മാനസികാരോഗ്യ ബോധവത്കരണം കാലഘട്ടത്തിന്റെ ആവശ്യം

മാനസികാരോഗ്യ ബോധവത്കരണം കാലഘട്ടത്തിന്റെ ആവശ്യം

ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍

ക്ലീനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ് & പ്രൊഫസര്‍. മേരി മാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍

ലോകത്ത് ഒരു വര്‍ഷം എട്ടു ലക്ഷത്തോളം ആത്മഹത്യകളാണ് നടക്കുന്നത്. 2019-2020 ദേശീയ ക്രൈം ബ്യൂറോയുടെ റെക്കോര്‍ഡ് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന അഞ്ചാമത്തെ സംസ്ഥാനം കേരളമാണ്. കോവിഡിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ കോളേജുകളിലെ 22.34 ശതമാനം വിദ്യാര്‍ത്ഥികള്‍ ജീവിതം അവസാനിപ്പിക്കാന്‍ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടെന്നാണ് പഠനറിപ്പോര്‍ട്ട്. 5.17 ശതമാനം പേര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വിദ്യാര്‍ത്ഥികളില്‍ 58.09 ശതമാനം പേര്‍ ചെറിയ തോതിലെങ്കിലും വിഷാദരോഗ ലക്ഷണത്തിന്റെ പരിധിയില്‍പ്പെടുന്നവരാണ്.

ലോകാരോഗ്യ സംഘടന മാനസികാരോഗ്യ രംഗത്തെ പ്രശ്‌നങ്ങളെ അപഗ്രഥിച്ച് പ്രധാനപ്പെട്ട ഏഴ് കണ്ടെത്തലുകള്‍ ലോകമനഃസാക്ഷിക്കു മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി.

 • മാനസികരോഗങ്ങള്‍ ആധുനിക സാഹചര്യത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതു വ്യക്തികളേയും കുടുംബങ്ങളേയും സമൂഹത്തേയും അനിതരസാധാരണമായ വിധത്തില്‍ ആക്രമിച്ചു കൊണ്ടിരിക്കുന്നു.

 • മാനസികരോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ ഇന്നും യഥാസമയം ലഭ്യമാകാതിരിക്കുകയും ചികിത്സകള്‍ തമ്മിലുള്ള ഇടവേള സുദീര്‍ഘമായിത്തീരുകയും ചെയ്യുന്നു.

 • മാനസികവും ശാരീരികവുമായ കാരണങ്ങള്‍ മാനസിക രോഗങ്ങളില്‍ പരസ്പരം കെട്ടു പിണഞ്ഞുകിടക്കുന്നു.

 • മാനസികാരോഗ്യചികിത്സ പ്രാഥമിക ചികിത്സയുടെ ഭാഗമാക്കി മാറ്റുകയും സാധാരണക്കാര്‍ക്കുപോലും സമീപിക്കാവുന്ന തരത്തില്‍ സൗകര്യപ്പെടുത്തി കൊടുക്കുകയും വേണം.

 • മാനസികാരോഗ്യചികിത്സകള്‍ ഏറ്റവും ചെലവുകുറഞ്ഞ വിധത്തില്‍ രോഗികള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ ക്രമീകരിച്ചു നടപ്പാക്കണം.

 • മാനസികാരോഗ്യ ചികിത്സ വ്യക്തികളുടെ മൗലിക അവകാശമായി അംഗീകരിച്ച് രാഷ്ട്രങ്ങള്‍ ഇത്തരം രോഗികളുടെ ഉന്നമനത്തിനായി നടപടികള്‍ കൈകൊള്ളണം.

 • മാനസികരോഗികള്‍ക്ക് പ്രാഥമിക ചികിത്സ പോരാതെ വരുമ്പോള്‍ ഉപരി ചികിത്സ ആവശ്യമുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കണം.

