“മനുഷ്യജീവനാണ് ഞങ്ങള്‍ ഏറ്റവും വിലമതിക്കുന്നത്…”

“മനുഷ്യജീവനാണ് ഞങ്ങള്‍ ഏറ്റവും വിലമതിക്കുന്നത്…”

മാര്‍ഷല്‍ ഫ്രാങ്ക്

ജനങ്ങളില്‍ എഴുപത് ശതമാനത്തോളം പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്ന ഒരു രാജ്യമാണ് ആഫ്രിക്കയിലെ മൊസാംബിക്. 2019 മാര്‍ച്ചിലും ഏപ്രിലിലും രണ്ടു തവണ പ്രകൃതിദുരന്തത്തിന് ഇരയായ പ്രദേശമാണ് ഇവിടം. ഭൗമശാസ്ത്രജ്ഞന്മാര്‍ ഇദായ് എന്നും കെന്നത്ത് എന്നും പേരു ചൊല്ലി വിളിച്ച കനത്ത കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ആയിരക്കണക്കിന് വീടുകളാണ് തകര്‍ന്നത്. നൂറുകണക്കിന് ആളുകള്‍ മരിച്ചു. സര്‍വ്വതും നഷ്ടപ്പെട്ട പതിനായിരങ്ങള്‍ വാസസ്ഥലങ്ങള്‍ ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തു. പട്ടിണിയും മാരകമായ സാംക്രമിക രോഗങ്ങളും അവരെ വേട്ടയാടി.

മൊസാംബിക്കിലെ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യയായ കാബോദെല്‍ ഗാദോയിലാണ് പ്രളയം കനത്ത നാശം വിതച്ചത്. കുടിക്കാന്‍ വെള്ളവും, കഴിക്കാന്‍ ഭക്ഷണവും ഉടുക്കാന്‍ തുണിയും രോഗത്തിന് ഔഷധവും ആഡംബരമായിരുന്ന ഒരു ജനസമൂഹത്തിന് മേലാണ് ഇടിവെട്ടിയവനെ പാമ്പു കടിച്ചതിനു സമാനമായി പ്രകൃതിദുരന്തവും പെയ്തിറങ്ങിയത്. അശരണരും ആലംബഹീനരുമായി അലഞ്ഞുതിരിഞ്ഞ ഈ ഇസ്ലാമിക സഹോദരങ്ങളെ രണ്ടും കൈയും നീട്ടി സ്വീകരിച്ച്, അവശ്യം വേണ്ടതെല്ലാം നല്കി സംരക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങിയത് അവിടുത്തെ ക്രൈസ്തവരായിരുന്നു. മദ്ധ്യമൊസാംബിക്കിലെ ബേയിര തുറമുഖ നഗരത്തിലും, സിംബാബേ, മലാവി എന്നിവിടങ്ങളില്‍നിന്നും വന്നവര്‍ക്കായി കാബോദെല്‍ഗാദോ മേഖലയിലെ ക്രൈസ്തവഭവനങ്ങളും, പള്ളിക്കൂടങ്ങളും, കത്തോലിക്കാദേവാലയങ്ങളും അഭയാര്‍ത്ഥി കേന്ദ്രങ്ങളായി രൂപാന്തരം പ്രാപിച്ചു. ഈ പ്രകൃതിദുരന്തത്തിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് മനുഷ്യനിര്‍മ്മിതമായ കൊടിയ കെടുതിക്ക് ഇരയായ ദേശമായിരുന്നു കാബോ ദെല്‍ഗാദോ പ്രവിശ്യ. പെട്ടെന്നൊരു ദിനം തോക്കും ബോംബുകളുമായി ഇസ്ലാമിക തീവ്രവാദികള്‍ കടന്നുകയറി, ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് അവരുടെ വീടുകള്‍ കൊള്ളയടിച്ച് നശിപ്പിച്ച് ഒട്ടേറെപേരെ വധിച്ചതിന്‍റെ ഞെട്ടലില്‍നിന്ന് ഇനിയും മോചിതരാകാത്ത ജനങ്ങളാണ് അവിടെയുണ്ടായിരുന്നത്. എന്നാല്‍, ഒരു ആപത്ത് വന്ന് സകലതും നഷ്ടപ്പെട്ടു വന്ന ജനതയോട്, അവരുടെ മുന്‍കാല ചെയ്തികളുടെ മേല്‍ യാതൊരു അനിഷ്ടവും കാണിക്കാതെ, ആശ്വാസത്തിന്‍റെ കരങ്ങള്‍ നീട്ടി സ്വീകരിക്കുവാന്‍, ക്രിസ്തീയസമൂഹം യാതൊരു വൈമനസ്യവും കാണിച്ചില്ല. അന്താരാഷ്ട്ര ജീവകാരുണ്യസംഘടനയായ കാത്തലിക് റിലീഫ് സര്‍വ്വീസിന്‍റെ സന്നദ്ധ ഭടന്മാര്‍ കൈയും മെയ്യും മറന്ന് ഇവരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരെ കണ്ട് കെടുതികള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ വന്ന ദൃശ്യമാധ്യമപ്രവര്‍ത്തകര്‍, കത്തോലിക്കാ ദേവാലയത്തിനുള്ളില്‍ അഞ്ചു നേരം നിസ്ക്കരിച്ച്, ഉണ്ടുറങ്ങി താമസിക്കുന്ന ഇസ്ലാമിക മതസ്ഥരെ കണ്ട് അതിശയിച്ചു. അവരുടെ അത്യാവശ്യകാര്യങ്ങള്‍ക്കായി ഓടി നടക്കുന്ന കത്തോലിക്കാ പുരോഹിതരെയും കന്യാസ്ത്രികളെയും കണ്ട് അത്ഭുതസ്തബ്ധരായി. നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നുവെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. കാരണം, ഏതാനും മാസങ്ങള്‍ക്കു മുമ്പ് ക്രൈസ്തവമേഖലയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നരനായാട്ട് റിപ്പോര്‍ട്ട് ചെയ്തതും ഇതേ മാധ്യമസംഘമായിരുന്നു. അവിശ്വസനീയമായ കാഴ്ചകളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കുമുമ്പില്‍ പകച്ചുനിന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരോട് മരിയ ഓക്സിലാദോര കത്തോലിക്കാദേവാലയത്തിലെ ഇടവക വികാരി റവ. ഫാ. റിക്കാര്‍ഡോ ഫിലിപ്പെ റോസ മാര്‍ക്വെസ് പറഞ്ഞ വാക്കുകളാണ് ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്നത്. "മനുഷ്യജീവനാണ് ഞങ്ങള്‍ ഏറ്റവും വിലമതിക്കുന്നത്. ആരുടെയും മതമെന്തെന്ന് ഞങ്ങള്‍ ചോദിക്കാറില്ല."

