മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ എന്ന നിശ്ശബ്ദ വിപ്ലവകാരി

മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ എന്ന നിശ്ശബ്ദ വിപ്ലവകാരി

സി. ശോഭ സി.എസ്.എന്‍.

നാളികേരത്തിന്റെ പരുക്കന്‍ പുറന്തോടിനുള്ളില്‍ മധുരക്കാമ്പ് സൂക്ഷിച്ചിരിക്കുന്നതുപോലെയാണ് ചില മനുഷ്യരുടെ സുകൃതങ്ങള്‍ ദൈവം ഒളിപ്പിച്ചു വയ്ക്കുന്നത്. നീണ്ട 37 വര്‍ഷം (4 വര്‍ഷം വികാരി അപ്പസ്‌തോലിക്കയായും 33 വര്‍ഷം മെത്രാപ്പോലീത്താ എന്ന നിലയിലും) എറണാകുളം അതിരൂപതയെ നയിച്ച മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിനെ ഓര്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന ആദ്യവിചാരമിതാണ്. കാര്‍ക്കശ്യക്കാരനെന്നു പൊതുവേ വിലയിരുത്തപ്പെടുന്ന മനുഷ്യന്‍. എന്നാല്‍, കേരളത്തിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ഇത്ര അഗാധമായ അടയാളങ്ങള്‍ അവശേഷിപ്പിച്ചു കടന്നുപോയ മറ്റൊരു ആചാര്യനില്ല; എറണാകുളം 'അതിരൂപതയുടെ ശില്പിവര്യന്‍' എന്ന് പിന്‍ഗാമിയായ കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ വിശേഷിപ്പിച്ച മഹാനായ ഈ ആത്മീയാചാര്യന്‍ ഓര്‍മ്മയായി മാറിയിട്ട് ജനുവരി 10 ന് 65 വര്‍ഷം തികഞ്ഞിരിക്കുന്നു.
അസാധാരണമായ ആ വ്യക്തിത്വത്തെ ഒരു ചെറിയ കുറിപ്പില്‍ ഒതുക്കാനാവില്ല. അത്രയേറെ കാര്യങ്ങള്‍ക്ക് സീറോമലബാര്‍ സഭയും എറണാകുളം അതിരൂപതയും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. 'ഇന്ന് അതിരൂപത എന്തൊക്കെയാണോ അതിന്റെയെല്ലാം വേരില്‍ അഭിവന്ദ്യ കണ്ടത്തില്‍ പിതാവിന്റെ വിയര്‍പ്പും സത്തയില്‍ പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ അംശവുമുണ്ട്' എന്ന് ഫാ. കുര്യക്കോസ് മുണ്ടാടന്‍ ഒരിക്കല്‍ പരാമര്‍ശിച്ചത് ആര്‍ക്കും നിഷേധിക്കാനാവില്ല. എറണാകുളം അതിരൂപതയുടെ ഈ പ്രഥമ മെത്രാപ്പോലീത്ത, സീറോ മലബാര്‍ സഭയുടെ മാത്രമല്ല, ഭാരതത്തിലെ തന്നെ ആദ്യത്തെ ഏതദ്ദേശീയ മെത്രാപ്പോലീത്തായാണ്. ധിഷണാശക്തിയും അജപാലക ഹൃദയവും ഒരുപോ ലെ സമ്മേളിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. എങ്കിലും ആ മഹത്വത്തിനുതകുംവിധം അദ്ദേഹം ഓര്‍മിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഇടയലേഖനങ്ങളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും കടന്നുപോകുമ്പോള്‍ നമ്മള്‍ വിസ്മയിച്ചു പോകും. സൂക്ഷ്മബുദ്ധിയും അസാധാരണമായ ഭരണമികവും അതിസൂക്ഷ്മമായ നിരീക്ഷണപാടവവും ആഴമേറിയ ആത്മീയതയുമുള്ള ഒരു നല്ല ഇടയനെ അവിടെ കണ്ടെത്താനാകും.