
ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ അധ്യക്ഷനായി അഭിഷിക്തനാകുകയാണ് ബിഷപ് ജോണ്‍ പനന്തോട്ടത്തില്‍ സി എം ഐ. തലശ്ശേരി അതിരൂപതയിലെ പേരാവൂര്‍, പെരുമ്പന്ന ഇടവകാംഗമായ അദ്ദേഹം, സി എം ഐ സന്യാസസമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിന്‍സില്‍ ചേര്‍ന്ന്, 1997-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അമേരിക്കയിലും ഓസ്‌ട്രേലിയായിലും അജപാലന രംഗത്തു പ്രവര്‍ത്തിക്കുകയും പ്രവാസിസമൂഹങ്ങളെ അടുത്തു മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ചുമതലയേല്‍ക്കുന്ന ബിഷപ് പനന്തോട്ടത്തില്‍, സത്യദീപത്തിനു നല്‍കിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്:
മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന മോട്ടോ എന്താണ്? എന്തുകൊണ്ടാണ് അതു തിരഞ്ഞെടുത്തത്?
നിനക്ക് എന്റെ കൃപ മതി (2 കോറിന്തോസ് 12:9). ഇതാണ് ഞാന്‍ മോട്ടോ ആയി എടുത്തിരിക്കുന്നത്. കാരണം, ജീവിതത്തിന്റെ നിര്‍ണ്ണായകമായ തീരുമാനങ്ങളിലൊക്കെയും എനിക്കു ധൈര്യം പകര്‍ന്നിട്ടുള്ള ഒരു വചനഭാഗമാണ് ഇത്. അതെന്നെ ഒത്തിരിയേറെ ശക്തിപ്പെടുത്തിയിട്ടുള്ളതാണ്.
പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി എപ്രകാരമായിരുന്നു? സി എം ഐ സന്യാസസമൂഹം തിരഞ്ഞെടുക്കാന്‍ കാരണമെന്താണ്?
ഏഴാം ക്ലാസ് മുതല്‍ എന്നും മുടങ്ങാതെ പള്ളിയില്‍ പോകുമായിരുന്നു. പത്താം ക്ലാസ് ആയപ്പോള്‍ അച്ചനാകാനുള്ള ആഗ്രഹം എന്റെ അധ്യാപികയായിരുന്ന സിസ്റ്റര്‍ ലീനയോടു പറഞ്ഞു. തിരുഹൃദയ സന്യാസിനീ സമൂഹത്തിലെ അംഗമായിരുന്നു സി. ലീന എസ് എച്ചാണ് എന്റെ ദൈവവിളിയെ പ്രോത്സാഹിപ്പിക്കുകയും സി എം ഐ സന്യാസസമൂഹത്തെ പരിചയപ്പെടുത്തുകയും ചെയ്തത്.
ഇതുവരെയുള്ള സി എം ഐ സന്യാസജീവിതത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയ കാര്യം എന്താണ്?
ഒരു സംശയവുമില്ല. ഞങ്ങളുടെ സമൂഹജീവിതമാണത്. അതാണെന്നെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ളത്. ചാവറപ്പിതാവിന്റെ ഒരു പ്രധാനപ്പെട്ട ആശയമാണ് കൂടെപ്പിറപ്പുകളുടെ സ്‌നേഹവും ഐക്യവും കഠിനാധ്വാനവും. അതു ഞങ്ങളെ വളരെയേറെ സഹായിക്കുന്നുണ്ട്. കൂടപ്പിറപ്പുകളെന്ന തോന്നലും അനുഭവവും സ്‌നേഹവും ഐക്യവും പ്രാര്‍ത്ഥനയും അതില്‍ നിന്നുണ്ടാകുന്ന കഠിനാധ്വാനവും. അതു വളരെയേറെ പ്രയോജനപ്രദമാണ്.
