്കാരായി എന്നത് ഏവരേയും വേദനിപ്പിക്കുന്നു.

വിശ്വാസികള്‍ക്കു വിലയില്ലാതാകുന്ന കാലം ഉണ്ടായിക്കൂടാ. വിശ്വാസികളുടെ ശബ്ദത്തെ അവഗണിക്കുന്ന സഭ കര്‍ത്താവിന്റെ സഭയാകില്ല. കര്‍ത്താവിന്റെ സഭ ചെറിയവരെ വലിയവരാക്കുന്ന സഭയാണ്. ചെറിയവന്റെയും ശബ്ദം കേള്‍ക്കുന്ന സഭയാണ്.

സഭ ദൈവഭവന (Family of God) മാണെന്ന അടിസ്ഥാന തത്വം മറന്ന് 'ഞാനാണ് സഭ' എന്ന് ചിന്തിച്ചതിന്റെയും പ്രവര്‍ത്തിച്ചതിന്റെയും പ്രതിഫലനമാണ് സമൂഹത്തിന്റെ മുമ്പില്‍ വികൃതമാക്കപ്പെട്ട ഇന്നത്തെ സഭ. സഭ സ്‌നേഹത്തിന്റെ കൂദാശയാണെന്ന കാര്യം മറന്നു. സഭ സംഭാഷണത്തിന്റെ ഇടമാണെന്ന കാര്യം മറന്നു. സഭയുടെ ശൈലി സ്‌നേഹത്തിന്റെ ശൈലിയായിരിക്കണം.

ദൈവം സ്‌നേഹമാണെന്നു പഠിപ്പിക്കുന്ന ഒരു സഭാ സമൂഹത്തിന്, സ്‌നേഹത്തിനു വിപരീതമായ ഭാവങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കാനാകും? മറ്റുള്ളവരിലൂടെ നമ്മോടു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരം, ഏകാധിപത്യ ശൈലിയിലൂടെ സഞ്ചരിച്ചാല്‍ എങ്ങനെ കേള്‍ക്കാനാവും?

2021 ഒക്‌ടോബര്‍ 9-ാം തീയതി ആഗോള സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു: സഭ അടുപ്പത്തിന്റെ (closeness) സഭയാകണം. നമുക്ക് ദൈവത്തിന്റെ സ്‌റ്റൈലിലേക്ക് മടങ്ങാം അടുപ്പത്തിന്റെ, അനുകമ്പയുടെ, മൃദുല സ്‌നേഹത്തിന്റെ (closeness, compassion and tender love). ദൈവം ഈ രീതിയിലാണ് എപ്പോഴും പ്രവര്‍ത്തിക്കുന്നത്. അനുകമ്പയും മൃദുല സ്‌നേഹവുമുള്ള അടുപ്പത്തിന്റെ ഒരു സഭയായില്ലെങ്കില്‍, നമ്മുടെ സഭ കര്‍ത്താവിന്റെ സഭയല്ല. വാക്കുകള്‍ കൊണ്ടല്ല, സമൂഹത്തിലും ലോകത്തിലും സൗഹൃദത്തിന്റെ വലിയ ബന്ധങ്ങള്‍ നെയ്‌തെടുക്കുന്ന സ്‌നേഹത്തിന്റെ സാന്നിധ്യമാകണം സഭ. ഈ സഭ മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന ഒരു സഭയാകരുത്. മറിച്ച്, ഇന്നിന്റെ പ്രശ്‌നങ്ങളിലേക്കും ആവശ്യങ്ങളിലേക്കും ദൈവത്തിന്റെ തൈലവുമായി (balm of God) കടന്നുചെന്ന് മുറിവുകള്‍ വച്ചുകെട്ടുന്ന, തകര്‍ന്ന ഹൃദയങ്ങള്‍ക്കു സൗഖ്യം നല്‍കുന്ന ഒരു സഭയാകണം. അടുപ്പത്തിലേക്കും അനുകമ്പയിലേക്കും മൃദുല സ്‌നേഹത്തിലേക്കും നയിക്കുന്ന ദൈവത്തിന്റെ ശൈലി ഇന്നത്തെ സഭ മറക്കരുത്.

ദൗര്‍ഭാഗ്യവശാല്‍ സഭയുടെ എല്ലാ തലങ്ങളിലും വിഭാഗീയതയുടെ വിത്ത് വിതയ്ക്കപ്പെട്ടു. സംയമനത്തോടെ നേതൃത്വം നല്‍കേണ്ടവര്‍ വിഭാഗീയതയുടെ വക്താക്കളായി. രാഷ്ട്രീയ പാര്‍ട്ടികളോ യുക്തിവാദമോ മറ്റ് ആശയസംഹിതകളോ അല്ല സഭയെ നശിപ്പിക്കുന്നത്; പകരം സഭയുടെ ഉള്ളില്‍ നിന്നു തന്നെയാണത്. സഭാസംവിധാനങ്ങള്‍ മറ്റുള്ളവരെ ഞെരുക്കാനുള്ളതല്ല പകരം സാക്ഷ്യത്തിനുള്ളതാവണം.