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണ് മെത്രാന്മാരുടെ ദൗത്യത്തെക്കുറിച്ച് കൃത്യമായി നിര്‍വചിക്കുന്നത്. പഠിപ്പിക്കാനും, വിശുദ്ധീകരിക്കാനും, നയിക്കാനും നിയോഗിക്കപ്പെട്ടിരിക്കുന്ന അവരുടെ പ്രധാന ചുമതല സകല ജനതകളെയും സുവിശേഷം അറിയിക്കുക എന്നതാണ്. പ്രസംഗവും പ്രബോധനങ്ങളും മാത്രമല്ല സാധ്യമായ എല്ലാ ഉപാധികളും അതിനു സ്വീകരിക്കണമെന്ന് കൗ ണ്‍സില്‍ നിര്‍ദേശിക്കുന്നുണ്ട്. ഒപ്പം വൈദികരുടെയും സന്ന്യസ്തരുടെയും അ ല്മായരുടെയും വിശുദ്ധി അവരവരുടെ പ്രത്യേക ദൈവവിളിക്കനുസൃതമായി പരിപോഷിപ്പിക്കുന്നതില്‍ അവര്‍ ജാഗ്രതയുള്ളവരായിരിക്കണമെന്നും കൗണ്‍സില്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍, കൗണ്‍സിലിനു മുന്‍പുതന്നെ ഈ കാര്യങ്ങളെല്ലാം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റാന്‍ ശ്രമിച്ച ഇടയനായിരുന്നു എന്നറിയുേമ്പാഴാണ് എത്ര കാമ്പുള്ള മനുഷ്യനായിരുന്നു കണ്ടത്തില്‍ പിതാവ് എന്ന് നമ്മള്‍ തിരിച്ചറിയുക. മെത്രാന്റെ ഉത്തരവാദിത്വങ്ങളെ സുവിശേഷങ്ങളില്‍ നിന്നുതന്നെയാവണം അദ്ദേഹം കണ്ടെടുത്തത്. പ്രത്യേകിച്ച് വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ലേഖനങ്ങളില്‍ നിന്ന്.
എറണാകുളം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തില്‍ 1874 ഓഗസ്റ്റ് 25-ന് ജനിച്ച മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ 1901-ലാണ് വൈദികനായത്. 1911-ല്‍ വികാരി അപ്പസ്‌തോലിക്കയായ മാര്‍ ളൂയിസ് പഴേപറമ്പില്‍ മെത്രാന്റെ സഹായമെത്രാനായി. അന്ന് അദ്ദേഹത്തിന് 37 വയസ്സ്. 1919-ല്‍ മാര്‍ ളൂയിസ് പഴേപറമ്പിലിന്റെ മരണത്തോടെ വികാരിയാത്തിന്റെ ഔദ്യോഗിക ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് 1923-ല്‍ 11-ാം പീയൂസ് മാര്‍പ്പാപ്പ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതോടെ എറണാകുളത്തെ അതിരൂപതയായി ഉയര്‍ത്തുകയും കണ്ടത്തില്‍ പിതാവിനെ അതിന്റെ ആദ്യത്തെ മെത്രാപ്പോലീത്തയായി അവരോധിക്കുകയും ചെയ്തു. 1956 ജനുവരി പത്തിന് 81-ാം വയസ്സില്‍ മരണമടയുമ്പോള്‍ സീറോ മലബാര്‍ സഭയെ ഏറ്റവും ദീര്‍ഘകാലം നയിച്ച ഇടയനായിത്തീരുകയും ചെയ്തു.
