
മത വിഷയങ്ങള്‍ ഈയടുത്ത കാലത്ത് മുമ്പെങ്ങുമില്ലാത്ത വിധം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത്തരം ചര്‍ച്ചകള്‍ പുറപ്പെടുവിക്കുന്ന ശബ്ദവും വമിപ്പിക്കുന്ന വിദ്വേഷവും നിര്‍മ്മിച്ചെടുക്കുന്ന വിഭാഗീയതയും മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നു നില്ക്കുന്നതിനാല്‍ സമൂഹത്തിലും സംസ്‌കാരത്തിലും ചരിത്രത്തിലും അവയേല്പിക്കുന്ന ആഘാതം ആഴമുള്ളതും ഗൗരവമായ ശ്രദ്ധയര്‍ഹിക്കുന്നതുമാണ്.
ലോകത്തിലിന്നോളമുണ്ടായിട്ടുള്ള കലാപങ്ങളും വംശഹത്യകളും ഒരു സുപ്രഭാതത്തിന്റെ സൃഷ്ടിയല്ല. മറിച്ച്, അനേകം മാസങ്ങളുടെയോ വര്‍ഷങ്ങളുടെയോ വെറുപ്പുല്പാദനവികിരണ പ്രക്രിയകള്‍ അവയ്ക്കു മുന്നോടിയായിട്ടുണ്ട്. ഉദാഹരണത്തിന്, നാസി ജര്‍മ്മനിയിലെ ജൂതവംശഹത്യയ്ക്ക് എത്രയോ മുന്‍പു തന്നെ ജൂതന്‍മാര്‍ വെറുക്കപ്പെടേണ്ടവരും ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമാണെന്ന പറച്ചില്‍ സമൂഹത്തില്‍ നാസികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.റുവാണ്ടയിലെ വംശീയ ഉന്മൂലന കൊലപാതകങ്ങള്‍ക്കു എത്രയോ മുന്‍പു തന്നെ സഹോദരങ്ങളായ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെറുപ്പ് പ്രബലമാക്കിയിരുന്നു. വംശീയ വിദ്വേഷത്തെ സമൂഹത്തിലേക്ക് നിരന്തരം കടത്തിവിടുന്ന നേതാക്കള്‍ തങ്ങളുടെ അധീശത്വം വിജയം വരിക്കുന്നതും വെറുക്കപ്പെടേണ്ടവര്‍ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യപ്പെടുന്നതും സ്വപ്നം കാണുന്നു. അത്തരം ഒരു ദുരന്തത്തിനുശേഷം മനസ്താപത്തിന്റെയും സമാധാന ശ്രമങ്ങളുടെയും അനുരഞ്ജനത്തിന്റെയും നാളുകളാണ്. അപ്പോഴും, ഒരിക്കലും ഉണങ്ങാത്ത മുറിവുകളും ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി മറ്റൊരു കഥയും പറച്ചിലും അവശേഷിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉയിര്‍ കൊള്ളുന്നുണ്ടാകും. കാരണം, വെറുപ്പുല്പാദിപ്പിക്കുന്ന ഹിംസ ഒന്നിന്റെയും അവസാനമല്ല, തുടര്‍ച്ചയാണ്; വിളവെടുപ്പല്ല, വിത്തു വിത കൂടിയാണ്.
