സാഹിത്യവും നവോത്ഥാനവും

ഒന്നാം ഭാഗം
സാഹിത്യവും നവോത്ഥാനവും

''നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട മാനവസംസ്‌കാരമെന്ന അഗ്നിപര്‍വതത്തിനുള്ളില്‍ പുകയുന്ന ചെന്നായ സ്വഭാവത്തിന്റെ ലാവയെ സംസ്‌കാരത്തിന്റെ നേര്‍ത്ത തൊലികൊണ്ട് മൂടുന്നവനാണ് മനുഷ്യന്‍.''

- കാള്‍ യാസ്‌പേഴ്‌സ് (ജര്‍മ്മന്‍ ചിന്തകന്‍)

ന്യായാധിപന്മാരുടെ പുസ്തകം ഒമ്പതാം അധ്യായത്തില്‍ യോത്താം എന്ന വ്യക്തിയെ നാം കാണുന്നുണ്ട് (9:7). യോത്താം ഗരിസിം മലമുകളില്‍ ഇസ്രായേല്‍ ജനത്തെ വിളിച്ചു കൂട്ടുകയാണ്. അതിനൊരു പശ്ചാത്തലം ഉണ്ട്. കൗശലംവഴി തിരഞ്ഞെടുക്കപ്പെട്ട അബിമലേക്ക് എന്ന ക്രൂരനായ ഭരണാധികാരി യോത്താമിന്റെ കുടുംബത്തിലെ 70 പേരെ കൊന്നുകളഞ്ഞ വേദനയുടെ പശ്ചാത്തലത്തിലാണ് യോത്താം ഇസ്രായേല്‍ക്കാരെ മുഴുവന്‍ വിളിച്ചുകൂട്ടുന്നത്. അങ്ങനെ വിളിച്ചു കൂട്ടിയിട്ട് അദ്ദേഹം ചെയ്യുന്നത് വാളെടുത്തുള്ള പ്രതികാരമല്ല, മറിച്ച് ഒരു കഥ പറയുകയാണ്. സ്വന്തം കുടുംബാംഗങ്ങളെ വാളിനിരയാക്കിയ ക്രൂരനായ ഭരണാധികാരിക്കെതിരെ അദ്ദേഹം ഒരു വിപ്ലവത്തിന് ഒരുങ്ങുന്നില്ല, പകരം ഒരു കഥ പറയുന്നു. കഥ ഇതാണ്: വൃക്ഷങ്ങളെല്ലാം ചേര്‍ന്ന് ആദ്യം മുന്തിരിച്ചെടിയെ സമീപിച്ചു. ഞങ്ങളുടെ രാജാവ് ആകാമോ? മുന്തിരി പറഞ്ഞു, ജനങ്ങള്‍ക്ക് ഏറ്റവും വിശിഷ്ടമായ മുന്തിരിച്ചാറ് കൊടുക്കുകയാണ് എന്റെ ധര്‍മ്മം. രാജാവാകുകയല്ല. വൃക്ഷങ്ങള്‍ വീണ്ടും അത്തിവൃക്ഷത്തെ സമീപിച്ചു. അത്തിമരം പറഞ്ഞു, വിലപ്പെട്ട അത്തിപ്പഴം ജനങ്ങള്‍ക്ക് കൊടുക്കുക എന്നതാണ് എന്റെ ധര്‍മ്മം, രാജാവാകാന്‍ ഞാനില്ല. വീണ്ടും വൃക്ഷങ്ങള്‍ ഒലിവുമരത്തെ സമീപിച്ചു. ഒലിവുമരം പറഞ്ഞു, ഔഷധഗുണമുള്ള എണ്ണ ജനങ്ങള്‍ക്ക് കൊടുക്കലാണ് എന്റെ ധര്‍മ്മം. അതുകൊണ്ട് രാജാവാകാന്‍ ഞാനില്ല. അവസാനം മുള്‍ പ്പടര്‍പ്പ് പറഞ്ഞു, ഞാന്‍ നിങ്ങളുടെ രാജാവാകാം.

