ആരാധനക്രമ സംഗീതത്തിന്റെ അരൂപി

ആരാധനക്രമ സംഗീതത്തിന്റെ അരൂപി
Summary

ദേവാലയ ഗീതാലാപന രീതികളെപ്പറ്റി പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഭക്തിഗാനങ്ങളുടെ അതിപ്രസരവും ഗാനമേളകളുടെ സ്വാധീനവും വാദ്യോപകരണങ്ങളുടെ വിവേചനമില്ലാതുള്ള ഉപയോഗവും ദേവാലയ സംഗീതശൈലിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തെ മുന്‍നിര്‍ത്തി ആരാധനക്രമ പണ്ഡിതനായ ഡോ. ആന്റണി നരികുളവും ദേവാലയ സംഗീതത്തില്‍ ഉപരിപഠനം നടത്തിയ ഫാ. ജാക്‌സണ്‍ സേവ്യറും സംസാരിക്കുന്നു.

 • ദേവാലയ സംഗീതം സെക്കുലര്‍ സംഗീതത്തില്‍ നിന്നു വ്യത്യസ്തമാണോ?

അതേ എന്നതാണ് പ്രഥമ ഉത്തരം. ഓരോ സന്ദര്‍ഭത്തിനും അതിന്റേതായ ആലാപന രീതികളും വാദ്യോപകരണങ്ങളുമുണ്ട്. തിരുവാതിരയുടെ രീതിയില്‍ നിന്ന് എത്രയോ ഭിന്നമാണ് മാര്‍ഗംകളിയുടേത്. ഓട്ടംതുള്ളലിന്റെ രീതി ഭരതനാട്യത്തിനു ചേരുമോ? കഥകളിയുടെ സംഗീതം നാടോടിനൃത്തത്തിന്റെ ശൈലിയില്‍ നിന്നു വ്യത്യസ്തമല്ലേ? ഓരോ സംഗീത കലാരൂപത്തിനും അതിന്റേ തായ ശൈലിയുണ്ട്. ദേവാലയ സംഗീതത്തിന്റെ കാര്യത്തിലും ഈ തത്വം ബാധകമാണ്.

 • ദേവാലയ സംഗീതം എന്ത്, എങ്ങനെ?

മറ്റ് ഏതു കലാരൂപത്തേക്കാളും സഭയില്‍ വിലമതിക്കപ്പെടുന്ന ഒന്നാണ് സംഗീതം. തിരുക്കര്‍മ്മങ്ങള്‍ സംഗീതത്താല്‍ മോടിപ്പിടിപ്പിക്കപ്പെടുമ്പോള്‍ ആരാധനയ്ക്ക് വിശിഷ്ടമായ ഒരു രൂപം കൈവരുമെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ആരാധനക്രമത്തെ സംബന്ധിച്ച പ്രമാണരേഖ പറയുന്നു. അതുകൊണ്ട് തിരുക്കര്‍മ്മ ഗീതങ്ങളെ അതീവ ജാഗ്രതയോടെ പരിരക്ഷിക്കാന്‍ സഭ താല്‍പര്യപ്പെടുന്നു. ഗായകസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ സഭ പ്രദര്‍ശിപ്പിക്കുന്ന ഔത്സുക്യത്തിന് കാരണം ഇതാണ്. തിരുക്കര്‍മ്മഗീതങ്ങള്‍ പഠിപ്പിക്കാന്‍ പരിശീലനം ലഭിച്ച അധ്യാപകരെ സെമിനാരികളിലും സന്യാസ പരിശീലന ഭവനങ്ങളിലും കത്തോലിക്ക പരിശീലന കേന്ദ്രങ്ങളിലും നിയോഗിക്കണമെന്ന സൂനഹദോസിന്റെ നിര്‍ദേശം ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍.

ഗായകസംഘങ്ങളെ പരിശീലിപ്പിക്കണമെന്നു പറയുന്നതോടൊപ്പം, വിശ്വാസികളുടെ ഭാഗഭാഗിത്വത്തിന് കുറവു സംഭവിക്കരുതെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നു. മറ്റു വാക്കുകളില്‍, വിശ്വാസികളുടെ ശബ്ദം മുഴങ്ങി കേള്‍ക്കത്തക്കവിധം മതാത്മകഗീതങ്ങള്‍ ആലപിക്കുന്ന രീതി പരിപോഷിപ്പിക്കണമെന്നതാണു നിര്‍ദേശം.

