ദൗത്യങ്ങള്‍

ദൗത്യങ്ങള്‍
ഈശോ സ്‌നാനം സ്വീകരിച്ച ജോര്‍ദാന്‍ നദിയിലെ സ്ഥലത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. ഒരിടത്തും നമുക്ക് ത്രീയേക ദൈവത്തെ ഒരുമിച്ചു കാണാന്‍ പറ്റില്ല. പക്ഷേ ഈ ജോര്‍ദാന്‍ നദിക്കരയാണ് ത്രീയേക ദൈവത്തെ ഒരുമിച്ചുകാണാന്‍ പറ്റുന്ന സ്ഥലം.
  • പിതാവായ ദൈവം, തന്റെ പുത്രനെ ഏല്‍പിച്ച നാലു ഭൗത്യങ്ങള്‍

ഒന്നാമത്തെ ദൗത്യം വെളിപ്പെടുത്തുന്നതാകട്ടെ സ്‌നാപകയോഹന്നാനാണ്. യോഹന്നാന്‍ ഈശോയെ നോക്കി പറഞ്ഞു: 'ഇതാ, ദൈവത്തിന്റെ കുഞ്ഞാട്, ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്നവന്‍' (യോഹ. 1:29). പിതാവ് ഈശോയെ ഏല്‍പിച്ച ആദ്യ ദൗത്യം. ആ ദൗത്യം മത്തായി സുവിശേഷകന്‍ വ്യത്യസ്തമായ വാക്കുകളിലൂടെയാണ് അവതരിപ്പിക്കുക, (മത്താ. 1:21) 'അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശുവെന്ന് പേരിടണം. അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് വിമോചിപ്പിക്കും.' ഇത് ദൈവത്തിന്റെ മാലാഖ യൗസേപ്പിതാവിനോടായാണ് പറയുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ ഇത് രേഖപ്പെടുത്തുന്നത് സ്‌നാപകയോഹന്നാനിലൂടെയാണ്. രണ്ടാമത്തെ ദൗത്യം (മത്താ. 1:23), 'ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും.' അതായത്, ഈശോയ്ക്കുള്ള രണ്ടാമത്തെ ദൗത്യം എന്നുപറയുന്നത് തന്റെ ജനത്തിന് ദൈവത്തിന്റെ സാന്നിധ്യമാകണം. മൂന്നാമത്തെ ദൗത്യം കാണുന്നത് മാര്‍ക്കോസ് 18 ലാണ്. ഇവിടെ ഈശോയെക്കുറിച്ച് പറയുന്നത് സ്‌നാപകന്‍ തന്നെയാണ്. 'ഞാന്‍ ജലത്താല്‍ സ്‌നാനം നല്‍കുന്നു. എന്നാല്‍ എനിക്കു പിന്നാലെ ഒരുവന്‍ വരുന്നു. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനപ്പെടുത്തും. ഇനി നാലാമത്തെ ദൗത്യം നാം വായിച്ചു കേള്‍ക്കുന്നത് ലൂക്കാ 2:12-ലാണ്. ദൈവത്തിന്റെ മാലാഖ ആട്ടിടയന്‍മാരോടു പറയുന്നു: 'ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.' ഇത് ഈശോയ്ക്കുള്ള നാലാമത്തെ ദൗത്യമാണ്. അതുകൊണ്ടുതന്നെ ആട്ടിടയ ന്മാര്‍ ബെത്‌ലഹേമില്‍ ചെല്ലുമ്പോള്‍ അവര്‍ കാണുന്നത് മറിയത്തിന്റെ മുന്‍പില്‍ പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഉണ്ണീശോയെയാണ്.

