പ്രാര്‍ത്ഥനയെന്ന മഹാത്ഭുതം

പ്രാര്‍ത്ഥനയെന്ന മഹാത്ഭുതം

ശ്രീരാമകൃഷ്ണപരമഹംസര്‍ തന്റെ ചെറുപ്പത്തില്‍ നടന്ന ദര്‍ശന സമാനമായ ഒരു സംഭവത്തെപ്പറ്റി വിവരിക്കുന്നുണ്ട്. അദ്ദേഹം ഒരു ദിവസം ഒരു പുഴക്കരയിലൂടെ നടന്നുപോവുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടത്, തളര്‍ന്നു വിവശയായ ഒരു തവളയ്ക്ക് ഒരു സര്‍പ്പം കാവലിരിക്കുന്നു. ക്ഷതമേറ്റ തവളയെ സൂര്യതാപത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍പ്പം പത്തിവിടര്‍ത്തി ഒരു കുടപോലെ നില്ക്കുന്നു. പരമഹംസര്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. നിമിഷനേരം കൊണ്ട് വെട്ടിവിഴുങ്ങി വിശപ്പു ശമിപ്പിക്കേണ്ട സര്‍പ്പം തവളയുടെ കാവലാളായി മാറുന്ന ദൃശ്യം. അദ്ദേഹത്തിന് ഒരു എത്തും പിടിയും കിട്ടിയില്ല. ഇവിടെയെന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നു. മൃഗീയതയെയും ക്രൗര്യത്തെയും സ്‌നേഹവും അനുകമ്പയും കരുതലുമായി പരിണമിപ്പിക്കുന്ന ഒരു ദിവ്യപ്രതിഭാസം ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അടുത്ത് നടന്നുപോയ വേടനോട് അദ്ദേഹം ചോദിച്ചു: 'ഇവിടെയടുത്ത് ആരെങ്കിലും തപസ്സിരുന്ന് പ്രാര്‍ത്ഥിക്കുന്നതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ?' ഒരു മരത്തിന്റെ ചുവട്ടില്‍ ഒരു വൃദ്ധന്‍ വെറുതെ ഇരിക്കുന്നതായി കണ്ടതായി വേടന്‍ പറഞ്ഞു. പരമഹംസര്‍ അടുത്തുള്ള കാട്ടില്‍ചെന്ന് നോക്കുമ്പോള്‍ വയോധികനായ ഒരു യോഗി പ്രാര്‍ത്ഥനാനിരതനായി കണ്ണുമടച്ചിരിക്കുന്നു. ധ്യാനനിമഗ്നനായിരിക്കുന്ന ആ യോഗീവര്യന് ചുറ്റും അനിര്‍വചനീയമായ ഒരു പ്രകാശസ്രോതസ്സ്. മൃഗീയതയെയും ക്രൗര്യത്തെയും ക്രോധത്തെയും സ്‌നേഹവും കരുതലുമായി മാറ്റിയ അദൃശ്യശക്തി ഇവിടെ നിന്നുറവെടുത്തതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഈശ്വരധ്യാനത്തിന്റെ പ്രാര്‍ത്ഥനയുടെ ഭാവനാതീതമായ ശക്തി! അവധാനപൂര്‍വ്വവും സമ്പൂര്‍ണ്ണവുമായ ഈശ്വരസമര്‍പ്പണത്തിന്റെ പരിണിതഫലമായുറവെടുക്കുന്ന അവാച്യമായ കരദൃശ്യശക്തി! ആ പ്രഭാവം ശത്രുവിനെ മിത്രവും മൃഗീയതയെ മനുഷ്യത്വപരവും തിന്മയെ നന്മയുമാക്കുന്നു.

