സവിശേഷ പ്രേഷിതമാസത്തിന്‍റെ മിഷന്‍ ദര്‍ശനങ്ങള്‍

സവിശേഷ പ്രേഷിതമാസത്തിന്‍റെ മിഷന്‍ ദര്‍ശനങ്ങള്‍


റവ. ഡോ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍ എം.എസ്.റ്റി.

"ഞാന്‍ എപ്പോഴും ഒരു മിഷനാണ്. നീയും എപ്പോഴും ഒരു മിഷന്‍ തന്നെ." സമര്‍പ്പിതരും, അഭിഷിക്തരും മാത്രമല്ല, മാമ്മോദീസാ സ്വീകരിച്ച ഓരോ മനുഷ്യ വ്യക്തിയും ഈ ലോകത്തില്‍ ക്രിസ്തുവിന്‍റെ മിഷനാണ്. ക്രിസ്തുവിന്‍റെ സഭ ലോകത്തില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്നത് അവിടുത്തെ മിഷനായി മാറിയ വിശ്വാസികളിലൂടെയുമാണ്. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ നന്മയും-തിന്മയും, നേട്ടവും-നഷ്ടവും ചിലരാരുടെയെങ്കിലും മാത്രം മേന്മയോ കുറ്റമോ ആയി മാറ്റി നിര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പ അനുവദിക്കുന്നില്ല. സവിശേഷ പ്രേഷിതമാസമായി 'ഒക്ടോബര്‍ -2019' ആചരിക്കണമെന്ന ആഹ്വാനത്തിന് അനുബന്ധമായി, ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്കായി പരിശുദ്ധ പാപ്പ ഊന്നല്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍, പ്രേഷിതവേലയില്‍ നാമെല്ലാവരും ഉത്തരവാദികളാണെന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കും. ഈ തിരിച്ചറിവു നല്‍കുന്ന ആശ്വാസത്തോടും, അസ്വസ്ഥതയോടുമൊപ്പം, നാമിന്നു ജീവിക്കുന്ന ഉത്തരാധുനികയുഗത്തില്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രസക്തവും സ്വീകാര്യവുമായ രീതിയില്‍, നമ്മുടെ ജീവിതമാകുന്ന മിഷന്‍ വഴി, ആവിഷ്കരിക്കുവാനുള്ള ദര്‍ശനങ്ങളും പ്രേഷിതമാസം പങ്കുവയ്ക്കുന്നു.

സവിശേഷ പ്രേഷിതമാസാചരണം
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, 2017 ഒക്ടോബര്‍ മാസത്തിലെ മിഷന്‍ ഞായറാഴ്ചയുടെ സന്ദേശത്തിലൂടെയാണ് ഒക്ടോബര്‍ 2019, സവിശേഷ മിഷന്‍ മാസമായി ആചരിക്കുവാന്‍ മാര്‍പാപ്പ നിര്‍ദ്ദേശിച്ചത്. 1919-ല്‍ ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച മാക്സിമും ഇല്ലൂദ് (ഏറ്റവും നല്ല കാര്യം) എന്ന പ്രബോധനത്തിന്‍റെ ശതാബ്ദിയാണ്, സവിശേഷ പ്രേഷിതമാസത്തിന്‍റെ പശ്ചാത്തലം. ഒരു നൂറ്റാണ്ടു പിന്നിട്ട ഈ അപ്പസ്തോലിക പ്രബോധനത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുവഴി, കാലാനുസൃതമായി തിരുസ്സഭയില്‍ നടത്തേണ്ട തിരുത്തലുകളെയും, മിഷന്‍ കാഴ്ചപ്പാടുകളില്‍ സ്വീകരിക്കേണ്ട നവീനമായ ഉള്‍ക്കാഴ്ചകളെപ്പറ്റിയും അദ്ദേഹം ഓര്‍മ്മിക്കുന്നു.