നിങ്ങളുടെ രാജാവാകാം എന്നു പറഞ്ഞ അര്‍ഹതയില്ലാത്ത മുള്‍പ്പടര്‍പ്പ് രാജഭരണം ഏറ്റെടുത്ത കഥയാണ് യോത്താം പറയുന്നത്. അദ്ദേഹം ഈ കഥ പറയുന്നതിന്റെ പിറകില്‍ വലിയ ഒരു ചരിത്ര സത്യമുണ്ട്. അതെന്താണ്? അധര്‍മ്മിയായ രാജാവിനെ തിരഞ്ഞെടുത്തവരുടെ ചിന്താശൂന്യത അക്രമം ആയി മാറിയപ്പോള്‍ ഒരു മനുഷ്യന്റെ ഉള്ളില്‍ തിളച്ച ചെന്നായസ്വഭാവത്തിന്റെ ലാവയെ സംസ്‌കാരത്തിന്റെ തൊലികൊണ്ട് മൂടി അതിനെ മനോഹരമായ ഒരു കഥയാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ കഥയാണ് ഇത്. റോസാച്ചെടിയുടെ ചുവട്ടില്‍ നമ്മള്‍ ഇട്ടുകൊടുക്കുന്നത് ചാണകവും പച്ചിലവളവും ആണ്. റോസാച്ചെടി അതെല്ലാം വലിച്ചെടുത്ത് നമുക്ക് തരുന്നത് മനോഹരമായ പുഷ്പങ്ങളാണ്. കുരീപ്പുഴ ശ്രീകുമാര്‍ എന്ന മലയാള കവി പാടി:

  • ''വാക്കെരിയുന്നോരടുപ്പില്‍ നിന്നും

  • തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍

  • പൂക്കുന്നതെന്താണ് കൂട്ടുകാരി

  • ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി?''

നമ്മുടെ നാട്ടിലും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെയും അധഃകൃതരുടെയും കരച്ചില്‍ കേട്ടു വന്നിട്ട് അവരുടെ കഥകളെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ച് കേരളത്തില്‍ അവര്‍ക്കൊരു ഇടം ഉണ്ടാക്കിയെടുക്കാന്‍ നമ്മുടെ കവികളും സാഹിത്യകാരന്മാരും ശ്രമിച്ചിട്ടുണ്ട്.

ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ ഇതിനെ കഥാര്‍സിസ് അഥവാ വികാര വിമലീകരണം, വികാര വിരേചനം എന്നു വിളിക്കും. സാഹിത്യകാരന്മാര്‍ക്ക് സമൂഹത്തില്‍ എന്താണ് റോള്‍? സാഹിത്യകാരന്മാരെയും തത്വചിന്തകന്മാരെയും കുറിച്ചുള്ള പ്രധാനപ്പെട്ട ആരോപണമിതാണ്, അവര്‍ ചാരുകസാലയില്‍ കിടന്നു അലസജീവിതം നയിക്കുകയും മനുഷ്യനു ഉപകാരമില്ലാത്ത കാര്യങ്ങളെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യുന്നവരാണ്. ചുരുക്കത്തില്‍ നിത്യജീവിതവുമായി ബന്ധമില്ലാത്തവനാണ് സാഹിത്യകാരന്‍ / തത്വചിന്തകന്‍ എന്നതാണ് വിമര്‍ശനത്തിന്റെ ഉള്ളടക്കം. അത് യാഥാര്‍ത്ഥ്യമാണോ? സാഹിത്യകാരന്റെയും തത്വചിന്തകന്റെയും കാരിക്കേച്ചര്‍ വരയ്ക്കുന്നത് ചാരുകസേരയില്‍ ചാരിക്കിടന്ന് മനുഷ്യനു ഉപകാരമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നവരായിട്ടാണ്. ഒരു സൂചിത്തുമ്പില്‍ എത്ര മാലാഖമാര്‍ക്ക് നൃത്തം ചെയ്യാന്‍ കഴിയും എന്നൊക്കെയാണ് അവര്‍ മധ്യകാലത്ത് ചിന്തിച്ചിരുന്നത് എന്ന് പരിഹാസപൂര്‍വം പറയാറുണ്ട്. എന്നാല്‍ ലോക ചരിത്രം ഒന്ന് പരിശോധിക്കുക. സാമൂഹിക മാറ്റത്തിന് രാസത്വരകമായി വര്‍ത്തിച്ച അനേകം വ്യക്തികളെ നമുക്ക് അവരില്‍ കാണാന്‍ കഴിയും. അമേരിക്കയില്‍ ആഭ്യന്തരയുദ്ധം നടക്കുമ്പോള്‍. അടിമത്ത നിരോധനം നടന്നു കഴിയുമ്പോള്‍ എബ്രഹാം ലിങ്കണ്‍ എന്ന മഹാനായ പ്രസിഡണ്ട് ഒരു കൊച്ചുസ്ത്രീയെ ചേര്‍ത്തുനിര്‍ത്തിയിട്ട് പറയും, This little lady effected American civil war. ആ സ്ത്രീയുടെ പേരാണ് ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവ് (Harriet Beacher Stowe). 'അങ്കിള്‍ ടോമിന്റെ ക്യാബിന്‍' (Uncle Tom's Cabin) എന്നുള്ള ആ നോവലിലൂടെ അടിമത്തത്തിനെതിരെ അമേരിക്കയില്‍ ഒരു ജനകീയ തരംഗം ഉണ്ടാക്കി, അടിമത്തം തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ സ്ത്രീയാണ് അവര്‍. വോള്‍ട്ടയറും റൂസോയും മൊണ്ടെസ്‌ക്യൂവുമല്ലേ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് ഫ്രഞ്ച് വിപ്ലവത്തിന് രാസത്വരകമായി വര്‍ത്തിച്ചത്? 1884 ല്‍ പ്രസിദ്ധീകരിച്ച A Contribution to the Critique of Hegel's Philosophy of Right എന്ന പുസ്തകത്തില്‍ കാള്‍ മാര്‍ക്‌സ് എഴുതി: ''ആശയം ഒരു ഭൗതികശക്തിയാകും, അത് ജനഹൃദയങ്ങളെ തൊടുമ്പോള്‍.'' (An Idea becomes a material force when it grips the masses.)

