ട്രാൻസ്‌ജെൻഡർ നിയമഭേദഗതിയും ലിംഗനീതിയും

ട്രാൻസ്‌ജെൻഡർ നിയമഭേദഗതിയും ലിംഗനീതിയും
Published on

ഇന്ത്യൻ സുപ്രീം കോടതിയുടെ 2014-ലെ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) ഒരാളുടെ ലിംഗപദവി എന്നത് പ്രസ്തുത വ്യക്തിയുടെ ആത്മനിഷ്ഠമായ തീരുമാനമാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതേത്തുടർന്നാണ് 2019-ൽ ആദ്യമായി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം രാജ്യത്ത് നടപ്പിൽ വരുന്നത്. എന്നാൽ, പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം, 2014-ലെ പ്രഖ്യാപനവും 2019-ലെ നിയമനിർമ്മാണവും ഉയർത്തിയ പ്രായോഗിക വെല്ലുവിളികളും ദുരുപയോഗ സാധ്യതകളും പരിഗണിച്ചാണ് '2026-ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ' പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്. മാർച്ച് 31-ന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്കിയതോടെ ഇത് നിയമമായതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു

കേവലം ഒരു നിയമപരിഷ്കരണം എന്നതിനപ്പുറം, മനുഷ്യന്റെ ജൈവികമായ അസ്തിത്വത്തെയും സാമൂഹിക നീതിയെയും കുറിച്ചുള്ള ഗൗരവകരമായ ഒരു പുനർചിന്തനത്തിന് ഈ നിയമം വഴിയൊരുക്കുന്നു. 'സ്വയം തിരിച്ചറിയൽ' (Self-identification) എന്ന അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തിൽ നിന്ന് വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളിലേക്കുള്ള തിരിച്ചുപോക്ക് ഈ നിയമത്തിന്റെ സവിശേഷതയാണ്. ട്രാൻസ്‌ജെൻഡർ ലിംഗപദവിക്ക് ശാസ്ത്രീയമായ പരിശോധനകൾ അനിവാര്യമെന്ന നിലപാട് സ്വീകരിക്കുമ്പോൾ, കഴിഞ്ഞ ഒരു ദശാബ്ദമായി രാജ്യം പിന്തുടർന്ന ലിംഗനീതി സങ്കൽപ്പങ്ങളിൽ നിന്നുള്ള കാതലായ മാറ്റമാണ് വെളിവാകുന്നത്. എങ്കിലും പ്രസ്തുത ബില്ലിന്റെ രൂപീകരണ വേളയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ആരെയും ഉൾപ്പെടുത്തിയിരുന്നില്ല എന്ന വിമർശനം ഉയർന്നിട്ടുണ്ട്.

നിയമത്തിലെ പ്രധാന ഭേദഗതികൾ താഴെ പറയുന്നവയാണ്:

  • 1. 'ട്രാൻസ്‌ജെൻഡർ വ്യക്തി'

നിയമപരിഷ്കരണത്തിലെ പ്രധാനമായ മാറ്റം ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് നൽകിയിരിക്കുന്ന നിർവചനമാണ്. ഇന്റർസെക്സ് വ്യതിയാനങ്ങൾ, ജനിതകമായ മാറ്റങ്ങൾ, ക്രോമസോം വ്യതിയാനങ്ങൾ തുടങ്ങിയ വസ്തുനിഷ്ഠമായ ശാരീരിക അവസ്ഥകളെ അടിസ്ഥാനമാക്കിയാണ് പുതിയ നിർവചനം ക്രമീകരിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ജനനസമയത്തെ ശാരീരിക സവിശേഷതകളിലും ജൈവികമായ ക്രോമസോം ഘടനയിലും പ്രകൃത്യാ ഉണ്ടാകുന്ന മാറ്റങ്ങളാണ് വളരെച്ചെറിയ ഒരു വിഭാഗം മനുഷ്യരിൽ വൈകല്യത്തിന് കാരണമായി മാറുന്നത്. സാധാരണയായി സ്ത്രീ എന്നോ പുരുഷനെന്നോ ഉള്ള ജൈവിക തരംതിരിക്കലുകളിൽ നിന്ന് വ്യത്യസ്തമായി ഹോർമോണുകളിലോ, അവയവങ്ങളിലോ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം രൂപപ്പെടുന്ന ശാരീരിക, മാനസിക അവസ്ഥകളാണിത്. കാഴ്ച്ചയിൽ ശാരീരികമായി പുരുഷനോ സ്ത്രീയോ ആയിരിക്കുമെങ്കിലും മനസുകൊണ്ട് എതിർലിംഗമായി അവർ ജീവിക്കുന്നു. ഈ ജൈവിക യാഥാർത്ഥ്യത്തെയും അതുമൂലം സാമൂഹിക വിവേചനം അനുഭവിക്കുന്നവരെയുമാണ് 2026-ലെ പുതിയ നിയമം പ്രധാനമായും അഭിസംബോധന ചെയ്യുന്നത്.