സ്വദേശത്തും വിദേശത്തുമായി തിരുസ്സഭയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന അനുചിതമായ സംഭവവികാസങ്ങള്‍ സഭയില്‍ നവീകരണം ഉണ്ടാകണം എന്ന തിരിച്ചറിവിലേക്ക് നമ്മെ നിര്‍ബന്ധിക്കുന്നു. സഭയുടെ നവീകരണത്തിനുള്ള ഏറ്റവും നല്ല ഉപാധി, സുവിശേഷാസ്പദമായി, പ്രേഷിതതീക്ഷ്ണതയെ കൂടുതല്‍ ഉജ്ജീവിപ്പിക്കുന്നതാണെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'രക്ഷകന്‍റെ മിഷന്‍' എന്ന ചാക്രികലേഖനത്തില്‍ പ്രദിപാദിക്കുകയുണ്ടായി (രക്ഷകന്‍റെ മിഷന്‍, 7). സഭാമക്കളുടെ പ്രേഷിതതീക്ഷ് ണത തീവ്രമാക്കുന്നതുവഴി, മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തോടും വളര്‍ച്ചയോടുമൊപ്പം, തിരുസ്സഭയുടെ നവീകരണം കൂടി ഈ പ്രേഷിതമാസം ലക്ഷ്യം വയ്ക്കുന്നു.

മാക്സിമും ഇല്ലൂദിന്‍റെ പ്രേഷിത വീക്ഷണങ്ങള്‍
പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ തുടങ്ങിവച്ച കോളനിവല്‍ക്കരണത്തിന്‍റെ ഭാഗമായി ദ്രുതഗതിയില്‍ പുരോഗമിച്ച പ്രേഷിത മുന്നേറ്റങ്ങള്‍ ഒന്നാം ലോക മഹായുദ്ധത്തിന്‍റെ (1914-1918) പരിണിതമായി മന്ദഗതിയിലായപ്പോള്‍, ഘടനാ-സംവിധാനങ്ങളുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ പുനരേകീകരിച്ച് ഉര്‍ജ്ജസ്വലമാക്കുവാനുള്ള പരിശ്രമമാണ് മാക്സിമും ഇല്ലൂദ് നടത്തിയത്.

തദ്ദേശിയ വൈദികരുടെ രൂപീകരണവും, പ്രാദേശികമായ രീതിയില്‍ സമര്‍പ്പിത സമൂഹങ്ങളെ പരിശീലിപ്പിക്കേണ്ടതിന്‍റെ അനിവാര്യതയും, മിഷന്‍ പ്രദേശങ്ങളിലെ തനതായ ഭാഷകളോടും, സംസ്കാരങ്ങളോടും അനുരൂപപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും മാക്സിമും ഇല്ലൂദ് പ്രതിപാദിക്കുന്നു (MI 14, 24 & 25). സുവിശേഷ പ്രഘോഷണമെന്ന പരമമായ ലക്ഷ്യമല്ലാതെ മറ്റു ലൗകിക താല്പര്യങ്ങളാല്‍ മിഷനറിമാര്‍ ആകര്‍ഷിക്കപ്പെടരുത് എന്ന് ഓര്‍മ്മിപ്പിക്കുന്ന പ്രബോധനം (MI 19) വിശുദ്ധി നിറഞ്ഞ ജീവിതം വഴിയുള്ള പ്രഘോഷണമാണ് ഏറ്റവും ഫലവത്തായ പ്രേഷിതശൈലിയെന്നും, മൂല്യബോധവും, ധാര്‍മ്മികതയും നിറഞ്ഞ ജീവിതത്താല്‍ ദൈവ-മനുഷ്യരായി ലോകത്തെ സ്വാധീനിക്കണമെന്നും (MI 26) മാക്സിമും ഇല്ലൂദ് നിര്‍ദ്ദേശിച്ചു. ഈ അപ്പസ്തോലിക പ്രബോധനത്തിന്‍റെ പ്രവാചകവും, ദീര്‍ഘവീക്ഷണമുള്ളതുമായ ഉള്‍ക്കാഴ്ചകള്‍, ആധുനിക മിഷന്‍ ദൈവശാസ്ത്രത്തിന് അടിത്തറ നല്‍കുകയും, പ്രേഷിതപ്രവര്‍ത്തനം എത്രമാത്രം സുവിശേഷാത്മകമായിരിക്കണം എന്ന് നിത്യമായി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

