നമുക്കതിനെ മുഖാമുഖം കാണാം

നമുക്കതിനെ മുഖാമുഖം കാണാം

ചോട്ടെഭായ്

ജെറുസലേമിലും യഹൂദർ വിലാപ മതിലിനെ അഭിമുഖീകരിച്ചത് ഉടമ്പടി പേടകമിരിക്കുന്ന സോളമന്റെ മഹാ ദേവാലയത്തിൻറെ നഷ്ടാവശിഷ്ടങ്ങൾക്കു മുമ്പിൽ വിലപിക്കാനാണ്. അൽ അക്സ മസ്ജിദ് ആണ് ഇന്ന് അവിടെ സ്ഥിതി ചെയ്യുന്നത്. പക്ഷേ അതിവിശുദ്ധ സ്ഥലത്തേക്ക് അറിയാതെ പ്രവേശിച്ചേക്കുമോ എന്ന് ഭയന്ന് യഹൂദരാരും ഇന്നും അവിടേക്ക് കടക്കാറില്ല.

കേരളത്തിലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ''മുഖാമുഖം'' എന്നെ ഓർമിപ്പിക്കുന്നത് ജെറുസലേമിനെ കുറിച്ചാണ് . ഈ അസുഖകരമായ സംഭവവികാസങ്ങൾ മനസ്സിലാക്കി കൊണ്ടിരിക്കുന്നവർക്ക് അറിയാം, ഈ വിവാദം ദിവ്യബലി അർപ്പണത്തിന്റെ രീതിയെ (ഉള്ളടക്കം അല്ല ) കുറിച്ചുള്ളതാണ്. (കുർബാന എന്നത് യഹൂദർക്കും മുസ്ലിങ്ങൾക്കും പൊതുവായ ഒരു സെമിറ്റിക് പദമാണ്. ബലി എന്നാണ് അതിനർത്ഥം)

ദിവ്യകാരുണ്യ സമർപ്പണ പ്രാർത്ഥനയുടെ സമയത്ത് പുരോഹിതൻ ജനങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം അൾത്താരയെ അഭിമുഖീകരിക്കണമെന്ന് സീറോ മലബാർ സഭ സിനട് ഉത്തരവിട്ടതിനെ തുടർന്നാണ് ഈ തർക്കം ഉണ്ടായത്. ഇത് ഒരു പിന്തിരിപ്പൻ, ജനവിരുദ്ധ നടപടിയാണെന്ന് പുരോഹിതരും അല്മായരും കരുതുകയും അതിനെ എതിർക്കുകയും രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള ജനാഭിമുഖ ബലിയർപ്പണരീതി തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 

ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധി ജെസ്വിറ്റ് ആർച്ചുബിഷപ് സിറിൽ വാസിലിന് ഈ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല. വിമതരെ സഭയ്ക്ക് പുറത്താക്കും എന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയത് തിരിച്ചടിച്ചതായും കാണപ്പെടുന്നു. 

ഈ വിരുദ്ധ പക്ഷങ്ങളുടെ വാദങ്ങൾ പരിശോധിക്കുന്നതിന് മുൻപ് ദിവ്യബലിയുടെ തന്നെ ഉത്ഭവമായ ജെറുസലേമിലെ അന്ത്യ അത്താഴത്തിലേക്ക് നമുക്ക് ഒന്നു തിരിഞ്ഞു നോക്കാം. പതിനഞ്ചാം നൂറ്റാണ്ടിലെ ഇറ്റാലിയൻ പെയിൻറർ ലിയാനാർഡോ ഡാവിഞ്ചി യേശു ഒരു മേശയിൽ ഇരുവശത്തും അപ്പസ്തോലന്മാർക്കൊപ്പം ഇരിക്കുന്നതായി ചിത്രീകരിച്ചു. ഇന്ന് ഒരു ഗ്രൂപ്പ് ഫോട്ടോക്കോ ചിത്രത്തിനോ പറ്റിയ  ജനപ്രിയ  കലണ്ടർ രീതി  എന്നാണ് ഇതിനു  പറയുക.  യാഥാർത്ഥ്യത്തിൽ നിന്നും സാധാരണഗതിയിൽ വളരെ അകലെ ആയിരിക്കും ഇത്.