മാനസികാരോഗ്യചികിത്സ രണ്ടാം സ്ഥാനത്ത്

ശാരീരികാരോഗ്യം എല്ലാ ആളുകളിലും തന്നെ സുപ്രധാനമായി കാണുന്നുണ്ട്. ഒരു ജലദോഷം വന്നാല്‍പോലും ആളുകള്‍ ആശു പത്രികളെയോ ഡോക്ടര്‍മാരെയോ സമീപിക്കാറുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ പുലര്‍ത്തുന്ന ഇത്തരം സത്വരശ്രദ്ധ മാനസികാരോഗ്യ കാര്യങ്ങളില്‍ നാം അവലംബിച്ചു കാണുന്നില്ല. വികസിതരാജ്യങ്ങളില്‍ ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എന്നാല്‍, ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിലാകട്ടെ ആളുകള്‍ മാനസികാരോഗ്യത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ മാനസികാരോഗ്യ ചികിത്സാ രംഗത്ത് കാര്യമായ ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നുണ്ടെന്നും പറയാന്‍ സാധിക്കില്ല. മനോരോഗങ്ങളെ എന്തു കൊണ്ട് അവഗണിക്കുന്നു? അതിന് പലകാരണങ്ങളുണ്ട്.

 • രാജ്യത്ത് ആവശ്യത്തിനു വേണ്ടത്ര മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അഭാവം.

 • മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗികളെ പരിചരിക്കാന്‍ ആവശ്യമായ ഭിഷഗ്വരന്മാരുടെ കുറവ്.

 • മാനസികരോഗികളെ ചികിത്സിക്കാനും സംരക്ഷിക്കാനും വേണ്ടിവരുന്ന അധികജോലി ഭാരവും ആശുപത്രികളിലെ അസൗകര്യങ്ങളും.

 • മാനസികരോഗങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതിലുള്ള (ഡയഗ്‌നോസിസ് ചെയ്യുന്നതിലുള്ള) ന്യൂനത.

 • ചെറിയ മാനസികരോഗങ്ങള്‍ പോലും ഭീകരമായ ഉന്മാദ രോഗങ്ങള്‍ ആണെന്ന സമൂഹത്തിന്റെ കാഴ്ചപ്പാട്.

വിഷാദം നിഴലിക്കുമ്പോള്‍

യുവാക്കളില്‍ വിഷാദരോഗങ്ങളുടെ സാന്നിദ്ധ്യം ഇരുപത് ശതമാനത്തോളം വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എപ്പോഴുമുള്ള ദുഃഖഭാവം, മുമ്പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളില്‍പോലും താല്‍പര്യമില്ലായ്മ, ഒന്നിനും ഒരു ശക്തിയുമില്ലെന്ന തോന്നലും ക്ഷീണവും എല്ലാമാണ് പ്രധാന ലക്ഷണങ്ങള്‍. ഭാവിയെകുറിച്ചുള്ള പ്രതീക്ഷയില്ലായ്മയും സഹായിക്കാനാരുമില്ല, തനിച്ചാണ് എന്ന തോന്നലും ആത്മനിന്ദയും, തനിക്കൊന്നിനും ആവില്ലെന്ന തോന്നലുമെല്ലാം കൂടെയുണ്ടാകാം. കുറ്റബോധം, ആത്മഹത്യാചിന്തകള്‍ എന്നിവയും വളരെ സാധാരണമാണ്. ചിലരിലാകട്ടെ ഭയം, സംശയങ്ങള്‍ എന്നിവയുമുണ്ടാകാം. ജോലിയിലും പഠനത്തിലുമൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥയുമുണ്ടാകാം. ചിലരില്‍ സങ്കടം പ്രകടമാകണമെന്നും നിര്‍ബന്ധമില്ല. കളികളിലും മറ്റ് ആക്ടി വിറ്റികളിലും നിന്നുള്ള പിന്‍വലിയലാണ് അധികം പേരിലും ആദ്യ ലക്ഷണം. ശ്രദ്ധകുറവ്, ദേഷ്യം, ക്ഷീണം, പഠനപ്രശ്‌നങ്ങള്‍ ശാരീരിക അസ്വസ്ഥതകള്‍, വിശപ്പ്, ഉറക്കം എന്നിവയിലുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയവയും സാധാരണമാണ്. ശരീരഭാരം അഞ്ചുശതമാനത്തോളം കുറയുന്നതും പതിവാണ്. ചിലരിലാകട്ടെ വിശപ്പും ഉറക്കവും കൂടുതലായും കാണപ്പെടാറുണ്ട്.