സവിശേഷ പ്രേഷിതമാസത്തിന്‍റെ കാലികപ്രസക്തി
'തീക്ഷ്ണത'യാണ് പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനഘടകം. ഈശോയോടുള്ള സ്നേഹവും, അവനിലുള്ള വിശ്വാസവും തീക്ഷ്ണതയില്‍ ജ്വലിക്കുമ്പോള്‍, തന്‍റെ ചിന്തകളും പ്രവര്‍ത്തനങ്ങളും ക്രിസ്തീയമായി രൂപാന്തരപ്പെടുത്തി, അതിന്‍റെ സുഗന്ധം ലോകത്തില്‍ പ്രസരിപ്പിച്ച് മിഷണറിയും മിഷനുമായി ഒരുവന്‍ മാറും. വ്യക്തികളുടെയും, സമൂഹങ്ങളുടെയും വിശ്വാസജീവിതം, അതിന്‍റെ ആഴത്തിലും ഗുണത്തിലും വളരുമ്പോള്‍ മാത്രമേ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളു. അതിനാലാണ്, പ്രേഷിത പ്രവര്‍ത്തനം, ഒരു വ്യക്തിയുടെയും, സഭാസമൂഹത്തിന്‍റെയും വിശ്വാസത്തിലുള്ള പക്വതയുടെ അടയാളമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സൂചിപ്പിച്ചത് (രക്ഷകന്‍റെ മിഷന്‍, 49). തുടര്‍ച്ചയായ ഓര്‍മ്മപ്പെടുത്തലുകളും, നവീകരണപ്രക്രിയകളും വഴി മാത്രമേ ഭൂമിയിലെ സഭയ്ക്ക്, വിശ്വാസത്തിന്‍റെ പക്വതയുടെ അടയാളങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളു. ആധുനിക കാലഘട്ടത്തിലെ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി, ആത്മാര്‍ത്ഥമായ നവീകരണം വഴി ക്രിസ്തുവിനെയും, സുവിശേഷത്തെയും പക്വത നിറഞ്ഞ വിശ്വാസ സാക്ഷ്യം വഴി സ്വീകാര്യമാക്കുവാനുള്ള പരിശ്രമമാണ് ഈ പ്രേഷിതമാസാചരണം വഴി സഭ ലക്ഷ്യം വയ്ക്കുന്നത്.

ക്രിസ്തുവിന്‍റെ സഭ ലോകത്തില്‍ സുവിശേഷ സാക്ഷ്യം നല്‍കുമ്പോള്‍, എല്ലാ കാലഘട്ടങ്ങളിലും തടസ്സമായി നില്‍ക്കുന്നത് രണ്ട് ഘടകങ്ങളാണ്. ഒന്നാമത്തേത് – സഭയ്ക്ക് പുറത്തുള്ള ലൗകിക ശക്തികളുടെ എതിര്‍പ്പ്. രണ്ടാമത്തേത് – സഭയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന തീക്ഷ്ണതയില്ലായ്മയും ഗുണനിലവാരം കുറഞ്ഞ ജീവിതസാക്ഷ്യവും. ബാഹ്യശക്തികളുടെ എതിര്‍പ്പുകളെ നേരിടുവാനും ചെറുക്കുവാനുമുള്ള ശേഷി സഭയ്ക്ക് ലഭിക്കേണ്ടത് അതിന്‍റെ ആന്തരിക പൂര്‍ണ്ണതയില്‍ നിന്നാണ്. അതിനാല്‍ ദൃശ്യസഭയുടെ നിലനില്പിനും, പ്രേഷിതാത്മകതയുടെ കരുത്ത് അനിവാര്യമാണ്. ബോധ്യങ്ങളില്‍ ആഴവും, വിശ്വാസത്തില്‍ ഉണര്‍വ്വും, ഉത്സാഹവും വര്‍ദ്ധിപ്പിക്കാനുതകുന്ന രീതിയില്‍ ക്രിസ്തീയ ജീവിതം തുടര്‍-നവീകരണ പ്രക്രിയകള്‍ വഴി ഉന്മേഷഭരിതവും, ചൈതന്യവത്തുമാക്കുക എന്നുള്ളത് പ്രേഷിതമാസത്തിന്‍റെ ലക്ഷ്യം ആണ്. ഇതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന നവീകരണ മേഖലകള്‍ താഴെ പറയുന്നവയാണ്.

