മാനേ… തിങ്കള്‍ കല മാനേ…

മാനേ… തിങ്കള്‍ കല മാനേ…
Published on

സന്തോഷ് ഏച്ചിക്കാനം

ഞാന്‍ കണ്ട ആദ്യത്തെ ക്രിസ്ത്യാനി തോമസ് ആയിരുന്നു. കുമളിയില്‍ നിന്ന് കാസര്‍കോട്ടു വരെ വന്നു ബേഡഡുക്കയില്‍ പട്ടഷാപ്പ് നടത്തിയിരുന്ന ആ ചെറുപ്പക്കാരനെ ഞങ്ങള്‍ ഗ്രാമവാസികള്‍ പ്രായഭേദമില്ലാതെ തോമസേട്ടന്‍ എന്നു വിളിച്ചു. അര കൈയ്യന്‍ ഷര്‍ട്ടിനുമേല്‍ ചതുരകള്ളികള്‍ ഉള്ള ലുങ്കി മടക്കിക്കുത്തി തെങ്ങുകയറ്റക്കാരന്‍ പൊക്ലിക്കും തെയ്യക്കാരന്‍ കലേപ്പാടിക്കും കള്ളന്‍ ശംഭുവിനും കണ്ടത്തില്‍ പുല്ലരിയാന്‍ പോകുന്ന ചോമുവിനും നട്ടി*ക്ക് വെള്ളം തേവിമടങ്ങുന്ന വള്ളിയോടന്‍ കുഞ്ഞിരാമേട്ടനും പട്ടയും മുട്ടയും ലമനേഡ് സോഡയുമായി കാലത്ത് 6 മണി മുതല്‍ ഇരുട്ടും വരെ തോമസേട്ടന്‍ ഷാപ്പില്‍ ഓടി നടന്നു. തോമസേട്ടന്റെ താമസവും ഷാപ്പില്‍ തന്നെയായിരുന്നു. ഭാര്യയും കൊച്ചുങ്ങളുമൊക്കെ കുമിളിയിലാണ്. നിരപ്പലകയിട്ട് ഷാപ്പ് അടച്ചാല്‍ നേരെ ചെന്ന് കാമലത്തെ തോട്ടിലെ തണുത്ത വെള്ളത്തിലിറങ്ങും. ദേഹം ചന്ദ്രികാ സോപ്പില്‍ പതപ്പിച്ച് ഒരു മുങ്ങു മുങ്ങും. തോര്‍ത്തിലെ വെള്ളം ശക്തിയായി കുടഞ്ഞ് അഴയിലിട്ട് തന്റെ മുറിയിലേക്ക് കയറും. കര്‍ത്താവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ഒരു മെഴുകുതിരി കത്തിക്കും. ബൈബിള്‍ തൊട്ട് കുരിശു വരച്ച് മുട്ടുകുത്തും. അങ്ങ് അകലെ കിടക്കുന്ന തന്റെ കുടുംബത്തേയും തന്നേയും അലട്ടി ക്കൊണ്ടിരിക്കുന്ന നിരവധിയായ പ്രയാസങ്ങളേയും പരിശുദ്ധ അമ്മയുടേയും വിശുദ്ധ ഔസേപ്പ് പിതാവിന്റേയും മദ്ധ്യസ്ഥതയില്‍ ഈശോയ്ക്ക് മുന്നിലേക്ക് സമര്‍പ്പിച്ചു കൊണ്ട് അയാള്‍ ഉറക്കെ പ്രാര്‍ത്ഥിക്കും. അപ്പോള്‍ തോമസേട്ടന്റെ രണ്ടു കണ്ണുകളിലും വെളളം നിറയും. മെഴുകുതിരിയണച്ച് കവിളുകള്‍ തുടച്ചുകൊണ്ട് അയാള്‍ പുറത്തേക്ക് വരുന്നത് ഒരിക്കല്‍ ഞാനും കണ്ടിട്ടുണ്ട്.
ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തോമസേട്ടന്‍ സ്ഥിരമായി മംഗലാപുരത്തേക്ക് പോകും. വരുമ്പോള്‍ കൈയ്യില്‍ ഒരു ക്രിസ്തുമസ് നക്ഷത്രം ഉണ്ടാകും. അതു വാങ്ങാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം ഇത്രയും ബുദ്ധിമുട്ടി മംഗാലാപുരത്തേക്ക് പോകുന്നത്. ആദ്യത്തെ തവണ നക്ഷത്രം, തൂങ്ങി നില്‍ക്കുന്നത് കാണാന്‍ പള്ളിക്കൂടത്തില്‍ പോകും വഴി ഞങ്ങളും പട്ടഷാപ്പില്‍ കയറിയിരുന്നു. നക്ഷത്രത്തിന്റെ ഭംഗിയും നോക്കി ഞങ്ങള്‍ കുറേ നേരം അവിടെ ചുറ്റി പറ്റി നിന്നു. വൈകി സ്‌ക്കൂളില്‍ എത്തിയതിന്റെ പേരില്‍ അന്ന് ടീച്ചറിന്റെ കൈയ്യില്‍ നിന്ന് നല്ല തല്ലും കിട്ടി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രാത്രിയില്‍ പ്രകാശിക്കാത്ത ആ നക്ഷത്രത്തെ നാട്ടുകാര്‍ നിര്‍ദയം കുറ്റം പറയാന്‍ തുടങ്ങി. ആരും അതിനെ ഗൗനിക്കാതായി. ഇലക്ട്രിസിറ്റിയൊന്നും വരാത്ത കാലമാണ്. അപമാനിതനായ തോമസേട്ടന്‍ ദാമുവേട്ടന്റ കടയില്‍ നിന്നും ആറ് എവറെഡി ബാറ്ററികള്‍ ഒന്നിച്ച് വാങ്ങി ഒരു ബോക്‌സിനകത്താക്കി അതില്‍ നിന്നും കഴുക്കോലിലേക്ക് ഒരു കണക്ഷന്‍ കൊടുത്തു. അതോടെ ബേഡഡുക്കയുടെ ആകാശത്തില്‍ ആദ്യമായി ഒരു ക്രിസ്തുമസ് നക്ഷത്രം ഉദിച്ചു. അതു കാണാന്‍ ഞാന്‍ അമ്മാവനോടൊപ്പം തോമസേട്ടന്റെ ഷാപ്പില്‍ വന്നു. അദ്ദേഹം കുപ്പിയില്‍ നിന്ന് അല്പം വീഞ്ഞ് ചില്ലു ഗ്ലാസില്‍ പകര്‍ന്ന് ഞങ്ങള്‍ക്ക് നീട്ടി. കുടിക്കണോ എന്ന് ശങ്കിച്ചു അമ്മാവന്റെ മുഖത്തേക്ക് നോക്കി നിന്ന എന്നോട് തോമസേട്ടന്‍ പറഞ്ഞു.
'പേടിക്കേണ്ട പട്ടയല്ല. നല്ല മുന്തിരിയേലൊണ്ടാക്കിയതാ.'
അമ്മാവന്‍ കുടിച്ചപ്പോള്‍ ഞാനും കുടിച്ചു. കയ്പും മധുരവും ചവര്‍പ്പും എല്ലാം കൂടി വല്ലാത്ത ഒരു അനുഭൂതി വന്ന് ആത്മാവിനെ കോടമഞ്ഞു പോലെ മൂടുന്നത് ഞാനറിഞ്ഞു. നക്ഷത്രം അപ്പോള്‍ പതിവിലധികം തിളങ്ങി. നിലാവിലൂടെ ആട്ടിന്‍പറ്റങ്ങളേയും തെളിച്ച് കമ്പിളി പുതച്ച അജ്ഞാതനായ ഒരാള്‍ അപ്പോള്‍ അതു വഴി നടന്നു പോയി.
'കര്‍ത്താവിനു സ്തുതിയായിരിക്കട്ടെ.'