ചാവറയച്ചനും ചാവറയച്ചന്റെ ആത്മീയതയും ദര്‍ശനങ്ങളും ഇന്ന് എത്രത്തോളം പ്രസക്തമാണ്?
ചാവറയച്ചന്റേത് ബൈബിളധിഷ്ഠിത കാഴ്ചപ്പാടാണ്. പ്രാര്‍ത്ഥനയും അതില്‍ നിന്നുളവാകുന്ന പ്രവര്‍ത്തനവും. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകുമ്പോഴാണ് അതു വലിയ വിജയത്തിനു കാരണമാകുന്നത്. സി എം ഐ സഭയുടെ സ്ഥാപനങ്ങളും മിഷന്‍ പ്രവര്‍ത്തനങ്ങളും ഒക്കെ പ്രാര്‍ത്ഥനയുമായി സമന്വയിപ്പിക്കുന്നതിനാലാണ് വലിയ വിജയമാകുന്നത്. അവയൊന്നും ഒരിക്കലും പരാജയപ്പെടുന്നതു കണ്ടിട്ടില്ല. അതുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിക്കുക, ദൈവം നമ്മോടാവശ്യപ്പെടുന്നതു ചെയ്യുക, അതു നമ്മെ വിജയത്തിലേക്കു നയിക്കും.
പാശ്ചാത്യനാടുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളി ക്രൈസ്തവ കുടുംബങ്ങളുടെ സവിശേഷതകള്‍ എന്തൊക്കെയാണ്? അവിടത്തെ അജപാലനാനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രവാസിസമൂഹത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ എന്തൊക്കെയാണ്? എന്തൊക്കെയാണ് അവരുടെ സാധ്യതകളും വെല്ലുവിളികളും?
പ്രവാസികള്‍ എപ്പോഴും ദൈവത്തോടും ദേവാലയത്തോടും ചേര്‍ന്നു നില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. അവര്‍ എല്ലാ ഞായറാഴ്ചകളിലും കുഞ്ഞുങ്ങളോടൊപ്പം ദേവാലയത്തിലേക്കു വരികയും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും കുഞ്ഞുങ്ങളെ വളരെ നിഷ്ഠയോടുകൂടി മതബോധനത്തിനു കൊണ്ടു വരികയും ചെയ്യുന്നു. ഇത് അതതു നാടുകളിലെ തദ്ദേശീയരായ ആളുകളെ വളരെയധികം സ്പര്‍ശിക്കുന്നതായി കണ്ടിട്ടുണ്ട്. അവര്‍ നമ്മുടെ ആരാധനാരീതിയും ജീവിതരീതിയും കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പവുമെല്ലാം ശ്രദ്ധിക്കുന്നുണ്ട്, അതവരെ സ്വാധീനിക്കുന്നുണ്ട്.
പ്രവാസികള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി തീര്‍ച്ചയായും മതനിരാസപരമായ (സെക്കുലര്‍) ഒരു കാഴ്ചപ്പാട് എല്ലായിടത്തും ശക്തി പ്രാപിക്കുന്നു എന്നതു തന്നെയാണ്. പുതിയ തലമുറയെ ഇത് ഒരു പരിധിവരെ സ്വാധീനിക്കുന്നുണ്ട്. അതൊരു വെല്ലുവിളി തന്നെയാണ്.
മെത്രാന്‍ പദവിയിലേക്ക് നിയോഗിക്കപ്പടുകയാണെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി?
വളരെ അപ്രതീക്ഷിതമായ ഒരു നിയോഗമാണിത്. പക്ഷേ നമ്മുടെ സ്വപ്‌നങ്ങള്‍ക്കോ പദ്ധതികള്‍ക്കോ വലിയ സ്ഥാനമില്ല. ഇത് ദൈവത്തിന്റെ പദ്ധതിയാണെന്ന് ആത്യന്തികമായി കരുതുന്നു, അതിനു വിധേയപ്പെടുന്നു.