ഇത്രയും ആമുഖമായി പറഞ്ഞത് ഒരു കാര്യം തുടക്കത്തിലേ വ്യക്തമാക്കാനാണ്. ഏതൊരു വംശഹത്യയ്ക്കും കലാപത്തിനും മുന്നോടിയായി അവയെ ഉല്പാദിപ്പിക്കുന്ന പറച്ചിലുകളും കഥാ നിര്‍മ്മാണങ്ങളും അവയുടെ ബോധപൂര്‍വ്വമായ വ്യാപനങ്ങളുമുണ്ട്. അത്തരം കഥാ നിര്‍മ്മാണങ്ങളില്‍, കഥയുല്പാദകരുടെ ലക്ഷ്യമനുസരിച്ച് വെറുക്കപ്പെടേണ്ടവരെ ഇകഴ്ത്തിയും സ്വന്തം വിഭാഗത്തെ പുകഴ്ത്തിയുമുള്ള പറച്ചില്‍ കാണാം. ഒരുപക്ഷേ, കഥയുടെ ഉപ പാഠമായും, ചിലപ്പോള്‍ പ്രത്യക്ഷത്തില്‍ നിര്‍ദോഷമായും, അത്തരം പറച്ചിലുകള്‍ അന്തര്‍ലീനമായിരിക്കും. ഒരു വിഭാഗത്തിന്റെ അഭിമാനബോധത്തെ അത്തരം കഥ പറച്ചിലുകള്‍ തീര്‍ച്ചയായും ഉയര്‍ത്തും. മറുവി ഭാഗത്തെ അപഹസിക്കുകയും ദുര്‍ബലരാക്കുകയും ചെയ്യും.
ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ വായിക്കുകയും അപഗ്രഥിക്കുകയും ചര്‍ച്ച ചെയ്യുകയും വിവേകപൂര്‍ണ്ണമായ ഇടപെടലുകള്‍ക്ക് ഇടം നല്കുകയും ചെയ്യാവുന്ന ഒരു കഥ പറച്ചിലും ഉപപാഠവുമാണ് ഈയടുത്ത കാലത്ത് നൂറു കോടി ക്ലബില്‍ ഇടം നേടിയ സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം 'ഭീഷ്മ പര്‍വ്വം.' മമ്മൂട്ടിയെ വ്യത്യസ്തമായ ഒരു പരിവേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നതും സംവിധാനത്തിലെ കയ്യടക്കം കൊണ്ട് ശ്രദ്ധേയമായ സിനിമയെന്ന് വിലയിരുത്തപ്പെട്ടതുമായ ചിത്രമാണത്. പൊതുവേ മികച്ച നിരൂപണങ്ങളാണ് സിനിമയെക്കുറിച്ച് പുറത്തു വന്നിട്ടുള്ളത്. എന്നാല്‍, കഥയിലും അവതരണത്തിലും ഒളിഞ്ഞിരിക്കുന്ന ചില ഉപപാഠങ്ങളെയും സിനിമ അവതരിപ്പിക്കുന്ന ചില പറച്ചിലുകളെയും പൊതുവെ നിരൂപകര്‍ ശ്രദ്ധിച്ചതായി കണ്ടില്ല. അതേസമയം, അവയെ നിര്‍ദോഷവും യാദൃശ്ചികവും പ്രശ്‌ന രഹിതവുമാണെന്നു കരുതുക പ്രയാസമെന്നു തോന്നുന്നതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.
ഈ ചിത്രം മൂന്നു കുടുംബങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഒന്നാമതായി, കേന്ദ്രസ്ഥാനത്തു നില്ക്കുന്ന കൊച്ചി പ്രദേശത്തെ ഒരു പുരാതന ഫ്യൂഡല്‍ കത്തോലിക്കാകുടുംബം. രണ്ടാമതായി, പ്രതിനായക സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന ഒരു ക്ഷയിച്ചു തീരാറായ ഹൈന്ദവ ജന്മി കുടുംബം. മൂന്നാമതായി, കഠിനാധ്വാനവും ഭദ്രതയും കൈമുതലാക്കി അനുക്രമമായി പുരോഗമിക്കുന്ന ഒരു മുസ്ലീം കുടുംബം. ഈ കുടുംബ പ്രതിനിധാനങ്ങള്‍ കുറച്ചു കൂടെ സൂക്ഷ്മ വിശകലനം അര്‍ഹിക്കുന്നുണ്ട്.
മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിന്റെ കപ്പിത്താനാണ് സിനിമയിലെ നായകനും കത്തോലിക്കാ കുടുംബത്തിലെ സര്‍വ്വാധികാരിയുമായ മൈക്കിളപ്പന്‍. അയാളുടെ ചോദ്യം ചെയ്യപ്പെടാത്ത അധികാരം അയാള്‍ക്ക് സ്വേച്ഛാധിപതിയായ പിതാവില്‍ നിന്നു കൈമാറി കിട്ടിയതും അയാളുടെ അതികായബലത്താല്‍ സ്വായത്തമാക്കിയതുമാണ്. മൈക്കിളപ്പനാണ് ആ കുടുംബത്തിന്റെ സര്‍വ്വാധീശനായ അധികാരസ്ഥാനം. ആ കുടുംബത്തിന്റെ ദൈനംദിന ചലനങ്ങളും തീരുമാനങ്ങളും തുടങ്ങുന്നതും ഒടുങ്ങുന്നതും അയാളിലാണ്. അതിനാല്‍ത്തന്നെ, അന്തഃച്ഛിദ്രത്താല്‍ കലുഷവും യുദ്ധസമാനവുമാണ് ആ കുടുംബത്തിലെ ആന്തരികാന്തരീക്ഷം. മൈക്കിളപ്പന്റെ മൂത്ത സഹോദരനും അയാളുടെ മക്കളും സഹോദരീ ഭര്‍ത്താവും ഇളയ സഹോദരനുമെല്ലാം അയാള്‍ക്കെതിരെ ഗൂഢാലോചന നടത്തുക മാത്രമല്ല, അയാളെ ഇല്ലായ്മ ചെയ്യാന്‍ ശത്രുക്കളോടൊപ്പം ചേര്‍ന്ന് പദ്ധതിയൊരുക്കുകയും ചെയ്യുന്നു. മാത്രമല്ല, മദ്യം, മയക്കുമരുന്ന്, അധാര്‍മ്മിക ജീവിതം, അഹന്ത, പക, വെറുപ്പ്, കുതികാല്‍ വെട്ട്, കുത്തഴിഞ്ഞ ജീവിത ശൈലി, ഇങ്ങനെ കുടുബത്തിനകത്തെ ശൈഥില്യങ്ങളെയും തകര്‍ച്ചകളെയും എങ്ങനെയെല്ലാം ആവിഷ്‌കരിക്കാനാകുമോ അവയെല്ലാം ആ കുടുംബത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അധികാരബിംബമായ തന്നെ ഏതറ്റംവരെയും പോയി ഇല്ലായ്മ ചെയ്യാന്‍ ഹീനമായ ഗൂഢാലോചന ചെയ്യുന്ന കൂടപ്പിറപ്പുകളെയും കുടുംബാംഗങ്ങളെയും തന്റെ ബുദ്ധി കൊണ്ടും പേശീബലം കൊണ്ടും നിലപാടുകള്‍ കൊണ്ടും പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയുമാണ് മൈക്കിളപ്പന്‍.