2019 ഏപ്രില്‍ 19-ന് ഈസ്റ്റര്‍ ദിനത്തില്‍, ഉത്ഥിതനായ യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പിന്‍റെ സ്മരണ പുതുക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ശ്രീലങ്കന്‍ ക്രൈസ്തവരുടെ ഇടയില്‍ പാഞ്ഞുകയറി, ചാവേര്‍ സ്ഫോടനത്തിലൂടെ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടക്കം നാനൂറോളം പേരെ വധിച്ച ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരവും നിന്ദ്യവും പൈശാചികവുമായ ചെയ്തികളുടെ ഞെട്ടലില്‍ നിന്ന് നാം ഇനിയും മോചിതരായിട്ടില്ല. ഇപ്പോഴും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, കാപാലിക വര്‍ഗ്ഗം തുടര്‍ന്നുവരുന്ന കൊലപാതകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നു. വേട്ടക്കാര്‍ ഇസ്ലാമികതീവ്രവാദികളും ഇരകള്‍ ക്രൈസ്തവരും. അപ്പോഴും മൊസാംബിക്കിലെ അശരണരായ ഇസ്ലാമിക സഹോദരങ്ങള്‍ കത്തോലിക്കരുടെ കരവലയത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുന്നു!!

മനുഷ്യത്വം മരവിച്ച്, ദൈവ-മതവിശ്വാസത്തെ തെറ്റായി ധരിച്ച് സഞ്ചരിക്കുന്ന ഒരു പറ്റം മതമൗലികവാദികളുടെ ഇത്തരം കാട്ടാളപ്രവൃത്തികളില്‍, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസികള്‍ ഏറെ അസ്വസ്ഥരാണ്. യാഥാസ്ഥിതിക ഇസ്ലാമിക ഭരണം നിലവിലുള്ള ഇറാനില്‍ നിന്നും പലായനം ചെയ്ത് ആസ്ത്രേലിയായില്‍ കുടിയേറി താമസിക്കുന്ന പ്രശസ്ത മുസ്ലീം പണ്ഡിതനും ഗ്രന്ഥകാരനുമായ മുഹമ്മദ് തൗഹിതിയെ പോലുള്ള ഒട്ടേറെ സുമനസ്സുകള്‍ അവരുടെ ആശങ്കകള്‍ പൊതുസമൂഹത്തിനു മുന്നില്‍ പങ്കുവയ്ക്കുന്നു. ലോകത്തിന്‍റെ ആകമാനം നിയന്ത്രണം കൈപ്പിടിയിലൊതുക്കുവാന്‍ പാകത്തില്‍, ആളും അര്‍ത്ഥവും നല്കി, തീവ്രവാദികളെ പരിശീലിപ്പിച്ച് കൂട്ടകൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി പ്രവര്‍ത്തനനിരതരായിരിക്കുന്ന ഖാലിഫേറ്റ് എന്ന ഇസ്ലാമികസായുധ പ്രത്യയശാസ്ത്രത്തിന്‍റെ പ്രയോക്താക്കളെ പറ്റി മുന്നറിയിപ്പ് നല്കുന്ന തൗഹിതിമാരുടെ ശബ്ദം ദുര്‍ബലമെങ്കിലും, ലോകസമൂഹം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടയില്‍ മുപ്പത്തോരായിരത്തില്‍പ്പരം ആക്രമണങ്ങളാണ് ഖാലിഫേറ്റ് നടത്തിയിട്ടുള്ളത്. അതുവഴി ലക്ഷക്കണക്കിന് നിരപരാധികളാണ് കൊലചെയ്യപ്പെട്ടിട്ടുള്ളത്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അല്‍അമീനായ തമ്പുരാനെ അഞ്ചുനേരവും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന ഒരു യഥാര്‍ത്ഥ ഇസ്ലാമിന് അക്രമത്തിന്‍റെ ശൈലി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് തൗഹിതിമാര്‍ അടിവരയിട്ട് പറയുന്നു.

