എന്റെ ഭൂമി എല്ലാവരുടെയും

ഏപ്രില്‍ 22 ഭൗമദിനം
എന്റെ ഭൂമി എല്ലാവരുടെയും
മറ്റു ജീവജാലങ്ങളില്‍നിന്നും പരിസ്ഥിതിയില്‍നിന്നും അപകടകരമായ പ്രതികരണം ഉളവാക്കുന്ന എല്ലാ പ്രവൃത്തികളും ഉപേക്ഷിക്കാനുള്ള മുഴുവന്‍ കടമയും മനുഷ്യന്റേതാണ്. മനോജ്ഞമായ ഈ ഭൗമമണ്ഡലത്തിലുള്ള സകലതിനും അര്‍ഹിക്കുന്ന ആദരവും മൂല്യവും കൊടുത്തുകൊണ്ട്, ഒത്തുവസിക്കലിന്റെ ആനന്ദം അനുഭവിച്ചു ജീവിക്കാന്‍ പ്രതിജ്ഞ ചെയ്യാം.

ഏറെ ധ്യാനിക്കപ്പെടേണ്ട ഒരു നിത്യവിസ്മയമാണ് നമ്മെ താങ്ങുന്ന, താങ്ങില്ലാതെ തിരിയുന്ന ഭൂമി. പക്ഷേ, ജനിമൃതികള്‍ക്കിടയിലെ ജീവിതവ്യഗ്രതകള്‍ക്കു നടുവില്‍ പലപ്പോഴും നാം അതേപ്പറ്റി ചിന്തിക്കാറേയില്ല. ഭൗമ ഗോളത്തെക്കുറിച്ചുള്ള അനുസ്മരണവുമായി ഇക്കുറി ഏപ്രില്‍ 22 എത്തുമ്പോള്‍ 'EARTH' എന്ന ഇംഗ്ലീഷ് പദത്തിന്റെ ഓരോ അക്ഷരവും പ്രതിനിധാനം ചെയ്യുന്ന ചില അവബോധങ്ങളില്‍ അല്പംകൂടി ആഴപ്പെടാന്‍ പരിശ്രമിക്കുന്നത് പ്രയോജനപ്രദവും പ്രചോദനകരവും ആയിരിക്കും.

'E' എന്ന ആദ്യത്തെ അക്ഷരം, ഭൂമി അടിസ്ഥാനപരമായി ഒരു എക്കൊസിസ്റ്റം (Ecosystem) ആണെന്ന അവബോധമാണ് നല്കുന്നത്. 'പരസ്പരവും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന പരിതഃസ്ഥിതിപരമായ ഏകകം' എന്നാണ് ഈ പദത്തിന്റെ മലയാള അര്‍ത്ഥം. ചരാചരങ്ങളായ സകലതിന്റെയും ഒരു കൂട്ടായ്മയാണ് ഭൂമി. മണ്ണ് മനുഷ്യനുവേണ്ടി മാത്രമുള്ള ഒന്നല്ല എന്നു വ്യക്തം. പക്ഷേ, പലപ്പോഴും നാം ഭൂമിയെ കൈകാര്യം ചെയ്യുന്നത് നമ്മുടെ സ്വാര്‍ഥതാത്പര്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി മാത്രം കറങ്ങിത്തിരിയുന്ന ഒരു ബിംബമാണത് എന്ന തെറ്റിദ്ധാരണയോടുകൂടിയാണ്. തീര്‍ത്തും വികലമായ ഈ ചിന്താഗതി നാം പാടേ വെടിഞ്ഞേ പറ്റൂ. മനുഷ്യര്‍ മാത്രമുള്ളയിടം ഭൂമിയാകില്ല; ജന്തുക്കള്‍ മാത്രമുള്ളയിടം ഭൂമിയാകില്ല; സസ്യങ്ങള്‍ മാത്രമുള്ളയിടം ഭൂമിയാകില്ല; അചരങ്ങള്‍ മാത്രമുള്ളയിടം ഭൂമിയാകില്ല. പിന്നെയോ, ഇവയെല്ലാം