
മാര്‍ ജേക്കബ് മനത്തോടത്ത്
അഭിവന്ദ്യ ആന്റണി പടിയറ പിതാവ് 1985 ജൂലൈ മൂന്നാം തീയതിയാണ് എറണാകുളം-അങ്കമാലി അതി രൂപതയുടെ മെത്രാപ്പോലീത്തയായി ചുമതല ഏറ്റെടുത്തത്. അന്നു മുതല്‍ എനിക്ക് അദ്ദേഹത്തെ അടുത്തു പരിചയമുണ്ട്. പടിയറ പിതാവ് തന്റെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് എന്നെ ആദ്യം നിയമിക്കുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ Save A Family Plan (SAFP) Canada യുടെ ചുമതല വഹിക്കാന്‍ അവിടേയ്ക്ക് പോകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിച്ചു കൊണ്ടിരുന്നപ്പോള്‍ പിതാവ് തീരുമാനം മാറ്റി. എന്നെ അതിരൂപത ചാന്‍സലര്‍ ആയി നിയമിച്ചു. വൈദികപട്ടമേറ്റ ശേഷവും ഉപരിപഠനം കഴിഞ്ഞു തിരിച്ചുവന്ന ശേഷവും അരമനയുമായി ബന്ധപ്പെട്ടുള്ള സേവനങ്ങളായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. അതിനാല്‍ ഇടവകയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതനുസരിച്ച് ചാന്‍സലറായി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഏതെങ്കിലും ഒരു ഇടവകയിലേക്ക് എനിക്കു മാറ്റം വേണമെന്നു ഞാന്‍ പിതാവിനോടു സൂചിപ്പിച്ചു. ഇക്കാര്യം പല ആവര്‍ത്തി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവസാനം പിതാവ് സമ്മതിച്ചു.
വളരെ വേദനയോടു കൂടിയാണ് എന്റെ ആവശ്യം പരിഗണിക്കുന്നതെന്നു സൂചിപ്പിക്കുന്ന ഒരു കത്ത് പിതാവ് എനിക്ക് നല്കി. ഒരു ഇടവക തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ട പ്രകാരം മഞ്ഞപ്ര ഫൊറനയിലെ ഒരു ചെറിയ ഇടവക ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ ചെറിയ പള്ളിയിലേക്കു വിടില്ലെന്നും താന്‍ ഉദ്ദേശിക്കുന്നത് കാഞ്ഞൂര്‍ ഫൊറോനപ്പള്ളിയാണെന്നും പിതാവ് പറഞ്ഞു. ഒരു കൊച്ചച്ചനായ എനിക്ക് അത്രയും വലിയ പള്ളിയുടെ മേല്‍നോട്ടം വഹിക്കാനുള്ള പ്രാപ്തിയില്ല എന്നു ഞാന്‍ മറുപടി കൊടുത്തു. ആ ഘട്ടത്തിലാണ് വൈക്കം ഫൊ റോനയിലെ ചെമ്പു പള്ളിയിലെ വികാരിയച്ചന്‍ മാറ്റം ചോദിച്ച് അരമനയില്‍ വന്നത്. ആ പശ്ചാത്തലത്തില്‍ ഞാന്‍ ചെമ്പു പള്ളി ചോദിക്കുകയും പിതാവ് എന്നെ അവിടേക്ക് നിയമിക്കുകയും ചെയ്തു. ഞാന്‍ അവിടെ വികാരിയായിരിക്കേ രണ്ടു പ്രാവശ്യം പിതാവ് എന്നെ കാണാന്‍ അവിടെ വന്നു. അവിടെ ഇടവകദിനം ആഘോഷിക്കപ്പെട്ട അവസരത്തില്‍ എന്റെ ക്ഷണം സ്വീകരിച്ച് പിതാവ് അതില്‍ സംബന്ധിക്കുകയും എ ന്നെപ്പറ്റി മതിപ്പോടുകൂടി സംസാരിക്കുകയും ചെയ്തു. നിര്‍ബ്ബന്ധ പൂര്‍വ്വം മാറ്റം ചോദിച്ചു പോന്നതില്‍ പിതാവിനു പിണക്കമില്ലെന്നു മനസ്സിലായപ്പോള്‍ എനിക്ക് സന്തോഷമായി. ഒരുവര്‍ഷം കഴിഞ്ഞ്, 1990-ല്‍ പിതാവ് എന്നെ ചെമ്പില്‍ നിന്നു മാറ്റി ആലുവ കാര്‍മ്മല്‍ഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രം പഠിപ്പിക്കുന്നതിനായി നിയോഗിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം പിതാവിന്റെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് എന്നെത്തേടിയെത്തി.