  • 2. ലിംഗപദവി സ്വയം നിർണ്ണയമല്ല

സ്വയമായി അവകാശപ്പെടുന്ന ലൈംഗിക സ്വത്വങ്ങളെയും ഭിന്ന ലൈംഗിക ആഭിമുഖ്യമുള്ളവരെയും (Sexual Orientations) ട്രാൻസ്‌ജെൻഡർ നിർവചനത്തിൽ നിന്ന് ഈ നിയമത്തിൽ വ്യക്തമായി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഒരാൾക്ക് സ്വന്തമായി തന്റെ ലിംഗപദവി നിശ്ചയിക്കാൻ ഉണ്ടായിരുന്ന മുൻ നിയമത്തിലെ അവകാശം പുതിയ ഭേദഗതിയിലൂടെ എടുത്തുകളഞ്ഞു. ഇത് ലിംഗപദവി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല എന്ന സന്ദേശമാണ് നൽകുന്നത്.

ഒരാൾക്ക് സ്വന്തമായി തന്റെ ലിംഗപദവി നിശ്ചയിക്കാൻ ഉണ്ടായിരുന്ന മുൻ നിയമത്തിലെ അവകാശം പുതിയ ഭേദഗതിയിലൂടെ എടുത്തുകളഞ്ഞു. ഇത് ലിംഗപദവി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല എന്ന സന്ദേശമാണ് നൽകുന്നത്.

  • 3. മെഡിക്കൽ ബോർഡ്

ഈ ഭേദഗതി വഴി ലിംഗനിർണ്ണയത്തിനുള്ള അധികാരം ചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു അതോറിറ്റിക്ക് (Medical Board) കൈമാറിയിരിക്കുന്നു. ലിംഗപദവി സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് മെഡിക്കൽ ബോർഡിന്റെ ശുപാർശ ജില്ലാ മജിസ്‌ട്രേറ്റ് പരിശോധിക്കേണ്ടതുണ്ട്. അർഹതയില്ലാത്ത വ്യക്തികൾ ട്രാൻസ്‌ജെൻഡർ അവകാശവാദങ്ങളിലൂടെ സംവരണവും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കുന്നത് തടയാൻ മെഡിക്കൽ സർട്ടിഫിക്കേഷൻ സഹായകകരമാകും.

  • 4. കർശനശിക്ഷാനടപടികൾ

നിർബന്ധിതമായി ഒരാളെ ട്രാൻസ്‌ജെൻഡർ സ്വത്വം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന സംഘങ്ങൾക്കെതിരെയും അവരെ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നവർക്കെതിരെയും നിയമത്തിൽ കർശനമായ ശിക്ഷാനടപടികൾ നിർദ്ദേശിച്ചിരിക്കുന്നു. ആരെയെങ്കിലും ശസ്ത്രക്രിയകളിലൂടെയോ മരുന്നുകൾ നൽകിയോ നിർബന്ധിത ലിംഗമാറ്റം വരുത്തുന്നത് ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ്. ഒരു വ്യക്തിയെ നിർബന്ധിച്ച് ട്രാൻസ്‌ജെൻഡർ വേഷം ധരിപ്പിക്കുന്നതും അവരെ ഭിക്ഷാടനത്തിനോ അടിമപ്പണിക്കോ ഉപയോഗിക്കുന്നതും അഞ്ച് വർഷം മുതൽ പതിനാല് വർഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഒരു വ്യക്തിയുടെ മൗലികമായ സ്വത്വത്തിന്മേൽ ആർക്കും അധിനിവേശം നടത്താൻ അവകാശമില്ലെന്ന് ഈ ഭേദഗതി ഉറപ്പു നൽകുന്നു.

