പുതിയ രഥ്യകളിലും സഞ്ചരിക്കട്ടെ

Let us travel in new chariots
Published on
സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയതിലും, ആദ്യപുരസ്കാരം മലയാള കഥയുടെ തമ്പുരാനായ ടി പത്മനാഭന് കൊടുക്കുന്നതിലും സത്യദീപം കാണിക്കുന്ന വിവേകത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ശാസ്ത്രസാങ്കേതിക വിഷയങ്ങൾ, മനശ്ശാസ്ത്രം, സാമ്പത്തിക രംഗം തുടങ്ങിയ പ്രമേയങ്ങൾക്കും ഈ പ്രസിദ്ധീകരണം സ്വാഗതം അരുളേണ്ടതാണ്.

ശതാബ്ദി നിറവിൽ നിൽക്കുന്ന സത്യദീപം സീറോ മലബാർ സമുദായത്തിന്റെ മുഖപത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി വിരാജിക്കുന്നു. 2011ലെ കേരള സെൻസസ് പ്രകാരം കേരള ജനസംഖ്യയുടെ ഏകദേശം ഏഴ് ശതമാനവും ക്രിസ്തീയ വിശ്വാസികളുടെ ഏകദേശം 40% വും പേർ സീറോ മലബാർ വിഭാഗത്തിൽപ്പെടുന്നു. ഇവരുടെ ഔദ്യോഗിക ജിഹ്വയാണ് സത്യദീപം. സ്വന്തം സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കായി വാദിക്കുന്നതോടൊപ്പം, ഇതര സമുദായങ്ങളുമായുള്ള സൗഹാർദം, മതനിരപേക്ഷത തുടങ്ങിയ സവിശേഷതകളും ഈ പ്രസിദ്ധീകരണത്തെ അടയാളപ്പെടുത്തുന്നു.

എന്നാൽ, ആചാരങ്ങൾ, ആരാധനക്രമം തുടങ്ങിയ മൗലിക വിഷയങ്ങളിൽ മാത്രമല്ല സത്യദീപത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന എളിയ അഭിപ്രായമാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. സമകാല ലോകത്ത് മാനവിക വിഷയങ്ങൾ, ശാസ്ത്രം, സാഹിത്യം തുടങ്ങിയ ജനപ്രിയ മേഖലകളിലേക്കും തിരിയേണ്ടതുണ്ട്. സാമ്പ്രദായിക ശാസ്ത്ര സാങ്കേതിക മേഖലകൾക്കു പുറമേ മനുഷ്യന്റെ പ്രസക്തിക്കും നിലനിൽപ്പിനും തന്നെ ഭീഷണി ഉയർത്തുന്ന നിർമ്മിതബുദ്ധി പോലുള്ള കണ്ടുപിടിത്തങ്ങളും അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. ആഗോളതാപനം, പരിസ്ഥിതി നാശം, പ്രകൃതിദുരന്തങ്ങൾ, യുദ്ധം തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റിയുള്ള വിശകലനങ്ങൾ സത്യദീപത്തിന്റെ പേജുകളിൽ ഇടം പിടിക്കേണ്ടതാണ്.

നമ്മുടെ സമുദായത്തിൽത്തന്നെ, ഉന്നത വിദ്യാഭ്യാസം ഉള്ളവരും, സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവരും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെപ്പോലുള്ളവരോട് സംവദിക്കുന്ന രചനകൾ ഇടയ്ക്കെങ്കിലും പ്രസിദ്ധീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ബൗദ്ധികരംഗത്ത് നസ്രാണിസാന്നിധ്യം അംഗീകരി ക്കപ്പെട്ടിട്ടുണ്ടെങ്കിലും, കൃഷി, കച്ചവടം, വ്യവസായം, രാഷ്ട്രീയം തുടങ്ങിയ സാമ്പ്രദായിക മേഖലകൾ വിട്ടിറങ്ങാൻ പലർക്കും മടിയാണ്. ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികളിൽ നല്ലൊരു വിഭാഗം വിദേശത്ത് കുടിയേറുന്നു. ഇതുപോലുള്ള പ്രശ്നങ്ങൾ സത്യദീപത്തിന്റെ ശ്രദ്ധയിൽ പതിയേണ്ടതാണ്.

സാഹിത്യത്തിന്റെ കാര്യത്തിൽ മുന്നോട്ടൊരു കാൽവയ്പിന് ഇനിയും വൈകേണ്ടാ. കഥ, കവിത, ചിന്ത തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാതിനിധ്യം സത്യദീപത്തിന്റെ താളുകൾ ഉറപ്പാക്കണം. അച്ചടി മാധ്യമത്തോട് വർധിച്ചു വരുന്ന വിരക്തിക്കെതിരെ പ്രവർത്തിക്കാൻ കഴിയണം. സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയതിലും, ആദ്യപുരസ്കാരം മലയാള കഥയുടെ തമ്പുരാനായ ടി പത്മനാഭന് കൊടുക്കുന്നതിലും സത്യദീപം കാണിക്കുന്ന വിവേകത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ശാസ്ത്രസാങ്കേതിക വിഷയങ്ങൾ, മനശ്ശാസ്ത്രം, സാമ്പത്തിക രംഗം തുടങ്ങിയ പ്രമേയങ്ങൾക്കും ഈ പ്രസിദ്ധീകരണം സ്വാഗതം അരുളേണ്ടതാണ്. തത്വചിന്ത, മതങ്ങളുടെ താരതമ്യ പഠനം, സന്മാർഗ ശാസ്ത്രം എന്നിവയെയും അവധാനതയോടെ കൈകാര്യം ചെയ്യാവുന്നതാണ്.

ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ സത്യദീപത്തിന്റെ സാന്നിധ്യം എല്ലാവരാലും ശ്രദ്ധിക്കപ്പെടണം. സദുദ്ദേശത്തോടുകൂടിയുള്ള ജീവകാരുണ്യപരമോ, വിദ്യാഭ്യാസപരമോ ആയ പ്രവർത്തനങ്ങളെ മതപരിവർത്തന യത്നങ്ങളായി ചിത്രീകരിക്കുന്ന ചില വർഗീയശക്തികളുടെ വിളയാട്ടത്തെ പ്രതിരോധിക്കുന്നതിലും സത്യദീപം മാർഗദീപമായി തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org