"നിന്നില്‍ ഞാന്‍ ശരണംവച്ചു"'എന്നര്‍ത്ഥം വരുന്ന In te speravi എന്ന ആപ്തവാക്യത്തില്‍ത്തന്നെയുണ്ട് അദ്ദേഹത്തിന്റെ ആന്തരികത. തന്നെ ആശ്രയിക്കുന്നവരെ ഒരിക്കലും ലജ്ജിക്കാനനുവദിക്കാത്ത ദൈവം ഹൃദയലാളിത്യമുണ്ടായിരുന്ന ഈ മനുഷ്യനിലൂടെ വലിയ കാര്യങ്ങള്‍ ചെയ്തു. ആ വ്യക്തിത്വത്തെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ വെളിപ്പെടുന്ന ഒരു കാര്യമിതാണ്: ആത്മാക്കളുടെ രക്ഷയെക്കുറിച്ച് ഏറെ വ്യാ കുലപ്പെട്ടിരുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ഒപ്പം മനുഷ്യന്റെ സമഗ്രമായ ഉന്നമനത്തിലും അതേ ശ്രദ്ധ പുലര്‍ത്തി.
സുവിശേഷമൂല്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ സാധ്യമായ എല്ലാ ഉപാധികളും സ്വീകരിച്ചു. സുവിശേഷപ്രഘോഷണമാണ് മെത്രാന്റെ പ്രധാന ചുമതല എന്നറിയാമായിരുന്ന പിതാവ് 30 പേരടങ്ങുന്ന വേദപ്രചാരസംഘം സ്ഥാപിച്ച് അവരെ ഇടവകകളിലേക്ക് അയച്ചു. അച്ചടി മാധ്യമങ്ങളായിരുന്നു മറ്റൊരുപാധി. 1921-ല്‍ എറണാകുളം മിസ്സം ആരംഭിച്ച് ഇടയലേഖനങ്ങള്‍ വഴി തന്റെ പ്ര ബോധനങ്ങള്‍ ജനങ്ങളിലെത്തിച്ചു. കൂടാതെ സാമൂഹികവിഷയങ്ങള്‍ ക്രൈസ്തവോചിതമായി എങ്ങനെ നേരിടണമെന്നു പഠിപ്പിക്കുവാന്‍ സത്യദീപം, മലബാര്‍ മെയില്‍ എന്നിവയുമാരംഭിച്ചു. കണ്ടത്തില്‍ പിതാവിന്റെ നിര്‍ദേശമനുസരിച്ചാണ് ബഹുമാനപ്പെട്ട ജോസഫ് മാവുങ്കലച്ചന്‍ മാതൃസംഘവും അമ്മ മാസികയും ആരംഭിക്കുന്നത്. പിതാവിന്റെ കാലഘട്ടത്തില്‍ത്തന്നെയാണ് സി.എം.ഐ സഭ കുടുംബദീപം മാസിക ആരംഭിക്കുന്നതും. പിതാവിന്റെ ഇടയലേഖനങ്ങള്‍ ജനങ്ങളില്‍ ആത്മീയ ഉണര്‍വു നല്കുന്ന ആത്മീയലേഖനങ്ങളാണ്. തിരുഹൃദയത്തെക്കുറിച്ചും പരിശുദ്ധ അമ്മയെക്കുറിച്ചും വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചും ദീര്‍ഘമായ ധ്യാനവിചിന്തനങ്ങള്‍ നല്കി ജനങ്ങള്‍ക്കിടയില്‍ അവരോടുള്ള ഭക്തി ഉണര്‍ത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. സ്‌നേഹമുള്ള ഒരപ്പന്‍ തന്റെ കുഞ്ഞിനെ മടിയിലിരുത്തി പറഞ്ഞുകൊടുക്കുന്നത്ര ഹൃദ്യമായ ശൈലിയിലാണ് അവ എഴുതിയിരിക്കുന്നത്. അങ്ങനെയാണ് നമുക്കിടയില്‍ ദിവ്യകാരുണ്യഭക്തിയും ജപമാലഭക്തിയും തിരുഹൃദയഭക്തിയും ശുദ്ധീകരണാത്മാക്കളോടുള്ള ഭക്തിയും വണക്കമാസാചരണവുമെല്ലാം രൂപപ്പെട്ടത്.
