എളിമയ്‌ക്കേ കൂമ്പുള്ളൂ

എളിമയ്‌ക്കേ കൂമ്പുള്ളൂ

അല്പം കഴിഞ്ഞു കാരൂര്‍ സാര്‍ ഒരു ഫയലെടുത്തു കൊണ്ടുവന്ന് അതിനകത്തെ ഒരു കടലാസ് എനിക്ക് കാണിച്ചു തന്നു. അതില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു; 'സ്വച്ഛശീതളമായ ആരംഭത്തില്‍ നിന്നും ക്രമേണ ചൂടും ശക്തിയും പ്രാപിച്ച് വര്‍ധിച്ച്, അവസാനം വായനക്കാരെ ആനന്ദമഗ്നനാക്കുന്ന കഥാഗതി. ഔചിത്യപൂര്‍ണ്ണമായ പ്രതിപാദനം. അകൃത്രിമഭംഗികൊണ്ട് ആസ്വാദ്യമായ കലാസൃഷ്ടി.'

'ഭൂമിയിലെ മാലാഖ'യെക്കുറിച്ചു പബ്ലിക്കേഷന്‍ കമ്മിറ്റിക്കു സമര്‍പ്പിച്ച അഭിപ്രായമാണിത്. ഈ അഭിപ്രായം കുറിച്ചതു മറ്റാരുമല്ല - കാരൂര്‍ സാറാണ്. എന്നെ കാണാതെ എന്റെ കൃതിയെ മാത്രം കണ്ട കാരൂര്‍ നീലകണ്ഠപ്പിള്ള. എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിഞ്ഞു കൂടായിരുന്നു.

അന്നു വളരെയേറെ സമയം ഞങ്ങള്‍ സംസാരിച്ചു. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് ഒരുപാട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. എന്റെ ബാല്യകാലത്തു കടുത്ത ദാരിദ്ര്യം അനുഭവിച്ചത്, പലപ്പോഴും പച്ചവെള്ളം കുടിച്ചു വിശപ്പടക്കിയത്, എല്ലാമോര്‍ത്തു രാത്രി കിടക്കപ്പായില്‍ കിടന്നു കണ്ണീരൊഴുക്കിയത്. പതിനേഴാമത്തെ വയസ്സില്‍ തുച്ഛമായ ശമ്പളത്തില്‍ തൃശൂരിലെ ഒരു കുറി (ചിട്ടി) കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്, എസ് എസ് എല്‍ സി പാസ്സായശേഷം തുടര്‍ന്നു പഠിക്കാന്‍ മോഹമുണ്ടായിട്ടും സാമ്പത്തിക ഞെരുക്കം മൂലം സാധിക്കാതെ പോയത്, മൂത്തമകനായ ഞാനടക്കം ഒമ്പതു മക്കളും മാതാപിതാക്കളുമുള്ള വലിയ കുടുംബത്തിന്റെ ഭാരമുള്ള കുരിശ് പേറിത്തുടങ്ങിയത്, സഹോദരങ്ങളെ പഠിപ്പിക്കാനും സഹോദരികളെ കെട്ടിച്ചയയ്ക്കാനും പാടുപെട്ടതും പാടുപെടുന്നതും, ക്ലേശങ്ങളുടെ നടുവിലും നേരായ മാര്‍ഗത്തില്‍ നിന്നു വ്യതിചലിക്കാതെ തീവ്രമായ പരിശ്രമങ്ങള്‍ വഴി ലക്ഷ്യബോധത്തോടെ വളരാന്‍ ശ്രമിക്കുന്നത്, കുറികളില്‍ വരിക്കാരെ ചേര്‍ത്തും അവയുടെ കമ്മീഷന്‍ വാങ്ങിക്കുന്നത്, കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ വേണ്ടി മറ്റൊരു വ്യാപാര സ്ഥാപനത്തില്‍ പാര്‍ട്ട്‌ടൈം ടൈപ്പിസ്റ്റായി ജോലി നോക്കുന്നതു തുടങ്ങി എന്റെ ജീവിതത്തിലെ ഒട്ടേറെ യാഥാര്‍ത്ഥ്യങ്ങള്‍ കാരൂര്‍ സാര്‍ ചികഞ്ഞെടുത്തു മനസ്സിലാക്കി. എന്തുകൊണ്ടോ എന്റെ നേരെ എന്തെന്നില്ലാത്ത സ്‌നേഹവും പ്രതിപത്തിയും അദ്ദേഹം പ്രകടിപ്പിച്ചു.