പ്രേഷിത നവീകരണ മേഖലകള്‍
ക്രിസ്തീയ ജീവിതത്തിലെ നാലു മേഖലകളുടെ നവീകരണമാണ്, മിഷന്‍ അഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രേഷിതമാസം ഊന്നല്‍ നല്‍കുന്നത്. അവയില്‍ ഒന്നാമത്തേതാണ് ഈശോയോടുള്ള വ്യക്തിപരമായ ബന്ധത്തിലുള്ള ആഴപ്പെടല്‍. വിശുദ്ധ കുര്‍ബാനയിലുള്ള ഭക്തിപൂര്‍വ്വമായ പങ്കുചേരല്‍, വചനവായനയും ധ്യാനവും, വ്യക്തിപരവും സമൂഹപരവുമായ പ്രാര്‍ത്ഥന എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ഈശോയോടുള്ള ബന്ധത്തിലും അനുഭവത്തിലും ആഴപ്പെടുവാന്‍ പ്രേഷിതമാസം ഓര്‍മ്മിപ്പിക്കുന്നു.

ലോകത്തിന്‍റെ പല ഭാഗങ്ങളില്‍, വിവിധകാലഘട്ടങ്ങളിലായി സാഹസികവും, ത്യാഗോജ്വലവുമായി വിശുദ്ധജീവിതം നയിച്ച് വിശ്വാസം പ്രഘോഷിച്ച വിശുദ്ധരുടെയും, രക്തസാക്ഷികളുടെയും, വചനപ്രഘോഷകരുടെയും പ്രേഷിതമാതൃകളെപ്പറ്റി പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക എന്നുള്ളതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. ഭാരതത്തിന്‍റെ അപ്പസ്തോലനായ തോമാശ്ലീഹായുടെ പ്രേഷിത മാതൃകയും, നമ്മുടെ സ്വന്തമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, ചാവറയച്ചന്‍റെയും, എവുപ്രാസ്യാമ്മയുടെയും, മറ്റു വാഴ്ത്തപ്പെട്ടവരുടെയും ജീവിതമാതൃകളും പ്രേഷിത പ്രവര്‍ത്തനത്തില്‍ നമുക്കു വഴികാട്ടികളാണ്. നമ്മുടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വീരോചിതമായ മിഷന്‍ പ്രവര്‍ത്തനം നടത്തിയ തദ്ദേശീയരും വിദേശീയരുമായ മിഷനറി മാതൃകള്‍ അറിയണമെന്നും, ജീവന്‍ പണയം വച്ചുകൊണ്ടും ക്രിസ്തുവിനായി ജീവിക്കുന്ന ഇന്നിന്‍റെ പ്രേഷിതസാക്ഷ്യങ്ങള്‍ സഭാമക്കള്‍ അനുകരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ആഗ്രഹിക്കുന്നു.

സഭാതനയര്‍ എല്ലാവരും തുടര്‍-വിശ്വാസപരിശീലന പരിപാടികളില്‍ പങ്കെടുക്കണമെന്നതാണ് മൂന്നാമത്തെ നിര്‍ദ്ദേശം. അതിനായി വിശുദ്ധഗ്രന്ഥപഠനവും, മതപഠനവും, ആദ്ധ്യാത്മിക-ദൈവശാസ്ത്ര ചര്‍ച്ചകളും വിശ്വാസികളുടെ ബോധ്യങ്ങളെ ആഴപ്പെടുത്തുമെന്നും, അങ്ങനെ പ്രേഷിത തീക്ഷ്ണത ഉജ്ജ്വലിക്കുമെന്നും പ്രത്യാശിക്കുന്നു. നാലാമതായി പ്രേഷിതമാസം ഉന്നംവയ്ക്കുന്നത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കേണ്ട സഹായ-സഹകരണങ്ങളുടെ മേഖലയെക്കുറിച്ചാണ്. മിഷണറി ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുവാനും, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കുവാനും, മിഷനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും, മാമ്മോദീസായിലൂടെ അയയ്ക്കപ്പെട്ട എല്ലാവര്‍ക്കും കടമയുണ്ട് എന്ന് പ്രേഷിത മാസം ഓര്‍മ്മിപ്പിക്കുന്നു.

