ജനാഭിമുഖ ബലിയര്‍പ്പണം: ആധുനിക ക്രൈസ്തവ യുവത്വത്തിന്റെ കാഴ്ചപ്പാടില്‍

ജനാഭിമുഖ ബലിയര്‍പ്പണം: ആധുനിക ക്രൈസ്തവ യുവത്വത്തിന്റെ കാഴ്ചപ്പാടില്‍

'സത്യത്തില്‍ സ്‌നേഹം' (Caritas in Veritate) എന്ന തന്റെ അപ്പസ്‌തോലിക പ്രബോധനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്തുവിന്റെ ബലിയില്‍ പൂര്‍ത്തിയാകേണ്ട ക്രൈസ്തവസ്‌നേത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സ്‌നേഹ പൂര്‍ണ്ണിമ അതിന്റെ പരിപൂര്‍ണ്ണവും ഉദാത്തവുമായ തലത്തില്‍ എല്ലാ ദിവസവും ഒരു വിശ്വാസി കാണുന്നത് താന്‍ പങ്കെടുക്കുന്ന ബലിയര്‍പ്പണത്തിലാണ്. ഓരോ ദിവസവും ദേവാലയത്തിലേയ്ക്ക് കടന്നുചെല്ലുന്ന ്രൈകസ്തവന്‍ തന്റെ ജീവിത ബലിയിലാണ് പങ്കാൡാകുന്നത്. ക്രിസ്തുവിന്റെ ബലിയിലൂടെ സ്വന്തം ജീവിതബലിയര്‍പ്പിക്കുകയാണ് ഓരോ വിശ്വാസിയും. അവിടെ ബലിയര്‍പ്പകനില്‍ വിശ്വാസി ദര്‍ശിക്കുന്നത് ക്രിസ്തുവിനെത്തന്നെയാണ്. എന്താണ് എന്റെ ജീവിതസപര്യയില്‍ വി. കുര്‍ബാനയ്ക്കുള്ള സ്ഥാനം? എന്റെ ജീവിതപന്ഥാവിനെ അടയാളപ്പെടുത്തുന്ന ശിലാഫലകവും, നാഴികക്കല്ലുമായി ഞാന്‍ ഭാഗഭാക്കാവുന്ന വി. കുര്‍ബാന രൂപാന്തരെപ്പടുന്നുണ്ടോ? അതോ വി. കുര്‍ബാന എനിക്ക് കേവലം ഒരു അനുഷ്ഠാനം മാത്രമാണോ?

സഭയെ സ്‌നേഹിക്കുന്ന, സഭയോടൊപ്പം ജീവിക്കുകയും, ചരിക്കുകയും വളരുകയും ചെയ്യുന്ന ഒരു യുവാവിനെ സംബന്ധിച്ചിടത്തോളം എന്താണ് വി. കുര്‍ബാന? ഓരോ ദിവസവും ദേവാലയത്തിേലയ്ക്ക് കടന്നുവരുന്ന യുവത്വം ആഗ്രഹിക്കുന്ന ദാഹിക്കുന്ന ഒരു അതിമനോഹരമായ കാഴ്ചയുണ്ട്. തങ്ങളോട് ഹൃദയം തുറന്ന് സംവദിക്കുന്ന, തങ്ങളുടെ ആത്മാവിനോട് സംഭാഷണം നടത്തുന്ന, മുറിവുകളുണക്കുന്ന, സാന്ത്വനിപ്പിക്കുന്ന ക്രിസ്തുവിന്റെ രൂപം. ഇപ്രകാരമുള്ള ക്രിസ്തുസാന്നിദ്ധ്യം ഓരോ യുവാവിനും, യുവതിക്കും അനുഭവപ്പെടുന്നത്. ജനാഭിമുഖ ബലിയര്‍പ്പണത്തിലാണ്. അവിടെ ബലിയര്‍പ്പിക്കുന്ന വൈദികനില്‍ ക്രിസ്തുനാഥനാണ് സന്നിഹിതനായിരിക്കുന്നത്. ബലിയുടെ തുടക്കം മുതല്‍ ബലി പൂര്‍ണ്ണമാകുന്നതുവരെ ബലിയര്‍പ്പകന്റെ മുഖത്തേയ്ക്കു നോക്കുമ്പോള്‍ ക്രിസ്തുനാഥന്റെ ചൈതന്യമുള്ള വദനത്തിലേയ്ക്കു നോക്കുന്ന അതേ അനുഭവം തന്നെയാണ് നിസ്സംശയം ജനിക്കുന്നത്.