ഈ നാലു ദൗത്യങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. നാലും, നാല് കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെങ്കിലും ഇത് ഒരേ കാര്യത്തിലേക്ക് നമ്മളെ നയിക്കുന്നു. ഇതിലേറ്റവും പ്രധാനപ്പെട്ട ദൗത്യം സ്‌നാപകയോഹന്നാന്‍ വെളിപ്പെടുത്തിയതാണ്. 'ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്നവന്‍.' ഈ ഒരു വെളിപ്പെടുത്തല്‍ നടക്കുന്നത് ജോര്‍ദ്ദാന്‍ നദിക്കരെ ഈശോ സ്‌നാനം സ്വീകരിച്ചു കഴിയുമ്പോഴാണ്. രണ്ടാമത്തെ തവണ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് ഈശോയുടെ പരീക്ഷണങ്ങള്‍ കഴിഞ്ഞ് ഈശോ വീണ്ടും ജോര്‍ദ്ദാനിലേക്കു വരുമ്പോഴാണ്. അതായത് സ്‌നാപകയോഹന്നാന്‍ ഈശോയെ കണ്ടുമുട്ടുമ്പോഴെല്ലാം പറഞ്ഞു കൊണ്ടിരുന്നത് ഇതാ ദൈവത്തിന്റെ കുഞ്ഞാടെന്നാണ്. എന്താണിതിന്റെ അര്‍ത്ഥം? ദൈവപിതാവ് ഈശോയെ ഏല്‍പിച്ച ദൗത്യത്തിന്റെ പ്രത്യേകത എന്തെന്നു വച്ചാല്‍ ഇതൊരു ചോദ്യത്തിനുള്ള ഉത്തരമാണ്. ആ ചോദ്യവും, ഉത്തരവും മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ ഒരല്പം പിറകിലേക്ക്, പഴയനിയമത്തിലേക്ക് നമ്മള്‍ സഞ്ചരിക്കേണ്ടതുണ്ട്. അതായത്, ഉല്‍പത്തി പുസ്തകത്തിലേക്ക് ചെല്ലണം, അവിടെ ആദവും, ഹവ്വയും തെറ്റു ചെയ്തു കഴിഞ്ഞപ്പോള്‍, ദൈവം ആദത്തോട് 'നീ എന്താണ് ചെയ്തതെന്നു' ചോദിക്കുന്നു. അപ്പോള്‍ ആദം പറയുന്നു, ഞാനല്ല അതെനിക്കു നല്‍കിയ സ്ത്രീയാണ് ഈ തെറ്റു ചെയ്തതെന്നു. അപ്പോള്‍ ദൈവം സ്ത്രീയോടു ചോദിക്കുന്നു. കാരണം, പുരുഷന്‍ അവന്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല, പരിഹാരവും അവനു ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് ദൈവം ഹവ്വയോടു ചോദിക്കുന്നു; നീ എന്താണ് ചെയ്തത്? കഴിക്കരുതെന്ന് പറഞ്ഞ വൃക്ഷത്തിലെ കനി നീ ഭക്ഷിച്ചുവോ? അപ്പോള്‍ അവളും ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ കൈയൊഴിയുകയാണ്. പകരം ഇങ്ങനെ പറയുന്നു പാമ്പെന്നെ വഞ്ചിച്ചു. ഉത്തരവാദിത്വം പാമ്പിന്റെ പുറത്തിടുന്നു. അപ്പോള്‍ ദൈവം പാമ്പിനെ ശപിക്കുന്നതായിട്ടാണ് ബൈബിളില്‍ ഉള്ളത്. എന്നാല്‍ ഹെബ്രായരുടെ കഥയ്ക്കകത്തു പറയുന്ന രണ്ടു ചോദ്യങ്ങള്‍ കൂടിയുണ്ട്. ദൈവം പാമ്പിനോടു