ഇറങ്ങാന്‍ നേരത്ത് തോമസേട്ടന്‍ കുരിശു വരച്ചു.
'എന്നെന്നും സ്തുതിയായിരിക്കട്ടെ.'
അമ്മാവന്‍ ചിരിച്ചു.
എല്ലാ ക്രിസ്മസ്സിനും നാല് ദിവസം മുമ്പ് ഷാപ്പടച്ച് തോമസേട്ടന്‍ നാട്ടിലേക്ക് പോകും.
'എന്തിനാണ് ഇത്രേം നേരത്തേ പോകുന്നത്' എന്നും ചോദിച്ച് ഗദ്ഗദത്തോടെ യാത്രയാക്കുന്ന ആസ്ഥാനകുടിയന്മാരെ സമാധാനിപ്പിച്ചു കൊണ്ട് തോമസേട്ടന്‍ പറയും.
'കരോളൊക്കെ കൂടണ്ടേ മക്കള് കാത്തിരിക്കും.'
നക്ഷത്രം കണ്ടെങ്കിലും ഒരു കരോളില്‍ ഞാന്‍ പങ്കെടുക്കുന്നത് പത്താം തരം പാസ്സായി നെഹ്രു കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നപ്പോഴാണ്. കോളേജിലേക്ക് പത്ത് മുപ്പത്തഞ്ച് കിലോ മീറ്ററുണ്ട്. അങ്ങനെ അച്ഛന്‍ എന്റെ താമസം കോളേജി നടുത്തുള്ള വല്യമ്മയുടെ വീട്ടിലേക്ക് മാറ്റി. ഒരു ദിവസം അവധിക്ക് വീട്ടില്‍ എത്തിയപ്പോള്‍ അമ്മാവന്‍ പറഞ്ഞു.
'ഞാന്‍ ഇത്തവണ ക്രിസ്തുമസ്സിന് തോമസേട്ടന്റെ നാട്ടിലേക്ക് പോകുന്നു.'
'ഞാനും കൂടി വന്നോട്ടെ.'
എന്താണെന്നറിയില്ല എന്റെ ആഗ്രഹത്തിന് അമ്മാവന്‍ പച്ചക്കൊടി കാണിച്ചു. തോമസേട്ടനെ നല്ലപോലെ അറിയാവുന്നതു കൊണ്ട് അച്ഛനും സമ്മതിച്ചു. അപ്പോഴേക്കും പട്ടഷാപ്പൊക്കെ മതിയാക്കി തോമസേട്ടന്‍ കുമിളിയിലേക്ക് മടങ്ങിയിരുന്നു. ഇപ്പൊ താമസം കാഞ്ഞിരപ്പള്ളിയിലാണ്. ഞങ്ങള്‍ ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ സ്റ്റോപ്പില്‍ തോമസേട്ടന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അമ്മച്ചി മരിച്ചു പോയതില്‍ പിന്നെ അമ്മാമ്മ ഏലിക്കുട്ടിയായിരുന്നു തോമസേട്ടനെ നോക്കിയിരുന്നത്. കൊച്ചു മോനെപ്പോലെയല്ല അമ്മാമ്മ. നല്ല വെളുത്തിട്ടാണ്. ചട്ടയും മുണ്ടുമാണ് വേഷം. നല്ല ഉറച്ച ശരീരം. വലിയ കണ്ണുകള്‍. പത്തെണ്‍പതിനു മേല്‍ പ്രായമുണ്ട്. വീട്ടില്‍ നിന്ന് അമ്മ ഉണ്ടാക്കി പൊതിഞ്ഞു തന്ന മുറുക്കും ഉണ്ണിയപ്പവുമൊക്കെ ഞങ്ങള്‍ തോമസേട്ടന്റെ മക്കള്‍ക്ക് കൊടുത്തു. അവര്‍ക്ക് സന്തോഷമായി. തോമസേട്ടന്റെ ഭാര്യ ജാന്‍സി ചേച്ചി ഞങ്ങള്‍ക്ക് കുഴലപ്പവും ചായയും തന്നു. അപ്പോഴേക്കും വീഞ്ഞിന്റെ കുപ്പിയുമായി അമ്മാമ്മ വന്നു. രണ്ട് ഗ്ലാസുകളില്‍ അതു പകര്‍ന്ന് ഞങ്ങളുടെ മുമ്പില്‍ വെച്ചു.