വൈദികരുടെ വിശുദ്ധജീവിതമാണ് സഭയെ നിലനിര്‍ത്തുന്നതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിരുന്ന അദ്ദേഹം വൈദികരുടെ പരിശീലനത്തിലും അവരുടെ സുരക്ഷിതത്വത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. വൈദികര്‍ക്ക് രൂപതയുടെ നേതൃത്വത്തില്‍ വാര്‍ഷികധ്യാനവും ഫൊറോനയുടെ കീഴില്‍ മാസധ്യാനവും നിര്‍ബന്ധമാക്കിയ പിതാവ് വാര്‍ഷികധ്യാനാവസരം അവരോട് വ്യക്തിപരമായ അടുപ്പം പുലര്‍ത്തുന്നതിനുള്ള അവസരമാക്കുകയും ചെയ്തു. വാര്‍ധക്യത്തിലും രോഗത്തിലും അവര്‍ക്കാവശ്യമായ സാമ്പത്തിക സുസ്ഥിതി ഉറപ്പുവരുത്തുന്നതിന് 1921-ല്‍ പ്രൊവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്തി. ഇടവകയുടെ ആവശ്യങ്ങള്‍ക്കായി അരമനയിലെത്തുന്ന വൈദികര്‍ ഹോട്ടലില്‍പോയി ഭക്ഷണം കഴിക്കേണ്ടിയിരുന്ന അന്നത്തെ പതിവു നിര്‍ത്തലാക്കി അവര്‍ക്ക് അരമനയില്‍ത്തന്നെ ഭക്ഷണം നല്കാന്‍ തീരുമാനിച്ചു. പല എ തിര്‍പ്പുകളും തരണം ചെയ്താണത്രേ ആ തീരുമാനം നടപ്പിലാക്കിയത്.

ഇന്ന് എറണാകുളം അതിരൂപതയിലുള്ള പല പ്രസ്ഥാനങ്ങളും
കണ്ടത്തില്‍ പിതാവ് ആരംഭിച്ചതാണ്. അതിരൂപതയുടെയും
ഇടവകകളുടെയും ഭരണക്രമവും പിതാവു തന്നെ രൂപം കൊടുത്തതാണ്.
അതിരൂപതയ്ക്കുവേണ്ടി അദ്ദേഹം രൂപം നല്കിയ നിയമസംഹിതയാണ്
ഇന്ന് എല്ലാ രൂപതകളും സ്വീകരിച്ചിരിക്കുന്നത്. കണ്ടത്തില്‍ പിതാവ്
രൂപംകൊടുത്ത തിരട്ടിന്റെ (Ledger) മാതൃക ആണ് ഇന്ന് പല രൂപതകളിലും
കണക്കെഴുതാനുപയോഗിക്കുന്നത്.
അന്നത്തെ സര്‍ക്കാര്‍പോലും അതു മാതൃകയാക്കിയത്രേ!