നിത്യരക്ഷയും പരിത്രാണവും മോക്ഷവും സുരക്ഷിതമാക്കുന്ന ഏറ്റവും ശക്തമായ കവചം പ്രാര്‍ത്ഥനയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അടിവരയിട്ടു പറയുന്നു. സ്രഷ്ടാവിലുള്ള ആഴമേറിയ വിശ്വാസം പ്രകടമാകുന്ന അവസ്ഥയാണ് പ്രാര്‍ത്ഥനയും ആരാധനയും. പ്രാര്‍ത്ഥനയുടെ പ്രസക്തി നിര്‍വ്വചിക്കുമ്പോള്‍ മാര്‍പാപ്പ രണ്ടു വിശുദ്ധരുടെ പ്രബോധനങ്ങളെയാണ് ഉദ്ധരിക്കുന്നത്. റിഡംപ്‌റ്റോറിസ്റ്റ് സഭയുടെ സ്ഥാപകനായ വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരിയും ഡൊമിനിക്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡൊമിനിക് ഗുഡ്മാനും. ഇവര്‍ ബെനഡിക്ട് പതിനാറാന്‍ പാപ്പയുടെ പ്രാര്‍ത്ഥനാജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളാണ്. വത്തിക്കാനില്‍ പ്രാര്‍ത്ഥനയുടെ പ്രസക്തി ഉദ്ദീപിപ്പിക്കുന്ന പ്രഭാഷണങ്ങളിലും പാപ്പ ഈ രണ്ടു വിശുദ്ധരുടെയും ഉപേദശങ്ങളെയാണ് ഉദ്ധരിച്ചത്. 'അല്‍ഫോന്‍സിയന്‍' മാതൃകയിലുള്ള പ്രാര്‍ത്ഥനയെന്നാണ് പാപ്പ പലപ്പോഴും ഉദ്‌ഘോഷിച്ചത്.

ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച അല്‍ഫോന്‍സസ് ലിഗോരി (1696-1787) പരി. മറിയത്തെ സ്തിച്ചുകൊണ്ടും കുരിശിന്റെ വഴിയുടെ അപരിമേയമായ പ്രാധാന്യം പ്രഘോഷിച്ചുകൊണ്ടും എഴുതിയ പ്രാര്‍ത്ഥനകള്‍ സഭയുടെ ആധികാരിക സ്‌തോത്രഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 1839-ല്‍ ഗ്രിഗറി പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയിലെ അദ്വിതീയനായ ദൈവശാസ്ത്രകാരന്‍ എന്ന സ്ഥാനമേകി ആദരിച്ചുകൊണ്ട് 1871-ല്‍ പയസ് ഒമ്പതാമന്‍ പാപ്പ അേദ്ദഹത്തിന് സഭയുടെ ഡോക്ടര്‍ എന്ന പദവി നല്കി. 1732-ലാണ് വിശുദ്ധ അല്‍ഫോന്‍സസ് റിഡംപ്‌റ്റോറിസ്റ്റ് സഭ സ്ഥാപിക്കുന്നത്. നിത്യേന പ്രാര്‍ത്ഥിക്കുന്നവന് മോക്ഷം ലഭിക്കുമെന്നും, പ്രാര്‍ത്ഥിക്കാത്തവന് നിത്യരക്ഷ അസാധ്യമാണെന്നും അല്‍ഫോന്‍സസ് പ്രസ്താവിച്ചു. വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരിയെ ഉദ്ധരിച്ചുകൊണ്ട് ബെനഡിക്ട് പാപ്പ പറയുന്നു, പ്രാര്‍ത്ഥനയിലൂടെ മാത്രമേ ദൈവത്തോടടുക്കാനും സത്യത്തെ ഗ്രഹിക്കാനുള്ള ശക്തി ലഭിക്കാനും സാധിക്കൂ. യേശുപോലും അശുദ്ധാത്മാക്കളില്‍നിന്ന് രക്ഷപ്പെടാന്‍ സ്വന്തം പിതാവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.

വിശുദ്ധ ഡൊമിനിക് കാണിച്ചുതന്ന പ്രാര്‍ത്ഥനയുടെ ഒമ്പതു വഴികളാണ് ബെനഡിക്റ്റ് പാപ്പയുടെ പ്രാര്‍ത്ഥനാജീവിതത്തെ സ്വാധീനിച്ച മറ്റു മാതൃകകള്‍. ആത്മാക്കളുടെ നിത്യരക്ഷ മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നു വിശുദ്ധ ഡൊമിനിക്കിന്റെ പ്രാര്‍ത്ഥനാവഴികള്‍. സ്‌പെയിനിലെ കലേരുഗായില്‍ ജനിച്ച ഡൊമിനിക് ഗുഡ്മാന്‍ (1170-1221) 1215-ലാണ് ഡൊമിനിക്കന്‍ സന്യാസസഭ സ്ഥാപിക്കുന്നത്. ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പ 1234-ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മരണശേഷമാണ് ഒരു ഡൊമിനിക്കന്‍ സന്യാസി 'വിശുദ്ധ ഡൊമിനിക്കിന്റെ പ്രാര്‍ത്ഥനയുടെ ഒമ്പത് വഴികള്‍' പ്രസിദ്ധീകരിച്ചത്. നിന്നും തലകുനിച്ചും മുട്ടുകുത്തിയും കമഴ്ന്നു കിടന്നും വിശുദ്ധ ഡൊമിനിക്ക് നടത്തിയ പ്രാര്‍ത്ഥനകള്‍ ബെനഡിക്ട് പാപ്പയ്ക്കു പിന്നീട് മാതൃകയായി. 2000-ല്‍ ബെനഡിക്റ്റ് പാപ്പ പ്രസിദ്ധീകരിച്ച 'ആരാധനാക്രമത്തിന്റെ ആത്മാവ്' (Der Geist der Liturgie) എന്ന ഗ്രന്ഥത്തില്‍ വിശുദ്ധ ഡൊമിനിക് കാണിച്ച പ്രാര്‍ത്ഥനാക്രമത്തിന്റെ പ്രാധാന്യം അടിവരയിട്ടു പറയുന്നു.