ഭാരിച്ച ജോലിത്തിരക്കും മറ്റനേകം ബദ്ധപ്പാടുകളുമുള്ള അദ്ദേഹം ഇത്രയേറെ സമയം ഈ എളിയ എഴുത്തുകാരനോടു സംസാരിച്ചിരുന്നത് എന്നില്‍ മാത്രമല്ല, അന്നത്തെ പബ്ലിക്കേഷന്‍ അസിസ്റ്റന്റായിരുന്ന എം.കെ. മാധവന്‍ നായരിലും അത്ഭുതമുളവാക്കി. പിതൃവാത്സല്യതുല്യമായ ആ സ്‌നേഹവായ്പും സംസാരവും പെരുമാറ്റവും എനിക്കൊരിക്കലും മറക്കാനാവില്ല. എന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി, എനിക്കു കൂടുതല്‍ ശതമാനം റോയല്‍റ്റി വാങ്ങിത്തരുന്നതിനുവേണ്ടി എന്നെക്കൊണ്ടു സംഘത്തില്‍ ഷെയര്‍ എടുപ്പിച്ചതും അദ്ദേഹമാണ്.

സാധാരണയായി നാടകത്തിന്റെ ആയിരം പ്രതികളാണ് സംഘം അച്ചടിക്കാറെങ്കിലും എന്റെ നാടകം ഒന്നാം പതിപ്പായി മൂവായിരം കോപ്പികള്‍ അച്ചടിക്കാന്‍ അദ്ദേഹം ഏര്‍പ്പാട് ചെയ്തു. 1962 ജൂലൈ 3 ന് ഇതിന്റെ എഗ്രിമെന്റ് ഒപ്പിട്ടു. പുസ്തകത്തിന് ഒന്നര രൂപ വിലവയ്ക്കാനും ധാരണയായി. മടങ്ങുന്നതിനു മുമ്പു ഡി സി യെ കണ്ട് കടപ്പാടും സന്തോഷവും അറിയിച്ചു.

തൃശ്ശൂര്‍ക്കുള്ള മടക്കയാത്രയില്‍, 'ഭൂമിയിലെ മാലാഖ'യ്ക്ക് റോയല്‍റ്റിയായി എനിക്കു ലഭിക്കുന്ന സംഖ്യ ഞാന്‍ കണക്കാക്കി ഒരായിരത്തി മുന്നൂറ്റി അമ്പതു രൂപ! അന്ന് അതു വലിയൊരു സംഖ്യയായിരുന്നു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എന്റെ അന്നത്തെ മാസശമ്പളം കഷ്ടിച്ചു നൂറു രൂപയായിരുന്നു എന്നറിയുമ്പോഴാണ് റോയല്‍റ്റി സംഖ്യയുടെ വലിപ്പം മനസ്സിലാവുക.

വീട്ടില്‍ വന്നയുടനെ അപ്പനോട് വിവരം പറഞ്ഞു. അമ്മയും അടുത്തുണ്ട്. ഞാനെഴുതിയ നാടകത്തിന് പ്രതിഫലമായി 1350 രൂപ ലഭിക്കുമെന്നു കേട്ടപ്പോള്‍, രോഗശയ്യയില്‍ കിടന്നിരുന്ന അപ്പന്റെ കണ്ണുകള്‍ വിടര്‍ന്നു, പ്രകാശിച്ചു, ക്രമേണ നിറഞ്ഞു തുളുമ്പി. ആ മിഴിനീര്‍ അകം നിറഞ്ഞ സന്തോഷത്തിന്റെയോ, എന്നെക്കുറിച്ചുള്ള അഭിമാനത്തിന്റെയോ?

എന്നെ ഞാനാക്കിയതില്‍ ഒരു വലിയ പങ്ക് വഹിച്ച, ഞാന്‍ ബാലനായിരിക്കെ തന്നെ സത്യസന്ധതയും സ്വഭാവശുദ്ധിയും നീതിബോധവും ധര്‍മ്മചിന്തയും എന്നില്‍ കുത്തിവെച്ച, ഈ സല്‍ഗുണങ്ങള്‍ സ്വന്തജീവിതത്തിലൂടെ മാതൃകകാട്ടി എന്നെ പഠിപ്പിച്ച അഭിവന്ദ്യനാണ് എന്റെ പിതാവ്. സമ്പത്തില്‍ ദരിദ്രനായിരുന്നെങ്കിലും സല്‍ഗുണങ്ങളില്‍ സമ്പന്നനായിരന്നു അദ്ദേഹം. വിനയം അപ്പന്റെ അതിവിശിഷ്ടമായ മറ്റൊരു ഗുണമായിരുന്നു. 'എളിമയ്‌ക്കേ കൂമ്പുള്ളൂ' എന്ന ആപ്തവാക്യം പോലെ, മക്കളായ ഞങ്ങളോടു കൂടെക്കൂടെ പറയുമായിരുന്നു. ആ പിതാവ് ഈ മകന്റെ സാഹിത്യരംഗത്തെ വളര്‍ച്ചയില്‍, അതുവഴി കുടുംബത്തിനുണ്ടാവുന്ന സാമ്പത്തികനേട്ടത്തില്‍ അഭിമാനം കൊള്ളുന്നു, ആത്മസംതൃപ്തിയടയുന്നു.