'നിങ്ങളെപ്പറ്റി തോമാച്ചന്‍ പറയാറുണ്ട്.'
അമ്മാമ്മ സംസാരം തുടങ്ങിയതും തോമസേട്ടന്‍ അമ്മാവന്റെ കാതില്‍ മന്ത്രിച്ചു.
'അധികം നിന്നു കൊടുക്കണ്ട. അമ്മാമ്മ നിങ്ങടെ ചെവി തിന്നും.'
വീഞ്ഞ് തീര്‍ന്നതും അമ്മാവന്‍ മെല്ലെ രംഗം വിട്ടു. അമ്മാമ്മ എന്നോട് കഥകള്‍ പറയാന്‍ തുടങ്ങി. അതും കേട്ട് എത്ര നേരം വേണമെങ്കിലും അവിടെ ഇരിക്കാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
'എന്റെ കൊച്ചേ ഞങ്ങള് സായിപ്പന്മാരാ.'
അമ്മാമ്മ കഥ പറയാന്‍ തുടങ്ങി.
എന്റെ അപ്പച്ചന്റെ അമ്മച്ചി അതായത് എന്റെ വല്യമ്മച്ചിക്ക് കുട്ടിക്കാനത്ത് സായിപ്പിന്റെ ബംഗ്ലാവിലായിരുന്നു പണി. അമ്മാമ്മ സുന്ദരിയായിരുന്നുവെന്ന് അപ്പന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അവിടെ സായിപ്പിന്റെ കെട്ട്യോള്‍ക്ക് മാത്രം കുളിക്കാനായിക്കൊണ്ട് ഒരു കുളമുണ്ട്. മദാമ്മക്കുളം എന്നു പറയും. കാട്ടിനു നടുക്കൂടെ ഒഴുകിവരുന്ന വെള്ളം പാറക്കെട്ടീന്നു നേരെ വട്ടച്ചെമ്പിലേക്കെന്നപോലെ ഈ കുളത്തിലേക്ക് വീഴും. ബംഗ്ലാവീന്നു കുതിരപ്പുറത്താണ് മദാമ്മ കുളിക്കാന്‍ പോവുക. കൂടെ വേലക്കാരികളും കാണും. അങ്ങനെ പോയിപ്പോയി ആ കുളത്തീ കുളിക്കാന്‍ അമ്മാമ്മയ്ക്ക് പൂതി കേറി. അന്നത്തെ കാലമല്ലിയോ… സായിപ്പെങ്ങാനും കണ്ടാ കൊന്നുകുഴിച്ച് മൂടും. മദാമ്മ അസുഖം പിടിച്ച് കിടപ്പിലായപ്പോ അമ്മാമ്മ ഒരു ദിവസം പാത്തും പതുങ്ങിയും ചെന്ന് കുളത്തിലോട്ടിറങ്ങി. വിസ്തരിച്ച് കുളി തുടങ്ങി. എന്തോ ഒച്ച കേട്ട് തിരിഞ്ഞ് നോക്കിയപ്പൊ പിന്നിലതാ നില്ക്കുന്നു കുതിരപ്പുറത്ത് സായിപ്പ്…!!! പേടിച്ച് വെറച്ച് തൊഴുകൈയോടെ കരയില്‍ വന്നു കയറാന്‍ നേരത്ത് സായിപ്പു പറഞ്ഞുവത്രേ
'കേറണ്ട ഞാന്‍ അങ്ങോട്ട് വരാം.'