ഇന്നത്തെ അതിസാങ്കേതിക മികവുള്ള വൈദ്യപരിപാലനരംഗത്ത് ഡോക്ടര്‍മാര്‍ പലപ്പോഴും മെഡിക്കല്‍ ടെക്‌നീഷ്യന്മാരാണ് എന്ന് തോന്നുംവിധമാണ് ചികിത്സ നടത്തുന്നത്. പ്രത്യേകിച്ച് പ്രബലമായിക്കൊണ്ടിരിക്കുന്ന നിര്‍മ്മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കുതിപ്പുകള്‍ ചികിത്സാ രംഗത്തെയും കീഴടക്കിക്കൊണ്ടിരിക്കുന്ന കാലം.

പ്രാര്‍ത്ഥനയ്ക്ക് തക്കതായ നിര്‍വചനമുണ്ടോ? അത് ഹൃദയത്തിന്റെ ആന്തരികവിലാപമോ യാചനയോ ആണ്. ദാതാവും രക്ഷകനുമായ ഒരു അദൃശ്യശക്തി, അത് പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ദൈവവുമാകുന്നു, ആ ദൈവത്തോടുള്ള ഗാഢമായ ബന്ധപ്പെടലാണ് പ്രാര്‍ത്ഥന. ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ മാത്രമല്ല സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കുമ്പോഴും ദൈവവുമായി ബന്ധപ്പെടണം. ദൈവത്തെ അനുഭവിക്കാത്ത ഒരുവന് യഥാര്‍ത്ഥത്തില്‍ അവിടുത്തെപ്പറ്റി പറയാന്‍ സാധിക്കുമോ? ദൈവത്തെ മുഖാമുഖം കണ്ടവര് ആരെങ്കിലുമുണ്ടോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍! എന്നാല്‍ യഥാര്‍ത്ഥ ദൈവഭക്തന്റെ പ്രാര്‍ത്ഥനയില്‍ ലാഭേച്ഛയുണ്ടാവരുതെന്നാണ് തത്ത്വം. അനുഗ്രഹങ്ങളും കഷ്ടതകളും സ്വര്‍ഗ്ഗവും നരകവും ഒന്നും ഒരു സാക്ഷാല്‍ ദൈവഭക്തന് വിഷയമാകരുത്. അവന് ഒന്നുമാത്രം മതി, ദൈവകൃപ. എന്നാല്‍ അഴുക്കും മാലിന്യവും കുമിഞ്ഞു കൂടികിടക്കുന്ന ഒരു ഹൃദയത്തിലേക്കും ദൈവകൃപ അങ്ങനെ കടന്നുവരില്ല. മാലിന്യമുക്തമായി ഹൃദയം ശൂന്യവത്ക്കരിക്കപ്പെടുമ്പോള്‍ ദൈവകൃപ താനേ വന്നു കൊള്ളും. അര്‍ത്ഥം, കാമം, ധര്‍മ്മം, മോക്ഷം എന്ന ലക്ഷ്യങ്ങളിലൂന്നിയാണ് പ്രാര്‍ത്ഥന നടക്കുക. ഭൗതിക സമ്പത്തും ശരീരവും ലക്ഷ്യംവച്ചുള്ള കാമവും പരസ്‌നേഹം മുറുകെപിടിച്ചുള്ള നി സ്വാര്‍ത്ഥമായ പ്രവൃത്തിയിലൂന്നിയ ധര്‍മ്മവും നിത്യരക്ഷ പ്രാപ്തമാക്കുന്ന മോക്ഷവും എല്ലാം പ്രാര്‍ത്ഥനയുടെ വിവിധ തലങ്ങളില്‍ നടക്കുന്നു. പ്രാര്‍ത്ഥനയുടെ അപരിമേയമായ വിതാനത്തിലെത്തുമ്പോള്‍ ഒരുവന്‍ സ്വന്തം ലാഭങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനു പകരം മറ്റുള്ളവരുടെ നന്മയ്ക്കായി മാത്രം പ്രാര്‍ത്ഥനയര്‍പ്പിക്കുന്നു. സ്വാര്‍ത്ഥ ലാഭത്തില്‍ മാത്രം അധിഷ്ഠിതമായ പ്രാര്‍ത്ഥന ദൈവം കൈക്കൊള്ളുമോ?

