സ്‌നേഹിക്കുന്ന അധ്യാപകരെ കാത്ത്...

സ്‌നേഹിക്കുന്ന അധ്യാപകരെ കാത്ത്...
  • നെവിന്‍ കളത്തിവീട്ടില്‍

മതബോധന ക്ലാസുകള്‍ വീണ്ടും ആരംഭിക്കുമ്പോള്‍ വളരെ ആവേശത്തോടെ എത്തുന്ന കുട്ടികളുണ്ട്. കൂട്ടുകാരെ കാണാനും തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറിന്റെ ക്ലാസുകള്‍ കേള്‍ക്കാനും ഇടയ്ക്ക് ക്ലാസില്‍ കയറിവന്നു തമാശകള്‍ പറഞ്ഞു പോകുന്ന വികാരിയച്ചനെയും കൊച്ചച്ചനെയും കാണാനും ഇഷ്ടപ്പെടുന്നവര്‍. ഞായറാഴ്ച സണ്‍ഡേ ക്ലാസില്‍ വരുമ്പോള്‍ മാത്രം കാണുന്ന കൂട്ടുകാരായിരിക്കും ഇവരില്‍ ഭൂരിഭാഗവും. ദിവസങ്ങളിലെ മോണിംഗ് ട്യൂഷനും രാവിലെ നേരത്തെ തന്നെ തുടങ്ങുന്ന ക്ലാസുകളും കാരണം ഞായറാഴ്ച മാത്രം പള്ളിയില്‍ വരുന്ന കുട്ടികളുടെ ഇടവകയില്‍ തന്നെയുള്ള സുഹൃത്തുക്കളായിരിക്കും ഈ സണ്‍ഡേ ക്ലാസുകളിലേത്. അവര്‍ ഒന്നിച്ച് പള്ളിക്കു ചുറ്റും സൈക്കിള്‍ ഓടിച്ചു കളിച്ചും പള്ളിമേടയില്‍ കയറി ഒളിച്ചു കളിച്ചും പറമ്പിലെ സകല മരത്തിലും വലിഞ്ഞു കയറി പഴങ്ങള്‍ പൊട്ടിച്ചു തിന്നും അവര്‍ സൗഹൃദം വളര്‍ത്തുന്നു. പള്ളിയിലെ അച്ചന്മാരും ഞായറാഴ്ച മീറ്റിംഗുകള്‍ക്കു വരുന്ന യുവാക്കളും മുതിര്‍ന്നവരും വരെ ഇവരുടെ കൂടെ ചേരുന്നു.

ചിലരുണ്ട്, ആഴ്ചയിലെ ആറു ദിവസവും സ്‌കൂളും ട്യൂഷനും കഴിഞ്ഞ് ആകെക്കൂടി കിട്ടിയ ഈ അവധി ദിവസം ക്ലാസില്‍ ഇരുന്നു തീര്‍ക്കേണ്ടി വരുമല്ലോ എന്ന് ചിന്തിക്കുന്നവര്‍. ഇവര്‍ കാറ്റിക്കിസം ക്ലാസുകള്‍ ബോറടിയായി കാണും. ഉച്ചതിരിഞ്ഞുള്ള പരിപാടികളെക്കുറിച്ചും നഷ്ടമായ ട്രിപ്പിനെക്കുറിച്ചുമൊക്കെ ആലോചിച്ചിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും അവരുടെ മാതാപിതാക്കളോടുള്ള അനുസരണത്താലും നഷ്ടപ്പെടാതെ കാക്കുന്ന ഈശോയോടുള്ള സ്‌നേഹത്തെയും പ്രതി അവര്‍ മുടങ്ങാതെ ക്ലാസുകളില്‍ വരുന്നു.

