വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ നോവലിനെ അടിസ്ഥാനപ്പെടുത്തി ഹേമന്ത് കുമാര്‍ രചന നിര്‍വഹിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത് തിരുവനന്തപുരം സാഹിതി അവതരിപ്പിച്ച നാടകമാണ് മുച്ചീട്ടുകളിക്കാരന്റെ മകള്‍. 1951 ല്‍ പുറത്തിറങ്ങിയ ഈ കൃതിയുടെ മൂല്യം ഇന്നും തീരെ ചോര്‍ന്നുപോയിട്ടില്ല എന്നും, ബഷീര്‍ ഇന്നും അനശ്വരനായ എഴുത്തുകാരനാണെന്നുമുള്ളതിന്റെ തെളിവാണ് മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന നാടകം. കെ സി ബി സി നാടകോത്സവം 2024 ലെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട നാടകം കൂടി ആണ് മുച്ചീട്ടുകളിക്കാരന്റെ മകള്‍. ബഷീറിന്റെതന്നെ ആനവാരിയും പൊന്‍കുരിശും എന്ന നോവലിലെ പൊന്‍കുരിശ് തോമായും, ആനവാരി രാമന്‍ നായരും കൂടെ ഈ നാടകത്തിന്റെ ഭാഗമാകുമ്പോള്‍ എഴുത്തുകാരന്റെ ഭാവന പുതിയ വായനകള്‍ സൃഷ്ടിക്കുന്നു. മികവാര്‍ന്ന സംവിധാനവും അച്ചടക്കപൂര്‍ണ്ണമായ പകര്‍ന്നാട്ടവും കൂടെ ചേരുമ്പോള്‍ നാടകം അവതരണ കലയെന്നതിനെക്കാള്‍ ഒരുപടി ഉയരത്തില്‍ എത്തുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേഷകരുടെ കണ്ണുകളെയോ ചിന്തകളെയോ മടുപ്പിക്കാതെ മുന്നോട്ടു പോകുവാന്‍ നാടകത്തിനു കഴിഞ്ഞു. ബഷീറിന്റെ മുന്നില്‍ ബഷീറിന്റെ തന്നെ കഥാപാത്രമായ ഒറ്റക്കണ്ണന്‍ പോക്കര്‍ (മുച്ചീട്ടുകളിക്കാരന്റെ മകള്‍) തനിക്ക് ഒരു പുതിയ നിയമം പാസ്സാക്കി തരണം എന്ന അപേക്ഷയുമായി എത്തുന്നതും, അതിനു തന്നെ പ്രേരിപ്പിച്ച കാരണം ബഷീറിനെ ബോധിപ്പിക്കുന്നതും ആണ് കഥയുടെ പശ്ചാത്തലം. 'പെണ്മക്കളെ കൊല്ലാന്‍ തന്തമാര്‍ക്ക് അവകാശം നല്‍കണം' ഇതാണ് പോക്കറിന്റെ അപേക്ഷ.
ഇതിനുള്ള കാരണങ്ങളും, അതിനു വഴിയൊരുക്കിയ സന്ദര്‍ഭങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. മകള്‍ സൈനബയുടെ പ്രണയം, അതും പോക്കറിനെ ചതിച്ച മണ്ടന്‍ മുത്തപ്പയുമായി. നാട്ടുകാരും ഇതില്‍ പ്രധാന കഥാപാത്രങ്ങളാണ്. ചിലപ്പോള്‍ ശബ്ദം മാത്രമാണ് വരുന്നതെങ്കിലും അതിനും പ്രധാന കഥാപാത്ര മൂല്യം കൊടുക്കുന്നുണ്ട്. 'പോക്കരുടെ മോള് മണ്ടന്റെ കെട്ട്യോള്‍, മണ്ടന്റെ കെട്ട്യോള്‍ നാട്ടാരുടെ കെട്ട്യോള്‍' എന്നുള്ള മുദ്രാവാക്യമെല്ലാം ഒരേ സമയം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതു മാണ്. നേതാക്കന്മാരായെത്തുന്ന കള്ളന്മാരായ പൊന്‍കുരിശ് തോമായും, ആനവാരി രാമന്‍ നായരും, എല്ലാത്തിനും പണം വാങ്ങി ഗവണ്‍ മെന്റിനെന്നു മാത്രം പറയുന്ന പൊലീസുകാരനും എന്തിന്റെ ഒക്കെയോ പ്രതീകമാണ്.