ഒന്നിച്ചുള്ളയിടമാണ് ഭൂമി. ഇവയുടെയെല്ലാം സഹവാസമാണ് ഭൂമിയുടെ ഭംഗി. ഈ പരിഃസ്ഥിതിപരമായ ഏകകത്തില്‍ സസ്യങ്ങളും ജന്തുക്കളും പ്രകൃത്യാ പരാശ്രിതരും, അന്യോന്യം പ്രതികരിക്കുന്നവരുമാണ്. ഒന്നിന്റെ പ്രവര്‍ത്തനം മറ്റൊന്നിനെ സ്വാധീനിക്കുമ്പോഴാണ് പ്രതികരണമുണ്ടാകുന്നത്. ഓര്‍ക്കണം, ആത്യന്തികമായി മനുഷ്യന്റെ ചിന്തകളും ചെയ്തികളുമാണ് ഇതരജീവജാലങ്ങളെയും പ്രകൃതിയെയും കാര്യമായി ബാധിക്കുന്നത്. സഹജീവികളെ മറന്നുകൊണ്ടുള്ള മനുഷ്യന്റെ അ ത്യാഗ്രഹങ്ങള്‍ക്ക് അറുതിവരുന്ന കാലംവരെ ഭൂമി ഭയം ഭരിക്കുന്ന ഇടമായി തുടരും. ആകയാല്‍, മറ്റു ജീവജാലങ്ങളില്‍ നിന്നും പരിസ്ഥിതിയില്‍നിന്നും അപകടകരമായ പ്രതികരണം ഉളവാക്കുന്ന എല്ലാ പ്രവൃത്തികളും ഉപേക്ഷിക്കാനുള്ള മുഴുവന്‍ കടമയും മനുഷ്യന്റേതാണ്.മനോജ്ഞമായ ഈ ഭൗമമണ്ഡലത്തിലുള്ള സകലതിനും അര്‍ഹിക്കുന്ന ആദരവും മൂല്യവും കൊടുത്തുകൊണ്ട്, ഒത്തുവസിക്കലിന്റെ ആനന്ദം അനു ഭവിച്ചു ജീവിക്കാന്‍ പ്രതിജ്ഞ ചെയ്യാം.

'A' എന്ന രണ്ടാമത്തെ അക്ഷരം, ഭൂമി ഒരു ആറ്റി ഫാക്റ്റ് (Artefact) ആണെന്ന അവബോധമാണ് നല്കുന്നത്. 'കലയുടെയോ കരകൗശലത്തിന്റെയോ ഉത്പന്നം' എന്നാണ് ഈ പദത്തിന്റെ മലയാള അര്‍ത്ഥം. വാസ്തവത്തില്‍ അതിശ്രേഷ്ഠമായ ഒരു കലാശില്പം തന്നെയല്ലേ ഭൂമി! വിളഞ്ഞുകിടക്കുന്ന വയലേലകളും, പച്ചപിടിച്ച പുല്‌മേടുകളും, മഞ്ഞുമൂടിയ മലനിരകളും, പുഞ്ചിരിക്കുന്ന പുഷ്പങ്ങളും, ചിറകടിക്കുന്ന ചിത്രശലഭങ്ങളും, നീന്തുന്ന നദികളും, കറുത്ത കാടുകളും, കാല്ചിലമ്പുകള്‍ കെട്ടിയ കാട്ടരുവികളും, മുകിലുകള്‍ മുങ്ങിക്കുളിക്കുന്ന കണ്ണാടിപ്പൊയ്കകളും, കിളിക്കൂട്ടങ്ങളുടെ കളകൂജനവും, മരങ്ങളുടെ മര്‍മ്മരവും, മഴയുടെ മന്ത്രങ്ങളും, മാരിവില്ലിന്റെ മാസ്മരികതയും, കരകാണാത്ത കടലും, തഴുകുന്ന തെന്നലും, മഞ്ഞ മണലാരണ്യങ്ങളും, മനുഷ്യരും, മൃഗങ്ങളും, മത്സ്യങ്ങളുമൊക്കെ കൂടിയുള്ള ഈ ഭൗമ ഗോളത്തിനു തികച്ചും അഭൗമമായ അഴകും ആകാരവൈശിഷ്ട്യവുമല്ലേ ഉള്ളത്! ഓര്‍ക്കണം, ഇത്രയും ചേതോഹരമായ ഈ ഗ്രഹത്തില്‍ ജനിച്ചു ജീവിക്കാന്‍ കഴിയുക എന്നത് എത്രയോ വലിയ ഭാഗ്യമാണ്! നിസ്സീമമായ നീലാകാശക്കുടയുടെ കീഴില്‍ കറങ്ങിത്തിരിയുന്ന ഈ ഭൂമിചക്രത്തിന്റെ നിറക്കൂട്ടുകളില്‍ കരിമഷിയൊഴിച്ചു വികൃതമാക്കുന്ന വിധത്തിലുള്ള എല്ലാ അകൃത്യങ്ങളില്‍നിന്നും അകന്നു നില്ക്കാന്‍ നമുക്കുള്ള കടമ മറക്കാതിരിക്കാം.

'R' എന്ന മൂന്നാമത്തെ അക്ഷരം, ഭൂമി ഒരു റെളിക് (Relic) ആണെന്ന അവബോധമാണ് നല്കുന്നത്. 'തിരുശേഷിപ്പ്' എന്നാണ് ഈ പദത്തിന്റെ മലയാള അര്‍ത്ഥം. ഭൂമിയെയും അതിലുള്ളവയേയും വെറും ഭൗതികവും ഐഹികവുമായി മാത്രം കണക്കാക്കുന്നത് പൂര്‍ണ്ണമായും ശരിയാണെന്നു തോന്നുന്നില്ല. വിശ്വശില്പിയായ ദൈവത്തിന്റെ കരവേലയാണെന്ന കാരണത്താല്‍ ഭൂമിക്ക് പരിശുദ്ധിയുടെ ഒരു പരിവേഷം കൂടിയുണ്ട്. വിശുദ്ധിതന്നെയായവന്റെ വിരല്‍ സ്പര്‍ശമേറ്റതിനാല്‍ അതിനും പരിശുദ്ധിയുടെ പരിമളമുണ്ട്. നമ്മുടെ പാദങ്ങള്‍ പതിയുന്ന ഇടം പൂജ്യമാണ് എന്നു സാരം. കരുതലുള്ള ദൈവത്തിനു മനുഷ്യകുലത്തോടുള്ള കരുണയുടെ തിരുശേഷിപ്പാണ് ഭൂമി എന്നുള്ള തിരിച്ചറിവ് ഇനിയെങ്കിലും നമുക്കുണ്ടാവണം. താന്‍ സന്ദര്‍ശിച്ച രാജ്യങ്ങളില്‍ കാലുകുത്തുന്ന മാത്രയില്‍ ആദ്യം മുട്ടുകുത്തി കുനിഞ്ഞ് നിലം ചുംബിച്ചിരുന്ന വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍ പാപ്പയും, മത്സരങ്ങള്‍ക്കു മുമ്പും പിമ്പും കളിക്കളങ്ങളെ തൊട്ടു മുത്തുന്ന കളിക്കാരും, മണ്ണിനെ പൂജിക്കുന്നവരുമൊക്കെഇത്തരമൊരു തിരുശേഷിപ്പ് വിശ്വാസത്തില്‍ വളരാന്‍ നമ്മെ പ്രേരിപ്പിക്കണം. വിശുദ്ധമായ ഭൂമിയെ അശുദ്ധവും മലിനവുമാക്കുന്ന എല്ലാ നികൃഷ്ടകൃത്യങ്ങള്‍ക്കും ഉത്തരവാദി മനുഷ്യന്‍ മാത്രമാണ്. ഭൗമ ഗോളത്തിന്റെ പ്രാരംഭനൈര്‍മല്യം വീണ്ടെടുക്കാനുള്ള സകല സംരംഭങ്ങളിലും സര്‍വാത്മനാ സഹകാരികളാകാന്‍ നാം സന്നദ്ധരാകണം, 'പവിത്രമായ പാരിനെ പങ്കിലമാക്കരുത്' എന്ന 'പതിനൊന്നാം പ്രമാണം' പാലിച്ചു ജീവിക്കാന്‍ നാം ഇനിയെങ്കിലും പരിശ്രമിച്ചിരുന്നെങ്കില്‍!

