നമ്മുടെ ദൈവസങ്കല്പത്തില്‍ നിറയേണ്ട മാതൃ-പിതൃഭാവങ്ങള്‍

നമ്മുടെ ദൈവസങ്കല്പത്തില്‍ നിറയേണ്ട മാതൃ-പിതൃഭാവങ്ങള്‍

ഡോ. ജോയ്സ് കൈതക്കോട്ടില്‍

1990-കളുടെ ആരംഭത്തില്‍ നഗരത്തിലെ ഒരു സ്വകാര്യ കോളജില്‍ ധ്യാനം നയിക്കുകയാണ്. പെ ണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജാണ്. പ്രീഡിഗ്രിക്കു പഠിക്കുന്ന കുട്ടികളാണ് ധ്യാനത്തില്‍ പങ്കെടുക്കുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനത്തിന്‍റെ ആദ്യദിവസം സമാപനത്തില്‍ കുട്ടികളോട് പറഞ്ഞു, നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി കിടക്കുന്നതിനു മുമ്പും ഇങ്ങനെ പ്രാര്‍ത്ഥിക്കുക: "എന്നെ സ്നേഹിച്ച്, പരിപാലിച്ച് സംരക്ഷിക്കുന്ന പിതാവായ ഒരു ദൈവം എനിക്കുണ്ട്." അല്പസമയത്തെ നിശബ്ദതയ്ക്കു ശേഷം ഒരു കുട്ടി കൈയുയര്‍ത്തി. വിവരം അന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു: "എനിക്ക് അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പറ്റില്ല." അവളോട് ചോദിച്ചു. ദൈവം നിന്നെ സ്നേഹിക്കുന്നില്ലേ, പരിപാലിക്കുന്നില്ലേ, സംരക്ഷിക്കുന്നില്ലേ. എല്ലാ ചോദ്യങ്ങള്‍ക്കും അവള്‍ ഉവ്വ് എന്ന് ഉത്തരം പറഞ്ഞു. പിന്നെ എന്തുകൊണ്ടാണ് അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്? അവള്‍ക്ക് സങ്കടം വന്നു തുടങ്ങി. അവള്‍ പറഞ്ഞു: "അച്ചാ, സ്വര്‍ഗ്ഗത്തിലുള്ള പിതാവായ ദൈവത്തിന്‍റെ പ്രതിരൂപമാണ് ഭൂമിയിലെ അപ്പച്ചന്‍ എന്നല്ലേ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എന്‍റെ അപ്പച്ചന്‍ എല്ലാ ദിവസവും കുടിച്ച് വന്ന് എന്‍റെ അമ്മയെ തല്ലും, ക്രൂരമായി മര്‍ദ്ദിക്കും. എന്നും ഈ കാഴ്ചയാണ് വീട്ടില്‍. എന്‍റെ അമ്മ അദ്ധ്വാനിച്ചാണ് കുടുംബത്തില്‍ അരി മേടിക്കുന്നത്. വീട്ടില്‍ എന്നും കരച്ചിലും ബഹളവുമാണ്. പഠിക്കാന്‍ പോലും അപ്പച്ചന്‍ സമ്മതിക്കില്ല. ഈ അപ്പച്ചനെ കണ്ട് ജീവിക്കുന്ന എനിക്ക് എങ്ങനെ ദൈവത്തെ പിതാവേ എന്നു വിളിക്കാന്‍ പറ്റും അച്ചാ." ഇതു പറഞ്ഞു കരഞ്ഞുകൊണ്ട് ആ പെണ്‍കുട്ടി ഇരുന്നു. ഭയങ്കര നിശബ്ദത. എല്ലാവരുടെ മുഖത്തും വലിയ സങ്കടം. പലരുടെയും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഒരു നിമിഷം എന്തു പറയണമെന്നറിയാതെ സ്തബ്ധനായി പോയി. എവിടെ നിന്നോ ഒരു വെളിച്ചം വന്നു ഉള്ളില്‍ വീണതു പോലെ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ മനസ്സിലേക്ക് വന്നു. 1978 സെപ്റ്റംബര്‍ 10-ന് നടത്തിയ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയുടെ സമയത്ത് മാര്‍ പാപ്പ ഇങ്ങനെ പറഞ്ഞു: "നമുക്കറിയാം നമ്മെക്കുറിച്ചു കരുതലുള്ള ദൈവം എപ്പോഴും തന്‍റെ കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കുന്നു. ദൈവം നമ്മുടെ അപ്പച്ചനാണ്, അതിലുപരി ദൈവം നമ്മുടെ അമ്മയാണ്." മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. ആ കുട്ടിയോട് പറഞ്ഞു – മോള് ദൈവത്തെ എന്‍റെ അമ്മേ എന്ന് വിളിച്ചു പ്രാര്‍ത്ഥിക്കുക.