സ്‌നേഹവതിയായ അമ്മ അപ്പനോട് പറയുന്നതു കേട്ടു: ''നമ്മുടെ ഈ വീട് നല്ല ഐശ്വര്യമുള്ളതാണെന്നാ തോന്നുന്നെ.''

''എനിക്കും അങ്ങനെ തോന്നുന്നു. ദൈവം നമ്മളെ അനുഗ്രഹിക്കും.''

അമ്മയുടെ അഭിപ്രായത്തോട് അപ്പനും യോജിച്ചു. അങ്ങനെ പറയാന്‍ കാരണമുണ്ട്. 1961 വരെ എട്ടു വാടകപ്പുരകളില്‍ മാറി മാറി താമസിച്ചവരാണ് ഞങ്ങള്‍. സ്വന്തമായി ഒരു വീടുണ്ടാവുക എന്നതു ഞങ്ങളുടെ ഒരു വലിയ സ്വപ്നമായിരുന്നു. 1961 ല്‍ ജീവിതത്തിലാദ്യമായി ഞാന്‍ ഒരു വീടു വാങ്ങി. 1961 ജൂലൈ 3 ന് (സെന്റ് തോമസ് ദിനത്തില്‍) ഞങ്ങള്‍ പുതിയ വീട്ടില്‍ താമസമാക്കി.

ലിസി എന്റെ ജീവിതത്തിലേക്കു കടന്നുവന്നിട്ടു ഞാന്‍ ആദ്യമെഴുതിയതാണ് 'നക്ഷത്രവിളക്ക്' എങ്കില്‍, സ്വന്തം വീടു വാങ്ങിയിട്ട് ആ വീട്ടിലിരുന്ന് ആദ്യമെഴുതിയ നാടകമാണ് 'ഭൂമിയിലെ മാലാഖ'. ആ മാലാഖയ്ക്കാണ് ഈ നേട്ടം കൈവന്നിരിക്കുന്നത്. ഭാവിയില്‍ വരാനിരിക്കുന്ന നാടകങ്ങള്‍ക്കെല്ലാം രൂപം കൊടുക്കേണ്ട വീടാണിത്. തട്ടിന്‍പുറമുള്ള ഒരു വീട്. അത്രയും കാലം താമസിച്ചിരുന്ന വീടുകള്‍ക്കൊന്നിനും തട്ടിന്‍പുറമുണ്ടായിരുന്നില്ല. എനിക്കാണെങ്കില്‍ ഏകാന്തതയില്ലെങ്കില്‍ ഒരു വരിയെഴുതാനൊക്കില്ല. ഇത്രയേറെ അംഗങ്ങള്‍ താമസിക്കുന്ന വീട്ടില്‍ നിശ്ശബ്ദതയും ഏകാന്തതയും ഏകാഗ്രതയും എങ്ങനെ കിട്ടും? അതുവരെ ഞാനെഴുതിയ നാടകങ്ങളെല്ലാം മറ്റു ചില കേന്ദ്രങ്ങളില്‍ വച്ചായിരുന്നു.

എഗ്രിമെന്റ് കഴിഞ്ഞിരുന്നെങ്കിലും നാടകത്തിന്റെ അച്ചടി തുടങ്ങിയിരുന്നില്ല. ഈ 'ഭൂമിയിലെ മാലാഖ'യെ അവതാരികയുടെ ആഭരണമണിയിച്ചത് പ്രസിദ്ധ സാഹിത്യകാരനും പ്രമുഖ നിരൂപകനുമായ പ്രൊഫ. എസ്. ഗുപ്തന്‍നായരാണ്. അദ്ദേഹത്തിന്റെ

ഏതാനും വരികള്‍:

''...ട്രാജഡിയിലേക്കുള്ള പ്രവണത, ഉറച്ച ധാര്‍മ്മികബോധം, ഹൃദയാലുത്വത്തിനു കൊടുക്കുന്ന മുന്‍തൂക്കം ഇവയൊക്കെ ഈ നാടകം ഒഴുക്കനായി വായിക്കുന്നവര്‍ക്കുപോലും ഉള്ളില്‍ തട്ടുന്ന വസ്തുതകളാണ്. ജോസ് ഇതിലെ ഭ്രാന്തനെ - ഭ്രാന്തുള്ള കഥാപാത്രത്തെ സാമാന്യം കരുതലോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ദുഃഖിതനായ മനുഷ്യനാവശ്യം സഹാനുഭൂതിയാണെന്നുള്ള ആ വലിയ സത്യം, ജോസ് ഭംഗിയായി കാട്ടിത്തരുന്നുണ്ട്.