കുതിരയെ മേയാന്‍ വിട്ട് സായിപ്പ് കുളത്തിലേക്കിറങ്ങി. അങ്ങനെ ഒണ്ടായതാ എന്റെ അപ്പന്‍. ആ വെളുപ്പാ എനിക്ക് കിട്ടിയത്. ഞങ്ങടെ കുടുമ്മത്തില്‍ തോമാച്ചന്‍ മാത്രം ഇച്ചിരി മങ്ങിപ്പോയി. ബാക്കിയുള്ളോരെ കൊച്ച് കണ്ടിട്ടൊണ്ടോ? നല്ല ചെത്തിയ കപ്പ പോലെ വെളുവെളുങ്ങനാന്നിരിക്കും. തോമാച്ചന്റെ അപ്പനെ കൊച്ച് കണ്ടിട്ടൊണ്ടോ? അവനാണ് യഥാര്‍ത്ഥ സായിപ്പ്. കുറച്ച് നാള് കഴിഞ്ഞപ്പോള്‍ കുട്ടിക്കാനം വിട്ട് അപ്പന്‍ കുമളിയിലോട്ട്‌പോയി. അവിടെ വെച്ചാ ഞാനൊണ്ടായത്. അന്നൊക്കെ പാതിരാത്രിയേല് ആനക്കൂട്ടം ചിന്നംവിളിച്ചോണ്ട് പൊരയിടത്തിലോട്ട് പാഞ്ഞുവരും. പഴവും പേരക്കയുമൊക്കെ തിന്നാനാണ്. എന്നാ ചെയ്യാനാ. അപ്പനോടൊപ്പം ഞാനും പുറത്തേക്കിറങ്ങും. കീറച്ചാക്ക് മണ്ണെണ്ണേ മുക്കി അപ്പന്‍ ഒരു കമ്പേ ചുറ്റി പന്തം പോലെയാക്കി തീ കൊടുക്കും. ഒരെണ്ണം എനിക്കും തരും. അന്നെനിക്ക് പത്ത് വയസ്സാ. പന്തോം നീട്ടിപ്പിടിച്ചോണ്ട് ആനേടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും. അപ്പന്റെ തെറി കേട്ട ഒരാനയും പിന്നെ ആ വഴിക്ക് വരത്തില്ല.
പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് ഏലിയാമ്മ ഉറക്കെ ചിരിച്ചു.
'പിന്നെ ഒരു കാര്യം കൂടിയുണ്ട്. അന്നു ഞാന്‍ ഒരാളുമായിട്ട് സ്‌നേഹത്തിലായിരുന്നു. പ്രേമം എന്നു തന്നെ പറയാം. കെട്ടിത്തരണമെന്ന് അപ്പനോട് പറഞ്ഞതാ. പത്ത് വയസ്സു കഴിയട്ടെ എന്നിട്ടാലോചിക്കാമെന്ന് അപ്പന്‍ വാക്കും തന്നേച്ചതാ. ആളാരാണെന്ന് കൊച്ചിനറിയേണ്ടേ?'
അമ്മാമ്മയുടെ കവിളിലെ നുണക്കുഴികളില്‍ നാണം വിരിഞ്ഞു.
'വേണം.'
ഞാന്‍ പറഞ്ഞു.
'അതൊരു കലമാനാ.'
അമ്മാമ്മ വീണ്ടും ചിരിച്ചു.
'വലിയ കൊമ്പൊക്കെയുള്ള അതിസുന്ദരന്‍. എന്താ ഒരു പ്രൗഢി. എന്നും രാവിലെ വീട്ടുമുറ്റത്തു വന്ന് എന്നേം നോക്കിക്കോണ്ട് നില്‍ക്കും.'
കഥയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ദിശാബോധം നഷ്ടപ്പെട്ടു മായികമായ ഏതോ വഴിയില്‍ അകപ്പെട്ടുപോയ എന്നെ ജാന്‍സി ചേച്ചിയാണ് രക്ഷിച്ചത്. അവര്‍ അമ്മാമ്മയില്‍ നിന്ന് എന്നെ അടര്‍ത്തിയെടുത്ത് പുറത്തേക്ക് നടന്നു.
