അത്ഭുതങ്ങളുടെ മണിമുഴക്കങ്ങള്‍

അത്ഭുതങ്ങളുടെ മണിമുഴക്കങ്ങള്‍

ദേവസഹായം പിള്ളയുടെ ജീവിതവിശുദ്ധി അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ കന്യാകുമാരിയിലും പരിസരങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ധാരാളം അത്ഭുതകഥകളും ഇതിന് അനുബന്ധമായി നാടെങ്ങും പരന്നു.

പുതിയ മതവിശ്വാസം സ്വീകരിച്ച ദേവസഹായത്തിലും ഭാര്യയിലും വന്ന പരിവര്‍ത്തനമാണ് അനേകരെ ആ വിശ്വാസത്തിലേയ്ക്ക് ആകര്‍ഷിച്ചത്. ജാതി ചിന്ത തീരെയില്ലാതെ മനുഷ്യരുമായി ഇടപെട്ടത് അനേകരെ ആകര്‍ഷിച്ചു. അപ്രകാരം വളരെ ജനപ്രിയനായിരിക്കെയാണ് ദേവസഹായം തുറുങ്കിലടക്കപ്പെട്ടത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തുറുങ്കില്‍ കഴിയുന്ന ദേവസഹായത്തെ അനേകര്‍ സന്ദര്‍ശിച്ചു കൊണ്ടിരുന്നു. സന്ദര്‍ശിച്ചവര്‍ക്കെല്ലാം നിരവധി അത്ഭുതരോഗശാന്തികളുണ്ടായെന്ന് വാര്‍ത്തകള്‍ പരന്നു.

ദേവസഹായത്തെ തുറുങ്കിലും പുറത്തും പീഡിപ്പിച്ച രാജസേവകര്‍ക്ക് പല തരത്തിലുള്ള കെടുതികള്‍ നേരിടേണ്ടി വന്നുവെന്നും പറയപ്പെടുന്നു. അക്കാലത്ത് ആ പ്രദേശത്തു പടര്‍ന്നു പിടിച്ച പകര്‍ച്ചവ്യാധികളുടെ പിന്നില്‍ ദേവസഹായത്തിനേറ്റ അനീതിപരമായ മര്‍ദ്ദനങ്ങളാണെന്നു ജനങ്ങള്‍ വിശ്വസിച്ചു.

ഒടുവില്‍ വധിക്കാനായി ദേവസഹായത്തെ പുലിയൂര്‍ക്കുറിച്ചി കാട്ടിലേയ്ക്കു കൊണ്ടുപോയി. കൊടിയ മര്‍ദ്ദനങ്ങള്‍ക്കിടെ ദാഹിച്ചവശനായ ദേവസഹായം ഒരിറ്റു വെള്ളത്തിനായി സേവകരോടു യാചിച്ചു. അവര്‍ വെള്ളം കൊടുത്തില്ല. ദേവസഹായം അവിടെയുണ്ടായിരുന്ന പാറയില്‍ കൈമുട്ടു കൊണ്ടിടിച്ചു, ഉടനെ അവിടെ നിന്നു വെള്ളം ചീറ്റിത്തെറിച്ചു, അതൊരു ഉറവയായി മാറി, അതില്‍ നിന്നു അദ്ദേഹം വെള്ളം കുടിച്ചു. ആ പാറ ഇന്നു മുട്ടിടിച്ചാന്‍ പാറ എന്ന പേരില്‍ അറിയപ്പെടുന്നു.

വധിക്കാനാണ് കാട്ടിലെ മലയിലേയ്ക്കു കൊണ്ടുപോകുന്നതെന്നു സേവകര്‍ ദേവസഹായത്തോടു പറഞ്ഞിരുന്നില്ല. പക്ഷേ അദ്ദേഹം അതു മനസ്സിലാക്കിയിരുന്നു. ഈ ദിവസത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്ന ദേവസഹായത്തിന്റെ വാക്കുകള്‍ കേട്ടു ഭടന്മാര്‍ അത്ഭുതപരതന്ത്രരായി. കൊല്ലുന്നതിനു മുമ്പ് തനിക്കു പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കണമെന്നു ദേവസഹായം പറഞ്ഞു. ഭടന്മാര്‍ അത് അനുവദിച്ചു. അവിടെ മുട്ടുകുത്തി അദ്ദേഹം ദീര്‍ഘനേരം പ്രാര്‍ത്ഥനയില്‍ മുഴുകി. പാറയില്‍ അദ്ദേഹം മുട്ടുകുത്തി പ്രാര്‍ത്ഥിച്ച സ്ഥലത്ത് അടയാളങ്ങള്‍ പതിഞ്ഞു. പ്രാര്‍ത്ഥനയ്ക്കു ശേഷം അദ്ദേഹം കൊലയാളികളോടു പറഞ്ഞു, എന്റെ ജോലി കഴിഞ്ഞു, ഇനി നിങ്ങളുടെ ജോലി നടക്കട്ടെ.

ഭടന്മാര്‍ തോക്കുകള്‍ പുറത്തെടുത്ത്, വെടിമരുന്ന് നിറച്ചു ദേവസഹായത്തിനു നേരെ നിറയൊഴിച്ചു. പക്ഷേ തോക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഭടന്മാര്‍ പരിഭ്രാന്തരായി. ഒടുവില്‍ ദേവസഹായം തന്നെ അവരുടെ സഹായത്തിനെത്തിയെന്നാണു വിശ്വസിക്കപ്പെടുന്നത്. ദേവസഹായം അവരില്‍ നിന്നു തോക്കുകള്‍ വാങ്ങുകയും ആശീര്‍വദിച്ചു മടക്കി കൊടുക്കുകയും ചെയ്തു. അതിനുശേഷമാണ് അവ പ്രവര്‍ത്തനക്ഷമമായത്. അവര്‍ വീണ്ടും കാഞ്ചികള്‍ വലിച്ചു. അഞ്ചു വെടിയുണ്ടകള്‍ പാഞ്ഞു. പഞ്ചക്ഷതങ്ങള്‍ പോലെ അഞ്ചു മുറിവുകള്‍ അവ ദേവസഹായത്തിലേല്‍പിച്ചു. യേശുനാമം വിളിച്ച് അദ്ദേഹത്തിന്റെ ആത്മാവ് പരിക്ഷീണമായിരുന്ന ആ ശരീരത്തെ വിട്ടകന്നു. ആ നിമിഷം അടുത്ത മലമുകളില്‍ നിന്നൊരു പാറ വലിയ മണിമുഴക്കത്തോടെ പൊട്ടിയടര്‍ന്ന് അവിടെ വീണു. ബെല്‍റോക്ക് എന്ന പേരില്‍ ആ പാറ ഇന്നും അവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ മരണത്തിനു മുമ്പു തന്നെ ദേവസഹായം പിള്ള കന്യാകുമാരി ജില്ലയില്‍ വിശേഷിച്ചും ദക്ഷിണേന്ത്യയില്‍ പൊതുവെയും ഒരു അത്ഭുതവ്യക്തിത്വമായി രൂപാന്തരപ്പെട്ടിരുന്നു എന്നതിനു തെളിവാണ് ഇക്കാര്യങ്ങള്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org