ന്യൂനപക്ഷക്ഷേമവും ക്രൈസ്തവസമൂഹവും

ന്യൂനപക്ഷക്ഷേമവും ക്രൈസ്തവസമൂഹവും

ഫാ. പി.ടി. മാത്യു എസ്.ജെ.

ഫാ. പി.ടി. മാത്യു എസ്.ജെ.
ഫാ. പി.ടി. മാത്യു എസ്.ജെ.

പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷവകുപ്പ് മുഖ്യമന്ത്രിതന്നെ ഏറ്റെടുത്തത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുകയാണല്ലൊ. ഇതുവരെ ഈ വകുപ്പു കയ്യാളിയിരുന്ന മുസ്‌ലീം സമൂഹവും ഈ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തരായ ക്രൈസ്തവസമൂഹവുമാണ് രംഗത്ത്. വകുപ്പുമാറ്റത്തില്‍ നീതി കിട്ടി എന്ന സന്തോഷം ഒരു വശത്ത്, ഇത് അനീതിയായി എന്ന പ്രതിഷേധം മറുവശത്ത്. വകുപ്പു വിഭജനത്തിന്റെ രാഷ്ട്രീയത്തിലേക്കു കടക്കുന്നില്ല. എന്നാല്‍ ഈ വിവാദം ഉയര്‍ത്തുന്ന ചില കാര്യങ്ങളിലേക്ക് ക്രൈസ്തവ സമൂഹത്തിന്റെ ഉള്ളില്‍ നിന്നു കൊണ്ട് പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

കേരളപശ്ചാത്തലത്തില്‍ ന്യൂനപക്ഷക്ഷേമത്തിനായുള്ള പദ്ധതികളില്‍ 80% നേട്ടം കൊയ്യുന്നത് മുസ്‌ലീം വിഭാഗമാണ് എന്ന പരാതി അടുത്തകാലത്താണ് ക്രൈസ്തവവിഭാഗം ഉയര്‍ത്തുന്നത്. ഇതു ശരിയായിരിക്കാം. എങ്കില്‍ എന്തുകൊണ്ട് ഇത്രകാലം ഇത് ക്രൈസ്തവവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നത് ആശ്ചര്യകരം തന്നെ. ഇക്കാര്യത്തിലുണ്ടായ പുത്തന്‍ ഉണര്‍വ് തീര്‍ച്ചയായും ശ്ലാഘനീയമാണ്. മറ്റു ചില ചോദ്യങ്ങളും ഇവിടെ ഉയരുന്നു. ഈ പദ്ധതികളുടെ നേട്ടം മുസ്‌ലീം വിഭാഗം തട്ടിയെടുത്തതാണോ അതോ അര്‍ഹതപ്പെട്ടതു നേടിയെടുക്കുന്നതില്‍ ക്രൈസ്തവവിഭാഗത്തിനു വീഴ്ചപറ്റിയതാണോ എന്നത് പ്രധാന ചോദ്യം. വീഴ്ചപറ്റിയതാണ് എങ്കില്‍, അതിനെ തിരുത്താനുള്ള വഴികളെപ്പറ്റിയാണ് കൂട്ടായും ചിട്ടയായും ആലോചിക്കേണ്ടത്. ക്രൈസ്തവസമൂഹത്തിലെ അലംഭാവമല്ലേ ഈ ദുരവസ്ഥയ്ക്കു പ്രധാന കാരണം എന്ന സംശയം അസ്ഥാനത്തല്ല. സഭകള്‍ക്കുള്ളിലെ തര്‍ക്കങ്ങളിലും വ്യവഹാരങ്ങളിലും ഊര്‍ജ്ജം നഷ്ടപ്പെടുമ്പോള്‍ ബാഹ്യമായ ഭീഷണികളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നതില്‍ അതിശയിക്കേണ്ടതില്ല. സോഷ്യല്‍ മീഡിയകളില്‍ ഈയിടെയായി വരുന്ന വൈകാരികവും തെറ്റിദ്ധാരണാജനകവുമായ പോസ്റ്റുകളുടെ സ്വാധീനം തികച്ചും അപകടകരമാണ് എന്നും പറയണം.