വിഷാദം സമയത്തുപരിഹരിച്ചില്ലെങ്കില്‍ വിവാഹമോചനം മുതല്‍ റോഡപകടങ്ങള്‍ വരെയായി മാറാം. വിഷാദം രണ്ടു തരത്തിലുണ്ട്. വിഷാദഭാവം എല്ലാവരിലും വന്നു പോകും. എന്നാല്‍ രണ്ടാഴ്ച്ചയിലധികം വിഷാദലക്ഷണങ്ങള്‍ നീണ്ടുപോയാല്‍ വിഷാദ രോഗമായി കാണാം. ഓരോരുത്തരിലും ജനിതകമായ, അല്ലെങ്കില്‍ പ്രകൃത്യാകിട്ടിയ വിഷാദാത്മകമായ ദുര്‍ബലതകളുണ്ട്. വിഷാദത്തിന്റെ വിത്തുകളാണിവ. അത് ഏറിയും കുറഞ്ഞുംവരാം. അതിനോടൊപ്പം ജീവിതസാഹചര്യത്തില്‍നിന്നുള്ള സമ്മര്‍ദ്ദവും അനുഭവങ്ങളും ഉണ്ടാകുമ്പോള്‍ വിഷാദം പൊട്ടിമുളയ്ക്കും.

വിഷാദരോഗത്തിന്റെ കാരണങ്ങള്‍

രോഗിയുടേതായ പ്രത്യേകതകളും, ചുറ്റുപാടുകളുടെ സവിശേഷതകളും, വിഷാദ രോഗത്തിന് വളമാകും. ജനിതക സവിശേഷതകള്‍, വ്യക്തിപരമായ പ്രത്യേകതകള്‍, മാതാപിതാക്കളില്‍ നിന്നോ അതുപോലെ മാനസിക അടുപ്പമുള്ള വ്യക്തികളില്‍ നിന്നോ ചെറുപ്പത്തിലെ വിട്ടുപിരിയേണ്ടി വരുന്നത്, കുട്ടിയാകുമ്പോള്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള മാനസിക-ശാരീരിക-ലൈംഗികപീഡനങ്ങള്‍, മാതാപിതാക്കളുടെ അവഗണനാപരമായതോ ആവശ്യത്തിലും കൂടുതലും ഇടപെടലുകളോട് കൂടിയതോ ആയ രീതികള്‍, അവരുടെ മാനസികരോഗങ്ങള്‍, നീണ്ടുനില്‍ക്കുന്ന ജീവിത സമ്മര്‍ദ്ദങ്ങള്‍ തൊഴിലില്ലായ്മ, സാമ്പത്തിക ഞെരുക്കം, മോശമായ ജീവിത സാഹചര്യങ്ങള്‍, താഴ്ന്ന വിദ്യാഭ്യാസ നിലവാരം, രോഗങ്ങള്‍ ഇവയെല്ലാം വിഷാദരോഗത്തിന് അരങ്ങൊരുക്കുന്നു.

പ്രതിരോധ ഘടകങ്ങളുടെ അളവുകളിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍, തലച്ചോറിലെ നാഡീരസങ്ങളായ ഡോപമീന്‍, സിറട്ടോണിന്‍, നോര്‍എപ്പിനെഫ്രിന്‍ എന്നിവയുടെ അളവുകളിലുള്ള ഏറ്റക്കുറച്ചിലുകള്‍, നാഡീകോശങ്ങളിലുണ്ടാകുന്ന ചില പ്രത്യേക വ്യതിയാനങ്ങള്‍, ചില മസ്തിഷ്‌ക ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന സങ്കീര്‍ണ്ണമായ മാറ്റങ്ങള്‍ എന്നിവയാണ് വിഷാദത്തിന്റെ ജീവശാസ്ത്രപരമായ കാരണങ്ങളെന്ന് അറിയപ്പെടുന്നത്.

ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍

ആഴത്തില്‍ വേരൂന്നിയ മിഥ്യാധാരണകളാണ് പൊതുവെ സംശയരോഗം എന്നറിയപ്പെടുന്ന ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍ എന്ന അവസ്ഥയുടെ മുഖമുദ്ര. പങ്കാളിയുടെ ചാരിത്ര്യത്തെയോ, വ്യക്തി വിരോധം മൂലം തന്നെ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന അയല്‍ക്കാരനെയോ, തന്നെ ബാധിച്ച മാരകമായ രോഗാവസ്ഥയെയോ, തന്നെ മോഹിക്കുന്ന സിനിമാതാരത്തെയോ, ദേഹമാസകലം ഇഴഞ്ഞു നടക്കുന്ന ചെറുപ്രാണികളെയോ ഒക്കെ പറ്റിയാകാം ഈ മിഥ്യാധാരണ. ഒരു പ്രധാന ഡെല്യൂഷനോടൊപ്പം അതിനോടനുബന്ധിച്ചുള്ള മറ്റു ചിലതും കൂടി കാണപ്പെടാം. ഉദാഹരണമായി പങ്കാളിയുടെ ചാരിത്ര്യത്തെക്കുറിച്ചുള്ള സംശയവുമായി നടക്കുന്ന ഒരാള്‍ക്ക് പങ്കാളി തന്നെ വക വരുത്താന്‍ ശ്രമിക്കുന്നു എന്നും ചിന്തയുണ്ടാകാം. ചിലര്‍ക്കെല്ലാം ഒപ്പം വിഷാദരോഗവും കണ്ടുവരുന്നു. നേരത്തെ കണ്ടെത്തി കൃത്യമായി ചികിത്സിച്ചാല്‍ സാധാരണ ജീവിതം സാധ്യമാണ്.

ബിഹേവിയര്‍ അഡിക്ഷനുകള്‍ എന്നറിയപ്പെടുന്ന പുതുകാല ലഹരിയും യുവത്വത്തിന് സ്വന്തമാണ്. ലഹരിപദാര്‍ത്ഥവുമായി ബന്ധമില്ലാത്ത ഒരു പ്രവൃത്തിയോട് തോന്നുന്ന അമിതമായ കമ്പമാണിത്. അതിരുകടന്ന ഗാംബ്ലിങ്ങ്, ഇന്റര്‍നെറ്റ് ഉപയോഗം, ഗെയ്മുകള്‍, വ്യായാമം, ഷോപ്പിംഗ് ഇവയെല്ലാം ഇതിന്റെ പരിധിയില്‍വരും. മറ്റെല്ലാകാര്യങ്ങള്‍ക്കും ഉപരിയായി ഇവയ്ക്ക് പ്രാധാന്യം നല്‍കും ഇക്കൂട്ടര്‍.

ശീലങ്ങള്‍ ലഹരിയാകുമ്പോള്‍

ബിഹേവിയര്‍ അഡിക്ഷനുകള്‍ എന്നറിയപ്പെടുന്ന പുതുകാല ലഹരിയും യുവത്വത്തിന് സ്വന്തമാണ്. ലഹരിപദാര്‍ത്ഥവുമായി ബന്ധമില്ലാത്ത ഒരു പ്രവൃത്തിയോട് തോന്നുന്ന അമിതമായ കമ്പമാണിത്. അതിരുകടന്ന ഗാംബ്ലിങ്ങ്, ഇന്റര്‍നെറ്റ് ഉപയോഗം, ഗെയ്മുകള്‍, വ്യായാമം, ഷോപ്പിംഗ് ഇവയെല്ലാം ഇതിന്റെ പരിധിയില്‍വരും. മറ്റെല്ലാകാര്യങ്ങള്‍ക്കും ഉപരിയായി ഇവയ്ക്ക് പ്രാധാന്യം നല്‍കും ഇക്കൂട്ടര്‍. കൂടെക്കൂടെ മാറി മറിയുന്ന മാനസികാവസ്ഥ, ദേഷ്യം, സങ്കടം ഇത്തരം ശീലങ്ങളില്‍ നിന്നു ലഭിക്കുന്ന അധികമായ സന്തോഷം കൂടുതല്‍ സമയവും ഈ പ്രവൃത്തികളിലോ അവയെ കുറിച്ചുള്ള ചിന്തകളിലോ മുഴുകിയിരിക്കുക, അതിനുസാധിക്കാതെ വരുമ്പോള്‍ കഠിനമായ അസ്വസ്ഥതയും പിരി പിരിപ്പും അനുഭവപ്പെടുക, മറ്റുത്തരവാദിത്വങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാതിരിക്കുക, ഇവയെല്ലാം ബിഹേവിയര്‍ അഡിക്ഷന്റെ സൂചനകളാണ്.