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒ എന്‍വി കുറുപ്പ് എഴുതി: നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ. ഒ എന്‍ വി ഇതെഴുതുമ്പോള്‍ ആരെങ്കിലും ചിന്തിച്ചോ നമ്മള്‍ കൊയ്ത വയലൊക്കെ നമ്മുടെതാകുമെന്ന്. ജന്മികുടിയാന്‍ വ്യവസ്ഥ അതിന്റെ രൂക്ഷതയില്‍ നരസിംഹാവതാരം ആടിത്തിമര്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് ഒ എന്‍ വി ഇത് എഴുതുന്നത്. ഭൂപരിഷ്‌കരണ നിയമം വന്നപ്പോള്‍ അത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. കൃഷിക്കാരന് കൃഷിഭൂമി എന്നുള്ള യാഥാര്‍ത്ഥ്യം. അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അയ്യങ്കാളി സവര്‍ണ്ണരോടു പറഞ്ഞു: ''പാഠം ഇല്ലെങ്കില്‍ പാടമില്ല.'' ഞങ്ങളുടെ കുട്ടികള്‍ക്ക് പാഠം പഠിപ്പിക്കാന്‍ ഇവിടെ അധ്യാപകരില്ലെങ്കില്‍, വിദ്യാലയങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങളുടെ പാടത്ത് പണിയില്ല. ഞങ്ങളുടെ മക്കളെ നിങ്ങള്‍ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് കുരുതിപ്പുല്ല് മുളക്കും എന്ന് പറഞ്ഞ അയ്യങ്കാളി അവസാനം കേരളത്തിലെ പുലയ സമുദായത്തില്‍ പെട്ടവര്‍ക്ക് സാര്‍വത്രിക വിദ്യാഭ്യാസത്തിനുള്ള അവസരം നേടിയെടുക്കുന്ന തരത്തിലേക്ക് തന്നെ പ്രക്ഷോഭത്തെ എത്തിക്കുന്നുണ്ട്. പഞ്ചമി എന്ന് പറയുന്ന പെണ്‍കുട്ടിയെ ആദ്യം ക്ലാസിലേക്ക് അയ്യങ്കാളി കൊണ്ടുവരുമ്പോള്‍ അവിടെ ഇരുത്താന്‍ സമ്മതിക്കുന്നില്ല സവര്‍ണ്ണ ജാതിക്കാര്‍. പഞ്ചമിയിരുന്ന് പഠിച്ച ബെഞ്ച് കത്തിച്ചുകളയുകയാണ് അവര്‍. എന്നാല്‍ പിന്നീട് പാഠം ഇല്ലെങ്കില്‍ പാടം ഇല്ലെന്നു പറഞ്ഞ അയ്യങ്കാളിയുടെ പിന്മുറക്കാര്‍, കെ ആര്‍ നാരായണന്‍ ഇന്ത്യയുടെ പ്രസിഡണ്ട് പദവിയിലേക്ക് നടന്നു കയറി, ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി. അങ്ങനെ സമത്വ ബോധത്തിന്റെ ബെഞ്ചുകളില്‍ ഇരുന്ന് കേരളം പഠിച്ചതിന്റെ കഥയ്ക്ക് പിന്നില്‍ സാഹിത്യകാരന്മാരും തത്വചിന്തകരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും ഉണ്ട്.