അര്‍ഹതപ്പെട്ടതു നേടിയെടുക്കാന്‍ എന്തുകൊണ്ട് ക്രൈസ്തവവിഭാഗം പരാജയപ്പെടുന്നു? എന്തുകൊണ്ടു മുസ്‌ലീം വിഭാഗം നേട്ടങ്ങള്‍ കൊയ്യുന്നു? വൈകാരികത മാറ്റിവച്ച് വിശകലനം ചെയ്യേണ്ട ചോദ്യങ്ങളാണിവ. കേരള സര്‍ക്കാര്‍ തലത്തിലുള്ള ആനുകൂല്യങ്ങളില്‍ മുസ്‌ലീം താത്പര്യം കടന്നുവന്നിട്ടുണ്ട് എന്ന ആരോപണം ഒരുപക്ഷെ ശരിയായിരിക്കാം. എന്നാല്‍ കേന്ദ്രപദ്ധതികളുടെ കാര്യത്തില്‍ ആരും ഈ ആരോപണം ഉന്നയിക്കാനിടയില്ല. എന്റെ അനുഭവം പറയാം. കുറെക്കാലം മുന്‍പ് തിരുവനന്തപുരം ഭാഗത്ത് മത്സരപരീക്ഷകള്‍ക്ക് യുവതീയുവാക്കന്മാരെ ഒരുക്കുന്ന ഒരു കേന്ദ്രം നടത്തിയ അനുഭവം.

അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെ ടുക്കുന്നതില്‍ എന്തുകൊണ്ടു നാം പരാജയ പ്പെട്ടു? ഉന്നത വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും ലഭ്യമായ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങള്‍ നാം ശേഖരിച്ചിട്ടുണ്ടോ? അവയെ ഉപയോഗപ്പെടുത്താന്‍ ക്രൈസ്തവയുവതീ യുവാക്കളെ പ്രാപ്തരാക്കാന്‍ എന്തെല്ലാം സംരം ഭങ്ങള്‍ക്കാണ് നാം രൂപംകൊടുത്തിട്ടുള്ളത്, അല്ലെങ്കില്‍ കൊടുക്കേണ്ടത്?

ക്രൈസ്തവസമൂഹത്തില്‍ നിന്നുള്ളവരെയാണ് പ്രധാനമായും ഉദ്ദേശിച്ചത്. മുഖ്യപരിശീലകനായി ലഭിച്ചത് മുന്‍ കോളജ് പ്രിന്‍സിപ്പാള്‍ ആയ ഒരു മുസ്‌ലീം പ്രൊഫസറെ. നല്ലനിലയില്‍ ആരംഭിച്ചു, എന്നാല്‍ പല കാരണങ്ങളാല്‍ ഒരു വര്‍ഷം കൊണ്ട് നിറുത്തേണ്ടി വന്നു. സാമ്പത്തിക ബാധ്യത തന്നെ ഒരു കാരണം. അതു തരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമ പദ്ധതികളിലൂടെ ലഭിക്കാവുന്ന ഫണ്ടിനു ശ്രമിക്കാന്‍ പ്രൊഫസര്‍ ഉപദേശിച്ചു. അതിനുള്ള വഴികളും അദ്ദേഹം പറഞ്ഞു തന്നു. കേരളത്തിലെ മുസ്‌ലീം വിഭാഗം അത്തരം ഫണ്ടുപയോഗിച്ച് പല കേന്ദ്രങ്ങളും നടത്തുന്നുണ്ടത്രെ. ഈ ആശയവുമായി സഭാ നേതൃത്വത്തിലുള്ള പലരെയും ഞാന്‍ സമീപിച്ചു. എന്നാല്‍ ആരും താല്‍പര്യം കാണിച്ചില്ല. അതൊരുവശം. രണ്ടു മൂന്നു വര്‍ഷം മുന്‍പ് ഡല്‍ഹിയിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ഓര്‍മ്മ വരുന്നു. പ്രസിദ്ധമായ AIIMS-ല്‍ ആ വര്‍ഷം മെഡിക്കല്‍ പ്രവേശനം കിട്ടിയവരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവര്‍. അവരില്‍ ഭൂരിഭാഗവും മുസ്‌ലീം വിഭാഗത്തില്‍ നിന്നുള്ളവര്‍. നല്ല ശതമാനവും പെണ്‍കുട്ടികള്‍. സ്വാധീനം കൊണ്ടോ പണശക്തികൊണ്ടോ ആണ് ഇവര്‍ക്ക് പ്രവേശനം കിട്ടിയത് എന്നാരും പറയാനിടയില്ല. അപ്പോള്‍ ഇതിനുള്ള കാരണം തേടേണ്ടതുണ്ട്.