വലിഞ്ഞുമുറുകുന്ന കേരളം

നൈറ്റ് ഷിഫ്റ്റ് ജോലി വളരെ സാധാരണമായ ഇന്നത്തെകാലത്ത് താളംതെറ്റിയ ഉറക്കം ഒരു വലിയ പ്രശ്‌നമായി മൊത്തം ജീവിതത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഉറക്കത്തിന്റെ പാറ്റേണ്‍ മാറുന്നത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരു ത്തുമെന്ന് പല പഠനങ്ങളും പറയുന്നു. ചില പ്രകൃതക്കാര്‍ അതിവേഗം ഈ മാറ്റത്തോട് പൊരുത്തപ്പെടും. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം വിഷാദരോഗം, ഉത്കണ്ഠ, മറ്റു മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ പ്രകടമാക്കാന്‍ സാധ്യതയുണ്ട്.

സോഷ്യല്‍ സ്റ്റിഗ്മ

മാനസികരോഗം മറ്റു രോഗങ്ങളെ അപേക്ഷിച്ച് മഹാമോശമാണ്, അതുകൊണ്ട് എന്റെ വീട്ടിലോ ബന്ധുക്കള്‍ക്കോ അത് വരില്ല എന്ന മുന്‍വിധി പലരിലുമുണ്ട്. ഈ ധാരണ വളരെ അപകടകരമാണ്. അതുമൂലം രോഗനിര്‍ണ്ണയം, ചികിത്സ എന്നിവ രോഗിയും കുടുംബവും അംഗീകരിക്കുകയില്ല. ശാരീരികരോഗം പോലെ ഗൗരവമായി മാനസികരോഗത്തെ കാണുകയില്ല. അതുകൊണ്ട് വ്യക്തമായ മാനസികരോഗ ലക്ഷണങ്ങള്‍ക്കുപോലും മാനസികരോഗ വിദഗ്ദ്ധനെ കാണുന്നതിനുപകരം ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് തുടങ്ങിയ സൂപ്പര്‍സ്‌പെഷലിസ്റ്റുകളെ കാണുന്നു. കുട്ടികളുടെ മനസ്സിന് മാനസികപ്രശ്‌നം ബാധിക്കില്ല എന്നൊരു ധാരണയുണ്ട്. അപ്രകാരം ചെറിയകുട്ടികള്‍ക്ക് മാനസിക രോഗം വരില്ല എന്ന് വിശ്വസിക്കുന്നു. ഇതൊരു ഗുരുതരമായ തെറ്റിദ്ധാരണയാണ്. ഗൗരവമായ പല മാനസികരോഗങ്ങളും കുട്ടിക്കാലത്താണ് ആരംഭിക്കുന്നത്.

1950-ന് മുമ്പ് ശാസ്ത്രീയമായ ചികിത്സകള്‍ മനോരോഗത്തിന് ഇല്ലായിരുന്നു. അതനുസരിച്ച് മനോരോഗങ്ങള്‍ മാറാരോഗങ്ങളാണ് എന്നൊരു ധാരണ നിലവില്‍ വന്നു. ഇരുപതും, ഇരുപത്തൊന്നും നൂറ്റാണ്ടുകളില്‍ വിപ്ലവകരമായ പല കണ്ടുപിടിത്തങ്ങളും സംഭവിച്ചു. അതനുസരിച്ച് മിക്ക മാനസികരോഗങ്ങളും നേരത്തെ ശരിയായി ചികിത്സിച്ചാല്‍ വേഗം മാറും. പക്ഷേ, മിക്ക മാനസികരോഗങ്ങളും മാറാരോഗങ്ങളാണ് എന്നാണ് ഇന്നും സമൂഹത്തിലുള്ള ധാരണ. ആധുനിക സൈക്യാട്രിക് മരുന്നുകളെകുറിച്ച് ധാരാളം അബദ്ധ ധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം ധാരണകള്‍ ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കണം.

