മാർ ക്രിസോസ്റ്റം : സഭയുടെയും സമൂഹത്തിന്റെയും പ്രകാശഗോപുരം

മാർ ക്രിസോസ്റ്റം : സഭയുടെയും സമൂഹത്തിന്റെയും പ്രകാശഗോപുരം

സഭകൾക്കതീതമായി ക്രൈസ്തവ സമൂഹത്തിന്റെയും മതങ്ങൾക്കതീതമായി പൊതു സമൂഹത്തിന്റെയും ആദരം നേടിയ ആത്മീയാചാര്യനായിരുന്നു ഇന്ന് പുലർച്ചെ കാലം ചെയ്ത മാർത്തോമ്മാ സഭയുടെ മുൻ അദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്തം വലിയ മെത്രാപ്പോലീത്ത (103). രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഔദ്യോഗിക നിരീക്ഷകനായി പങ്കെടുത്തിട്ടുള്ള അദ്ദേഹം സഭൈക്യത്തിനു വേണ്ടി എന്നും നിലകൊണ്ടിട്ടുണ്ട്. സുവിശേഷത്തിന്റെ പ്രകാശവും നർമത്തിന്റെ സൗരഭ്യവും പ്രസരിപ്പിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അനേകായിരങ്ങൾക്ക് പ്രത്യാശ പകർന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പൊലീത്തായായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം. കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിൽ ഏതാനും വർഷങ്ങളായി വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിക്കപ്പെടുകയും ഇന്നലെ ആശുപത്രി വിടുകയും ചെയ്തിരുന്നു. കബറടക്കം നാളെ .

കുമ്പനാട്, വട്ടക്കോട്ടാൽ കലമണ്ണിൽ കെ ഇ ഉമ്മൻ കശീശയും ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രിൽ 27 നു ജനിച്ച ഫിലിപ്പ് ഉമ്മനാണ് പിൽക്കാലത്ത് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ആയി മാറിയത്. മാരാമൺ , കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് അലുവ യു സി കോളേജിൽ പഠിച്ചു.

അതിനുശേഷം ബംഗ്ലൂരിൽ വൈദിക പഠനം നടത്തുകയും 1944 ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. വിവിധ ഇടവകകളിൽ വികാരിയായി സേവനം ചെയ്ത അദ്ദേഹം 1953 ൽ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. 1978 ൽ സഫ്രഗൻ മെത്രാപ്പെലീത്തായും 1999 ൽ മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനുമായി. 2007 ൽ സ്ഥാനമൊഴിയുകയും വലിയ മെത്രാപ്പൊലീത്തായെന്ന പദവിയോടെ വിശ്രമ ജീവിതമാരംഭിക്കുകയും ചെയ്തു. വിശ്രമജീവിതത്തിലും പ്രഭാഷണങ്ങളിലൂടെയും അഭിമുഖ സംഭാഷണങ്ങളിലൂടെയും കേരളീയ പൊതുജീവിതത്തിലെ നന്മയുടെ പ്രകാശഗോപുരമായി സജീവമായി നിലകൊള്ളുകയായിരുന്നു അദ്ദേഹം. സത്യദീപം നിഷ്ഠയോടെ വായിച്ചിരുന്ന അദ്ദേഹം നിരവധി അഭിമുഖ സംഭാഷണങ്ങളും ലേഖനങ്ങളും നൽകുകയും പത്രാധിപന്മാരുമായി നിറഞ്ഞ സൗഹൃദം സൂക്ഷിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org