'T' എന്ന നാലാമത്തെ അക്ഷരം, ഭൂമി ഒരു റ്റെസ്റ്റെമെന്റ് (Testament) ആണെന്ന അവബോധമാണ് നല്കുന്നത്. 'കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഗ്രന്ഥം' എന്നാണ് ഈ പദത്തിന്റെ മലയാള അര്‍ത്ഥം. സത്യത്തില്‍ ഭൂമിയെക്കാള്‍ ബൃഹത്തായ മറ്റൊരു പുസ്തകമുണ്ടോ? അറിവും അനുശാസനങ്ങളും അടങ്ങിയിട്ടുള്ള, തനിമയുടെ തങ്കച്ചരടുകൊണ്ട് കുത്തിക്കെട്ടപ്പെട്ട മൂല ഗ്രന്ഥമാണ് ഭൂമി. നമ്മുടെ അനു ദിനജീവിതത്തിനും അഭിവൃദ്ധിക്കും ആവശ്യമായ അടിസ്ഥാന പാഠങ്ങളെല്ലാം ഈ പുസ്തകത്തിലുണ്ട്. മിക്കപ്പോഴും നാം അവയെ ഗൗനിക്കുകയോ, മാനിക്കുകയോ ചെയ്യുന്നില്ല എന്നു മാത്രം. മുള്ളുകള്‍ക്കിടയില്‍ വിരിയുന്ന പനി നീര്‍മലരിനും, കൊഴിയുന്ന ഇലയ്ക്കും, കലങ്ങിത്തെളിയുന്ന പുഴയ്ക്കും, കരകയറുന്ന കടലിനും, പൊരിവെയിലത്തെ തണല്‍മരത്തിനും, അടയിരിക്കുന്ന പക്ഷിക്കും, പടംപൊഴിക്കുന്ന പാമ്പിനും, ഉരുകിക്കത്തുന്ന മെഴുകു തിരിക്കും, മുഴങ്ങിക്കേള്‍ക്കുന്ന മണിനാദത്തിനും, കുന്നിനും, കുഴിക്കും, ഋതുഭേദത്തിനും, പ്രളയത്തിനും, പ്രകൃതിക്ഷോഭങ്ങള്‍ക്കും എന്നുവേണ്ട നാം തട്ടിവീഴുന്ന ഒരു കല്ലിനുപോലും പാഠങ്ങളൊരുപാട് പഠിപ്പിക്കാനുണ്ട്. 'ഭൂമിയോളം ക്ഷമിക്കുക', 'ഭൂമിയോളം സഹിക്കുക', 'ഭൂമിയോളം താഴുക' മുതലായ ഭാഷാപ്രയോഗങ്ങളില്‍ തന്നെ ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയുമൊക്കെ അങ്ങേയറ്റങ്ങള്‍ കാണാന്‍ കഴിയും. പാരിടമാകുന്ന പാഠാവലിയില്‍നിന്നും പകര്‍ത്തിയെഴുതപ്പെട്ടവയേ കയ്യിലുള്ള കടലാസ്സു പുസ്തകങ്ങളിലുള്ളൂ എന്ന ഒന്നാം പാഠം ഒരുനാളും നാം മറന്നു കൂടാ. ഭൂമിയെന്ന അനന്യവും, അമൂല്യവുമായ കൃതി വായിച്ചുപഠിക്കാന്‍ എന്നാവും നമുക്ക് സമയവും സൗകര്യവും ഉണ്ടാവുക?