ദേവാലയ സംഗീതം മൂന്നു അടിസ്ഥാനതത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കണമെന്ന് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം വ്യക്തമാക്കുന്നു. ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം വ്യക്തമാക്കുന്നതിലുള്ള സൗന്ദര്യബോധമാണ് ആദ്യത്തേത്. സമൂഹത്തിന്റെ ഭാഗഭാഗിത്വം ഉറപ്പാക്കുക എന്നതാണ് രണ്ടാമത്തേത്. മൂന്നാമതായി, അനുഷ്ഠിക്കപ്പെടുന്ന തിരുക്കര്‍മ്മത്തിന്റെ വൈശിഷ്ട്യത്തിന് ഒരു വിധത്തിലും കോട്ടം സംഭവിക്കാന്‍ പാടില്ലെന്നതും.

ആരാധനക്രമ സംഗീതത്തിന്റെ ആത്യന്തിക ലക്ഷ്യം കലാസ്വാദനമല്ല; ദൈവഭക്തിയും നിത്യരക്ഷയുമാണ്. മറ്റു വാക്കുകളില്‍, 'കല കലയ്ക്കുവേണ്ടി' എന്ന മുദ്രാവാക്യം സഭ യ്ക്ക് അസ്വീകാര്യമാണ്.

 • ദേവാലയ സംഗീതത്തെപ്പറ്റി കത്തോലിക്ക സഭ ഔദ്യോഗിക പ്രബോധനങ്ങള്‍ നല്കിയിട്ടുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. പല മാര്‍പാപ്പമാരും ഇതെപ്പറ്റി നിര്‍ദേശങ്ങള്‍ നല്കിയിട്ടുള്ളവരാണ്. മാര്‍പാപ്പമാരുടെ പ്രബോധനങ്ങളില്‍ നിര്‍ണ്ണായകമായ ഒന്നാണ് 1903-ല്‍ പത്താം പീയൂസ് മാര്‍പാപ്പ നല്കിയ ഒരു രേഖ. ദേവാലയത്തില്‍ ഗീതങ്ങള്‍ ആലപിക്കുമ്പോള്‍ അത് വിശുദ്ധ അന്തരീക്ഷത്തിന് യോജ്യവും വിശ്വാസികളുടെ മനസ്സുകളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ളതുമായിരിക്കണമെന്ന് അദ്ദേഹം എഴുതി. മാത്രമല്ല, ആലപിക്കുന്ന രീതി പോലും ആരാധനക്രമത്തിന്റെ വിശുദ്ധിക്കു ചേര്‍ന്നതായിരിക്കണം.

12-ാം പീയൂസ് മാര്‍പാപ്പ ആരാധനക്രമത്തെപ്പറ്റി 1947-ല്‍ പുറപ്പെടുവിച്ച ചാക്രികലേഖനത്തില്‍ ഇപ്രകാരം എഴുതി: ''ദിവ്യരഹസ്യങ്ങളിലൂടെ ദൈവജനത്തിന്റെ വിശ്വാസവും ഭക്തിയും വര്‍ധമാനമാകുന്നതിനും ദൈവാനുഗ്രഹം സമൃദ്ധമാകുന്നതിനും സംഗീതം സഹായകമാകണം!''

വിശ്വാസികളുടെ ഏകാഗ്രതയും പ്രാര്‍ത്ഥനയും വിഘാതമാകുന്ന സംഗീതാലാപനം നിഷിദ്ധമാണെന്ന് 1967-ല്‍ നല്കപ്പെട്ട ഒരു വത്തിക്കാന്‍ രേഖ പ്രസ്താവിക്കുന്നു. ആരാധനക്രമത്തെ ശുശ്രൂഷിക്കുകയും അകമ്പടി സേവിക്കുകയും ചെയ്യുന്ന ദൗത്യമാണ് സംഗീതത്തിന്റേത്.

1903-ല്‍ പത്താം പീയൂസ് മാര്‍പാപ്പ നല്കിയ പ്രബോധനത്തിന്റെ ശതാബ്ദിവേളയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയ ഒരു കത്തില്‍, അതിവിശിഷ്ടമായ ആരാധനക്രമാനുഷ്ഠാനത്തിന്റെ മഹത്ത്വത്തിനു ഹാനികരമായ ആലാപനരീതി ദേവാലയത്തില്‍ അസ്വീകാര്യമാണെന്നു സൂചിപ്പിക്കുകയുണ്ടായി.