ചോദിക്കുകയാണ്; നീ എന്താണീ ചെയ്തത്? അപ്പോള്‍ പാമ്പ് പറയുന്നു, എന്റേതല്ല കുഴപ്പം, കുഴപ്പം വൃക്ഷത്തിന്റേതാണ്. വൃക്ഷത്തോടു ചോദിക്കുമ്പോള്‍ വൃക്ഷം പറയും എന്റേതല്ല കുഴപ്പം പഴത്തിന്റേതാണെന്ന്. അപ്പോള്‍ ആരും ഉത്തരവാദിത്വം ഏറ്റെടുത്തില്ല. ആരും ഏറ്റെടുക്കായ്കയാല്‍ ദൈവം അവരോട് പാപത്തിന്റെ പരിഹാരബലിയായി കുഞ്ഞാടുകളെ അര്‍പ്പിക്കുവാനായി ആജ്ഞാപിക്കുന്നു. അങ്ങനെയാണ് ബലിക്കല്ലുകള്‍ ഉണ്ടാക്കിയതും പിന്നീട് അവര്‍ ജറുസലേമില്‍ ബലികള്‍ ആരംഭിക്കുവാന്‍ തുടങ്ങുന്നത്. അവരുടെ പാപഭാരം മുഴുവനും ഈ കുഞ്ഞാടിന്റെ ശിരസ്സില്‍ വച്ചുകെട്ടിയിട്ടാണ് അവര്‍ ഈ കുഞ്ഞാടിനെ ബലിയര്‍പ്പിക്കുക. ഇതിന്റെ അര്‍ത്ഥം അവരുടെ പാപങ്ങള്‍ക്ക് പരിഹാര മായി എന്നുള്ളതാണ്. പിന്നീട് രണ്ടാമതൊരു രീതിയുണ്ട് ഇവരുടെ പാപങ്ങളെല്ലാം കൂടെ ഒരു കുഞ്ഞാടിന്റെ ശിരസ്സില്‍ വച്ചുകെട്ടിയതിനുശേഷം അതിനെ മരുഭൂമിയിലേക്ക് പറഞ്ഞുവിടും. ഈ മരുഭൂമിയിലേക്കു പോകുന്ന കുഞ്ഞാട്, അവിടെ ദാഹിച്ചു വലഞ്ഞ്, അല്ലെങ്കില്‍ വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെട്ട് മരണപ്പെടും; അവരുടെ പാപത്തിനു പരിഹാരമായി. ഇതിനെ ശരിക്കും ദൈവശാസ്ത്രജ്ഞന്‍മാര്‍ വിളിക്കുന്നത് Scape Goat System എന്നാണ്.

ഓരോ വര്‍ഷവും കുഞ്ഞാടിനെ മനുഷ്യരുടെ തെറ്റുകള്‍ക്കു പകരമായിട്ട് തിരഞ്ഞെടുത്ത് ബലിയര്‍പ്പിച്ചു. അതുകൊണ്ടാണ് ഉത്പത്തിപുസ്തകത്തില്‍ നമ്മളിപ്രകാരം വായിക്കുന്നത്, ദൈവത്തിന്റെ ആജ്ഞപ്രകാരം തന്റെ പുത്രനെ ബലിയര്‍പ്പിക്കാന്‍ അബ്രഹാം പോകുന്നു. ഈ പോകുന്ന വഴിയാണ്, സ്‌നാപക യോഹന്നാന്‍ ഈശോയെ ചൂണ്ടി കാണിച്ചുകൊണ്ട് ഇതാ ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞ ജോര്‍ദാന്റെ കര. ഇതേ സ്ഥലത്തുവച്ച്, ജോര്‍ദ്ദാന്‍ പുഴക്കരയില്‍ വച്ച് അബ്രഹാത്തോട് ഇസഹാക്ക് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അബ്ബാ, എവിടെ കുഞ്ഞാട്? അപ്പോള്‍ അബ്രഹാം പറയുന്ന മറുപടിയാണ് ദൈവം തരും. ഇവര്‍ ബലിയര്‍പ്പിക്കാന്‍ മോറിയാ മലയിലേക്കാണ് പോകുന്നത്. ഈ മോറിയാ മല ഇന്ന് ജറുസലേം ദൈവാലയം നില്‍ക്കുന്ന സ്ഥലമാണ്. അതിന്റെ തൊട്ടടുത്താണ് ഗാഗുല്‍ത്താ മലയുള്ളത്. പിന്നീട് മോറിയാ മലയിലെത്തി ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ നില്‍ക്കുന്ന സമയത്ത് ദൈവത്തിന്റെ മാലാഖ അതു തടഞ്ഞുകൊണ്ട് മുള്‍പ്പടര്‍പ്പില്‍ കിടക്കുന്ന ഒരു കുഞ്ഞാടിനെ കാണിച്ചു കൊടുക്കുന്നു. എന്നിട്ട് അതിനെ ബലിയര്‍പ്പിക്കുന്നു. പക്ഷേ ഇസഹാക്ക് ചോദിച്ച ആ ചോദ്യം, ചരിത്രത്തിലുടനീളം നില്‍ക്കുന്ന ചോദ്യമാണ് 'എവിടെ കുഞ്ഞാട്?' ഇതിനുള്ള ഉത്തരമാണ് സ്‌നാപകയോഹന്നാന്‍ പറയുക ഇതാ ദൈവത്തിന്റെ കുഞ്ഞാട്! അതുകൊണ്ടു തന്നെ മോറിയാ മലയിലെ മുള്‍പ്പടര്‍പ്പില്‍ കിടക്കുന്ന കുഞ്ഞാടില്‍, പീലാത്തോസിന്റെ മുന്‍പില്‍ മുള്‍ക്കിരീടവുമായി നില്‍ക്കുന്ന ഈശോയില്‍ നമ്മള്‍ കാണണം, 'ദൈവത്തിന്റെ കുഞ്ഞാടിനെ.' ഇതാണ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഉല്‍പത്തി പുസ്തകത്തിലെ ചോദ്യമാണ്. എവിടെ കുഞ്ഞാടെന്നു ചോദിക്കുമ്പോള്‍, അതിനുത്തരം ദൈവം നല്‍കുമെന്ന് പറയുന്നെങ്കിലും അതിന്റെ സാക്ഷാത്കാരം തുടങ്ങുന്നത്, ഈശോ ഈ ലോകത്ത് പിറക്കുമ്പോഴാണ്. ദൈവത്തിന്റെ മാലാഖ പരി. കന്യാകാമറിയത്തോടു പറയുക 'അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കും' അതിനെ വേറൊരു ഭാഷയില്‍ യോഹന്നാന്‍ ശ്ലീഹാ സ്‌നാപകയോഹന്നാനിലൂടെ പറയുന്നു. 'ഇതാ ദൈവത്തിന്റെ കുഞ്ഞാട്' ഇതൊരു പ്രഘോഷണമാണ്. സ്‌നാപകയോഹന്നാന്‍ പറഞ്ഞുകഴിയുമ്പോഴേക്കും അന്ത്രയോസ് അതേറ്റെടുക്കുന്നു, എന്നിട്ട് അവന്‍ പോയി പത്രോസ് ശ്ലീഹയോട് പറയുന്നു. പത്രോസ് ശ്ലീഹയിലൂടെ അത് ഈ സഭ മുഴുവനിലും പ്രഘോഷിക്കപ്പെടുന്നു. പത്രോസ് ശ്ലീഹയുടെ പ്രഘോഷണമെന്നു പറഞാല്‍ സഭയുടെ പ്രഘോഷണമാണ്. അതുകൊണ്ടാണ് ബലി മധ്യേ മുറിഞ്ഞ തിരുവോസ്തി എടുത്തുകൊണ്ട് വൈദീകന്‍ ഇങ്ങനെ പറയുന്നത് 'ഇതാ ദൈവത്തിന്റെ കുഞ്ഞാട്.' എല്ലാ ബലികളിലും ഇതാവര്‍ത്തിക്കപ്പെടുകയാണ്. ഇത് നമ്മുടെ വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ്. ഇതേറ്റവും പ്രധാനപ്പെട്ട സത്യമാണ്. അതുകൊണ്ടാണ് എല്ലാ ബലികളിലും അപ്പമെടുത്ത് ഉയര്‍ത്തി പുരോഹിതന്‍ പറയുന്നത്. ഇതാ ദൈവത്തിന്റെ കുഞ്ഞാട്. ഈശോ മരിക്കുമ്പോഴാണ് ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുക. ദൈവം ഈശോയെ ഏല്‍പ്പിച്ച ഒന്നാമത്തെ ദൗത്യവും അതിന്റെ പിന്നിലുള്ള രഹസ്യവും ഇതാണ്.