വൈദികര്‍ മാത്രമല്ല, അല്മായരും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വില്‍പത്രം എഴുതിവയ്ക്കണമെന്ന നിബന്ധന വച്ചതും അഭിവന്ദ്യ കണ്ടത്തില്‍ പിതാവാണ്. ചെറുപ്പക്കാരായ വൈദികര്‍ക്ക് ധാര്‍മികവിഷയങ്ങളെക്കുറിച്ച് വര്‍ഷംതോറും പരീക്ഷ നടത്തി. തെറ്റുകള്‍ തിരുത്തി. ഓരോ ഇടവകയിലും ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ട് നിര്‍ദ്ദേശം നല്കി. ഫൊറോന വികാരിമാര്‍ തങ്ങള്‍ക്കു കീഴിലുള്ള ഇടവകകള്‍ സന്ദര്‍ശിച്ച് വളരെ വിശദമായ റിപ്പോര്‍ട്ട് നല്കണമെന്ന വ്യവസ്ഥ വച്ചു. അതിന് ദീര്‍ഘമായൊരു ചോദ്യാവലിയും തയ്യറാക്കി നല്കി. അള്‍ത്താര വിരികള്‍ മുതല്‍ തിരിക്കാലുകള്‍ വരെ സൂക്ഷ്മമായി പരിശോധിക്കുവാനുള്ള ആ ചോദ്യാവലി വായിച്ചാല്‍ നമ്മള്‍ അമ്പരന്നു പോകും. ഇക്കാര്യങ്ങളിലൊക്കെ അല്പം നിര്‍ബന്ധം പുലര്‍ത്തിയിരുന്നതുകൊണ്ടാവും കര്‍ക്കശക്കാരന്‍ എന്ന പേരു വീഴാന്‍ കാരണം. പക്ഷേ, ആ കാര്‍ക്കശ്യം ദൈവികകാര്യങ്ങളിലുള്ള തീക്ഷ്ണതയില്‍ നിന്നായിരുന്നു എന്നതാണു സത്യം. അതുകൊണ്ടാണ് തന്റെ കാര്‍ക്കശ്യം ഇത്തിരി കൂടിപ്പോയെന്നോ, ആരെങ്കിലും അതുവഴി വേദനിച്ചെന്നോ തോന്നിയാല്‍ ഒരു മടിയും കൂടാതെ അന്നുതന്നെ അവരോട് മാപ്പു ചോദിക്കാനുള്ള വിനയം അദ്ദേഹം കാണിച്ചിരുന്നത്.
വൈദികരുടെ മാത്രമല്ല സന്ന്യസ്തരുടെ വളര്‍ച്ചയിലും അതീവ താത്പര്യം കാണിച്ചിരുന്ന മെത്രാപ്പോലീത്തയാണ് കണ്ടത്തില്‍പിതാവ്. അദ്ദേഹം അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേല്ക്കുമ്പോള്‍ കര്‍മലീത്തസഭ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. എന്നാല്‍, സന്ന്യസ്തരുടെ സാന്നിദ്ധ്യവും ശുശ്രൂഷകളും ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് എത്ര സഹായകമാകും എന്നു തിരിച്ചറിഞ്ഞ അദ്ദേഹം പുതിയ സന്ന്യാസസഭകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ പ്രോത്സാഹനവും അനുമതിയും നല്കി. അദ്ദേഹത്തിന്റെ കാലത്താണ് അഗതികളുടെ സഹോദരികളുടെ സഭ, ക്ലാരസഭ, ആരാധനസഭ, മെഡിക്കല്‍ സി സ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്, അസ്സീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) എന്നിവ ആരംഭിച്ചത്. മാത്രമല്ല, രണ്ടു സന്ന്യാസസഭകളുടെ സ്ഥാപകന്‍കൂടിയാണ് കണ്ടത്തില്‍ പിതാവ്. 1931-ല്‍ മൂക്കന്നൂരില്‍ ആരംഭിച്ച സി.എസ്.റ്റി ബ്രദേഴ്‌സിന്റെ സഭയും 1948-ല്‍ എടക്കുന്ന് പാദുവാപുരത്ത് ആരംഭിച്ച നസ്രത്ത് സഹോദരികളുടെ സഭയും.