അക്കാലത്തെ യഹൂദരുടെയും അറബികളുടെയും പൊതുവായ സെമിറ്റിക് സംസ്കാരത്തിൽ ഉയരം കുറഞ്ഞ മേശക്ക് ചുറ്റും ഇരിപ്പിടങ്ങളിൽ ചാഞ്ഞിരിക്കുകയും ഭക്ഷണം ഒരേ പാത്രത്തിൽ മുക്കി കഴിക്കുകയും ആയിരുന്നു രീതി. റോമൻ മുഗൾ വിരുന്നുകളിൽ ഇത് പലപ്പോഴും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.  രണ്ടു കാര്യങ്ങൾ ഇതിൽ നിന്ന് മനസ്സിലാക്കാം. 1. യേശു നിൽക്കുകയായിരുന്നില്ല. 2. പങ്കെടുത്തവർ മേശയ്ക്ക് ചുറ്റും ഇരിക്കുകയായിരുന്നു. അങ്ങനെയാണ് അപ്പവും വീഞ്ഞും  അവർക്ക് കൈമാറാൻ കഴിഞ്ഞിരുന്നത്. വിളമ്പുകാരുടെ (അൾത്താര ശുശ്രൂഷികളുടെ ) ആവശ്യമുണ്ടായിരുന്നില്ല. 

മറ്റൊരു സുപ്രധാന സംഭവം തൊട്ടടുത്ത ദിവസം അരങ്ങേറി. യേശു കുരിശിൽ മരിച്ചപ്പോൾ ദേവാലയത്തിലെ വിരി നെടുകെ കീറിപ്പോയി. മൂന്ന് സമാന സുവിശേഷകരും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. (മത്താ 27:51, മർ 15:38, ലൂക്കാ 23:45). ഇതിൻറെ പ്രാധാന്യം നാം പലപ്പോഴും മനസ്സിലാക്കുന്നില്ല. ഹെബ്രായർക്ക് എഴുതിയ ലേഖനം ഒമ്പതാം അധ്യായത്തിൽ ഇത് വ്യക്തമായി വിവരിക്കുന്നുണ്ട്. മോശയുടെ നിയമത്തിൽ അധിഷ്ഠിതമാണ് ഇത് (പുറ 36:35 ).

മോശ ആദ്യമായി ദൈവത്തെ അഭിമുഖീകരിച്ചപ്പോൾ ഭയം മൂലം മുഖം മൂടിയിരുന്നു (പുറ. 3:6) ദൈവ സന്നിധിയിലേക്ക് പ്രവേശിക്കുവാൻ അയോഗ്യരായാണ് ഇസ്രായേലികൾ തങ്ങളെ കണ്ടിരുന്നത്. യാതൊരാൾക്കും ദൈവത്തെ കാണുകയും ജീവനോടിരിക്കുകയും ചെയ്യാൻ കഴിയുമെന്നോ (പുറ 33:20) ദൈവത്തിൻറെ ശബ്ദം കേൾക്കാൻ കഴിയുമെന്നോ (നിയ 5:26) അവർ വിശ്വസിച്ചിരുന്നില്ല. മറഞ്ഞിരിക്കുന്ന ദൈവമായിരുന്നു അവരുടേത്. (ഏശ 45:15)

പാപികളായ ജനങ്ങളുടെ അനർഹതയെക്കുറിച്ച് പുരോഹിതർ ഊന്നി പറഞ്ഞിരുന്നു. അതിവിശുദ്ധസ്ഥലത്തേക്ക് അത്യുന്നത പുരോഹിതന് മാത്രമേ പ്രവേശിക്കാനാകുമായിരുന്നുള്ളൂ. മൃഗരക്തം ഉപയോഗിച്ചുള്ള സവിശേഷ ബലികർമ്മം നടത്തുന്നതിന് വർഷത്തിൽ ഒരുതവണ മാത്രമായിരുന്നു അത്. (ഹെബ്ര 9:6-7). യേശുവാകട്ടെ തന്റെ ബലിയിലൂടെ ശ്രീ കോവിലിലേക്ക് പ്രവേശിക്കുകയും അങ്ങനെ നമുക്ക് ജീവിക്കുന്ന ദൈവത്തെ ആരാധിക്കാൻ കഴിയുകയും ചെയ്യുന്നു. (ഹെബ്ര 9:16).

നമ്മുടെ ഇന്നത്തെ ആരാധനാക്രമ വിദഗ്ധരും മെത്രാന്മാരും യേശുവിനെക്കാൾ വലിയവരാണോ? നമ്മെ അർഹതയില്ലാത്തവരായി കാണുന്ന കുറ്റബോധത്തിന്റെ യുഗത്തിലേക്ക് അവർ നമ്മെ വീണ്ടും കൊണ്ടുപോകുകയാണോ?