എങ്ങനെയാണ് സാഹിത്യകാരന്മാരും തത്വചിന്തകരും ഈ നവോത്ഥാനത്തെ വേഗത്തിലാക്കിയത്? ഉത്തരം നിര്‍വചനങ്ങളിലുണ്ട്. ആരാണ് കവി, ആരാണ് സാഹിത്യകാരന്‍ എന്ന് ചോദിക്കുമ്പോള്‍ ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവികളില്‍ ഒരാളായ കാളിദാസന്‍ പറയും, 'രുദിതാനുസാരി കവി.' അതായത് നിലവിളി കേട്ടു വരുന്നവനാണ് കവി. ക്രൗഞ്ചപ്പക്ഷികളുടെ നിലവിളി കേട്ട് ആദ്യ കവിയായ വാല്മീകി വന്നിട്ട് പറഞ്ഞു, മാനിഷാദ, അരുതു കാട്ടാളാ. ഒരു പക്ഷിയുടെ നിലവിളി കേട്ട് അരുത് കാട്ടാളാ എന്നു പറഞ്ഞു വന്നവനാണ് കവി. നമ്മുടെ നാട്ടിലും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെയും അധഃകൃതരുടെയും കരച്ചില്‍ കേട്ടു വന്നിട്ട് അവരുടെ കഥകളെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ച് കേരളത്തില്‍ അവര്‍ക്കൊരു ഇടം ഉണ്ടാക്കിയെടുക്കാന്‍ നമ്മുടെ കവികളും സാഹിത്യകാരന്മാരും ശ്രമിച്ചിട്ടുണ്ട്. പുലയര്‍ക്ക് വഴി നടക്കാന്‍ അവകാശം ഇല്ലാതെ വന്നപ്പോള്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന വിഖ്യാതനായ കവി പാടി, 'നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയന്‍.' നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ പറിച്ചു കളയാന്‍ സാധിക്കുന്ന കളയല്ല പുലയര്‍ എന്ന് ചങ്ങമ്പുഴ വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതി.

സ്ത്രീകളുടെ കാര്യം എടുക്കുക. വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ ആദ്യകാല കൃതികളില്‍ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ പറയുന്നുണ്ട്. അടുക്കള ചക്കികളും പേറ്റുയന്ത്രങ്ങളും ആയിരുന്ന സ്ത്രീകള്‍. അങ്ങനെയായിരുന്ന അവസ്ഥയില്‍ നിന്ന് വി ടി ഭട്ടതിരിപ്പാടിനെയും എം ആര്‍ ബി യെയും പോലുള്ള വ്യക്തികള്‍ കേരളത്തിലെ സ്ത്രീകളുടെ നവോത്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു, കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു? മലയാളഭാഷയിലെ ചില പദപ്രയോഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഭാഷാ ഒരേ സമയം നമ്മെ രൂപപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ്. സിമോണ്‍ ദി ബുവ്വ എഴുതിയ ഫെമിനിസത്തിന്റെ ബൈബിള്‍ എന്നു പറയപ്പെടുന്ന 'ദ സെക്കന്റ് സെക്‌സ്' എന്ന ഗ്രന്ഥത്തില്‍ സ്ത്രീ എപ്പോഴും രണ്ടാമതാണ് എന്ന് പറഞ്ഞു. പ്ലേറ്റോ തന്റെ തിമേയൂസില്‍ എഴുതി, സ്ത്രീ രണ്ടാം സൃഷ്ടിയാണ്, ഇന്‍ഫീരിയര്‍ ആണ്. അരിസ്റ്റോട്ടില്‍ തന്റെ ഫിസിക്‌സ് എന്ന കൃതിയില്‍ എഴുതി, സ്ത്രീ ശാരീരിക പ്രത്യേകതകള്‍ കൊണ്ട് രണ്ടാമതാണ്. കാരണം ഗര്‍ഭപാത്രവും ആര്‍ത്തവവും ഒക്കെയുള്ള ആളാണ് അവള്‍.