ശരീരനാശം സൃഷ്ടിക്കുകയും മരണഭീതിയുളവാക്കുകയും ചെയ്തു മൃതിഭീകരതയുടെ സം വേദനത്തെ കോര്‍ത്തിണക്കുന്ന രോഗത്തെ അത്ഭുതകരമായി പിടിയിലൊതുക്കുവാന്‍ പ്രാര്‍ത്ഥനയ്ക്കും തപസ്സിനും സാധിക്കുമെന്ന് നാം തിരിച്ചറിയണം - ശരീരത്തിന്റെ ഊര്‍ജ്ജസ്രോതസ്സുകളില്‍ ലീനമായി കിടക്കുന്ന ആന്തരികശക്തികളാണ് രോഗാതുരതയെ തടയുന്നതും ശമിപ്പിക്കുന്നതുമെന്ന് നാം മനസ്സിലാക്കണം. ഇവകളുടെ സന്തുലിതാവസ്ഥ പതറുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നത്. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ ശക്തിക്കുള്ള ഉത്തേജനം മാത്രമാണ് വിവിധ ചികിത്സാരീതികള്‍. അല്ലാതെ ഒരു ഔഷധചികിത്സയ്ക്കും ഒരു രോഗത്തെയും പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാനാവില്ല.

ഡോക്ടര്‍മാരില്‍ പലരും തങ്ങള്‍ ചികിത്സിക്കുന്ന രോഗികള്‍ സുഖം പ്രാപിക്കുമ്പോള്‍ അത് തങ്ങളുടെ മാത്രം കഴിവുകൊണ്ടാണെന്ന് കരുതി ലഹരികൊള്ളുകയോ അഹങ്കരിക്കുകയോ ചെയ്യുന്നു. യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചവിജ്ഞാനമെല്ലാം രോഗിക്കുമേല്‍ പ്രയോഗിച്ചപ്പോള്‍ രോഗം അപ്രത്യക്ഷമായി. അപ്പോള്‍ രോഗീചികിത്സ വൈദ്യശാസ്ത്ര അറിവുകളുടെ ഒരു പ്രകടനമാണെന്നു കരുതുന്നു. ശാസ്ത്രത്തിനു മാത്രമേ എന്തിനും പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്ന ധാര്‍ഷ്ട്യം ഡോക്ടര്‍മാര്‍ക്കിടയില്‍ വ്യാപകമാണ്. അതവരുടെ കരുത്തായി കരുതുന്നു. എന്നാല്‍ ഈ മനോഭാവം ശരിയാണോ? അല്ല തന്നെ. ദൈവത്തിന്റെ രോഗശാന്തി പ്രക്രിയ ഇഹലോകത്ത് പ്രാവര്‍ത്തികമാക്കാന്‍ നിയുക്തരായ വെറും ഉപകരണങ്ങള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ എന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ് രോഗീശുശ്രൂഷ പൂര്‍ണ്ണവും സമഗ്രവുമാകുന്നത്.