ഗായകസംഘങ്ങളെ പരിശീലിപ്പിക്കണമെന്നു പറയുന്നതോടൊപ്പം, വിശ്വാസികളുടെ ഭാഗഭാഗിത്വത്തിന് കുറവു സംഭവിക്കരുതെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

 • തിരുക്കര്‍മ്മഗീത രചയിതാക്കളും ഗായകസംഘങ്ങളും ഇതുവരെ നല്കിയിട്ടുള്ള സേവനങ്ങളെ എപ്രകാരം വിലയിരുത്തുന്നു?

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു മുമ്പ് ലത്തീന്‍, സുറിയാനി ഭാഷകളിലാണല്ലോ ദേവാലയങ്ങളില്‍ ഗീതങ്ങള്‍ ആലപിച്ചിരുന്നത്. അവയ്ക്കു ദേവാലയ സംഗീതത്തിന്റെ ഗുണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരും സമ്മതിക്കും. മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരുക്കര്‍മ്മങ്ങളില്‍ ഇന്നും ആലപിക്കപ്പെടുന്ന ലത്തീന്‍ സുറിയാനി രീതികള്‍ ഇതിന് ഉത്തമദൃഷ്ടാന്തമാണ്.

പ്രാദേശിക സംഗീതരീതികള്‍ ദൈവാരാധനയില്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സൂനഹദോസ് സൂചിപ്പിക്കുന്നുണ്ട്. അത് സാംസ്‌കാരികാനുരൂപണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണ്. കാരണം, ഓരോ പ്രാദേശിക സമൂഹത്തിനും അവരുടേതായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ കാണും. അവയെ പരിപോഷിപ്പിക്കണമെന്നു തന്നെയാണ് സഭയുടെ ആഗ്രഹം. വാദ്യോപകരണങ്ങളുടെ കാര്യത്തിലും ഇതു വാസ്തവമാണ്. ഈ പശ്ചാത്തലത്തില്‍ വേണം, കേരളത്തിലും ദേവാലയങ്ങളില്‍ പരമ്പരാഗതമായ രീതികളില്‍ നിന്നു വ്യത്യസ്തമായി ഗീതങ്ങള്‍ ആലപിക്കാനും സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാനും ആരംഭിച്ചത്. പക്ഷേ, ദേവാലയ സംഗീതം എന്ന ജനുസിനെപ്പറ്റി ഗായകസംഘങ്ങള്‍ക്ക് യഥാവിധി അറിവു നല്കാന്‍ സഭ പൊതു വെ പരാജയപ്പെട്ടു. ആരാധനക്രമത്തിന്റെ ദൈവശാസ്ത്രപരവും ചരിത്രപരവും അനുഷ്ഠാനപരവും പ്രായോഗികവുമായ കാര്യങ്ങളെപ്പറ്റി പഠിപ്പിച്ചതിനുശേഷം വേണ്ടിയിരുന്നു ദേവാലയ സംഗീതമേഖലയിലേക്കു പ്രവേശനം നല്കാന്‍. ഇതുണ്ടായില്ലെന്നു മാത്രമല്ല, വഴിവിട്ട രീതികളിലേക്കു ദേവാലയ സംഗീതം തെന്നിമാറിയപ്പോള്‍ അതു നിയന്ത്രിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ ഇല്ലാതെയും പോയി. സഭയോടുള്ള സ്‌നേഹത്തെപ്രതി, തിരുക്കര്‍മ്മങ്ങള്‍ മോടിപിടിപ്പിക്കണമെന്ന താല്‍പര്യത്തോടെ, തങ്ങളുടെ കഴിവും സമയവും നിസ്വാര്‍ത്ഥതയോടെ സമര്‍പ്പിച്ച അനേകം ഗായകരുടെയും സംഗീതോപകരണക്കാരുടെയും നല്ല മനസ്സിനെ നന്ദിപൂര്‍വം അനുസ്മരിക്കുമ്പോഴും, അവരെ പരിശീലിപ്പിക്കുന്നതില്‍ വന്നുപോയ വീഴ്ചകള്‍ തിരിച്ചറിയാതെ പോകരുത്. അവ പരിഹരിച്ച് മുന്നോട്ടു നീങ്ങുക എന്ന താണ് ആവശ്യമായിരിക്കുന്നത്.

 • ദേവാലയ സംഗീതം കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണ മാക്കുന്നതിനും ഫലപ്രദമാക്കുന്ന തിനും എന്തു ചെയ്യാന്‍ കഴിയും?

വിശുദ്ധ സംഗീതവും (ടമരൃലറ ങൗശെര) മതേതര സംഗീതവും (ടലരൗഹമൃ ങൗശെര) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക എന്നതാണ് ആദ്യപടി. സംഗീതോപകരണങ്ങളുടെ കാര്യത്തി ലും ഈ വ്യത്യാസം ബാധകമാണ്. ഈ അറിവ് വളരെ പ്രധാനപ്പെട്ടതാണെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഒരിക്കല്‍ പറയുകയുണ്ടായി. അതേ സമയം, ആധുനികതയോടു സഭയ്ക്കു വിപ്രതിപത്തിയുണ്ടെന്ന് അനുമാനിക്കേണ്ടതുമില്ല.

തിരുക്കര്‍മ്മഗീത രചയിതാക്കള്‍ ക്രിസ്തീയ ചൈതന്യത്താല്‍ - ക്രിസ്ത്യാനികളായിരിക്കണമെന്നല്ല - നിറഞ്ഞവരായിരിക്കണം. അവ തിരുക്കര്‍മ്മഗീതത്തിന്റെ ഗുണങ്ങളുള്ള രചനകളുമായിരിക്കണം. അവയുടെ വരികള്‍ കത്തോലിക്കാ വിശ്വാസസത്യങ്ങളോടു പൊരുത്തപ്പെടുന്നവയും വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നോ ആരാധനക്രമ ഉറവിടങ്ങളില്‍ നിന്നോ ചൈതന്യം ഉള്‍ക്കൊള്ളുന്നവയുമായിരിക്കണം. ഭാഷയുടെ ലാളിത്യവും പ്രധാനപ്പെട്ടതാണ്. അത് ചെറുതും വലുതുമായ ഗായകസംഘങ്ങള്‍ക്കു മാത്രമല്ല, വിശ്വാസികളുടെ സമൂഹം മുഴുവനും സജീവമായി ഭാഗഭാക്കാകാന്‍ ഉതകുന്നവയുമാകണം. 1958-ല്‍ നല്കപ്പെട്ട ഒരു വത്തിക്കാന്‍ രേഖയില്‍, ദേവാലയ ഗീതങ്ങളുടെ വരികള്‍ 'വാചകക്കസര്‍ത്തുകള്‍' ആകാതിരിക്ക ണമെന്നും, ട്യൂണ്‍ ആത്മീയാന്തരീക്ഷത്തിന് യോജിക്കുന്നതായിരിക്കണമെന്നും ഉദ്‌ബോധിപ്പിച്ചു. ക്രൈസ്തവ വിശ്വാസസത്യങ്ങളോടു മമതയോ ദൈവത്തോട് അടുപ്പമോ ഇല്ലാത്ത വ്യക്തികള്‍ വിശുദ്ധ സംഗീതമേഖലയില്‍ വ്യാപരിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് 12-ാം പീയൂസ് മാര്‍പാപ്പ മുന്നറിയിപ്പു നല്കുകയുണ്ടായി.

ദേവാലയഗായക സംഘങ്ങളില്‍ ഭാഗഭാക്കാകുന്നത് ഒരു ''ദൈവവിളി''യായി കണക്കാക്കണം. ആ വിളിക്കനുസൃതമായ ജീവിതവും പെരുമാറ്റവും സഭ അവരില്‍ നിന്നു പ്രതീക്ഷിക്കുന്നു.

പ്രാര്‍ത്ഥനയുടെ / ഗീതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ആലപിക്കാന്‍ അവര്‍ പരിശീലിപ്പിക്കപ്പെടണം. ആലപിക്കുന്നവര്‍ മാത്രമല്ല, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നവരും ഈ നിബന്ധനകള്‍ക്കു വിധേയരാണ്. അങ്ങനെ അവര്‍ കലാകാരന്മാര്‍ മാത്രമല്ല, 'യേശുവിന്റെ ശുശ്രൂഷകര്‍' കൂടിയാകും.