ഇന്നും ദൈവത്തെ പിതാവേ എന്നു വിളിക്കാന്‍ മാനസികമായി ശക്തിയില്ലാത്ത കുട്ടികളെ നമ്മള്‍ കണ്ടുമുട്ടുന്നുണ്ടല്ലോ. ലഹരിക്കടിമപ്പെട്ട സ്വന്തം അപ്പനാല്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെടുന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകളും നമ്മള്‍ കേള്‍ക്കുന്നുണ്ട്. സ്വന്തം മകളെ കൂട്ടുകാര്‍ക്ക് വിട്ടു കൊടുക്കുന്ന അപ്പന്മാരെക്കുറിച്ചും സമകാലിക കേരളത്തില്‍ മാധ്യമങ്ങളിലൂടെ അറിയുന്നു. സ്വര്‍ഗ്ഗത്തിലെ അപ്പച്ചന്‍റെ പ്രതിരൂപമാണ് ഭൂമിയിലെ അപ്പച്ചന്‍ എന്നു പഠിപ്പിക്കാനുള്ള ആത്മധൈര്യം നമുക്കില്ലാതെ പോകുന്നതിന്‍റെ കാരണവും ഇങ്ങനെയുള്ള സംഭവങ്ങള്‍ സമൂഹത്തില്‍ ഉള്ളതുകൊണ്ടാണ്. ദൈവത്തിന്‍റെ പിതൃത്വത്തെക്കുറിച്ച് മക്കള്‍ പഠിക്കേണ്ടത് സ്വന്തം അപ്പന്‍റെ സ്നേഹത്തില്‍ നിന്നും സംരക്ഷണയില്‍ നിന്നുമാണ്.

സാമൂഹ്യ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ നിരന്തരമായി നമ്മള്‍ ഉപയോഗിക്കുന്ന മതാത്മക ഭാഷ നമ്മുടെ പെരുമാറ്റത്തെയും സമീപനങ്ങളെയും സ്വാധീനിക്കാം. ദൈവത്തിന്‍റെ മാതൃഭാവം മനസ്സിലാക്കുകയും ദൈവത്തെ "അമ്മേ" എന്നു സംബോധന ചെയ്തു തുടങ്ങുകയും ചെയ്താല്‍ കാലക്രമേണ വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റങ്ങളുണ്ടാകാം. കൂടുതല്‍ ആദരവോടെ അവരോട് പെരുമാറാനും അവരിലുള്ള ദിവ്യതയെ അംഗീകരിക്കാനും സാധ്യതയുണ്ട്. ഇതൊരു പ്രത്യാശയാണ്.

ദൈവത്തിന്‍റെ മാതൃത്വത്തെക്കുറിച്ചുള്ള ബിംബങ്ങള്‍ ബൈബിളില്‍ ഉടനീളം നമ്മള്‍ കാണുന്നുണ്ട്. ഏശയ്യായുടെ പുസ്തകത്തില്‍ ദൈവം സീയോനോട് പറയുന്ന വാക്കുകള്‍ സൂചിപ്പിക്കുന്നത് സ്വന്തം പെറ്റമ്മയെക്കാള്‍ കരുതലുള്ള ഒരു മാതൃഹൃദയം ദൈവത്തിനുണ്ടെന്നാണ്. "മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല" (ഏശയ്യ 49: 15; പ്രഭാ. 4:10). ദൈവത്തിന്‍റെ കരുതലിന്‍റെയും ആര്‍ദ്രതയുടെയും മാതൃഭാവങ്ങള്‍ ബൈബിളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ദൈവത്തിന്‍റെ ശിക്ഷയുടെയും ശാപത്തിന്‍റെയും ഭാവങ്ങള്‍ യാതൊരു സങ്കോചവുമില്ലാതെ പ്രഘോഷിക്കപ്പെടുന്നത്. ഹോസിയാ പ്രവാചകന്‍റെ വാക്കുകളിലൂടെയും ദൈവത്തിന്‍റെ മാതൃവാത്സല്യത്തിന്‍റെ ഭാവങ്ങളാണ് അവതരിപ്പിക്കുന്നത്. "എഫ്രായിമിനെ നടക്കാന്‍ പഠിപ്പിച്ചത് ഞാനാണ്. ഞാന്‍ അവരെ എന്‍െറ കരങ്ങളിലെടുത്തു; എന്നാല്‍, തങ്ങളെ സുഖപ്പെടുത്തിയതു ഞാനാണെന്ന് അവര്‍ അറിഞ്ഞില്ല…. ഞാന്‍ കുനിഞ്ഞ് അവര്‍ക്കു ഭക്ഷണം നല്‍കി" (ഹോസിയ 11:3-4). ദൈവത്തിന്‍റെ മാതൃഭാവത്തെ ഇത്രയും സുന്ദരമായി അവതരിപ്പിക്കാന്‍ ഇതല്ലാതെ മറ്റെന്ത് മാര്‍ഗ്ഗമാണുള്ളത്. നമ്മുടെ വീടുകളില്‍ മുറിയിലൂടെ നീന്തി നടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കുനിഞ്ഞ് ചോറു കൊടുക്കുന്ന അമ്മമാരുടെ ചിത്രം എത്രയോ പരിചിതമാണ്. ദൈവശാസ്ത്രപരമായി പറഞ്ഞാല്‍ ദൈവത്തില്‍ ലിംഗഭേദമില്ല ("in divinitate enim nullus est sexus" St. Jerome). കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തില്‍ പറയുന്നതും ശ്രദ്ധിക്കുക: "…ദൈവം മാനുഷിക ലിംഗഭേദങ്ങള്‍ക്കെല്ലാം അതീതനാണെന്ന സത്യം നാം അനുസ്മരിക്കണം. ദൈവം പുരുഷനുമല്ല, സ്ത്രീയുമല്ല: ദൈവമാണവിടുന്ന്. മാനുഷിക മാതൃത്വത്തിന്‍റെയും പിതൃത്വത്തിന്‍റെയും പ്രഭവവും മാനദണ്ഡവും ദൈവമാണെങ്കിലും അവിടുന്ന് അവയ്ക്കെല്ലാം അതീതനാണ്" (239) ദൈവം ലിംഗഭേദങ്ങള്‍ക്ക് അതീതനായതുകൊണ്ട് ദൈവം നപുംസകമെന്ന് കരുതുന്ന വിഡ്ഢികളുമുണ്ട്. ചില ദൈവശാസ്ത്രജ്ഞര്‍ ദൈവത്തെ പാരന്‍റ് (Parent) എന്ന് വിളിക്കുന്നുണ്ട്. ദൈവത്തില്‍ പിതൃത്വവും മാതൃത്വവും സമന്വയിച്ചിരിക്കുന്നു. മനുഷ്യന്‍റെ ഭാഷയ്ക്ക് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെയാകാം ദൈവത്തിന്‍റെ പിതൃ- മാതൃഭാവങ്ങള്‍ ഒരു വാക്കില്‍ ഒരു മിച്ചവതരിപ്പിക്കാന്‍ കഴിയാത്തത്. സങ്കീര്‍ത്തകന്‍ പറയുന്നു: "അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും" (27:10). അമ്മയായ ദൈവത്തിന്‍റെ മടിയില്‍ തലവെച്ചു കിടക്കുന്ന ശിശുവിനെപ്പോലെ സങ്കീര്‍ത്തകന്‍ തന്നെ കണക്കാക്കുകയാണ്." മാതാവിന്‍െറ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്‍റെ ആത്മാവ്" (സങ്കീ 131:2). "ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്‍റെ കരങ്ങളിലാണ്" (3:5) എന്ന സങ്കീര്‍ത്തകന്‍റെ പ്രസ്താവനയും ദൈവത്തിന്‍റെ മാതൃത്വത്തിലേക്കുള്ള വ്യക്തമായ സൂചനകളാണ്. ഇസ്രായേല്‍ സമൂഹത്തിന്‍റെ സംഘര്‍ഷത്തിന്‍റെയും നിരാശയുടെയും നാളുകളില്‍ ദൈവം അവരെ ആശ്വസിപ്പിക്കുന്നത് ഈ വാക്കുകള്‍ പറഞ്ഞുകൊണ്ടാണ് – "അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും" (ഏശയ്യ 66:13).