1912-ല്‍ വൈദ്യശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനും ഒരുമിച്ച് നോബേല്‍ പുരസ്‌കാരം ലഭിച്ച അലക്‌സിസ് കാരല്‍ (1873-1944) എന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞന്റെ ജീവിതവീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. നാസ്തികനും യുക്തിവാദിയുമായിരുന്ന ഡോ. അലക്‌സിസ് കാരല്‍ എങ്ങനെ ഒരു തികഞ്ഞ ദൈവവിശ്വാസിയായിത്തീര്‍ന്നു? ദൈവത്തെയും അത്ഭുതരോഗസൗഖ്യത്തെയും എപ്പോഴും തള്ളിപ്പറഞ്ഞിരുന്ന അലക്‌സിസ് കാരല്‍, ഫ്രാന്‍സിലെ ലൂര്‍ദ്ദ് തീര്‍ത്ഥാടക കേന്ദ്രത്തില്‍ വച്ച് അത്ഭുതകരമായി രോഗവിമുക്തി നേടിയ ബര്‍ണദീത്ത എന്ന യുവതിയുടെ ശാരീരിക പരിവര്‍ത്തനങ്ങള്‍ നേരില്‍കണ്ടറിഞ്ഞ് ഒരു ദൈവവിശ്വാസിയായി മാറി. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും അവിടത്തോടുള്ള നിരന്തരമായ പ്രാര്‍ത്ഥനയും മനുഷ്യശരീരത്തില്‍ വിസ്മയകരമായ രാസപരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം അസന്നിഗ്ദ്ധം പ്രസ്താവിച്ചു. അവയവ മാറ്റ ശസ്ത്രക്രിയാരംഗത്ത് ശ്ലാഘനീയമായ സംഭാവനകള്‍ നല്കിയ ശാസ്ത്രജ്ഞനാണദ്ദേഹം. 1947-ല്‍ പ്രസിദ്ധീകരിച്ച 'പ്രാര്‍ത്ഥന' എന്ന തന്റെ പുസ്തകത്തിന്റെ പുറംച്ചട്ടയില്‍ അദ്ദേഹം ഇപ്രകാരം എഴുതി: ''പ്രാര്‍ത്ഥനയിലൂടെയാണ് മനുഷ്യന്‍ ദൈവത്തിലെത്തിച്ചേരുന്നതും ദൈവം മനുഷ്യനില്‍ പ്രവേശിക്കുന്നതും. പ്രാണവായുവും ജലവും ആവശ്യമാകുന്നതുപോലെ ദൈവത്തെയും മനുഷ്യനാവശ്യമാണ്!''

കണ്‍മുമ്പില്‍ കാണുന്ന ഗവേഷണ നിരീക്ഷണങ്ങളുടെ ഫലങ്ങളെ മാത്രം തൊട്ടറിഞ്ഞ് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ സ്പര്‍ശനാതീതവും പ്രകൃത്യാതീതവുമായ പ്രതിഭാസങ്ങളോട് അവിശ്വാസം പുലര്‍ത്തുന്നത് തികച്ചും യാദൃശ്ചികമല്ല. ഇനി വിശ്വാസമുണ്ടെങ്കില്‍ത്തന്നെ അത് പുറത്തുപറയാന്‍ മടിക്കുന്നവരാണ് പലരും, കാരണം തങ്ങള്‍ മതഭ്രാന്തന്മാരും വിഡ്ഢികളുമായി മുദ്രകുത്തപ്പെടുമോ എന്ന ഭയം. ധൈഷണിക സിദ്ധാന്തങ്ങളെ മാത്രം വാരിപ്പുണരുന്ന ശാസ്ത്രജ്ഞര്‍, തനിക്ക് പഞ്ചേന്ദ്രിയങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുന്ന അറിവുകള്‍ മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിയുന്നില്ല. ലോകത്തിലെ എന്തും മനസ്സിലാക്കാന്‍ ഈ അഞ്ച് ഇന്ദ്രിയങ്ങള്‍ മതിയാവുമെന്നാണ് മനുഷ്യന്റെ കണക്കുകൂട്ടല്‍. എന്നാല്‍ വാസ്തവമതാണോ? പ്രപഞ്ചനിയന്താവായ ദൈവത്തിന്റെ ലക്ഷ്യങ്ങ ളും സൃഷ്ടിപരിപാലന രഹസ്യങ്ങളും മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ് എന്ന് ജോബിന്റെ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. നീതിമാന്‍ അനുഭവിക്കുന്ന ദുഃഖവും സഹനവും അവന്റെ വിശ്വാസം പരീക്ഷിക്കുവാനാണെന്നു നാം മനസ്സിലാക്കുന്നു. ദൈവത്തെ പഴിക്കുകയും ശപിക്കുകയും ചെയ്യുവാന്‍ തുനിയുന്ന ജോബിനോട് ദൈവം പറയുന്നത് മനുഷ്യന്റെ അറിവിന്റെ അതിരുകള്‍ വ്യക്തമാക്കുവാന്‍ പര്യാപ്തമാകുന്നു.