പൊതുവായി നാം ചിന്തിക്കുമ്പോള്‍ കുട്ടികള്‍ക്ക് ക്ലാസുകളെ സ്‌നേഹിക്കാനും സ്‌നേഹിക്കാതിരിക്കാനും പലതാണ് കാരണങ്ങള്‍. അതില്‍ അതീവ പ്രാധാന്യമുള്ള ഒരു കാരണം അവരെ പഠിപ്പിക്കുന്ന അധ്യാപകരാണ്. എങ്ങനെയുള്ള അധ്യാപകരെയാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത് എന്ന് വ്യത്യസ്ത ഇടവകകളില്‍ നിന്നുമായി ഇരുപതോളം കുട്ടികളോട് ചോദിച്ചപ്പോള്‍ പലര്‍ക്കും പലതരം അഭിപ്രായങ്ങളാണ് പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നത്. ജീന്‍സും ടീഷര്‍ട്ടും ഇടുന്ന ഗെയിം കളിപ്പിച്ച് വീഡിയോ കാണിച്ച് പഠിപ്പിക്കുന്ന അധ്യാപകര്‍ മുതല്‍ സാരിയും, ഷര്‍ട്ടും മുണ്ടും ധരിച്ചു വന്നു മാതൃക കാണിച്ച് ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അധ്യാപകര്‍ വരെ അവരുടെ ചെറിയ വലിയ ലിസ്റ്റില്‍ ഉണ്ടായിരുന്നു. എല്ലാവരെയും ഒരുപോലെ കാണാനും പരിപാടികള്‍ നടത്താനും പങ്കെടുക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരായ അധ്യാപകരെയാണ് ചേര്‍ത്തല തുറവൂരിലെ സെന്റ് ജോസഫ് പള്ളിയില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സാം ഇഷ്ടപ്പെടുന്നത്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ചേച്ചി അന്നയുടെ ആഗ്രഹം കൂടുതല്‍ പ്രോഗ്രാമുകള്‍ക്കും സൗഹൃദ സംവാദങ്ങള്‍ക്കും അവസരം നല്‍കുന്ന, വീഡിയോസും സിനിമകളും കാണിച്ചു പഠിപ്പിക്കുന്ന അധ്യാപകര്‍ വേണമെന്നാണ്. ഇതേ അഭിപ്രായം തന്നെയാണ് ശ്രീമൂലനഗരം രാജഗിരി പള്ളിയിലുള്ള ജോഷ്വായ്ക്കും. 12-ാം ക്ലാസില്‍ പഠിക്കുന്ന ജോഷ്വാ അത് എടുത്തു പറയുന്നുമുണ്ട്, 'അധ്യാപകര്‍ കാലത്തിനനുസരിച്ച് പഠന രീതികളിലും മാറ്റം വരുത്തണം. അവര്‍ കൂടുതലായി ഡിജിറ്റല്‍ ക്ലാസുകളും സ്മാര്‍ട്ട് ക്ലാസുകളും ഉപയോഗിക്കണം. അത്തരത്തില്‍ കുട്ടികളുടെ താല്പര്യം കൂടുതലായി വര്‍ധിപ്പിക്കുവാന്‍ സാധിക്കും.' ഇങ്ങനെയൊക്കെയാണ് കുട്ടികളുടെ ആഗ്രഹങ്ങള്‍ നീളുന്നതെങ്കിലും കൂടുതല്‍ കുട്ടികളും സംസാരിക്കുന്നത് അവര്‍ക്കു വളരെ ഫ്രണ്ട്‌ലിയായ അധ്യാപകരെ വേണമെന്നാണ്. ഒരു ടീച്ചര്‍ എന്നതിലുപരിയായി നല്ല സുഹൃത്തായിരിക്കണം അധ്യാപകര്‍. ഏതുകാലത്തായാലും കുട്ടികള്‍ ഇത്തരത്തില്‍ സുഹൃത്തുക്കളായ അധ്യാപകരെയാണ് ആഗ്രഹിക്കുന്നത്. എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുന്ന, അതേ സ്‌നേഹം കൊണ്ടു തന്നെ അവരെ തിരുത്തുന്ന കൂട്ടുകാരായ അധ്യാപകര്‍.

അധ്യാപകര്‍ അക്ഷരങ്ങള്‍ അടങ്ങുന്ന പാഠപുസ്തകമാകാതെ ജീവിക്കുന്ന വാക്കുകളാകട്ടെ. പുസ്തകത്തിലെ കഥകള്‍ ജീവിതാനുഭവങ്ങളാകട്ടെ. അധ്യാപകരുടെ ജീവിതാനുഭവങ്ങള്‍ ഓരോ കുട്ടികളുടെയും ജീവിതത്തിന്റെ വെളിച്ചവുമായി മാറട്ടെ. കാരണം കുട്ടികള്‍ വായിക്കുന്ന അഞ്ചാമത്തെ സുവിശേഷം മതാധ്യാപകരുടെ ജീവിതമാണ്.

മതബോധന ക്ലാസുകളില്‍ നമ്മെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന ഒരു കൂട്ടരുണ്ട്. മുടി നീട്ടി വളര്‍ത്തി അയഞ്ഞ പാന്‍സും ഷര്‍ട്ടും ധരിച്ച് സ്ലൈഡും മറ്റും വച്ച് വരുന്നവര്‍. ഇത്തരക്കാരെ കാണുമ്പോള്‍ പൊതുവായി നമുക്ക് ഉണ്ടാകുന്ന സംശയമാണ്, ഇവരൊക്കെ കാറ്റിക്കിസം പഠിക്കാന്‍ വന്നവരാണോ? ഒപ്പം അവരുടെ വിശ്വാസക്കുറവിനെക്കുറിച്ചും മൂല്യബോധത്തെക്കുറിച്ചും നമുക്ക് സംശയങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഈ പുതുതലമുറയുടെ മൂല്യബോധം ചില സമയങ്ങളില്‍ നമ്മെ അതിശയിപ്പിക്കും. അവര്‍ പൊതുവേ ക്ലാസുകള്‍ അധികം ഇഷ്ടപ്പെടാ ത്തവര്‍ ആയിരിക്കും. അവരുടെ ആഗ്രഹം പുറത്തിറങ്ങി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി യാത്രകള്‍ ചെയ്ത് പഠിക്കുക എന്നതാണ്. ഇത്തരത്തില്‍ ചിന്തിക്കുന്ന കുട്ടികളാണ് ഇന്ന് ക്ലാസുകളില്‍ അധികവും. കോക്കുന്ന് സെന്റ് ജോസഫ് പള്ളിയിലെ പത്താം ക്ലാസുകാരന്‍ പോള്‍ ബിനോയും, ഒമ്പതാം ക്ലാസുകാരി ജിസ്‌ന ജോസഫും ഇതിനോടു യോജിക്കുന്നവരാണ്. സെമസ്റ്ററുകളിലോ വര്‍ഷത്തില്‍ ഒരിക്കലോ അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ആശുപത്രികളും സന്ദര്‍ശിക്കുന്നതും അതിലൂടെ ലഭിക്കുന്ന അനുഭവങ്ങളും, ജീവിതത്തിന്റെ മറുവശങ്ങളുടെയും, സന്തോഷങ്ങളുടെയും വേദനകളുടെയും പുതിയ പാഠങ്ങള്‍ പഠിക്കുവാന്‍ നമ്മെ സഹായിക്കും. കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍ പള്ളിയിലെ പന്ത്രണ്ടാം ക്ലാസിലെ നീജോയും ഇത്തരം യാത്രകള്‍ കാറ്റിക്കിസം ക്ലാസുകളുമായി ചേര്‍ന്നു പോകേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.