ഈ കുടുംബത്തിലെ ഒരു പ്രധാന കഥാപാത്രമാണ് വൈദികവേഷധാരിയും എന്നാല്‍ കുടുംബത്തിനകത്തെ സകല വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനില്ക്കുന്ന സാമച്ചന്‍. തന്റെ വൈദികവേഷം തന്റെ ഇച്ഛയ്‌ക്കെതിരെ തന്നില്‍ അടിച്ചേല്പിക്കപ്പെട്ടതും അതിനാല്‍ ശപിക്കപ്പെട്ടതുമാണെന്ന് കരുതുന്ന അയാള്‍ മൈക്കിളപ്പന്റെ നിരന്തരമായ അധിക്ഷേപത്തിനും, വിമര്‍ശനത്തിനും, അതിലെല്ലാമുപരി, ഏറ്റവും നിന്ദ്യമായ പരിഹാസത്തിനും പാത്രമാകുന്നുണ്ട്. നികൃഷ്ടമായ വാക്കുകള്‍ കൊണ്ടും അപഹസിക്കുന്ന പെരുമാറ്റം കൊണ്ടും വൈദിക വേഷധാരിയാണ് ഏറ്റവുമധികം അവഹേളനവും പുച്ഛവും ഏറ്റുവാങ്ങുന്ന കഥാപാത്രം. കുടുംബത്തിനകത്തും പുറത്തും അയാള്‍ പരമനിന്ദ്യനായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
അതുപോലെ തന്നെ പൊങ്ങച്ചവും ആഢംബര മോഹവും അലസതയും വ്യാമോഹങ്ങളും നയിക്കുന്ന കത്തോലിക്കാ കുടുംബത്തില്‍ അമിതമായ മദ്യപാനവും മയക്കുമരുന്നു ശീലവും താന്തോന്നിത്തങ്ങളും ദുര്‍മോഹങ്ങളുമാണ് ഓരോ കഥാപാത്രത്തെയും ഗ്രസിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, മുങ്ങുന്ന കപ്പലില്‍ പരസ്പരം പടവെട്ടി ചാവുന്ന ആള്‍ക്കൂട്ടമാണ് മൈക്കിളപ്പന്‍ ഭരിക്കുന്ന കത്തോലിക്കാ കുടുംബം. എല്ലാം തകര്‍ന്നടിയും മുമ്പുള്ള കൊട്ടിക്കലാശമാണ് മൈക്കിളപ്പന്‍ നടത്തുന്നത്.
ഹൈന്ദവകുടുംബത്തില്‍ ഫ്യൂഡല്‍ പ്രഭുത്വത്തിന്റെയും നഷ്ടപ്രതാപത്തിന്റെയും അവശേഷിപ്പുകളായി രണ്ട് വയോധികരാണുള്ളത്. കറുത്ത വേഷം ധരിച്ച് പരാജയത്തിന്റെയും പകയുടെയും ഓര്‍മ്മകള്‍ മാത്രം പേറി ഒരു പകരംവീട്ടലിനും ആധിപത്യം തിരിച്ചു പിടിക്കുന്നതിനും വേണ്ടി കാത്തിരിക്കുകയാണവര്‍. ബാധിര്യം അവരെ ബാഹ്യലോകത്തു നിന്നും സമകാലിക സംഭവ വികാസങ്ങളില്‍ നിന്നും അന്യവത്കരിച്ചിട്ടുണ്ടെങ്കിലും, മൈക്കിളപ്പനോടും കുടുംബത്തോടുമുള്ള അവരുടെ കുടിപ്പകയുടെ ഓര്‍മ്മകള്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞ് വടക്കേ ഇന്ത്യയില്‍ നിന്ന് ആയുധധാരിയായി വരുന്ന മകന്റെ വിജയാരവത്തിനായാണ് അവര്‍ കാത്തിരിക്കുന്നത്. അങ്ങനെ വടക്കുനിന്നു വരുന്ന പ്രബലനോടൊപ്പം ചേര്‍ന്ന് തങ്ങളുടെ കുടുംബത്തിലെ സര്‍വ്വാധികാരിയെ തീര്‍ത്തു കളയാമെന്നു കരുതി ഗൂഢാലോചന നടത്തുകയാണ് മൈക്കിളപ്പന്റെ കൂട്ടു കുടുംബത്തിലെ ബലവാന്‍മാര്‍.