2004-ലെ ഒരു വേദിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തി. ഗായകര്‍ക്കും വാദ്യോപകരണക്കാര്‍ക്കും 'പരീക്ഷണങ്ങള്‍' നടത്താനുള്ള വേദിയായി ദേവാലയ സംഗീതത്തെ കാണരുത്. അതുകൊണ്ട് മുന്നൊരുക്കം കൂടാതെയും സ്വേച്ഛാപരമായും ഇടപെടുന്ന വേദിയായി ദേവാലയ സംഗീതത്തെ ആരും തരം താഴ്ത്തരുത്. മറിച്ച്, ആവശ്യകമായ പരീക്ഷണങ്ങള്‍ ഉചിതമായ രീതിയില്‍ നടത്തി അംഗീകാരം ലഭ്യമാക്കിയതിനു ശേഷമേ ദേവാലയത്തില്‍ ആലപിക്കാവൂ. വിശുദ്ധ സംഗീതം സംബന്ധിച്ച് അനേകം നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി നല്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്ക് അര്‍ഹമായ പരിഗണന ബന്ധപ്പെട്ടവര്‍ നല്കാത്തതിലുള്ള ദുഃഖവും മാര്‍പാപ്പ ആ രേഖയില്‍ സൂചിപ്പിച്ചു. ആരാധനക്രമ സംഗീതത്തിന്റെ മാറ്റുരയ്ക്കുന്നതിനുള്ള ഒരു മാര്‍ഗം വിശ്വാസികള്‍ക്ക് ആലാപനത്തിലുള്ള ഭാഗഭാഗിത്വമാണെന്നും അദ്ദഹം എഴുതി. ഇതിന് ആവശ്യം വേണ്ട ഗുണമാണ് പദങ്ങളും ട്യൂണും ലളിതമായിരിക്കുക എന്നത്.

സംഗീതം ഒരു കലയാണെന്നും അതിന് സഭ വിലക്കുകള്‍ ഏര്‍പ്പെടുത്തരുതെന്നും സംഗീതമെന്ന കലയുടെ സ്വാതന്ത്ര്യത്തെ ആരാധനക്രമം ആദരിക്കണമെന്നുമുള്ള ചില സംഗീതജ്ഞരുടെ വാദം അപലപനീയമാണെന്നാണ് 12-ാം പിയൂസ് മാര്‍പാപ്പ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. കാരണം, ആരാധനക്രമ സംഗീതത്തിന്റെ ആത്യന്തികലക്ഷ്യം കലാസ്വാദനമല്ല; ദൈവഭക്തിയും നിത്യരക്ഷയുമാണ്. മറ്റു വാക്കുകളില്‍, 'കല കലയ്ക്കുവേണ്ടി' എന്ന മുദ്രാവാക്യം സഭയ്ക്ക് അസ്വീകാര്യമാണ്.

ദേവാലയഗായക സംഘങ്ങളില്‍ ഭാഗഭാക്കാകുന്നത് ഒരു ''ദൈവവിളി''യായി കണക്കാക്കണം. ആ വിളിക്കനുസൃതമായ ജീവിതവും പെരുമാറ്റവും സഭ അവരില്‍ നിന്നു പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥനയുടെ / ഗീതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ആലപിക്കാന്‍ അവര്‍ പരിശീലിപ്പിക്കപ്പെടണം.

ദേവാലയ സംഗീതം എന്ന ജനുസിനെപ്പറ്റി ഗായകസംഘങ്ങള്‍ക്ക് യഥാവിധി അറിവു നല്കാന്‍ സഭ പൊതുവെ പരാജയപ്പെട്ടു. ആരാധന ക്രമത്തിന്റെ ദൈവശാസ്ത്രപരവും ചരിത്രപരവും അനുഷ്ഠാനപരവും പ്രായോഗികവുമായ കാര്യങ്ങളെപ്പറ്റി പഠിപ്പിച്ചതിനുശേഷം വേണ്ടിയിരുന്നു ദേവാലയ സംഗീതമേഖലയിലേക്കു പ്രവേശനം നല്കാന്‍.

 • കേരളത്തിലെ സഭാനേതൃത്വം ദേവാലയ സംഗീതം സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ടോ?

ലത്തീന്‍, സീറോ മലബാര്‍ സഭകളിലെ ചില രൂപതകള്‍ ഒറ്റയ്ക്കും സംയുക്തമായും ചില നിര്‍ദേശങ്ങള്‍ കാലാകാലങ്ങളില്‍ നല്കിയിട്ടുണ്ട്. ലത്തീന്‍ മെത്രാന്‍ സംഘം 2000-ല്‍ ഇതു സംന്ധിച്ച് ഒരു സംയുക്ത ഇടയലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ 2005-ല്‍ ഒരു പഠനശിബിരം നടത്തി ചില നിര്‍ദേശങ്ങള്‍ നല്കുകയുണ്ടായി.