2019 മേയ് മാസം ആദ്യവാരം റോമിലെ വത്തിക്കാന്‍ സിറ്റിയിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ കണ്ട അപൂര്‍വ്വദൃശ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതും ഈ ശ്രേണിയില്‍പ്പെട്ട മുസ്ലീം സഹോദരങ്ങളാണ്.

ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വംശീയകലാപത്തില്‍ സ്വത്തുവകകളും ഉറ്റവരും ഉടയവരും ഉള്‍പ്പെടെ സര്‍വ്വതും നഷ്ടപ്പെട്ട് ദുര്‍ബലരും നിസ്സഹായരുമായ മുസ്ലീം ജനത, യാതൊരു അടിസ്ഥാനസൗകര്യങ്ങളുമില്ലാത്ത ബോട്ടുകളില്‍ ആശ്വാസതുരുത്തു തേടി അനധികൃതമായി കുടിയേറുവാന്‍ യുറോപ്പിലേക്കു യാത്ര തിരിച്ചു. 2019 ഏപ്രില്‍ 29-ന് മെഡിറ്ററേനിയന്‍ കടലില്‍ വച്ച് കാറ്റിലും കോളിലും അകപ്പെട്ട് ബോട്ടു തകര്‍ന്ന് ഒട്ടേറെ പേര്‍ മരിച്ചു. സഹായാഭ്യര്‍ത്ഥന ലഭിച്ചതിനെത്തുടര്‍ന്ന് ദുരന്തസ്ഥലത്തേക്ക് കുതിച്ചെത്തിയ ഇറ്റാലിയന്‍ നാവികസേന ഒട്ടേറെപ്പേരെ രക്ഷിച്ച് റോമാ നഗരപ്രാന്തത്തിലെ 'റോക്കാ ദി പാപ്പാ' സുരക്ഷാകേന്ദ്രത്തിലെത്തിച്ചു. സിറിയ, നൈജിരീയാ, കോംഗോ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ നിലവില്‍ ഈ സുരക്ഷാകേന്ദ്രത്തില്‍ താമസിക്കുന്നുണ്ട്. അവരില്‍ നിന്നുള്ള എട്ടുകുട്ടികളെ ചേര്‍ത്തുപിടിച്ച് തന്‍റെ 'പൊതുകൂടിക്കാഴ്ച പരിപാടിയില്‍' പാപ്പാ മൊബൈലില്‍ ജനമദ്ധ്യത്തിലൂടെ യാത്ര ചെയ്യുന്ന ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സീസ് പാപ്പായുടെ ദൃശ്യത്തിലേക്കാണ് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്. തീവ്രവാദികളുടെ ബോംബിനും തോക്കിനും നൂറുകണക്കിന് ക്രൈസ്തവര്‍ ഇരയായി വധിക്കപ്പെടുന്ന നേരത്തും, ഇസ്ലാമിക സമൂഹത്തോട് പകയുടെയും വിദ്വേഷത്തിന്‍റെയും ലാഞ്ചനയില്ലാതെ, അവരുടെ നന്മയ്ക്കും മാനസാന്തരത്തിനുമായി പ്രാര്‍ത്ഥിക്കുകയും, അതിനായി ക്രൈസ്തവരോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പാപ്പായെ വിശേഷിപ്പിക്കുവാനും ഉപമിക്കുവാനും വാക്കുകള്‍ക്കായി പരതുന്ന പൊതുസമൂഹത്തെ നമുക്ക് കാണുവാന്‍ കഴിയുന്നു. മതത്തിന്‍റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുവാന്‍ ആഹ്വാനം ചെയ്യുന്ന, ആയതു നടപ്പിലാക്കുന്ന, ഈ ലോകത്ത് സമാധാനത്തിന്‍റെയും സമന്വയത്തിന്‍റെയും പ്രത്യാശയുടെയും ക്ഷമയുടെയും കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച്, സാഹോദര്യത്തിന്‍റെ വെള്ളിവെളിച്ചം പ്രകാശിപ്പിച്ച്, ജ്വലിച്ചു നില്ക്കുന്ന കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനിലേക്ക് സമാധാനകാംക്ഷികളായ ഏവരുടെയും ശ്രദ്ധയും നയനങ്ങളും തിരിയുന്നു.