മാമ്മോദീസ സ്വീകരിച്ചവരെന്ന നിലയില്‍ വ്യത്യസ്തമായ കൃപകളുള്ളവരും വിളികളുള്ളവരും ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നവരും ഒരുമിച്ചു നടക്കുന്നത് നമ്മുടെ സമൂഹത്തിനു മാത്രമല്ല ഈ ലോകത്തിനുതന്നെ ഒരു സാക്ഷ്യമാണ്.

വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനെട്ടാം അധ്യായം സഭയിലെ നേതാക്കന്മാര്‍ക്കുവേണ്ടി എഴുതപ്പെട്ടിരിക്കുന്നതാണ്. ആരാണു വലിയവന്‍ എന്ന മത്സരത്തിനു കര്‍ത്താവ് നല്‍കുന്ന ഉത്തരം - ശിശുവിനെപോലെ ചെറുതാകുന്നവനാണ് സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവനെന്നതാണ്. സുവിശേഷങ്ങള്‍ മുന്‍നിര്‍ത്തി തിരുത്തലുകള്‍ സ്വീകരിക്കപ്പെടണം. പക്ഷേ ആരാണ് സഭയെ തിരുത്തേണ്ടത്?

യൂറോപ്യന്‍ സഭ തകര്‍ന്നു തരിപ്പണമായതില്‍ ഒരു വലിയ പങ്കുവഹിച്ചത് അവിടുത്തെ ക്ലെറിക്കലിസ്സമായിരുന്നു. വിശ്വാസിക്ക് ശബ്ദമില്ലാതിരുന്ന സഭ. അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ഭീതി പരത്തി ഭരിച്ചിരുന്ന അധികാര വര്‍ഗം. പൗരോഹിത്യം ആജ്ഞാപിക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനും ഉപയോഗിക്കപ്പെട്ട കാലം. ഇന്ന് ആ സഭ വലിയ നവീകരണത്തിന്റെ പാതയിലാണ്, പള്ളികളില്‍ ആളുകള്‍ കുറവാണെങ്കില്‍ പോലും. മാമ്മോദീസായിലൂടെ ഒരു വിശ്വാസിക്കു ലഭിക്കുന്ന സഭാ കൂട്ടായ്മയിലെ അവകാശം ഇന്ന് അഗീകരിക്കപ്പടുന്നു. സഭ ദൈവജനമെന്ന (people of God) സഭാ വിജ്ഞാനീയത്തിലെ തിരിച്ചറിവ് മാമ്മോദീസ സ്വീകരിച്ച ഏതൊരാളുടെയും മഹത്വവും ദൗത്യവും (digntiy and mission) ഇന്ന് അംഗീകരിക്കുന്നു. വിശ്വാസികള്‍ക്കു കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നവര്‍ സഭാ ശുശ്രൂഷികളാണെന്ന സത്യം വിശ്വാസികള്‍ തന്നെ അവര്‍ക്കു ബോധ്യപ്പെടുത്തിക്കൊടുത്തു. അധികാരസഭയില്‍ നിന്നും ശുശ്രൂഷാസഭയിലേക്ക് യൂറോപ്യന്‍ സഭ രൂപാന്തരപ്പെടുന്നു.

വിശ്വാസികള്‍ക്കു വിലയില്ലാതാകുന്ന കാലം ഉണ്ടായിക്കൂടാ. വിശ്വാസികളുടെ ശബ്ദത്തെ അവഗണിക്കുന്ന സഭ കര്‍ത്താവിന്റെ സഭയാകില്ല. കര്‍ത്താവിന്റെ സഭ ചെറിയവരെ വലിയവരാക്കുന്ന സഭയാണ്. ചെറിയവന്റെയും ശബ്ദം കേള്‍ക്കുന്ന സഭയാണ്.

'മുറിവുകളെ ഉണക്കുകയും വിശ്വാസികളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുകയുമാണ് ഇന്ന് സഭ ചെയ്യേണ്ടത്' (പോപ്പ് ഫ്രാന്‍സിസ്). സഭ എപ്പോഴും ദൈവത്തിന്റെ സ്‌നേഹം ഏവരിലേക്കും എത്തിക്കുന്ന ഒരു യഥാര്‍ത്ഥ കുടുംബമായിരിക്കണം. വിഭജിതമായ ഈ ലോകത്ത് സഭ ഒരുമയോടെ നില്‍ക്കുന്നത് ഒരു ദാനവും സാക്ഷ്യവുമാണ്. ഈ ഒരുമ പരിശുദ്ധാത്മാവിന്റെ സമ്മാനമാണ്.