ദൈവാലയത്തിന്റെ അതിവിശുദ്ധ സ്ഥലത്തെ മറ്റ് സ്ഥലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന തിരശീലയാണ് കീറിപോയത്. ദൈവം നമ്മോട് പറയുന്നതിങ്ങ നെയാണ് ദൈവത്തിന്റെ സാന്നിധ്യത്തെ അതിവിശുദ്ധമെന്ന് പറയുന്ന ഒരു സ്ഥലത്ത് ഒതുക്കാന്‍ ഇനി പറ്റില്ല, മറിച്ച് ദൈവം എല്ലായിടത്തും വസിക്കുന്നു.

  • രണ്ടാമത്തെ ദൗത്യം

'ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും.' ദൈവത്തിന്റെ സാന്നിധ്യം മനുഷ്യരാശിക്കു നല്‍കുക എന്നുള്ളതാണ് ഈശോയ്ക്ക് നല്‍കപ്പെട്ട രണ്ടാമത്തെ ദൗത്യം. പഴയനിയമത്തില്‍ മനുഷ്യര്‍ ഏറ്റവും കൂടു തല്‍ ആഗ്രഹിച്ചത് ദൈവസാന്നിധ്യത്തിനുവേണ്ടിയായതുകൊണ്ട് ദൈവം മനുഷ്യരോടൊപ്പം നടക്കുന്നു. ഉല്‍പത്തി 25-ാം അധ്യായം മുതല്‍ സീനായ് മലയടിവാരത്തില്‍ വച്ച് പേടകം നിര്‍മ്മിക്കുന്നതിനെപറ്റി പറയുന്നു. അതിനര്‍ത്ഥം ദൈവം അവരോടൊപ്പം വസിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ്. പിന്നീട് ജനത്തോടൊപ്പമുള്ള അവിടുത്തെ സഞ്ചാരം അവസാനിപ്പിക്കുന്നത് ജറുസലേം ദൈവാലയത്തിലാണ്. അവിടെയാണ് ഈ ദൈവസാന്നിധ്യപേടകം സ്ഥാപിക്കുക. അങ്ങനെ ലോകത്തില്‍ ഒരേ ഒരിടം മാത്രം ദൈവത്തിന്റെ സാന്നിധ്യമുള്ള ഇടമായി മാറുന്നു. എന്നാല്‍ ദൈവത്തിനറിയാം അത് പോരെന്ന്. മറിച്ച് എല്ലായിടത്തും തന്റെ സാന്നിധ്യം ഉണ്ടാകുന്നതിനുവേണ്ടിയാണ് ദൈവം തന്റെ പുത്രനെ ഈ ഭൂമിയിലേക്ക് അയച്ചത്. ഇനി ആ സാന്നിധ്യം ജറുസലേമിലെ ഒരിത്തിരി ഇടത്തിലല്ല, ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ട്. ഇത് പൂര്‍ത്തിയാകുന്നത് ജറുസലേം ദൈവാലയത്തിന്റെ തിരശീല മുകള്‍ മുതല്‍ താഴെ വരെ കീറി - അതായത് ദൈവം കീറിയതാണിത്. ദൈവാലയത്തിന്റെ അതിവിശുദ്ധ സ്ഥലത്തെ മറ്റ് സ്ഥലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന തിരശീലയാണ് കീറിപോയത്. ദൈവം നമ്മോട് പറയുന്നതിങ്ങനെയാണ് ദൈവത്തിന്റെ സാന്നിധ്യത്തെ അതിവിശുദ്ധമെന്ന് പറയുന്ന ഒരു സ്ഥലത്ത് ഒതുക്കാന്‍ ഇനി പറ്റില്ല, മറിച്ച് ദൈവം എല്ലായിടത്തും വസിക്കുന്നു. ഈശോ മരിക്കുന്ന സമയത്ത്, ദൈവാലയത്തിന്റെ അതിവിശുദ്ധസ്ഥലത്തുനിന്ന് ദൈവം ഇറങ്ങുകയും ഈ ലോകം മുഴുവനും പരക്കാന്‍ ആരംഭിക്കുകയും ചെയ്തു - ഈ ദൗത്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നത് ഈശോ മരിക്കുമ്പോഴാണ്.