പാകിസ്ഥാനില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറി ബര്‍ണ്ണാര്‍ഡ്സ് ടൗണ്‍ഷിപ്പിന്‍റെ മേയര്‍ പദവി വരെ അലങ്കരിച്ച വ്യക്തിത്വമാണ് ഡോ. മുഹമ്മദ് അലി. ബാസ്കിംഗ് റിഡ്ജിലെ ഇസ്ലാമിക സൊസൈറ്റി സ്ഥാപകന്‍ കൂടിയായ ഡോ. അലി ഗ്രന്ഥകാരനും, പ്രൊഫസറും, ബിസിനസ്സുകാരനുമാണ്. ഒരു നാള്‍ അമേരിക്കയിലെ കത്തോലിക്കാ രൂപതയായ കാംഡെനിന്‍റെ ആസ്ഥാനത്ത്, സഹപ്രവര്‍ത്തകരുമായി എത്തിച്ചേര്‍ന്ന ഡോ. അലി, തനിക്കുള്ളതില്‍ ഏറിയ പങ്കും അശരണരും ആലംബഹീനര്‍ക്കുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്, കത്തോലിക്കാസഭയുടെ ഇത്തരത്തിലുള്ള നിലപാടുകളിന്മേലു ള്ള ആകര്‍ഷണം ഒന്നുകൊണ്ടു മാത്രമാണ്.

ആഭ്യന്തര കലാപത്തിന്‍റെ ചുഴിയില്‍പ്പെട്ട് തകര്‍ന്നു തരിപ്പണമായ ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് അഭയസ്ഥാനം തേടി അനധികൃതമായി അമേരിക്കയിലും യൂറോപ്പിലും എത്തിച്ചേര്‍ന്നത്. അഭയാര്‍ത്ഥികളെ സഹോദരതുല്യം സ്വീകരിക്കുവാന്‍ ആഹ്വാനം നല്‍കിയതും പാപ്പാ ഉള്‍പ്പെടെയുള്ള ക്രൈസ്തവ നേതാക്കളായിരുന്നു. ആയതിന്‍റെ അടിസ്ഥാനത്തില്‍ ആയിരങ്ങള്‍ ഇന്ന് ഈ രാജ്യങ്ങളില്‍ ക്യാമ്പുകളില്‍ സുരക്ഷിതരായി കഴിയുന്നു. അഭയാര്‍ത്ഥികളോടൊപ്പം അപകടകാരികളും ഉണ്ടാവുമെന്ന്, പ്രത്യേകിച്ച് ഇസ്ലാമിക തീവ്രവാദികള്‍ കടന്നുകൂടുവാന്‍ ഏറെ സാധ്യതയുണ്ടെന്നും, ആയതിനാല്‍ ഇവരിലെ ക്രിസ്ത്യാനികളെ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ചില കോണുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ വന്നു.

അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഇടിത്തീയായി വീണ ഈ പ്രസ്താവനയില്‍, ഭയചകിതരായി കഴിഞ്ഞിരുന്ന നിരാലംബര്‍ക്ക് ആശ്വാസത്തിന്‍റെ കുളിര്‍കാറ്റായി ഭവിച്ചതും കത്തോലിക്കാസന്നദ്ധ പ്രവര്‍ത്തകയുടെ വാക്കുകളായിരുന്നു. അമേരിക്കയിലെ ഡെട്രോയിട്ട് അതിരൂപതയുടെ മുഖപത്രമായ 'മിഷിഗണ്‍ കാത്തലിക്കി" ന്‍റെ ആദ്യപേജില്‍ വന്ന ഒരു വാര്‍ത്തയായിരുന്നു ഈ ആശ്വാസത്തിന്‍റെ തെന്നല്‍. കത്തോലിക്കാസഭയുടെ അഗതികള്‍ക്കും അശരണര്‍ക്കും അഭയാര്‍ത്ഥികള്‍ക്കായുമുള്ള വിഭാഗത്തിന്‍റെ അധിപ ശ്രീമതി ജറാള്‍ഡാ ഹത്താര്‍, സഹായം നല്‍കുന്നതിലെ മതപരമായ ചേരിതിരിവുകളെ ശക്തമായ ഭാഷയില്‍ അപലപിച്ചു. രോഗത്തിനും, ദാരിദ്ര്യത്തിനും, തൊഴിലില്ലായ്മയ്ക്കും മതമില്ലെന്നും, അങ്ങനെയൊന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, ആയത് ക്രൈസ്തവര്‍ നാളിതുവരെ തുടര്‍ന്നുവരുന്ന നിലപാടുകള്‍ക്ക് കടകവിരുദ്ധമാണെന്നും, അതുവഴി ഒഴിവാക്കപ്പെടേണ്ടതുമാണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ശ്രീമതി ഹത്തര്‍ പ്രസ്താവിച്ചു. അഭയാര്‍ത്ഥി ക്യാമ്പിലെ നിസ്സഹായരായ ഇസ്ലാമിക വിശ്വാസികളായ സ്ത്രീകളും, കുട്ടികളും, പുരുഷന്മാരും, നിറഞ്ഞ കണ്ണുകളോടും കൂപ്പിയ കൈകളോടും കൂടിയാണ് ഈ പ്രസ്താവനയില്‍ ആശ്വാസം കണ്ടെത്തിയത്. ലോകത്തെമ്പാടും ക്രൈസ്തവര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുമ്പോഴാണ് അമേരിക്കയിലെ കത്തോലിക്കാ സന്നദ്ധ സംഘടനയും, അതിന്‍റെ മേധാവികളും ഇത്തരം ഒരു മനുഷ്യത്വപരവും, തികച്ചും ക്രിസ്തീയവുമായ ഒരു നിലപാട് എടുത്തിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയാണ്.