വിശുദ്ധ കുർബാനയുടെ യഥാർത്ഥ പ്രാധാന്യത്തെക്കുറിച്ച് അജ്‌ഞരായി നിർത്തിക്കൊണ്ട് പൊതുജനങ്ങളെ കഴുതകളാക്കുന്ന പൗരോഹിത്യ കൗശലമാണിത്. സഭയുടെ ഏറ്റവും വലിയ വിപത്തായി ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ച് പറയുന്ന പുരോഹിത ആധിപത്യത്തിന്റെ ആവിഷ്കാരമാണ് ഇത്. 

പൗരസ്ത്യ റീത്തുകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്? വിശുദ്ധമായതിനെ (പുരോഹിതരും കൂദാശകളും) അശുദ്ധമായവയിൽ നിന്നു (കുറ്റബോധം പേറുന്ന, അനർഹരായ , ലൈംഗിക ജീവിതം ഉള്ള , വിവാഹിതരായ ) വേർതിരിച്ചു നിർത്തുന്നതിൽ ലാറ്റിൻ റീത്തും തുല്യനിലയിൽ കുറ്റക്കാരാണ്. എട്ടുവർഷം ഒരു ബോർഡിങ് സ്കൂളിൽ ചെലവഴിച്ച ആളാണ് ഞാൻ. അന്ന് ഗായക സംഘത്തിന് യോജിക്കാത്തവൻ ആയതുകൊണ്ട് അൾത്താര ശുശ്രൂഷി ആകുവാനും എനിക്ക് സാധിച്ചില്ല.

അക്കാലത്തെ ആരാധനാക്രമ അനുഷ്ഠാനങ്ങൾ എൻറെ മനസാക്ഷിയിൽ ആഴത്തിൽ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. ലത്തീനിൽ ആയിരുന്നു വിശുദ്ധ കുർബാന. അത് അർപ്പിക്കുന്ന കപ്പുച്ചൻ പുരോഹിതൻ വല്ലപ്പോഴും ജനങ്ങൾക്ക് നേരെ തിരിഞ്ഞു ലത്തീനിൽ രണ്ടു വാക്കു  ചൊല്ലും. ഞങ്ങൾ അതിനോട് തത്തമകളെപ്പോലെ മറുവാക്കും പറയും. ആരാധനാ സമൂഹത്തിന് യാതൊരു ബന്ധവുമില്ലാത്ത ഒരു ജല്പനം മാത്രമായിരുന്നു അത്. 

ആ സമയത്ത് രണ്ടാം വത്തിക്കാൻ കൗൺസിൽ വന്നു (1962 - 65). 1965 ൽ കേംബ്രിഡ്ജിലെ പഠന കാലത്ത്, ആവേശകരമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങിയിരുന്നു. പ്രാദേശിക ഭാഷ ഉൾപ്പെടുത്തിയ, അതായത് ഇംഗ്ലീഷിൽ ഉള്ള, സംഭാഷണ കുർബാന ഞങ്ങൾക്ക് പരിചയപ്പെടുത്തപ്പെട്ടു.

എൻറെ മാതൃക ഇടവകയിലെ അലങ്കൃതമായ ഇറ്റാലിയൻ മാർബിൾ അൾത്താര പൊളിച്ചു. പരന്ന ബലിപീഠമുള്ള അൾത്താര പുനർ നിർമ്മിക്കപ്പെട്ടു. കാർമികന് ജനങ്ങളെ അഭിമുഖീകരിച്ച് നിൽക്കാൻ കഴിയുന്ന രീതിയിൽ ആയിരുന്നു അത്. വിശുദ്ധവും അശുദ്ധവുമായതിനെ വേർതിരിച്ചിരുന്ന, കുർബാന സ്വീകരണത്തിനുള്ള കൈവരികൾ പോലും എടുത്തു മാറ്റപ്പെട്ടു. രണ്ടാം വത്തിക്കാൻ കൗൺസിൽ സുവിശേഷാത്മകമായ വേരുകളിലേക്ക് ഒരു വിശുദ്ധ ദൈവജനം എന്ന നിലയിൽ സഭയെ തിരികെ കൊണ്ടുവരുകയായിരുന്നു.

2017 ൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക സന്ദർശിച്ചപ്പോൾ അതിൻറെ പ്രധാന അൾത്താര നടുവിൽ ജനങ്ങൾക്കിടയിൽ ആണെന്ന് ഞാൻ കണ്ടു. തീർച്ചയായും ഇതാണ് മൗലികമായ വിശുദ്ധ ബലിയുടെ രൂപം. 