കുട്ടികള്‍ പങ്കുവച്ച വ്യത്യസ്തമായ ഒരു അനുഭവമുണ്ട്. ഒരിടവകയിലെ മുതിര്‍ന്ന കുട്ടികള്‍ ഒന്നിച്ച് ഇടവകാതിര്‍ത്തിയിലുള്ള ഒരു പാവപ്പെട്ട വ്യക്തിയുടെ വീടു പണിക്ക് സഹായിച്ചതും അവിടെപ്പോയി മണ്ണുവാരിയതും കട്ട ചുമന്നതും. ഇത് സന്തോഷം നല്‍കുന്ന അനുഭവമായി പങ്കുവച്ചു. ഇതിനോടൊപ്പം ചേര്‍ന്നുതന്നെ എന്‍ലൈറ്റ്, എലൈവ് പോലുള്ള ഫൊറോന പരിപാടികളും കുട്ടികള്‍ക്ക് ഒത്തിരി ഇഷ്ടമാണ്. പുസ്തകങ്ങള്‍ വായിച്ച് പഠിക്കുന്ന കാലം കഴിഞ്ഞു. പ്രത്യേകിച്ച് കാറ്റിക്കിസം പോലുള്ള ക്ലാസുകള്‍ സെക്കുലര്‍ ക്ലാസുകളെ പോലെ തൊഴില്‍ അധിഷ്ഠിതമോ, തിയറികളും കണക്കുകളും അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളോ അല്ല. മറിച്ച്, അത് ഒരു വ്യക്തിയുടെ വിശ്വാസത്തെയും ആത്മീയ ജീവിതത്തെയും സംബന്ധിക്കുന്നതാണ്. ക്രിസ്തുവിന്റെ ജീവിതം വായിച്ച് മാത്രമല്ല പഠിക്കേണ്ടത്; മറിച്ച്, അനുഭവത്തിലൂടെയുമാണ്. വചനം ജീവിക്കാനുള്ളതാണ്.

ഈ അവസരത്തില്‍ ഒരു കൊച്ചു സംഭവം ഓര്‍ക്കുകയാണ്. നെടുവന്നൂര്‍ സെന്റ് മേരീസ് പള്ളിയിലെ പന്ത്രണ്ടാം ക്ലാസിലെ പഠനം പൂര്‍ത്തിയാക്കി കാറ്റിക്കിസം അവസാനിപ്പിച്ച് ഇറങ്ങുന്ന കുട്ടികളോട് ഈ 12 വര്‍ഷത്തെ കാറ്റിക്കിസം പഠനത്തില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ അനുഭവം എന്താണെന്ന് ചോദിച്ചപ്പോള്‍ എല്ലാവരും തന്നെ പറഞ്ഞ മറുപടി വളരെ ഹൃദ്യമായിരുന്നു. അവര്‍ പറഞ്ഞു; അവരെ മൂന്നാം ക്ലാസില്‍ പഠിപ്പിച്ച, അവരെ വളരെയധികം സ്‌നേഹിച്ച, ഇപ്പോഴും സ്‌നേഹിച്ചുകൊണ്ടിരിക്കുന്ന ടീച്ചര്‍ തന്നെയാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അനുഭവം. ഓരോ അധ്യാപകരും തങ്ങളുടെ ജീവിതം തന്നെ ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളാകണം. അധ്യാപകര്‍ അക്ഷരങ്ങള്‍ അടങ്ങുന്ന പാഠപുസ്തകമാകാതെ ജീവിക്കുന്ന വാക്കുകളാകട്ടെ. പുസ്തകത്തിലെ കഥകള്‍ ജീവിതാനുഭവങ്ങളാകട്ടെ. അധ്യാപകരുടെ ജീവിതാനുഭവങ്ങള്‍ ഓരോ കുട്ടികളുടെയും ജീവിതത്തിന്റെ വെളിച്ചവുമായി മാറട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org