...അങ്ങനെ നോക്കുമ്പോള്‍ ഈ നാടകത്തിന്റെ കേന്ദ്ര തന്തു ചിന്നമ്മയാണ്. അവളുടെ ത്യാഗമാണിതിന്റെ വെളിച്ചം. ചിന്നമ്മ, പൈലി, അച്യുതന്‍ നായര്‍ മുതലായവരുടെ സൃഷ്ടിയിലൂടെയാണ്, ഈ നാടകത്തിന് ചൈതന്യം ലഭിക്കുന്നത്. പാത്രസൃഷ്ടി നന്നാകുന്നിടത്തു സംഭാഷണവും രസകരമാകുന്നു.''

1962 ഒക്‌ടോബര്‍ മാസത്തില്‍ 'ഭൂമിയിലെ മാലാഖ' പ്രസിദ്ധീകൃതമായി. ആ മാലാഖ ഇറങ്ങി വരുന്നതു കാണാന്‍വേണ്ടി കാത്തിരുന്ന ശയ്യാവലംബിയായ എന്റെ വത്സലപിതാവ് ഇതിനകം മാലാഖമാരുടെ നാട്ടിലേക്കു യാത്രയായി. ഞങ്ങളെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിക്കൊണ്ടു 1961 ആഗസ്റ്റ് ഒന്നിന് ആ സ്‌നേഹദീപം പൊലിഞ്ഞു.

നാടകത്തിനു വമ്പിച്ച സ്വീകരണമാണ് കലാകേരളം നല്കിയത്. അതിന്റെ വില്പന ദ്രുതഗതിയിലായിരുന്നു. എനിക്കും കാരൂര്‍ സാറിനും ഡി സി ക്കും അത്ഭുതം സമ്മാനിച്ചു കൊണ്ടുള്ള വില്പന. പ്രസിദ്ധീകരിച്ച് വെറും തൊണ്ണൂറു ദിവസങ്ങള്‍ക്കകം രണ്ടായിരത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞു. അങ്ങനെ 'ഭൂമിയിലെ മാലാഖ' മലയാള നാടക വില്പനയുടെ ചരിത്രത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. പത്രങ്ങളെല്ലാം ആ വാര്‍ത്ത പ്രസിദ്ധീകരിച്ചു. 'മാതൃഭൂമി' കൂടുതല്‍ പ്രാധാന്യം കല്പിച്ച് 'ഭൂമിയിലെ മാലാഖ' എന്ന ശീര്‍ഷകം നല്കി ഒരു ബോക്‌സിലാണ് ആ വാര്‍ത്ത കൊടുത്തത്.

ഒന്നാം പതിപ്പിന്റെ വിജയത്തെ തുടര്‍ന്നു, തുടരെ പല പതിപ്പുകളുമിറങ്ങി. മാത്രമല്ല അതുവരെ പുറത്തിറങ്ങിയ എന്റെ ചില നാടകങ്ങളുടെ പുതിയ പതിപ്പുകള്‍ സംഘത്തില്‍ നിന്നു പ്രസിദ്ധീകരിക്കാന്‍ കാരൂര്‍ സാര്‍ മുന്‍കയ്യെടുത്തു. എന്തൊരു മഹാമനസ്‌കത! എന്തൊരു പ്രോത്സാഹന സന്നദ്ധത!

'ഭൂമിയിലെ മാലാഖ'യുടെ അഭൂതപൂര്‍വമായ വിജയം അതിനെ ഒരു ചലച്ചിത്രമാക്കാന്‍ സിനിമാനിര്‍മ്മാതാവായ പി എ തോമസിനെ പ്രേരിപ്പിച്ചു. അതേ പേരില്‍ തന്നെ തോമസ് പിക്‌ച്ചേഴ്‌സ് അതു ചലച്ചിത്രമാക്കി. അന്നത്തെ പ്രമുഖ താരങ്ങളായ പ്രേംനസീര്‍, തിക്കുറിശ്ശി, ടി കെ ബാലചന്ദ്രന്‍, മുത്തയ്യ, അടൂര്‍ഭാസി, മുതുകുളം, ജേസി, രാജലക്ഷ്മി, സുകുമാരി തുടങ്ങിയവരായിരുന്നു നടീനടന്മാര്‍. കിറുക്കനായ സണ്ണിയുടെ ഭാഗം (നാടകത്തില ഞാനെടുത്ത ഭാഗം) പ്രേം നസീറാണ് അഭിനയിച്ചത്. നസീറിന്റെ കയ്യില്‍ ആ കഥാപാത്രം ഭദ്രമായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org