'അപ്പോള്‍ കര്‍ത്താവ്, ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ഉത്തരം നല്കി. അറിവില്ലാത്ത വാക്കുകളാല്‍ ഉപദേശത്തെ ഇരുളാക്കുന്ന ഇവന്‍ ആരാണ്? പൗരുഷത്തോടെ നീ അരമുറുക്കുക; ഞാന്‍ നിന്നെ ചോദ്യം ചെയ്യും; നീ ഉത്തരം പറയുക. ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കറിയാമെങ്കില്‍ പറയുക. അതിന്റെ അളവുകള്‍ നിശ്ചയിച്ചതാരാണ്? (ജോബ് 38:1-5)

ജോബ് കര്‍ത്താവിനോട് പറഞ്ഞു: എനിക്കു മനസ്സിലാകാത്ത അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുപോയി. അങ്ങയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു. അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു. (ജോബ് 42:3,5,6)

മതം കേവല വിശ്വാസങ്ങളിലധിഷ്ഠിതമായിട്ടാണ് അല്ലാതെ തെളിവുകളുടെ ബലത്തിലല്ല അതിന്റെ പ്രമാണങ്ങളും തത്ത്വസംഹിതകളും എഴുതിവച്ചിരിക്കുന്നത് എന്ന് വിമര്‍ശിക്കുന്ന നാസ്തികരും യുക്തിവാദികളുമുണ്ട്. എന്നാല്‍ ലോകം കണ്ട ബുദ്ധിജീവികള്‍ പലരും ഈ വിഭാഗീയതയെ ഖണ്ഡിച്ചിട്ടുണ്ട്. നിരന്തരമായ പ്രാര്‍ത്ഥനയും ധ്യാനവും ശരീരത്തിലുളവാക്കുന്ന ജൈവശാസ്ത്രപരവും രാസഘടനാപരവുമായ വ്യതിയാനങ്ങളെ അപഗ്രഥിച്ചുകൊണ്ട് ഗവേഷണ നിരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അവ കണ്ടെത്തിയ ഗുണകരമായ ഫലങ്ങള്‍ താഴെ പറയുന്നു:

- രക്തസമ്മര്‍ദ്ദം കുറക്കുന്നു.

- ഹൃദയസ്പന്ദന വേഗത കുറയ്ക്കുകയും സന്തുലിതമാക്കുകയും ചെയ്യുന്നു.

- ഹൃദയ-ശ്വാസകോശ ഏകകാലീകരണം സംഭവിക്കുന്നു.

- ഹോര്‍മോണുകളായ സെറോട്ടോങിന്റെയും മെലാട്ടോണിന്റെയും അളവുകള്‍ വര്‍ദ്ധിപ്പിക്കുന്നു.

- നാഡികളുടെ സംവേദന ക്ഷമത ക്രമീകരിക്കുന്നു.

- പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു.

- സ്‌ട്രെസ് കുറയ്ക്കുകയും ശുഭകരമായ മാനസ്സികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറക്കുന്നു; ഉന്മാദഹോര്‍ മോണുകളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു.

- നിഷേധാത്മകമല്ലാത്ത, സുനിശ്ചിതവും ദൃഢവുമായ മാനസ്സിക നില സംജാതമാകുന്നു.

ചുരുക്കത്തില്‍, ശാസ്ത്രഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള മേല്പറഞ്ഞ അനുകൂല ഘടകങ്ങളെല്ലാം ഒരുവന്റെ മാനസ്സിക-ശാരീരിക പ്രതിഭാസങ്ങ ളെ ആരോഗ്യപൂര്‍ണ്ണമാക്കുവാന്‍ പര്യാപ്തമാകുന്നു.