ലോകത്ത് ഏതൊരുനാട്ടിലും മൂന്നുനാലു ശതമാനം ആളുകള്‍ക്ക് ഗൗരവ്വതരമായ മാനസിക അ സുഖങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, മനോരോഗങ്ങളേയും അവയുടെ ചികിത്സകളേയുംപറ്റി സാക്ഷര കേരളത്തിലടക്കം അനവധി മുന്‍വിധികളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. മരുന്നുകള്‍ ശരീരത്തിലും മരുന്നില്ലാത്ത ചികിത്സകളായ കൗണ്‍സിലിങ്ങും, സൈക്കോതെറാപ്പിയും മനസ്സിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഒരു ധാരണ. അതില്‍തന്നെ ഔഷധരഹിത ചികിത്സകള്‍ എന്തോ കുറഞ്ഞ കാര്യമാണെന്ന ധാരണയില്‍ അവയോട് മുഖം തിരിക്കുന്നവരും ഉണ്ട്. കൗണ്‍സിലിങ്ങും, സൈക്കോതെറാപ്പിയും പ്ര വര്‍ത്തിക്കുന്നതും തലച്ചോറിന്റേയും ജീനുകളുടേയും ഘടനകളില്‍ മാറ്റം വരുത്തികൊണ്ടുതന്നെയാണ്.

പ്രിവന്റീവ് സൈക്യാട്രി

ജര്‍മ്മനിയിലെ ന്യൂറംബെര്‍ഗില്‍ വിഷാദത്തെ ചെറുക്കാനായി ഒരു കര്‍മ്മ പദ്ധതി നടന്നത് ഒരു ഗവേഷണ പ്രബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ചുലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു നഗരമാണ് ന്യൂറംബെര്‍ഗ്. പൊതുജന സമ്പര്‍ക്കം ഏറെയുള്ള വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിഷാദരോഗത്തെകുറിച്ചുള്ള അറിവ് നല്‍കി. അദ്ധ്യാപകര്‍, പുരോഹിതര്‍, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ക്കാണ് ഇങ്ങനെ ബോധവല്‍ക്കരണം നല്‍കിയത്. അവരുടെ തലത്തില്‍ ചെയ്യാവുന്ന പ്രാഥമിക കാര്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടു. വിഷാദ രോഗങ്ങള്‍ ചികിത്സിക്കാനുള്ള അടിസ്ഥാന വൈദഗ്ദ്ധ്യം കുടുംബ ഡോക്ടര്‍മാര്‍ക്കും ലഭിച്ചു. അവിടെ പരിഹരിക്കാനാകാത്തത് മാനസികാരോഗ്യ വിദഗ്ദ്ധരുടെ പരിചരണത്തിന് എത്തി. രണ്ടു വര്‍ഷകാലമായിരുന്നു ഈ കര്‍മ്മപദ്ധതിയും പഠനവും. ന്യൂറംബെര്‍ഗിലെ ആത്മഹത്യപ്രവണത ഗണ്യമായി കുറഞ്ഞുവെന്നതായിരുന്നു ഫലം. മാനസികമായ അനാരോഗ്യത്തിന്റെ പുഴുക്കുത്തേറ്റ് തളര്‍ന്നുപോകുന്നവരുടെ നാടായ നമ്മുടെ കൊച്ചു കേരളത്തിലും ഈ മാതൃകയിലും അതിശക്തമായ കര്‍മ്മപദ്ധതികളും പ്രവര്‍ത്തനങ്ങളും ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

മനുഷ്യജീവന്റെ മാഹാത്മ്യത്തെ പ്രഘോഷിക്കുന്ന തിരുസഭയ്ക്ക് ഈ കാലഘട്ടത്തില്‍ മാനസികാരോഗ്യ മേഖലയില്‍ വലിയ സംഭാവനകള്‍ ചെയ്യാനുണ്ട്. വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒറ്റപ്പെടുത്തലുകളും പാര്‍ശ്വവല്‍കരിക്കപ്പെടലും ആര്‍ക്കും വേണ്ട എന്ന തോന്നലുകളും, ഏകാന്തതയും, നിരാശയും അതുവഴി ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ നിരീക്ഷണം എത്രമാത്രം ശരിയാണെന്ന് ഈ കാലഘട്ടം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org