എന്റെ അന്വേഷണം കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും ഉണര്‍വു ലക്ഷ്യമാക്കി മുസ്‌ലീം സമൂഹത്തില്‍ നടന്നുവരുന്ന ചില നിര്‍ണായക ചു വടുവയ്പുകളാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഇവയ്ക്കു ചുക്കാന്‍ പിടിക്കുന്നതാകട്ടെ ഉദ്ബുദ്ധരായ ചില വ്യക്തികളും അവര്‍ നയിക്കുന്ന സന്നദ്ധസംഘടനകളും. ഉദാഹരണമായി ഒരു സംഘടനയുടെ കാര്യം പറയാം. കോഴിക്കോടു കേന്ദ്രമാക്കി 25 വര്‍ഷം മുന്‍പ് രൂപംകൊണ്ട ഈ സന്നദ്ധസംഘടനയെ അടുത്തയിടെയാണ് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എല്ലാതട്ടിലുമുള്ള വിദ്യാര്‍ത്ഥികളെ ആധികാരികമായും സമഗ്രമായും ഉപരിപഠനത്തിനും വിദഗ്ദ്ധ തൊഴിലുകള്‍ക്കും പ്രാപ്തരാക്കുന്ന പരിശീലനകേന്ദ്രമാണിത്. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ആയിരക്കണക്കിനു യുവതീയുവാക്കള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധരംഗങ്ങളില്‍ തലയെടുപ്പോടെ ശോഭിക്കുവാന്‍ ഇതു വേദിയൊരുക്കിയിട്ടുണ്ട്. ന്യൂനപക്ഷപിന്നോക്കവിഭാഗങ്ങള്‍ക്ക് ഭരണകൂടം നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെ, അവ എങ്ങനെ നേടിയെടുക്കാം എന്നീ കാര്യങ്ങള്‍ കുട്ടികളിലെത്തിക്കുക മാത്രമല്ല അതിനുള്ള പരിശീലനം നല്‍കുകയും ചെയ്യുന്നു. വ്യക്തിത്വവികസനത്തിനും കരിയര്‍ വികാസത്തിനും ഏറെ ഊന്നല്‍ നല്‍കുന്നുണ്ട്. അടുത്ത കാലത്തു കേരള സര്‍ക്കാര്‍ തുടക്കമിട്ട KAS (Kerala Adminitsrative Service) പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുള്ളില്‍ 40 ഓളം യുവജനങ്ങള്‍ക്ക് പരിശീലന പരിപാടി തുടങ്ങിയതിന്റെ ആര്‍ജവം എന്നെ അതിശയിപ്പിച്ചു. തുടക്കം മുസ്‌ലീം സമൂഹത്തില്‍ നിന്നായതുകൊണ്ട് ഇതിന്റെ സേവനം ഉപ യോഗപ്പെടുത്തുന്നവര്‍ കൂടുതലും ആ സമൂഹത്തില്‍നിന്നു തന്നെ. പരിശീലനം നല്‍കുക മാത്രമല്ല പ്രാവീണ്യമുള്ള പരിശീലകരുടെ സംഘത്തെ രൂപപ്പെടുത്തുകയും ഇതിന്റെ ലക്ഷ്യമാണ്. ഇതിനകം ആയിരത്തിലധികം പരിശീലകര്‍ ഈ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. 2021 ആയപ്പോഴേക്കും കേരളത്തിലെ 14 ജില്ലകളിലും ഇതിന്റെ ശാഖകള്‍ സ്ഥാപിച്ചുകഴിഞ്ഞു. മുസ്‌ലീം യുവജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍, വിവിധ മണ്ഡലങ്ങളില്‍ തിളങ്ങുന്നതിന്റെ കാരണം വേറെങ്ങും തേടേണ്ടതില്ല. ഏറ്റം പ്രസക്തമായ കാര്യം ഈ സംരംഭത്തിനു തുടക്കമിട്ടതും ഇതിനെ നയിക്കുന്നതും മുസ്‌ലീം മതനേതൃത്വമല്ല, മറിച്ച്, പ്രബുദ്ധരും തീക്ഷ്ണമതികളുമായ അല്മായവ്യക്തികളാണ് എന്നതുതന്നെ. മതസംവിധാനത്തിനു കീഴിലല്ല, മറിച്ച് തികച്ചും സെക്കുലര്‍ ആയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. കേരളത്തിലെ ക്രൈസ്തവസഭകളുടെ കീഴിലും അനേകം പരിശീലനസംരംഭങ്ങള്‍ നടന്നു വരുന്നുണ്ട് എന്നതു ശരിയാണ്. എന്നാല്‍ അവയില്‍ പലതിന്റെയും ഇന്നത്തെ അവസ്ഥയും വളര്‍ച്ചയുടെ ദിശയും പരിശോധനയ്ക്കു വിധേയമാക്കിയേതീരൂ.