ഇപ്പോൾ ആരും സംസാരിക്കാത്ത കൗൺസിലിന്റെ ആരാധനാക്രമ പ്രമാണരേഖയിൽ നിന്ന് ഉദ്ധരിക്കട്ടെ . "ആധുനിക കാലത്തിൻറെ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായ നവചൈതന്യം ആരാധനാക്രമ അനുഷ്ഠാനങ്ങൾക്ക് പകരേണ്ടതുണ്ട്." (SC 4). "ഇന്ദ്രിയഗോചരമായ അടയാളങ്ങൾ കൊണ്ടാണ് മനുഷ്യൻറെ വിശുദ്ധീകരണം ലിറ്റർജിയിൽ ആവിഷ്കരിക്കപ്പെടേണ്ടത് " (SC 7) . "ആരാധനാക്രമം അനുഷ്ഠിക്കപ്പെടുമ്പോൾ സാധുവും നിയമാനുസൃതവുമായ ചടങ്ങുകൾക്കുള്ള നിയമങ്ങളുടെ വെറും പാലനത്തേക്കാൾ ഉപരിയായവ ആവശ്യമുണ്ട്" (SC 11). 

"സമയം കടന്നു പോകുന്നതിന് അനുസരിച്ച് മാറ്റം വരുത്തേണ്ട ഘടകങ്ങൾ ലിറ്റർജിയിൽ ഉണ്ട് " (SC 21). "ആരാധനാക്രമ റീത്തുകൾ ജനങ്ങളുടെ ഗ്രാഹ്യ ശക്തിക്ക് വഴങ്ങുന്നവ ആയായിരിക്കണം "(SC 34). അടുത്തതാണ് ഏറ്റവും മാരകമായത്: "വിശ്വാസത്തെ ബാധിക്കാത്ത കാര്യങ്ങളിൽ കർക്കശമായ ഐകരൂപ്യം അടിച്ചേൽപ്പിക്കാൻ സഭ ആഗ്രഹിക്കുന്നില്ല " (SC 37 ).

പൗരസ്ത്യ കത്തോലിക്കാ സഭകൾക്കുള്ള ഡിക്രിയിലും വിവേകത്തിന്റെ വാക്കുകളുണ്ട്. "അത്തരം സഭകൾ ആധുനിക സാഹചര്യങ്ങളോട് അനുരൂപണപ്പെടണം." (OE 9 ). അതുകൊണ്ടാണ് കത്തോലിക്കാ സഭ അവരോട് ഇപ്പോൾ മൃദുവായ സമീപനം സ്വീകരിക്കുന്നത് (OE 26 ).

ഇത് എൻറെ വാക്കുകളോ വ്യക്തിപരമായ അഭിപ്രായമോ അല്ല, മറിച്ച് സഭയുടെ ഔദ്യോഗിക പ്രബോധനമാണ്. മേൽപ്പറഞ്ഞവയുടെ വെളിച്ചത്തിലും യേശുക്രിസ്തുവിന്റെ തന്നെ മാതൃക അനുസരിച്ചും പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് വാസിലിന്റെ വാക്കുകൾ തികച്ചും ആസ്ഥാനത്തായിപ്പോയി. 

അഖിലേന്ത്യ മെത്രാൻ സംഘത്തിൻറെ അധ്യക്ഷൻ കൂടിയായ എറണാകുളം അതിരൂപതാ അധ്യക്ഷന്റെ കർക്കശവും ഒത്തുതീർപ്പുകൾ ഇല്ലാത്തതുമായ നിലപാട് ന്യായീകരിക്കാൻ ആവുന്നതല്ല. അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശ്വാസവുമായോ പ്രബോധനവുമായോ ബന്ധപ്പെട്ട യാതൊന്നുമല്ല എന്നത് ഓർക്കണം. ആധുനിക കാലത്തിനോ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സഭാവിജ്ഞാനീയത്തിനോ നിരക്കാത്ത വെറും പാരമ്പര്യങ്ങൾ മാത്രമാണവ. 