സഹായമെത്രാനായി ഞാന്‍ നിയമിതനായിരിക്കുന്നു എന്ന വിവരം അറിയിക്കാന്‍ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ പിതാവു വന്നെങ്കിലും അധ്യാപനത്തിനുവേണ്ടിയുള്ള ചില പുസ്തകങ്ങള്‍ അന്വേഷിച്ചു ഞാന്‍ പുറത്തു പോയിരുന്നതിനാല്‍ തമ്മില്‍ കണ്ടില്ല. അന്നു രാത്രി പിതാവ് എന്നെ ഫോണില്‍ വിളിച്ചു പിറ്റേന്ന് അരമന യിലെത്താന്‍ ആവശ്യപ്പെട്ടു. പിതാവിനെ നേരില്‍ കണ്ടപ്പോള്‍ നിയമനം സംബന്ധിച്ച കത്ത് പിതാവ് എനിക്കു കൈമാറി. എന്നാല്‍ തത്സ്ഥാനത്തിനു ഞാന്‍ അയോഗ്യനാണെന്നും എന്നെ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. മാര്‍പാപ്പ എടുത്ത തീരുമാനം ആണ്. അതുകൊണ്ട് അത് സ്വീകരിക്കണമെന്ന് പിതാവ് എന്നെ ഉപദേശിച്ചു. മെത്രാന്‍സ്ഥാനം ഒരു കുരിശാണെന്നും അതു വഹിക്കണമെന്നും കര്‍ത്താവ് അതിനുവേണ്ട ശക്തി തരുമെന്നും പിതാവ് അന്നെന്നോടു പറഞ്ഞത് ഇന്നും ഞാന്‍ അനുസ്മരിക്കുന്നു.
1992 ലാണ് ഞാന്‍ പിതാവിന്റെ സഹായമെത്രാനായി നിയമിക്കപ്പെടുന്നത്. നാലേകാല്‍ വര്‍ഷം അദ്ദേഹത്തിനൊടൊപ്പം സഹായ മെത്രാനും അതിരൂപതാ വികാരി ജനറാളുമായി പ്രവര്‍ത്തിച്ചു. പിതാവ് എല്ലാ കാര്യങ്ങളും എന്നെ വിശ്വസിച്ച് ഏല്പിക്കുമായിരുന്നു. ഞാന്‍ എല്ലാം പിതാവുമായി ആലോചിച്ച് ചെയ്യുകയും ചെയ്തിരുന്നു. എനിക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിതാവ് തന്നിരുന്നു. പിതൃസഹജമായ വാത്സല്യം പിതാവ് എന്നോട് കാണിച്ചിരുന്നു. വിശുദ്ധ ഫ്രാന്‍സിസ് സെയില്‍സിനെപ്പറ്റി പറയുന്നത് അദ്ദേഹം മാന്യനായ ഒരു മെത്രാനായിരുന്നു എന്നാണ്. അഭിവന്ദ്യ പടിയറ പിതാവും മാന്യമായും ശാന്തമായും സൗമ്യമായും പെരുമാറിയിരുന്ന മെത്രാപ്പോലീത്തായായിരുന്നു. വളരെയേറെ പരിഗണനയും ബഹുമാനവും അദ്ദേഹം എല്ലാവര്‍ക്കും നല്‍കിയിരുന്നു. ആരെയും വേദനിപ്പിച്ചിരുന്നില്ല. ആരെപ്പറ്റിയും കുറ്റം പറഞ്ഞതായി കേട്ടിട്ടില്ല. നല്ലതു മാത്രമേ പറയുമായിരുന്നുള്ളൂ. ഒരിക്കല്‍ മാത്രമാണ് ഒരു വൈദികനോട് അദ്ദേഹം ക്ഷോഭിച്ചു സം സാരിച്ചത് ഞാന്‍ കണ്ടത്. എന്നാല്‍ പിന്നീട് ആ വൈദികനെ വിളിച്ചു ക്ഷമചോദിക്കുന്നതിനും ഞാന്‍ സാക്ഷിയായി.