'എന്റെ കൊച്ചേ ഇതൊക്കെ വെറും കെട്ടുകഥകളാ. അല്ലേല്‍ കലമാനെ ആരെങ്കിലും പ്രേമിക്കുമോ. ഒരു അഞ്ച് മിനിട്ടിന്റെ കുറവ് ഇവര്‍ക്ക് എല്ലാവര്‍ക്കുമുണ്ട്.'
ജാന്‍സി ചേച്ചി പറഞ്ഞു.
'തോമസേട്ടന്റെ അപ്പനെ കൊച്ച് കണ്ടായിരുന്നോ. ദേ ഓടുമേഞ്ഞ ആ വീടു കണ്ടോ?'
ഞാന്‍ നോക്കി. കുരുമുളക് വള്ളികള്‍ നിറഞ്ഞ പറമ്പിനകത്ത് ഒറ്റപ്പെട്ട ഒരു കൊച്ച് വീട്.
'ഇന്നലെ വരെ ഇവിടായിരുന്നു. ക്രിസ്തുമസ്സിന് ആളുകളൊക്കെ വരുന്നതല്ലേ? തല്‍ക്കാലം അവിടെ പൂട്ടിയിട്ടേക്കുവാ. ചിലപ്പൊ വയലന്റാവും. ഇന്നാളൊരീസം ചുമരേലിരിക്കുന്ന ഇരട്ട കുഴല്‍ തോക്കെടുത്ത് സായിപ്പാണെന്നും പറഞ്ഞോണ്ട് തോമസേട്ടന്റെ നേരെ ഒറ്റ വെടി. അകത്ത് തിരയില്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു. അമ്മാമ്മ സായിപ്പിന്റെ കാര്യം പറഞ്ഞില്ലേ. അങ്ങോര്‍ക്കും ഇത്തിരി പിരി ലൂസായിരുന്നുവത്രേ. ഇതൊന്നും ഞാന്‍ പറഞ്ഞൂന്ന് തോമസേട്ടനോട് പറഞ്ഞേക്കരുത്.'
ജാന്‍സി ചേച്ചി പോയി. ഞാന്‍ ഒരു തൂണുപോലെ ആ പറമ്പിലേക്ക് നോക്കി അനങ്ങാതെ നിന്നു. പിന്നെ ഒതുക്കു കല്ലുകളില്‍ ചവിട്ടി താഴേക്കിറങ്ങി. അപ്പോള്‍ അമ്മാവനോടൊപ്പം തോമസേട്ടന്‍ വരുന്നതു കണ്ടു.
മഞ്ഞ് വീണ് രാത്രി തണുത്തു തുടങ്ങിയപ്പോഴേക്കും പള്ളിക്കമ്മറ്റിക്കാരും അച്ചനും ചെറുപ്പക്കാരും കരോളിനു തയ്യാറായി. നക്ഷത്രങ്ങളേന്തിയ കുട്ടികളെ അച്ചന്‍ ആള്‍ക്കൂട്ടത്തിന്റെ പല ഭാഗത്തായി നിര്‍ത്തി. ചിലര്‍ക്ക് മെഴുകുതിരിക്കാലുകള്‍ കൊടുത്തു. ഹരിക്കേന്‍ വിളക്കുമായി മൂന്നാല് ചേട്ടന്മാര്‍ മുന്നിലും പിന്നിലുമായി നടന്നു. അപ്പോഴേക്കും കരോള്‍ ഗാനത്തിന് അകമ്പടിയേകാന്‍ ഡ്രമ്മും സൈഡ് ഡ്രമ്മും ജിഞ്ചിലവുമെത്തി. ആ സമയം തലയില്‍ തൊപ്പിയും എടുത്തു വെച്ച് പപ്പാനിയായി തോമസേട്ടന്‍ പള്ളിയില്‍ നിന്നിറങ്ങി വന്നു. സ്ഥലത്തെ സ്ഥിരം പപ്പാനിയാണത്രേ തോമസേട്ടന്‍. ഇതിനാണ് ക്രിസ്തുമസ്സിനു അഞ്ചാറ് ദിവസം മുന്‍പേ പട്ടഷാപ്പ് പൂട്ടി തോമസേട്ടന്‍ ബേഡഡുക്കയില്‍ നിന്നും മെഹബൂബ് ബസ് പിടിക്കുന്നത്.