'മനുഷ്യര്‍ ഓരോരുത്തരെയോ മനുഷ്യസമുദായത്തെയോ രാജ്യങ്ങളെയോ നന്നാക്കണമെങ്കില്‍ ആദ്യമായി കുടുംബങ്ങളെ നന്നാക്കേണ്ടിയിരിക്കുന്നുവെന്നും ഓരോ കുടുംബവും നസ്രത്തിലെ തിരുക്കുടുംബത്തിന്റെ ഒരു പ്രതിച്ഛായയാക്കാന്‍ സദാ ശ്രമിക്കണം' എന്നും പിതാവ് ഇടയലേഖനങ്ങളില്‍ ആവര്‍ത്തിച്ച് എഴുതിക്കൊണ്ടിരുന്നു. കുടുംബങ്ങളുടെ തകര്‍ച്ചയും ഓരോരോ കാരണങ്ങളാല്‍ കുടുംബത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ വേദനകളും പിതാവിനെ ഏറെ വ്യാകുലപ്പെടുത്തിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരം എന്ന നിലയിലാണ് അന്നത്തെ പ്രൊക്കുറേറ്റര്‍ ആയിരുന്ന ബഹുമാനപ്പെട്ട ജോണ്‍ പിണക്കാട്ടച്ചന്റെയും പ്രസിദ്ധ ധ്യാനഗുരുവായിരുന്ന മോണ്‍. മാത്യു മങ്കുഴിക്കരിയുടെയും സഹകരണത്തോടെ എടക്കുന്നില്‍ അതിരൂപതയ്ക്കുവേണ്ടി വാങ്ങിയ സ്ഥലത്ത് നസ്രത്തു സന്ന്യാസിനികളുടെ സഭ ആരംഭിച്ചത്. അനാഥരായ ആണ്‍കുട്ടികളുടെയും പാവപ്പെട്ട യുവജനങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കിയാണ് സി.എസ്.ടി. സഭ ആരംഭിച്ചത്. ഈ സന്ന്യാസസഭകളിലൂടെ കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ തലങ്ങളില്‍ ഉണ്ടായ പുരോഗതി എത്ര വലുതാണ്.
ദളിതരും പാവപ്പെട്ടവരും ഏറെ അവഗണിക്കപ്പെട്ടിരുന്ന ആ കാലത്ത് അവരുടെ ഉന്നമനത്തിനുവേണ്ടി ആരംഭിച്ച സംഘമാണ് സാധുജനസംരക്ഷണ സമിതി. അതിന്റെ ചുവടുപിടിച്ചാണ് ദളിതു കത്തോലിക്കരുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെട്ടത്. അവരെ പഠിപ്പിക്കുന്നതിനും അവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനും അതിരൂപതയിലെ പല കേന്ദ്രങ്ങളിലും അല്മായരായ അദ്ധ്യാപകരെ നിയോഗിച്ചു. എന്നാല്‍, സ്ഥലത്തെ വികാരിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ജോലിചെയ്തിരുന്ന ഇവര്‍ മാസാന്ത്യത്തില്‍ വികാരിയച്ചന്റെ സാക്ഷ്യത്തോടുകൂടി പിതാവിന് റിപ്പോര്‍ട്ടു നല്‌കേണ്ടിയിരുന്നു.
കത്തോലിക്കാസഭയില്‍നിന്ന് വേര്‍പിരിഞ്ഞുപോയവരെ തിരികെ കൊണ്ടുവരാന്‍ പിതാവു നടത്തിയ പരിശ്രമങ്ങളും എടുത്തുപറയേണ്ടതാണ്. കേരളത്തിലെ സീറോ മലബാര്‍ സഭയുടെ ഹൃദയത്തിലേറ്റ വലിയ മുറിവാണ് 1653 -ലുണ്ടായ കൂനന്‍ കുരിശു സത്യം. ഒരു വിഭാഗം ആളുകള്‍ അന്ന് മുറിവേറ്റ ഹൃദയത്തോടെ കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞുപോയി. അവരെ തിരികെ കൊണ്ടുവരാന്‍ മക്കള്‍ അകന്നുപോയ ഒരമ്മയുടെ വ്യാകുലതയോടെ പിതാവ് പരിശ്രമിച്ചു. സ്‌നേഹം നിറഞ്ഞ ആ ഇടപെടലുകള്‍ ആണ് 1932-ല്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന പുനരൈക്യത്തിന് പ്രേരണയായത്.