മാമ്മോദീസായിലൂടെ അയയ്ക്കപ്പെട്ടവര്‍
'മിഷന്‍' എന്ന പദത്തിന്‍റെ ഉറവിടം തന്നെ 'അയയ്ക്കപ്പെടുക' എന്ന ക്രിയയുമായി ബന്ധപ്പെട്ടതാണ്. ഈശോ പിതാവിനാല്‍ അയയ്ക്കപ്പെട്ടതുപോലെ, അപ്പസ്തോലന്മാര്‍ ഈശോയാല്‍ അയയ്ക്കപ്പെട്ടവരായിരുന്നു (യോഹ. 20:21). മിഷനറിമാരായ വൈദികരും സമര്‍പ്പിതരും സ്വദേശത്തുനിന്നും പരദേശത്തേയ്ക്ക് അയയ്ക്കപ്പെട്ടവരായിരുന്നു. അഭിഷേകം ചെയ്ത് അയയ്ക്കപ്പെട്ടവര്‍ (ordained and sent) അല്ലെങ്കില്‍ വിശുദ്ധീകരിച്ച് അയ്ക്കപ്പെട്ടവര്‍ (consecrated and sent) എന്നാണ് അവരെക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ മാമ്മോദീസാ സ്വീകരിച്ച എല്ലാവരും അയയ്ക്കപ്പെട്ടവരാണ് എന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നതിലൂടെ വിശ്വാസികളെല്ലാവരും മിഷനറിമാരാണെന്നും, ഉത്ഥിതന്‍റെ സാക്ഷികളായി (അപ്പ. 1:8) ഈ ലോകത്തിലേക്ക് അയയ്ക്കപ്പെട്ടവരാണെന്നുമുള്ള ഉള്‍ക്കാഴ്ചയാണ് പങ്കുവയ്ക്കപ്പെടുന്നത്.

മാമ്മോദീസായിലൂടെ ക്രിസ്തുശിഷ്യരായിത്തീര്‍ന്ന നാമോരോരുത്തരുടെയും പരദേശം നാമിന്നു ജീവിക്കുന്ന ചുറ്റുപാടുകള്‍ തന്നെയാണ്. സ്വര്‍ഗ്ഗത്തില്‍ എത്തുന്നതുവരെ നാം ഇവിടെ പരദേശികളാണെന്നും, നാം ജീവിക്കുന്ന സാഹചര്യങ്ങളിലേക്ക് – നമ്മുടെ നാട്ടിലും, അയല്‍പ്രദേശങ്ങളിലും, തൊഴില്‍ സ്ഥലത്തും, നാം ഇടപെടുന്ന എല്ലാ മേഖലകളിലും നാം ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ടിരിക്കുകയാണെന്നുമുള്ള തിരിച്ചറിവ്, നമ്മുടെ ജീവിതാസ്ഥയില്‍ പുലര്‍ത്തേണ്ട മിഷനറി ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു.

മാതൃകാപരമായ ജീവിതം വഴിയുള്ള നിശ്ശബ്ദസാക്ഷ്യം, എല്ലാ മിഷനറിമാരില്‍നിന്നും അവശ്യം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. കുടുംബജീവിതത്തില്‍ നല്‍കുന്ന ക്രൈസ്തവസാക്ഷ്യവും, പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തികസഹായങ്ങള്‍ക്കുമപ്പുറത്ത്, പ്രഘോഷണത്തിലൂടെയും അല്മായസഹോദരങ്ങള്‍ സാക്ഷ്യം നല്‍കണമെന്ന ആഹ്വാനം, പ്രേഷിത ദൈവവിളി മാമ്മോദീസാ സ്വീകരിച്ച എല്ലാവര്‍ക്കുമുള്ള ഉത്തരവാദിത്തവും, അവകാശവുമാണെന്ന ബോധ്യത്തിലേക്ക് നമ്മെ നയിക്കുന്നു. നമ്മുടെ സഭയില്‍ തന്നെ ജീസസ്സ് യൂത്ത്, ഫിയാത്ത് മിഷന്‍ തുടങ്ങി നിരവധി ഭക്തസംഘടനകളിലൂടെ അല്മായര്‍ നടത്തുന്ന പ്രേഷിതമുന്നേറ്റങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതാണ്.