സീറോ മലങ്കര, യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകള്‍ അവരുടെ സുറിയാനി പരമ്പരാഗത രീതികള്‍ ഇന്നും അനുവര്‍ത്തിച്ചു പോരുന്നതുകൊണ്ട് പുതിയ നീക്കങ്ങള്‍ കാര്യമായി നടത്തിയതായി അറിവില്ല. ലത്തീന്‍ സീറോ മലബാര്‍ സഭകള്‍ ഇതിനകം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം.

 1. ഒന്നോ രണ്ടോ ഗായകര്‍ മാത്രം പാടുന്ന രീതി ഒഴിവാക്കി സമൂഹം ഒത്തൊരുമിച്ച് ഗീതാലാപനം നടത്തുന്നത് പ്രോത്സാഹിപ്പിക്കണം. അതുകൊണ്ട്, ഗീതങ്ങളുടെ ട്യൂണും കഴിയുന്നത്ര ലളിതമായിരിക്കണം.

 2. വാദ്യോപകരണങ്ങളുടെ അതിപ്രസരം ഒഴിവാക്കണം.

 3. വാദ്യോപകരണങ്ങളുടെ ശബ്ദം ഗായകരുടെ ശബ്ദത്തെ വിഴുങ്ങുന്ന വിധത്തിലായിരിക്കരുത്.

 4. ഗായകരുടെയും വാദ്യോപകരണങ്ങളുടെയും ശബ്ദം പ്രാര്‍ത്ഥനയ്ക്കു സഹായകമായിരിക്കണം. ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്കു കേള്‍ക്കാനും പ്രാര്‍ത്ഥിക്കാനും പാകത്തിലുള്ള ശബ്ദമേ ആകാവൂ. വാക്കുകളുടെ അര്‍ത്ഥം ഗ്രഹിച്ചു പ്രാര്‍ത്ഥിക്കാന്‍ സഹായകമായ രീതിയിലേ ശബ്ദം ഉയരാവൂ.

 5. തിരുക്കര്‍മ്മങ്ങള്‍ക്കിടെ വ്യക്തികള്‍ തന്നെ വാദ്യോപകരണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം ഉപയോഗിക്കണം. അവ യാന്ത്രികമായോ (ാലരവമിശരമഹ) സ്വയമേവയോ (മൗീോമശേര) പ്രവര്‍ത്തിക്കുന്നവയാകരുത്. സജീവസംഗീതത്തിനു പകരം കമ്പ്യൂട്ടര്‍ പ്രോഗ്രാം പ്രയോജനപ്പെടുത്തി സംഗീതം ഉളവാക്കുന്നത് സ്വീകാര്യമല്ല.

 6. ദീര്‍ഘമായ ആമുഖമോ (ജൃലഹൗറല) ഇടവേളയോ (ശിലേൃഹൗറല) ഉണ്ടാകരുത്.

 7. കാര്‍മ്മികന്‍ പ്രാര്‍ത്ഥനകള്‍ ഉച്ചരിക്കുമ്പോള്‍ വാദ്യോപകരണങ്ങള്‍ നിശബ്ദമായിരിക്കണം.

 8. കീബോര്‍ഡില്‍ എല്ലാത്തരം സംഗീതാവശ്യങ്ങള്‍ക്കും പറ്റിയ കീ ഉണ്ടായിരിക്കും. അവയില്‍ നിന്ന് ദേവാലയ സംഗീതത്തിനു യോജിച്ചവ മാത്രം തിരഞ്ഞെടുക്കാന്‍ വായിക്കുന്നവര്‍ പരിശീലിപ്പിക്കപ്പെടണം.

 9. വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവരും ആരാധനയില്‍ സജീവപങ്കാളികളാണെന്ന വസ്തുത വിസ്മരിക്കരുത്.

 10. ദേവാലയത്തിലെ ശാന്തമായ അന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന വാദ്യോപകരണങ്ങള്‍ ഒഴിവാക്കണം.

 11. പ്രാദേശിക സംഗീതശൈലി യും വാദ്യോപകരണങ്ങളും ദേവാലയത്തില്‍ അനുവദനീയമാണ്. പക്ഷേ, അവ ദേവാലയത്തിന്റെ ശാന്തമായ അന്തരീക്ഷത്തിനും വിശ്വാസികളുടെ ഭക്തിക്കും യോജ്യമായിരിക്കണം.