''ഇത് നിങ്ങള്‍ എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍'' എന്ന് കര്‍ത്താവ് കല്പിച്ചതുപോലെ ഓരോ വി. കുര്‍ബാനയും നാഥന്റെ തിരുവുത്തരത്തിന്റെ ജീവസുറ്റ ഓര്‍മ്മയാകുന്നതുപോലെ സജീവതയുള്ള ഹൃദയബന്ധമുള്ള ഒരു അനുഭവമായി, ജനാഭിമുഖ ബലിയര്‍പ്പണം മാറുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല യുവാക്കള്‍ക്കിടയില്‍ നടത്തിയ ഒരു പഠനം വളരെയേറെ ശ്രദ്ധേയമാണ്. യുവ സമൂഹത്തിന്റെ വ്യത്യസ്ത അനുഭവങ്ങളെക്കുറിച്ച് നടത്തിയ ഈ പഠനം അവരുടെ ആരാധനാനുഭവങ്ങളെക്കുറിച്ചു ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. വിദേശയൂണിവേഴ്‌സിറ്റികളില്‍ നടത്തപ്പെട്ട ഈ മനശാസ്ത്ര വിശകലനത്തില്‍ 65% യുവാക്കളും ഒരുപോലെ അഭിപ്രായപ്പെട്ട ഒരു വസ്തുതയുണ്ട്. തങ്ങളുടെ ആത്മാവിന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന മതാചാര വ്യവസ്ഥയെയാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നത്. മറിച്ചുള്ളത് തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് സംശയലേശമെന്യേ അവിടെ പ്രഖ്യാപിക്കപ്പെട്ടു.

കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് നീതി പുലര്‍ത്താത്ത, പുതിയ തലമുറയുടെ ആരാധനക്രമാഭിനിവേശങ്ങളോട് പ്രതികരിക്കാത്ത തീരുമാനങ്ങള്‍ യുവാക്കളെ സഭയില്‍നിന്ന് അകറ്റുവാന്‍ മാത്രമേ ഉപകരിക്കൂ. മുന്നോട്ട് നടക്കാത്ത പാരമ്പര്യങ്ങളില്‍ മാത്രം കടിച്ചുതൂങ്ങുന്ന ജനാഭിമുഖത്വമില്ലാത്ത നമ്മുടെ ആരാധനക്രമാഭിമുഖ്യ ങ്ങള്‍ എത്ര വലിയ ദോഷമാണ് സഭയ്ക്ക്, പ്രത്യേകിച്ച് യുവാക്കളാല്‍ പരിപോഷിതയാകേണ്ട സഭാ മാതാവിന് ചെയ്യുന്നത് എന്ന് പര്യാലോചിക്കേണ്ടത് അത്യാവശ്യമാണ്.

എന്തുകൊണ്ട് ജനാഭിമുഖ കര്‍ബാന?