ഞാന്‍ ഒരു മിഷനറിയും മിഷനും?
മാമ്മോദീസാ സ്വീകരിച്ച ഞാനും നിങ്ങളും ഒരു മിഷനറി മാത്രമല്ല, ക്രിസ്തുവിന്‍റെ മിഷനാണ് എന്ന അസ്തിത്വപരമായ ദര്‍ശനം ഫ്രാന്‍സിസ് പാപ്പയുടെ ഈ വര്‍ഷത്തെ മിഷന്‍ ഞായര്‍ സന്ദേശത്തിന്‍റെ കേന്ദ്രബിന്ദുവാണ്. നാം ചെയ്യുന്ന പ്രേഷിതപ്രവര്‍ത്തികളും, നമ്മള്‍ ആയിരിക്കുന്ന ജീവിതാവസ്ഥയും തമ്മില്‍ അന്തരമില്ലാതെ, നാം ആയിത്തീരേണ്ട ജീവിതശ്രേണിയിലേക്കുള്ള ആഹ്വാനമാണ് പാപ്പ നടത്തിയിരിക്കുന്നത്. ഈ ഭൂമിയില്‍ മിഷണറിയായി ജീവിക്കുമ്പോള്‍ എന്‍റെ പ്രസംഗവും, പ്രവര്‍ത്തിയും മാത്രമല്ല, എന്‍റെ ജീവിതശൈലിയും, മനോഭാവങ്ങളും, സ്വപ്നങ്ങളും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതും സുവിശേഷത്തിന്‍റെ സുഗന്ധം പരത്തുന്നതുമായിരിക്കണം.

സുവിശേഷം പ്രഘോഷിക്കുവാന്‍ കഴിവും സാഹചര്യവും ഉണ്ടെങ്കിലും, ഇല്ലെങ്കിലും, മാമ്മോദീസാ സ്വീകരിച്ച്, ദൈവാത്മാവിനാല്‍ വീണ്ടും ജനിച്ച എല്ലാവരും (യോഹ. 3:3) ദൈവമക്കളായിത്തീര്‍ന്നതുവഴി, ഈ ലോക ജീവിതസമയത്ത് ക്രിസ്തുവിന്‍റെ മിഷന്‍ ആണ്. യേശുവിലൂടെ നാം പിതാവിനെ ദര്‍ശിച്ചതുപോലെ, ദൈവമക്കളായ നമ്മിലൂടെ, ക്രിസ്തുവിനെ ലോകം ദര്‍ശിക്കണം. അതിനാലാണ് "നിങ്ങള്‍ ദൈവത്തിന്‍റെ ഇന്നാണ്" (You are the now of God) എന്ന് ക്രിസ്തു ജീവിക്കുന്നു എന്ന പ്രബോധനത്തില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നത് (Christus Vivit, 64). മാമ്മോദീസായിലൂടെ പുതിയ സൃഷ്ടിയാക്കപ്പെട്ട (ഗലാ. 3:27) നമ്മുടെ ജീവനും, വ്യക്തിത്വവും, ക്രിസ്തുവിന്‍റെ മിഷന്‍ ആവുകവഴി, നാം എത്ര മഹത്ത്വപൂര്‍ണ്ണരാണെന്ന് ഈ ദര്‍ശനം ഓര്‍മ്മപ്പെടുത്തുന്നു. ശ്രദ്ധാപൂര്‍വ്വമായ പെരുമാറ്റം വഴി നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവിന്‍റെ മിഷനായി ആവിഷ്കരിക്കേണ്ട മഹനീയ ഉത്തരവാദിത്തം പൂര്‍ത്തിയാക്കപ്പെടുമ്പോഴാണ് ലോകത്തില്‍ സഭയുടെ ദൗത്യം നിവര്‍ത്തിക്കപ്പെടുന്നത്.