സമത്വ ബോധത്തിന്റെ ബെഞ്ചുകളില്‍ ഇരുന്ന് കേരളം പഠിച്ചതിന്റെ കഥയ്ക്ക് പിന്നില്‍ സാഹിത്യകാരന്മാരും തത്വചിന്തകരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും ഉണ്ട്.

ഭാഷയില്‍ സ്ത്രീകളെ രേഖപ്പെടുത്തിയിരിക്കുന്ന രീതികള്‍ ശ്രദ്ധിക്കുക. കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനെ നിനക്കഭിനന്ദനം എന്നാണ് നമ്മുടെ ഒരു പാട്ട്. സ്ത്രീ എന്നാല്‍ കണ്ണീര്‍ത്തുള്ളിയാണ്. 1990 കളിലും രണ്ടായിരത്തിലും നമ്മുടെ ചാനലുകളില്‍ നിറഞ്ഞ കണ്ണീര്‍ പരമ്പരകള്‍ ഓര്‍ക്കുക. പണ്ട് ഷേക്‌സ്പിയര്‍ പറഞ്ഞത് ഇതുതന്നെയാണ്, ചാപല്യമേ നിന്റെ പേരാണ് സ്ത്രീ (Frialty Your Name is Women). അങ്കുശമില്ലാത്ത ചാപല്യമേ നിന്നെ അംഗനയെന്നു വിളിക്കട്ടെ ഞാന്‍ എന്നു ചോദിക്കുന്നു നമ്മള്‍. പുരുഷാധിപത്യപരമായ ഒരു സമൂഹം സ്ത്രീകള്‍ക്ക് കല്‍പ്പിച്ചുകൊടുത്ത പാര്‍ശ്വവല്‍കൃതമായ ഇടം. ആ ഇടമാണ് സ്ത്രീയെ രണ്ടാം കിടക്കാരാക്കുന്നത്. ഭാഷയിലെ പഴഞ്ചൊല്ലുകള്‍ ഒന്ന് പരിശോധിക്കണം. മണ്ണും പെണ്ണും ചവിട്ടും തോറും നന്നാവും. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം. നാരകം നട്ടിടവും നാരിനടിച്ചിടവും മുടിയും. ഹിസ്റ്ററി എപ്പോഴും 'ഹിസ് സ്റ്റോറി'യാണ് 'ഹെര്‍ സ്റ്റോറി' അല്ല. അവനവന്റെ കാര്യം എന്ന് നമ്മള്‍ പറയുന്നു. അവളവളുടെ കാര്യം എന്ന് പറയാറില്ല. സമൂഹം ഭാഷയെ അതിന്റെ ഒരു ചട്ടുകമായി ഉപയോഗിക്കുമ്പോള്‍ എല്ലാ പ്രയോഗങ്ങളും പുരുഷാധിപത്യപരമാകും. കാളിദാസന്‍ അഭിജ്ഞാന ശാകുന്തളം എഴുതുമ്പോള്‍ അതില്‍ ശകുന്തള എന്ന നായികയൊഴികെ ബാക്കിയെല്ലാവരും സംസ്‌കൃതത്തില്‍ സംസാരിക്കുന്നു, സ്ത്രീയായ ശകുന്തളയും ശകുന്തളയുടെ മോതിരം കുളത്തില്‍ വീണു കിട്ടുന്ന മുക്കുവനും സംസാരിക്കുന്നത് പ്രാകൃത ഭാഷയാണ്. കാരണം അവള്‍ സ്ത്രീയാണ്. സ്ത്രീ സംസ്‌കൃതം സംസാരിക്കാന്‍ പാടില്ലത്രേ! നമ്മുടെ ഭാരതീയ ഇതിഹാസങ്ങള്‍ പരിശോധിക്കുക. പുരാണങ്ങളിലെ വിദ്യാദേവത സരസ്വതിയാണ്. ഒരു സ്ത്രീദൈവമാണ്. പക്ഷേ സ്ത്രീ വിദ്യ അഭ്യസിക്കാന്‍ പാടില്ല എന്നത് എത്രയോ വര്‍ഷങ്ങള്‍ നമ്മുടെ നാട്ടില്‍ നാട്ടുനടപ്പ് ആയിരുന്നു. ഭാരതീയ പുരാണത്തില്‍ ധനത്തിന്റെ ദേവത ലക്ഷ്മിയാണ്. പക്ഷേ പിതൃസ്വത്തില്‍ സ്ത്രീക്ക് അവകാശം കിട്ടിയിട്ട് എത്രകാലമായി? 