93 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1931 മാര്‍ച്ച് 20-ന് ന്യൂയോര്‍ക്കിലുള്ള ബര്‍ണബാസ് എന്ന റഷ്യന്‍ ഓര്‍ത്തഡോക്‌സ് വൈദികന് ബഥനി ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍ ഇവാനിയോസ് എഴുതിയ ഒരു കത്തുണ്ട്. ആ കത്തിലെ പ്രസക്ത ഭാഗങ്ങള്‍ മാത്രം ഇവിടെ കുറിക്കാം. ''യേശുനാഥന്റെ സ്‌നേഹഹൃദയമാണ് തിരുസഭയുടെ മാറിടത്തില്‍ സ്പന്ദിക്കുന്നത്... സ്‌നേഹനാഥന്റെ ജീവദായകമായ കഷ്ടാനുഭവവും മരണവും പുനരുത്ഥാനവും വഴി വീണ്ടെടുത്ത മനുഷ്യകുലം ഒന്നടങ്കം രക്ഷാകരമായ വിശുദ്ധ കത്തോലിക്കാസഭയെ ആശ്ലേഷിക്കുന്നത് കാണുവാന്‍ അവിടുത്തെ ഹൃദയം അവിശ്രാന്തം കത്തിയെരിഞ്ഞുകൊണ്ടിരിക്കുകയാണ്!''
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയും മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ആര്‍ച്ചുബിഷപ്പ് മാര്‍ ഇവാനിയോസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യപദവിയിലേക്ക് ഉയര്‍ത്തിയതോടെ, ഒമ്പത് ദശകങ്ങള്‍ക്കു മുമ്പ് കൊളുത്തിവച്ച ഐക്യദീപ ഗോപുരത്തിന്റെ പ്രകാശ ധോരണിയില്‍ കത്തോലിക്കാസഭ എത്രത്തോളം ആഹ്ലാദവതിയാണെന്ന് കണ്ട് വിശ്വസിക്കാനാവുന്നതേയുള്ളൂ.
പുനരൈക്യത്തിനുവേണ്ടി സ്വന്തമായി സമ്പാദിച്ച ഏക്കര്‍ കണക്കിനു സ്ഥലവും മറ്റ് ബാഹ്യവും ഭൗതികവുമായ എല്ലാ സ്വത്തു സമ്പാദ്യങ്ങളും ഉപേക്ഷിച്ച് ക്രിസ്തുവില്‍ ഒന്നാകുവാനുള്ള ദിവ്യപ്രേരണയുടെ ഏകാന്തവീഥിയില്‍ ആര്‍ച്ചുബിഷപ്പ് ഇവാനിയോസ് പിതാവിന് തുണയായത് ഒളിമങ്ങാത്ത ദൈവാശ്രയബോധമായിരുന്നുവെ ന്ന് പിന്നീട് ചരിത്രം തെളിയിച്ചതും ആദരവോടെയാണ് ഇന്നും സഭാതനയര്‍ വീക്ഷിക്കുന്നത്.
വാഴ്ത്തപ്പെട്ടവന്‍, വിശുദ്ധന്‍ എന്നീ പടവുകള്‍ മാത്രമേ ഈ മഹാത്മാവിന്റെ അള്‍ത്താര വണക്കത്തിനായി ഇനി ശേഷിച്ചിട്ടു ള്ളൂ. പുനരൈക്യത്തിന്റെ ചരിത്ര വായനയില്‍ ഒരു സഭാസ്ഥാപകന്റെ ആത്മീയ വഴിത്താര എത്രത്തോളം ദൈവികമായിരിക്കണമെന്ന് ഏതൊരു വിശ്വാസിക്കും മനസ്സിലാക്കാനാകുന്ന വിധത്തിലാണ് ഇവാനിയോസ് പിതാവിന്റെ ജീവിത മാതൃകകള്‍.
ഇംഗ്ലണ്ടും അയര്‍ലണ്ടും 1932-ല്‍ സന്ദര്‍ശിച്ചുകൊണ്ട് സീറോ മലങ്കര കത്തോലിക്കാസഭയുടെ സാന്നിധ്യമറിയിക്കാന്‍ ആ രാജ്യങ്ങളില്‍ ഇവാനിയോസ് പിതാവെത്തി. ഡബ്ലിനില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍, ഭാരതത്തിലെ പുനരൈക്യപ്പെട്ട മലങ്കര കത്തോലിക്കാസഭയുടെ അതിസങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ അന്ന് പിതാവ് അവതരിപ്പിച്ചത് പാശ്ചാത്യ സഭാപിതാക്കന്മാര്‍ അതീവ ശ്രദ്ധയോടെയാണ് കേട്ടിരുന്ന തെന്ന് സഭയുടെ പില്‍ക്കാല ചരിത്രത്തിലുണ്ട്. ഡബ്ലിനിലെ പബ്ലിക് ലൈബ്രറിയിലെ ആര്‍ക്കൈവ്‌സില്‍ ഇവാനിയോസ് പിതാവിന്റെ ഈ പ്രസംഗം സൂക്ഷിച്ചിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിലെ അന്നത്തെ രാജാവായിരുന്ന ജോര്‍ജ് അഞ്ചാമന്‍ അദ്ദേഹത്തോടൊപ്പം വിരുന്നില്‍ പങ്കെടുക്കാന്‍ പിതാവിനെ ക്ഷണിക്കുകയുണ്ടായി. 93 വര്‍ഷങ്ങള്‍ക്കു മുമ്പ് യൂറോപ്പിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ഇവാനിയോസ് പിതാവ് മൂന്‍കൂട്ടി കണ്ടിരുന്നുവോ? ദൈവകൃപയുടെ സ്‌നേഹപാതകള്‍ ഒരുക്കിയാലേ, പുനരൈക്യത്തിന്റെ പൂര്‍ണ്ണത കൈവരിക്കാനാവൂ എന്ന് ഈവാനിയോസ് പിതാവ് ചിന്തിച്ചിരുന്നു. സ്വന്തമായ ഒരു സന്യാസസഭയുണ്ടാക്കാന്‍ പിതാവ് എഴുതിയുണ്ടാക്കിയ മാര്‍ഗരേഖയില്‍ അച്ചടക്കത്തെക്കാള്‍ അനുസരണത്തിനും വിധേയത്വത്തിനും ഊന്നല്‍ നല്‍കിയതുപോലും, സ്വന്തം ജീവിതപാതകളില്‍ നിന്ന് ആവാഹിച്ചെടുത്ത സഹനത്തിന്റെയും ത്യാഗത്തിന്റെയും ജീവിതനിമിഷങ്ങളില്‍ നിന്നായിരുന്നുവെന്നത് നമുക്ക് മറക്കാതിരിക്കാം.