സ്വീകാര്യമായ സുവിശേഷാവിഷ്കാരം
വര്‍ത്തമാനകാലത്തില്‍ ക്രിസ്തുവിന്‍റെ മിഷനായി പരിണമിച്ച്, സുവിശേഷമായി ജീവിക്കുവാന്‍ വിളിക്കപ്പെട്ട നമ്മളാണ് ഇന്ന് ലോകജനതയ്ക്ക് സുവിശേഷം പ്രസക്തവും സ്വീകാര്യവുമാക്കേണ്ടത്. രണ്ടായിരം വര്‍ഷത്തെ പ്രേഷിത പ്രയത്നങ്ങള്‍ക്കുശേഷവും ലോകത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ക്രിസ്തുവും അവിടുത്തെ സുവിശേഷവും ഇന്നും അസ്വീകാര്യമായി നിലനില്ക്കുന്നുവെങ്കില്‍, ചരിത്രത്തിലെ നമ്മുടെ ജീവിതം വഴിയുള്ള സുവിശേഷത്തിന്‍റെ ആവിഷ്കാരം പ്രസക്തവും, സ്വീകാര്യവുമായി ഭവിച്ചില്ല എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

സ്വതന്ത്രമായ ചിന്തകളും, സാങ്കേതികവും, സാമ്പത്തികവുമായ അഭിവൃദ്ധിയും ഉള്ള, യൂറോപ്പ്യന്‍ സംസ്കാരത്തില്‍ ക്രൈസ്തവികത ക്ഷയിക്കുന്നുണ്ടെങ്കില്‍, അനുകാലിക ജീവിത സാഹചര്യങ്ങള്‍ക്കും, ചിന്താരീതികള്‍ക്കും പ്രസക്തമാകുന്ന രീതിയില്‍ സുവിശേഷത്തെ ആവിഷ്കരിക്കാന്‍ നാം പരാജയപ്പെടുന്നു എന്ന് സമ്മതിക്കേണ്ടിവരും. സഭ സംഘടിതമായി നടത്തുന്ന നവസുവിശേഷവല്‍ക്കരണ മാര്‍ഗ്ഗങ്ങള്‍ സഫലമാകണമെങ്കില്‍ ഇന്ന് നിലനില്‍ക്കുന്ന സഭാത്മകമായ ആവിഷ് കാരരീതികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനു പകരം, അവയെ അനുകാലിക സാഹചര്യങ്ങള്‍ക്ക് സ്വീകാര്യമാകത്തക്കരീതിയില്‍ സുവിശേഷാത്മകമായി കലര്‍പ്പില്ലാതെ പുനര്‍നിര്‍മ്മിക്കുകയും, പുനര്‍നിര്‍വ്വചിക്കുകയും ചെയ്യണം.

രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന കേരളസഭ ഇന്നും ഇവിടെ ന്യൂനപക്ഷമായി നിലകൊള്ളുന്ന അവസ്ഥയ്ക്ക് കാരണം പ്രബുദ്ധരായ കേരളജനതയ്ക്ക് സ്വീകാര്യവും ആകര്‍ഷണീയവുമായ രീതിയില്‍, നമ്മുടെ ജീവിതംവഴി സുവിശേഷത്തെ ആവിഷ്കരിക്കുവാന്‍ നാം പരാജയപ്പെട്ടതുകൊണ്ടല്ലേ? സംസ്ഥാപിതവും, ശാസ്ത്രീയവുമായ നീണ്ട പന്ത്രണ്ടു വര്‍ഷത്തെ വിശ്വാസപരിശീലനത്തിനുശേഷവും നാം ക്രിസ്ത്വാനുഭവത്തിലേക്ക് വളരുന്നില്ലായെന്ന വസ്തുത, വെറും യാന്ത്രികമായ സഭാസംവിധാനങ്ങളുടെ അപ്രസക്തിയെ സൂചിപ്പിക്കുന്നു. സഭാസംവിധാനങ്ങളും, സ്ഥാപനങ്ങളും, പദ്ധതികളും എന്തുകൊണ്ട് ജനങ്ങളെ ക്രിസ് ത്വാനുഭവത്തിലേക്കു നയിക്കുന്ന രീതിയില്‍ സുവിശേഷാവിഷ്കരണ മാര്‍ഗ്ഗങ്ങളായി പരിണമിക്കുന്നില്ല? നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ 'ക്രിസ്തുവിന്‍റെ മിഷന്‍' എന്ന നിലയ്ക്ക് നാം എത്ര പേരെ ക്രിസ്തുവിലേക്ക് ആകര്‍ഷിച്ചു. സുവിശേഷത്തിന്‍റെ സുഗന്ധം നിറഞ്ഞ ജീവിതം കൊണ്ടു മാത്രമേ അതു സാധിക്കൂ.