'H' എന്ന അവസാനത്തെ അക്ഷരം, ഭൂമി ഒരു ഹെവെന്‍ (Heaven) ആയിരിക്കണം എന്ന ആദര്‍ശമാണ് പ്രഘോഷിക്കുന്നത്. 'സ്വര്‍ഗം' എന്ന പദത്തിന്റെ സാമാന്യ അര്‍ത്ഥത്തില്‍ നന്മ നിറഞ്ഞ ഇടമായാണ് ഭൂമിയെ വിഭാവനം ചെയ്യുന്നത്. പാര്‍ത്തലത്തില്‍ പുണ്യങ്ങള്‍ പൂക്കണമെങ്കില്‍ അത് തിന്മ തീണ്ടാത്ത ഇടമായിരിക്കണം. അപ്രകാരം ഭൂമിയെ ആക്കിത്തീര്‍ക്കുക എന്നത് മനുഷ്യകുലത്തിന്റെ മാത്രം മൗലികകടമയാണ്. തിന്മയുടെ വക ഭേദങ്ങളായ മത, രാഷ്ട്രീയ, സാം സ്‌കാരികതീവ്രവാദങ്ങള്‍, വിദ്വേഷം, പക, അഴിമതി, അനീതി, അക്രമം, ചൂഷണം ആദിയായവയെ ഇല്ലായ്മ ചെയ്യാന്‍ മനുഷ്യരൊന്നിച്ചു പ്രയത്‌നിക്കേണ്ടതുണ്ട്. സ്വര്‍ഗം സാഹോദര്യത്തിന്റെ പ്രതീകമാണ്. സാഹോദര്യമനോ ഭാവത്തോടെ മനുഷ്യര്‍ ജീവിക്കുമ്പോഴേ ശശ്വതമായ സമാധാനം സ്ഥാപിതമാകൂ. സമാധാനരാഹിത്യമാണ് നാകത്തെ നരകമാക്കി മാറ്റുന്നത്. ഓര്‍ക്കണം, പാരിനെ പറുദീസയാക്കിത്തീര്‍ക്കാനുള്ള നിയോഗമാണ് നമ്മുടെ ആയുസ്സിനുള്ളത്. ആധിപത്യത്തിനും, അടിച്ചമര്‍ത്തലിനുമുള്ള അനാവശ്യ ആവേശത്തെ മുളയിലേ നുള്ളിക്കളയാം. അന്യരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ആദരിക്കാന്‍ ശീലിക്കാം. എല്ലാറ്റിന്റെയും, എല്ലാവരുടെയും ഭവനമായ ഈ ഭൂമികയുടെ മനോഹാരിതയെയും, സംശുദ്ധിയെയും, സര്‍വ നന്മകളെയും പരിപാലിക്കാനും പരിപോഷിപ്പിക്കാനും വരുംതലമുറകള്‍ക്കു കര്‍ത്തവ്യബോധത്തോടെ കൈമാറാനും കര്‍മ്മനിരതരാകാം. ഭൂമി ഉരുണ്ടതോ പരന്നതോ ആയിക്കൊള്ളട്ടെ; നമ്മുടെ വേണ്ടാത്തരങ്ങള്‍കൊണ്ട് വരണ്ടതും ഇരുണ്ടതും ആകാതിരുന്നാല്‍ മതി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org