താരാശങ്കര്‍ ബന്ദോപാദ്ധ്യായയെ (1879-1971) നാം അറിയണം. ബംഗാളിലെ ലാബ്പൂര്‍ ഗ്രാമത്തില്‍ ദരിദ്ര പശ്ചാത്തലത്തില്‍ ജനിച്ച താരാശങ്കര്‍ 65 നോവലുകളും 53 കഥാപുസ്തകങ്ങളും 12 നാടകങ്ങളും തുടങ്ങി ആകെ 140 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ജ്ഞാനപീഠവും പത്മഭൂഷനും ലഭിച്ച അദ്ദേഹം ഭാരതം കണ്ട ഏറ്റവും വലിയ സാഹിത്യകാരന്‍ തന്നെ. അദ്ദേഹം 1953-ല്‍ എഴുതിയ 'ആരോഗ്യനികേതനം' എന്ന ഗ്രന്ഥങ്ങത്തിലൂടെയാണ് ഞാന്‍ നിങ്ങളെ കൈ പിടിച്ചുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്. ഗദ്ഗദം കൊള്ളുന്ന മനോവേദനയുടെ നനുത്ത ഇതളുകള്‍ വിടരുന്ന മനോഹരമായ വാക്കുകള്‍ ചേര്‍ത്തുവച്ച വരികളിലൂടെ അദ്ദേഹം വായനക്കാരെ കൂടെ കൊണ്ടുപോകുന്നു.

ആരോഗ്യനികേതനത്തിലെ ജീവന്‍ മശായിയാണ് കഥാപുരുഷന്‍. കൊടുക്കുന്ന ഔഷധങ്ങള്‍ക്കുപരിയായി സ്‌നേഹവും സാന്ത്വനവും അനുകമ്പയും നല്കി നിരാലംബരെ ചികിത്സിച്ചു ഭേദമാക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഭിഷഗ്വരന്‍. പാരമ്പര്യ വൈദ്യപരിജ്ഞാനം കൈമുതലായുള്ള ജീവന്‍ മശായി പുതിയ തലമുറയിലെ ഡോക്ടര്‍മാരുടെ ചികിത്സാ ശൈലിയില്‍ തികച്ചും അസ്വസ്ഥനാണ്. രോഗങ്ങളേക്കാളുപരി രോഗിയാവണം ആതുരചികിത്സയുടെ കേന്ദ്ര ബിന്ദുവെന്ന് വാദിക്കുന്നു ജീവന്‍ മശായിക്ക്, രോഗികളുടെ ഖിന്നവും വിഷണ്ണവുമായ മാനസ്സികവ്യാപാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാതെ ചികിത്സിക്കുന്ന ആധുനിക ഡോക്ടര്‍മാരോട് ഭയമാണ്. വഴിയില്‍ കാണുന്ന ഓരോരുത്തരോടും ജീവന്‍മശായി ചോദിക്കും, 'സുഖമല്ലേ?' സുഖമായിരിക്കണം, എങ്കിലേ സ്വര്‍ഗ്ഗത്തിലുള്ള ഈശ്വരനും സുഖമുണ്ടാകയുള്ളൂ!'