സംഘടിതമായ നമ്മുടെ പ്രതികരണങ്ങളും, ചെറുത്തുനില്‍പ്പും, ക്രിസ്തീയമായി രൂപപ്പെടുത്തിയില്ലെങ്കില്‍, നമ്മുടെ സാമൂഹ്യ ഇടപെടലുകള്‍ സുവിശേഷത്തെ കൂടുതല്‍ മലിനമാക്കും. വാഗ്വാദങ്ങളിലൂടെയല്ല, നീതിയിലും, എളിമയിലും, ക്ഷമയിലും, സാഹോദര്യത്തിലുമാണ് നാം ലോകത്തില്‍ സുവിശേഷമാകേണ്ടത്. കാരണം നമ്മുടെ സംഘടിത സാമുദായികശക്തിയിലല്ല, സല്‍പ്രവര്‍ത്തികള്‍ കണ്ടുകൊണ്ടാണ്, നാം നസ്രായന്‍റെ ശിഷ്യരാണെന്ന് സമൂഹം തിരിച്ചറിയേണ്ടത് (യോഹ. 13:35) അതിനാല്‍ വ്യക്തിപരമായും, സംഘടിതമായും നടത്തുന്ന നിലപാടുകളുടെയും ചെറുത്തുനില്പുകളുടെയും ഉള്ളടക്കത്തിലും, ശൈലിയിലും സുവിശേഷാത്മകമായ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ നാം ഇന്നിന്‍റെ 'മിഷന്‍' ആയി പരിണമിക്കൂ.

ക്രിസ്ത്വാനുഭവത്തിന്‍റെ പൂര്‍ണ്ണതയിലൂടെ മിഷനാവുക
മാമ്മോദീസായിലൂടെ നാം ആരംഭിച്ച ക്രിസ്ത്വാനുഭവത്തിന്‍റെ പൂര്‍ണ്ണതയിലേക്കുള്ള യാത്ര, എത്ര മാത്രം പൂര്‍ത്തീകരിക്കാന്‍ നമുക്കു സാധിക്കുമോ, അതിനനുസരിച്ച് ദൃശ്യസഭയും ക്രിസ്തുവും തമ്മിലുള്ള അകലം കുറഞ്ഞുകൊണ്ടിരിക്കും. ദൃശ്യസഭയും ക്രിസ് തുവും തമ്മിലുള്ള അന്തരം ഗണ്യമായി നിലനില്‍ക്കുന്നിടത്തോളം കാലം, ഈ ഉത്തരാധുനിക യുഗത്തില്‍ ക്രിസ്തുവിന്‍റെ സുവിശേഷം അസ്വീകാര്യമായി അവശേഷിക്കും. വ്യക്തികള്‍ക്കും, സമൂഹങ്ങള്‍ക്കും, സഭാതനയര്‍ക്കും, സഭാനേതൃത്വത്തിനും ഒരുപോലെ സുവിശേഷാത്മകമായ നവീകരണം സംഭവിക്കുമ്പോള്‍ സഭ ലോകത്തില്‍ ക്രിസ്തുവിന്‍റെ മിഷന്‍ ആയി ആവിഷ്കരിക്കപ്പെടും. ആഴമേറിയ ക്രിസ്ത്വാനുഭവത്തിലേക്ക് നയിക്കപ്പെടുന്ന നവീകരണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനുള്ള തുറവിയും, ധൈര്യവും നമുക്കു ലഭിക്കുവാനും, സാര്‍വ്വത്രികസഭയ്ക്കും, വ്യക്തിസഭകള്‍ക്കും, വിശ്വാസികള്‍ക്കും ലോകത്തില്‍ 'ക്രിസ്തുവിന്‍റെ മിഷന്‍' ആകുവാനുള്ള ഉള്‍വിളിയോട് ആത്മാര്‍ത്ഥമായി പ്രതികരിക്കുവാനും ഈ സവിശേഷ പ്രേഷിതമാസത്തിന്‍റെ മിഷന്‍ ദര്‍ശനങ്ങള്‍ പ്രേരകമാകട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org