ബഹുമാനപ്പെട്ട മാവുങ്കലച്ചന്‍ കണ്ടത്തില്‍ പിതാവിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: 'അതിരൂപതയ്ക്കു കാരണഭൂതനായ മെത്രാപ്പോലീത്തയാണ് മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍. ഇനിയുള്ളവര്‍ അതിരൂപതയെന്ന കാരണത്താല്‍ മെത്രാപ്പോലീത്താമാരായി വാഴിക്കപ്പെടുന്നവരായിരിക്കും'. ഈ വാക്കുകളുടെ പൊരുള്‍ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം അതിരൂപതയുടെ ഭരണം ഏറ്റെടുക്കുമ്പോള്‍ എന്തായിരുന്നു ഇവിടത്തെ സാഹചര്യം എന്നുകൂടി ഓര്‍ക്കണം. 100 വര്‍ഷം മുന്‍പുള്ള കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതി എന്തായിരുന്നുവെന്നു പ്രത്യേകം സൂചിപ്പിക്കേണ്ടതില്ല. 1597-ല്‍ അന്നത്തെ മെത്രാനായിരുന്ന മാര്‍ അബ്രാഹം മെത്രാപ്പോലീത്തയുടെ മരണത്തോടെ സീറോ-മലബാര്‍ സഭയ്ക്കു സ്വന്തമായി ഒരു മെത്രാനില്ലാതെ വന്നു. നിരന്തരമായ നിവേദനങ്ങളുടെയും മുറവിളികളുടെയും ഫലമായി 300 കൊല്ലങ്ങള്‍ക്കു ശേഷമാണു സീറോ മലബാര്‍ സഭയ്ക്കു സ്വന്തമായി ഒരു നാട്ടുമെത്രാനെ ലഭിക്കുന്നത്. 1887-ല്‍ പതിമൂന്നാം ലെയോ മാര്‍പാപ്പ സീറോ മലബാര്‍ സഭയെ ലത്തീന്‍ റീത്തില്‍ നിന്നു പൂര്‍ണമായി വേര്‍പ്പെടുത്തി ഒരു വികാരിയാത്തു സ്ഥാപിക്കുകയും 1896-ല്‍ മാര്‍ ളൂയീസ് പഴേപറമ്പിലിനെ മെത്രാനായി അഭിഷേചിച്ച് വികാരി അപ്പസ്‌തോലിക്കയായി നിയോഗിക്കുകയും ചെയ്തു. അതുകൊണ്ടുമാത്രം സീറോ മലബാര്‍ സഭയ്ക്കു പൂര്‍ണമായ സ്വയാധികാരം ലഭിച്ചുവെന്ന് കരുതരുത്. സഭയ്ക്കു നഷ്ടപ്പെട്ടുപോയ സ്വയംഭരണാവകാശവും മറ്റ് ആനുകൂല്യങ്ങളും വീണ്ടെടുക്കാന്‍ കണ്ടത്തില്‍ പിതാവ് വലിയൊരു പോരാട്ടം തന്നെ നടത്തിയിട്ടുണ്ട്. പിതാവിന്റെ പിന്‍ഗാമികളും അതേ പോരാട്ടത്തില്‍ ഏര്‍പ്പെട്ടവരാണ്. 70 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 1993-ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതോടെയാണ് ആ പ്രയത്‌നം സഫലമായത്. ചുരുക്കിപ്പറഞ്ഞാല്‍ എറണാകുളം ഒരു വികാരിയാത്ത് ആകുമ്പോള്‍ അത് പൂജ്യം ആയിരുന്നു. ആ പൂജ്യത്തിന്മേല്‍ മാര്‍ ളൂയീസ് പഴേപ്പറമ്പില്‍ അടിത്തറപാകി. കണ്ടത്തില്‍ പിതാവ് കഠിനാദ്ധ്വാനം ചെയ്ത് രൂപതയെ കെട്ടിപ്പടുത്തു. ഇന്ന് എറണാകുളം അതിരൂപതയിലുള്ള പല പ്രസ്ഥാനങ്ങളും കണ്ടത്തില്‍ പിതാവ് ആരംഭിച്ചതാണ്. അതിരൂപതയുടെയും ഇടവകകളുടെയും