  • മൂന്നാമത്തെ ദൗത്യം

മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇപ്രകാരം നാം കേള്‍ക്കുന്നു. ഞാന്‍ വന്നിരിക്കുന്നത് ജലത്താല്‍ സ്‌നാനം നല്‍കാനാണ്, എന്നാല്‍ എന്റെ പിന്നാലെ വരുന്നവന്‍ ആത്മാവിനാല്‍ സ്‌നാനം നല്‍കും. ആത്മാവിനാല്‍ ഉള്ള സ്‌നാനം ഈശോയുടെ മരണത്തോടുകൂടിയാണ് സംഭവിക്കുക.

ഈശോ മരിക്കുന്ന സമയത്താണ് പരിശുദ്ധാത്മാവിനെ ഈ ഭൂമിക്ക് നല്‍കുക. ഉത്ഥാനത്തിനുശേഷം ഈശോ തന്റെ ശിഷ്യരുടെ മേല്‍ ആത്മാവിനെ നിശ്വസിക്കുന്നുണ്ട്. പിന്നീട് അതിന്റെ ബാഹ്യമായുള്ള അടയാളവും ശക്തമായ ഇടപെടലും സംഭവിക്കുന്നത് സെഹിയോന്‍ മാളികയിലാണ്. തീജ്ജ്വാലകളുടെ രൂപത്തില്‍ ആത്മാവ് ഇറങ്ങിവരുന്നു. പിന്നീട് ഈ ആത്മസാന്നിധ്യവുമായാണ് അവര്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് സുവിശേഷം പ്രഘോഷിക്കാനിറങ്ങിതിരിക്കുന്നത്. പോകുന്നവഴിക്കൊക്കെയും അവര്‍ ആത്മാവിനെ നല്‍കി. ഈശോയുടെ സ്‌നാനം സംഭവിക്കുന്ന സമയത്ത് ഒരു പ്രത്യേകതയുണ്ട്. അതാണ് പരിശുദ്ധാത്മാവിനെ നല്‍കുക എന്ന ദൗത്യത്തിന്റെ സത്ത. ഈശോ സ്‌നാനം സ്വീകരിച്ച ജോര്‍ദാന്‍ നദിയിലെ സ്ഥലത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. ഒരിടത്തും നമുക്ക് ത്രീയേക ദൈവത്തെ ഒരുമിച്ചു കാണാന്‍ പറ്റില്ല. പക്ഷേ ഈ ജോര്‍ദാന്‍ നദിക്കരയാണ് ത്രീയേക ദൈവത്തെ ഒരുമിച്ചുകാണാന്‍ പറ്റുന്ന സ്ഥലം. താബോര്‍ മലയില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമില്ല, പിതാവായ ദൈവത്തിന്റെ സ്വരം മാത്രമേ ഉള്ളൂ. പക്ഷേ ജോര്‍ദാന്‍ നദിയില്‍ ഈശോയുടെ ജ്ഞാനസ്‌നാനവേളയില്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ കാണപ്പെടുന്നു. സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരം ഉണ്ടാകുന്നു. 'ഇവന്‍ എന്റെ പ്രിയപുത്രന്‍.' അതായത് 'പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്' മൂവരും സമ്മേളിച്ച സ്ഥലമാണ് ഇവിടം. ഈശോ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം നല്‍കാന്‍ വന്നു എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം ത്രീയേക ദൈവം നമ്മില്‍ വസിക്കുന്നു എന്നാണ്.