'അപ്പൊ തുടങ്ങിയേക്കാം.'
അച്ചന്‍ ചോദിച്ചു.
'ശാന്ത രാത്രി തിരുരാത്രി പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി….' എന്ന പ്രശസ്തമായ ഗാനത്തോടെ ജോസുകുട്ടി കരോളിനു തുടക്കം കുറിച്ചു. കുരിശടിയിലെത്തിയതും അത് 'പൈതലാം യേശുവേ'യിലെത്തി. ആദ്യം സംഗീതാത്മകമായി തുടങ്ങിയ ഗാനം 'യേശുനാഥന്‍ പിറന്നു… ലാലാലാ…'യിലെത്തിയതും റെഡി വണ്‍ ടു ത്രീ… പൈ… പൈ… പൈ… പൈതലാം യേശുവേ എന്ന് ഡ്രമ്മിന്റെ ചടുലതാളത്തിനോടൊപ്പം പൂക്കുറ്റി പോലെയങ്ങ് ഇരച്ച് കേറി. പപ്പാനിയും ചെറുപ്പക്കാരും കുട്ടികളും കുരിശടി വിറപ്പിച്ചു കൊണ്ട് നൃത്തം തുടങ്ങി. നിലാവിനോടൊപ്പം മലയിറങ്ങി വന്ന തണുപ്പിനെ വകവെയ്ക്കാതെ വീടുകളില്‍ നിന്നും വീടുക ളിലേക്ക് ആവേശത്തോടും ആനന്ദാതിരേകത്തോടും കൂടി കരോള്‍ സംഘത്തോടൊപ്പം ഞാനും അമ്മാവനും നടന്നു. ആദ്യത്തെ അനുഭവമായതു കൊണ്ട് തന്നെ ഒരു ചലച്ചിത്രം പോലെ ആ രാത്രി മായാതെ ഇന്നും എന്റെ മനസ്സിലുണ്ട്. ഇടവകയിലെ വീടുകളില്‍ നിന്നുള്ള സല്‍ക്കാരം സ്വീകരിച്ചുകൊണ്ട് ചുക്കുകാപ്പിയും ചെറുപഴങ്ങളും കഴിച്ച് ഞങ്ങള്‍ നടന്നു. പപ്പാനി കയറിയ വീടുകളില്‍ നിന്നും ഓരോരുത്തരായി കരോള്‍ സംഘത്തെ അനുഗമിക്കാന്‍ തുടങ്ങിയതും അതൊരു വലിയ ആള്‍ക്കൂട്ടമായി മാറി. ഉറക്കം പോകാന്‍ 'യേശു പിറന്നു യേശു പിറന്നു കാശെട് വല്യമ്മേ' എന്ന തമാശപ്പാട്ടുകളും ചിലര്‍ പാടി. പാതയോരത്തു നിന്നും രാത്രിയിലേക്ക് നോക്കി കരോള്‍ സംഘത്തിലെ ചില ആളുകള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ലോകത്തെ ഉറക്കെ വിളിച്ചറിയിച്ചു. ഒന്നാമന്‍: നമ്മുടെ ദൈവമായ ക്രിസ്തു എന്ന രക്ഷകന്‍…. രണ്ടാമന്‍: ഇന്ന് ബേത്‌ലഹേം പുല്‍ക്കൂട്ടില്‍ ഭൂജാതനായിരിക്കുന്നു… ആള്‍ക്കൂട്ടം: ഹല്ലേലൂയാ… നാലാമന്‍: അവന്‍ അത്ഭുത മന്ത്രി. വീരന്‍ ദൈവം… അഞ്ചാമന്‍: നിത്യ പിതാവ്… ആറാമന്‍: സമാധാന പ്രഭു. പെട്ടെന്നു കുന്നില്‍ പുറത്തെ കുരുമുളക് തോട്ടത്തില്‍ നിന്ന് അലര്‍ച്ച പോലെ വന്ന ശബ്ദം കരോള്‍ സംഘത്തെ ആകെയൊന്നു കുലുക്കി. 'ലോകത്തിന്റെ സമാധാനം അവന്റെ തോളേലിരിക്കുന്നു.' ഒരു നിമിഷം നിശബ്ദരായെങ്കിലും തോട്ടത്തിനകത്തെ ഓടിട്ട വീട്ടിലേക്കു നോക്കി ഞാനടക്കം എല്ലാവരും… ഹല്ലേലൂയ… പറഞ്ഞു. തോമസേട്ടന്‍ ആട്ടം നിര്‍ത്തി തല കുനിച്ച് നടന്നു. അപ്പോള്‍ ചെവിയില്‍ അമ്മാവന്‍ ശബ്ദം താഴ്ത്തി എന്റെ ചെവിയില്‍ മന്ത്രിക്കും പോലെ പറഞ്ഞു.