മെല്‍ബണ്‍ രൂപതയുടെ ഭാവിയെക്കുറിച്ചു മെത്രാനെന്ന നിലയിലുള്ള സ്വപ്‌നങ്ങളും പദ്ധതികളും എന്തൊക്കെയാണ്?
അഞ്ചു വര്‍ഷത്തിനിടെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം മെല്‍ബണിലെ സീറോ മലബാര്‍ സഭ വളരെ യൗവനം നിറഞ്ഞതും സജീവവുമാണ്. ഒത്തിരിയേറെ യുവാക്കള്‍ ഇവിടെയുണ്ട്. പള്ളിയോടും ദൈവത്തോടും ചേര്‍ന്നുനില്‍ക്കാനുള്ള ആഗ്രഹം അവര്‍ക്കു കൈമുതലാണ്. ആ മാതൃക ഈ നാട്ടിലെ സഭയില്‍ ഒരുപാടു മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിന് ഏറ്റവും വേണ്ടത് നാം ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ്. അതു സാധിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
തദ്ദേശീയസഭ ജനസംഖ്യാ ശോഷണവും വളര്‍ച്ചയില്‍ മുരടിപ്പും നേരിടുമ്പോള്‍ സീറോ മലബാര്‍ സഭയ്ക്ക് എന്തു സംഭാവനകളാണ് അവിടെ ചെയ്യാനുള്ളത്?
ദൈവനിയോഗത്തിന്റെ ഭാഗമാണിത്. തദ്ദേശീയസഭ തളരുമ്പോഴും അതിനെ താങ്ങിനിറുത്താനും വളര്‍ത്താനുമുള്ള വലിയ കാര്യമാണ് നാമിപ്പോള്‍ അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. സീറോ മലബാര്‍ സഭ മാത്രമല്ല, ഏഷ്യയില്‍ നിന്നുള്ള പല സഭകളും ഇതു തന്നെ ചെയ്യുന്നു. അതുപോലെ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റജനതയും. അവരുടെ തീക്ഷ്ണമായ പ്രാര്‍ത്ഥനയും ആരാധനാജീവിതവും തദ്ദേശീയസഭയെ വളര്‍ത്താന്‍ സഹായകരമാകുന്നുണ്ട്.
പുതിയ തലമുറ വിശ്വാസകാര്യങ്ങളില്‍ എങ്ങനെയാണ്? പ്രവാസിരാജ്യങ്ങളിലെ സഭയുടെ ഭാവി ശോഭനമാണോ?
പുതിയ തലമുറ വിശ്വാസകാര്യങ്ങളില്‍ വലിയ താത്പര്യം കാണിക്കുന്നതായാണു ഞാന്‍ കാണുന്നത്. കാരണം മാതാപിതാക്കള്‍ അവരെ പഠിപ്പിക്കാനും വിശ്വാസത്തില്‍ വളര്‍ത്താനും വലിയ താത്പര്യം കാണിക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ സെക്കുലര്‍ സംസ്‌കാരം എല്ലാവരേയും സ്വാധീനിക്കുന്നുണ്ടെങ്കിലും പുതിയ തലമുറ അതിനെ മറികടക്കുന്നുണ്ട്. പ്രവാസിസഭകള്‍ക്കു മികച്ച ഭാവിയുണ്ടെന്നു തന്നെയാണു ഞാന്‍ കരുതുന്നത്.
മെല്‍ബണ്‍ രൂപതയുടെ തദ്ദേശീയ ദൈവവിളികളുടെ സ്ഥിതി എന്താണ്?
ഇവിടത്തെ പുതിയ തലമുറയില്‍ നിന്നു ദൈവവിളികള്‍ രൂപപ്പെട്ടു വരുന്നുണ്ട്. രണ്ടുമൂന്നു പേര്‍ ഇപ്പോള്‍ തന്നെയുണ്ട്. അതൊരു വലിയ കാര്യമാണ്. ഭാവിയില്‍ കൂടുതലുണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു.