
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
സെക്രട്ടറി, സീറോ മലബാര്‍ കുടുംബ കൂട്ടായ്മ
വിവാഹമെന്നത് വിവാഹാര്‍ത്ഥിയുടേതെന്ന പോലെ തന്നെ മാതാപിതാക്കളുടെയും സ്വപ്നമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും ആലോചനയ്ക്കും ഒടുവിലാണ്, സ്വാഭാവികമായും ഒരു കുടുംബം രൂപംകൊള്ളുന്നത്. ഒന്നര ദശാബ്ദം കാലം വരെ 'പുര നിറഞ്ഞു നില്‍ക്കുന്നവള്‍' എന്നു കേട്ടു ശീലിച്ച മലയാളികള്‍, ഈയടുത്തായി 'പുരനിറഞ്ഞു നില്‍ക്കുന്നവന്റെ' മനോവികാരങ്ങളിലേയ്ക്ക് മാറി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ്, പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ലേയ്ക്ക് എന്ന ചര്‍ച്ച കേന്ദ്ര തലത്തില്‍ തന്നെ കൊടുമ്പിരി കൊണ്ടിരിക്കുന്നത്.
നസ്രാണി പാരമ്പര്യം:
ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിവാഹപ്രായം 21 വയസ്സായി ഏകീകരിക്കണമെന്ന ചര്‍ച്ച, അഖിലേന്ത്യാ തലത്തില്‍ കൊഴുക്കുമ്പോഴും ക്രിസ്ത്യാനികളിലെ വിവാഹപ്രായം കഴിഞ്ഞ പതിറ്റാ ണ്ടില്‍പ്പോലും ആണ്‍കുട്ടികളുടേത് 27-30 ന് ഇടയിലും പെണ്‍കുട്ടികളുടേത് 20-23 വയസ്സിനിടയിലും ആയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാഭ്യാസമൊക്കെ പൂര്‍ത്തീകരിച്ച്, പയ്യന്‍ ജോലിപരമായും സാമ്പത്തികമായും പക്വതയിലെത്തുമ്പോഴാണ് ചെറുക്കന്റെ വീട്ടുകാര്‍ കല്യാണത്തെപ്പറ്റിയൊക്കെ സാധാരണഗതിയില്‍ ചിന്തിക്കാറ്. പെണ്‍കുട്ടികളടെ കാര്യമാണെങ്കില്‍, 2000 ത്തിനിപ്പുറം ഡിഗ്രി പൂര്‍ത്തിയാക്കാതെ കല്യാണത്തെ പറ്റി ചിന്തിക്കാന്‍ പോലും മാതാപിതാക്കള്‍ സമ്മതിക്കാറില്ല. സാമാന്യം വിദ്യാഭ്യാസവും പക്വതയും പെണ്‍കുട്ടികള്‍ക്കുണ്ടാകണമെന്ന് അവരുടെ രക്ഷിതാക്കള്‍, പണ്ടു മുതലെ ആഗ്രഹിച്ചിരുന്നുവെന്നു വ്യക്തം. അതുപോലെ തന്നെ ചെറുക്കനും പെണ്ണും തമ്മില്‍ നാലഞ്ചു വയസ്സു വ്യത്യാസമെന്നത് വീട്ടിലെ കാരണവര്‍മാര്‍ക്ക് അല്‍പ്പം നിര്‍ബന്ധബുദ്ധിയുള്ള കാര്യവുമായിരുന്നു.
വിവാഹ പ്രായത്തിലെ ഇപ്പോഴത്തെ ട്രെന്റ്
പക്ഷേ ഇന്ന് കാലം മാറി. ആണ്‍കുട്ടികളുടെ വിവാഹപ്രായം കുറഞ്ഞ് 2427 വയസ്സിലേക്കെത്തിയതും പെണ്‍കുട്ടികളുടെ വിവാഹ പ്രായം കൂടി 22-25 വയസ്സിലെത്തിയതും ആണ്‍പെണ്‍ അന്തരം കുറഞ്ഞു കുറഞ്ഞ്, പലപ്പോഴും സമപ്രായക്കാരാകുന്നതും ഈ പതിറ്റാണ്ടിന്റെ സവിശേഷതയാണ്. നേരത്തെ ജോലിക്കു വേണ്ടിയും സാമ്പത്തികപരമായ പക്വതയ്ക്കുവേണ്ടിയുമുണ്ടായിരുന്ന ആണ്‍ കുട്ടികളുടെ കാത്തിരിപ്പ്, ഒരു പരിധി വരെ നമ്മുടെ പുതുതലമുറയില്‍ കാണപ്പെടുന്നില്ലെന്നതും ഇന്നിന്റെ യാഥാര്‍ത്ഥ്യമാണ്. പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കുമ്പോള്‍ ചെറുക്കന്റെ ജോലിക്കു പ്രാമുഖ്യം കൊടുത്തിരുന്ന നമ്മളില്‍ ഭൂരിഭാഗവും ഇപ്പോഴതിനു വലിയ പ്രാമുഖ്യം കൊടുക്കാതെ, അവരുടെ മാതാപിതാക്കളുടെ ജോലിക്കും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്കും പ്രാധാന്യം കൊടുക്കാനാരംഭിച്ചതായി കാണാം.
പരമ്പരാഗതമായി പെണ്‍മക്കളുടെ വിവാഹമായിരുന്നു, മാതാപിതാക്കളുടെ കുടുംബ നിര്‍വ്വഹണ കടമകളില്‍ പ്രാമുഖ്യമുള്ളതെന്ന് മാതാപിതാക്കള്‍ കരുതിയിരുന്നതെങ്കില്‍, ഇന്ന് ആണ്‍മക്കളുടെ വിവാഹവും അവരുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളിലൊന്നായി വ്യവസ്ഥാപിക്കപ്പെട്ടു ക്കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ആണായാലും പെണ്ണായാലും മാതാപിതാ ക്കളുടെ നല്ല പ്രായത്തില്‍ കെട്ടിക്കുകയെന്നത് നാട്ടു നടപ്പായി.
ഇന്നിന്റെ യാഥാര്‍ത്ഥ്യം
പൊതുവായ സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, ഇന്ന് നമ്മുടെ സമൂഹം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു സുപ്രധാന പ്രശ്‌നത്തിലേയ്ക്ക് അടിയന്തിര ശ്രദ്ധ ക്ഷണിക്കുകയാണ്. കത്തോലിക്കാ സമൂഹത്തില്‍ ശരാശരി സാമ്പത്തിക നിലവാരമുള്ള സാധാരണ കുടുംബങ്ങളിലെയും സാധാരണ ജോലികളിലേര്‍പ്പെടുന്നവരുമായ ചെറുക്കന്‍മാര്‍ക്ക്, പെണ്ണു കിട്ടാനില്ലെന്നുള്ളത് ഇന്നിന്റെ പരമ യാഥാര്‍ത്ഥ്യമാണ്. പ്രത്യേകിച്ച്, നിര്‍മ്മാണ തൊഴിലാളികള്‍, ഡ്രൈവര്‍ മാര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, കൃഷിക്കാര്‍ തുടങ്ങി ഒരു നാടിന്റെ അടിസ്ഥാന വികസനത്തില്‍ കര്‍മ്മം കൊണ്ട് ഭാഗഭാഗിത്വം വഹിക്കുന്ന സര്‍വ്വസാധാരണക്കാരായ യുവാക്കള്‍ക്ക് യോജിച്ച ബന്ധുത്വം ലഭ്യമാകാതെ പോകുന്നത് നമുക്ക് സുപരിചിതമായ വസ്തുതയും പരിഹരിക്കപ്പെടേണ്ട യാഥാര്‍ത്ഥ്യവുമാണ്. ഇതിന്റെ അനുരണനമെന്നോണം അവിവാഹിതരായ യുവജനങ്ങളുടെയെണ്ണം നമ്മുടെ ഇടവകകളില്‍ ഈയ്യിടെ വ്യാപകമായി കൂടി വരുന്നത്, നാം കാണാതെ പോകരുത്.
കേരളത്തിലെ മാത്രം കണക്കെടുത്താല്‍ വിവിധ ക്രൈസ്തവ
സഭാ വിഭാഗങ്ങള്‍ക്കിടയില്‍ ഏതാണ്ട് രണ്ടര ലക്ഷത്തോളം
യുവാക്കള്‍ അവിവാഹിതരായിട്ടുണ്ടെന്നുള്ളത് അതിഗൗരവതരമായി
നമ്മുടെ വിചിന്തനത്തിന് വിധേയമാകേണ്ടതാണ്.
അവര്‍ യഥാസമയം വിവാഹിതരായിരുന്നെങ്കില്‍, ഉണ്ടാകുമായിരുന്ന
കുടുംബവും കുടുംബ പശ്ചാത്തലവും അവരുടെ കുട്ടികളെയും കൂടി
കണക്കിലെടുക്കുമ്പോള്‍, വലിയൊരു തലമുറ നഷ്ടം കൂടിയാണ്
നാം അഭിമുഖീകരിക്കുന്നത്.
പ്രണയക്കെണികളില്‍ നമ്മുടെ പെണ്‍കുട്ടികള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ തന്നെയാണ്, ആയിരക്കണക്കിന് യുവാക്കള്‍ അവിവാഹിതരായി നില്ക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിലെ സുറിയാനി കത്തോലിക്കര്‍ക്കിടയില്‍ മാത്രം വിവാഹ പ്രായമായിട്ടും വിവാഹാന്തസ്സിലേയ്ക്കു പ്രവേശിക്കാനാകാത്ത ഒരു ലക്ഷത്തിലധികം പുരുഷന്മാരുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. അവരില്‍ ഭൂരിഭാഗത്തിന്റേയും പ്രായം 30-നും 45-നും ഇടയിലാണെന്നത്, ഗൗരവ തരം തന്നെ. അവരാരും, സ്വമനസ്സാലെ വിവാഹം വേണ്ടെന്നു വെച്ചവരല്ല; സാഹചര്യവശാല്‍ നല്ല പ്രായത്തില്‍ വിവാഹം നടക്കാതെ പോയവരാണ്. നമ്മുടെ സമുദായത്തിലെ ആണ്‍പെണ്‍ അനുപാതത്തിലെ, പെണ്‍കുട്ടികളുടെ കുറവും ഇതിനൊരു കാരണമാകാം.
അതുകൊണ്ട് തന്നെ, ഈ പ്രശ്‌നത്തെ സംബന്ധിച്ചും അതിന്റെ കാര്യകാരണങ്ങളെക്കുറിച്ചും ശാസ്ത്രീയമായ ഒരു പഠനവും സാധ്യമായ പരിഹാരമാര്‍ഗ്ഗങ്ങളും ക്രൈസ്തവ സമൂഹത്തിന്റെ നൈസ്സര്‍ഗികമായ നില നില്‍പ്പിന് അനിവാര്യതയാണെന്ന് പറയാതെ വയ്യ. അത്തരമൊരു പഠനത്തിന്റെ വെളിച്ചത്തില്‍, താഴെക്കാണുന്ന ചില കാര്യങ്ങള്‍ നാം മുഖവിലയ്‌ക്കെടുക്കേണ്ടിയിരിക്കുന്നു.
a. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം
നമ്മുടെ സമൂഹത്തിലും പ്രത്യേകിച്ച് നമ്മുടെ സമുദായത്തിലും പെണ്‍കുട്ടികളുടെ വിദ്യഭ്യാസനിലവാരം പൊതുവില്‍ ആണ്‍കുട്ടികളുടേതിനേക്കാള്‍ ഉയര്‍ന്നതാണ്. വിവിധ ക്രിസ്ത്യന്‍ മാട്രിമോണിയല്‍ സൈറ്റുകളിലെ യുവാക്കളുടെയും യുവതികളുടേയും വിദ്യാഭ്യാസ യോഗ്യത നോക്കിയാല്‍ ഈ അന്തരം നമുക്ക് ബോധ്യപ്പെടും. നമ്മുടെ പരമ്പരാഗത ക്രൈസ്തവ കുടുംബങ്ങളെ സാമാന്യ വല്‍ക്കരിച്ചാല്‍, പൊതുവില്‍ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളും ഉത്തരവാദിത്തങ്ങളും പുരുഷന്മാരില്‍ നിക്ഷിപ്തമാണെന്നു കാണാം. അക്കാരണം കൊണ്ടു തന്നെ ആണ്‍ കുട്ടികള്‍ പത്താം ക്ലാസ്സിനും പ്ലസ് ടുവിനും ശേഷം വീട്ടിലെ സാഹചര്യം മനസ്സിലാക്കി കൃഷിയില്‍ വ്യാ പരിക്കുകയോ പെട്ടെന്ന് ജോലി കണ്ടെത്തുന്നതിനുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ ചേരുകയോ ചെയ്യുന്നു. നല്ല കുടുംബങ്ങളിലേയ്ക്ക്, പെണ്‍മക്കളെ കെട്ടിച്ചു വിടണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ സ്വാഭാവികമായും പെണ്‍മക്കളെ തുടര്‍ പഠനത്തിന് അയയ്ക്കുകയും ചെയ്യുന്നു. ആയതിനാല്‍ തന്നെ വീട്ടിലുള്ള പുരുഷന്മാര്‍ക്ക് വീട്ടിലെ സാമ്പത്തികാവസ്ഥ മനസ്സിലാക്കി, കൃഷിയുമായോ പെട്ടെന്ന് ജോലി കിട്ടാനിടയുള്ളതുമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുകയും സ്വാഭാവികമായും വളരെ പെട്ടെന്നു തന്നെ പണ സമ്പാദനത്തിന്റെ തൊഴില്‍ മേഖലയില്‍ വ്യാപരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ വിശകലനം ചെയ്യുക; ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ആണ്‍കുട്ടികള്‍ സാധാരണ കുടുംബങ്ങളില്‍ നിന്നും സ്വാഭാവികമായും കുറവാണ്.
എന്നാല്‍ പെണ്‍കുട്ടികളുടെ അവസ്ഥ നേരെ തിരിച്ചാണ്. മക്കളെന്ന നിലയില്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം വലിയ തോതില്‍ അവരുടെ ചുമലിലല്ലാത്തതിനാല്‍ സാധാരണ കുടുംബങ്ങളിലുള്ളവരായിരുന്നാല്‍ പോലും അവരില്‍ ബഹുഭൂരിപക്ഷവും ചുരുങ്ങിയ പക്ഷം ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കുകയോ ഏതെങ്കിലും ഒരു പ്രഫഷണല്‍ ബിരുദം നേടുകയോ പതിവാണ്. ആണ്‍കുട്ടികളെപ്പോലെ തന്നെ കുടുംബത്തിന്റെ നെടുംതൂണായി മാറുന്ന ചിലര്‍ പെണ്‍കുട്ടികള്‍ക്കിടയിലുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല. പക്ഷേ പലപ്പോഴും ആണ്‍കുട്ടികളുടെ വിവാഹാലോചന സമയത്ത്, അവര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക സൗകര്യങ്ങളും ജീവിക്കാനുള്ള ഭേദപ്പെട്ട ചുറ്റുപാടും ഉണ്ടായിരുന്നിട്ടു കൂടി, വിദ്യാഭ്യാസ യോഗ്യത കുറവെന്ന പേരില്‍ വിവാഹമാര്‍ക്കറ്റില്‍ പുറന്തള്ളപ്പെട്ടു പോകുന്നത് എത്രയോ വേദനാജനക മാണ്.
b. ശാരീരികമാനസിക പ്രശ്‌നങ്ങള്‍
പ്രായം കൂടുന്നതിനനുസരിച്ചു വ്യക്തികള്‍ കൂടുതല്‍ പക്വമതികളാകുമെങ്കിലും ഓരോരുത്തരിലും അവനവന്റെ വ്യക്തിത്വം സുദൃഢമാകുകയും സ്വത്വം രൂപീകരിക്കപ്പെടുകയും ചെയ്യുക സ്വാഭാവികമാണ്. ഇത് അവരുടെ സ്വാഭാവിക ഫ്‌ളക്‌സിബിലിറ്റിയെ ബാധിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട്, പ്രായം കൂടുന്തോറും ജീവിതത്തില്‍ പരിചിതനല്ലാത്ത മറ്റൊരു വ്യക്തിയുമായും മറ്റൊരു കുടുംബവുമായും ഒത്തൊരുമയില്‍ ചേര്‍ന്നു പോകാനുള്ള മെയ് വഴക്കം നഷ്ടപ്പെടുക, സ്വാഭാവികമാണ്. എന്നാല്‍ നിയമം അനുശാസിക്കുന്ന പ്രായത്തിലെ വിവാഹങ്ങള്‍, സ്വാഭാവികമായും യുവത്വം ആഘോഷിക്കാനുള്ള സാധ്യതകളെ സാധുതമാക്കുന്നതിനാല്‍ മേല്‍സൂചിപ്പിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സാധുത നല്‍കുന്നില്ലെന്നതാണ്, വാസ്തവം.
ഇതുപോലെ തന്നെയാണ്, ഈ പ്രായപരിധിയില്‍ അവരെയലട്ടുന്ന ശാരീരിക പ്രശ്‌നങ്ങളും. ഒരു സ്ത്രീ അമ്മയാകുന്നതിനുള്ള ഏറ്റവും നല്ല പ്രായം 20-25 ആയിരിക്കെ, ഇതില്‍ വരുന്ന വലിയ വ്യതിയാനങ്ങള്‍ അവരുടെ പ്രത്യുത്പാദന ശേഷിയെപ്പോലും ദോഷകരമായി ബാധിക്കുന്നുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ട മെഡിക്കല്‍ യാഥാര്‍ത്ഥ്യമാണ്. അതുപോലെ തന്നെ ഒരു നിശ്ചിത പ്രായത്തിനു മുകളിലുള്ള സ്ത്രീകള്‍ (35 നു മുകളില്‍) ഗര്‍ഭവതികളാകുമ്പോള്‍, അവര്‍ നേരിടുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഗൗരവതരം തന്നെയാണ്. ഗര്‍ഭകാലയളവില്‍ അവരഭീമുഖീകരിക്കുന്ന ശാരീരികാസ്വാസ്ഥ്യങ്ങള്‍ സ്വാഭാവികമായും കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതില്‍ അവരെ കൊണ്ടു ചെന്നെത്തിക്കുമെന്ന് തീര്‍ച്ച. മാത്രവുമല്ല; മക്കളുടെ വിവാഹം നടത്തുന്ന സമയത്തുള്ള മാതാപിതാക്കളുടെ പ്രായം 65 നു മുകളിലാകുന്നത്, ഇക്കാലത്ത് അത്ര തന്നെ ആശാസ്യവുമല്ല.
c. വിവാഹം; ഒരു ദൈവിക പദ്ധതി
വിവാഹവേദികളില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് കുടുംബത്തെക്കുറിച്ചുള്ള ദൈവവചനവും ക്രിസ്തുവിനാല്‍ സ്ഥാപിതമായ തിരുസഭയുടെ ആഗ്രഹവും സംയോജിക്കുകയെന്നതാണ്. രക്ഷകനായ ക്രിസ്തു തന്റെ മണവാട്ടിയായ സഭയെ സ്‌നേഹിച്ചതുപോലെ ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവും, സഭയ്ക്ക് ക്രിസ്തുവിനോടുള്ള വിധേയത്വം മാതൃകയാക്കിയ ഭാര്യയും ഒരു ക്രൈസ്തവ കുടുംബത്തിന്റെ അവര്‍ണ്ണനീയ മാതൃകയായി വി രാജിക്കുകയാണ്, വിവാഹമെന്ന കൂദാശയിലൂടെ.
രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഒരു ബന്ധത്തേക്കാളുപരി, വിവാഹം രണ്ടു കുടുംബങ്ങളേയും സ്വാഭാവികമായും രണ്ടു സമൂഹങ്ങളേയും ഒന്നിപ്പിക്കുന്നു. ഒരു നിശ്ചിത കാലത്തേയ്ക്കല്ല; മരണം വരെ നീണ്ടു നില്‍ക്കേണ്ടതും വിശുദ്ധമായി കരുതേണ്ടതുമാണ്, വിവാഹമെന്ന കൂദാശയെന്ന കാഴ്ചപ്പാട് നമ്മുടെ യുവാക്കളില്‍ രൂഢമൂലമാകേണ്ടിയിരിക്കുന്നു.
'സുഖത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഇന്നു മുതല്‍ മരണം വരെ' എന്ന പ്രതിജ്ഞചൊല്ലി പള്ളിയില്‍ ആശിര്‍വദിച്ചാരംഭിക്കുന്ന നമ്മുടെ ക്രൈസ്തവ ദാമ്പത്യം ദൈവഹിതവും പരമ്പരാഗതവുമായ തിരുകുടുംബത്തിന്റെ പുതുപതിപ്പാണ്. വിവാഹമെന്ന കൂദാശയിലൂടെ ഒരു കുടുംബം സംസ്ഥാപിതമാകുകയും അതിലൂടെ പുതിയ തലമുറകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
d. പ്രണയദുരന്തങ്ങള്‍
കണ്ണും മൂക്കുമില്ലാത്ത പ്രണയക്കെണികളില്‍ നമ്മുടെ യുവത്വം ചെന്നുപെടുമ്പോള്‍ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന, ക്രൈസ്തവ കുടുംബമെന്ന ദൈവികവ്യവസ്ഥിതിയുടെ അര്‍ത്ഥം തന്നെ മാറ്റി മറിയുകയാണ്. മതാന്തര വിവാഹങ്ങള്‍, ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ അനിവാര്യതയായി അവതരിപ്പിക്കുന്ന ഒരു പുതു തലമുറ വികാരം, നമ്മുടെ മക്കളില്‍ സ്ഥൈര്യ ഭാവത്തോടെ രൂപപ്പെടുന്നത് നാം പഠന വിധേയമാക്കേണ്ടതുണ്ട്. പത്തും പന്ത്രണ്ടും വര്‍ഷക്കാലത്തെ ദൈര്‍ഘ്യമുള്ള വേദപാഠ ക്ലാസ്സുകളില്‍ അവര്‍ പഠിച്ച ദൈവികതയും സഭാത്മകതയും ഞൊടിയിട കൊണ്ട് നഷ്ടപ്പെടുത്താനും തള്ളിപ്പറയാനും അവര്‍ തയ്യാറാകുന്നുവെന്നത്, അല്‍പ്പം വിമര്‍ശനാത്മകമായി പറഞ്ഞാല്‍ ആ സംവിധാനത്തിന്റെ കൂടി ന്യൂനതയായി നാം കാണണമെന്നു ചുരുക്കം. തത്വാധിഷ്ഠിത ആത്മീയതയ്‌ക്കൊപ്പം പ്രായോഗികതയ്ക്കു പ്രാമുഖ്യമുള്ളതും ജീവിത ബന്ധിയായതുമായ ആത്മീയത രൂപപ്പെടേണ്ടതുണ്ട്. നമ്മുടെ വിശ്വാസ പരിശീലന ക്ലാസ്സുകളില്‍ ഇതിന്റെ പ്രായോഗികത കൂടി ചര്‍ച്ച ചെയ്യപ്പെടണം.
e. മതാന്തര വിവാഹങ്ങള്‍:
'കുട്ടികള്‍ തമ്മില്‍ ഇഷ്ടത്തിലാണ്, അതുകൊണ്ട് ജാതീം മതമൊന്നും നോക്കീല്ല.' എന്ന വാചകം, ഇന്ന് മാതാപിതാക്കള്‍ക്കിടയിലും എന്തിന്; പൊതു സമൂഹത്തില്‍ പോലും ജനകീയമായി കൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. സാന്ദര്‍ഭികവശാല്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പല പരാമര്‍ശങ്ങളും കുട്ടികളുടെയും യുവാക്കളുടേയും ഇടയില്‍ നാമറിയാതെ തന്നെ പ്രോത്സാഹജനകമാകുന്നുണ്ട്. ഇത്തരം പ്രോത്സാഹനങ്ങള്‍ക്ക്, പലപ്പോഴും വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ പ്രായോഗികത കൈവരുന്നത് നാം കാണാതെ പോകരുത്. വൈകാരികമായി പക്വതയെത്തിയിട്ടില്ലാത്ത സ്‌കൂള്‍ കാലഘട്ടത്തില്‍ പോലും മൊട്ടിടുന്ന പ്രണയങ്ങള്‍, അവരുടെ, പ്രത്യേകിച്ച് എത്രയോ ആണ്‍കുട്ടികളുടെ തുടര്‍ പഠനത്തേയും പ്രഫഷണല്‍ സാധ്യതകളേയും ഇല്ലാതാക്കിയിരിക്കുന്നു.
കൂട്ടായ ഉത്തരവാദിത്വം:
ഇതൊരു പൊതു പ്രശ്‌നമായതു കൊണ്ട് തന്നെ, വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ യോജിപ്പിന്റെ സാധ്യതകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു പരിധിവരെ, ആരാധന തലത്തിലും പരമ്പരാഗത തലത്തിലും വിഭിന്ന ചേരിയിലുള്ള ഇതര മതസ്ഥരുമായുള്ള വിവാഹത്തേക്കാള്‍ എന്തുകൊണ്ടും അഭികാമ്യം, ഒരേ വിശ്വാസത്തിന്റെ വ്യത്യസ്ത രീതികള്‍ പിന്തുടരുന്നവര്‍ തമ്മിലുള്ള വിവാഹമായിരിക്കുമെന്നതില്‍ തര്‍ക്കവിതര്‍ക്കങ്ങളില്ല. ഇക്കാര്യം, സഭാ നേതൃത്വങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പെണ്‍പള്ളിക്കൂടങ്ങള്‍ ആരംഭിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിവിധ ക്രൈസ്തവ സഭകള്‍ നല്‍കിയ അതേ പ്രാമുഖ്യവും ഊന്നലും ആണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് നാം നല്‍കേണ്ടതുണ്ട്. ജോലി കിട്ടുന്ന മുറയ്ക്കു, സാമ്പത്തിക ഭദ്രതയ്ക്ക് പ്രാധാന്യം നല്‍കാതെ, അവരുടെ കല്യാണാലോചനകള്‍ ക്ക് മുന്‍തൂക്കം കൊടുക്കാന്‍ മാതാപിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
കേരളത്തിലെ മാത്രം കണക്കെടുത്താല്‍ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ക്കിടയില്‍ ഏതാണ്ട് രണ്ടര ലക്ഷത്തോളം യുവാക്കള്‍ അവിവാഹിതരായിട്ടുണ്ടെന്നുള്ളത് അതി ഗൗരവതരമായി നമ്മുടെ വിചിന്തനത്തിന് വിധേയമാകേണ്ടതാണ്. അവര്‍ യഥാസമയം വിവാഹിതരായിരുന്നെങ്കില്‍, ഉണ്ടാകുമായിരുന്ന കുടുംബവും കുടുംബ പശ്ചാത്തലവും അവരുടെ കുട്ടികളെയും കൂടി കണക്കിലെടുക്കുമ്പോള്‍, വലിയൊരു തലമുറ നഷ്ടം കൂടിയാണ് നാം അഭിമുഖീകരിക്കുന്നത്.
യാഥാര്‍ത്ഥ്യബോധത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുകയെന്നത് ദുഷ്‌ക്കരമെങ്കിലും ഈ കാലഘട്ടം നമ്മില്‍ നിന്നാവശ്യപ്പെടുന്ന അനിവാര്യമായ കാവ്യനീതിയാണ് ഇത്. അതിന് എല്ലാ ക്രൈസ്തവ സഭകളുടെയും എക്യുമെനിക്കല്‍ ഫോറം മുന്നോട്ടു വരികയും കൂട്ടായ ചര്‍ച്ചകളിലൂടെ സാധ്യമായ പരിഹാര സാധ്യതകള്‍ അന്വേഷിക്കുകയും വേണം.