1955 മുതല്‍ നെഹ്‌റു നിര്‍ബന്ധം പിടിച്ചിട്ടാണ് ഹിന്ദു കോഡ് ബില്ല് അവതരിപ്പിക്കുന്നതും സ്ത്രീക്ക് അവകാശം കിട്ടുന്നതും. ക്രൈസ്തവ സ്ത്രീകള്‍ക്ക് പിതൃത്വത്തില്‍ അവകാശം കിട്ടിയിട്ട് അധികം കാലമായില്ല. മേരി റോയ് എന്ന ആക്ടിവിസ്റ്റ് 1986 ല്‍ കേസ് വിജയിച്ചിട്ടാണ് ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ അവകാശം ഉണ്ടായത്. മുസ്ലിം സമുദായത്തിലെ സ്ത്രീകളുടേത് അതിനേക്കാള്‍ കദനകഥയാണ്. യൂണിഫോം സിവില്‍ കോഡിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നാം ഷുക്കൂര്‍ വക്കീലിനെ കണ്ടു. തന്റെ ഭാര്യയായ ഷീനയെ വീണ്ടും വിവാഹം കഴിക്കേണ്ടി വന്നു അദ്ദേഹത്തിന്. തന്റെ സ്വത്ത് സഹോദരന്മാര്‍ക്ക് പോകാതിരിക്കാനും പെണ്‍മക്കള്‍ക്ക് കിട്ടാനും വേണ്ടി വീണ്ടും ഒരു വിവാഹം. 1934 മാര്‍ച്ച് 10 ന് മണ്ണാര്‍ക്കാട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒരു സമ്മേളനം നടന്നു. അതിലൊരു പ്രമേയം പാസാക്കി. പെണ്‍കുട്ടികളെ എഴുത്തു പഠിപ്പിക്കുന്നത് അനഭിലഷണീയമാണ്, പ്രോത്സാഹിപ്പിക്കരുത്. കുട്ടികള്‍ മൂന്നാം ക്ലാസ് വരെ പഠിച്ചാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം തീരുമാനിക്കുന്നു. ചരിത്രം ആവര്‍ത്തിക്കുന്നു ആദ്യം പ്രഹസനമായി പിന്നെ ദുരന്ത നാടകമായി.

ഭാരതത്തിലെ സ്മൃതികള്‍ പരിഗണിക്കുക. കുമാരനാശാന്‍ സ്മൃതികളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, 'തരുണീപാതജ ഗര്‍ഹിണി സ്മൃതി.' അധഃകൃതരെയും സ്ത്രീകളെയും നിന്ദിക്കുന്ന സ്മൃതി എന്നര്‍ത്ഥം. മനുസ്മൃതി എടുത്തു വായിക്കുക. 'പിതാ രക്ഷതി കൗമാരേ ഭര്‍തോ രക്ഷതി യവ്വനെ പുത്രാ രക്ഷതി വാര്‍ധക്യേ നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.' കൗമാരത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രനും അവരെ സംരക്ഷിക്കും. അതുകൊണ്ട് സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ട.