'തോമസേട്ടന്റെ അപ്പനാ… പ്രാന്താണ്'…
അവസാന വീടും കയറിയിറങ്ങിയ തോമസേട്ടന്‍ പള്ളിയിലേക്ക് മടങ്ങും മുമ്പ് കുരുമുളക് തോട്ടത്തിനു നേരെ നടന്നു. പിന്നാലെ കരോള്‍ സംഘവും. അയാള്‍ മുറ്റത്തു നിന്നും ആടാന്‍ തുടങ്ങി. ഡ്രമ്മും സൈഡ് ഡ്രമ്മും ജിഞ്ചിലവും തകര്‍ത്തു പെയ്തു. തോമസേട്ടന്റെ അപ്പന്‍ അന്തോണി ജനലിലൂടെ അതു നോക്കി നിന്നു. തിരുപ്പിറവിയുടെ സന്തോഷം അയാള്‍ക്ക് മേല്‍ മഞ്ഞുമഴ പോലെ പെയ്യുന്നത് ഞാന്‍ കണ്ടു… തോമസേട്ടന്‍ ഒരു മിഠായി എടുത്ത് ജനലഴിയിലൂടെ നീണ്ടു വന്ന അപ്പന്റെ കൈയ്യില്‍ വെച്ചുകൊടുത്തു. ആ വെളുത്ത വിരലുകളില്‍ പതുക്കെ ചുണ്ടമര്‍ത്തി.
'ഹാപ്പി ക്രിസ്തുമസ് അപ്പച്ചാ.'
അപ്പോള്‍ തോമസേട്ടന്റെ അപ്പന്‍ അന്തോണിയുടെ ചുണ്ടില്‍ കുഞ്ഞുങ്ങളുടേതു പോലെ നിഷ്‌കളങ്കമായ ഒരു ചിരി പരന്നു. പുല്‍കൂട്ടില്‍ പിറന്നു വീണ ഉണ്ണി യേശുവിന്റെ ചിരി. അപ്പോള്‍ പപ്പാനിയുടെ വേഷത്തിനകത്തു നിന്നും ഒരു തേങ്ങല്‍ ഞാന്‍ കേട്ടു. ആ സമയം ഇരുണ്ട കുന്നിന്‍ചെരുവില്‍ നിന്ന് ആട്ടിടയനെപ്പോലെ രാത്രിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കരോള്‍ സംഘത്തില്‍ നിന്നും ആരോ ഒരാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
'ലോകത്തിന്റെ ആധിപത്യം അവന്റെ തോളേലിരിക്കുന്നു. എല്ലാ സന്താപങ്ങളില്‍ നിന്നും അവന്‍ നമ്മെ രക്ഷിക്കും. ഹല്ലേലൂയ….'

* നട്ടി : പച്ചക്കറി തോട്ടം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org