 12. ആരാധനക്രമ പ്രാര്‍ത്ഥനകള്‍ ഗീതങ്ങളാക്കുമ്പോള്‍ അര്‍ത്ഥം നഷ്ടപ്പെടാന്‍ ഇടയാകരുത്.

 13. പ്രാര്‍ത്ഥനകള്‍ ഗീതങ്ങളാക്കുമ്പോള്‍ അവ വെട്ടിച്ചുരുക്കാന്‍ ഇടവരുത്തരുത് (ഉദാ. വിശ്വാസപ്രമാണം). അതേ സമയം സങ്കീര്‍ത്തനങ്ങള്‍ അനുവദനീയമായ വിധത്തില്‍ ചുരുക്കാവുന്നതാണ്.

 14. സഭ പൊതുവായോ അതതു രൂപതകള്‍ പ്രത്യേകമായോ അംഗീകരിച്ച ഗീതങ്ങളേ ആരാധനക്രമത്തില്‍ ആലപിക്കാവൂ.

 15. ഗാനങ്ങള്‍ അനാവശ്യമായി നീട്ടിക്കൊണ്ടു പോകുന്നതു മൂലം കര്‍മ്മങ്ങള്‍ തുടരാന്‍ വൈദികന്‍ കാത്തു നില്‍ക്കേണ്ട സാഹചര്യം സൃഷ്ടിക്കരുത്. കര്‍മ്മാനുഷ്ഠാനങ്ങളു ടെ സമയത്ത് ആലപിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള ഗീതങ്ങള്‍ ആ അനുഷ്ഠാനങ്ങള്‍ കഴിഞ്ഞ് തുടരേണ്ടതില്ല.

 16. ആരാധനക്രമ ഗീതങ്ങളും ഭക്തിഗാനങ്ങളും തമ്മിലുള്ള വേര്‍തിരിവ് പരിഗണിക്കണം. എല്ലാ ഭക്തിഗാനങ്ങളും ആരാധനക്രമത്തിന് യോജ്യമാകണമെന്നില്ല.

 17. ഇടവക ദേവാലയങ്ങളില്‍ ഇടവകാംഗങ്ങളെത്തന്നെ ഗായകസംഘങ്ങളില്‍ ഉള്‍പ്പെടുത്തുന്നതാണ് അഭികാമ്യം.

 18. ദേവാലയത്തില്‍ ഗായകസംഘത്തിനു നിര്‍ദേശിക്കപ്പെടുന്ന സ്ഥലം സമൂഹത്തിന്റെ ദൃഷ്ടിയില്‍ നിന്നു ഒരു പരിധി വരെയെങ്കിലും മറഞ്ഞിരിക്കണമെന്നതാണ് പൊതുതാല്‍പര്യം.

 19. ഗായസംഘത്തിലെ അംഗങ്ങള്‍ മാതൃകാജീവിതം നയിക്കുന്നവരും കൂദാശകള്‍ സ്വീകരിക്കുന്നവരുമായിരിക്കണം. കാലാകാലങ്ങളില്‍ രൂപതയില്‍ നിന്നു നല്‍കപ്പെടുന്ന പരിശീലന പരിപാടികളില്‍ അവര്‍ പങ്കെടുക്കുക യും വേണം.

 20. ആരാധനക്രമ സംഗീതത്തിനുവേണ്ടി രൂപതാടിസ്ഥാനത്തില്‍ ഒരു കമ്മീഷന്‍ ഉണ്ടായിരിക്കണം.

ചുരുക്കത്തില്‍, ദേവാലയ സംഗീതം എപ്രകാരം ആയിരിക്കണമെന്നതു സംബന്ധിച്ച് പ്രബോധനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഒരു കുറവുമില്ല. ദേവാലയ ഗീതാലാപന രീതികളെപ്പറ്റി പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഭക്തിഗാനങ്ങളു ടെ അതിപ്രസരവും ഗാനമേളകളുടെ സ്വാധീനവും വാദ്യോപകരണങ്ങളുടെ വിവേചനമില്ലാതുള്ള ഉപയോഗവും ദേവാലയ സംഗീതശൈലിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്; അതിനു പരിഹാരമുണ്ടെന്നതും വാസ്തവം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org