ജറുസലെമിനെക്കുറിച്ചു യേശു വിലപിക്കുന്ന സമയത്ത് മാതൃത്വത്തിന്‍റെ ബിംബമാണ് യേശു ഉപയോഗിക്കുക. കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന തള്ളക്കോഴിയായിട്ട് തന്നെ തന്നെ യേശു ചിത്രീകരിക്കുകയാണ്. "ജറുസലെം, ജറുസലെം, പ്രവാചകന്മാരെ വധിക്കുകയും നിന്‍െറ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്‍റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു" (മത്തായി 23:37). യേശുവിന്‍റെ മാതൃഭാവം – അമ്മയുടെ കരുതല്‍, വാത്സല്യം, സംരക്ഷിക്കാനുള്ള താല് പര്യം – ഇതെല്ലാം ഈ വാക്കുകളിലൂടെ അവിടുന്ന് പ്രകടമാക്കുകയാണല്ലോ.

2010 ഡിസംബര്‍ 1-ാം തീയതി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പൊതുദര്‍ശന സമയത്ത് സംസാരിച്ചത് ഇംഗ്ലണ്ടിലെ സഭയും കത്തോലിക്ക സഭയും ആദരവോടെ കാണുന്ന നോര്‍വിച്ചിലെ ജൂലിയാനെയെക്കുറിച്ചാണ്. സെപ്റ്റംബര്‍ മാസത്തില്‍ ഇംഗ്ലണ്ടിലേക്ക് മാര്‍പാപ്പ നടത്തിയ അപ്പസ്തോലിക യാത്രയുടെ പശ്ചാത്തലത്തിലാണ് പ്രഭാഷണം നടത്തിയത്. "ദൈവിക സ്നേഹത്തിന്‍റെ വെളിപാടുകള്‍" എന്ന ജൂലിയാനയുടെ പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ പറയുന്നു. ദൈവിക സ്നേഹത്തിന്‍റെ പ്രമേയം നിരന്തരമായി അവരുടെ ദര്‍ശനങ്ങളില്‍ തെളിഞ്ഞുവരുന്നു. ഈ സ്നേഹത്തെ മാതൃ സ്നേഹമായി താരതമ്യപ്പെടുത്താന്‍ അവര്‍ ഒട്ടും ശങ്കിച്ചില്ലായെന്നു മാത്രമല്ല, ധൈര്യപൂര്‍വ്വം അങ്ങനെ ചെയ്യുകയുണ്ടായി. അവരുടെ മിസ്റ്റിക് ദൈവശാസ്ത്രം സഭയ്ക്ക് നല്‍കുന്ന ഏറ്റവും സവിശേഷമായ സന്ദേശമാണിതെന്ന് മാര്‍പാപ്പ പറയുന്നു. നമ്മോടുള്ള ദൈവകാരുണ്യത്തിന്‍റെ സൗമ്യതയും ആര്‍ദ്രതയും കരുതലും എത്രയോ വലുതാണ്. ഈ ഭൂമിയിലെ തീര്‍ത്ഥാടകരായ നമ്മെ അത് ഓര്‍മ്മിപ്പിക്കുന്നത് മക്കളോടുള്ള ഒരമ്മയുടെ സ്നേഹത്തെക്കുറിച്ചാണ്. ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും ഒരമ്മയുടെ ചിത്രമാണ് നമ്മുടെ മനസ്സില്‍ ഉണര്‍ത്തുന്നതെന്നാണ് മാര്‍പാപ്പ പറയുന്നത്. അജപാലകനായ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയും പണ്ഡിതനായ ബെനഡിക്ട് പതിനാറാം മാര്‍പാപ്പയും ദൈവത്തിന്‍റെ മാതൃത്വത്തെക്കുറിച്ച് തങ്ങളുടെ പ്രബോധനങ്ങളിലൂടെ സഭാമക്കളെ പഠിപ്പിച്ചെങ്കില്‍ ദൈവത്തെ "അമ്മേ" എന്നു വിളിക്കാന്‍ നമുക്ക് ആശങ്ക വേണോ? പുരുഷാധികാരത്തിന്‍റെ ഒരു സമൂഹത്തില്‍ അത് അത്ര എളുപ്പമല്ലായെന്ന് അറിയാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org