പടിയറ പിതാവ് മെത്രാനായപ്പോള്‍ സ്വീകരിച്ച ആദര്‍ശവാക്യം "സന്തോഷത്തോടെ ശുശ്രൂഷ ചെയ്യുക" (servire in laetitia) എന്നതായിരുന്നു. ഈ ആദര്‍ശം അദ്ദേഹം ജീവിച്ചു. എപ്പോഴും പുഞ്ചിരി തൂകുന്ന മുഖത്തോടെയാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചിരുന്നത്. അദ്ദേഹം ആഗതരെ സ്വീകരിച്ചിരുന്നതും അപ്രകാരം തന്നെയായിരുന്നു. തന്റെ മുറിയിലേക്കു കടന്നുവരുന്ന സന്ദര്‍ശകരെ എഴുന്നേറ്റു നിന്ന് അദ്ദേഹം സ്വാഗതം ചെയ്യുമായിരുന്നു. അവരോടുള്ള ബഹുമാനം കൊണ്ടാണ് അദ്ദേഹം അപ്രകാരം ചെയ്തിരുന്നത്. വളരെയേറെ സഹനങ്ങള്‍ അഭിമുഖീകരിച്ച വ്യക്തിയാണു പടിയറ പിതാവ്. അവയും സന്തോഷത്തോടെ തന്നെ അദ്ദേഹം ഉള്‍ക്കൊണ്ടു. ദീര്‍ഘകാലത്തോളം പാര്‍ക്കിന്‍സന്‍സ് രോഗം പിതാവിനെ അലട്ടിയിരുന്നു. അതുപോലെ വേരിക്കോസ്‌വെയിനും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അതിന്റെ പ്രയാസങ്ങളെയോ ബുദ്ധിമുട്ടുകളെയോപറ്റി പിതാവ് ഒരിക്കലും പരിഭവം പറഞ്ഞു കേട്ടിട്ടില്ല.
ഒത്തിരിയേറെ വിമര്‍ശിക്കപ്പെട്ട വ്യക്തിയുമായിരുന്നു മാര്‍ ആന്റണി പടിയറ. അതിരൂപതയുടെ പുറത്തു നിന്നു വന്ന വ്യക്തിയായിരുന്നതുകൊണ്ട് പലര്‍ക്കും അദ്ദേഹത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ സാധിച്ചില്ല. വിമര്‍ശനങ്ങളും തെറ്റിദ്ധാരണകളും പലപ്പോഴും പിതാവിനു നേരിടേണ്ടി വന്നിട്ടുമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെ എന്നും ക്ഷമയോടെയാണ് അദ്ദേഹം നേരിട്ടിരുന്നത്. അതിന്റെ പേരില്‍ ആരോടും ഒരു പരിഭവവും പിണക്കവും പുലര്‍ത്തിയിട്ടില്ല. വളരെ ചെറുപ്പത്തിലേ മെത്രാനായ വ്യക്തിയാണ് മാര്‍ പടിയറ. ഊട്ടി മെത്രാനായിട്ടാണ് അദ്ദേഹത്തിന്റെ മേല്‍പ്പട്ട ശുശ്രൂഷ ആരംഭിക്കുന്നത്. അന്ന് 35 വയസ്സായിരുന്നു പ്രായം. ഈ പ്രായക്കുറവിനെക്കുറിച്ച് ആരോ അന്ന് സൂചിപ്പിച്ചപ്പോള്‍ തനിക്ക് അങ്ങനെയൊരു കുറവുണ്ട് എന്നതു ശരിയാണെന്നും ആ കുറവ് താന്‍ ഓരോ വര്‍ഷം ചെല്ലുംന്തോറും പരിഹരിച്ചുകൊള്ളാം എന്നുമായിരുന്നു നര്‍മ്മോക്തിയില്‍ അദ്ദേഹത്തിന്റെ മറുപടി.