  • നാലാമത്തെ ദൗത്യം

നാലാമത്തെ മനോഹരമായ ദൗത്യം മാലാഖ ആട്ടിടയന്മാരോ ടു പറയുന്നത്: 'ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.' ഇതൊരു അടയാളമാണ്. ഏശയ്യ പ്രവാചകന്റെ പുസ്തകത്തിലും ഇതേ അടയാളം തന്നെയാണ് പറയുക രക്ഷകനെ തിരിച്ചറിയാനുള്ള അടയാളം. ഈ അടയാളം നാം ബത്‌ലഹേമില്‍ കാണുക. ഇവിടെ മാലാഖ പറഞ്ഞതിന്റെ അര്‍ത്ഥം, ദൗത്യം എന്താണ്? പഴയനിയമത്തില്‍ ദൈവം കൂടെ സഞ്ചരിച്ചു, ജനത്തിന്റെ വിശപ്പ് മാറ്റാന്‍ മന്ന നല്‍കി. പക്ഷേ മന്ന ഒരു നശ്വര അപ്പമാണ്. ജനങ്ങള്‍ അതിന്റെ സ്വാദിനെക്കുറിച്ച് പരാതിയും പറയുന്നു. എന്നാല്‍ ഒരു പരാതിയുമില്ലാത്ത എല്ലാ സ്വാദും തികഞ്ഞ, ഒരു അപ്പം ഇതൊരു പ്രവചനമാണ്, എല്ലാ സ്വാദും തികഞ്ഞ ഒരപ്പം. ഇത് (എല്ലാ സ്വാദും തികഞ്ഞപ്പം) നാം കാണുന്നത് അപ്പത്തിന്റെ ഭവനം എന്നറിയപ്പെടുന്ന ബത്‌ലഹേമിലാണ്. അവനെ പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി എന്നാണ് പറയുന്നത്. പുല്‍ത്തൊട്ടി കന്നുകാലികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കല്ലില്‍ വെട്ടിയൊരുക്കിയ കുഴിയുള്ള ഒരു പാത്രം. ഇതിനകത്താണ് പിള്ളക്കച്ചയില്‍ പൊതിഞ്ഞ് ഈശോയെ കിടത്തിയത്. ഇതിനര്‍ത്ഥം ഈ ഉണ്ണി മനുഷ്യരാശിയുടെ എല്ലാ പശിമയും അകറ്റാന്‍ പറ്റുന്ന ഭക്ഷണമാണെന്നാണ്. ബത്‌ലഹേമിനെ അപ്പത്തിന്റെ ഭവനം എന്നാണ് പറയുന്നതെങ്കിലും ലെഹേം എന്നാല്‍ മാംസമെന്നാണ്. അതായത് ദൈവം മാംസമായി അവതരിച്ചു. മനുഷ്യന് ഭക്ഷിക്കാന്‍ യോഗ്യമായ ഒന്നായി അവതരിച്ചു. അതാണ് പിതാവായ ദൈവം പുത്രനു നല്‍കിയ നാലാമത്തെ ദൗത്യം - മനുഷ്യരുടെ പശിമ അകറ്റുക. പശിമ അകറ്റുന്ന അപ്പമാകുക, മാംസമാകുക എന്നര്‍ത്ഥം. അതുതന്നെയാണ് വിശുദ്ധ ബലിയില്‍ നാം ഈശോയുടെ തിരുശരീരവും, തിരുരക്തവും ഭക്ഷിക്കുക. കാരണം മനുഷ്യരാശിയുടെ പശിമ അകറ്റാന്‍ പറ്റിയ ഏക അപ്പം, ഏക മാംസം ഈശോയാണ്. എല്ലാ സ്വാദും തികഞ്ഞ അപ്പം ആര്‍ക്കും പരാതി പറയാന്‍ പറ്റാത്ത, ഒരു കുറവും ഇല്ലാത്ത അപ്പം. ഇങ്ങനെ 4 ദൗത്യങ്ങളാണ് ഈശോയെ ഏല്‍പ്പിക്കുക. ഈ നാല് ദൗത്യങ്ങളും പൂര്‍ത്തിയാകുന്നത് ഈശോയുടെ മരണത്തോടുകൂടിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org