ആഭ്യന്തരമായ പകയും ശൈഥില്യവുമാണ് കത്തോലിക്കാ കുടുംബത്തെ ഗൂഢാലോചനകളിലേക്കും കൊലപാതകങ്ങളിലേക്കും തകര്‍ച്ചയിലേക്കും നയിക്കുന്നതെങ്കില്‍ കുടുംബത്തിനു പുറത്തുള്ള ശത്രുവിനോടുള്ള പകയാണ് വടക്കുനിന്നുള്ള പ്രതിനായകനെ ഹൈന്ദവ കുടുംബത്തിന്റെ രക്ഷയ്ക്കായി എത്തിക്കുന്നത്. എന്നാല്‍, ഇവയുടെയെല്ലാം വിരുദ്ധധ്രുവത്തിലാണ് മുസ്ലീം കുടുംബത്തെ സ്ഥാപിച്ചിരിക്കുന്നത്. താരതമ്യേന ഇളം തലമുറയില്‍ പെട്ടവര്‍ നേതൃത്വം നല്കുന്ന മുസ്ലീം കുടുംബത്തില്‍ കഠിനാധ്വാനത്തിന്റെയും സംതൃപ്തിയുടെയും വളര്‍ച്ചയുടെയും പ്രകാശമുണ്ട്. അവിടെ നടക്കുന്ന സംഭാഷണങ്ങള്‍ സഹോദര സ്‌നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റേതുമാണ്. ചെറുപ്പക്കാര്‍ പുതിയ സംരംഭങ്ങളെക്കുറിച്ചു പറയുന്നു. വിവാഹം ചെയ്യാനാഗ്രഹിക്കുന്നു. പ്രേമിക്കുന്നു. ജ്യേഷ്ഠന്‍ അനുജനെ ഉപദേശിക്കുന്നു. അനുജന്‍ അനുസരിക്കുന്നു. ഉത്തമ മായതെല്ലാം ഉള്ളത് ഈ കുടുംബത്തിലാണെന്നു ബോധ്യപ്പെടുത്തുംവിധം കഥാപാത്രങ്ങള്‍ പെരുമാറുന്നു. അങ്ങനെ, നന്മ നിറഞ്ഞു കവിയുന്ന ആ കുടുംബത്തിന്റെ സമാധാനാന്തരീക്ഷത്തിലേക്ക് ഇടിത്തീപോലെ ഒരു ചെറുപ്പക്കാരന്റെ കൊലപാതകം. മൈക്കിളപ്പന്റെ കുടുംബത്തിലെ വിഷവിത്തുകളാണതിനു പിന്നില്‍.
മുകളില്‍ പറഞ്ഞ വൈരുദ്ധ്യാത്മക ഘടനയിലുള്ള കുടുംബചിത്രീകരണം ഈ സിനിമയുടെ ഉപപാഠമാണ്. സാധാരണ വിശകലനങ്ങള്‍ക്കപ്പുറത്തെ അന്തര്‍ലീനമായ ചില പറച്ചിലുകള്‍. അഥവാ, ഇവയാണ് പറയാതെ പറയുന്ന കഥകള്‍. ഒരര്‍ത്ഥത്തില്‍ ഇവ ചില പ്രാതിനിധ്യങ്ങളെ നമ്മെക്കൊണ്ട് പറയിക്കുകയാണ്. ഒരു കത്തോലിക്കാ കുടുംബത്തെപ്പറ്റി, അതിനകത്തുള്ള അന്തര്‍ധാരകളെപ്പറ്റി നിങ്ങള്‍ എന്തു പറയണമെന്ന ലക്ഷ്യവും ഇതിലുണ്ട്. എന്തു പറയിക്കണമെന്നും ഈ കഥ ആവിഷ്‌കരിക്കുന്നു. ആരാണ് കത്തോലിക്കാ കുടുംബത്തിലെ പുരോഹിതനെന്നും അയാള്‍ എങ്ങനെയാണ് കുടുംബത്തില്‍ത്തന്നെ അവമതിക്കപ്പെടേണ്ടതെന്നും ഈ ചിത്രീകരണം പറഞ്ഞു തരുന്നുണ്ടല്ലോ. അതുപോലെ തന്നെ ഹിന്ദു കുടുംബത്തിന്റെ പ്രാതിനിധ്യവും. വടക്കുനിന്നു വരുന്ന പ്രബലനും ആയുധധാരിയുമായ രക്ഷകന്‍ നിഷ്‌കളങ്കമായ പാത്രസൃഷ്ടിയാകുമോ? ഈ ചിത്രത്തിനു കഥയെഴുതിയതും സംവിധാനം ചെയ്തതും അമല്‍ നീരദ് എന്ന യുവചലച്ചിത്രകാരനാണ്.