ഫലിതപ്രിയനായിരുന്ന പടിയറ പിതാവ് ഏതുവേദിയിലും ഒന്നുകില്‍ എന്തെങ്കിലും ഫലിതം പറഞ്ഞോ അല്ലെങ്കില്‍ നുറുങ്ങു കഥകള്‍ പറഞ്ഞോ ആയിരിക്കും സംഭാഷണം തുടങ്ങിയിരുന്നത്. അനേകം കഥകളും ഫലിതങ്ങളും അദ്ദേഹത്തിനു വശമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ "കഥാപുരുഷന്‍" എന്നാണു പലരും വിളിച്ചിരുന്നത്. ബുദ്ധിമാനും വിവേകിയുമായിരുന്ന പടിയറ പിതാവ് നല്ലൊരു ഭരണാധികാരിയായിരുന്നു. ഏതു സങ്കീര്‍ണമായ സാഹചര്യങ്ങളിലും സമചിത്തത കൈവിടാതെ പ്രശ്‌നങ്ങളെ നേരിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ അതിരൂപതയിലെ വൈദികരുടെ പ്രസ്ബിത്തേരിയത്തില്‍ കുറേപ്പേര്‍ പിതാവിനെ വിമര്‍ശിച്ചു സംസാരിച്ചു. എല്ലാം കേട്ടുകൊണ്ടിരുന്ന പിതാവ് ഒന്നും പ്രതികരിച്ചില്ല. ഒടുവില്‍ പിതാവ് എന്താണു പറയുക എന്ന ആകാംക്ഷയില്‍ എല്ലാവരും കാത്തിരുന്നു. മറുപടി പറയാന്‍ എഴുന്നേറ്റ പിതാവ് പറഞ്ഞത് ഇപ്രകാരമാണ്: "നിങ്ങളൊക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നതുപോലെ എനിക്കു തോന്നി. പക്ഷെ സ്പീക്കര്‍ എന്റെ നേരെ അല്ലാതിരുന്നതിനാല്‍ ഒന്നും എനിക്കു വ്യക്തമായില്ല." എല്ലാവരും അതുകേട്ടു ചിരിച്ചു പിരിഞ്ഞു.
ഒരിക്കല്‍ ആദ്‌ലമിന സന്ദര്‍ശനവേളയില്‍ ഞാനും ഏതാനും മെത്രാന്മാരും പടിയറ പിതാവിനൊപ്പം റോമില്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഊട്ടുമുറിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പടിയറ പിതാവു പങ്കുവച്ച ഫലിതം മാര്‍പാപ്പ ആസ്വദിച്ചത് ഞാന്‍ ഓര്‍ക്കുന്നു. മാര്‍പാപ്പയ്ക്കു പിതാവിനോടു വലിയ സ്‌നേഹവും ബഹുമാനവും ഉണ്ടായിരുന്നു. ഞാന്‍ പാലക്കാടു മെത്രാനായിരിക്കേ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാനിട വന്നപ്പോള്‍ പടിയറ പിതാവിന്റെ സഹായമെത്രാനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യം സാന്ദര്‍ഭികമായി പറയേണ്ടി വന്നു. പടിയറ പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മറ്റും വിശദമായി ചോദിച്ച പരിശുദ്ധ പിതാവ്, കര്‍ദിനാള്‍ പടിയറ വളരെ ബഹുമാന്യനായ വ്യക്തിയാണ് എന്നാണ് അന്നു സൂചിപ്പിച്ചത്.
മിതഭാഷിയായിരുന്ന പടിയറ പിതാവ് വളരെ ആലോചിച്ചു മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ. വളരെ സുചിന്തിതമായിട്ടേ അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നുള്ളൂ. അദ്ദേഹം പറഞ്ഞ ഒരു വാക്കിനെപ്പറ്റി പോലും അദ്ദേഹത്തിനു ഖേദിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അറിയപ്പെടുന്ന ഒരു ധ്യാനഗുരുവുമായിരുന്നു പിതാവ്. വൈദികാര്‍ത്ഥികള്‍ക്കും, വൈദികര്‍ക്കും, മെത്രാന്മാര്‍ക്കുമെല്ലാം ധ്യാനങ്ങള്‍ നടത്തുന്നതില്‍ തത്പരനായിരുന്നു. എല്ലാവര്‍ക്കും അ ദ്ദേഹത്തിന്റെ ധ്യാനം ഇഷ്ടമായിരുന്നു. ധ്യാനങ്ങള്‍ക്കുവേണ്ടി മാറി നില്‍ക്കേണ്ടി വരുമ്പോള്‍ അതി രൂപതയുടെ കാര്യങ്ങളില്‍ ഒരു കുറവും വരുത്താതെ കര്‍ത്താവു നോക്കിക്കൊള്ളും എന്ന് അദ്ദേഹം പറയുമായിരുന്നു.