ഈ നാടകം സാധാരണ നാടകങ്ങള്‍ പോലെ റിയലിസ്റ്റിക്കായി ഒരു കഥയെ അവതരിപ്പിക്കുകയല്ല; മറിച്ച് മലയാളികളുടെ ഗബ്രിയേല്‍ മാര്‍ക്വേസ് ആയ ബഷീറിനെ കൂട്ടുപിടിച്ചു ഒരു മാന്ത്രിക ലോകം നിര്‍മ്മിക്കുകയാണ്. ഈ മാന്ത്രിക ലോകത്തില്‍ മുച്ചീട്ടുകളി എന്നത് പാരമ്പര്യ സിദ്ധിയാണ്, ചായ കടയിലെ പറ്റുപലക സാമ്പത്തിക വളര്‍ച്ചയുടെ അടയാളമാണ്, ആനവാരി, പൊന്‍കുരിശ്, ഒറ്റക്കണ്ണന്‍, മണ്ടന്‍ എന്നൊക്കെയുള്ള ഇരട്ട പേരുകള്‍ ഓരോരുത്തരുടെയും വ്യക്തി മുദ്രകളാണ്, അടയാളങ്ങളാണ്.
വെളിച്ച നിയന്ത്രണവും ശബ്ദ ക്രമീകരണവും കഥയോടും രംഗങ്ങളോടും കൃത്യമായി ഇടകലര്‍ന്നു പോകുന്ന രീതിയില്‍ ആയിരുന്നു. കഥാപാത്രങ്ങള്‍ മുസ്ലീം മതാചാരം പിന്തുടരുന്നവരായതിനാല്‍ ഗാനങ്ങളും സംഭാഷണവും സംഗീതവും അത്തരത്തില്‍ ചിട്ടപ്പെടുത്തിയവയാണ്. നാടകത്തിന്റെ രംഗ സജ്ജീകരണം എടുത്തു പറയേണ്ടത് തന്നെയാണ്. ആനവാരി, ആനയെ വാരുന്ന രംഗത്തില്‍ ഒരു ആനയെ തന്നെ അവര്‍ നിര്‍മ്മിച്ചു.
ഒപ്പം വഞ്ചികളും പോക്കറിന്റെ വീടും എല്ലാം മനോഹരമായി നിര്‍മ്മിക്കുക മാത്രമല്ല സംവിധായകന്‍ അവ കഥയില്‍ കൃത്യമായി ഉപയോഗിക്കുക തന്നെ ചെയ്തു. മണ്ടന്‍ മുത്തപ്പാ രാത്രി സൈനബയെ കാണാന്‍ വരുമ്പോള്‍ വീടിന്റെ ജനലിലൂടെയുള്ള സംഭാഷണം, സൈനബയുടെ ചായപ്പീടികയില്‍ ഇരുന്നുള്ള ചായകുടി എല്ലാം രംഗസജ്ജീകരണത്തിന്റെ ശരിയായ ഉപയോഗം കാണിച്ചുതരുന്നു. കഥയുടെ ഇതിവൃത്തം മുന്നേ സൂചിപ്പിച്ചല്ലോ, പോക്കറും മണ്ടനും തമ്മിലുള്ള വഴക്കാണ് പ്രശ്‌നം. മണ്ടന് മണ്ടന്‍ എന്ന പേര് നല്‍കിയത് പോക്കറാണ്.
എന്നാല്‍ മണ്ടനെന്ന തന്റെ പേര് താന്‍ തിരുത്തി പോക്കറെക്കൊണ്ട് തന്നെ മുടുക്കന്‍ എന്ന് വിളിപ്പിക്കും എന്ന വാശി കൂടെ ആകുമ്പോള്‍ കാണികളില്‍ ജിജ്ഞാസ ഉണ്ടാക്കുന്നു. നാടകം അങ്ങനെ മത്സരിച്ചു മുന്നേറും, നാട്ടുകാരും ഒപ്പം കൂടും. ഒടുക്കം കൊലവിളി താരാട്ടായി മാറുന്ന ബാപ്പാടെ സ്‌നേഹം കാട്ടിയുള്ള ശുഭ സമാപ്തിയും സമ്മാനിച്ചുകൊണ്ട് നാടകം അവസാനിക്കുമ്പോള്‍ ഇനിയും തുടര്‍ന്ന് പോയിരുന്നെങ്കില്‍ എന്ന് തോന്നിപോകും.