മാമ്മോദീസ സ്വീകരിച്ചവരെന്ന നിലയില്‍ വ്യത്യസ്തമായ കൃപകളുള്ളവരും (charism) വിളികളുള്ളവരും (vocation) ശുശ്രൂഷകള്‍ (ministry) നിര്‍വഹിക്കുന്നവരും ഒരുമിച്ചു നടക്കുന്നത് നമ്മുടെ സമൂഹത്തിനു മാത്രമല്ല ഈ ലോകത്തിനുതന്നെ ഒരു സാക്ഷ്യമാണ്. നമ്മളെല്ലാവരും കര്‍ത്താവില്‍ സഹോദരീ സഹോദരന്മാരാണ്. വിശ്വസ്തരായ ദൈവജനമെന്ന നിലയിലുള്ള നമ്മുടെ വ്യക്തിത്വവും (identity) മാമ്മോദീസായില്‍ നിന്നും നമുക്ക് ലഭിക്കുന്ന മഹത്വവും (dignity) സുവിശേഷവല്‍ക്കരണത്തിനായി നാം ഓരോരുത്തരും ഉപയോഗിക്കണം.

സഭ ദൈവത്തിന്റെ വീടും കുടുംബവുമാണ്. സഭ അവളുടെ മക്കളുടെ ജീവിതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന, വളരെ കുറച്ചുമാത്രം ബ്യൂറോക്രാറ്റിക്കായ, കൂടുതല്‍ ബന്ധമുളവാക്കുന്ന (relational) സഭയായി മാറണം. ഇതുപോലെയുള്ള ഒരു സഭയെയാണ് ഇന്നത്തെ യുവാക്കളും ആഗ്രഹിക്കുന്നത്.

സിനഡല്‍ സഭയുടെ മുഖം എപ്രകാരമായിരിക്കണമെന്ന് സിനഡിന്റെ സിന്തസീസ് റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നുണ്ട്: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠിപ്പിക്കലനുസരിച്ച്, സഭ 'പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും ഐക്യത്തില്‍ ഒന്നാക്കപ്പെട്ട ഒരു ജനമായി വിളങ്ങി പ്രശോഭിക്കുന്നു' (LG4). പിതാവ്, പുത്രന്റെ ദൗത്യത്തിലൂടെയും (mission) പരിശുദ്ധാത്മാവിന്റെ ദാനത്തിലൂടെയും (gift), കൂട്ടായ്മയുടെയും ദൗത്യത്തിന്റെയും ചലനാത്മകതയിലേക്ക് നമ്മെ ഉള്‍ച്ചേര്‍ക്കുകയും, അത് 'ഞാന്‍' (I) എന്നതില്‍ നിന്ന് 'നമ്മള്‍' (we) എന്നതിലേക്ക് നമ്മെ ചലിപ്പിക്കുകയും ഈ ലോകത്തിന്റെ ശുശ്രൂഷയ്ക്കായി നമ്മെ നിയുക്തരാക്കുകയും ചെയ്യുന്നു. സിനഡാലിറ്റി ഈ ത്രിതൈ്വക ചലനാത്മകതയെ, ദൈവം മനുഷ്യവംശത്തെ കാണുവാന്‍ വരുന്ന ആത്മീയ മനോഭാവങ്ങളും (spiritual attitudes) സഭാത്മക പ്രവര്‍ത്തനങ്ങളുമായി (ecclesial process) പരിവര്‍ത്തനം ചെയ്യുന്നു. ഇങ്ങനെ സംഭവിക്കാന്‍, മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും തങ്ങള്‍ക്കു ലഭിച്ച വിളിയും (vocation), കൃപയും (charism), ദൗത്യവും (mission) അനുസരിച്ച് തങ്ങളെതന്നെ സമര്‍പ്പിക്കണം. ഇപ്രകാരം മാത്രമേ സഭ അതില്‍തന്നെ വാസ്തവത്തില്‍ ഒരു സംഭാഷണ (conversation) മായും ഈ ലോകത്തില്‍, മനുഷ്യരോട് തോളോടുതോള്‍ ചേര്‍ന്നു നടക്കുന്ന ഈശോയെപ്പോലെയും ആകുകയുള്ളൂ.

ഈശോയാകുന്ന കണ്ണാടിയിലേക്കു നോക്കി സഭയുടെ കുറവുകളെ, നമ്മുടെ കുറവുകളെ, മനസ്സിലാക്കാം. കുറവുകളെ മൂടിവയ്ക്കാതെ, തുടച്ചുനീക്കി സഭയുടെ മുഖത്തെ കൂടുതല്‍ മിനുക്കമുള്ളതാക്കാം.

logo
Sathyadeepam Online
www.sathyadeepam.org