സഭയിലെ എല്ലാ മെത്രാന്മാര്‍ക്കും ആദരണീയനായ വ്യക്തിയായിരുന്നു പടിയറ പിതാവ്. 1996-ല്‍ അതിരൂപതയുടെ ശതാബ്ദിയും പടിയറ പിതാവിന്റെ എഴുപത്തഞ്ചാം ജന്മവാര്‍ഷികവും പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലിയും സംയുക്തമായി ആഘോഷിക്കപ്പെടുകയുണ്ടായി. ഇന്ത്യയിലെ മെത്രാന്മാരെയെല്ലാം ഞാന്‍ ആ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. എണ്‍പതിലേറെ വൈദിക മേലധ്യക്ഷന്മാര്‍ അതില്‍ സംബന്ധിച്ചു. അക്കൂട്ടത്തില്‍ ഏതാനും കര്‍ദ്ദിനാള്‍മാരും ഉണ്ടായിരുന്നു. പടിയറ പിതാവിനോടുള്ള മെത്രാന്മാരുടെ സ്‌നേഹവും ആദരവുമാണ് അവരുടെ ശക്തമായ സാന്നിദ്ധ്യം വ്യക്തമാക്കിയത്. ആ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് അന്നത്തെ കേരള ഗവര്‍ണ്ണര്‍ ആയിരുന്നു. എന്നാല്‍ സമ്മേളനത്തിനു ഏതാനും ദിവസം മുമ്പ് ഏതോ അസൗകര്യംമൂലം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. പകരം മറ്റൊരു വിശിഷ്ടവ്യക്തിയെ കണ്ടുപിടിക്കാന്‍ പ്രയാസപ്പെട്ട ഞാന്‍ അന്നത്തെ മേഘാലയ ഗവര്‍ണറായിരുന്ന ശ്രീ. എം.എം. ജേക്കബിനെ ഫോണില്‍ വിളിച്ചു. എത്തിച്ചേരാന്‍ ചില അസൗകര്യങ്ങളുണ്ടെങ്കിലും പടിയറ പിതാവിന്റെ കാര്യമായതിനാല്‍ വന്നുകൊള്ളാമെന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു. മതനേതാക്കള്‍ക്കു മാത്രമല്ല രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ക്കും പടിയറ പിതാവിനോടു വലിയ സ്‌നേഹവും ബഹുമാനവും ഉണ്ടായിരുന്നു. അതിന്റെ നിദര്‍ശനവും അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരവും ആയിരുന്നു ഭാരതസര്‍ക്കാര്‍ 1998-ല്‍ പടിയറ പിതാവിനു നല്‍കിയ പത്മശ്രീ ബഹുമതി.
പ്രസിദ്ധനായ ഒരു ധ്യാനഗുരുവായിരുന്നു ഈശോ സഭാ വൈദികനായിരുന്ന ടോണി ഡിമെല്ലോ. 'വണ്‍ മിനിറ്റ് വിസ്ഡം' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനെ സമീപിച്ച് ഒരാളുടെ വിശുദ്ധി അളക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നാരായുന്ന രംഗമുണ്ട്. അതിനു പല മാര്‍ഗ്ഗങ്ങളുണ്ടെന്നു ഗുരു മറുപടി നല്‍കി. എങ്കില്‍ ഒരെണ്ണം പറയാമോ എന്നായി ശിഷ്യന്‍. ഒരു മനുഷ്യന്റെ ഹൃദയശാന്തത എത്ര മാത്രം അയാള്‍ കാത്തു സൂക്ഷിക്കുന്നു എന്നു പരിശോധിച്ചാല്‍ അയാളുടെ വിശുദ്ധി മനസ്സിലാക്കാനാകും എന്നായിരുന്നു ഗുരുവിന്റെ മറുപടി. എല്ലാ കാര്യങ്ങളിലും ശാന്തത പുലര്‍ത്താനും സമചിത്തതയോടെ വ്യാപരിക്കാനും ഒരാള്‍ക്കു കഴിയുന്നുവെങ്കില്‍ അത് ആ വ്യക്തിയുടെ ജീവിതവിശുദ്ധിയുടെ അടയാളമാണ്. ആ വിധത്തില്‍ അഭിവന്ദ്യ പടിയറ പിതാവ് വിശുദ്ധമായ ജീവിതം നയിച്ച പുണ്യ പുരുഷനായിരുന്നുവെന്നു നമുക്കു പറയാനാകും.