ഇന്നത്തെ അതിസാങ്കേതിക മികവുള്ള വൈദ്യപരിപാലനരംഗത്ത് ഡോക്ടര്‍മാര്‍ പലപ്പോഴും മെഡിക്കല്‍ ടെക്‌നീഷ്യന്മാരാണ് എന്ന് തോന്നുംവിധമാണ് ചികിത്സ നടത്തുന്നത്. പ്രത്യേകിച്ച് പ്രബലമായിക്കൊണ്ടിരിക്കുന്ന നിര്‍മ്മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കുതിപ്പുകള്‍ ചികിത്സാ രംഗത്തെയും കീഴടക്കിക്കൊണ്ടിരിക്കുന്ന കാലം. ജീവന്‍ മശായി പറയുന്നതുപോലെ രോഗിയുടെ കഥകള്‍ ശ്രവിച്ച്, അവരുടെ നിസ്വനങ്ങളും പരിദേവനങ്ങളും അനുഭവിച്ച്, അവരുടെ വികാര വിചാരങ്ങളാല്‍ അലിഞ്ഞുചേര്‍ന്ന് രോഗനിര്‍ണ്ണയവും ചികിത്സയും സംവിധാനം ചെയ്യുന്ന എത്ര ഡോക്ടര്‍മാര്‍ ഉണ്ട് ഇന്ന് നമ്മള്‍ക്ക്? യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച അറിവുകളെല്ലാം പ്രയോഗിക്കാന്‍ പറ്റിയൊരിടമായി രോഗിയെ കാണുന്നു. സ്‌കാനുകളുടെയും സ്‌കോപ്പികളുടെയും കത്തീറ്റര്‍ പരിശോധനകളുടെയും ലോകത്ത് നട്ടം തിരിയുന്ന രോഗികളെയാണ് നാം കാണുന്നത്. അല്പ സമയം രോഗിയോടൊപ്പമിരുന്നു സംസാരിച്ചാല്‍ തീരുന്ന അസ്വാസ്ഥ്യങ്ങള്‍ക്കു പോലും ചെയ്യേണ്ടി വരുന്ന പരിശോധനകളുടെ എണ്ണം കൂടുന്നു. പരിശോധനകളില്‍ രോഗം കണ്ടുപിടിക്കപ്പെടുന്നതുവരെ അവ തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ സ്‌കാനിങ്ങുകളില്‍ കാണാത്ത രോഗങ്ങളുണ്ടെന്നും അവ കണ്ടുപിടിച്ചു ചികിത്സിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വേറെയാണെന്നും മനസ്സിലാക്കാന്‍ പുതുയുഗ ഡോക്ര്‍മാര്‍ തയ്യാറല്ല. തന്മൂലം കഷ്ടപ്പെടുന്നതു രോഗികള്‍ തന്നെ. ഇതാണ് നമ്മുടെ ആതുരചികിത്സാരംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. രോഗസൗഖ്യത്തിനായുള്ള നിരന്തരമായ പ്രാര്‍ത്ഥനയുടെ പ്രസക്തിയെപ്പറ്റി പറഞ്ഞാല്‍ ആ ഡോക്ടര്‍ പഴഞ്ചനാകും. മറ്റു ഡോക്ടര്‍മാര്‍ എഴുതിത്തള്ളുകയോ തഴയുകയോ ചെയ്ത എത്രയെത്ര രോഗികള്‍ എന്റെയടുത്ത് ചികിത്സക്കായി എത്തുന്നു. ആയുസ്സ് ഏതാനും മാസങ്ങള്‍ മാത്രം കല്പിക്കപ്പെട്ട രോഗികള്‍, കര്‍ശനമായ ജീവിതക്രമീകരണത്തിലൂടെയും ഔഷധചികിത്സയിലൂടെയും എത്ര പതിറ്റാണ്ടുകള്‍ ജീവിക്കുന്നു. അവരോട് ഞാന്‍ പ്രത്യേകിച്ച് പറയുന്നത് ഒരു കാര്യം മാത്രമാണ്, നിങ്ങള്‍ നിരന്തരമായി പ്രാര്‍ത്ഥിക്കണം! പ്രാര്‍ത്ഥനയുടെ ശക്തിയെപ്പറ്റി അവര്‍ക്ക് പറഞ്ഞു കൊടുക്കും.

'കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്. ജീവന്റെയും മരണത്തിന്റെയും മേല്‍ അങ്ങേയ്ക്ക് അധികാരമുണ്ട്' (ജ്ഞാനം 16:12).

ലൂര്‍ദ്ദ് ആശുത്രിയില്‍ എന്റെ ഒരു ദിനം തുടങ്ങുന്നത് പ്രാര്‍ത്ഥനയോടെയാണ്. ആ പ്രാര്‍ത്ഥനയില്‍ അന്നവിടെയുള്ള ജൂനിയര്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ഫാര്‍മസി വിദ്യാര്‍ത്ഥികളും പങ്കുകൊള്ളും. മിക്ക ദിവസങ്ങളിലും വായിക്കുന്ന ബൈബിള്‍ വചനങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍ 23, 25, 27, 91 തുടങ്ങിയവയാണ്. അന്നത്തെ ചെയ്തികളില്‍ കര്‍ത്താവിന്റെ സംരക്ഷണം യാചിച്ചുകൊണ്ട് പരിശോധനയും ചികിത്സയും നടത്തും. പാളിച്ചകള്‍ ഉണ്ടാവരുതെയെന്നും കാത്തരുളേണമേയെന്നും മുട്ടിപ്പായി പ്രാര്‍ത്ഥിക്കും.

അതെ, ഭിഷഗ്വരനാരാണ്, അവന്‍ ദൈവത്തിന്റ വെറുമൊരു ഉപകരണം മാത്രം. 'മനുഷ്യന്റെ അത്ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന് അവിടുന്ന് മനുഷ്യര്‍ക്ക് സിദ്ധികള്‍ നല്കി. അതു മുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു' (പ്രഭാഷകന്‍ 38:6,7).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org