ഇറ്റലിയുടെ വടക്കുഭാഗത്ത്, ഫ്രാന്‍സുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയില്‍ ഒരു കത്തോലിക്കാരൂപതയും അതിന്‍റെ ദേവാലയങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നതും ഇക്കാരണത്താല്‍ തന്നെ. നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് ഇവിടെ തങ്ങിയിരിക്കുന്നത്. തീവണ്ടിമാര്‍ഗ്ഗം ഫ്രാന്‍സിലേക്ക് അനധികൃതമായി കുടിയേറുവാനായി വന്നവരാണ് ഇവരെല്ലാം തന്നെ. എരിട്രിയാ, സുഡാന്‍, സിറിയാ തുടങ്ങിയ ഇടങ്ങളില്‍ നിന്നും വന്ന ഇവര്‍ എല്ലാം തന്നെ ഇസ്ലാമിക വിശ്വാസികളാണ്. നിയമപരമായ രേഖകളോ അനുമതിപത്രങ്ങളോ ഇല്ലാത്തതിനാല്‍ ഫ്രാന്‍സിന്‍റെ അതിര്‍ത്തിയില്‍ ഇവര്‍ തടയപ്പെടുകയും തിരിച്ചയയ്ക്കപ്പെടുകയും ചെയ്തു. എന്നാല്‍, അസ്വസ്ഥപൂര്‍ണ്ണമായ അപകടങ്ങള്‍ നിറഞ്ഞ പട്ടിണി മാത്രമുള്ള മാതൃരാജ്യങ്ങളിലേക്കു പോകുവാന്‍ ഇവര്‍ തയ്യാറായില്ല. മഞ്ഞും മഴയും വെയിലും തുടങ്ങിയ പ്രതികൂലകാലാവസ്ഥയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞ ഈ മനുഷ്യജന്മങ്ങളെ മാറോടു ചേര്‍ത്ത് പിടിക്കുവാന്‍ ആശ്വാസകരങ്ങളുമായി വന്നത് കത്തോലിക്കാസഭയും അതിന്‍റെ സന്നദ്ധ പ്രവര്‍ത്തകരുമായിരുന്നു. പാദുവായിലെ വിശുദ്ധ അന്തോനീസിന്‍റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവച്ച് വണങ്ങി ആരാധിച്ചുപോന്നിരുന്ന ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയം ആക്രമിച്ചു നശിപ്പിച്ച്, ക്രിസ്ത്യാനികളെ കശാപ്പു ചെയ്തവരുടെ വംശത്തില്‍പ്പെട്ടവര്‍, ഇപ്പോള്‍ വയറുനിറയെ ഭക്ഷണം കഴിച്ച്, തണുപ്പിനെ പ്രതിരോധിക്കുവാന്‍ കമ്പിളിക്കുപ്പായങ്ങള്‍ ധരിച്ച്, അന്തിയുറങ്ങുന്നത് വിശുദ്ധ അന്തോനീസിന്‍റെ തന്നെ നാമധേയത്തിലുള്ള ഇറ്റലിയിലെ ദേവാലയത്തിനുള്ളിലാണെന്നുള്ളത് ഒരു പക്ഷേ, നിയതിയുടെ നിയോഗമാകാം. റംസാന്‍ മാസം ആരംഭിച്ചതോടുകൂടി നോമ്പുപിടിക്കാനും, ബാങ്കുവിളി കേട്ട് നോമ്പു തുറക്കാനും നിസ്കരിക്കാനും കത്തോലിക്കാദേവാലയത്തിനുള്ളിലും പരിസരത്തും സൗകര്യം ഒരുക്കിക്കൊടുക്കുന്നത് കത്തോലിക്കാപുരോഹിതരും കന്യാസ്ത്രികളും ആണെന്നുള്ളതും ഒരു പക്ഷേ, ദൈവനിശ്ചയമായിരിക്കാം. ഈ സദ്പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി ഓരോ ഇസ്ലാമിക സഹോദരന്‍റെയും ക്ഷേമത്തില്‍ ശ്രദ്ധയൂന്നി കര്‍മ്മനിരതനായിരിക്കുന്ന സാന്‍റിമോ ആര്‍ച്ച്ബിഷപ്പ് അന്‍റോണിയോ സുവേട്ടോയുടെ സാന്നിദ്ധ്യം അമാവാസിനാളില്‍ തെളിച്ചുവച്ച കൈത്തിരി വെട്ടത്തിനു സമാനമായി ഭവിച്ചിരിക്കുന്നു.

മതത്തിന്‍റെ പേരില്‍, വംശീയതയുടെ പേരില്‍, ജാതിവ്യത്യാസത്തിന്‍റെ പേരില്‍ സഹോദരന്‍ സഹോദരന്‍റെ കഴുത്തില്‍ കത്തിയിറക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍, ഉദാത്തമായ ക്രൈസ്തവമാനവികതയുടെ സന്ദേശം വിളിച്ചോതുന്ന ഇത്തരത്തില്‍പ്പെട്ട നൂറുകണക്കിന് ജീവനുള്ള സംഭവങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ കാല്‍വരിയില്‍ യാഗമായി തീര്‍ന്ന ലോകൈകനാഥന്‍റെ അനുയായികള്‍ക്ക് കഴിയുന്നത്, ആഗോളവ്യാപകമായി സഭയും സന്യസ്തരും അഭിഷിക്തരും അന്നുമിന്നും എന്നും അനുവര്‍ത്തിച്ചുവരുന്ന ഉദാത്തമായ സത്യവിശ്വാസത്തിന്‍റെ അകംപൊരുളിന്‍റെ മഹത്ത്വം ഒന്നുകൊണ്ടുമാത്രമാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org