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനക്രമ ചൈതന്യമുള്‍ക്കൊണ്ട് ആഗോള സഭയില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അര്‍പ്പിക്കെപ്പടുന്ന ജനാഭിമുഖബലിയെ അതുകൊണ്ടുതന്നെ സഭയിലെ യുവജനങ്ങള്‍ സ്‌നേഹിക്കുന്നു. ഇന്നത്തെ യുവതലമുറ മുന്നോട്ട് പ്രയാണം ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ബുദ്ധിക്ക്, ധിഷണാശക്തിക്ക്, ബോദ്ധ്യങ്ങള്‍ക്ക് നിരക്കാത്ത ആചാരബദ്ധമായ പാരമ്പര്യങ്ങളെ അവര്‍ മുറുകെ പിടിക്കുന്നില്ല. സാബത്തില്‍ രോഗശാന്തി നല്കിയ യേശുനാഥനാണ് ആധുനിക യുവത്വത്തിന്റെ മാതൃകയും പ്രചോദനവും ഊര്‍ജ്ജവും. പാരമ്പര്യങ്ങളുടെ പഴയ കാലത്തേക്കാള്‍ ഇടെപടലിന്റെ, സമീപസ്ഥതയുടെ, സജീവതയുടെ, അടുപ്പത്തിന്റെ പുതിയ കാലത്തെ ഇന്നത്തെ യുവത്വം സ്‌നേഹിക്കുന്നു. ഇവിടെയാണ് ജനാഭിമുഖ കുര്‍ബാന അവര്‍ക്ക് പ്രസക്തമാകുന്നത്. പതിനാലാം നൂറ്റാണ്ടിലോ, പതിനെട്ടാം നൂറ്റാണ്ടിലോ നിലനിന്നിരുന്ന ജീവിത സാഹചര്യമല്ല ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ യുവതയ്ക്കു നേരിടേണ്ടി വരുന്നത്. എല്ലാ ജീവിതതലങ്ങളിലും, രംഗങ്ങളിലും തികഞ്ഞ മുഖമില്ലായ്മയും, ഒറ്റപ്പെടലും, ഏകാന്തതയും അനുഭവിക്കേണ്ടി വരുന്ന നമ്മുടെ യുവതീയുവാക്കള്‍ക്ക് വി. കുര്‍ബാനയും ചൈതന്യമില്ലാത്ത, മുഖമില്ലാത്ത, ഹൃദയമില്ലാത്ത ഒരനുഭവമായി മാറേണ്ടതുണ്ടോ? കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് നീതി പുലര്‍ത്താത്ത, പുതിയ തലമുറയുടെ ആരാധനക്രമാഭിനിവേശങ്ങളോട് പ്രതികരിക്കാത്ത തീരുമാനങ്ങള്‍ യുവാക്കളെ സഭയില്‍നിന്ന് അകറ്റുവാന്‍ മാത്രമേ ഉപകരിക്കൂ. മുന്നോട്ട് നടക്കാത്ത പാരമ്പര്യങ്ങളില്‍ മാത്രം കടിച്ചുതൂങ്ങുന്ന ജനാഭിമുഖത്വമില്ലാത്ത നമ്മുടെ ആരാധനക്രമാഭിമുഖ്യങ്ങള്‍ എത്ര വലിയ ദോഷമാണ് സഭയ്ക്ക്, പ്രത്യേകിച്ച് യുവാക്കളാല്‍ പരിപോഷിതയാകേണ്ട സഭാ മാതാവിന് ചെയ്യുന്നത് എന്ന് പര്യാലോചിക്കേണ്ടത് അത്യാവശ്യമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ വച്ചു പുലര്‍ത്തുന്ന തുറവി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ദര്‍ശനം ചെയ്ത വിശാലമായ ആരാധനക്രമ വീക്ഷണം ഇന്നത്തെ യുവതലമുറ സീറോ മലബാര്‍ സഭയില്‍നിന്നു പ്രതീക്ഷിക്കുന്നു. സു വിശേഷം മാത്രം കൈമുതലാക്കി ഭാരതത്തിലേയ്ക്ക് വിശ്വാസത്തിന്റെ ദീപശിഖയുമായി കടന്നുവന്ന മാര്‍ത്തോമ്മാ ശ്ലീഹാ ഇവിടേയ്ക്ക് ഒരു പാരമ്പര്യവും കൊണ്ടുവന്നിട്ടില്ല. ഭാരതീയ സംസ്‌ക്കാരത്തിന്റെ പൈതൃകത്തില്‍ എല്ലാ സംസ്‌ക്കാരങ്ങളേയും ഉള്‍ക്കൊണ്ട് വളര്‍ന്നുവന്ന സീറോ മലബാര്‍ സംസ്‌ക്കാരം സ്വതന്ത്രമായ, പുരോഗമനപരമായ, പുതിയ തലമുറയുടെ ആവശ്യങ്ങളോട് നീതിബോധത്തോടെ പ്രതികരിക്കുന്ന ഒരു ആരാധനക്രമ ചൈതന്യത്തേയാണ് സ്വായത്തമാക്കേണ്ടത്. യുവജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കുന്ന, അവരുടെ അഭിപ്രായത്തിന് ചെവികൊടുക്കുന്ന, കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുന്ന, ഫ്രാന്‍സിസ് പാപ്പയുടെ വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്ന വിശാലമായ സമീപനം സഭയ്ക്കുണ്ടാകട്ടെ എന്ന് അതിയായി ആഗ്രഹിക്കുകയും സഭയുടെ ജനാഭിമുഖത ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

(ലേഖകന്‍ കേരള കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘടനയുടെയും, മലയാള മനോരമ ബാലജനസഖ്യത്തിന്റെയും മുന്‍ സംസ്ഥാന പ്രസിഡന്റും, കേരള എന്‍വയോണ്‍മെന്റ് ആന്‍ഡ് നേച്ചര്‍ അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും, സാമൂഹിക ശാസ്ത്രജ്ഞനുമാണ്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org