ഭരണക്രമവും പിതാവു തന്നെ രൂപം കൊടുത്തതാണ്. അതിരൂപതയ്ക്കുവേണ്ടി അദ്ദേഹം രൂപം നല്കിയ നിയമസംഹിതയാണ് ഇന്ന് എല്ലാ രൂപതകളും സ്വീകരിച്ചിരിക്കുന്നത്. കണ്ടത്തില്‍ പിതാവ് രൂപംകൊടുത്ത തിരട്ടിന്റെ (Ledger) മാതൃക ആണ് ഇന്ന് പല രൂപതകളിലും കണക്കെഴുതാനുപയോഗിക്കുന്നത്. അന്നത്തെ സര്‍ക്കാര്‍പോലും അതു മാതൃകയാക്കിയത്രേ. മാത്രമല്ല, നമ്മുടെ ഇടവകകളില്‍ ഇന്ന് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നതും ഇടവകജനത്തിന്റെ കൂട്ടായ്മ വളര്‍ത്തുന്നതുമായ കുടുംബയൂണിറ്റുകള്‍ 1940 കളില്‍ പിതാവ് ആരംഭിച്ചതാണ്. അത് പിന്നീട് മറ്റു രൂപതകളും പിന്തുടരുകയായിരുന്നു.
മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയെ അദ്ദേഹം എന്തുമാത്രം ഗൗരവത്തിലെടുത്തിരുന്നു എന്നിതിന്റെ തെളിവുകളാണ് പിതാവിന്റെ കാലത്തു ആരംഭിച്ച 61 പുതിയ പള്ളികള്‍, 30 കുരിശു പള്ളികള്‍, മൂന്നു കോളജുകള്‍, 30 ഹൈസ്‌ക്കൂളുകള്‍, 71 മഠങ്ങള്‍, 7 ആശുപത്രികള്‍, എന്നിവ. എറണാകുളം ലിസി ആശുപത്രി, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍, മൂവാറ്റുപുഴ നിര്‍മ്മലകോളജ് എന്നിവ എടുത്തു പറയേണ്ടതാണ്. ഈ തിരക്കുകള്‍ക്കിടയിലും ദീര്‍ഘമായി പ്രാര്‍ത്ഥിക്കുവാനും അനുദിനം ഡയറി എഴുതുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിസൂക്ഷ്മമായ വിശദാംശങ്ങളോടു കൂടിയ, സാമാന്യം ദീര്‍ഘമായ ആ ഡയറിക്കുറിപ്പുകള്‍ ഒരു ചരിത്രരേഖ കൂടിയാണ്. ഇങ്ങനെ, എഴുതിയാല്‍ തീരാത്ത അത്രയേറെ കാര്യങ്ങളാണ് ഈ മനുഷ്യനെക്കൊണ്ടു ദൈവം ചെയ്തത്. ഒച്ചപ്പാടുകളില്ലാത്ത ഒരു നിശ്ശബ്ദ വിപ്ലവകാരിയായിരുന്നു അദ്ദേഹം.
ഇവയെല്ലാം കണക്കിലെടുത്താവണം പാലാ രൂപതാ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവ് 'മഹാനായ അഗസ്റ്റിന്‍ കണ്ടത്തില്‍' എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അസാധാരണമായ ആ വ്യക്തിത്വത്തെ, ഇനിയും നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. അങ്ങ് എനിക്കു തന്നവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്തിയില്ല എന്ന യേശുവിന്റെ പ്രാര്‍ത്ഥന തന്നില്‍ നിറവേറാന്‍ പരമാവധി പരിശ്രമിച്ച ഈ ആത്മീയാചാര്യന്‍ അള്‍ത്താരയുടെ വിശുദ്ധിയില്‍ വണങ്ങപ്പെടുന്ന ദിനങ്ങളിലേക്ക് ഉറ്റുനോക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org