1829 ല്‍ വില്യം ബെന്‍ഡിങ് എന്ന ബ്രിട്ടീഷ് വൈസ്രോയി സതി നിരോധിക്കുന്നുണ്ട്. നിരോധിച്ച് 158 വര്‍ഷങ്ങള്‍ക്കുശേഷം 1997 ല്‍ രാജസ്ഥാനിലെ ദേവുലാല ഗ്രാമത്തില്‍ രൂപ് കന്‍വര്‍ എന്ന 18 വയസ്സുള്ള കൗമാരക്കാരി നിര്‍ബന്ധിത സതിക്ക് വിധേയയായി. രജപുത്രര്‍ക്കിടയിലെ അന്ധവിശ്വാസമാണ് സതീദേവി കുടുംബത്തിലേക്ക് ഐശ്വര്യം കൊണ്ടുവരും എന്നത്. ഒരു നാട്ടില്‍ സതീദേവി ഉണ്ടായിക്കഴിഞ്ഞാല്‍ അവിടെ വെള്ളപ്പൊക്കം, വറുതി ക്ഷാമം ഒന്നുമുണ്ടാകില്ല. കന്നുകാലികള്‍ക്ക് പാല്‍ അധികം കിട്ടും, വിളവ് വര്‍ധിക്കും, നാട് സമൃദ്ധമാകും. അന്ധവിശ്വാസങ്ങള്‍ അധാര്‍മിക പ്രവര്‍ത്തികളെ സാധൂകരിക്കുന്നു. എന്തുകൊണ്ട് സതിദേവി? സതീദേവന്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല? മരിച്ച പുരുഷന്റെ തല മടിയില്‍ വച്ച് ഈ യുവതി ഇരിക്കും. എഴുന്നേറ്റു പോകാതിരിക്കാന്‍ പാലില്‍ ഭാംഗ് പോലുള്ള മയക്കുമരുന്ന് കൊടുക്കും. കേരളത്തില്‍ സതി ഉണ്ടായതായി നമുക്കറിയില്ല. പക്ഷേ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശപ്പെട്ട ഇടങ്ങളില്‍ ഒന്നായിരുന്നു നമ്മുടെ കേരളം. വള്ളത്തോള്‍ തന്റെ കൃതിയില്‍ ഇതിനെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്, പത്തായത്തിലെ വിത്തുപോലെ വെളിച്ചം കാണാത്ത അന്തര്‍ജനം. വീ ടി ഭട്ടതിരിപ്പാട് സ്ത്രീശാക്തീകരണത്തിനായി ആദ്യം ലഘുലേഖകള്‍ എഴുതി. ഇത് അന്തര്‍ജനങ്ങള്‍ക്ക് കൊണ്ടു കൊടുത്തപ്പോഴാണ് തിരിച്ചറിയുന്നത്, അവര്‍ക്ക് വായിക്കാന്‍ അറിയില്ല. അദ്ദേഹം തന്നെ ഇല്ലത്തിന്റെ മുറ്റത്ത് സ്റ്റേജ് കെട്ടി 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം കളിച്ചു. അന്തര്‍ജനങ്ങളുടെ ജീവിതം പ്രമേയമാക്കി നാടകമെഴുതി അവരെ കര്‍ട്ടനു പുറകില്‍ നിന്ന് കര്‍ട്ടനു മുമ്പിലേക്ക് കൊണ്ടുവരികയാണ്. അദ്ദേഹത്തിന്റെ സ്റ്റേജിലേക്ക് അന്നത്തെ യാഥാസ്ഥിതികര്‍, സവര്‍ണ്ണ മാടമ്പിമാര്‍ നിറയൊഴിക്കുന്നുണ്ട്. ഭാഗ്യത്തിനാണ് അവര്‍ രക്ഷപ്പെട്ടത്.

(ശേഷം അടുത്തലക്കത്തില്‍)

  • (വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നവോത്ഥാനത്തിന്റെ ബഹുസ്വരവായനകള്‍ എന്ന സിമ്പോസിയത്തില്‍ നടത്തിയ പ്രഭാഷണം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org