നമുക്കര്‍ഹതപ്പെട്ടത് മുസ്‌ലീം വിഭാഗം തട്ടിയെടുക്കുന്നു എന്ന തരത്തിലുള്ള ദുഷ്പ്രചരണങ്ങളുടെ മുനയൊടിക്കുന്നു മേല്‍പറഞ്ഞ വസ്തുതകള്‍. ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പകരം നാം ആത്മപരിശോധനയ്ക്കു വിഷയമാക്കേണ്ട കാര്യമാണിത്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ എന്തുകൊണ്ടു നാം പരാജയപ്പെട്ടു? ഉന്നത വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും ലഭ്യമായ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങള്‍ നാം ശേഖരിച്ചിട്ടുണ്ടോ? അവയെ ഉപയോഗപ്പെടുത്താന്‍ ക്രൈസ്തവയുവ തീ യുവാക്കളെ പ്രാപ്തരാക്കാന്‍ എന്തെല്ലാം സംരംഭങ്ങള്‍ക്കാണ് നാം രൂപം കൊടുത്തിട്ടുള്ളത്, അല്ലെങ്കില്‍ കൊടുക്കേണ്ടത്? സ്‌കൂളുകളും കോളജുകളും നടത്തുന്നതു നല്ലതു തന്നെ. എന്നാല്‍ അവയ്ക്കപ്പുറം, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനുള്ള കഴിവും അവരില്‍ വളര്‍ത്തുക എന്നത് അവഗണിക്കപ്പെട്ടുകൂടാ. അതിനുള്ള പദ്ധതികള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൂട്ടായ ചിന്തയ്ക്കു വിഷയമാകണം. ഒരു കാര്യം കൂടി പറയാതെ വയ്യ. സമുദായ നേതൃത്വവും മതനേതൃത്വവും ഏറെ കൂടിക്കുഴയുന്നതല്ലേ ക്രൈസ്തവസമൂഹത്തിന്റെ ഇന്നത്തെ ദുര്‍ഗതിക്കു കാരണം എന്ന ചോദ്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ഒരു മുഖ്യമന്ത്രിയിലും വകുപ്പുമന്ത്രിയിലും മാത്രം വിശ്വാസമര്‍പ്പിച്ച് നിഷ്‌ക്രിയരായിരിക്കേണ്ട സമയമല്ലിത്.

Email: matpampa@gmail.com

ഈ വിഷയത്തില്‍ ഒരു സംവാദം ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. സത്യദീപം അതിനവസരമൊരുക്കുന്നു. വായനക്കാരുടെ അഭിപ്രായങ്ങള്‍ തപാല്‍വഴിയോ ഈ-മെയിലായോ അയയ്ക്കുക.

P.B. No. 1916, Ernakulam North, Kochi-682 018.  E-mail ID: sathyam.deepam@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org