  • കത്തോലിക്കാ സഭാ നിലപാടുകൾ

ഈ നിയമപരിഷ്കരണങ്ങളിലെ ചില ആശയങ്ങൾ കത്തോലിക്കാ സഭയുടെ ധാർമ്മിക നിലപാടുകളുമായി ചേർന്നുനിൽക്കുന്നവയാണെങ്കിലും ഇപ്പോൾ നിയമം അനുമതി നൽകുന്ന ലിംഗമാറ്റ ശസ്ത്രക്രിയ സഭാപ്രബോധനങ്ങൾക്ക് വിരുദ്ധമാണ്. "സ്ത്രീയും പുരുഷനുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു" (ഉല്പത്തി 1:27) എന്ന വചനത്തെ മുൻനിർത്തി, ലിംഗം എന്നത് പ്രകൃതിദത്തമാണെന്നും അത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ലെന്നും സഭ പഠിപ്പിക്കുന്നു. ലിംഗപദവിയെ കേവലം ഒരു സാമൂഹിക നിർമ്മിതിയായി കാണുന്ന 'ജെൻഡർ തിയറി'യെയും സഭ അംഗീകരിക്കുന്നില്ല. വിശ്വാസ പ്രബോധന കാര്യാലയം 2024 ൽ പുറപ്പെടുവിച്ച 'അനന്ത മാഹാത്മ്യം' (Dignitas Infinita) എന്ന ദൈവശാസ്ത്ര പ്രഖ്യാപനം ഈ വിഷയത്തിൽ സഭയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നുണ്ട്. അത് പ്രകാരം, ലിംഗമാറ്റ ശസ്ത്രക്രിയകളും ജൈവിക പ്രകൃതിയെ നിരാകരിക്കുന്ന ലിംഗനയങ്ങളും മനുഷ്യന്റെ അന്തസ്സിനെ അപകീർത്തിപ്പെടുത്തുന്നവയാണ്. ലിംഗ വൈവിധ്യം കേവലം മാനസികമായ ഒരു തോന്നലോ തിരഞ്ഞെടുപ്പോ ആയി കാണേണ്ടതല്ല. അതേസമയം തന്നെ ജന്മനാ തന്നെയോ പിന്നീടോ ലൈംഗികമായി ക്രമരഹിതമായ പ്രശ്നങ്ങൾ ഉള്ളവർക്ക് പ്രശ്നപരിഹാരത്തിനായി വൈദ്യശാസ്ത്രസഹായം തേടാവുന്നതാണ്. പക്ഷേ, അത്തരം വൈദ്യശാസ്ത്രപ്രക്രിയകൾ ഇവിടെ ഉദ്ദേശിക്കുന്നതരത്തിലുള്ള ലിംഗ മാറ്റത്തിന് വഴിതെളിക്കുന്നതായിരിക്കുകയില്ല. ഇത്തരം കർശനനിലപാടുകൾ പുലർത്തുമ്പോഴും, ലൈംഗികആഭിമുഖ്യത്തെ കണക്കിലെടുക്കാതെതന്നെ ഓരോ വ്യക്തിയും ബഹുമാനിക്കപ്പെടുകയും വിവേചനങ്ങളിൽനിന്നും ഒഴിവാക്കപ്പെടുകയും വേണം എന്ന ശക്തമായ നിലപാടാണ് സഭ സ്വീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

  • അവിവേകതീരുമാനങ്ങളരുത്!

ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നടക്കുന്ന അതിരുകടന്ന പ്രചരണങ്ങൾ കുട്ടികൾക്കും യുവജനതയ്ക്കുമിടയിൽ ലിംഗപദവിയെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും 'ട്രെൻഡുകളുടെ' ഭാഗമായും സമപ്രായക്കാരിൽ നിന്നുള്ള സമ്മർദ്ദം (Peer Pressure) മൂലവും തങ്ങളുടെ സ്വാഭാവികമായ ലിംഗസ്വത്വത്തെ സംശയിക്കുന്ന അവസ്ഥയിലേക്ക് യുവതലമുറ നീങ്ങുന്നു. വ്യക്തിത്വരൂപീകരണഘട്ടത്തിലെ ഇത്തരം വൈകാരികമായ തീരുമാനങ്ങൾ പിൽക്കാലത്ത് മാനസിക തകർച്ചകൾക്ക് കാരണമായേക്കാം. ഈയൊരു പശ്ചാത്തലത്തിൽ, പുതിയ ബില്ലിലെ മെഡിക്കൽ പരിശോധനാ രീതികൾ അവിവേകപരമായ തീരുമാനങ്ങൾക്കെതിരെയുള്ള ഒരു സുരക്ഷാകവചമായി പ്രവർത്തിച്ചേക്കും. ഒരു വിദഗ്ധ സമിതിയുടെ പരിശോധന ആവശ്യമാണെന്നത് താൽക്കാലികമായ വികാരങ്ങളുടെ പുറത്ത് ലിംഗമാറ്റത്തിന് തുനിയുന്നവരെ നിരുത്സാഹപ്പെടുത്തും. കുടുംബബന്ധങ്ങളെയും യുവതലമുറയുടെ ആരോഗ്യകരമായ ഭാവിയെയും സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണിത്.

തെറ്റായ ആശയപ്രചരണങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാനും ലിംഗപദവിയെക്കുറിച്ചുള്ള അപകടകരമായ പ്രവണതകളെ നിരുത്സാഹപ്പെടുത്താനും ഈ നിയമം ഉപകരിച്ചേക്കാം. ലിംഗപദവി എന്നത് അസ്ഥിരമായ ഒന്നല്ലെന്നും അത് പ്രകൃതിയുടെയും സൃഷ്ടിയുടെയും ഭാഗമാണെന്നുമുള്ള തിരിച്ചറിവിലേക്ക് സമൂഹത്തെ നയിക്കാൻ ഇത്തരം നിയമനിർമ്മാണങ്ങൾ സഹായിക്കും.

  • ലിംഗപദവി അസ്ഥിരമല്ല

തെറ്റായ ആശയപ്രചരണങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാനും ലിംഗപദവിയെക്കുറിച്ചുള്ള അപകടകരമായ പ്രവണതകളെ നിരുത്സാഹപ്പെടുത്താനും ഈ നിയമം ഉപകരിച്ചേക്കാം. ലിംഗപദവി എന്നത് അസ്ഥിരമായ ഒന്നല്ലെന്നും അത് പ്രകൃതിയുടെയും സൃഷ്ടിയുടെയും ഭാഗമാണെന്നുമുള്ള തിരിച്ചറിവിലേക്ക് സമൂഹത്തെ നയിക്കാൻ ഇത്തരം നിയമനിർമ്മാണങ്ങൾ സഹായിക്കും. ഓരോ മനുഷ്യനും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്, എന്നാൽ ആ അന്തസ്സ് പ്രകൃതിനിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ളതാകരുത്. ലിംഗനീതി എന്നത് ലിംഗഭേദങ്ങളെ ഇല്ലാതാക്കലല്ല, മറിച്ച് ഓരോ ലിംഗത്തിന്റെയും അന്തസ്സിനെ അതിന്റെ സ്വാഭാവികതയിൽ അംഗീകരിക്കലാണെന്ന നിലപാട് ഈ നിയമപരിഷ്കരണത്തെ അനന്യമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org