ഗുരുവിൻറെ പൂച്ചയെ കുറിച്ചുള്ള ഫാദർ ടോണി ഡിമെല്ലോ എസ് ജെ യുടെ കഥയാണ് ഞാൻ ഓർക്കുന്നത്. ഗുരുവിൻറെ സത്സംഗിൽ  ഒരു പൂച്ച ശല്യവുമായി വരാറുണ്ടായിരുന്നു. അതിനെ ഓടിച്ചു കളയാൻ സാധിച്ചില്ല. അതുകൊണ്ട് ശിഷ്യർ അതിനെ വാതിൽക്കൽ കെട്ടിയിട്ടു. അതൊരു സ്ഥിരം കാഴ്ചയായി മാറി. ഗുരുവിൻറെ മരണശേഷം പുതിയൊരാൾ വന്നു പൂച്ച അവിടെ വന്നതെങ്ങനെയെന്ന് അയാൾക്ക് അറിയുമായിരുന്നില്ല. പഴയ ഗുരുവിനെ കാണാതെ പൂച്ച ഓടിപ്പോയി പക്ഷേ അതിനെ പിടിച്ചുകൊണ്ടുവന്ന് കെട്ടിയിട്ടു. ആ പൂച്ച മരിച്ചപ്പോൾ അവർ മറ്റൊരു പൂച്ചയെ കൊണ്ടുവന്നു ഗുരുവിൻറെ ലിറ്റർജിയുടെ ഒരു അവശ്യ ഘടകമായി അത് ഇന്ന് പരിഗണിക്കപ്പെടുന്നു!

ഈ ശിഷ്യരുടെ വിഡ്ഢിത്തത്തെ കുറിച്ച് ഓർത്ത് നമുക്കിനി ചിരിക്കാം. പാരമ്പര്യങ്ങളെ അന്ധമായി അനുകരിക്കുന്നവർ ഇതുപോലെ തന്നെയല്ലേ? രണ്ടാം കൗൺസിൽ മുമ്പ് സുറിയാനി ആയിരുന്നു സീറോ മലബാർ ലിറ്റർജിയുടെ ഭാഷ. മറ്റു സെമിറ്റിക് ഭാഷകളെ പോലെ അതും വലത്തുനിന്നിടത്തോട്ടാണ് എഴുതിയിരുന്നത്. ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്ന ഗ്രീക്കോ റോമൻ ലിപി പോലെ ആയിരുന്നില്ല അത്. ഇന്ന് കേരളത്തിൽ ആർക്കെങ്കിലും സുറിയാനി അറിയാനിടയില്ല. അത് മൃതമായി. സീറോ മലബാർ പള്ളികളിൽ വിശുദ്ധമായ അൾത്താരയെ അശുദ്ധമായവയിൽ നിന്ന് വേർതിരിക്കുന്ന ബൈസന്റൈൻ പാരമ്പര്യത്തിലുള്ള വിരിയും ഉണ്ടായിരുന്നു. 

ഇന്നും ചില പള്ളികളിൽ ഈ വിധി നിലനിർത്തുന്നുണ്ടെന്ന് സീറോ മലബാർ സഭയിൽ നിന്ന് വരുന്ന എൻറെ ഇടവക വികാരി ഫാദർ കെ കെ ആൻറണി പറയുന്നു. ഞാനത് കേട്ട് ഞെട്ടി. നിരവധി സീറോ മലബാർ കത്തോലിക്കർ ലാറ്റിൻ ഉള്ള ദിവ്യബലി ഇഷ്ടപ്പെടുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. 

ഇപ്പോൾ എറണാകുളത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സിബിസിഐയുടെയും മൂന്ന് റീത്ത് അധിഷ്ഠിത സഭാകേന്ദ്രങ്ങളുടെയും മാത്രമല്ല സാധാരണ കത്തോലിക്കരുടെ പോലും ശ്രദ്ധ അർഹിക്കുന്നതാണെന്ന് ഇന്ത്യൻ തിയോളജിക്കൽ അസോസിയേഷൻറെ മുൻപ്രസിഡണ്ട് ഫാദർ ഫെലിക്സ് വിൽഫ്രഡ് ഈയിടെ എഴുതി. 

ഇന്ത്യൻ കത്തോലിക്കാ സഭയിലെ ഒരു സാധാരണ അംഗമെന്ന നിലയിൽ ഞാനിവിടെ വിനയപൂർവ്വം അവതരിപ്പിക്കുന്നത് എൻറെ വ്യക്തിപരമായ അഭിപ്രായമല്ല മറിച്ച് യേശുക്രിസ്തുവിന്റെ ഹിതവും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അഭിപ്രായങ്ങളുമാണ്. നമുക്ക് ജീവിക്കുന്ന സത്യത്തെ അഭിമുഖീകരിക്കാം, മൃതമായ ഭിത്തിയെ അല്ല.

(ഇന്ത്യൻ കാത്തലിക് ഫോറം കൺവീനർ ആണ് ലേഖകൻ)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org